തീവണ്ടിയിലെ പ്രണയം
രചന: Badarul Muneer Pk
ട്രെയിനില്‍ ഡല്‍ഹിക്ക് പോകുമ്പോളാണ് ആറു വര്‍ഷമായി മനസ്സില്‍ കൊണ്ട് നടന്ന പ്രണയം അവളോട് പറയുന്നത്..
മുകളിലെ ബെര്‍ത്തില്‍ ഒരു വശത്ത് ഞാനും,മറുവശത്ത് അവളും..താഴെ കാഴ്ച കണ്ടു കൊണ്ടിരുന്ന അവളെ “ഒരു കാര്യം പറയാനുണ്ട്”എന്ന് പറഞ്ഞാണ് കൊണ്ട് വന്നിരുത്തിയത്..
എന്‍റെ മുഖത്തിലെ പിച്ചക്കാരന്റെ ഭാവം കൊണ്ടോ..സ്വന്തം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയായത് കൊണ്ടോ എന്തോ അവള്‍ വന്നു..
എന്‍റെ പ്രണയം അറിയാവുന്ന ചിലര്‍ അപ്പുറത്തിരുന്നു അടക്കം പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു..രണ്ടാളും ഒന്നും പറയുന്നില്ല.അവള്‍ മുഖം കുനിച്ചിരിക്കുകയാണ്..
“ഈ പഹയന്‍ എന്തോ പറയാന്‍ ഉണ്ടെന്നു പറഞ്ഞിട്ട് ഒന്നും മിണ്ടുന്നില്ല”.
ഞാന്‍ നോക്കിയിരിക്കുകയായിരുന്നു അവളെ.സത്യത്തില്‍ സൌന്ദര്യ ദര്‍ശനം ആയിരുന്നില്ല ലക്‌ഷ്യം,മറിച്ച് എപ്പോഴെങ്കിലും അവളൊന്നു നോക്കിയാല്‍ പറയാന്‍ തുടങ്ങാമല്ലോ..അതിനു വേണ്ടിയായിരുന്നു ആ നോക്കിയിരുത്തം. ട്രെയിന്‍ തമിഴ്‌നാട്ടിലൂടെ പായുന്ന തിരക്കിലായിരുന്നു.ചായാ, കാപ്പീ വിളികളും, ബിര്യാണി, ചോറ് സാമ്പാര്‍ വിളികളും ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്നുണ്ടായിരുന്നു. ഉള്ളിലെ വിശപ്പ് കടിച്ചമര്‍ത്തി പറയാന്‍ വെമ്പുമ്പോള്‍ പെട്ടെന്നൊരു ചോദ്യം..അവളാണ്..
“അതെ കുട്ടീ വല്ലോം പറയാനുണ്ടെല്‍ പറ എനിക്ക് പോണം.”.
എന്‍റെ സ്റ്റാര്‍ടിംഗ് ട്രബിള്‍ എങ്ങോട്ട് പോയെന്നറിയില്ല.. ചട പടെന്നു ഞാന്‍ കാര്യം പറഞ്ഞു.
“എനിക്ക് കുട്ടിയെ കല്യാണം കഴിക്കണം”..
ഇഷ്ടമാണെന്ന് പോലുമല്ല..കല്യാണം കഴിക്കണമത്രേ..ഒരു നരുന്ത് പയ്യന്‍. അവളുടെ മുഖത്തേക്ക് ഞാന്‍ നോക്കുന്നില്ല.ഇടക്ക് ഇടം കണ്ണിട്ടു നോക്കിയപ്പോള്‍ അവളെന്റെ മുഖത്തേക്ക് തുറിച്ചു നോക്കിയിരിക്കുകയാണ്. കരയുന്നില്ല..പകുതി സമാധാനം ആയി.അല്പം ധൈര്യം വന്നു.പിന്നെയും തുടര്‍ന്നു..
“ഇപ്പൊ പ്രേമിച്ചു നടക്കാനൊന്നും സമയമില്ലാത്തത് കൊണ്ടാനുട്ടോ കല്യാണം കഴിക്കട്ടെയെന്നു ചോദിക്കുന്നത്”.
അവളൊന്നും പറയുന്നില്ല.ശോ എന്‍റെ ധൈര്യം പിന്നേം കൂടി.മെല്ലെ എന്‍റെ പ്രണയത്തിന്‍റെ ചുരുക്കഴിച്ചു.കൃത്യമായി പറഞ്ഞാല്‍ ഒരു ഫ്ലാഷ് ബാക്ക്.
“ഓര്‍മ്മയുണ്ടോ ആറാം ക്ലാസിലെ ക്രിസ്തുമസ്.ക്രിസ്തുമസ് പ്രമാണിച്ച് സ്കൂളില്‍ പുല്‍കൂട് ഉണ്ടാക്കുന്ന മത്സരം സംഘടിപ്പിച്ചില്ലേ.പുല്‍ക്കൂടെല്ലാം ഉണ്ടാക്കി അതിനു ശേഷം മുകളില്‍,ചുരുക്കി പറഞ്ഞാല്‍ കോണ്‍ക്രീറ്റ് ഉത്തരത്തില്‍ ബലൂണ്‍ കെട്ടാനായി മേശയുടെ മുകളില്‍ കസേര കയറ്റി വെച്ചു ഞാന്‍ കയറി.കെട്ടുന്നതിനിടയില്‍ അറിയാതെ കാലൊന്നു തെന്നി.നീ ഓടി വന്നു എന്‍റെ കയ്യില്‍ കയറി പിടിച്ചു.എന്‍റെ പ്രിയപ്പെട്ടവളെ നീയന്നു നിന്‍റെ കൈകളിലുടെ അയച്ച സിഗ്നല്‍ എന്‍റെ അന്തരാത്മാവിന്റെ ഉള്ളിന്റെയുള്ളില്‍ തറഞ്ഞു പോയി..ഓര്‍മയില്ലേ നിന്നെ കൂട്ടുകാരികള്‍ കളിയാക്കിയത്.”
അവള്‍ ഒന്നും പറയുന്നില്ല.ഞാന്‍ മനസുകൊണ്ട് ആശ്വസിച്ചു.ഒരു പക്ഷെ അവള്‍ ആ സുന്ദര നിമിഷം ആലോചിക്കുകയാകും.അല്ലെങ്കില്‍ മീശമാധവനിലെ ദിലീപിനെ പോലെ ഓര്‍മ്മകള്‍ അയവ് ഇറക്കുകയാവും.ചിലപ്പോള്‍ ഇതെന്ന് നടന്നു എന്നാകും.
“ഹേയ്..അങ്ങനെ വരുമോ..ഒരു പക്ഷെ അവള്‍ക്കും ഇതെല്ലാം ഓര്‍മയുണ്ടാവും”.
ഞാന്‍ നിര്‍ത്തുന്നില്ല.എന്‍റെ സംസാരം കേട്ടിട്ട് ഒരു പക്ഷെ അവള്‍ക്കു തോന്നിയിട്ടുണ്ടാവും..ഈ മനുഷ്യന്‍ ഇതിനു ശേഷം എന്നോടൊന്നും സംസാരിക്കാന്‍ വിചാരമില്ലെന്ന്.
“നീ തന്ന ബെര്‍ത്ത് ഡേ മിട്ടായി കൂട്,നീ ഗ്രൗണ്ടില്‍ ഓടുന്നതിനടിയില്‍ വീണു പൊട്ടിയ കുപ്പിവള കഷണം,നീ നട്ട ചെടിയുടെ ഇല,നിന്‍റെ മുടിയില്‍ നിന്നും കൊഴിഞ്ഞു പോയ മുല്ലപ്പൂ.അറിയോ പ്രിയേ അതെല്ലാം ഞാന്‍ എടുത്തു വെച്ചിട്ടുണ്ട്.”
പെട്ടെന്ന് തന്നെ മറു ചോദ്യം.” എന്തിനു”?
ശോ എല്ലാം നശിപ്പിച്ചു ഈ പെണ്ണ്.മനുഷ്യന്‍ കഷ്ടപ്പെട്ട് ഒന്ന് റൊമാന്റിക് ആയി വരുമ്പോ കാണാം ഓരോ ഉടായിപ്പ് ചോദ്യങ്ങള്‍..ദൈവമേ”..ഞാന്‍ മനസിലോര്‍ത്തു.
“അത് പിന്നെ..മനസിലായില്ലേ..എനിക്കിയാളെ അത്രേം ഇഷ്ടാ..”ഞാന്‍ മറുപടി നല്‍കി.
“ഓഹോ”..മൂളല്‍ സ്നേഹത്തിന്റെയാണോ..എന്നെയൊന്നു ആക്കിയതാണോ എന്ന് തോന്നാതിരുന്നില്ല.പക്ഷെ അവള്‍ക്കു പ്രായപൂര്‍ത്തി ആവാത്തത് കൊണ്ടും..എനിക്ക് രണ്ട് വട്ടം പ്രായപൂര്‍ത്തി ആയതു കൊണ്ടും..ഞാനത് സ്നേഹമായി തന്നെ കണ്ടു.ഞാന്‍ തുടര്‍ന്നു.
“ഇടക്കിടക്ക് നിന്‍റെ പുസ്തകം വാങ്ങാന്‍ വരാറുള്ള രവിയെ ഒരിക്കല്‍ ഞാന്‍ തല്ലി.നിന്‍റെ പുസ്തകം ആ യുദ്ധത്തിലൂടെ ഞാന്‍ സ്വന്തമാക്കി.അന്ന് തലയിണയ്ക്ക് പകരം നിന്‍റെ ബുക്ക് വെച്ചാ ഞാന്‍ ഉറങ്ങിയത്.”
അവള്‍ അല്പം ദേഷ്യത്തോടെ എന്നെ നോക്കി.പറയേണ്ടിയിരുന്നില്ല ഉറങ്ങിയത്(എന്‍റെ വായില്‍ നിന്നും ഉറക്കത്തില്‍ ഒലിച്ച ദ്രവമാണ് അവളുടെ മഷി പടര്ത്തിയതെന്ന് അവള്‍ക്കു മനസിലായെന്നു തോന്നുന്നു ).
“ദേ അങ്ങോട്ട് നോക്കിക്കേ എന്താ ഭംഗി..ആ പുഴ നോക്ക്”..അവളുടെ ശ്രദ്ധ അല്പം മാറ്റാന്‍ വേണ്ടി ട്രെയിനിന്റെ ജാലകത്തിലൂടെ അവളുടെ കണ്ണുകളെ പുറത്തേക്കു ക്ഷണിച്ചു.അഞ്ചു മിനിറ്റ് വീണ്ടും ഞാന്‍ തന്നെ തുടങ്ങി.
“തിരിച്ചു സ്കൂളിലെത്തുമ്പോള്‍ ഞാന്‍ ഇയാളുടെ പുറകെ നടക്കുകയോന്നുമില്ല. ശല്യം ചെയ്യേമില്ല.”ആണ്‍കുട്ടികളുടെ സ്ഥിരം സെന്റി.
“അതിനര്‍ത്ഥം ഇയാളോട് എനിക്ക് ഇഷ്ട്ടം ഇല്ല എന്നല്ല .നമ്മളായിട്ട് എന്തിനാ മറ്റുള്ളവരെ കൊണ്ട് അതും ഇതും പറയിക്കുന്നെ?”.
ഇതൊക്കെ കേട്ടപ്പോള്‍ അവള്‍ക്കു തോന്നി കാണും അവള്‍ എന്നോട് തിരിച്ചും ഐ ലവ് യു എന്ന് പറഞ്ഞ പോലെയാണല്ലോ ഈ ചെക്കന്‍ ഇരുന്നു കത്തി വെക്കുന്നതെന്ന്.
“ഞാന്‍ നമ്മുടെ പഠിത്തം കഴിയുന്ന വരെ ഇതിനെ കുറിച്ചൊന്നു സൂചിപ്പിക്കുക പോലുമില്ല.ഇവിടം വിട്ട് പോയാല്‍ ഞാന്‍ വിളിക്കും.”
എന്താണെന്നറിയില്ല അവളൊന്നു മൂളി.ഞാനൊന്ന് ഞെട്ടി.”ദൈവമേ ശരിയായോ?”
അവള്‍ മെല്ലെ മുഖം ഉയര്‍ത്തി എന്നിട്ട് പറഞ്ഞു.
“എനിക്ക് ഇങ്ങനൊന്നും അറിയില്ല”.
“പിന്നേ ഞാന്‍ മൂന്നു നാല് പേരെ പ്രേമിച്ചതല്ലേ”…ഞാന്‍ മനസ്സില്‍ ഓര്‍ത്തു.
അവള്‍ തുടര്‍ന്നു..
“അച്ഛനേം അമ്മേനേം വിട്ട് പോരാന്‍ എനിക്ക് പറ്റില്ല.”
“ദൈവമേ പെണ്ണ് എന്നെക്കാള്‍ ഫാസ്റ്റ് തന്നെ..ഇഷ്ടം തുറന്നു പറഞ്ഞപ്പോലെക്കും ഒളിച്ചോട്ടം വരെയെത്തി” .
പെണ്ണ് തുടര്‍ന്നു.”ആഴ്ചയില്‍ ഒരിക്കല്‍ വിളിച്ചാല്‍ മതീട്ടോ”.
ഞാന്‍ വീണ്ടും ഞെട്ടി..”ഹയ്യോ മനുഷ്യന്‍ ഇവിടെ മാസത്തില്‍ ഒരിക്കല്‍ പറ്റിയാല്‍ വിളിക്കാം എന്ന രീതിയിലാണ് പറഞ്ഞത്.
” ഏട്ടാ..”
ദേ ഇവള്‍ എന്നെ ഞെട്ടിക്കാന്‍ തന്നെ ഇറങ്ങിയതാണെന്നാ തോന്നണേ. ഇത്രേം കാലം എടാ പോടാ എന്ന് വിളിച്ചവള്‍ എന്നെ വിളിക്കുന്നു “ഏട്ടാ” എന്ന്.ഞാന്‍ മെല്ലെ മൂളി.അടുത്ത മധുരമുള്ള വാക്കുകള്‍ കേള്‍ക്കാന്‍ ഞാന്‍ കാതോര്‍ത്തു.
“അതേ ഞാന്‍ ചോറുണ്ണാന്‍ പോവട്ടെ”.
എന്ത് പറയും.പോവേണ്ടാ എന്ന് പറഞ്ഞാലും അവള്‍ പോകും..അതിലും നല്ലത് പൊക്കോ എന്ന് പറയുന്നത് തന്നെ.
“ശരി പൊയ്ക്കോളൂ.ഓര്‍മയുണ്ടായാല്‍ മതി”.
അവള്‍ തലയാട്ടി.പിന്നെ മെല്ലെ ഇറങ്ങി അവളുടെ ബെര്‍ത്തിനടുത്തേക്ക് നടന്നു.പെണ്ണുങ്ങളുടെ സ്ഥിരം നമ്പര്‍ ആയ തിരിഞ്ഞു നോട്ടം ഞാന്‍ പ്രതീക്ഷിച്ചു.ഒരു രക്ഷേമില്ല.അവള്‍ പിന്നീട് എന്നെ ശ്രദ്ധിക്കുന്നു പോലുമില്ല.എനിക്ക് വേണ്ടി പവിത്രത കാത്ത് സൂക്ഷിക്കുന്ന തിരക്കിലായിരുന്നു അവള്‍. പിന്നീടുള്ള മണിക്കൂറുകളില്‍ എങ്ങനെ എന്നെ തഴയാം എന്നതില്‍ ഒരു റിസേര്‍ച് തന്നെ അവള്‍ നടത്തി.എല്ലാവരോടും മിണ്ടുക,പൊട്ടി ചിരിക്കുക, മറ്റുള്ളവരുടെ അടുത്ത് പോയിരിക്കുക തുടങ്ങിയ സ്ത്രീ സഹജമായ പരീക്ഷണങ്ങള്‍.
ഞാനും കുറച്ചില്ല.പരീക്ഷണത്തില്‍ വിജയിക്കെണ്ടേ.വളരെ അപകടം പിടിച്ച ട്രെയിന്‍ വാതില്‍ക്കല്‍ ഉള്ള നില്‍പ്പ്.വാതിലിന്റെ ഇരു വശത്തുമുള്ള കമ്പികളില്‍ പുറത്തേക്ക് തൂങ്ങിയുള്ള നില്‍പ്പ്.എല്ലാം പരീക്ഷിച്ചു.ഇടയ്ക്ക് ഇടം കണ്ണിട്ടു നോക്കി.അവള്‍ പേടിച്ച മുഖത്തോടെ ഇരിക്കുന്നുണ്ടോ. “എവിടെ..അവളീ ലോകത്തൊന്നുമല്ല.വെറുതെ തൂങ്ങിയത് മിച്ചം.നിരാശനായി ഞാന്‍ സീറ്റില്‍ ചെന്നിരുന്നപ്പോള്‍ അവള്‍ മെല്ലെ ചുണ്ടമര്‍ത്തി ഒന്ന് ചിരിച്ചെന്നു തോന്നുന്നു. അതൊന്നും നോക്കാന്‍ പറ്റിയ ഒരു മാനസിക അവസ്ഥയിലല്ലലോ ഞാന്‍.
രണ്ട് ദിവസം പിന്നിട്ടു.ട്രെയിന്‍ വിന്ധ്യ ശതപുര പര്‍വതത്തിന്റെ തുരംഗങ്ങള്‍ പിന്നിട്ടു കൊണ്ടിരിക്കുന്നു.എന്‍റെ അവസ്ഥയും ആ തീവണ്ടിയുടെ അവസ്ഥയും സമമായിരുന്നു.ഇടയ്ക്കു അവള്‍ ഒന്ന് ചിരിക്കും.മനസ് തുരങ്കത്തില്‍ നിന്നും പുറത്തേക്ക്.ഇടക്ക് ഞാന്‍ ചിരിച്ചാലും അവള്‍ ചിരിക്കില്ല.മനസ് വീണ്ടും തുരങ്കത്തിന്റെ ഇരുട്ടിലേക്ക്.
അങ്ങനെ ഒരു വിധം ഡല്‍ഹി.ഇനി സമാധാനമായി ഇവളുടെ കൂടെയൊന്നു നടക്കണം.അല്പം പ്രണയവുമാകാം. ഒന്നും പറയണ്ട.എത്തിയ രാത്രി വിശന്നു പൊരിഞ്ഞിരുന്ന ഞാന്‍ ആര്‍ത്തി മൂത്ത് ബിരിയാണി വലിച്ചു വാരി കഴിച്ചു. എന്തിനേറെ പറയുന്നു.വയറിളക്കം തുടങ്ങി..എന്‍റെ സ്വപ്നങ്ങളും അതിനോടൊപ്പം ഇളകി പോകുന്നത് ശയ്യയില്‍ കിടന്നു ഞാന്‍ അറിഞ്ഞു. എല്ലാവന്മാരും കറങ്ങാന്‍ പോകുമ്പോള്‍ ഞാന്‍ അടുത്ത ട്രിപ്പിനു വെള്ളം തേടുന്ന തിരക്കിലായിരുന്നു.അവസാന ദിവസം മാത്രം വയറെനിക്ക് പരോള്‍ അനുവദിച്ചു.അന്ന് റെഡ് ഫോര്‍ടില്‍ വെച്ചു അരി മണിയില്‍ എന്‍റെ പേരെഴുതിയ ഒരു കീ ചെയിന്‍ അവള്‍ക്കു ഞാന്‍ സമ്മാനിച്ചു.അവള്‍ ഒരു പുഞ്ചിരി പകരമായി തന്നു.പൈസയില്ലാത്തതിനാലും,അവള്‍ എന്ത് വിചാരിക്കുമെന്നതിനാലും..കൂടുതല്‍ പുഞ്ചിരികള്‍ കിട്ടാനുള്ള ശ്രമം ഞാന്‍ നിര്‍ത്തി.
കുറെ കാലങ്ങള്‍ക്ക് ശേഷം ഇന്നലെ അവള്‍ എന്നെ വിളിച്ചിരുന്നു കല്യാണ നിശ്ചയമാണ് എന്നും ചെല്ലണമെന്നും.
“വരാതിരിക്കരുത് നീയെന്റെ ഉറ്റ സുഹൃത്ത് അല്ലേടാ”.
വരാമെന്ന് പറഞ്ഞു.കൂട്ടത്തില്‍ പണ്ടത്തെ കഥകള്‍ പറഞ്ഞു കുറെ ചിരിച്ചു.കല്യാണം എന്ന് കേട്ടപ്പോള്‍ മനസ്സില്‍ ചെറിയ ഒരു വിങ്ങല്‍ ഉണ്ടായത് അവളോട് തുറന്നു പറഞ്ഞു.എല്ലാം സംഭവാമി യുഗേ യുഗേ ആണല്ലോ.അങ്ങനെ ചെന്നു.ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു നിശ്ചയം.കൂട്ടുകാരനോടൊപ്പം ഓഡിറ്റോറിയത്തിന്റെ വാതില്ക്കല്‍ കാത്ത് നില്‍ക്കുമ്പോള്‍ പട്ടു സാരിയും ആഭരണങ്ങളും ധരിച്ചു താഴെ നിന്നും പടികളിലൂടെ അവള്‍ മുകളിലേക്ക് കയറി വന്നു.ഒരു കൈകൊണ്ടു സാരി താങ്ങി..ചുറ്റും പുറകിലും അകമ്പടിയോടെ..ഞാന്‍ ഒരു വശത്തേക്ക് ഒതുങ്ങി നിന്നു.അവള്‍ എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു.ഞാന്‍ തിരിച്ചും.മെല്ലെ നടന്നു ഉള്ളിലേക്ക് മറയും വരെ ഞാനങ്ങനെ നോക്കി നിന്നു.പിന്നെ മെല്ലെ താഴോട്ടു നടക്കുവാന്‍ തുടങ്ങിയപ്പോള്‍ ഒരു മോതിരം.ഞാന്‍ അതെടുത്തു.കൂട്ടുകാരന് കാണിച്ചു കൊടുത്തു.അവന്‍ അത് തിരിച്ചും മറിച്ചും നോക്കി.
“ഡാ 916 കാരെറ്റ് ആടാ”.
അങ്ങനെ പ്ലാനിംഗ് തുടങ്ങി.
“ഇത് വില്‍ക്കാം,ഇന്നത്തെ ചെലവ് നിരാശാ കാമുകന്റെ.” എനിക്ക് വില്‍ക്കാന്‍ തോന്നിയില്ല.ഞാനത് വിരലില്‍ അണിഞ്ഞു.ഒരു കൂട്ടുകാരിയുടെ വണ്ടിയില്‍ ഓസിനു പോകാന്‍ ചാന്‍സ് കിട്ടിയപ്പോള്‍ ഞാന്‍ എല്ലാവരോടും യാത്ര പറഞ്ഞു.അവരോടൊപ്പം തിരിച്ചു പോന്നു.വഴിയില്‍ വെച്ചൊരു ഫോണ്‍ കോള്‍.
“ഡാ അവള്‍ നിനക്കും മോതിരം മാറ്റം നടത്തി മോനെ”.എനിക്കൊന്നും മനസിലായില്ല.
“എന്ന് വെച്ചാല്‍?”.ഞാന്‍ ചോദിച്ചു.
“ഡാ നിനക്ക് കിട്ടിയ മോതിരമില്ലേ അത് അവളുടെയാ”.
അപ്പോളാണ് മോതിരത്തിന്റെ കാര്യം ഓര്‍മ വരുന്നത്.അവള്‍ ചോദിച്ചു നടന്നുവത്രേ,ആരെങ്കിലും ഒരു മോതിരം കണ്ടോന്ന്.എന്‍റെ കൂട്ടുകാര്‍ പറഞ്ഞു എന്‍റെ കയ്യിലുണ്ടെന്ന്.അവളുണ്ടോ വിശ്വസിക്കുന്നു.അവര്‍ കളിയാക്കുകയാനെന്ന അവളുടെ ഭാഷ്യം.എന്തായാലും സ്വര്‍ണമല്ലേ.
അവള്‍ രാത്രിക്ക് രാത്രി എന്നെ വിളിച്ചു.
“അതേ പിന്നെ”.ചോദിക്കാന്‍ ഒരു ബുദ്ധിമുട്ട് പോലെ.
ഞാന്‍ പറഞ്ഞു.”മോതിരം എനിക്ക് കിട്ടിയിട്ടുണ്ട്”.
“അപ്പൊ സത്യമാണല്ലേ”.ഞാന്‍ കരുതി അവര്‍ കളിയാക്കുകയാണെന്ന്.”അവള്‍ പറഞ്ഞു.
“ഒരു കാര്യം ചോദിച്ചോട്ടെ, സമ്മതിക്കോ?ഞാന്‍ ചോദിച്ചു.
“എന്താ?”.
“ഈ മോതിരം ഇയാളുടെ കല്യാണത്തിന് തന്നാല്‍ മതിയോ?”.
അവള്‍ ഒന്ന് മൂളി.ആദ്യമായി അവളുടെ ശബ്ദത്തിനും ഇടര്‍ച്ചയുണ്ടായിരുന്നു….