നീതി ~ രചന: ആഷ ബിനിൽ
സുബിൻ മാത്യൂസ് ടൌൺ സ്റ്റേഷനിലെ SI ആയി ജോലിക്ക് കയറി മൂന്നാം ദിവസം സിഗ്നലിൽ കാത്തുകിടക്കുമ്പോഴാണ് അയാളുടെ ഔദ്യോഗിക വാഹനത്തിൽ തൊട്ടടുത്ത സ്‌കൂട്ടറിൽ ഇരുന്നൊരാൾ എന്തോ കൊണ്ട് നീളത്തിൽ കോറി വരയ്ക്കുന്നത് കണ്ടത്. ആദ്യത്തെ അമ്പരപ്പിന് ശേഷം, അത് ചെയ്തവന് നേരെ മുഖമുയർത്തി നോക്കിയപ്പോൾ, ഹെല്മറ്റിന് ഉള്ളിലൂടെ അതിലും രൂക്ഷമായ ഒരു നോട്ടമാണ് തിരികെ കിട്ടിയത്.
സിഗ്നലിൽ പച്ച തെളിഞ്ഞപ്പോൾ അതിവേഗം പാഞ്ഞ ആ സ്‌കൂട്ടറിന്റെ പുറകെ പോലീസ് ജീപ്പും കുതിച്ചു. അവരുടെ യാത്ര ചെന്നെത്തിയത് ഓടിട്ട ഒരു കുഞ്ഞു വീടിന്റെ മുന്നിലാണ്. മുറ്റത്ത് ഉണങ്ങാനിട്ടിരിക്കുന്ന മല്ലിയും മുളകും, കാക്ക കൊത്തിരിക്കാൻ ആണെന്ന് തോന്നുന്നു, കുറെ പൊട്ടിയ കണ്ണാടി കഷ്ണങ്ങളും കിടക്കുന്നു.
അവരെ പ്രതീക്ഷിച്ചെന്നപോലെ അവൾ അവിടെ തന്നെ നിന്നിരുന്നു. കുരുട്ടടയ്ക്ക പോലൊരു പെണ്ണ്. അതാണ് ആദ്യം തോന്നിയത്. ഉയരം കുറഞ്ഞ്, അത്യാവശ്യം വണ്ണമുള്ള, ചുരുണ്ട മുടിയുള്ള ഒരു ഉണ്ടക്കണ്ണി. വല്ലാത്തൊരു തീക്ഷ്ണതയാണ് അവളുടെ നോട്ടത്തിന്.
“കുട്ടി ആരാ? എന്തിനാ പോലീസ് ജീപ്പിൽ കുത്തി വരച്ചത്..?”
സുബിൻ ചോദിച്ചു തുടങ്ങുമ്പോഴേക്കും കൂടെ വന്ന പൊലീസുകാർ അവരുടെ സ്വഭാവം പുറത്തെടുക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു.
“ഇവളോടൊന്നും ഇങ്ങനെ ചോദിച്ചിട്ട് കാര്യമില്ല സാറേ”
അവരെ ഒരു നോട്ടം കൊണ്ടു തടഞ്ഞ്, സുബിൻ ചോദ്യം ആവർത്തിച്ചു.
“സാറുമ്മാർ തിണ്ണയിലേക്ക് കയറി ഇരിക്കൂ.”
അവൾ പുഞ്ചിരിയോടെ പറയുന്നത് കേട്ട് സുബിന്റെ അതുവരെയുള്ള നിയന്ത്രണം വിട്ടു.
“ഡീ പുല്ലേ. നീ ആരാണെന്നാ നിന്റെ വിചാരം? കുറച്ചു മയത്തിൽ പെരുമാറിയപ്പോ തലയിൽ കേറി നിരങ്ങുന്നോ… പൊതുമുതൽ നശിപ്പിച്ചെന്ന ഒറ്റ കേസ് മതി. തൂക്കിയെടുത്ത് അകത്തിടും നിന്നെ ഞാൻ. കാണണോ നിനക്ക്?”
അപ്പോഴും അവളുടെ മുഖത്തെ പുഞ്ചിരിക്കും കണ്ണുകളുടെ തീക്ഷ്‌ണതയ്ക്കും ഒരു മാറ്റവും വന്നിട്ടില്ല എന്നുകണ്ട് അവന്റെ അരിശം കൂടി.
“സാറേ. എനിക്ക് കുറച്ചധികം സംസാരിക്കാൻ ഉണ്ട്. അതുകൊണ്ടാ കയറി ഇരിക്കാൻ പറഞ്ഞത്. പിന്നെ സർ ഈ പറഞ്ഞ നിയമപ്രകാരമുള്ള ശിക്ഷയൊക്കെ പ്രതീക്ഷിച്ചു തന്നെയാ ഞാനത് ചെയ്തത്. അതെന്തായാലും വെറുതെ ആകില്ലല്ലോ”
സുബിൻ അവളെയൊന്ന് നോക്കി ഉമ്മറത്തെ പഴയ കസേരയിൽ ഇരുന്നു. കൂടെ വന്ന രണ്ടു പേര് കസേരയിലും ബാക്കി രണ്ടുപേർ തിണ്ണയിൽ കൈവരിയിലും ഇരിപ്പുപ്പിച്ചു.
“ഇനി കാര്യം മൊഴിഞ്ഞാലും..”
സുബിന്റെ ശബ്ദത്തിലെ പരിഹാസം അവൾ കണ്ടില്ലെന്നു നടിച്ചു.
“സർ എന്റെ പേര് നീതി. എനിക്ക് വേണ്ടതും നീതിയാണ്”
“താനെന്താ ആളെ കളിയാക്കുന്നോ..?”
സുബിൻ ചാടി എഴുന്നേറ്റു.
“സർ പ്ലീസ്. ഞാൻ പറയട്ടെ.”
അതിനു ശേഷം അവൾ അകത്തേക്ക് നോക്കി “കാർത്തു, അമ്മേ” എന്ന് നീട്ടിവിളിച്ചു. പതിനേഴ് വയസ് പ്രായം തോന്നിക്കുന്നൊരു പെണ്കുട്ടി അകത്തുനിന്ന് ഇറങ്ങിവന്നു. സ്‌കൂൾ യൂണിഫോം എന്നു തോന്നിക്കുന്ന ഒരു പാവാടയും ഷർട്ടും ആണ് വേഷം. പല്ല് അൽപ്പം പൊങ്ങിയിട്ടുണ്ട് എന്നതൊഴിച്ചാൽ, സുന്ദരിയായ ഒരു കുട്ടി. നല്ല ചിരി. അവളുടെ പുറകെ ഇവളുടെ അമ്മ എന്നു തോന്നിക്കുന്ന ഒരു സ്ത്രീയും.
കൂടെ വന്ന പോലീസുകാരുടെ കണ്ണ് ആ കുട്ടിയുടെ ശരീരത്തിൽ ആണെന്ന് കണ്ട സുബിൻ ഒന്ന് ചുമച്ചു. അവർ വേഗം നോട്ടം മാറ്റി. അപ്പോഴും അവൾ പുഞ്ചിരിച്ചുകൊണ്ട് നിന്നു.
“സർ ഇത് കാർത്തിക. കാർത്തു എന്നു വിളിക്കും. ഈ തൊട്ടപ്പുറത്തെ വീട്ടിലെ സാവിത്രി ചേച്ചിയുടെ മകൾ ആണ്. ചേച്ചി കൂലി പണിക്ക് പോകുവാ. ഇവൾക്ക് ആണെങ്കിൽ അല്പം ബുദ്ധിക്കുറവ് ഉണ്ട്. അതുകൊണ്ട് വിശ്വസിച്ച് ഏല്പിക്കുന്നതാ ഇവിടെ. അഞ്ചു മാസങ്ങൾക്ക് മുൻപ് ഇവിടെ അമ്മ ഇല്ലാത്ത ഒരു ദിവസം ഇവളെ എന്റെ ചേട്ടൻ നവീൻ പീഡിപ്പിച്ചു. സംഭവം നടന്നതിന്റെ അന്ന് വൈകിട്ട് അവൻ ബാംഗ്ളൂർക്ക് തിരിച്ചു പോയി.
ഈ പരാതി ഞാൻ സാറിന്റെ സ്റ്റേഷനിൽ തന്നിട്ട് ഇപ്പോൾ മാസങ്ങൾ കഴിഞ്ഞു. ഇവളെ വിളിച്ചു വരുത്തി മൊഴി എടുക്കാൻ അല്ലാതെ പ്രതിയെ പിടിക്കാനോ ശിക്ഷ വാങ്ങി കൊടുക്കാനോ കേരള പൊലീസിന് യാതൊരുവിധ താല്പര്യവും ഇല്ല. പുതിയ SI വന്നപ്പോൾ സാറിനോട് ഇക്കാര്യം പറയാൻ ഞാനും ഇവളുടെ അമ്മയും പലതവണ വന്നിട്ടും സാറിനെ ഒന്ന് കാണാൻ പോലും ഇവര് സമ്മതിച്ചില്ല.
ഇന്നലെ സപ്തമ:ശ്രീ തസ്കര സിനിമ കണ്ടതിന് ശേഷം ഇന്ന് സിഗ്നലിൽ സാറിന്റെ ജീപ്പ് കിടക്കുന്നത് കണ്ടപ്പോഴാ ഇങ്ങനൊരു ഐഡിയ തോന്നിയത്. അതുകൊണ്ടെന്താ, അഞ്ചു മാസമായി ഞങ്ങൾ ശ്രമിച്ചിട്ട് നടക്കാത്ത കാര്യം പുഷ്പം പോലെ നടന്ന് കിട്ടിയല്ലോ”
അവൾ പറഞ്ഞവസാനിപ്പിച്ചപ്പോൾ, സുബിൻ മുഖത്തെ രക്തയോട്ടം വാർന്ന് കൂടെ വന്നവരെ നോക്കി.
“ഇതൊക്കെ സത്യമാണോ സുരേഷേ?”
“സാറേ. ആ പയ്യനെ വിളിച്ചു വരുത്തി ഇവളുമായിട്ടുള്ള കല്യാണം നടത്തി കൊടുക്കാൻ അന്നേ പറഞ്ഞതാ ഞങ്ങൾ. ഇവര് സമ്മതിക്കാഞ്ഞിട്ടാ”
അയാൾ പറഞ്ഞു.
“ഇവൾക്ക് പതിനേഴ് വയസെയുള്ളൂ സർ”
അതുവരെ നിശബ്ദയായിരുന്ന നീതിയുടെ അമ്മ പറഞ്ഞു.
“അതിനെന്താ. അമ്പലത്തിലോ മറ്റോ വച്ചു താലി കെട്ടി പതിനെട്ട് വയസ് തികയുമ്പോൾ രജിസ്റ്റർ ചെയ്താൽ പോരെ..???”
അയാൾ നിസ്സാരമായി പറയുമ്പോൾ, പുച്ഛത്തോടെ നീതി സുബിനെ നോക്കി.
“നിയമം സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട ഒരു പൊലീസുകാരനാണ് പതിനെട്ട് വയസ് തികയുന്നതിന് മുൻപ് ഒരു പെണ്ണിനെ വിവാഹം കഴിച്ചു കൊടുക്കാൻ പറയുന്നത്. അതും അവളെ റേപ്പ് ചെയ്തവനെ കൊണ്ട് തന്നെ. വിവാഹം കഴിച്ചാൽ അവൻ ചെയ്തത് തെറ്റല്ലാതെ ആകുമോ സാറേ?
അല്ലെങ്കിൽ തന്നെ നമ്മുടെ നാട്ടിൽ കല്യാണം എന്നു പറയുന്നത് ഫ്രീ സെക്സിനുള്ള ലൈസൻസ് ആണ്. ഇവളെ പോലെ അല്പം ബുദ്ധിക്കുറവുള്ള കുട്ടികൾക്ക് പ്രത്യേക പരിഗണന കൊടുക്കേണ്ടതിന് പകരം അവളെ നിരന്തരം ബലാത്സംഗം ചെയ്യാൻ അവന് ലൈസൻസ് കൊടുക്കുകയാണോ കേരള പോലീസിന്റെ ജോലി?”
നീതിയുടെ വാക്കുകൾ ഉറപ്പുള്ളവയായിരുന്നു. ശബ്ദം മൂർച്ചയുള്ളതും നോട്ടം തീക്ഷ്ണവും ആയിരുന്നു. സുബിൻ മറുപടിയില്ലാതെ വിയർത്തു.
“നിങ്ങൾക്ക് ഇതിലൊന്നും പറയാനില്ലേ?”
അയാൾ നീതിയുടെ അമ്മയോട് ചോദിച്ചു.
“അവനെ വെറുതെ വിട്ടാൽ വീണ്ടും തെറ്റ് ചെയ്യും സാറേ. അല്ലെങ്കിൽ തന്നെ ബാംഗ്ലൂരിൽ നല്ല ശമ്പളമുള്ള ജോലിക്കാരൻ ആണ് അവൻ. ഒരു രൂപ ഇന്നേവരെ ഇവിടെ ചെലവിന് തന്നിട്ടില്ല.
ഇവിടെ ഒരു പ്രൈവറ്റ് കമ്പനിയിലാ ഇവൾക്ക് ജോലി. കിട്ടുന്ന ചെറിയ ശമ്പളവും ഞാനിവിടെ അച്ചാറും കേക്കും പൊടികളും ഉണ്ടാക്കി വിൽക്കുന്ന പൈസയും ഇവളുടെ കല്യാണം നടത്താൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അത് വേണം എന്നുപറഞ്ഞു വഴക്കുണ്ടാക്കിയ ദിവസമാണ് ഈ പാവത്തിനോട് അവനീ ദ്രോഹം ചെയ്തത്.”
ആ അമ്മയുടെയും മകളുടെയും മുന്നിൽ മറുത്തൊന്നും പറയാൻ അവശേഷിക്കാത്തത് കൊണ്ട് സുബിൻ തിരികെയിറങ്ങി, പുറകെ നീതിയെ നോക്കി പേടിപ്പിച്ചുകൊണ്ട് മറ്റ് പോലീസുകാരും. അപ്പോഴും കാർത്തു പുഞ്ചിരിച്ചുകൊണ്ടിരുന്നു.
ആഴ്ചകൾക്ക് ശേഷം നീതിയുടെ സഹോദരൻ അറസ്റ്റ് ചെയ്യപ്പെടുകയും മയക്കുമരുന്നിന് അടിമയായ അയാളെ സുബിൻ ഇടപെട്ട് ഡീ അഡിക്ഷൻ സെന്ററിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.
നാട്ടുകാരുടെ പരിഹാസങ്ങൾക്കും കൂർത്ത നോട്ടങ്ങൾക്കും നടുവിൽ നീതിയും കുടുംബവും തലയുയർത്തി തന്നെ ജീവിച്ചു. ഓരോ തവണയും നീതിയെ കാണുമ്പോൾ, ഉള്ളിൽ തോന്നിയ ബഹുമാനം പ്രണയത്തിന് വഴി മാറുന്നത് സുബിൻ അറിഞ്ഞു. അത് തുറന്ന് പറഞ്ഞ ദിവസം അവൾ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്:
“സാറേ. മിനിമം ഒരു കോടിയുടെ ഒരു BMW എങ്കിലും ഉള്ള ഒരുത്തനെ വിവാഹം കഴിക്കണം എന്നാണ് എന്റെ ആഗ്രഹം. ഇതിപ്പോ സാറെന്നെ കെട്ടി കഴിഞ്ഞു അങ്ങനൊരുത്തനെ കണ്ടാൽ ഞാൻ സാറിനെ തേച്ചിട്ട് പോയെന്നിരിക്കും.
പിന്നെ സാർ എവിടേലും പോകുമ്പോ നാട്ടുകാര് ദേ ഭാര്യ ഓടിപ്പോയ SI പോകുന്നു, ദേ ഭാര്യ ഉപേക്ഷിച്ച SI പോകുന്നു എന്നൊക്കെ പറഞ്ഞു കളിയാക്കും. എന്തിനാ സാറേ വെറുതെ റിസ്ക് എടുക്കുന്നേ…”
അത് പറഞ്ഞു പൊട്ടിച്ചിരിക്കുമ്പോഴും, അവളുടെ കണ്ണുകളിൽ ഒരു നനവ് അവൻ കണ്ടുപിടിച്ചിരുന്നു. നിങ്ങൾക്ക് ഞാൻ ചേരില്ല, എനിക്ക് അർഹതയില്ല, എന്നൊക്കെ പറയുന്നവർക്കിടയിൽ എന്റെ സ്വപ്നങ്ങൾ നിങ്ങളെക്കാൾ വലുതാണ് എന്നു പറഞ്ഞൊഴിവാക്കുന്ന ഒരു പെണ്ണ്..!
അവളെ വിവാഹം കഴിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന ദിവസമാണ് അവൻ ആദ്യമായി ആ കണ്ണുകളിൽ ഭയം കാണുന്നത്. ആദ്യരാത്രി മുറിയിലേക്ക് കടന്നു വന്നവളെ തൂക്കിയെടുത്തു ബെഡിലേക്കിട്ട്, കാലുകൊണ്ട് ലോക്ക് ചെയ്ത് കടന്നു പിടിക്കുമ്പോൾ, ആ ദേഹം മുഴുവൻ ആലിലപോലെ വിറയ്ക്കുന്നുണ്ടായിരുന്നു.
“നീതീ.. നീ ഒട്ടും റെഡിയല്ല എന്ന് എനിക്കറിയാം. എനിക്ക് നിന്നോട് തോന്നുന്ന പ്രണയം നിനക്കും തോന്നുന്ന നിമിഷം വരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്..”
അത്രയും പറഞ്ഞശേഷം അവളിൽ നിന്ന് മാറിക്കിടന്നപ്പോൾ, ആ കണ്ണുകളിൽ നിറഞ്ഞ അമ്പരപ്പ് ബെഡ് ലാമ്പിന്റെ മങ്ങിയ വെളിച്ചത്തിലും അവൻ കണ്ടു.
ദിവസങ്ങൾ ആഴ്ചകൾക്കും മസങ്ങൾക്കും വഴിമാറിയപ്പോൾ, അവർക്കിടയിൽ പ്രണയം പൂവിടുകയും വിടരുകയും ചെയ്തു. രാത്രികൾക്ക് ദൈർഘ്യം പോരാതെ അവർ പകലുകളും കടമെടുത്തു. ഇതിനിടയിൽ അവളുടെ ഗർഭപാത്രം പലതവണ മൊട്ടിട്ടുവെങ്കിലും, വിരിയുന്നതിന് മുൻപേ അവ കൊഴിഞ്ഞുപോയ്ക്കൊണ്ടിരുന്നത് അവരിൽ വേദന നിറച്ചു.
ഒടുവിൽ അവർക്കിടയിലേക്ക് ഒരു കുഞ്ഞതിഥി എത്തിയപ്പോൾ, ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു ഇരുവർക്കും. പക്ഷെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റിയവളുടെ ജീവനറ്റ ശരീരം കയ്യിലേക്ക് വാങ്ങും വരെ മാത്രമേ ആ സന്തോഷം നീണ്ടു നിന്നുള്ളൂ.
“ഈ പ്രഗ്നന്സി റിസ്‌ക്ക് ആണ്, ഡെലിവറിക്ക് ശ്രമിക്കുന്നത് അപകടമാണെന്നും അബോർഷൻ ചെയ്യാം എന്നും ഞാനന്നേ പറഞ്ഞതല്ലേ..?”
അവന്റെ അമ്മയുടെ മുഖത്തു നോക്കി ഡോക്ടർ ചോദിക്കുമ്പോൾ അവർ തല താഴ്ത്തി.
“ഒരു ജീവനല്ലേ മോനെ. കളയുന്നത് പാപമല്ലേ. ഡോക്ടർ അങ്ങനെ പറഞ്ഞാലും ഒന്നും സംഭവിക്കില്ല എന്നു വിചാരിച്ചു ഞാൻ”
എന്റെ ഭാര്യയുടേതും ജീവൻ തന്നെയല്ലേ എന്ന ചോദ്യം സുബിന്റെ തൊണ്ടക്കുഴിയിൽ ശ്വാസം മുട്ടി മരിച്ചു. ജോലി തിരക്കുകൾ കാരണം അവളുടെയൊപ്പം ചെക്കപ്പിന് പോകാൻ കഴിയാതിരുന്ന തന്റെ വിധിയെ അവൻ ശപിച്ചു.
പ്രസവിക്കാത്ത സ്ത്രീയുടെ ശരീരം മരുഭൂമിപോലെ ഗുണശൂന്യം ആണെന്നും, ഏത് സാഹചര്യത്തിലും അബോർഷൻ പാപമാണെന്നും പറഞ്ഞു പഠിപ്പിക്കുന്ന സമൂഹത്തിൽ ഇത് നടന്നതിൽ അദ്ഭുതപ്പെടാനില്ല.
പ്രസവത്തോടെ മരിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്ത്രീയല്ല നീതി. അമ്മയില്ലാത്തവർ അനാഥരാണെന്ന് ലോകം പറയാതെ പറയും, പക്ഷെ അമ്മയുടെ ജീവനും ജീവിതത്തിനും എന്ത് മൂല്യമാണ് നമ്മൾ നൽകുന്നത്?
പൊന്നോമനയ്ക്ക് ജന്മം നൽകാൻ വേണ്ടി ഇഹലോകവാസം വെടിഞ്ഞ നീതിയെ ലോകം വാഴ്ത്തുമ്പോൾ, മാധ്യമങ്ങൾ പുകഴ്ത്തുമ്പോൾ, മതങ്ങൾ അവളെക്കുറിച്ചു പഠിപ്പിക്കുമ്പോൾ, സുബിന്റെ വീട്ടിൽ അവളുടെ കുഞ്ഞ് അപ്പോഴും അമ്മിഞ്ഞപ്പാൽ കിട്ടാതെ കരഞ്ഞു തളർന്ന് ഉറങ്ങുകയായിരുന്നു.
അവസാനിച്ചു.