അമ്മമാനസം ~ രചന: സിയ യൂസഫ്
കണ്ണൻ മുറിയിലേക്കു ചെല്ലുമ്പോൾ,, അമ്മ തുണികൾ മടക്കി ബാഗിലാക്കുന്ന തിരക്കിലായിരുന്നു…..
“” അമ്മയ്ക്ക് പുതിയ വീട്ടിലേക്ക് മാറാൻ തിരക്കായീന്ന് തോന്നണു……”” അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
“” ഒന്നു പോടാ ചെറ്ക്കാ നീയ്….. പോകാൻ നേരം കെടന്ന് വെപ്രാളപ്പെടണ്ടല്ലോന്ന് കരുതീട്ടാ ഇപ്പോ തന്നെ ഇതൊക്കെ മടക്കി വെക്കണത്……””” എന്നു പറഞ്ഞ് അവർ മകന്റെ അരികിലേക്ക് നീങ്ങി നിന്നു…
“” ഞാൻ അപ്പൂന്റൊപ്പം താമസാക്കണോണ്ട് നെനക്കമ്മോട് ദേഷ്യൊന്നൂല്ല്യല്ലോ കണ്ണാ….”” അവരുടെ ചോദ്യം കേട്ട് അയാൾ പുഞ്ചിരിച്ചു…
“” ആഹ്.. പോകണ്ടാന്ന് പറഞ്ഞ് തടുത്തു നിർത്താൻ പറ്റില്ല്യല്ലോ നിക്ക്….അപ്പ്വേട്ടനും അമ്മേടെ മോനായിപ്പോയില്ലേ…..പിന്നെ,അധികം വൈകാതെ ഞാനും ഈ പഴയ വീടൊക്കെ മാറ്റി പുതീതൊരെണ്ണം വെക്കും…. അന്നേരം തിരിച്ചു വന്നേക്കണം….. പറഞ്ഞില്ലാന്നു വേണ്ട…..”””
കണ്ണന്റെ മറുപടി കേട്ട് സാവിത്രിയമ്മ തന്റെ തോളിലിരുന്ന അയാളുടെ കയ്യെടുത്ത് താഴേക്കിട്ടു…..
“” നിങ്ങളൊക്കെ കരുതണ പോലെ, നിക്ക് പുത്യേ വീട്ടില് താമസിക്കാന്ള്ള കൊത്യോണ്ടൊന്നല്ല ഞാൻ പോണത്…..വീടിരുന്ന് ഒരാഴ്ച കഴിഞ്ഞാ അവനങ്ക്ട് പോവും… പിന്നെ ജയന്തിം കുട്ട്യോളും ഒറ്റയ്ക്കാവില്ല്യേ….. അവളാണെങ്കി വല്യേ പേടിക്കാരീം…..ഇവിടിപ്പോ നീയ്ണ്ടല്ലോ ,, പിന്നെ അമ്മയ്ക്കൊന്ന് അവടെ വന്ന് നിന്നാലെന്താന്ന് അവനും തോന്നല്ണ്ടാവില്ല്യേ……. അതോണ്ടാ “”” അവർ പരിഭവിച്ചു കൊണ്ട് പറഞ്ഞു…..
“”” ന്റെ പൊന്നു സാവിത്രിയമ്മേ ഞാൻ വെറുതെ പറഞ്ഞതല്ലേ…..അമ്മ ഏട്ടന്റെ കൂടെ നിന്നാലും ന്റെ കൂടെ നിന്നാലും ഒക്കെ ഒരേ പോലല്ലേ പിന്നെന്താ…..അമ്മയ്ക്ക് ആര്ടെ കൂടെ നിക്കണംന്ന് തോന്നുന്നോ , അവര്ടെ കൂടെ നിക്കാം…. എല്ലാം അമ്മേടെ ഇഷ്ടം…..””” കണ്ണൻ അമ്മയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവർ വാത്സല്യത്തോടെ അയാളുടെ നെറുകിൽ തഴുകി…..
***** ***** ***** *****
“”അമ്മ വല്യേ സന്തോഷത്തിലാ അല്ലേ കണ്ണേട്ടാ…..”” ബെഡ്ഷീറ്റ് കുടഞ്ഞു വിരിച്ച് ഇടുന്നതിനിടയിൽ രാഖി പറഞ്ഞു…
“”ഹ്. .മ്മ് “” അയാളൊന്നു മൂളുക മാത്രം ചെയ്തു..
“” ഞാൻ കരുതീത് അമ്മയ്ക്ക് ഇവടന്ന് മാറി നിൽക്കാൻ ഇഷ്ടണ്ടാവില്യാന്നാ….ഇതിപ്പോ, ഏട്ടനേക്കാളും ഏടത്തിയേക്കാളൊക്കെ ഉത്സാഹം അമ്മയ്ക്കാന്നാ തോന്നണേ….”””
രാഖി പറഞ്ഞതു കേട്ട്, കണക്കെഴുത്തിലായിരുന്ന കണ്ണൻ പുസ്തകം താഴെ വച്ച് എഴുനേറ്റു….
“” എന്റെ രാഖീ… പ്രായമായെന്നു വച്ച് മനുഷ്യന്റെ മനസ്സിനും ആഗ്രഹത്തിനൊന്നും മാറ്റം വരണമെന്നില്ല…..അവര്ക്കും ഉണ്ട് നല്ല ചുറ്റുപാടിലൊക്കെ ജീവിക്കണം , നല്ല വീട്ടില് താമസിക്കണം എന്നൊക്കെയുള്ള സ്വപ്നങ്ങള്…..പക്ഷേ ,, പലപ്പോഴും നമ്മള് മക്കള് അതറിയുന്നില്ലെന്നു മാത്രം…… മക്കളൊക്കെ പുതിയ പുതിയ വീടുകളിലേക്ക് മാറുമ്പോ , അവരൊക്കെ മാറി നിക്കണത് പുതിയ വീട്ടില് ജീവിക്കാൻ മോഹല്യാത്തോണ്ടോ ഇഷ്ടല്യാത്തോണ്ടോ അല്ല…. മറിച്ച്, മക്കളുടെ സ്വകാര്യതകൾക്കും സന്തോഷങ്ങൾക്കും തങ്ങളൊരിക്കലും ഒരു തടസ്സമാകരുതെന്ന് വിചാരിച്ചു മാത്രമാണ്….എന്നാലോ , നമ്മളൊന്ന് സ്നേഹത്തോടെ നിർബന്ധിച്ചാൽ… അവരൊരിക്കലും ആ ക്ഷണം നിരസിക്കുകയും ഇല്ല !!
പക്ഷേ ,, മാറിത്താമസിക്കുന്ന മക്കളാരും അങ്ങനെ നിർബന്ധിക്കാറോ കൂടെ നിർത്താൻ ആഗ്രഹിക്കാറോ ഇല്ല എന്നതാണ് സത്യം…. ചോദിക്കുന്നവരോടൊക്കെ അവർക്കു പറയാൻ ഓരോ കാരണവും കാണും….
” അമ്മ ,ആ വീട് വിട്ടു പോരാൻ സമ്മതിക്കുന്നില്ല…. അവര് ജീവിച്ചു തഴമ്പിച്ചത് ആ വീട്ടിലല്ലേ….. അതോണ്ട് മാറിത്താമസിക്കുന്നത് പ്രയാസാത്രേ….!” മക്കളങ്ങനെ പറയുമ്പഴും , ന്റെ കുട്ടി ന്നെ കൂടെ വിളിച്ചിരുന്നെങ്കി എന്ന് മനസ്സോണ്ട് വല്ലാതെ ആഗ്രഹിക്കുന്നുണ്ടാവും ഒരുപാട് അച്ഛനമ്മമാര്….. “””
അയാൾ പറഞ്ഞു നിറുത്തുമ്പോൾ,,, ആ കണ്ണിൽ നനവു പൊടിഞ്ഞത് രാഖിയുടെ മനസ്സിനും വേദന ജനിപ്പിച്ചു……ഒന്നും പറയേണ്ടിയിരുന്നില്ലെന്ന് അന്നേരം അവൾക്കു തോന്നി…..
“”” കണ്ണേട്ടാ…… “”” അവൾ വിളിച്ചു..
“”” എത്രേം വേഗം നമുക്കും ഈ വീട് മാറ്റിപ്പണിയണം….. ലോണെടുക്കാന്നു വച്ചാ, പലിശ കേട്ടാതന്നെ തലകറങ്ങും…..കടേല്ത്തെ വരുമാനം കൊണ്ട് മാത്രം ജീവിക്കുന്ന നമുക്കൊക്കെ ലോണ് അടച്ചു തീർക്കാൻ പറ്റ്വോ എന്നാ പേടി…വലുതൊന്നും വേണ്ട, ചെറുത് മതി…. രണ്ടു മുറിയുള്ളൊരു കൊച്ചു വീട്…..ഒരുമുറി അമ്മയ്ക്കും , മറ്റൊന്ന് നമുക്കും…..തണുപ്പ് പറ്റാത്ത അമ്മയ്ക്ക്, ചോർച്ചയെ പേടിക്കാതെ കിടത്താനുള്ളൊരു കുഞ്ഞു വീട്….! അല്ലേ രാഖീ…..”””
അമ്മ പോകുന്നതിലുള്ള വിഷമം , ആ നെഞ്ചിൽ കടലോളമുണ്ടെന്ന് അയാളുടെ വാക്കുകൾ അവളെ ഓർമ്മപ്പെടുത്തി…..
“” ഇന്നത്തെ നാട്ടു നടപ്പനുസരിച്ച് , തറവാട് ഭാഗം വച്ച് കിട്ടുന്ന മക്കൾക്കുള്ളതാ പ്രായമായ മാതാപിതാക്കളും……പിന്നെ അവരെ നോക്കേണ്ട ചുമതല ആ മക്കൾക്കു മാത്രേ കാണൂ…. ബാക്കിയുള്ളോരൊക്കെ വിരുന്നുകാരെ പോലെ വന്നാൽ വന്നു അത്രേള്ളൂ……അതാ അവസ്ഥ….! അപ്പോ പിന്നെ, അമ്മ ഇവടന്ന് മാറിത്താമസിച്ചാ നീ അമ്മായമ്മോട് പോരെടുത്തിട്ടാന്ന് നാട്ടാര് പറഞ്ഞു നടക്കും… കേട്ടോടീ പെണ്ണേ…… “””
കലങ്ങിയ കണ്ണുകളോടെ അവളെ വട്ടം പിടിച്ചു കൊണ്ട് കണ്ണൻ ചിരിക്കാൻ ശ്രമിച്ചു….തന്റെ പ്രാണന്റെ പാതിയിൽ അമ്മയെന്ന സത്യം എത്രത്തോളം ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് അവളും അപ്പോൾ തിരിച്ചറിയുകയായിരുന്നു…..!!
***** ***** ***** *****
“”” എന്റമ്മേ… ഇതെല്ലാം കൂടി ഇപ്പോ തന്നെ കൊണ്ടോവണ്ട…. അത്യാവശ്യള്ള മരുന്നും മറ്റും കയ്യില് വച്ചാ മതി….. ബാക്കിയൊക്കെ തെരക്കൊഴിഞ്ഞിട്ട് ഞാനങ്ക്ട് എത്തിച്ചോളാം….. സമയം പോണൂ…. ഏട്ടൻ വിളി തൊടങ്ങീട്ട് കുറച്ചായി….””” ഇറങ്ങാൻ നേരം കണ്ണൻ തിരക്കു കൂട്ടി…..
വീടിരിപ്പിന്റെ പാലുകാച്ചിലും ചടങ്ങുങ്ങുകളുമെല്ലാം ഐശ്വര്യമായി തന്നെ നടന്നു…..സദ്യയെല്ലാം കഴിഞ്ഞ്, ക്ഷണിക്കപ്പെട്ടവരെല്ലാം പിരിഞ്ഞു പോയി…..രാത്രിയിലെ അത്താഴവും കഴിഞ്ഞാണ് കണ്ണൻ കുടുംബത്തോടൊപ്പം ഇറങ്ങിയത്….
“” നെനക്ക് രണ്ടീസം കഴിഞ്ഞിട്ടു പോയാ പോരേ കണ്ണാ….””” ഏട്ടൻ നിർബന്ധിച്ചെങ്കിലും , കട തുറക്കാനുള്ളത് കൊണ്ട് ഇടയ്ക്കൊക്കെ വരാമെന്ന് പറഞ്ഞ് അയാളത് നിരസിച്ചു……
“”എന്നാപ്പിന്നെ അമ്മയിവിടെ നിക്കട്ടെ….എനിക്കിനി ഒരാഴ്ചയല്ലേ ലീവുള്ളൂ…. അതുവരെ അമ്മയിവിടെ ഞങ്ങളോടൊപ്പം നിക്കട്ടെ…. അമ്മയ്ക്കും അത് വല്യേ സന്തോഷാവും……”””
“” അല്ലേട്ടാ അമ്മ…… “” എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അവർക്കിടയിലേക്ക് സാവിത്രിയമ്മ കടന്നു വന്നു…..
“”” ഞാനിപ്പഴാ ഓർത്തത്… ന്റെ കാലില് തേക്കണ കൊഴമ്പ് എട്ക്കാൻ മറന്നൂന്ന്….പതിവില്യാതെ അങ്ങട്ടും ഇങ്ങട്ടും നടന്നേന്റേവും കാലിന് വല്ലാത്ത വേദന…. ഇന്നിനി അതില്യാതെ പറ്റൂംല്യ….അമ്മ പിന്നെ വരണ്ട് മോനേ…. ഇതിപ്പോ ദൂരത്തൊന്നും അല്ലല്ലോ… നിക്ക് കാണണംന്ന് തോന്നുമ്പോ വരാല്ലോ…… പോട്ടേ മക്കളേ”””
എല്ലാം ഒറ്റശ്വാസത്തിൽ പറഞ്ഞവസാനിപ്പിച്ച് ധൃതിയിൽ ഓട്ടോയിലേക്ക് കയറുന്ന അമ്മയെ കണ്ടതും കണ്ണന്റെ മനസ്സൊന്നു പിടഞ്ഞു…..അത്രമേൽ സന്തോഷത്തോടെ മകനോടൊപ്പം താമസിക്കാൻ വന്നിട്ട് , വേദനയോടെ തിരിച്ചിറങ്ങേണ്ടി വന്ന അമ്മയുടെ മുഖം കാൺകെ ഒന്നും പറയാതെ അയാളും ഡ്രൈവിങ് സീറ്റിലേക്ക് കയറിയിരുന്നു…..കണ്ണുകൾ നിറഞ്ഞു വരുന്നത് ആരും കാണാതിരിക്കാൻ പാടുപെടുന്ന അമ്മയെ, സൈഡ് മിററിലൂടെ കണ്ടെങ്കിലും , കാണാത്ത ഭാവം നടിക്കാനേ അയാൾക്ക് കഴിഞ്ഞുള്ളൂ…..
“” അച്ഛൻ പോയപ്പഴും, മക്കള് പറയാതെ തന്നെ അവര്ടെ ആവശ്യങ്ങള് കണ്ടറിഞ്ഞ് ചെയ്തുകൊടുത്ത് ശീലിച്ചു പോയി….അതോണ്ടാ അവനോട് പോലും ചോദിക്കാണ്ട് എറങ്ങിപ്പൊറപ്പട്ടേ….. ഇതിപ്പോ ന്റെ ആവശ്യം പോയിട്ട് ,, ന്നെ തന്നെ ആവശ്യല്യാത്ത കാലായീന്ന് ഞാനും മനസ്സിലാക്കീല്ല്യ…….ഒക്കെ ന്റെ തെറ്റെന്യാ……”””
അമ്മയുടെ പതം പറച്ചിലിനും തേങ്ങലിനുമൊപ്പം, രാഖിയുടെ കൈകൾ അവരെ അവളിലേക്ക് കൂടുതൽ അണച്ചു കൊണ്ടിരുന്നു…..ഇന്നലെ കണ്ണേട്ടൻ പറഞ്ഞതത്രയും കലർപ്പില്ലാത്ത സത്യ വാചകങ്ങളായിരുന്നെന്ന് അവളോർത്തു കൊണ്ടിരിക്കേ,, കണ്ണൻ പറഞ്ഞു;
“” നാളെത്തന്നെ ബാങ്കിലൊന്നു പോണം… ലോണു ശരിയാക്കണം…. പലിശ പേടിച്ചിരുന്നാ വീടു വെക്കാൻ പറ്റ്വോ… ല്ലേ രാഖ്യേ….. “”” അയാളുടെ ചിരിയിൽ അവളും പങ്കു ചേര്‍ന്നു….
അമ്മമാർക്കു കൂടി വേണ്ടിയും മക്കളുടെ സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കട്ടെ…..!പിന്നെ… അവ ഉയരത്തിൽ പറക്കട്ടെ…..!അതിൽ… അമ്മമാരുടെ പുഞ്ചിരി തെളിയട്ടെ….!!
ശുഭം