സ്വന്തം സുഖത്തിന് മാത്രം മുൻഗണന നൽകുന്ന അയാളിലെ ഭർത്താവിനെ നോക്കുമ്പോൾ എന്തോ വല്ലത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു അവൾക്ക്…

രചന: മഹാ ദേവൻ

കുറച്ച് നേരത്തെ പരാക്രമത്തിനു ശേഷം കിതപ്പോടെ അയാൾ അവളിൽ നിന്നും അടർന്നുമാറുമ്പോൾ അവൾ ഒരേ കിടപ്പായിരുന്നു അനങ്ങാതെ. വരണ്ട ചുണ്ടുകൾ അപ്പോഴും കൊതിക്കുന്നുണ്ടായിരുന്നു ഒരു ചുംബനത്തിനായി. ഉയർന്നുതാഴുന്ന മാ റിടങ്ങൾ ഓടിയിറങ്ങിയ വിലപ്പെട്ട നിമിഷങ്ങളിൽ തൃപ്തയാകാതെ വിങ്ങുന്നുണ്ടായിരുന്നു. ! കണ്ണുകൾ കവിളിലേക്ക് ഒരു നീർച്ചാർ വെട്ടിത്തുറക്കുമ്പോൾ വികാരങ്ങളെ സ്വയം കുഴിച്ചുമൂടികൊണ്ടവൾ കിടന്നു ചുണ്ടിൽ വീർപ്പുമുട്ടുന്ന ഗദ്ഗദത്തോടെ.

ഒരു പെണ്ണ് കൊതിക്കുന്ന നിമിഷങ്ങൾ പൂർണ്ണമാക്കാത്ത പോലെ അവൾ അഴിഞ്ഞുവീണ തുണികൾ തപ്പിയെടുക്കുമ്പോൾ അടുത്ത് ക്ഷീണത്താൽ ഉറങ്ങുന്ന അയാളെ ഒന്ന് നോക്കി.

അപ്പോൾ ചുണ്ടുകളിൽ ഒരു പുച്ഛം നിറഞ്ഞുനിന്നിരുന്നു. സ്വന്തം സുഖത്തിന് മാത്രം മുൻഗണന നൽകുന്ന അയാളിലെ ഭർത്താവിനെ നോക്കുമ്പോൾ എന്തോ വല്ലത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു അവൾക്ക്. സ്വന്തം സുഖത്തിൽ തൃപ്തിയടഞ്ഞ് മറുപുറം ചേർന്ന് കിടക്കുന്ന അയാളിലെ വികാരം കെട്ടടങ്ങുമ്പോൾ വിങ്ങിപ്പിടയുന്ന പെണ്ണിന്റ മനസ്സ് ആ ചുവരുകൾക്കുള്ളിൽ വിങ്ങുകയായിരുന്നു.

അവൾ മെല്ലെ ബാത്റൂമിലേക്ക് നടന്നു. അയാളുടെ ആവേശം തീർത്ത ശരീരത്തിലൂടെ വെള്ളം അരിച്ചിറങ്ങുമ്പോൾ അതോടൊപ്പം കണ്ണുകളും അടരാൻ തുടങ്ങി.

“പെണ്ണെന്നാൽ ആവേശം തീർക്കാനുള്ള ഭോഗവസ്തു മാത്രമാണെന്നുള്ള ആണിന്റെ ചിന്ത തകർക്കുന്നത് ആണിനെ പോലെ തന്നെ മജ്ജയും മാംസവുമുള്ള ആഗ്രഹങ്ങളും വികാരങ്ങളും ഉള്ള പെണ്ണിന്റ മനസ്സിനെ ആണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ…എനിക്കുമുണ്ട് എല്ലാം ആഗ്രഹിക്കുന്ന ഒരു മനസ്സെന്ന് എന്തെ അദ്ദേഹം അറിയാൻ ശ്രമിക്കുന്നില്ല.. “

എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല അയാൾ എന്താണ് ഇങ്ങനെ എന്ന്.

മനസ്സിനെ മുറിപ്പെടുത്തിയ ചിന്തകൾക്കൊപ്പം എപ്പഴോ കണ്ണടക്കുമ്പോൾ മുന്നിൽ നിറഞ്ഞുനിൽക്കുന്ന സ്വപ്നങ്ങളിൽ അവൾ ഒരു അമ്മയായിരുന്നു. ഒരു മാലാഖയെ പോലെ ചുറ്റിനും പറന്നുനടക്കുന്ന ഒരു കുഞ്ഞുമുഖം.

ഓമനിക്കാൻ കൊതിച്ചുകൊണ്ട് ആ കുഞ്ഞിനെ തൊടാൻ ശ്രമിക്കുമ്പോൾ അകന്നകന്ന് പോകുന്ന ആ കുഞ്ഞ് അമ്മയെ നോക്കി ചിരിക്കുന്നുണ്ട്. അമ്മക്ക് നേരെ കരങ്ങൾ നീട്ടി…. വെളുത്ത ചിറകുകൾ പതിയെ വീശി….അവൾ ഒന്നുകൂടി ആ കുഞ്ഞിനരികിലേക്ക് നടന്നു. പെട്ടന്ന് രണ്ട് കരങ്ങൾ ആ കുഞ്ഞിന്റെ ചിറകുകളിൽ പിടിച്ച് വലിക്കുന്നു. വാ പൊത്തിപ്പിടിച്ചുകൊണ്ട് ആ കൈകൾ ആ കുഞ്ഞിനെ അകലേക്ക്‌ വലിച്ചിഴക്കുന്നു. കാതുകളിൽ അമ്മേ എന്നുള്ള വിളി മുഴങ്ങുമ്പോൾ മോളെ എന്നും വിളിച്ചവൾ ചാടിയെഴുന്നേറ്റു.

മുന്നിൽ ആരുമില്ലെന്നുള്ള തിരച്ചറിവിലേക്ക് മനസ്സ് എത്തുമ്പോൾ കണ്ട സ്വപ്നങ്ങൾ അവളെ വല്ലാതെ തളർത്തിയിരുന്നു. അതോടൊപ്പം അവളെ അമ്പരപ്പിച്ചത് താൻ ഇപ്പോഴും ബാത്റൂമിലെ ഇടുങ്ങിയ ചുവരുകൾക്കുള്ളിലാണെന്നുള്ളതാണ്. !

പതിയെ അവൾ എഴുനേറ്റു. പിന്നെ നനഞ്ഞ വസ്ത്രങ്ങളുമായി പുറത്തേക്ക് ഇറങ്ങുമ്പോൾ സ്വപ്നത്തിൽ കണ്ട ആ കുഞ്ഞ് മുഖം തന്ന വിങ്ങലും വിറയലും അവളുടെ ശരീരത്തിൽ പ്രകടമായിരുന്നു.

മൊബൈൽ നോക്കുമ്പോൾ സമയം നാല് മണി.

ഡ്രസ്സ്‌ മാറി പതിയെ അടുക്കളയിലേക്ക് നടക്കുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു പെണ്ണ് ഒരു യന്ത്രം ആണ് ചിലർക്ക്. രാവിലെ മുതൽ നിലക്കാതെ ഓടിത്തുടങ്ങി അവസാനം ഭർത്താവിന്റെ ആവേശം കെട്ടടങ്ങും വരെ ഒന്നും പ്രതീക്ഷിക്കാതെ നിർവ്വികാരമായി ഓടുന്ന വെറും യന്ത്രം !

ഒന്നും പ്രതീക്ഷിക്കുന്നില്ല..

പക്ഷേ, ഇടക്കൊന്ന് അടുത്തിരുന്നാൽ..ഒന്ന് കെട്ടിപിടിച്ചാൽ…..ഒരു ചുംബനം കൊണ്ട് കൂടെ ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ …

അത്രേ ആഗ്രഹിക്കുന്നുള്ളൂ.. ഒരു പെണ്ണിന് അത്രേ ആഗ്രഹം ഉളളൂ.പക്ഷേ,

അവൾ ഒന്ന് പുഞ്ചിരിച്ചു.. പിന്നെ അടുക്കള ലക്ഷ്യമാക്കി നടന്നു.. ഇനി ഒരു ഓട്ടമാണ്. പരാതി ഇല്ലാതെ, പരിഭവം പറയാതെ അടുപ്പിനൊപ്പം നീറിനീറി….

” മീനു.. ചായ ആയോ.. ബ്രെക്ഫാസ്റ് ആയോ.. നിനക്ക് ഇതൊക്കെ ഒന്ന് നേരത്തെ ഉണ്ടാക്കികൂടെ… ഉച്ചക്ക് കൊണ്ടുപോകാൻ ഉള്ള ചോറ് എടുത്തിവെച്ചില്ലേ… അല്ലേലും നിനക്ക് ഒന്നിനും ഒരു ഉത്തരവാദിത്തം ഇല്ലലോ.. ചോദിച്ചാൽ നൂറ് കാര്യങ്ങൾ ഉണ്ടാകും. നിനക്ക് ഇവിടെ എന്താണ് ഇത്രക്ക് പണി. ഞങ്ങള് കൊണ്ട് വരുന്നത് വെച്ചുണ്ടാക്കിയാൽ പോരെ… “

എന്നും കേൾക്കാറുള്ള നൂറായിരം കുറ്റങ്ങൾക്കൊപ്പം ഉപ്പില്ലാ, മുളകില്ല അങ്ങനെ അങ്ങനെ…

ഇവിടെ എന്താണിത്ര പണി… !

കേൾക്കുമ്പോൾ അവൾ ഒന്ന് പുഞ്ചിരിക്കും…പിന്നെ ഒന്നും മിണ്ടാതെ ജോലിയിൽ മുഴുകും.ചിലതിന് വാക്കുകൾ കൊണ്ട് എത്ര ഉത്തരം പറഞ്ഞാലും മനസ്സിലാകില്ലെന്ന് അവൾക്ക് അറിയാം… കണ്ണിൽ കാണുന്നതിനേക്കാൾ ദൂരം കണ്ണും കയ്യും മനസ്സും എത്തണം ഒരു ദിവസം കഴിയണമെങ്കിൽ എന്ന് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചിട്ട് എന്ത് കാര്യം.

സ്വയം ആ ചുവരുകൾക്കുള്ളിലേക്ക് ഇറങ്ങിവന്നാൽ മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഒരു ലോകം ഉണ്ട് അവിടെ…

കൂലി ഇല്ലാതെ ജോലി ചെയ്യുന്ന മനുഷ്യരും..

ഒരിക്കലെങ്കിലും ഞാൻ കൂടെ സഹായിക്കാം എന്നൊരു വാക്കിൽ ആ ഇടങ്ങളിലേക്ക് മനസ്സ്‌കൊണ്ട് ഇറങ്ങിച്ചെന്നാൽ മനസിലാകും ഒരു പെണ്ണ് എത്രത്തോളം ഉരുകിയാണ് നേരം ഇരുട്ടിക്കുന്നതെന്ന്.

അയാളുടെ കുറ്റം പറച്ചിൽ കഴിയുമ്പോഴേക്കും അയാൾക്ക് വേണ്ടതെല്ലാം അവൾ ഒരുക്കും. പിന്നെ യാത്രയാക്കാൻ വാതിൽക്കൽ നിൽകുമ്പോൾ ഒരു ചുംബനം കൊതിക്കും.

” ഞാൻ പോട്ടെ ” എന്നൊരു വാക്കിൽ അവളുടെ നോട്ടത്തിന്റെ തിളക്കം നഷ്ട്ടപെടുത്തികൊണ്ട് അയാൾ പതിയെ പടിയിറങ്ങുമ്പോൾ മൂകമായ മനസ്സുമായി ദീർഘനിശ്വാസത്തോടെ അവൾ പതിയെ അകത്തേക്ക് നടക്കും…

ഇനി ഓട്ടമാണ്… തളർന്നാലും എല്ലാം ഒന്ന് ഒതുക്കി ഒന്ന് വിശ്രമിക്കാൻ കുറച്ചു നിമിഷങ്ങൾ കണ്ടെത്താനുള്ള ഓട്ടം…

NB: ഇന്നും ഇതുപോലെ എല്ലാം സഹിച്ചുകൊണ്ട് സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്ന ഒരുപാട് ജീവിതങ്ങൾ ഉണ്ട് .അവർക്ക് വേണ്ടി…… 🙏🙏