അവളോട് ഇഷ്ടം പറഞ്ഞപ്പോൾ നീ എനിക്കൊരു അമ്മയും കൂടെ ആകുവോന്നുള്ളതായിരുന്നു ആദ്യത്തെ ചോദ്യം…

അമ്മനോവ് ~ രചന: താമര

“മാളു അടുത്ത് വന്നതറിഞ്ഞിട്ടും എന്തോ കണ്ണ് തുറക്കാൻ തോന്നിയില്ല….

“കണ്ണേട്ടാ എന്തു കിടപ്പാണിത് എണീക്കു… വാ എന്തേലും കഴിക്കണ്ടേ….

“നീ കഴിച്ചോ എനിക്ക് വിശപ്പില്ല…. എന്താ കണ്ണേട്ടാ എന്താ ഇതു.. അവരുടെ സ്വഭാവം അറിയില്ലേ.. ഇതൊക്ക ഏട്ടൻ പ്രതീക്ഷിച്ചിരുന്നതല്ലേ….

“അറിയാം എന്നാലും…. അവരുടെ വായിൽ നിന്നും കേൾക്കുമ്പോൾ….

“നിനക്ക് അറിയോ മാളു എല്ലാവരും അമ്മയെ കുറിച്ച് പറയുമ്പോൾ എനിക്കത്ഭുതം ആയിരുന്നു എന്റെ അമ്മ ഇങ്ങനെ ആയതിൽ…… ഇത്രയും നാള് ഞാൻ കരുതിയത് അച്ഛന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അവര് എന്നെ കൊടുത്തത് എന്നാണ് . പക്ഷെ ഇന്ന് അവരുടെ വായിൽ നിന്നും തന്നെ കേട്ടല്ലോ…. ഇവരുടെ കാശു കണ്ടിട്ടാണ് എന്നെ കൊടുത്തതെന്ന്….. അങ്ങനെ അമ്മമാരുണ്ടാകുവോ മാളു…. ഉണ്ടാകും അല്ലേ….. നമ്മൾ ഇടയ്ക്ക് വായിക്കാറും കേൾക്കാറും ഒക്കെ ഇല്ലേ….

“മതി കണ്ണേട്ടാ പറഞ്ഞത്…. ഒന്നും ഓർക്കേണ്ട ഞാൻ ഇല്ലേ കൂടെ… നമുക്കാരും വേണ്ട… നമ്മൾ മതി…. ഏട്ടൻ അല്പം കിടന്നോ….

“മാളു പോയിട്ടും എന്റെ ചിന്തകൾ നിർത്താൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല…

“എനിക്ക് രണ്ടു വയസുണ്ടായിരുന്നപ്പോളാണ്… അച്ഛന്റെ സഹോദരിക്ക് എന്നെ വളർത്താൻ കൊടുത്തത്…..എന്റെ കൂട്ടുകാരുടെ അമ്മമാർ അവരോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ ഞാൻ ആലോചിക്കാറുണ്ട് അമ്മയ്ക്ക് എങ്ങനെയാണ് കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടാവുക എന്ന്…

“അങ്ങനെ മാമിയും മാമനും എന്റെ അച്ഛനും അമ്മയും ആയി…. പക്ഷെ മാമനെ അച്ഛൻ എന്ന് വിളിച്ചപ്പോൾ എന്നോട് പറഞ്ഞു… അങ്ങനെ വിളിക്കണ്ട മാമൻ എന്ന് തന്നെ വിളിച്ചാൽ മതീന്ന്… അതായിരുന്നു മനസിനേറ്റ ആദ്യത്തെ മുറിവ്….ഞാൻ അവർക്കു അരുമല്ലന്നുള്ള ആദ്യത്തെ തിരിച്ചറിവ്… പതിയെ അമ്മൂമ്മയിൽ നിന്നും ഞാനിവരുടെ മകനല്ലെന്നും… ഒരിക്കൽ എന്റെ സ്വന്തം അച്ഛൻ ഇവിടെ വന്നപ്പോൾ ഞാനും കൂടെ ഉണ്ടായിരുന്നുവെന്നും .. തിരികെ പോയപ്പോൾ ഇവിടെ നിന്നും വളർന്നോട്ടെ എന്ന് പറഞ്ഞു പോയതാണെന്നും മനസിലായി…..

ഇവരുടെ കാശു കണ്ടിട്ടാണ് അങ്ങനെ ചെയ്തതെന്നുള്ള മുറിമുറുപ്പുകൾ പലയിടത്തു നിന്നും കേട്ടു…. ബന്ധുക്കൾക്കു ആർക്കും എന്നെ ഇഷ്ടമില്ലായിരുന്നു….. എവിടെ പോയാലും അവഗണന.. മാമന്റെ ബന്ധുക്കൾക്കൊക്കെ അവരുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ വന്ന ഒരാളെന്നപോലായിരിന്നു പെരുമാറ്റം….

അമ്മയുടെ സ്നേഹം ആവോളം അറിയേണ്ട പ്രായത്തിൽ… മടുപ്പിക്കുന്ന ബാല്യം ആയിരുന്നു…. അമ്മയും മാമനും എന്നെ സ്നേഹിച്ചു എങ്കിലും അവരിലൊരാളായി അംഗീകരിക്കാൻ മടി ഉള്ളത് പോലെ ആയിരുന്നു….. ഞാനും എന്നിലേക്ക്‌ ഒതുങ്ങി തുടങ്ങി….പത്തു വയസു കഴിഞ്ഞപ്പോളാണ് ഞാൻ ആദ്യമായി അമ്മയെ കാണുന്നത്… എന്റെ അമ്മ സന്തോഷമുള്ള കാഴ്ചയായിരുന്നു അത് മനസു തുടികൊട്ടുവായിരുന്നു … കൂടെ ഉള്ളത് എന്റെ അനിയൻ ആണെന്ന് ആരോ പറഞ്ഞു തന്നു…. കണ്ടമാത്രയിൽ തന്നെ മനസ്സിൽ ആയിരം സ്വപ്‌നങ്ങൾ വിടർന്നു… അമ്മ ഓടി വന്നെന്നെ വാരി പുണരും അതുവരെ നൽകാൻ കഴിയാത്ത സ്നേഹം…. ആ ഒരു നിമിഷത്തിൽ തന്നെ എന്നിലേക്കൊഴുകും, ചുംബനങ്ങൾ കൊണ്ടെന്നെ മൂടും..എന്നൊക്കെയായിരുന്നു മനസിൽ…

പക്ഷെ ഞാൻ വിചാരിച്ചപോലൊന്നും അന്ന് നടന്നില്ല…. എന്റെ മുന്നിൽ വച്ചു തന്നെ അവരെന്റെ അനിയനെ ഊട്ടുകയും വാരിപുണരുകയും ഒക്കെ ചെയ്തു….

അന്നത്തെ പത്തു വയസുകാരന് ആ കാഴ്ച്ച താങ്ങുന്നതിനും അപ്പുറം ആയിരുന്നു…. കുറച്ചു ദിവസങ്ങൾക്കു ശേഷം അവര് മാമന്റെന്ന് കുറച്ചു കാശും വാങ്ങി മടങ്ങി പോയി…. എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ….ഒന്ന് തലോടാതെ.. ഞാൻ എല്ലാ അർത്ഥത്തിലും അനാഥനാകുകയായിരുന്നു…എല്ലാവരും ഉണ്ടങ്കിലും മനസുകൊണ്ട് അനാഥൻ….

കൂടെ പഠിക്കുന്ന കുട്ടികളൊക്ക കണ്ണനെന്താ കുറവ് എന്തു ചോദിച്ചാലും വാങ്ങി കൊടുക്കുന്ന മാമനും അമ്മയും ഉണ്ടല്ലോ എന്ന് പറയുമ്പോൾ…. വേദനിച്ച ഒരു ചിരിയാകും എന്റെ ചുണ്ടിൽ ഉണ്ടാകുക….

അമ്മയോട് കുസൃതി കാണിക്കുകയും അതിനു അമ്മ തല്ലാൻ ഓടിക്കുകയും ചെയ്യുന്നത് കൂട്ടുകാർ പറയുന്നത് കേൾക്കുമ്പോൾ.. ഞാനും കൊതിക്കാറുണ്ട് എന്റെ അമ്മയും എന്നെ ഒന്ന് തല്ലിയിരുന്നെകിൽ എന്ന്….

ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിരുന്നു നല്ല വസ്ത്രങ്ങൾ… നല്ല ആഹാരം… ആഗ്രഹിക്കുന്നതെന്തും…. പക്ഷെ അവകാശപ്പെടാൻ നല്ല ഒരു ബാല്യമോ കൗമാരമോ ഉണ്ടായിരുന്നില്ല… ചാഞ്ഞു കിടക്കാൻ അമ്മയുടെ മടിത്തട്ടുണ്ടായില്ല ചേർത്ത് പിടിക്കാൻ അച്ഛന്റെ കൈകൾ ഉണ്ടായിരുന്നില്ല…. ആകെ ഉണ്ടായിരുന്നത് അമൂമ്മയായിരുന്നു…. ആ സ്വന്തവും പാതിവഴിയിൽ നഷ്ടായി….

അതുകൊണ്ട് തന്നെ യൗവനം മോഹങ്ങൾ ഉപേക്ഷിച്ചതായിരുന്നു…. എപ്പോളോ മനസിൽ കേറിയവൾ സ്വന്തമായി വീടോ ഒന്നും ഇല്ലന്നറിഞ്ഞപ്പോൾ ഉപേക്ഷിച്ചു പോയി….

പിന്നെ ഒരു മരവിപ്പായിരുന്നു.. കൈയിലെ കാശുകണ്ടു വന്നിരുന്ന കുറെ സൗഹൃദങ്ങൾ… അത് മാത്രമായി ജീവിതം… എന്നിട്ടും തെറ്റായ വഴിയിൽ പോകാൻ മനസ്സ് അനുവദിച്ചില്ല…. സ്നേഹിക്കാൻ ഇല്ലാത്തതു കൊണ്ടു തന്നെ എല്ലാവരെയും സ്നേഹിച്ചു… ലോകത്തുള്ള എല്ലാ അമ്മമാരും എന്റെ അമ്മമാരായി …

വർഷങ്ങൾക്കിപ്പുറം അച്ഛന്റെ മരണ ശേഷം അമ്മയെയും അനിയനെയും നാട്ടിലേക്കു കൂട്ടി കൊണ്ടു വരുമ്പോൾ… എല്ലാവരെയും കിട്ടിയ സന്തോഷം ആയിരുന്നു… പക്ഷെ അത് എനിക്കുമാത്രം ഉള്ള ചിന്തയാണന്നറിഞ്ഞപ്പോൾ… അതൊന്നുംഎന്നെ ഏൽക്കാത്ത വിധം മനസ്സ് മരവിച്ചു പോയിരുന്നു…

മെഡിക്കൽ കോളേജിൽ വച്ചു ആദ്യമായി മാളുവിനെ കാണുബോൾ അവളിലേക്ക്‌ എന്നെ ആകർഷിച്ചത്, അവളുടെ അമ്മയും അവളും തമ്മിലുള്ള സ്നേഹമായിരുന്നു….. അവളോട് ഇഷ്ടം പറഞ്ഞപ്പോൾ നീ എനിക്കൊരു അമ്മയും കൂടെ ആകുവോന്നുള്ളതായിരുന്നു ആദ്യത്തെ ചോദ്യം…. കല്യാണം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും…. അവളിന്നും എനിക്കൊരു അമ്മയാണ്…

ബാല്യത്തിൽ അച്ഛന്റെ മടിയിൽ കിടക്കാൻ കൊതിച്ച എനിക്ക് ഇരുപത്തഞ്ചു വർഷങ്ങൾക്കിപ്പുറം ആ ഭാഗ്യം കിട്ടിയത് മാളൂന്റെ അച്ഛൻ കാരണം ആണ്… സ്വന്തം മകനെ പോലെ അദ്ദേഹം എന്നെ ചേർത്ത് പിടിച്ചു….

ഇപ്പൊ വലിയ വിഷമങ്ങൾ തോന്നാറില്ല… എന്നാലും എന്നെ പ്രസവിച്ച ആ സ്ത്രീയുടെ വായിൽ നിന്നും തന്നെ കാശിനു വേണ്ടിയാണു എന്നെ വളർത്താൻ കൊടുത്തത് എന്ന് കേൾക്കുമ്പോൾ ഒരു നോവ്..

ഇന്ന് എന്റെ മാളുവും മോനും ആണ് എന്റെ ലോകം…എല്ലാവർക്കും പറയാൻ അമ്മയുടെ സ്നേഹത്തിന്റെ കഥയുള്ളപ്പോൾ എനിക്കതു നോവ് മാത്രമാണ്… വെറും അമ്മനോവ്…..