നിലാമഴ ~ രചന: Badarul Muneer Pk
ഒന്ന് പ്രണയിച്ചതിൻ്റെ അനുഭവം നന്നായി അറിയാവുന്നതു കൊണ്ടാവാം ഇനി അതുപോലൊരുത്തി എന്റെ ജീവിതത്തിൽ വേണ്ട എന്ന് ഞാൻ തീരുമാനിച്ചത് . അച്ഛൻ മരിച്ചു അമ്മ കിടപ്പിലാവുന്നതിനു മുൻപ് വരെ ഞാൻ ഈ ചോദ്യത്തെ ഭയപ്പെട്ടിരുന്നില്ല ..പക്ഷെ ‘അമ്മ കിടപ്പിലായതിനു ശേഷം സുഖമില്ലാത്ത അനിയത്തിയേയും അമ്മയെയും നോക്കാൻ എനിക്ക് ഒരു തുണ ആവശ്യമായി വന്നു .. ഇഷ്ടമല്ലാഞ്ഞിട്ടുപോലും എനിക്ക് കല്യാണത്തിന് സമ്മതിക്കേണ്ടി വന്നു ..
എത്ര നാൾ മറ്റുള്ളവരുടെ കാരുണ്യത്തിൽ ജീവിക്കും … ‘അമ്മ കിടപ്പിലായതിനെ ശേഷം ഒരു അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീ ആയിരുന്നു അമ്മയെയും പെങ്ങളെയും നോക്കിയിരുന്നത് .. ആദ്യമൊക്കെ വല്യ സ്നേഹമായിരുന്നെങ്കിലും പിന്നീട് കാര്യങ്ങൾ കൂടുതൽ വഷളായി വന്നു .. ആ സമയത്താണ് വീട്ടുകാർ എല്ലാവരും കൂടി എനിക്ക് ഒരു കടിഞ്ഞാൺ ഇടാൻ തീരുമാനിക്കുന്നത് . മനസില്ല മനസോടെ ആണെങ്കിലും ഞാൻ അത് സമ്മതിച്ചു കാരണം എന്റെ മുന്നിൽ തെളിയുന്ന കളങ്കമില്ലാത്ത രണ്ടുപേരുടെ ചിരി എന്നെകൊണ്ട് എല്ലാം സമ്മദിപ്പിക്കുകയായിരുന്നു ..പിന്നെ എല്ലാം പെട്ടന്നായിരുന്നു വീട്ടുകാർ എല്ലാം കൂടി പെണ്ണ് കാണാൻ പോയതും കല്യാണം ഉറപ്പിച്ചതും ഒക്കെ .. അങ്ങനെ ഒടുവിൽ ആ ദിവസം വന്നു .. എന്റെ കല്യാണ ദിനം..
മുറ്റത്തെല്ലാം പന്തലൊരുങ്ങി .. അടുത്ത ബന്ധുക്കളെല്ലാം തലേ ദിവസം തന്നെ എത്തിച്ചേർന്നിരുന്നു .. തലേ ദിവസം തന്നെ നാട്ടുകാരും കൂട്ടുകാരും വന്നേ അഭിനന്ദന പ്രവാഹങ്ങൾ ചൊരിഞ്ഞു കൊണ്ട് പോയി .അമ്മയ്ക്കും പെങ്ങൾക്കും പുതിയ ഒരു അതിഥി വീട്ടിൽ വരുന്നതിന്റെ സന്തോഷത്തിലായിരുന്നു .. മനസ് നിറഞ്ഞുകൊണ്ടുള്ള അവരുടെ ചിരി എന്റെ മനസ്സിൽ എവിടെയൊക്കെയോ തട്ടി നിന്നു ..കൂട്ടുകാരും നാട്ടുകാരും എല്ലാം ഒഴിഞ്ഞു ഞാൻ അമ്മയുടെ അരികിലേക്ക് ചെന്ന് അമ്മയുടെ അരികത്തിരുന്നു .. എന്നത്തേക്കാളും സന്തോഷത്തിലായിരുന്നു അന്ന് എന്റെ അമ്മയും പെങ്ങളും എനിക്ക് കല്യാണത്തിന് താല്പര്യം ഇല്ലാന്ന് നന്നായി അറിയാം അമ്മക്ക് .. അമ്മയുടെ മടിയിൽ ചാഞ്ഞു കിടന്ന് ഞാൻ എന്റെ മനസ് തുറന്നു .. എല്ലാം കേട്ട് കഴിഞ്ഞു ‘അമ്മ എന്നോട് പറഞ്ഞു..
”അമ്മക്ക് ഉറപ്പുണ്ട് എല്ലാം ശരിയാവുമെന്ന് വരാൻ പോകുന്നത് ഒരു നല്ല കുട്ടിയാ അത് അമ്മക്ക് നല്ല ഉറപ്പുണ്ട് .. ” അമ്മയുടെ ആശ്വാസ വാക്കുകൾക്ക് അന്ന് എന്തെന്നില്ലാത്ത ശക്തി ഉണ്ടായിരുന്നു … അമ്മയുടെ അടുത്ത് നിന്ന് വന്ന് കിടക്കയിലേക്ക് ചാഞ്ഞപ്പോളാണ് എന്റെ പഴയ കാര്യങ്ങളെല്ലാം മനസിലിലേക്ക് ഓടിയെത്തിയത് ..
പണ്ട് ഇതുപോലൊരു രാത്രി അമ്മയുടെ മടിയിൽ ചായ്ച്ചു കിടന്നപ്പോളാണ് മേഘ യുടെ കാര്യം ഞാൻ ആദ്യമായി അമ്മയുടെ അടുത്ത് പറയുന്നത് .. ആദ്യം ‘അമ്മ കാര്യമായിട് എടുത്തില്ലെങ്കിലും പിന്നീട് എന്റെ സംസാരത്തിൽ നിന്ന് അമ്മക്കു മനസിലായി ഞാൻ കാര്യത്തിലാണ് പറഞ്ഞതെന്ന് ..പിന്നീടുള്ള ദിവസങ്ങൾ എൻേതായിരുന്നു അവളെ ആദ്യമായി വീട്ടിൽ കൊണ്ടുവന്നതും അച്ഛനും അമ്മക്കും അനിയത്തിക്കും അവൾ എല്ലാമെല്ലാമായി മാറിയതും ഒക്കെ പെട്ടന്നായിരുന്നു ..അന്ന് ഞാൻ കരുതി ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവൻ ഞാൻ ആണെന്ന്.. പെങ്ങൾക്കും അമ്മയ്ക്കും ജീവനായിരുന്നു അവൾ .. വീട്ടിൽ വന്നതിനു ശേഷം ഒരു ആഴ്ച കഴിഞ്ഞു അവൾ എന്നെ എന്നെ വിളിച്ചിട്ട് അത്യാവശ്യമായി കാണണം എന്ന് പറഞ്ഞു. ഞാൻ അവൾ പറഞ്ഞ സ്ഥലത്തേക്ക് ചെന്നു..ആദ്യം അവൾ ഒന്നും സംസാരിക്കാൻ കൂട്ടാക്കിയില്ല എങ്കിലും പതിയെ അവൾ പറഞ്ഞുതുടങ്ങി ..
എന്റെ കൂടെ ഒരു നല്ല ലൈഫ് അവൾക്കു കിട്ടില്ല എന്ന് .. എൻ്റെ വയ്യാത്ത അമ്മയെയും പെങ്ങളേയും നോക്കി അവൾ അവളുടെ ജീവിതം നരകതുല്യം ആക്കാൻ അവൾക്കു താല്പര്യമില്ല പോലും ..അവളുടെ കൂടെ ജീവിക്കാൻ താല്പര്യമുണ്ടെങ്കിൽ ഞാൻ എന്റെ വീട് വിട്ട വേറെ താമസിക്കണമെന്ന് ..ഒറ്റതവണയെ കേട്ടുള്ളൂ ഞാൻ .. അത്രയും നാൾ ജീവന് തുല്യം സ്നേഹിച്ചത് കൊണ്ടാവാം മറുത്തൊന്നും പറയാൻ അന്നേരം എനിക്ക് കഴിയാതെ പോയത് ..
പിന്നീട് ഞാൻ അവളെക്കുറിച്ചു അന്വേഷിച്ചിട്ടില്ല ..അതിനു ശേഷം എന്റെ ജീവിതത്തിലെ നഷ്ടങ്ങളുടെ ദിവസങ്ങൾ ആയിരുന്നു .. ഒരു ഹാർട്ട് അറ്റാക്കിലൂടെ എനിക്ക് എന്റെ അച്ഛൻ നഷ്ടമായി .. അച്ഛനെ നഷ്ടമായത് മാത്രമായിരുന്നു എന്നെ ഏറെ തളർത്തിയത് .. അച്ഛൻ പോയതിന്റെ ദുഃഖം താങ്ങാനാവാതെ അമ്മ കിടപ്പിലായതും എന്നെ തളർത്തിയിരുന്നു ..പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ തനിച്ചായിരുന്നു എനിക്ക് താങ്ങായും തണലായും നിന്ന എൻ്റെ അച്ഛൻ ഇല്ലാത്ത ദിവസങ്ങൾ ..
പെണ്ണൊരുത്തി വന്നു സമ്മാനിച്ച് പോയ വിഷമങ്ങളുടെ ആഴം ആവാം ഇനിയൊരു പെണ്ണ് വേണ്ട എന്ന എന്റെ പിടിവാശിക്കു കാരണമായത് .. അത് ഇതാ ഒടുവിൽ ഒരു കല്യാണം വരെ എത്തി നില്കുന്നു .അച്ഛൻ മരിച്ചതിനു ശേഷം ആദ്യമായിട്ടാണ് അമ്മയും പെങ്ങളും ഇത്രയും സന്തോഷിച്ചു ഞാൻ കാണുന്നത് .. അവരുടെ സന്തോഷം കണ്ടപ്പോൾ എവിടെയോ ഒരു നല്ല കാലം വരാനിരിക്കുന്നപോലെ എനിക്ക് തോന്നി..
രാത്രി എപ്പോഴോ ഉറങ്ങി .രാവിലെ കൂട്ടുകാർ ആണ് എന്നെ വിളിച്ചുണർത്തിയത് .. കുളിച്ചു കുറി തൊട്ടു ചെന്നപ്പോഴേക്കും കൂട്ടുകാരുടെ കളിയാക്കലും .. അമ്മയുടെ കാൽ തൊട്ടു തൊഴുത് വീട്ടിൽ നിന്നും ഇറങ്ങിയപ്പോഴും അവിടെ എത്തുന്നത് വരെയും എന്റെ മനസ് വേറെ എവിടെയോ ആയിരുന്നു ..വണ്ടി നിന്നപ്പോഴാണ് എനിക്ക് സ്വബോധം ഉണ്ടായത് .. പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും പെണ്ണുവീട്ടുകാരുടെ ആർത്തിയോടുള്ള നോട്ടവും എവിടെനിന്നൊക്കെയോ കുറെ കമന്റ് ഉം കേട്ടു ..
“വെളുപ്പ് കുറവാ പൊക്കം കൂടുതലാ.. പക്ഷെ നമ്മുടെ അമൃതക്ക് ചേരുന്ന പയ്യനാട്ടോ ..”
‘അമൃത ‘.. ഞാൻ കെട്ടാൻ പോകുന്ന കുട്ടിയുടെ പേര് .. ജീവിതത്തിൽ ആദ്യമായി ആ പേര് കേൾക്കുന്ന പ്രതീതി ആയിരുന്നു എനിക്ക്…ചടങ്ങുകൾ എല്ലാം കഴിഞു അതാ പെൺകുട്ടി വന്നു.. ആദ്യമായിട്ടാണ് ഞാൻ അവളെ കാണുന്നത് .. ഒരു പ്രാവശ്യം പോലും ഒന്ന് സംസാരിച്ചിട്ട് കൂടിയില്ല ഞാൻ അവളോട് ..പരസ്പരം കാണാതെ സംസാരിക്കാതെ വീട്ടുകാർ തീരുമാനിച്ച ഒരു കല്യാണം ..
ഒറ്റ നോട്ടമേഅവളെ ഞാൻ നോക്കിയുള്ളൂ പിന്നെ നോക്കാൻ എന്തോ ഭയമായിരുന്നു എനിക്ക് .. ഇനി അവളും മേഘയെപ്പോലെ തന്നെ ആവുമോ എന്നുള്ളിൽ ഒരു പേടി .. പിന്നെ എല്ലാം പെട്ടന്നായിരുന്നു ..താലി കെട്ടലും പെട്ടന്ന് എവിടെ നിന്നോഒരു മഴ വന്നു ..പിന്നീട് ഫോട്ടോ എടുക്കലും ചിരിക്കലും ചിരിപ്പിക്കലും എല്ലാം കഴിഞ്ഞു വീട്ടിൽ എത്തുന്നത് വരെ ഞാൻ അവളോട് ഒന്നും മിണ്ടിയില്ല .. രാത്രി ഒത്തിരി വൈകി കൂട്ടുകാരുമായി സംസാരിച്ചു പാതിരാ ആയപ്പോഴാണ് മുറിയിലേക്കു വന്നത്.. അവൾ ഒന്നും മിണ്ടാതെ കട്ടിൽ ഇരിപ്പുണ്ടായിരുന്നു .. ഞാൻ വന്നപ്പോഴേക്കും അവൾ എഴുന്നേറ്റു .. ഞാൻ ഒന്നുംമിണ്ടാതെ കട്ടിലിൽ കേറി ഒറ്റ കിടപ്പായിരുന്നു ..
എന്തൊക്കെയോ ഭാരം മനസ്സിൽ നിന്നും ഇറക്കി വെച്ചതുപോലെ തോന്നി കുറച്ചു നേരം കഴിഞ്ഞു ലൈറ്റ് ഓഫ് ചെയ്ത ശേഷം അവളും കിടന്നു .. അതിനിടയിൽ എപ്പോഴോ ഒരു തേങ്ങൽ ഞാൻ കേട്ടു .. അപ്പോൾ തോന്നി എന്തെങ്കിലും ഒന്ന് മിണ്ടായിരുന്നു എന്ന് ..തരക്കേടില്ലാത്ത കുടുംബത്തിലെ സ്നേഹമയിയായ അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും പുന്നാര കുട്ടി..അവൾക്കെന്തുകൊണ്ടും എന്നേക്കാൾ നല്ലൊരു ബന്ധം കിട്ടുമായിരുന്നു….എന്നിട്ട് എന്തിന് വേണ്ടി അവൾ ഈ വിവാഹത്തിന് സമ്മതിച്ചു .. അതും നേരിൽ പോലും കണ്ടിട്ടില്ലാത്ത സംസാരിച്ചിട്ടില്ലാത്ത ഞാനുമായിട്ട് ..എന്നിട്ടും ഞാൻ അവളെ വേദനിപ്പിച്ചു ..ഞാൻ എന്തൊരു ക്രൂരൻ ആണെന്ന് മനസ്സിൽ പ്രാകികൊണ്ട് ഞാൻ ഉറങ്ങി .. പിറ്റേദിവസം എന്നെ വിളിച്ചുണർത്തിയത് അവളായിരുന്നു ..
അന്നാദ്യമായി ഞാൻ അവളെ കാണുന്ന പോലെ നിശ്ചലമായി ഞാൻ അവളെ നോക്കി നിന്ന് പോയി ..ഇന്നു വരെ ഞാൻ കണ്ടിട്ടുള്ള പെൺകുട്ടികളിൽ നിന്നും വ്യത്യസ്തമായ എന്തോ ഒന്ന് അവളിൽ ഉണ്ടായിരുന്നു ..മുറിയിൽ നിന്നിറങ്ങിയപ്പോൾ അതാ അമ്മയുടെ മുറിയിൽ ഒരു ബഹളം .. ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച എന്നെ തെല്ലൊന്നത്ഭുത പെടുത്തി .. അമ്മയതാ കട്ടിലിൽ ചാരി ഇരിക്കുന്നു കൂടെ അനിയത്തിയും പിന്നിലായി അവളും ഉണ്ട് ..
അമ്മ പഴയപോലെ തമാശകൾ പറയനും ചിരിക്കാനും തുടങ്ങിയിരിക്കുന്നു .. വീൽ ചെയർ ൽ ഇരിക്കുന്ന പെങ്ങൾ എന്നെ നോക്കി ചിരിച്ചു.. ഒരു നന്ദി ആ ചിരിയിൽ ഉള്ളതുപോലെ എനിക്ക് തോന്നി ..ജീവിതത്തിൽ ആകെ ഒരു വെളിച്ചം വന്നതുപോലെ എനിക്ക് തോന്നി .. അന്നാദ്യമായി അവളുടേ കൈകൊണ്ടു ഉണ്ടാക്കിയ ഭക്ഷണം കഴിച്ചു .. അതിനെ ഒരു പ്രത്യേക രുചി ഉണ്ടായി എന്ന് പറയാതെ വയ്യ …അങ്ങനെ ദിവസങ്ങൾ കടന്നു പോയി അമ്മയ്ക്കും പെങ്ങൾക്കും അവൾ എല്ലാമെല്ലാമായി മാറി ..ഉള്ളിൽ എവിടെയൊക്കെയോ ഞാനും അവളെ സ്നേഹിച്ചു തുടങ്ങി.. ഒരു ദിവസം രാത്രി വളരെ വൈകി അവൾ ജോലിയെല്ലാം തീർത്തു എന്റെ അരികിൽ വന്നു കിടന്നു.. അന്നവളോട് എനിക്ക് എന്തെന്നില്ലാത്ത ഒരു ഇഷ്ടം തോന്നി ..
എനിക്ക് വേണ്ടി രാപകലില്ലാതെ എന്റെ കാര്യങ്ങൾ എല്ലാം നോക്കുന്നവൾ ..എന്റെ പെങ്ങളേയും അമ്മയെയും ജീവന് തുല്യം സ്നേഹിക്കുന്നവൾ ..എത്ര കഷ്ടപ്പാടിലും ഒരു പരാതി പോലും പറയാതെ എല്ലാം സഹിക്കുന്നവൾ ഒന്നും എന്നോട് ആവശ്യപ്പെടാതെ എന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്നവൾ ..വീട്ടിലെ ജോലികൾ കൂടിയിട്ടും പരാതിയൊന്നും പറയാതെ എന്റെ വീട് കാക്കുന്നവൾ ..ഇതിനു പുറമെ ഞാൻ ഇന്നേവരെ അവളോടൊന്നു മിണ്ടിയിട്ടു പോലുമില്ല ..
അന്ന് തന്നെ എല്ലാം അവളോട് തുറന്നു പറയണം എന്നെനിക്കു തോന്നി …വാടിത്തളർന്നു ഒരു താമര മൊട്ടുപോലെ കിടക്കുന്ന അവളെ വിളിച്ചുണർത്താൻ എനിക്ക് തോന്നിയില്ല ..പെട്ടന്നായിരുന്നു അവളുടെ ചോദ്യം ഉറങ്ങിയില്ലേ എന്ന് ..ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ പറഞ്ഞു എനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് .. അത് പൂർത്തിയാക്കും മുൻപേ അവൾ പറഞ്ഞു എനിക്ക് എല്ലാം അറിയാം ഇനിയൊരു ആവർത്തനത്തിന്റെ ആവശ്യമില്ല ,, ”അമ്മ പറഞ്ഞിട്ടുണ്ട് എല്ലാം.. കല്യാണത്തിന് മുൻപ് തന്നെ .. ഈ ആലോചന വന്നപ്പോളാണ് അറിയുന്നത് എന്റെ അമ്മയുടെ ബാല്യകാല സുഹൃത്തായിരുന്നു ഇവിടുത്തെ അമ്മയെന്ന് ..ഈ ആലോചന വന്നതിന്റെ പിറ്റേ ദിവസം ഞാനും എന്റെ അമ്മയും കൂടി അമ്മയെ കാണാൻ ഇവിടെ വന്നിരുന്നു .. അന്ന് അമ്മ എന്നോടെല്ലാം പറഞ്ഞിരുന്നു .. എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത്
” AC ഉള്ള വീടോ കാറോ ഇട്ടുമൂടാനുള്ള സ്വർണമോ ഒന്നുമല്ല ഒരു പെണ്ണിന് വേണ്ടത് .. തന്നെ മനസിലാക്കാനും മനസ് തുറന്നു സ്നേഹിക്കാനും ഒരു സുഹൃത്തിനോടെന്ന പോലെ എല്ലാം തുറന്നു പറയാനും പൊന്നു കൊണ്ട് മൂടാൻ കഴിഞ്ഞല്ലെങ്കിലും സ്നേഹം കൊണ്ട് മൂടാൻ കഴിവുള്ള ഒരു പുരുഷനെ ആണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് .. സ്വന്തം സുഖത്തിനായി അച്ഛനമ്മ മാരെ ഉപേക്ഷിക്കുന്ന ഈ കാലത്തു അതെ അച്ഛനും അമ്മക്കും വേണ്ടി സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിക്കാൻ തയ്യാറായ ഒരാൾക്ക് എന്നെയും അതുപോലെ സ്നേഹിക്കാൻ കഴിയും എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു ..” “അതിലുപരി പൊന്നിന്റെയും പണത്തിന്റെയും കണക്കു പറയാതെ വന്നു കയറുന്ന പെണ്ണിനെ സ്നേഹത്തിന്റെ മാത്രം തുലാസിൽ അളക്കാൻ കഴിയുന്ന ഒരു അമ്മയെയും കൂടെപ്പിറപ്പായി ഒരു അനിയത്തിയേയും കിട്ടിയില്ലേ എനിക്ക് .. ഒരു പെൺകുട്ടിക്ക് വിവാഹ ശേഷം കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് അത് ..”ഇത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞഴുകിയിരുന്നു .. കുറച്ചു നേരത്തേക്ക് എനിക്കും ഒന്നും മിണ്ടാൻ കഴിഞ്ഞില്ല .. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്റെ കണ്ണുകളും നിറഞ്ഞൊഴുകിപോയി കട്ടിലിൽ നിന്നെഴുന്നേറ്റ് ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നിരുന്നു .. പതിയെ ഞാൻ അവളുടെ കണ്ണുകൾ തുടച്ചിട്ട് പറഞ്ഞു ..
“എന്ന് വരെ എന്റെ അമ്മയല്ലാതെ മറ്റൊരു പെണ്ണിനോടും എനിക്ക് എത്രയും ബഹുമാനം തോന്നിയിട്ടില്ല..എന്റെ അമ്മക്കല്ലാതെ മറ്റാർക്കും എന്നെ എത്രയധികം മനസിലാക്കാനും കഴിയില്ല എന്നായിരുന്നു ഞാൻ കരുതിയിയുന്നത്… എന്നാൽ നെ എന്റെ എല്ലാ കണക്കുകൂട്ടലുകളും നീ തെറ്റിച്ചിരിക്കുന്നു .. എനിക്ക് എന്ത് പറയണം എന്നറിയില്ല .. എനിക്ക് വേണ്ടി നീ ഇത്രയും ചെയ്തിട്ടും ഞാൻ നിനക്ക് തിരിച്ചു തന്നതോ വെറും അവഗണനകളും വേദനകളും മാത്രം .. എന്നിട്ടും നീ എന്നെ വെറുത്തില്ല എനിക്ക് വേണ്ടി ഇത്രയും ഒക്കെ ചെയ്യാനും എന്നെ സ്നേഹിക്കാനും മനസിലാക്കാനും നിനക്കല്ലാതെ മറ്റൊരു പെണ്ണിനും സാധിക്കില്ല .. എത്രയും പറഞ്ഞുകൊണ്ട് വാരിപ്പുണർന്നു ഞാൻ അവളെ …
എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം ആയിരുന്നു അത് ..എവിടെ നിന്നാണെന്നറിയില്ല പെട്ടെന്നൊരു മഴ വന്നത് ..ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടിയ അന്ന് പെയ്തപോലൊരു മഴ ..പിന്നീടാണെനിക്ക് മനസിലായത് ദൈവം ഭൂമിയിൽ പൊഴിച്ച അമൃതായിരുന്നു ആ മഴയെന്നു..അതിലൊരു തുള്ളി അമൃതാണ് എന്റെ അരികിലുള്ള ഈ അമൃതയെന്ന് …