രാത്രി ജോലിയെല്ലാം കഴിഞ്ഞു അവളുടെ ഷോൾഡറിൽ താങ്ങി നടക്കുമ്പോൾ. ഇതോണ്ടൊക്കെ വല്ല കാര്യമുണ്ടോ എന്നു ചോദിക്കും..

സ്നേഹപൂർവ്വം, ശ്രീജിത്ത്‌ ആനന്ദ്, തൃശ്ശിവപേരൂർ

തുറന്നു തന്നെ പറയാം എളുപ്പം കൊണ്ടു നടക്കാൻ പറ്റില്ല ഒരുപക്ഷെ ഇനിയൊരിക്കലും. മനസിന്റെ ധൈര്യം കൈവിടരുത് ശ്രമിച്ചുകൊണ്ടേ ഇരിക്കൂ. ഇനിയെല്ലാം ദൈവത്തിന്റെ കയ്യിലാണ്.

ചികിൽസിച്ച ഡോക്ടറുടെ വാക്കുകളാണ് .

ഇവിടം കൊണ്ടു എല്ലാം തീർന്നു പോവാണെന്നു എനിക്കപ്പോൾ തോന്നി.

എന്നിലൂടെ മുന്നോട്ടു നീങ്ങുന്ന വീട്‌. അച്ഛൻ അമ്മ. ഭാര്യ മകൾ.

എല്ലാവരും ഇനി കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും രുചി അറിയാൻ പോകുന്നു. ഓർത്തപ്പോൾ കണ്ണിൽ നിന്നു ഉതിർന്നതു നഷ്ടപെട്ട ജീവിതത്തിന്റെ തുള്ളികളായിരുന്നു.

ഒന്നും അറിയാത്ത പൊട്ടിപെണ്ണിൽ അന്ന് മുതൽ ഒരു മാറ്റം ഞാൻ കണ്ടു തുടങ്ങി.

കയ്യിലുണ്ടായിരുന്ന രണ്ടു വള പണയം വെക്കാൻ അച്ഛനോട് പറയുമ്പോൾ. മുഖത്തു ഒരു വിഷമവും കണ്ടില്ല അവളുടെ. മുൻപൊരിക്കൽ ഒന്നു പണയം വെക്കാൻ ചോദിച്ചപ്പോൾ. അതവിടെ കിടന്നോട്ടെ ഒരു പെൺകുട്ടിയാ വളർന്നു വരുന്നതെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയവളാ.

അതുകൊണ്ടു കിട്ടിയ പൈസക്ക് മാങ്ങയും നാരങ്ങയും നെല്ലിക്കയും മറ്റു സാധനങ്ങളും വാങ്ങി വന്നപ്പോൾ. നീയിതു എന്തിനുള്ള പുറപ്പാടാ എന്നു എനിക്കു ചോദിക്കേണ്ടി വന്നു.

ചേട്ടൻ അച്ചാറ് കമ്പനിക്ക് ഇടാൻ പറ്റിയ നല്ലൊരു പേര് പറഞ്ഞേ എന്നു പറഞ്ഞപ്പോൾ. മോളാണ് പറഞ്ഞത് അച്ചമ്മേടെ പേര് മതിയെന്ന്.

നൂറു കമ്പനികള് ഉള്ളപ്പോൾ അതിന്റെ ഇടയിൽ പിടിച്ചു നിൽക്കാൻ നമ്മളെ കൊണ്ടു പറ്റുവോ മോളെ എന്നു പറഞ്ഞപ്പോൾ.

അതു ചെയ്തു നോക്കിയാലല്ലേ അറിയുള്ളു. ചെയ്യും മുൻപ് പൊളിയണ കാര്യം പറഞ്ഞാൽ ഏതു കാര്യമാ നടക്കാ?

എന്നു ചോദിച്ചപ്പോൾ എനിക്കു മറുപടിയൊന്നും ഉണ്ടായില്ല.

അവളിലെ ആത്മവിശ്വാസം അത്രയ്ക്ക് ഉണ്ടെന്നു കണ്ടപ്പോൾ എല്ലാവരും സപ്പോർട്ട് ചെയ്തു.

ഉണ്ടാക്കിയ അച്ചാറെല്ലാം ചെറിയ പാക്കറ്റുകളിലും ടിന്നുകളിലുമാക്കി. ആക്ടിവയിൽ വെച്ചു കടകളിൽ വിൽക്കാനായി ഇറങ്ങിയപ്പോൾ.

എന്താവും എന്ന ഭാവത്തിൽ ഇരിക്കുന്ന എന്നോട്. ഒരു ഓൾ ദി ബെസ്റ്റ് പറയു എന്റെ മാഷേ..

ഞാൻ ചിരിച്ചുകൊണ്ടു ഒരു ഓൾ ദി ബെസ്റ്റ് പറഞ്ഞു.

ഉമ്മറത്തു വീൽ ചെയറിൽ ഇരുന്നു ചിന്തിക്കായിരുന്നു. എന്നെ വണ്ടിയോടിക്കാൻ പഠിപ്പിക്കോ മാഷേ.. എന്നു അവളു ചോദിച്ചത്. അന്ന് ഞാൻ കളിയാക്കി നടക്കുമ്പോൾ തന്നെ ബെല്ലും ബ്രേക്കും ഇല്ലാത്തവൾക്കു ഇനി അതിന്റെ മേലേ കേറഞ്ഞിട്ടാ.

ഒരുപാടു കെഞ്ചി പറഞ്ഞപ്പോളാണ് എന്നിട്ട് പഠിപ്പിച്ചു കൊടുത്തത്.

ഓർമകളിൽ മുഴുകി ഇരിക്കുമ്പോൾ. മുറ്റത്തു സ്കൂട്ടർ വന്നു നിന്നു. നെറ്റിയിൽ വിയർപ്പു തുള്ളികൾ നിറഞ്ഞിട്ടുണ്ടായിരുന്നു. വെയിലുകൊണ്ടു അലഞ്ഞതിന്റെ ക്ഷീണവും ആ മുഖത്തുണ്ടായിരുന്നു. പക്ഷെ അതിനെയെല്ലാം തോൽപ്പിക്കുന്ന ചിരി അവളുടെ ചുണ്ടിൽ ഉണ്ടായിരുന്നു.

ആ ചിരിക്കു കാരണം കൊണ്ടു പോയ സഞ്ചികളെല്ലാം കാലിയായിരുന്നു.

രാത്രി ജോലിയെല്ലാം കഴിഞ്ഞു അവളുടെ ഷോൾഡറിൽ താങ്ങി നടക്കുമ്പോൾ. ഇതോണ്ടൊക്കെ വല്ല കാര്യമുണ്ടോ എന്നു ചോദിക്കും. അല്ലേൽ തന്നെ നീയൊരുപാട് കഷ്ടപെടുന്നുണ്ട് എന്നു പറയുമ്പോൾ.

ഓ പിന്നെ.. കഷ്ട്ടപാട്. അന്ന് സ്ത്രീധനത്തിന്റെ പേരിൽ ഒരുപാടു ആലോചനകൾ മുടങ്ങിയതാ എന്റെ. മാഷ്ടെ ആലോചന വന്നപ്പോഴും മുടങ്ങുമെന്നു തന്നെയാ കരുതിയത്. ഇവുടുത്തെ അച്ഛൻ എന്താ പറഞ്ഞത് എന്നറിയോ. എന്റെ അച്ഛനോട് അവനു മകളെ ഇഷ്ട്ടായി.. നിങ്ങൾക്കും താല്പര്യമാണെങ്കിൽ മ്മക്കിതു നടത്താം. പിന്നെ അവനൊരു കാര്യം പറഞിണ്ട് കല്യാണത്തിന് വേണ്ടി വീടിന്റെ ആധാരം വല്ല ബാങ്കിലും കൊണ്ടു വെക്കണ്ടാന്നു.

അങ്ങനൊരു വാക്കുപോരെ മാഷേ എന്നെപ്പോലൊരു പെണ്ണിന് ഏതു കഷ്ടപ്പാടിലും കൂടെ നിൽക്കാൻ..

അവളെ ചേർത്തു പിടിച്ചപ്പോൾ കണ്ണിൽ നിന്നു വീണതു സ്നേഹത്തുള്ളികൾ ആയിരുന്നു.

പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോൾ.. മോളു പറഞ്ഞപോലെ അച്ഛമ്മേടെ പേരിലുള്ള അച്ചാറ് കമ്പനി ഹിറ്റ്‌ ആയി.

മുന്നോട്ടു നോക്കുമ്പോൾ കാണാൻ കഴിയുന്നത്. ഉപേക്ഷിച്ച വീൽ ചെയറാണ്. ഒരിടത്തേക്കും മാറ്റാതെ മുറിയിൽ തന്നെ വെച്ചിട്ടുണ്ട്. കാരണം ഓരോ വീഴ്ചയും ഓരോ പാഠങ്ങളാണ്.

ഒരു പൊട്ടിപെണ്ണെന്നു പറഞ്ഞവൾ പൊരുതി തിരിച്ചുപിടിച്ചത് ഒരു കുടുംബമാണ്. അവളു ജീവനായി കാണുന്നവരുടെ ജീവിതമാണ്.

വീണോട്ടെ പക്ഷേ എഴുനേൽക്കാതിരിക്കരുത് മാഷേ…