ഹിമം ~ രചന: അബ്ദുൾ റഹീം പുത്തൻചിറ
“അമ്മേ.. ദേ നോക്കിയേ.. അമ്മേടെ രണ്ടാമത്തെ മരുമോളുടെ വീട്ടുകാർ വരുന്നത്.”..ആതിര വന്നു അമ്മയുടെ ചെവിയിൽ പരിഹാസത്തോടെ പറഞ്ഞു. അകത്തു മുറിയിൽ ടീവി കാണുകയായിരുന്ന കാർത്യാനിയമ്മ ജനലിൽ കൂടി എത്തി നോക്കി..
ഹിമയുടെ അച്ഛനും അമ്മയുമായിരുന്നു വന്നത്…അവർ വരുമ്പോൾ എപ്പോഴും ചക്കയും മാങ്ങയും കൊണ്ടു വരുമായിരുന്നു .ഹിമയുടെ അച്ഛൻ കൃഷിക്കാരനാണ്… പറമ്പിൽ ഉണ്ടാകുന്ന എല്ലാ പച്ചക്കറികളും അവർ ഹിമക്കായി കൊണ്ടു വരും…
വലിയ വീട്ടിൽ കാർത്യാനിയമ്മയുടെ മൂത്ത മകനായ ഗിരിയുടെ ഭാര്യയാണ് ഹിമ…പാവപ്പെട്ട കുടുംബം…അമ്പലത്തിൽ വെച്ചു കണ്ടു ഇഷ്ട്ടപ്പെട്ടതാണ് ഗിരി ഹിമയെ…സ്ത്രീധനം കിട്ടില്ലന്നറിഞ്ഞ കാർത്യാനിയമ്മ ഗിരിയുടെ ആഗ്രഹത്തെ ശക്തമായി എതിർത്തു… അവസാനം രജിസ്റ്റർ മാരേജ് ചെയ്യുമെന്നായപ്പോൾ സമ്മതം മൂളി…അവർ ആവശ്യപ്പെട്ട സ്ത്രീധനത്തിന്റെ പകുതി പോലും കൊടുക്കാൻ ഹിമയുടെ വീട്ടുകാർക്ക് പറ്റുമായിരുന്നില്ല…അതിന്റെ ദേഷ്യം ഇപ്പോഴും ഗിരിയുടെ വീട്ടുകാർ ഹിമയോട് കാണിക്കുന്നുണ്ട്… പ്രത്യേകിച്ച് ഗിരിയുടെ പെങ്ങൾ ആതിര…. പക്ഷെ ഗിരിക്ക് അവളെ ജീവനായിരുന്നു..
ഗിരിയുടെ അനിയൻ വിവേക് ഒരുപാട് സ്ത്രീധനം വാങ്ങിയാണ് കല്യാണം കഴിച്ചത്… അതുകൊണ്ട് കല്യാണിയമ്മക്കും ആതിരക്കും വിവേകിന്റെ ഭാര്യ നിമ്മിയെ വലിയ കാര്യമാണ്…. പക്ഷെ നിമ്മിക്ക് ഹിമയെ സ്വന്തം ചേച്ചിയുടെ സ്ഥാനമായിരുന്നു …
“ഇനി കുറേ നാൾ ചക്കയും മാങ്ങയും തിന്നാം അല്ലെ അമ്മേ ..”.ഹിമ കേൾക്കെ ആതിര അമ്മയോട് പറഞ്ഞു..
ഉം”കല്യാണിയമ്മ ഇരുത്തിയൊന്നു മൂളി ..
***** ****** ***** ****
ചേട്ടാ ചായ…
“ഇന്ന് നിന്റെ വീട്ടുകാർ വന്നിരുന്നോ..”
“ഉവ്…ചേട്ടനെ ഞാൻ വിളിച്ചു പക്ഷെ കിട്ടിയില്ല…എങ്ങനെ മനസ്സിലായി വീട്ടുകാർ വന്നിട്ടുണ്ടായിരുന്നുന്ന്..
“അല്ല…പുറത്തു ചക്കയും മാങ്ങയും കണ്ടപ്പോൾ തോന്നി നിന്റെ വീട്ടുകാർ ആയിരിക്കുമെന്ന്..” അതുകേട്ടപ്പോൾ ഹിമയുടെ മുഖം വാടി..
“എന്റെ പെണ്ണേ…നീ എന്തിനാ അതിനു വിഷമിക്കുന്നെ…ഒരുപാട് നാളായി നല്ല ചക്ക കഴിച്ചിട്ട്…മോള് പോയി അതെടുത്തുകൊണ്ടു വായോ …അല്ലങ്കിൽ അതിപ്പോൾ തന്നെ നിന്റെ പുന്നാര നാത്തൂൻ തിന്നു തീർക്കും…ഗിരി ഹിമയുടെ താടിയിൽ പിടിച്ചുകൊണ്ടു പറഞ്ഞു…
“ആര്… ഹിമ ചോദ്യഭാവത്തിൽ ഗിരിയെ നോക്കി..
“എന്റെ പെങ്ങൾ തന്നെ…കുറ്റം പറയാൻ നൂറു നാവാണെങ്കിലും തിന്നാൻ ഒരു മടിയുമില്ല.. സംശയം ഉണ്ടങ്കിൽ അടുക്കളയുടെ പിന്നാമ്പുറത്തു പോയി നോക്കിയാൽ കാണാം .”..ഗിരി സ്വകാര്യമായി പറഞ്ഞു..
ഗിരി പറഞ്ഞതുപോലെ ആതിര അടുക്കളയുടെ പിന്നിലിരുന്നു ചക്ക തിന്നുകയായിരുന്നു…കൊണ്ടു വന്ന ഒരു ചക്കയുടെ പകുതിയും തീർന്നു…ഹിമയെ കണ്ട ആതിരയുടെ മുഖം ചമ്മിയത് പോലെയായി …
“മോളെ കുറച്ചു നിന്റെ മുറിയിൽ എടുത്തു വെച്ചോ…ആരും കാണേണ്ട”….കാർത്യാനിയമ്മ ആതിരയോട് പറഞ്ഞു കഴിഞ്ഞപ്പോഴാണ് അവർ ഹിമയെ കണ്ടത്…അവർ അപ്പോൾ തന്നെ അവിടെ നിന്നും എഴുന്നേറ്റു പോയി…
“”ദേ ചേട്ടാ ചക്ക”..
“ഇതു കുറച്ചേ ഉള്ളുലോ ബാക്കിയൊക്കെ കഴിഞ്ഞോ”..
ഏയ് ഇല്ല.. കുറച്ചു കൂടിയുണ്ട് അമ്മയും ആതിരയും കഴിക്കുന്നുണ്ട്… നിമ്മി കഴിച്ചിട്ടില്ല… അവർക്കും വേണ്ടേ…
എന്താണ് വീട്ടിൽ വിശേഷം…
“അടുത്താഴ്ച ഉൽസവമാണ്.. നമ്മളെ അങ്ങോട്ട് ക്ഷണിക്കാൻ വന്നതാണ്.. “
“നോക്കട്ടെ.. ഞാൻ പറയാം.. “
“അതെന്താ അങ്ങനെ.. കല്യാണം കഴിഞ്ഞു ആദ്യത്തെ ഉൽസവമല്ലേ..എന്തായാലും പോകണം… നമുക്ക് എല്ലാവർക്കും പോകാം…”
“ആര് എല്ലാവരും… അമ്മയൊക്കെ വരുമെന്ന് നിനക്ക് തോന്നുണ്ടോ… “
“ഇല്ല എന്നാലും വിളിച്ചു നോക്കാം.. “
നിന്റെ ഇഷ്ട്ടം…
******** ******* ****** *******
ഗിരിയുടെ കയ്യും പിടിച്ചു അമ്പലപ്പറമ്പിലൂടെ നടക്കുമ്പോൾ ഹിമക്ക് ഒരുപാട് സന്തോഷം തോന്നി ..ഈ നടയിൽ വെച്ചാണ് ഏട്ടൻ എന്നെ കണ്ടു ഇഷ്ടപ്പെട്ടത്…അവൾ ദേവിയുടെ മുന്നിൽ നിന്നുകൊണ്ട് ഒരുപാട് നേരം പ്രാർത്ഥിച്ചു… “ദേവി… മരണം വരെ സ്നേഹത്തോടെ കഴിയാനുള്ള ഭാഗ്യം നൽകണെ…
“രണ്ടാളും കയ്യും വീശിയാണോ വന്നത്…ഞങ്ങൾക് ഒന്നുമില്ലേ.”..പിറ്റേ ദിവസം വീട്ടിലേക്ക് വന്ന ഹിമയെ നോക്കി ആതിര ചോദിച്ചു..
“ഉവ്വ്…നിനക്കു ഞാൻ രണ്ടാനയെ വാങ്ങിക്കൊണ്ട് വന്നിട്ടുണ്ട്….ചേച്ചിയുടെ ബാഗിലുണ്ട്…കുറച്ചു കഴിഞ്ഞു എടുത്തു തരാം പോരെ.”..ഗിരി ആതിരയോട് അങ്ങിനെ പറഞ്ഞു കൊണ്ടു മുറിയിലേക്ക് പോയി.. ചേട്ടൻ അങ്ങനെ പറഞ്ഞത് അവൾക്ക് ഇഷ്ട്ടപ്പെട്ടില്ല …
“ഓ പിന്നെ… ആനയുള്ള വലിയ തറവാടല്ലേ..ഒന്നോ രണ്ടോ കൊണ്ടു വരാമല്ലോ..”. ഹിമ കേൾക്കെ ആതിര പതുക്കെ പറഞ്ഞു…
അതുകേട്ട് ഹിമ തിരിച്ചു വന്നു ആതിരയുടെ മുൻപിലായി നിന്നു…എന്നിട്ട് ആതിരയുടെ കണ്ണിലേക്ക് ചിരിച്ചു കൊണ്ട് നോക്കി…
“കുറേ നാളായി മോളോട് ഒരു കാര്യം പറയണം എന്നു വിചാരിക്കുന്നു…” ആതിര ചോദ്യ ഭാവത്തിൽ ഹിമയെ നോക്കി
“മോളും ഒരു പെണ്ണാണ്… കുറച്ചു നാൾ കഴിഞ്ഞാൽ വേറെ വീട്ടിൽ ചെന്ന് കേറേണ്ടവൾ…അവിടെ ചിലപ്പോൾ അമ്മയുണ്ടാകും,നാത്തൂന്മാർ ഉണ്ടാകും, ഒരുപാട് ആളുകൾ ഉണ്ടാകും….ഈ നാവ് കൊണ്ട് അവിടെ ചെന്ന് കയറിയാൽ മോളുടെ മുഖം അടിച്ചു നീര് വരുത്തും അവിടെയുള്ള ആണുങ്ങൾഅതുകൊണ്ട് സംസാരിക്കുമ്പോൾ കുറച്ചു മയത്തിലൊക്കെ സംസാരിക്ക്…അല്ലങ്കിൽ ഈ മുഖം ഞാൻ അടിച്ചു നീര് വരുത്തും…മനസ്സിലായ”.ചിരിച്ചുകൊണ്ടാണ് ഹിമ അത്രയും പറഞ്ഞത് ..അതും പറഞ്ഞു ഹിമ മുറിയിലേക്ക് പോയി…
ഹിമയുടെ വാക്കുകെട്ട ആതിര ഞെട്ടിത്തരിച്ചു നിന്നു…ആദ്യമായാണ് ചേച്ചി അങ്ങനെ പറയുന്നത്…
പക്ഷെ നിമ്മി അതുകേട്ട് ചിരി അടക്കാൻ പാടുപെട്ടു…അവൾക്കറിയമായിരുന്നു എന്നേലും ഇതുപോലെ ഹിമയിൽ നിന്ന് ആതിരക്ക് കേൾക്കേണ്ടി വരുമെന്ന് ….
പൂജാ മുറിയിലിരുന്നു കാർത്യാനിയമ്മയും അതു കേട്ടിരുന്നു..പ്രാർത്ഥന കഴിഞ്ഞു എഴുന്നേൽക്കാൻ നിന്ന അവർ കുറച്ചു നേരം അവിടെത്തന്നെ ഇരുന്നു..ഇപ്പോൾ എഴുന്നേറ്റാൽ താനും കൂടി ബാക്കി കേൾക്കേണ്ടി വരുമെന്ന് അവർക്കു തോന്നിയിരിക്കണം .അന്നു പൂജാമുറിയിൽ നിന്നും എഴുന്നേൽക്കാൻ അവർ ഒരുപാട് സമയമെടുത്തിരുന്നു ….ആതിരയും മുറിയിലിരുന്നു മുഴുവൻ സമയം പടിത്തമായിരുന്നു ….
ഒരു മാറ്റം അതു അത്യാവശ്യമാണെന്ന് ഹിമക്കും തോന്നിയിരുന്നു…”ഒരു ചേയ്ഞ്ച് ആർക്കാ ഇഷ്ട്ടമല്ലാത്തെ”