ഒരു പെണ്ണുകാണലും രണ്ടു പ്രേതങ്ങളും
രചന: ഷിജു കല്ലുങ്കൻ
“ഡാ….നിനക്ക് നാളെ ഒരു പെണ്ണുകാണാൻ പോകാൻ പറ്റുമോ?”
പാതിരാത്രിക്ക് ഫോൺ വിളിച്ച് അളിയന്റെ ചോദ്യം. നല്ല ഉറക്കത്തിൽ നിന്ന് ഫോൺ ബെല്ലടിക്കുന്നതു കേട്ട് ഞെട്ടി എഴുന്നേറ്റതാണ്. സമയം പന്ത്രണ്ടു മണിയോടടുത്തിട്ടുണ്ടാവും.
“അളിയനിതെവിടെയാ?”
“ഞാൻ എവിടെയാണെങ്കിലെന്നാ…. നിനക്ക് പോകാൻ പറ്റുമോ ഇല്ലയോ? അതു പറ! “
“എവിടെയാ പെണ്ണിന്റെ വീട്?”
“ദേ… പിന്നേം ചോദ്യം…ഈ ചെറുക്കനെക്കൊണ്ട് തോറ്റു…. ഇടുക്കിക്കു പോണം… പോകാൻ പറ്റുമോ ഇല്ലയോ ഇപ്പമറിയണം..” കുഴയുന്ന ശബ്ദം കേട്ടാലറിയാം നല്ല കിക്കിലാണ് ആളെന്ന്.
“പോകാം……ഞാൻ നാളെ എപ്പോ വരണം? “
“നീ ഇങ്ങോട്ട് വരണ്ട,… പോയാ മതി.”
“ഞാൻ ഒറ്റക്കോ…..? “
“ആാഹ്…. അപ്പനും, അമ്മേം, പെങ്ങളും അളിയനും എല്ലാരും കൂടി പെണ്ണുകാണാൻ കൂടെ പോന്നിട്ടാണ് ഒരെണ്ണം പോലും സെറ്റാവാത്തതെന്ന് നീ തന്നെയല്ലേ പറഞ്ഞത്?”
അളിയൻ പറഞ്ഞത് ശരിയാണ് വെറും നാല്പത്തിയഞ്ചു ദിവസത്തെ ലീവിന് കാനഡയിൽ നിന്ന് വന്നവന് അഞ്ചാറിടങ്ങളിൽ പെണ്ണു കണ്ടു കഴിഞ്ഞപ്പോൾ തോന്നിയ കലിപ്പിന് പറഞ്ഞതാണ്.
“എന്നാലും അളിയാ….. പെണ്ണിന്റെ വീടുപോലും അറിയാതെ അത്രയും ദൂരം…?”
“എടാ ഉവ്വേ…. പാലായീന്നു ഇടുക്കി വരെ പോകാൻ ആഫ്രിക്ക വരെ പോണ ദൂരം ഒന്നും ഇല്ല…. പിന്നെ നിന്റെ നമ്പർ പെണ്ണിന്റെ വീട്ടിലേക്കു കൊടുത്തിട്ടുണ്ട്. അവരു രാവിലെ ലൊക്കേഷൻ അയച്ചു തരും.”
“ഉം…..രാവിലെ പൊക്കോളാം..”
“ധൈര്യമായിട്ടു പോടാ….എന്റെ കൂട്ടുകാരൻ അലക്സി ഇല്ലേ അവന്റെ ഫാമിലിയിൽ പെട്ട കുട്ടിയാടാ….അപ്പൊ ശുഭമസ്തു! ഗുഡ് നൈറ്റ് കുഞ്ഞളിയാ….”
ചേച്ചിയും പിള്ളേരും ഇങ്ങോട്ട് പോന്നതിന്റെ ആഘോഷം ആണ് ചേട്ടനും കൂട്ടുകാരും എന്ന് മനസിലായി.
ആദ്യമായായിട്ടാണ് ഇടുക്കിക്കു പോകുന്നത്. പുത്തൻ ബുള്ളറ്റ് എടുത്തിട്ടും തിരക്കു കാരണം ഒരു റൈഡ് പോലും എങ്ങും പോകാൻ കഴിഞ്ഞിട്ടില്ല. ആദ്യത്തെ റൈഡ് ഇടുക്കിക്ക് തന്നെ ആയതു നന്നായി, അതും ഒറ്റക്കൊരു പെണ്ണു കാണാൻ.
രാവിലെ വാട്സാപ്പിൽ കിട്ടിയ ലൊക്കേഷൻ നോക്കുമ്പോൾ 81 കിലോമീറ്റർ ദൂരം എന്ന് കാണിച്ചതുകൊണ്ട് പത്തു മണി ആയപ്പോഴാണ് പുറപ്പെട്ടത്. മൂലമറ്റത്തു നിന്നും ഹെയർപിൻ വളവുകൾ വീശിയെടുത്ത് ബുള്ളറ്റ് മലകയറാൻ തുടങ്ങിയപ്പോഴേ ഇടുക്കിയുടെ കുളിര് ശരീരത്തിലേക്ക് പടർന്നു കയറാൻ തുടങ്ങി.
നാട്ടിൽ പുറത്തെ വരണ്ട ജനുവരിക്കാറ്റിനു പകരം മഞ്ഞിന്റെ നനവുള്ള ചുളുചുളുപ്പൻ കാറ്റ് ഹെൽമെറ്റിന്റെ വിൻഡ്ഷീൽഡിൽ പുകപോലെ പടർന്നു നിന്നു.
കാട്ടിലൂടെ, കൊടുംവളവുകളും കയറ്റവും ഇറക്കവും മാത്രമുള്ള റോഡ്. രണ്ടു മണിക്കൂർ കൊണ്ട് സുഖമായി എത്താം എന്ന് പ്രതീക്ഷ ഉണ്ടായിരുന്നു പുറപ്പെടുമ്പോൾ. ഇത്തരം വഴികളിലൂടെ വണ്ടിയോടിച്ചുള്ള പരിചയക്കുറവു കാരണമാവാം സ്ഥലത്തെത്തിച്ചേർന്നപ്പോൾ സമയം രണ്ടു മണി.
മെയിൻ റോഡിൽ നിന്നും ടാറിട്ട പഞ്ചായത്തുറോഡിലൂടെ ആറു കിലോമീറ്ററിലധികം വണ്ടിയോടിക്കാണും. ഇപ്പോൾ റോഡിനിരുവശവും തഴച്ചുവളർന്നു നിൽക്കുന്ന ഏലച്ചെടികളും അവയ്ക്കു തണലായി കൂറ്റൻ മരങ്ങളും മാത്രം.
ജനുവരിയിലെ ഉച്ചനേരത്തു പോലും സന്ധ്യമയക്കത്തിന്റെ പ്രതീതി ജനിപ്പിച്ച് വല്ലാത്തൊരു നിശബ്ദതയും തണുത്ത പിശിരൻ കാറ്റും. ഏകദേശം രണ്ടു കിലോമീറ്ററിനപ്പുറം കണ്ട ഒരു ചെറിയ കട ഒഴിച്ചാൽ മനുഷ്യവാസത്തിന്റെ പ്രതീതി പോലും ഇല്ല. ഇനി ആരോടെങ്കിലും ചോദിക്കാം എന്നു വച്ചാൽ പോലും വാട്സാപ്പിൽ വന്ന ഒരു ലൊക്കേഷൻ അല്ലാതെ ആ വീട്ടുകാരെക്കുറിച്ച് മറ്റൊന്നും അറിയില്ല.
ബുള്ളറ്റ് വഴിയരുകിലേക്ക് ഒതുക്കി നിർത്തി ആ വാട്സാപ്പ് നമ്പറിൽ വിളിച്ചു നോക്കി. ഈ നമ്പർ ഇപ്പോൾ ഇപ്പോൾ നിലവിൽ ഇല്ല എന്ന മറുപടി മാത്രം, മുൻപ് പലവട്ടം നോക്കിയിട്ടും ഇതുതന്നെ ആയിരുന്നു പ്രതികരണം.
അളിയന്റെ ഫോൺ ഇപ്പോഴും സ്വിച്ച്ഓഫ് തന്നെ, പെങ്ങളു പറഞ്ഞതു പോലെ ഇന്നലത്തെ പറ്റ് ഇറങ്ങിയിട്ടുണ്ടാവില്ല.
ഇത്രയും ദൂരം വണ്ടി ഓടിച്ചു വന്നത് വെറുതെയായോ എന്ന് ചിന്തിച്ചു കൊണ്ടുനിൽക്കുമ്പോൾ പിന്നിലൊരു നിഴലനക്കം പോലെ തോന്നി വെട്ടിത്തിരിഞ്ഞു നോക്കി.
വാട്സാപ്പ് നമ്പറിന്റെ പ്രൊഫൈലിൽ കണ്ട ചെറുപ്പക്കാരൻ ചിരിച്ചു കൊണ്ടു നിൽക്കുന്നു. റോഡിനു രണ്ടു വശവും ചെമ്പരത്തികൾ കൊണ്ട് വേലി കെട്ടിയ ഏലത്തോട്ടത്തിനുള്ളിൽ നിന്ന് അയാൾ ഇറങ്ങി വന്നതിന്റെ ഒരു ശബ്ദവും കേട്ടിരുന്നില്ല.
“വരാനുള്ള സമയം കഴിഞ്ഞിട്ടും കാണാഞ്ഞപ്പോൾ വരില്ല എന്നോർത്തു….”
“വഴി കുറച്ചു പരിചയക്കുറവ്…….” പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൻ മുന്നോട്ട് കൈ ചൂണ്ടി.
“ഇച്ചായൻ വണ്ടി ആ മരത്തിന്റെ അടുത്തേക്ക് മാറ്റി വച്ചിട്ട് വാ, കുറച്ചു ദൂരം നടക്കാനുണ്ട്.”
ഏലത്തോട്ടത്തിനു നടുവിലൂടെ പുല്ലു പിടിച്ചു കിടക്കുന്ന മൺ വഴി. വഴിക്കിരുവശവും വേലിപോലെ നട്ടുവളർത്തിയിരിക്കുന്ന ചെമ്പരത്തികൾ ഉയരത്തിൽ വളർന്ന് വഴിയിലേക്കു വളഞ്ഞു പൂക്കളുമായി നിൽക്കുന്നു.
അല്പം കയറ്റം ഉണ്ടെന്നേ ഉള്ളു ഒരു ജീപ്പിനു പോകാൻ വീതിയുള്ള വഴി. വണ്ടി എന്തിനാണ് അവിടെ വെച്ചത് ഇങ്ങോട്ട് കയറിപ്പോരുമല്ലോ എന്നു ചോദിക്കണം എന്ന് പലവട്ടം തോന്നി. പക്ഷേ ഒരു വാക്കുപോലും മിണ്ടാതെ അവൻ മുൻപിൽ നടക്കുകയാണ്.
ഏകദേശം ഇരുന്നൂറ് മീറ്ററോളം നടന്നപ്പോൾ അവൻ നിന്നു. അവിടെ പറമ്പ് രണ്ടായി തിരിയുന്നിടത്തു നിന്നിട്ട് പറഞ്ഞു.
“ഇതിനപ്പുറത്തേക്കാണ് നമ്മുടെ പറമ്പ്, ഈ വഴി ചെന്നു നിൽക്കുന്നത് നമ്മുടെ വീട്ടുമുറ്റത്താണ്. ഇനിയങ്ങോട്ട് എനിക്ക് പ്രവേശനം ഇല്ല….. ഇച്ചായൻ ചെല്ല്…”
അമ്പരപ്പോടെ എന്തോ ചോദിക്കാൻ തുടങ്ങുമ്പോഴേക്കും അവൻ തിരിഞ്ഞു നടന്നിരുന്നു. മുൻപോട്ടു നടക്കാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്ന് വീണ്ടും അവന്റെ ശബ്ദം.
“ഇച്ചായന്റെ പേരെന്താണ്..?”
“റോബിൻസൺ!”
“പിന്നേയ്…. ഇച്ചായാ എന്റേച്ചി ഒരു പാവമാ…. ചേച്ചിയോടു സംസാരിക്ക്, ചേച്ചി പറയും എല്ലാം…”
ഞാൻ പിന്തിരിഞ്ഞു നോക്കിയിട്ടും ആളെക്കണ്ടില്ല, ശബ്ദം മാത്രം ഏലത്തോട്ടത്തിനുള്ളിൽ നിന്ന് കേട്ടു.
വെളുത്ത പെയിന്റടിച്ച മനോഹരമായ വീട് പണിതിട്ട് അധികകാലം ആയിട്ടില്ല. വരാന്തയിൽ നിന്നിരുന്ന മനുഷ്യൻ ചിരിച്ചുകൊണ്ട് ഇറങ്ങി വന്നു.
“മോൻ പാലായിൽ നിന്നല്ലേ…?”
“അതേ…”
“കേറി വാ….. ഉച്ച കഴിഞ്ഞകൊണ്ട് ഇനി വരില്ല എന്നോർത്തു ഞങ്ങൾ….. വാ വന്നിരിക്ക്.”
ഹാളിനുള്ളിലെ ദിവാൻ സെറ്റിനോട് ചേർന്നു കിടക്കുന്ന കസേരയിലേക്ക് ഇരിക്കാൻ തുടങ്ങുമ്പോഴേക്കും കയ്യിൽ വെള്ളവുമായി വന്നത് പെൺകുട്ടിയുടെ അമ്മയായിരിക്കണം. അവരും ചിരിച്ചു.
അവരുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു കൊണ്ട് വെള്ളം കുടിക്കുന്നതിനിടയിൽ ഹാളിനുള്ളിലൂടെ കണ്ണുകൾ കറങ്ങി ഒരിടത്തു ചെന്നു പിടിച്ചു കെട്ടിയപോലെ നിന്നു.
ഹാളിന്റെ അങ്ങേത്തലയ്ക്കൽ കർത്താവിന്റെ വലിയ ക്രൂശിത രൂപത്തോടു ചേർന്ന് മുന്നിൽ കെടാവിളക്ക് തെളിയിച്ചു വച്ച മറ്റൊരു ഫോട്ടോ!
എന്റെ നോട്ടവും കണ്ണുകളിലെ സംശയഭാവവും തിരിച്ചറിഞ്ഞു രണ്ടു പേരും അങ്ങോട്ട് തിരിഞ്ഞു.
ഒരു വിതുമ്പലോടെ ആ സ്ത്രീ പറഞ്ഞു.
“ഞങ്ങടെ മോൻ….. സാം കുട്ടൻ…..”
കരയാൻ തുടങ്ങിയ അവരെ അകത്തേക്ക് പറഞ്ഞയച്ചുകൊണ്ട് അയാൾ എന്റെയരുകിൽ വന്നിരുന്നു.
“ഞങ്ങടെ വിധി അല്ലാതെന്തു പറയാനാ മോനെ….. ആറു മാസം മുൻപ് ആയിരുന്നു. തൊടുപുഴക്ക് പോയിട്ട് അന്തിക്കോളിന് ബൈക്കുമായിട്ട് വന്നതാ….ഏതോ വാഹനം ഇടിച്ചതാണെന്നാ പറയുന്നത്….കോടയിറങ്ങിക്കഴിഞ്ഞാൽ വഴി കാണാൻ വല്ല്യ ബുദ്ധിമുട്ടാ…. ചോര വാർന്ന് വഴിയരുകിൽ കിടന്ന എന്റെ കൊച്ചിനെ ആരും കണ്ടില്ല നേരം വെളുക്കുന്ന വരെ……” അയാളുടെ കണ്ണിൽനിന്നും നീർതുള്ളികൾ അടർന്നു താഴെക്കൊഴുകി അങ്ങിങ്ങു നരച്ചു തുടങ്ങിയ താടിരോമങ്ങൾക്കിടയിൽ എവിടെയോ മറഞ്ഞു.
എന്റെ നട്ടെല്ലിലൂടെ ഒരു മിന്നൽപിണർ കടന്നു പോയി!!
അല്പം മുൻപ് റോഡിൽ നിന്ന് വഴികാണിച്ച് അതിരിൽ എത്തി ഇവിടുന്നങ്ങോട്ട് എനിക്ക് പ്രവേശനം ഇല്ല എന്നു പറഞ്ഞു പോയ ചെറുപ്പക്കാരൻ കെടാവിളക്കിനു പിന്നിലുള്ള ഫോട്ടോയിൽ!!!!
കുടിച്ചുകൊണ്ടിരുന്ന വെള്ളം നിറുകയിൽ കയറി വിക്കിയിട്ട് ഉറക്കെ ചുമയ്ക്കുമ്പോഴും ശരീരത്തിന്റെ വിറയൽ കൂടി വന്നതേ ഉള്ളു!
എന്റെ ഉറക്കെയുള്ള ചുമയുടെ ശബ്ദം കേട്ട് ആദ്യം അകത്തേക്ക് പോയ സ്ത്രീയും അവർക്കൊപ്പം ഒരു പെൺകുട്ടിയും ഓടി വെളിയിലേക്കു വന്നു.
ചുമച്ചപ്പോൾ നിറഞ്ഞു തുളുമ്പി നിന്ന കണ്ണിലെ കണ്ണീർക്കണങ്ങൾക്കു നടുവിലൂടെ നോക്കിയപ്പോൾ പിങ്ക് കളറുള്ള ചുരിദാർ ഇട്ട ഒരു മാലാഖ മേഘങ്ങൾക്കിടയിൽ നിന്ന് ഇറങ്ങി വരുമ്പോലെ തോന്നി എനിക്ക്.
അവൾ ശക്തിയായി എന്റെ നിറുകയിൽ കൈവെള്ള കൊണ്ടു തട്ടി! ചുമ നിന്നു! അവൾ നീട്ടിത്തന്ന അവളുടെ സ്വന്തം കർച്ചീഫുകൊണ്ട് മുഖം തുടച്ചപ്പോളാണ് ആ മുഖം വ്യക്തമായി കണ്ടത്!
ഇണയായി കൂടെക്കൂട്ടാൻ ഒരാളുവേണം എന്നു തോന്നിത്തുടങ്ങിയ നിമിഷം മുതൽ മനസ്സിൽ കൊണ്ടു നടന്ന മുഖം.
കൂട്ടുകാർക്കൊപ്പം നയാഗ്ര വെള്ളച്ചാട്ടത്തിനരുകിൽ നിൽക്കുമ്പോൾ ജലപാതത്തിൽ നിന്ന് പൊട്ടിച്ചിതറി അസ്തിത്വം നഷ്ടപ്പെട്ടു പോയ ജലകണങ്ങളെ വാരിയെടുത്തു കൊണ്ടുവന്ന കാറ്റ്, ഓർക്കാപ്പുറത്തു പെയ്ത മഴ പോലെ കുളിരു കോരിയെറിഞ്ഞത് ഓർമ്മ വന്നു. അതേ കുളിര് ഒരു നിമിഷം കൊണ്ട് വീണ്ടും എന്റെ മനസ്സിൽ പടർത്തി അവൾ ചിരിച്ചു.
“എന്താ പേര്..? “
ഉള്ളിലെ ഭയം കൊണ്ട് വാക്കുകളിൽ ചില വിള്ളലുകൾ വീണിരുന്നു.
“സയനോരാ…..!”
“എന്റെ പേര്..റോബിൻസൺ”
“ഉം…”
എന്റെ സംസാരിക്കാനുള്ള ബുദ്ധിമുട്ട് കണ്ടിട്ടാവണം അവളുടെ അച്ഛനും അമ്മയും മകളുടെ നേരെ നോക്കി.
“അമ്മേ.. നിങ്ങൾ കാപ്പി എടുക്കുമ്പോഴേക്കും ഞാൻ തോട്ടം ഒക്കെ ഒന്നു കാണിക്കാം …. വരൂ”
അവൾ എന്റെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു.
കേടാവിളക്കു തെളിയുന്ന ആ ഫോട്ടോയിലേക്ക് നോക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് ഞാൻ എഴുന്നേറ്റു.
Bഞാൻ മനസ്സിൽ ആഗ്രഹിച്ച പെൺകുട്ടി….. പക്ഷെ അവളുടെ ആങ്ങള….!!! ഉള്ളിലെ ഭയത്തിന് അകമ്പടിയെന്നോണം ഏലക്കാടിനുള്ളിൽ നിന്ന് ചീവീടുകൾ കരയാൻ തുടങ്ങി.
മുറ്റത്തിനു താഴെ വളർന്നു നിന്നിരുന്ന ഒരു ഏലത്തിന്റെ നീണ്ട ഇല ചെറുതായി മുറിച്ചെടുത്തുകൊണ്ട് അവൾ എന്റെ നേരെ നോക്കി ചിരിച്ചു.
“വന്നവഴിക്ക് സാമിനെ കണ്ടിരുന്നു അല്ലേ…… ” വീണ്ടുമൊരു നടുക്കം!
അപ്പോൾ സംഗതി സത്യമാണ്….. ഇവൾക്കുമറിയാം സാം എന്റൊപ്പം വന്നിരുന്നു എന്ന്!!
“പറഞ്ഞു വിട്ടാൽ അങ്ങനങ്ങു പോകാൻ പറ്റുമോ അവന്….. ആ ലാസറുചേട്ടന്റെ ഏലത്തോട്ടത്തിൽ കാണും കക്ഷി. ഇച്ചായൻ വരുമ്പോൾ ഇവിടെ കൊണ്ടെത്തിക്കാം ചേച്ചി, ബാക്കി ചേച്ചി നോക്കിക്കോണം എന്ന് രാവിലെ പറഞ്ഞിരുന്നു….”
ആ സ്വരത്തിൽ ഊറി നിന്ന നൊമ്പരത്തേക്കാൾ ഭയം ആയിരുന്നു എന്റെ ഉള്ളിൽ നിറഞ്ഞത്.
‘ദൈവമേ!!!….’ വയറ്റിൽ നിന്ന്മുകളിലേക്ക് ഉരുണ്ടു കൂടിവന്ന ഒരു ശബ്ദം തൊണ്ണയിൽ കുരുങ്ങി നിലച്ചുപോയി.
പെണ്ണുകാണാൻ അളിയൻ പറഞ്ഞു വിട്ട കുടുംബം….. വഴി കാണിക്കാൻ ആറുമാസം മുമ്പുമരിച്ചു പോയവൻ….. അവനോടു സംസാരിക്കുന്ന അതിസുന്ദരിയായ അവന്റെ പെങ്ങൾ… എങ്ങനെ രക്ഷപെടും എന്നാലോചിക്കുമ്പോൾ വീടിനു താഴെയുള്ള ഇടവഴിയിലേക്ക് ഒരു ചെക്കൻ ഓടിക്കിത്തച്ചെത്തി.
“സയനച്ചേച്ചി…… ഇവിടെ വന്ന ആ ചേട്ടനില്ലേ….. ആ ചേട്ടന്റെ ബുള്ളറ്റേൽ ആ കാങ്കാണിയുടെ പിള്ളേര് കേറി മേയുന്നുണ്ട്…..”
“അയ്യോ എന്റെ പുത്തൻ ബുള്ളറ്റ്…..”
“ഓടിച്ചെല്ല്….. അവന്മാര് കാറ്റു കുത്തി…… പറഞ്ഞിട്ട് കേക്കണില്ല…..” ചെക്കൻ നിന്നു കിതച്ചു.
ഓടിയിറങ്ങി ചെല്ലുമ്പോൾ വണ്ടിയുടെ അടുത്ത് ആരുമുണ്ടായിരുന്നില്ല. പക്ഷേ ബാക്ക് ടയറിന്റെ കാറ്റ് മുഴുവൻ അഴിച്ചു വിട്ടിരിക്കുന്നു.
ഇനിയെന്തു ചെയ്യുമെന്നറിയാതെ കുഴങ്ങിപ്പോയി ഞാൻ….. ആരോ മനഃപൂർവം പെടുത്തിയ പോലെ തോന്നി. പെട്ടന്ന് വഴിയുടെ ഒരു വശത്തു വേലികെട്ടിയ ചെമ്പരത്തികൾ വകഞ്ഞു മാറ്റിക്കൊണ്ട് ഒരു മനുഷ്യൻ ഇറങ്ങി വന്നു. കറുത്തിരുണ്ട്, ഒരു കൈലി മാത്രം ഉടുത്തിരുന്ന അയാളുടെ നെഞ്ചിലെ രോമങ്ങൾ പകുതിയും നര കയറിയിരുന്നു.
“സാമോൻ പറഞ്ഞു പിള്ളേരു കാറ്റു കുത്തീന്ന്…… ഇതുകൊണ്ട് കുറച്ച് അടിച്ചു നോക്ക് ടൗണിൽ പോയാൽ ഫുൾ നിറക്കാം…..” അയാൾ കാൽ കൊണ്ട് ചവിട്ടി എയർ നിറക്കുന്ന ഒരു പമ്പ് എന്റെ നേരെ നീട്ടി.
“എന്നാ ചെയ്യാനാ ആ ചെറുക്കൻ കൊച്ച് ബുള്ളറ്റേന്ന് വീണു മരിച്ചതിൽ പിന്നെ ഈ നാട്ടിലെ പിള്ളേർക്കൊന്നും ഇത് കണ്ണിനു കണ്ടുകൂടാ….”
എങ്ങനെയൊക്കെയോ കഷ്ടപ്പെട്ടു ചവിട്ടി അത്യാവശ്യം കാറ്റ് ഉണ്ട് എന്നു തോന്നിയപ്പോൾ ഒന്നുമാലോചിക്കാൻ നിൽക്കാതെ വണ്ടിയിൽ ചാടിക്കയറി സ്റ്റാർട്ട് ചെയ്തു. വണ്ടി തിരിച്ചു മുന്നോട്ടെടുക്കുമ്പോൾ ഒരു മിന്നലാട്ടം പോലെ കണ്ടു, ചെമ്പരത്തിചെടികൾക്കിടയിലൂടെയുള്ള ഇടവഴിയിൽ സയനോര!
അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി നിന്നിരുന്നു!
വണ്ടി ഇടുക്കി കളക്ടറേറ്റ് കഴിയുമ്പോൾ സമയം നാലര മണി. ഇവിടുന്നങ്ങോട്ട് ഇരുപത് കിലോമീറ്റർ കാടാണ്. ഈ ഇരുപത് കിലോമീറ്ററിനിടയിൽ എവിടെയോ ആണ് ബുള്ളറ്റിൽ വണ്ടിയിടിച്ച് സാം മരിച്ചത്.
നാലഞ്ചു കിലോമീറ്റർ പിന്നിട്ടപ്പോൾ എതിരെ വരുന്ന വണ്ടികൾ ഹെഡ് ലൈറ്റും ഫോഗ് ലാമ്പും തെളിച്ചിട്ടു വരുന്നതു കണ്ടപ്പോഴേ മനസ്സിലായി റോഡിൽ കോടമഞ്ഞ് ഇറങ്ങിയിരിക്കുന്നു. ദൂരം ചെല്ലുന്തോറും കനത്ത പുകമഞ്ഞ് കാടിനെ പൊതിഞ്ഞു നിന്നു.
പത്തു മീറ്റർ മുന്നിലുള്ള വസ്തുക്കൾ പോലും കൃത്യമായി കാണാൻ പറ്റുന്നില്ല. ഉയർത്തി വച്ചിരിക്കുന്ന ഹെൽമെറ്റിന്റെ വിൻഡ് ഷീൽഡിനുള്ളിലൂടെ കയറിയ തണുത്ത ചുളുചുളുപ്പൻ കാറ്റിൽ പല്ലുകൾ കൂട്ടിയിടിച്ചു.
കാടിന്റെ മുക്കാൽ ഭാഗം കടന്നിട്ടുണ്ടാവണം, പെട്ടെന്ന് റോഡിൽ ആരോ നിൽക്കുന്നപോലെ തോന്നി. ബുള്ളറ്റിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ റോഡിനു നടുവിൽ ഒരു രൂപം തെളിഞ്ഞു വന്നു. ചുറ്റും മഞ്ഞു പുകപോലെ പടർത്തിക്കൊണ്ട് ഒരു മനുഷ്യൻ കയ്യുയർത്തി നിൽക്കുന്നു. അറിയാതെ വണ്ടി ബ്രേക്കിട്ടു പോയി.
അയാൾ വണ്ടിക്കരുകിലേക്ക് നടന്നു വന്നിട്ടും മുഖം വ്യക്തമായി കാണാൻ കഴിഞ്ഞില്ല.
“ചേട്ടാ ഒരു ലിഫ്റ്റ് തരുമോ…?”
ഈ കാടിനു നടുവിൽ ഒറ്റക്ക് ഒരു മനുഷ്യൻ എവിടെ നിന്നു വന്നു എന്ന് അങ്കലാപ്പോടെ ആലോചിച്ചുകൊണ്ട് മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും അയാൾ പിന്നിൽ ചാടിക്കയറി ഇരിപ്പുറപ്പിച്ചു കഴിഞ്ഞു.
എനിക്ക് വണ്ടി മുന്നോട്ടെടുക്കുകയല്ലാതെ മറ്റു മാർഗ്ഗം ഒന്നും ഉണ്ടായിരുന്നില്ല. ഇടയ്ക്കു അയാൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചു പക്ഷേ ബുള്ളറ്റിന്റെ ശബ്ദത്തിനിടയിൽ ചില അപശബ്ദങ്ങൾ അല്ലാതെ മറ്റൊന്നും എനിക്ക് വ്യക്തമായില്ല.
ഒടുവിൽ എന്റെ മണിക്കൂറുകൾ നീണ്ട ഭയത്തിന് അന്ത്യം കുറിച്ചു കൊണ്ട് തൊട്ടുമുന്നിൽ കുളമാവ് ഡാമിന്റെ നിരനിരയായുള്ള ദീപസ്തംബങ്ങൾ പ്രത്യക്ഷപ്പെട്ടു.
ഡാമിനു മുകളിലേക്ക് വണ്ടി കയറുന്നതിനു മുൻപുള്ള കൂറ്റൻ സ്പീഡ് ബ്രേക്കറുകളിൽ ബുള്ളറ്റ് സ്ലോ ആയപ്പോൾ പിന്നിൽ നിന്ന് ചോദ്യം വ്യക്തമായി കേട്ടു
“ചേട്ടാ ഒരു ചായ കുടിച്ചാലോ…?”
ഡാമിനിപ്പുറം വഴിയരുകിൽ ചെറിയൊരു ഷെഡിൽ പ്രവർത്തിച്ചിരുന്ന ചായക്കട മുന്നേ കണ്ടിരുന്നു.
“ഏയ് ഇപ്പൊ പറ്റില്ല…. ഞാൻ വല്ലാതെ വൈകി….”
അയാളോട് മറുപടി പറഞ്ഞിട്ട് വണ്ടി മുന്നോട്ടെടുത്തു ഡാമിന്റെ പകുതി ദൂരം പിന്നിട്ടു കഴിഞ്ഞിട്ടും പിന്നിൽ നിന്ന് മറുപടി കേൾക്കാത്തപ്പോൾ തല വെട്ടിച്ചു പിന്നോട്ടു നോക്കി.
അയാളെവിടെ?…. എന്റെ ബുള്ളറ്റിന്റെ പിൻസീറ്റ് ശൂന്യം!
അവിടെയിട്ടു തന്നെ ബുള്ളറ്റ് വട്ടം തിരിച്ചു. ലൈറ്റ് വെട്ടത്തിൽ ഡാമിന്റെ അങ്ങേയറ്റം വരെ ആരെയും കാണാനില്ല.
ഡാമിന് മുകളിലുള്ള എന്റെ അഭ്യാസപ്രകടനം കണ്ട് അപ്പുറത്തുള്ള സെക്യൂരിറ്റിപോയിന്റിൽ നിന്ന് പോലീസുകാരുടെ നീട്ടിയുള്ള വിസിലടിയോടൊപ്പം ലൈറ്റും തെളിഞ്ഞു.
ഞാൻ സെക്യൂരിറ്റി പോയിന്റിന് മുന്നിലേക്ക് സഡൻ ബ്രേക്കിട്ട് ബുള്ളറ്റ് നിർത്തി.
“സർ… എന്റെ ബൈക്കിന്റെ പിന്നിൽ വന്ന ഒരു മനുഷ്യനെ കാണാനില്ല….”
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ടു പോലീസുകാർ എന്റെയരുകിലേക്ക് വന്നു.
“എവിടെ വച്ച് കാണാതെയായി?”
“അറിയില്ല, ഡാമിന് മുകളിലേക്ക് കയറുമ്പോൾ എന്റെ പിന്നിൽ ഉണ്ടായിരുന്നു…. ഇനി ഡാമിലേക്ക് ചാടുകയോ മറ്റോ….. ” ഞാൻ വിക്കി.
“ചതിച്ചോടോ…. ഈ ഒടുക്കത്തെ തണുപ്പത്തു പണിയാക്കിയോ താൻ… ആട്ടെ അയാൾ തന്റെ ആരാ..?”
“എന്റെയാരുമല്ല…”
“പിന്നെ?”
“വനത്തിനുള്ളിൽ നിന്ന് കൈ കാണിച്ചു പിന്നിൽ കയറിയതാ….”
“വനത്തിൽ എവിടെ?”
“ഒരു മൂന്നു നാലു കിലോമീറ്റർ പിറകിൽ..”
ഡ്യൂട്ടിയിൽ ഇല്ലാത്ത മറ്റൊരു പോലീസുകാരൻ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു കൊണ്ടു പറഞ്ഞു.
“ഡോ… അതു മിക്കവാറും നമ്മുടെ മറ്റേക്കക്ഷി ആയിരിക്കും…”
“ആര് സാമോ?..”
“അതെന്ന്…. താനാ ജെയിംസിനെ ഒന്നു ഫോൺ വിളിച്ചു നോക്കിക്കേ….”
സാം എന്ന പേരു കേട്ടതേ എന്റെ നല്ല ജീവൻ പോയി! ഇവനിതെന്നാ ഭാവിച്ചാ എന്റെ പിന്നാലെ……
പെട്ടെന്ന് എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. എടുത്തു നോക്കുമ്പോൾ ട്രൂ കോളറിൽ പേരു തെളിഞ്ഞു!
സാംജിത്!!!!!
രണ്ടു വട്ടം പിന്നാലെ കൂടിയതും പോരാഞ്ഞ് ഫോണിൽ കൂടി ഇനിയും പേടിപ്പിക്കാൻ നോക്കുന്നു. ഫോൺ തുടർച്ചയായി ബെല്ലടിച്ചുകൊണ്ട് എന്റെ കയ്യിലിരുന്നു വിറച്ചു.
“എടോ ഫോൺ ബെല്ലടിക്കുന്നത് കേട്ടില്ലേ…. താൻ പേടിക്കാതെ ഫോൺ എടുക്ക്… ” പോലീസുകാരൻ അത് പറഞ്ഞു തീരുമ്പോഴേക്കും കാൾ കട്ട് ആയി.
“ആ…. സാറേ… അത് അവൻ തന്നെയാന്നേ……” അകത്തേക്ക് പോയ പോലീസുകാരൻ തിരിച്ചു വന്നു.
“ആഹാ….. എടോ, അത് ആ അക്കരെ തട്ടുകട നടത്തുന്ന ജെയിംസ് ചേട്ടന്റെ ചെക്കനാ….സാം, അവരു വനത്തിനു നടുക്കുള്ള മുത്തിയുരുണ്ടയാർ എന്ന ഗ്രാമത്തിലാ താമസം….”
“പക്ഷേ അവൻ എങ്ങനെ അപ്രത്യക്ഷനായി.. പെട്ടെന്ന്….?”എനിക്ക് സംശയം തീർന്നില്ല.
“താൻ ഡാമിനക്കരെ സ്പീഡ് ബ്രേക്കറിൽ സ്ലോ ചെയ്തപ്പോൾ അവൻ ചാടി പോലും……തന്നോട് ചായ കുടിക്കാം എന്നു പറഞ്ഞതാന്ന്….” പോലീസുകാരൻ ഉറക്കെ ചിരിച്ചു.
ഫോൺ വീണ്ടും ബെല്ലടിക്കാൻ തുടങ്ങി. പക്ഷേ ഇത്തവണ അളിയൻ ആയിരുന്നു.
“ടാ ഉവ്വേ….. നീയെന്നാ പെണ്ണു കാണാൻ പോയിട്ട് കാപ്പി പോലും കുടിക്കാതെ ഇറങ്ങിപ്പോന്നത്….. ഫോൺ വിളിച്ചിട്ടും എടുക്കുന്നില്ല എന്ന് ദേ അലെക്സി വന്നു പറഞ്ഞു……”
“ദേ അളിയാ……എന്നെക്കൊണ്ട് ഒന്നും പറയിക്കരുത് കേട്ടോ…… ഏതോ ഒരു പ്രേതാലയത്തിലേക്ക് ഒറ്റക്ക് എന്നെ പറഞ്ഞു വിട്ടിട്ടു ഫോണും ഓഫ് ചെയ്തു വച്ചു…… ഇവിടെ മനുഷ്യൻ ജീവനും കൊണ്ട് എങ്ങനെയാ രക്ഷപെട്ടതെന്ന് എനിക്കു മാത്രമേ അറിയൂ…” അടക്കി വച്ചിരുന്ന കോപം മുഴുവൻ അളിയന്റെ മേലേക്ക് വാക്കുകളായി ഒഴുകി.
“നീയൊന്ന് അടങ്ങു റോബിനേ….. എന്നാ പറ്റിയെന്നു പറ..”
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഫോണിലൂടെ അളിയന്റെ പൊട്ടിച്ചിരി മുഴങ്ങി.
“എടാ ഉവ്വേ… ആ പെങ്കൊച്ചിന് രണ്ട് ആങ്ങളമാരാണ്, അതിലൊരു പയ്യനാണ് കുറച്ചുനാൾ മുൻപ് ബൈക്ക് ആക്‌സിഡന്റിൽ മരിച്ചത്….. ദാ ഞാൻ ഫോൺ അലക്സിക്കു കൊടുക്കാം…”
“ഹലോ റോബിൻസെ…. സാംജിത്തും, സാംകിരണും…. രണ്ടു ആൺകുട്ടികൾ ആയിരുന്നടോ എന്റെ കൊച്ചാപ്പന്. അതിൽ ഇളയവൻ സാംകിരൺ അങ്ങു പോയി….. കണ്ടാൽ രണ്ടും ഇരട്ടകളാണെന്നെ പറയൂ… ഒരേ പോലിരിക്കും….. അതിരിക്കട്ടെ തനിക്ക് പെങ്കൊച്ചിനെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവന്റെ നമ്പറിൽ ഒന്ന് തിരിച്ചു വിളിച്ചേക്ക്, അവളു നിന്നോട് സംസാരിച്ചിട്ടേ വീട്ടിൽ പോകൂ എന്നും പറഞ്ഞു ലാസറുചേട്ടന്റെ വീട്ടിൽ ഇരിപ്പാണെന്ന്…..”
ഒരു നിമിഷം കൊണ്ട് എവിടെയൊക്കെയോ എന്തൊക്കെയോ തകിടം മറിഞ്ഞു. ജീവിതത്തിൽ ഒരിക്കൽ പോലും പ്രേതം എന്ന വിശ്വാസം പോലുമില്ലാത്ത താൻ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത്…ഛെ ഓർക്കുമ്പോൾ തന്നെ നാണക്കേട്!
മുൻപ് കാൾ വന്ന നമ്പറിലേക്ക് തിരിച്ചു വിളിച്ചപ്പോൾ അപ്പുറത്തു സയനോര!
“സോറി ഇച്ചായാ…… ഒരു ക്ഷമ പറയാൻ വേണ്ടിയാണ് വിളിച്ചത്….. സാം കുട്ടൻ മരിച്ചതിൽപിന്നെ ഇവിടെ ആർക്കും ബുള്ളറ്റ് ഇഷ്ടമല്ല… അവന്റെ കൂട്ടുകാർ ആയിരുന്നു ആ കുട്ടികൾ… അപ്പനും അമ്മയ്ക്കും ബൈക്ക് എന്ന് കേൾക്കുമ്പോഴേ പേടിയാണ്, അതുകൊണ്ടാണ് സാമോൻ ഇച്ചായന്റെ വണ്ടി താഴെ റോഡിൽ വയ്പ്പിച്ചത്…..”
“ഉം….സാംജിത്ത് എന്താണ് വീട്ടിൽ വരാത്തത്?”
“സാമോനായിരുന്നു സാംകുട്ടന് ബുള്ളറ്റ് വാങ്ങിക്കൊടുത്തത്…. അന്നേ അപ്പൻ വിലക്കീതാ… കേട്ടില്ല! അവൻ പോയപ്പോൾ അപ്പന് ദേഷ്യം സാമോനോടായി…. അന്നു വീടു വീട്ടിറങ്ങീതാ പാവം…. എങ്ങും പോവില്ല പറമ്പിനു ചുറ്റും ഉണ്ടാകും കാവലായി..! സാംകുട്ടന് പകരമായി എനിക്കു ഭർത്താവായി ഒരാളെ വീട്ടിൽ എത്തിച്ചിട്ടേ തിരിച്ചെത്തൂ എന്ന വാശിയിൽ ആണ്…. ” സയനോരയുടെ തേങ്ങൽ ഞാൻ വ്യക്തമായി കേട്ടു.
“ഇച്ചായന് എന്നെ ഇഷ്ടമായില്ല എന്ന് മനസിലായിട്ടും ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം….. ഒരു വട്ടം സോറിയെങ്കിലും പറഞ്ഞില്ലെങ്കിൽ എനിക്കു സമാധാനം ഉണ്ടാവില്ലായിരുന്നു……”
“എന്നെ ഇഷ്ടമായോ സയനോരക്ക്?”
അപ്പുറത്ത് നിശബ്ദത.
“പെട്ടെന്ന് പറയ്….. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട് എന്നെ വിറയ്ക്കുന്നു…”
“എനിക്ക് നയാഗ്ര വെള്ളച്ചാട്ടം കാണിച്ചു തരുമോ? ” ലജ്ജയിൽ കുതിർന്ന ശബ്ദം വളരെ നേരത്തിരുന്നു.
പൊട്ടിച്ചിരിച്ചു പോയി ഞാൻ.
“ഒരു പെണ്ണ് ഇതിനേക്കാൾ ഭംഗിയായി വിവാഹസമ്മതം നടത്തിയ ചരിത്രം ഉണ്ടാവില്ല …..”
അങ്ങേത്തലക്കൽ നിന്ന് മനസ്സിൽ കൊള്ളുന്ന ചെറിയൊരു ചിരിയുടെ ചീൾ എന്റെ കാതിൽ വീണു!
“സയനോരാ റോബിൻസൺ!!! പേരിന് അല്പം നീളം കൂടുതൽ ഉണ്ടല്ലേ..?”
“സാരമില്ല,വിവാഹക്ഷണക്കത്തിൽ അങ്ങനെ കിടക്കട്ടെ പിന്നെ നമുക്ക് ചുരുക്കാം…”
“എങ്ങനെ..?”
“സയനറോബിൻ….. എങ്ങനെ? പോളിയല്ലേ??…” അവൾ പൊട്ടിച്ചിരിച്ചു.
ഇടുക്കിയുടെ കുളിരിൽ നിന്ന് ചുരമിറങ്ങുമ്പോൾ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മുഴുവൻ കുളിരും ആവാഹിച്ചു കൊണ്ട് ഏലക്കായുടെ സുഗന്ധമുള്ള ഒരു കാറ്റ് എന്റെ ഹൃദയത്തെ പൊതിഞ്ഞു പിടിച്ചിരുന്നു.