ഈശ്വരാ..എന്നും ഈ നെഞ്ചിൽ തല ചായ്ക്കാനുള്ള ഭാഗ്യം തരണേ…അവൾ മനസ്സറിഞ്ഞു ദൈവത്തെ വിളിച്ചു…

ഈ കുടുംബം ~ രചന: അബ്ദുൾ റഹീം പുത്തൻചിറ

അഴിഞ്ഞ സാരി നേരെയാക്കി സീത പായയിൽ നിന്നും പതുക്കെ എഴുന്നേറ്റു…കയ്യും കാലും ഭയങ്കര വേദന …ഇന്നലെ അയാളുടെ പരാക്രമം അതിരു കടന്നിരുന്നു..എന്നും ഇതു തന്നെയാണല്ലോ…കഴുത്തിൽ താലിയുണ്ടേൽ അവർക്കൊരു ലൈസൻസാണല്ലോ…വയ്യ…അഴിഞ്ഞു കിടന്ന മുടി പിന്നിൽ കെട്ടി വെച്ചു കൈകാലുകൾ കുടഞ്ഞു ….

ആരോട് പറയാൻ…താലി കെട്ടിയ പുരുഷൻ ദൈവം ആണെന്നാണ് വീട്ടുകാർ കല്യാണത്തിന് മുൻപ് എപ്പോഴും ചെവിയിൽ മൂളുന്നത്….അവരെ എപ്പോഴും സന്തോഷിപ്പിക്കണം പോലും…സ്ത്രീകൾ എന്താ അവരെ സന്തോഷിപ്പിക്കാൻ മാത്രം ജനിച്ച മിഷൻ ആണോ…സ്ത്രീകൾക്കും സന്തോഷം പാടില്ലന്നുണ്ടോ…അതോ ഇങ്ങനെയാണോ ജീവിതം…എല്ലാവർക്കും ഒരുപോലെയാകില്ല …എന്റെ വിധി ഇങ്ങനെയായിപോയി …പെണ്മക്കളെ കൈ ഒഴിയാൻ നിൽക്കുന്ന മാതാപിതാക്കൾ എപ്പോഴും ഇങ്ങനെയാണ്….ആരുടെയെങ്കിലും തലയിൽ കെട്ടി വെച്ചാൽ മതി….

ആദ്യമായി വന്ന ആലോചന…ചെക്കൻ ഡ്രൈവർ…കൂടുതൽ അന്വേഷിക്കാൻ നിന്നില്ല…അതുകൊണ്ട് ഒരു കുടിയന്റെ ഭാര്യ ആകേണ്ടി വന്നു…ഇതിൽ നിന്നും ഒരു മോചനം ഈ ജന്മം ഉണ്ടാകില്ല…താഴെ ഒരെണ്ണം കെട്ടിക്കാൻ പ്രായമായി നിൽക്കുന്നു..അതുകൊണ്ട് ആരേം ഒന്നും അറിയിച്ചിട്ടില്ല…അറിയിച്ചാലും പ്രയോജനം ഇല്ല…എല്ലാം സഹിക്കണം….മകന് വേണ്ടിയെങ്കിലും…

മുറിയുടെ മൂലയിൽ താഴെ പായയിൽ കിടന്നിരുന്ന മകൻ കണ്ണന്റെ അടുത്തു ചെന്നിരുന്നു തലയിൽ പതുക്കെ തലോടി….പാവം…അച്ഛന്റെ സ്നേഹം കിട്ടാനുള്ള യോഗമില്ല…ഒന്നു കാണാൻ കൂടി…കാലത്തു പോയി വൈകീട്ട് വരുന്ന ഏതോ ഒരു അജ്ഞാതനാണ് മകന് അവന്റെ അച്ഛൻ…വന്നാലും ബോധമില്ലാതെ അമ്മയെ ഉപദ്രവിക്കുന്ന ഒരു ജീവി…
ഉറങ്ങട്ടെ ഇന്ന് ഞായറാഴ്ചയല്ലേ ….

നേരെ അടുക്കളയിൽ പോയി വാതിൽ തുറന്നു…ഇന്നലെ രാത്രി ഭയങ്കര മഴയായിരുന്നു… ഒരുപാട് സ്ഥലത്തു ചോരുന്നുണ്ട്….പഴയ ഓടുവീടല്ലെ…ഓടൊക്കെ പൊട്ടി വീഴാറായി… മാറ്റാൻ പറഞ്ഞാൽ വായിലിരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും….പിന്നെ കുടുംബക്കാരെ മുഴുവൻ തെറി വിളിക്കും….മിണ്ടാതിരിക്കുന്നതാണ് നല്ലത്…മിണ്ടിയാൽ തീർന്നു..പെണ്ണായാൽ അടങ്ങി ഒതുങ്ങി ജീവിക്കണം അതാണ് ചെറുപ്പം മുതൽ പഠിപ്പിക്കുന്നത്…പെണ്ണിന്റെ ശബ്ദം പുറത്തു കേൾക്കാൻ പാടില്ല പോലും…നാട്ടുനടപ്പ് ആണത്രേ…

കുടുംബക്കാരെ തന്നെ പറഞ്ഞാൽ മതിയല്ലോ…ഒരു പെണ്ണിനെ സ്വന്തം കാലിൽ നിൽക്കാൻ പടിപ്പിക്കില്ല…ബാക്കി എല്ലാം പഠിപ്പിക്കും….തുണി കഴുകാൻ…പാത്രം കഴുകാൻ…ഭക്ഷണം ഉണ്ടാക്കാൻ…എല്ലാം….എന്നാലോ എങ്ങനെ ജീവിക്കണം എന്നു മാത്രം പടിപ്പിക്കില്ല…ഓരോന്ന് ഓർത്തു കണ്ണു നിറഞ്ഞു….കരയാം പക്ഷെ പുറത്തു ശബ്ദം കേൾക്കാൻ പാടില്ല….അതും പഠിപ്പിച്ചു…അതുകൊണ്ട് ഉള്ളിൽ നടക്കുന്നത് ഒന്നും പുറത്തു അറിയുന്നില്ല….പുറമെ നിന്നു കാണുന്ന എല്ലാവർക്കും സ്വർഗ്ഗ തുല്യമായ ജീവിതം…സീത പതിയെ മുറ്റത്തേക്കിറങ്ങി കോഴിക്കൂട്‌ തുറന്നു…

“ചേച്ചി മീൻ വേണോ മീൻകാരൻ രാജീവൻ വിളിച്ചു ചോദിച്ചു.”…അവന് എപ്പോഴും എന്നെ പോലെയുള്ളവരോടാണ് കച്ചോടം ചെയ്യാൻ കൂടുതൽ ഇഷ്ട്ടം…

“വേണ്ട….”

“നല്ല ചെമ്മീൻ ഉണ്ട് ചേച്ചി…പൈസ പിന്നെ തന്നാലും മതി.”..അവൻ വിടാൻ ഭാവമില്ല…

“വേണ്ടാഞ്ഞിട്ട” ….മറുപടി വാക്കുകളിൽ ഒതുക്കി….കൂടുതൽ പറഞ്ഞാൽ…..പിന്നെ അതുമതി…അഴിഞ്ഞാട്ടക്കാരിയാകും….സ്വന്തം ഭർത്താവ് പോലും അവനെ വിശ്വസിക്കൂ…എങ്ങനെ ഒഴിഞ്ഞുമാറി നിന്നാലും ഇവനെ പോലെയുള്ളവർ വീണ്ടും വീണ്ടും പിന്നാലെ കൂടും…

“ടാ രാജീവാ എന്താണ് മീൻ.”..അപ്പുറത്തെ ഐഷുമ്മ വിളിച്ചു ചോദിച്ചു…

“ഒന്നുല്ല ഐഷുമ്മ ചാള മാത്രമുള്ളു.”..

“നീ ചെമ്മീൻ ഉണ്ടന്ന് പറയുന്നത് കേട്ടു…”

“ഏയ് അതു കഴിഞ്ഞു”….അതും പറഞ്ഞു അവൻ സൈക്കിൾ ആഞ്ഞു ചവിട്ടി…

“ഓ…അല്ലെങ്കിലും നമ്മളെ പോലെയുള്ളവരോട് നിനക്ക് കച്ചോടം പറ്റില്ലല്ലോ “….ഐഷുമ്മ ഗർവിച്ചുകൊണ്ടു പറഞ്ഞു…

“എന്താണ് സീതേ മുഖത്തു ഒരു തെളിച്ചമില്ലാതെ …നിന്റെ കെട്ടിയോൻ പോയ.”…

“ആ..പോയുമ്മ..”..ഇനി രാത്രി നോക്കിയാൽ മതി….ഞാൻ മറുപടി പറഞ്ഞു…

“ആ…രാവും.പകലും ഇല്ലാതെ കുടുംബം നോക്കാൻ വേണ്ടി പണിയെടുക്കല്ലേ….എന്തു ചെയ്യാം”…അതും പറഞ്ഞു ഐഷുമ്മ പറമ്പിലേക്ക് പോയി…

രാവും പകലും നോക്കാതെ പണിയെടുക്കുന്നുണ്ട്…പക്ഷെ കുടുംബത്തിൽ കിട്ടുന്നില്ല…സാദനങ്ങൾ വാങ്ങാൻ തന്നെ ബോധമില്ലാതെ കിടക്കുമ്പോൾ അറിയാതെ പോക്കറ്റിൽ നിന്നും എടുക്കണം…അല്ലങ്കിൽ കുടുംബം പട്ടിണിയിലാണ്…ഇതൊന്നും ആർക്കുമറിയേണ്ടല്ലോ …പുറമെ നിന്നു നോക്കുന്നവർക്ക് എന്താണ് പറയാൻ പാടില്ലാത്തെ… എന്നും പണിക്ക് പോകുന്നു…കുടുംബം നോക്കുന്നു….എന്റെ ഈശ്വരാ… ഞാൻ ഒന്നും പറയുന്നില്ലേ….എന്റെ ജീവിതം മാത്രമാണോ ഇങ്ങനെ…അല്ലായിരിക്കും….ആരും ആരോടും പറയുന്നില്ലന്നേയുള്ളൂ… മിക്കവർക്കും ഇതു തന്നെയാകും അവസ്ഥ….

“മ്യാവു…..മ്യാവൂ” പുറത്തു ചാക്ക് കെട്ടിന്റെ ചൂട് പറ്റിക്കിടന്ന പൂച്ച സീതയെ കണ്ടപ്പോൾ കരഞ്ഞു…

“എന്റെ പൂച്ചെ.. നിനക്ക് ഇവിടെ നിൽക്കാതെ ആ രാജീവിന്റെ വീട്ടിൽ പോയി കിടന്നുടെ…അതാകുമ്പോ എന്നും മീൻ കറി കൂട്ടി ചോറുണ്ണാം… അല്ലാതെ ഇവിടെ കിടന്നു നിന്റെ ജീവിതം കളയേണ്ട വെല്ല കാര്യമുണ്ടോ…എന്റെ ജീവിതം ഇതുപോലെയായി… നിനക്ക് എപ്പോൾ വേണേലും എവിടെ വേണമെങ്കിലും പോകാലോ…വേണേൽ സാമ്പാറും കൂട്ടി കഴിക്കാം…അല്ലാതെ മീൻ കിട്ടുമെന്ന് പ്രതീക്ഷിച്ചു ഇവിടെ നിൽക്കേണ്ട..”.സീത പൂച്ചയോടായി പറഞ്ഞുകൊണ്ട് തന്റെ അന്നത്തെ ജോലികൾ തുടങ്ങി….

അപ്പുറത്തു വാതിൽ തുറക്കുന്ന ശബ്ദം കേട്ടു സീത അകത്തേക്ക് ചെന്നു… ഇതാരാ ഈ സമയത്ത്…

അകത്തു കട്ടിലിൽ തല കുമ്പിട്ടു ഇരിക്കുന്ന ആളെ കണ്ടു സീത അതിശയിച്ചു..ഇതെന്താ ഈ സമയത്ത്… പണി ഇല്ലെങ്കിലും പാതിരാക്ക് കയറിവരുന്ന ആളാണല്ലോ.. ഇതെന്തു പറ്റി… ചോദിച്ചാലോ …അല്ലങ്കിൽ വേണ്ട…വെറുതെ വായിലിരിക്കുന്നത് കേൾക്കുന്നതെന്തിനാ…അടുക്കളയിലേക്ക് പോകാൻ നിന്ന സീത ഒരു തേങ്ങൽ കേട്ടു തിരിഞ്ഞു….നോക്കുമ്പോൾ അയാളിരുന്നു കരയുന്നു…

“എന്താ ഏട്ടാ… എന്തു പറ്റി” ..സീത അടുത്ത് ചെന്ന് അയാളുടെ മുഖം പിടിച്ചു ഉയർത്തി…ആ കണ്ണുകൾ കരഞ്ഞു ചുവന്നിരിക്കുന്നു…അതുകണ്ട് സീതയുടെ നെഞ്ചു പൊട്ടി….

അയാൾ അവളുടെ അരയിൽ കെട്ടിപ്പിടിച്ചു കരഞ്ഞു…അവൾക്കത് അതിശയമായി തോന്നി..

“ഇന്ന് ഒരു ആക്‌സിഡന്റ ഉണ്ടായി…ലോഡുമായി പോകുമ്പോൾ വണ്ടിയുടെ ബ്രെക്ക്‌ പൊട്ടി…വണ്ടി താഴ്ചയിലേക്ക് വീണു…ഒരു നിമിഷം ഞാൻ എന്റെ മരണത്തെ മുഖാമുഖം കണ്ടു…ഭാഗ്യം കൊണ്ട് മാത്രമാണ് ഞാൻ ഇപ്പോൾ ജീവിച്ചിരി ക്കുന്നത് …ആ സമയത്ത് നിന്റെയും മോന്റെയും മുഖമാണ് മനസ്സിൽ വന്നത്….ഞാൻ ഇല്ലങ്കിൽ നിങ്ങൾ …”അതും പറഞ്ഞു അയാൾ പൊട്ടിക്കരഞ്ഞു….അതു കണ്ടു അവളുടെ കണ്ണുകളും നിറഞ്ഞു….

പായയിൽ നിന്നു എഴുന്നേറ്റ കണ്ണൻ ആ കാഴ്ച കണ്ടു അതിശയിച്ചു…അച്ഛനും അമ്മയും ഒരുമിച്ചു കെട്ടിപ്പിടിച്ചു കരയുന്നു…സാദാരണ അമ്മയുടെ കരച്ചിൽ മാത്രമാണ് കേൾക്കാറു…അവനെ കണ്ട അയാൾ അവനെയും വാരി നെഞ്ചോട് ചേർത്തു..

അയാളുടെ നെഞ്ചിൽ മുഖം വെച്ചു കിടക്കുമ്പോൾ അവൾക്ക് ആദ്യമായി ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടു…കാർന്നോൻമാർ പറയുന്നത് ശരിയാ…സ്നേഹമുള്ള പുരുഷന്റെ നെഞ്ചിലാ ഒരു പെണ്ണിന് ഈ ലോകത്ത് കൂടുതൽ സുരക്ഷിതത്വം….അയാളുടെ കൈകൾ ആദ്യമായി അവളെയും മോനെയും ചേർത്തു നിർത്തി…..

ഈശ്വരാ..എന്നും ഈ നെഞ്ചിൽ തല ചായ്ക്കാനുള്ള ഭാഗ്യം തരണേ .. അവൾ മനസ്സറിഞ്ഞു ദൈവത്തെ വിളിച്ചു…