വേഷം ~ രചന: അമ്മാളു
വിവാഹത്തിന് മുൻപും നിനക്ക് ഇത്തരത്തിൽ പലരുമായും ബന്ധമുണ്ടെന്നറിഞ്ഞിട്ടും നിന്നെ സ്വീകരിക്കാൻ എന്റെ മോൻ തയ്യാറായത് നിന്റെ തൊലിവെളുപ്പ് കണ്ടിട്ടാണെന്ന് നീ വിചാരിക്കേണ്ട..
തന്തയില്ലാതെ വളർന്ന നിനക്കും നിന്റെ താഴെത്തുങ്ങൾക്കും ഒരാൺ തുണ വേണംന്നുള്ള എന്റെ മോന്റെ മനസ്സിന്റെ നന്മ ഒന്നുകൊണ്ടു മാത്രാ അവൻ നിന്റെ കഴുത്തിൽ താലി കെട്ടിയത്.
എന്നു കരുതി അതിന്റെ അഹങ്കാരവും കാണിച്ച് എന്റെ മോന്റെ ഭാര്യയായി ഈ തറവാട് ഭരിക്കാമെന്നുള്ള വ്യാമോഹം ഒന്നും വേണ്ടന്ന് മാത്രല്ല വല്ല്യ കെട്ടിലമ്മ ചമയാമെന്നുള്ള നിന്റെ ദിവാസ്വപ്നമൊന്നും നടത്തിത്തരത്തില്ല ഞാൻ പറഞ്ഞില്ലെന്നു വേണ്ട.
വായും മനസ്സുമായി അറിയാത്ത കാര്യങ്ങളാ അമ്മയുടെ വാക്കുകളിൽ നിന്നും ഇന്ന് കേട്ടത്.
കലിതുള്ളി പെയ്യുന്ന പേമാരിപോലെ അതവളിൽ കുത്തിയൊലിക്കുകയായിരുന്നിട്ടും എതിരെ നിൽക്കുന്ന എന്നിലേക്കുള്ളയവളുടെ നോട്ടമെത്തുമ്പോൾ മുഖത്തൊരു പുഞ്ചിരി വളരെ പാടുപെട്ട് വരുത്തിയായിരുന്നു അവളെന്നോട് പ്രതികരിച്ചത്.
പുലർച്ചെ എണീറ്റു വീട്ടുകാര്യങ്ങളും അമ്മയ്ക്ക് കുളിക്കാനുള്ള വെള്ളവും ചൂടാക്കി പശൂനെ കുളിച്ചിപ്പ് പാലും കറന്ന് സൊസൈറ്റിയിൽ കൊടുത്തു കൃത്യം ആറരമണിയോടെ വീട്ടിലേക്കെത്തുമ്പോളേക്കും അലാറം അടിക്കുന്നപോലെ തുടങ്ങും അവൾക്കുള്ള അമ്മേടെ ശകാരപ്പെരുമഴ.
ആദ്യമൊക്കെ അനുസരണയില്ലാത്ത കണ്ണുകൾ അണപൊട്ടിയൊഴുകുമായിരുന്നു. പിന്നെപ്പിന്നെ ആ കാതുകൾക്കെല്ലാം ശീലമായിത്തുടങ്ങി.
വിവാഹം കഴിഞ്ഞു വർഷം ഒന്നായിട്ടും അമ്മയ്ക്കവളോടുള്ള ദേഷ്യം മാറാത്തതെന്താണെന്നെത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടീട്ടുണ്ടായിരുന്നില്ലെനിക്ക്.
ഓരോ ദിവസവും കാരണങ്ങൾ ഉണ്ടാക്കി വഴക്കിടാൻ അമ്മ ഇത്രക്കാവേശം കാണിക്കുമ്പോൾ പലയാവർത്തി മനസ്സ് മന്ത്രിച്ചിട്ടുണ്ട് പ്രശ്നങ്ങളിൽ ഇടപെടാൻ, അവ പരിഹരിക്കാൻ..
അപ്പഴും പക്ഷേ..? എന്നൊരു ചോദ്യം മനസ്സിൽ ബാക്കി നിൽക്കുമ്പോൾ വെച്ച കാൽ പിന്നോട്ട് വെച്ച് പിന്തിരിയാനായിരുന്നു എന്റെ മനസ്സെന്നോട് പറഞ്ഞിരുന്നത്.
അതിൽ അവളൊരിക്കെപ്പോലും എന്നോടോരെതിർപ്പും കാണിച്ചിരുന്നില്ലെന്നതെന്നിൽ ശങ്ക നിറച്ചിരുന്നു. എന്നാൽ അമ്മക്കതൊരു വളമായ്മാറുന്നതായും അനുഭവപ്പെടുന്നുണ്ടായിരുന്നെനിക്ക്.
കുത്തുവാക്കുകളുടെ മൂർച്ച കൂടുമ്പോൾ കലിതുള്ളി പെയ്യാൻ നിൽക്കുന്ന കാർമേഘങ്ങൾ പോലെയുള്ള അവളുടെ കവിൾത്തടങ്ങളിൽ ഇരുൾ വ്യാപിക്കുന്നത് പിന്നാമ്പുറത്തെ ജനലോരം ചേർന്ന് നിൽക്കുന്നയെന്റെ ദൃഷ്ടിയിൽ മിന്നൽ പ്രിണറു പോൽ പടർന്നുപിടിക്കുന്നതമ്മയറിഞ്ഞിരുന്നില്ല.
നേരം തെറ്റിയ നേരത്തൊരിക്കെ ആർത്തലച്ചു പെയ്ത പേമാരിയിൽ ഞാൻ വീട്ടിലേക്കോടിക്കയറുമ്പോൾ അമ്മയവളെ തല്ലാനെന്നവണ്ണം കയ്യോങ്ങി നിൽക്കുന്നതാണ് കണ്ടത്.
വെപ്രാളപ്പെട്ടമ്മയെന്തൊക്കെയോ അവളെ പറയുന്നുണ്ടായിരുന്നുവെങ്കിലും ഇത്തവണ കണ്ണടച്ച് ഇരുട്ടാക്കാൻ ഞാൻ അത്രക്ക് മഹാപാപിയായിരുന്നില്ല.
ജീവിതത്തിൽ ഇന്നേവരെ അമ്മയെ എതിർത്തൊരക്ഷരം എന്റെ നാവിൽ നിന്നു വീണിട്ടില്ലാത്തതിനാലാവാം അന്നത്തെയെന്റെ പ്രതികരണം അമ്മയെ പാടെ തകർത്തത്.
അതിനുശേഷം അമ്മ നേരാം വണ്ണം എന്നോട് മിണ്ടുന്നതു പോലും വളരെ കുറച്ച്മാത്രമായിരുന്നു.
അതും അവളടുത്തില്ലാത്തപ്പോൾ മാത്രം.
“ഇന്നലെ വരെ അമ്മക്ക് മകനും മകനമ്മയും മാത്രമായിരുന്ന രണ്ടുപേരുടെ ജീവിതത്തിലേക്ക് പുതിയൊരാൾ കടന്നുവരുമ്പോൾ മകന്റെ സ്നേഹം പകുത്തുപോകുമെന്ന് ഭയന്ന് ഏതൊരമ്മയിലും രൂപപ്പെടുന്ന ഒരുതരം സ്വാർത്ഥതയായിരുന്നു ഇവിടെയും ഉടലെടുത്തത്.
എന്നാൽ അമ്മയുടെ സ്നേഹം തട്ടിത്തെറിപ്പിച്ച് അമ്മയുടെ ഈ മകൻ എന്നെ മാത്രം സ്നേഹിക്കുമെന്ന് വിശ്വസിക്കാൻ അമ്മക്കെങ്ങനെ കഴിഞ്ഞു അമ്മേ..”
ഉമയുടെ വാക്കുകളായിരുന്നു അത്. പ്രതീക്ഷിക്കാതെയുള്ളയവളുടെയാ വാക്കുകൾ എന്നെയും അമ്മയെയും പാടെ അത്ഭുതപ്പെടുത്തി.
“ഇക്കാലമത്രയും അമ്മയുടെ വേവലാതിയും പരിഭ്രമവും ഇതായിരുന്നെന്ന് എനിക്ക് ആദ്യേ അറിയാമായിരുന്നു.”
അതുകൊണ്ട് തന്നെയാണ് എതിർത്തൊരക്ഷരം പറയാതെ അമ്മയുടെ ശകാരങ്ങൾ ഒക്കെയും ഏറ്റു വാങ്ങിയത്.
അമ്മക്ക് മകനോടുള്ള സ്നേഹക്കൂടുതൽ മകനമ്മയോടും ഉണ്ടെന്നതിനുള്ള തെളിവായിരുന്നു ഇന്നലെ വരെയുള്ള മഹിയേട്ടന്റെ നമ്മുടെ വഴക്കുകളിൽ ഇടപെടാതെയുള്ള ഈ ഒളിച്ചോട്ടം.
അത് പക്ഷേ, മഹിയെട്ടനെക്കൊണ്ട് ഇങ്ങനെയെങ്കിലും പ്രതികരിപ്പിച്ചില്ലായിരുന്നുവെങ്കിൽ ഇന്നെനിക്ക് നിങ്ങളെയിത് മനസ്സിലാക്കിപ്പിച്ചു തരാൻ ദൈവം ഇനിയൊരവസരം തരില്ലായിരുന്നു.
അമ്മക്കിഷ്ടമില്ലാത്തതെങ്കിലും എന്റെ ഭാഗത്ത് നിന്നുണ്ടായിപ്പോയിട്ടുണ്ടെങ്കിൽ അമ്മയെന്നോട് ക്ഷമിക്കണം മഹിയെട്ടനോടും..
അത്രയും പറഞ്ഞുകൊണ്ടവൾ അമ്മയുടെ കാൽക്കൽ വീഴും മുൻപേ അമ്മയവളെ വാരിപ്പുണർന്നിരുന്നു..
ശുഭം