നിങ്ങടെ അപ്പച്ചൻ ജീവിച്ചിരുന്നപ്പോൾ രാജ്ഞിയെ പോലെ വാഴിച്ച സ്ത്രീയാണത്….അത്രമാത്രം പറഞ്ഞ് മദർ സുപ്പീരിയർ ഉള്ളിലോട്ടു നടന്നു

മോഹം ~ രചന: അഞ്ജലി മോഹൻ

“”ഇന്നും വിളിച്ചില്ല അല്ലേ….???””

മഠത്തിലെ സിസ്റ്ററത് ചോദിക്കുമ്പോൾ കൺകോണിൽ നനവ് പടർന്നു….പതിവ് പോലെ വേദനയോടെ ഇല്ലെന്ന് തലയനക്കി……

കൂട്ടുകാരെല്ലാം വലിയ സന്തോഷത്തിലാണ്….. ആഴ്ചയിലെ ഈയൊരു ദിവസത്തിനായാണ് പലരും ജീവിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്….പക്ഷേ ഈയൊരു ദിവസമാണ് താൻ ഏറ്റവും അധികം വേദനിക്കാറ്…..കരയാതെ മുറി വരെ എങ്ങനെയൊക്കെയോ നടന്നു തീർത്തു….

ഒരുമുറിക്കുള്ളിൽ തന്നെ നാലും അഞ്ചും കട്ടിലുണ്ട്….. ഓരോരുത്തർക്കും ഓരോ കുഞ്ഞ് മേശയും… മരുന്നുകളും മറ്റു സാധനങ്ങളും ഇട്ടുവയ്ക്കാനായിട്ടാണത്…..പ്രയാസപ്പെട്ട് കുനിഞ്ഞ് പിന്നി തുടങ്ങിയ ബാഗിൽ നിന്നും അറതുറന്ന് പഴയൊരു ഫോട്ടോ കയ്യിലേക്ക് എടുത്തുപിടിച്ചു…..അതും മങ്ങി തുടങ്ങിയിരുന്നു….. പതിയെ അതിനു മേലൂടെ വിരലുകൾ ഓടിച്ചു….കുസൃതിച്ചിരിയോടെ മീശപിരിച്ച് തന്നെയും ചേർത്ത് പിടിച്ചിരിക്കുന്ന കരുത്തുറ്റ പുരുഷനിലേക്ക് പ്രണയത്തോടെ നോക്കി…..

“”ആൻസിയെ എനിക്ക് കെട്ടിയാൽ കൊള്ളാമെന്നുണ്ട്….. എന്റെ കൊച്ചുങ്ങൾക്ക് ഒരു അമ്മയെ വേണം എനിക്കൊരു കെട്യോളേം അതിന് ആൻസി തന്നെയാ നല്ലത്….. മദറിന് സമ്മതമാണെങ്കിൽ എനിക്ക് അവളെ കെട്ടിച്ചു തരണം….””

“”അപ്പൊ അവൾടെ സമ്മതം വേണ്ടേ സാമിച്ചാ…??”” മദർ സുപ്പീരിയർ അയാളെ കൂർപ്പിച്ചുനോക്കി…..

“”അവൾക്കെന്നാ ഇഷ്ടക്കേട്….? അവൾക്ക് എന്നേം എന്റെ കൊച്ചുങ്ങളേം ഇഷ്ടാ അല്യോടി കൊച്ചേ….??”” അയാളുടെ ഉറച്ച പൗരുഷമാർന്ന ശബ്ദം കേട്ട് തൂണിന് മറവിലേക്ക് നാണത്തോടെ രണ്ട് മിഴികൾ ഓടിയൊളിച്ചു….

അന്ന് തുടങ്ങിയ പ്രണയം…. അയാൾക്കും അയാളുടെ മൂന്ന് കുഞ്ഞുങ്ങൾക്കുമൊപ്പം മുപ്പത്തിയഞ്ചു വർഷങ്ങൾ….. എല്ലാം സുഖമുള്ള സ്നേഹത്തിന്റെ നനുത്ത ഓർമ്മകൾ മാത്രമായിരിക്കുന്നു….

ഒരുവർഷം കടന്നിരിക്കുന്നു വീണ്ടും ഈ അനാഥത്വത്തിലേക്ക് തിരികെ വന്നിട്ട്…..അയാളുടെ മരണശേഷം ‘അച്ഛന്റെ ഭാര്യ’ എന്ന പേര് പോറ്റിവളർത്തിയ മക്കൾ ചാർത്തി തന്നപ്പോഴാണ് ആദ്യമായി ഹൃദയം നിലച്ചത്……

“”എടിയേ ഞാൻ ചത്താലും ഡേവിഡും സേവ്യറും നിന്നെ പൊന്നുപോലെ നോക്കിക്കോളും… എന്റെ കൊച്ചുങ്ങൾ ആയതുകൊണ്ട് പറയുവല്ല…നല്ലമക്കളാടി….പിന്നെ ജോൺ… അവനെ നീ നോക്കണ്ട അവന് അവന്റെ കാര്യങ്ങൾ മാത്രേ ഉള്ളൂ….””

മഠത്തിന്റെ തന്നെ വൃദ്ധസദനത്തിനു മുൻപിൽ മുപ്പത്തിയഞ്ചു വർഷങ്ങൾക്കുശേഷം വീണ്ടും ‘തന്നെ’ അനാഥയാക്കിക്കൊണ്ട് മക്കൾ മൂന്ന് പേരും കയ്യൊഴിഞ്ഞ് ഇട്ടേച്ച് പോകുമ്പോൾ സാമിച്ചൻ അവസാനനാളുകളിൽ പറഞ്ഞ വാക്കുകളായിരുന്നു മനസ്സിൽ….

“”വിളിക്കണേ മക്കളേ അമ്മച്ചി കാത്തിരിക്കും…..കൊച്ചുമക്കളെ കാണാൻ അമ്മച്ചിക്ക് കൊതി തോന്നും തിരക്കില്ലാത്തപ്പോ അമ്മച്ചിയെ കൊണ്ടുവന്ന് കാണിച്ചുതരണേ…..”” ഇഴഞ്ഞുനീങ്ങുന്ന വണ്ടിക്കൊപ്പം നടന്നുകൊണ്ട് ഗ്ലാസ്സിനുള്ളിലൂടെ തലയിട്ട് പറഞ്ഞു….

അവസാനമായി അവരെ കണ്ടതും… അവസാനമായി അവരോട് സംസാരിച്ചതും അന്നായിരുന്നു…… പിന്നെ എല്ലാ ആഴ്ചയിലും ഈ കാത്തിരിപ്പുണ്ട്…..ഡേവിഡോ സേവ്യറോ ജോണോ ആരെങ്കിലും അമ്മച്ചിക്ക് സുഖമാണോ എന്ന് ചോദിച്ച് എപ്പോഴെങ്കിലും വിളിക്കുമെന്ന്……

ആഴ്ചയിലെ ഞായറാഴ്ചകൾ പ്രായാധക്യം കാരണം ഒഴിവാക്കിയ അച്ഛനെയും അമ്മയെയും വന്ന് കാണാനും വിളിക്കാനും മക്കൾക്ക് അനുവാദം നൽകിയിരിക്കുന്ന ദിവസമാണ്…..

അന്ന് എല്ലാവരും നേരത്തെ കുളിച്ചൊരുങ്ങും, രാവിലെതൊട്ട് ഫോണിനരുകിൽ വട്ടം കൂടി നില്കും…. ഓരോ തവണ ഫോൺ റിങ് ചെയ്യുമ്പോഴും ഓരോ മുഖവും പ്രതീക്ഷയോടെ തിളങ്ങും….. ചിലരുടെ മക്കൾ സാരിയും കമ്പിളിപ്പുതപ്പും മിഠായികളുമായി കാണാൻ വരും….. കൂടെ നിന്ന് ഫോട്ടോകൾ എടുക്കും….അപ്പോഴെല്ലാം കൊതിയോടെ നോക്കി നിൽക്കുക മാത്രം ചെയ്യും….ഓരോ കുഞ്ഞുങ്ങളെയും കാണുമ്പോൾ ഡേവിഡിന്റേയും സേവ്യറിന്റെയും ജോണിന്റെയും മക്കളുടെ കുഞ്ഞുമുഖം മനസിലേക്ക് ഓടിപിടച്ചെത്തും…..

കുഞ്ഞുങ്ങളെല്ലാം വലുതായിട്ടുണ്ടാകും…. താൻ അവിടെ നിന്നും വരുമ്പോൾ സേവ്യറിന്റെ പെണ്ണിന് മൂന്നാമതും വയറ്റിൽ ഉണ്ടായിരുന്നു….. അതൊരു കുഞ്ഞു മാലാഖയായിരിക്കും….. ഓരോന്നോർത്ത്, ഓർമ്മകൾ മാത്രമായി ഓരോ ഞായറാഴ്ചകളും കടന്നുപോകും…… ഇടയ്ക്ക് ഉറക്കത്തിൽ ഡേവിഡും സേവ്യറും ജോണും ഭാര്യമാരെയും കുഞ്ഞുങ്ങളെയും കൂട്ടി ‘അമ്മച്ചീ’ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ഓടി വരുന്നത് സ്വപ്നം കാണും….. എന്നും ആ ഒരു സ്വപ്നം മാത്രം കാണിച്ചു തരാനവർ കർത്താവിനോട് പ്രാർത്ഥിക്കും…. സ്വപ്നത്തിലെങ്കിലും തന്റെ മക്കളെയും കൊച്ചുമക്കളെയും കാണാനുള്ള മോഹമായിരുന്നു ആ അമ്മയിൽ…..

അന്നും ഒരു ഞായറാഴ്ച ആയിരുന്നു…..

പക്ഷേ പതിവ് പോലെ അന്ന് കുളിച്ചുമാറ്റുകയോ ഫോണിനരുകിൽ ചെന്ന് നിൽക്കുകയോ ചെയ്തില്ല…..കിടക്കയിൽ ഇരുന്ന് തല ചുമരിലേക്ക് ചാരിവച്ച് ജനൽവഴി പുറം കാഴ്ചകളിലേക്ക് നോക്കി ഇരിക്കുക മാത്രം ചെയ്തു….അവിടെ ആരൊക്കെയോ അവരുടെ അമ്മയെയും അച്ഛനെയുമൊക്കെ കാണാൻ വന്നിട്ടുണ്ട്…… അവരുടെയെല്ലാം ചിരികളികൾ നോക്കി നിസ്സംഗതയോടെ ഇരുന്നു…… പ്രതീക്ഷ നഷ്ടപെട്ട ഒരമ്മയുടെ വേദന…ഏറെനേരത്തിനു ശേഷം പഴക്കം ചെന്ന് കീറിപ്പറിഞ്ഞ ബാഗിൽ എന്തോ ആവേശത്തോടെ പരതി…കയ്യിൽ കിട്ടിയ കഷ്ണിച്ച കടലാസുമായി മദറിനരുകിലേക്ക് നടന്നു…..

“”ഞാൻ… ഞാനൊന്ന് വീട്ടിലേക്ക് വിളിച്ചോട്ടെ…???”” ഫോണിനുമേൽ കൈവെച്ച് മോഹത്തോടെ മദറിന്റെ മുഖത്തേക്ക് നോക്കി…….

നമ്പർ ഉണ്ടായിട്ടാണോ ഇതുവരെ വീട്ടിലേക്ക് വിളിക്കാതെ ഇരുന്നത്…..??

“”തീരെ പഴയ നമ്പറാ വിളിച്ചാൽ കിട്ടുമോന്ന് അറിയില്ല. മക്കളെ കാണാൻ വല്ലാതെ കൊതി തോന്നുന്നു…..”” മദറിന്റെ മറുചോദ്യത്തിന് വേദനയോടെ മറുപടി കൊടുത്തു…

കടലാസിലെ നമ്പർ വിറവലോടെ കുത്തി ഫോൺ ചെവിയിലേക്ക് പിടിക്കുമ്പോൾ ആദ്യം അതൊന്ന് അടിഞ്ഞു കേൾക്കേണമേ എന്ന പ്രാർത്ഥനയായിരുന്നു…. പിന്നെ മറുപുറം ആരെങ്കിലും ആ ഫോണൊന്ന് എടുക്കണമേ എന്നും…….

“”ഹലോ….”” അപ്പുറത്ത് നിന്നും മക്കളിൽ ഒരുവന്റെ ശബ്ദം കാതിലേക്ക് തുളച്ചുകയറി…..നെഞ്ച് നീറി…..പറയാൻ കരുതിവച്ച വാക്കുകൾ തൊണ്ടക്കുഴിയിൽ കുടുങ്ങി കിടന്നു…ഇനിയും മിണ്ടാതെ ഇരുന്നാൽ ഫോൺ വച്ചിട്ടുപോകും എന്ന് തോന്നിയതുകൊണ്ടാകാം നാവൊന്ന് ഉയർന്നത്…..

“”മോ… നെ…”” ശബ്ദം ഇടറി…..

“”ജോണേ…. അമ്മച്ചിയാ വൃദ്ധസദനത്തൂന്ന്….”” വർഷം ഒന്ന് കഴിഞ്ഞെങ്കിലും ഓരോ മക്കളുടെയും ശബ്ദം പോലും ആ അമ്മമനസിൽ മായാതെ കിടപ്പുണ്ടായിരുന്നു…..

“”മോനേ….”” മറുപടിയൊന്നും ഇല്ലാതെകണ്ട് വീണ്ടും കൊതിയോടെ വിളിച്ചു…..

“”മ്മ്മ്…””

“”സുഖാണോ….?? ഡേവിയും സേവ്യറും മക്കളുമൊക്കെ….?? “” വല്ലാത്തൊരാവേശം നിറഞ്ഞു ആ വൃദ്ധയുടെ ചോദ്യത്തിൽ…..

“”ഇവിടുണ്ട് സേവിച്ചായന്റെ കൊച്ചിന്റെ മാമോദിസ ആയിരുന്നു ഇന്നലെ…..””

“”മോളാണോ….??””

“”ഉം അതേ…””

“”അമ്മച്ചിക്ക് അറിയാമായിരുന്നു അത് പെൺകുഞ്ഞ് ആയിരിക്കുമെന്ന്…..”” ആഹ്ലാദത്തോടെ, ചിരിയോടെ പറഞ്ഞു….മക്കളോരോരുത്തരും, പിന്നെ കൊച്ചുമക്കളും എല്ലാം മാറി മാറി ഫോണെടുത്തു…. ഒടുക്കം വീണ്ടുമത് ജോണിന്റെ കൈകളിൽ എത്തി…..

“”എന്നാ വച്ചേക്കട്ടെ അമ്മച്ചീ….??””

“”അടുത്താഴ്ച ഒന്ന് ഇത്രിടം വരെ വരാമോ എല്ലാരും ചേർന്ന്…..?? അമ്മച്ചിക്ക് എല്ലാരേം കാണാൻ വല്ലാതെ കൊതി തോന്നുന്നു……മക്കള് വന്നാലും അമ്മച്ചി നിങ്ങൾക്കൊപ്പം വരണമെന്ന് പറയില്ല….. വാക്കാ….ഒന്ന് വരാമോ…..കുഞ്ഞുങ്ങളെയെല്ലാം കാണാൻ കൊതി തോന്നുന്നു മോനേ അതാ….”” ഹൃദയം കൊണ്ട് നിലവിളിച്ച് കെഞ്ചുകയായിരുന്നു…..

*** **** **** ***** *****

“”എല്ലാ ഞായറാഴ്ചകളിലും നേരം വെളിച്ചം വീണതുമുതൽ ഇരുട്ട് കനക്കും വരെ നിങ്ങടെ അമ്മച്ചി ആ ഫോണിനരുകിൽ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട്…നിങ്ങളിൽ ആരെങ്കിലും അവരെ വിളിക്കുമെന്ന് മോഹിക്കാറുണ്ട്……”” മദർ സുപ്പീരിയർ നേരിയ പുഞ്ചിരിയോടെ ജോണിന്റെയും ഡേവിഡിന്റേയും സേവ്യറിന്റെയും അരികിൽ നിന്നുകൊണ്ട് അങ്ങ് ദൂരെ കൊച്ചുമക്കൾക്കൊപ്പം ചിരിച്ചു കളിക്കുന്ന അവരുടെ അമ്മച്ചിയെ നോക്കി…… യാന്ത്രികമായി മൂന്ന്പേരുടെ കണ്ണുകളും അമ്മച്ചിക്കുമേൽ പതിഞ്ഞു……

“”നിങ്ങടെ അപ്പച്ചൻ അമ്മച്ചിയെ വിവാഹം ചെയ്യുമ്പോൾ ഡേവിഡിന് പ്രായം പന്ത്രണ്ടായിരുന്നു ലെ?? സേവ്യറിന് എട്ടും ജോണിന് നാലും… അങ്ങനല്ലേ….?? ആാാ പ്രായം തൊട്ട് നിങ്ങടൊപ്പം ഉണ്ടായിരുന്ന സ്ത്രീയാണത്…. ഇക്കാലമത്രയും നിങ്ങൾക്ക് വച്ചുവിളമ്പി തന്നവൾ… നിങ്ങളുടെ വിയർപ്പ് അലക്കി വെളുപ്പിച്ച് തന്നവൾ… നിങ്ങളുടെ അടിവസ്ത്രം പോലും മടികൂടാതെ കഴുകിയവൾ….നിങ്ങൾക്കൊന്ന് പനിക്കുമ്പോൾ വീണ് പൊട്ടുമ്പോൾ നിങ്ങളെക്കാളേറെ കണ്ണ് നിറച്ചവൾ…..

ഇപ്പം നിങ്ങൾ കരുതുന്നുണ്ടാകും പെറ്റവയറിനെ ഉപേക്ഷിച്ചുകളയുന്ന മക്കളുണ്ട് ഈ ലോകത്ത് അവരെ വച്ചുനോക്കുമ്പോൾ നിങ്ങളുപേക്ഷിച്ചത് ‘നിങ്ങളെ’ പെറ്റ വയറിനെ അല്ലാലോന്ന്……. അതൊന്നുമല്ല എനിക്ക് പറയാനുള്ളത്……..ഇടയ്ക്കെങ്കിലും ആ സ്ത്രീയെ ഒന്ന് വിളിക്കാമായിരുന്നു…..സുഖമാണോ എന്നൊന്ന് ചോദിക്കാമായിരുന്നു… വല്ലപ്പോഴെങ്കിലും കൊച്ചുമക്കളുടെ ശബ്ദമെങ്കിലും നിങ്ങൾക്ക് കേൾപ്പിച്ചുകൊടുക്കാമായിരുന്നു…. ഇനി അതിനുള്ള അർഹതയും അവർക്ക് ഇല്ലാന്നാണോ ഡേവിഡ്…..??? അവര് നിങ്ങടെയൊക്കെ ‘അച്ഛന്റെ ഭാര്യ’ മാത്രമായിരുന്നെന്നാണോ…??? ഇനിയും ആ സ്ത്രീ കാത്തിരിക്കും, എല്ലാ ഞായറാഴ്ചകളിലും നേരത്തെ എഴുന്നേറ്റ് കുളിച്ചൊരുങ്ങും…… പറ്റുമെങ്കിൽ ഒരു അഞ്ചുമിനിറ്റ് ഞായറാഴ്ചകളിൽ അവർക്കായി നിങ്ങൾ മാറ്റി വയ്ക്കണം…..വർഷത്തിൽ ഒരിക്കലെങ്കിലും അവരെ കാണാൻ വരണം…നിങ്ങടെ അപ്പച്ചൻ ജീവിച്ചിരുന്നപ്പോൾ രാജ്ഞിയെ പോലെ വാഴിച്ച സ്ത്രീയാണത്…..”” അത്രമാത്രം പറഞ്ഞ് മദർ സുപ്പീരിയർ ഉള്ളിലോട്ടു നടന്നു….

മൂന്ന് പേരും കുറച്ചുനേരം കൊച്ചുമക്കളുടെ കുസൃതികളിൽ മതിമറന്ന് അട്ടഹസിച്ച് ചിരിക്കുന്ന അമ്മച്ചിയെ നോക്കി നിന്നു…വീണ്ടുമേറെ നേരം എല്ലാവരും ചേർന്ന് അമ്മച്ചിക്കൊപ്പം സമയം ചിലവിട്ടു…..നിറയെ ഫോട്ടോകൾ എടുത്തു….. ഇറങ്ങാൻ നേരം യാത്രപറഞ്ഞപ്പോൾ ആ വൃദ്ധയുടെ കണ്ണുകൾ വീണ്ടും ഈറനായി…. വരുത്തി പിടിപ്പിച്ച ചിരിയോടെ മൂന്ന് ആണ്മക്കളുടെയും നെറ്റിയിൽ മുത്തമേകി……. കൊച്ചുമക്കളെ ഇറുകെ പുണർന്നു…. മരുമക്കളെ സ്നേഹത്തോടെ തലോടി…….

“”പോയിട്ട് വാ…. അമ്മച്ചി കാത്തിരിക്കും….”” കരയാതിരിക്കാനായില്ല നീർതുള്ളികൾ കണ്ണിൽ നിന്നും ഉരുണ്ടുവീണു….. കാർ ദൂരേക്ക് അകലുമ്പോൾ വീണ്ടും പഴയ പ്രതീക്ഷ മുളപൊട്ടി… എല്ലാ ആഴ്ചയിലും അവരെല്ലാം അമ്മച്ചിയെ വിളിച്ച് രണ്ടുവാക്ക് സംസാരിക്കുമെന്ന്…. ഇടയ്ക്ക് ഇതുപോലെ എല്ലാം മറന്ന് അമ്മച്ചിക്കൊന്ന് ഉള്ളുതുറന്ന് ചിരിക്കാനായി അവരെല്ലാം ചേർന്ന് വരുമെന്ന്…നേര്യതിന്റെ തുമ്പുകൊണ്ട് ഒഴുകിത്തുടങ്ങിയ കണ്ണുനീർ തുടച്ചു…..

“ദേ ഇനി ഇങ്ങോട്ട് വരണ്ട ഡേവിച്ചായാ അമ്മച്ചിക്ക് നമ്മടൊപ്പം വരാൻ വല്ലാത്ത കൊതി ഉണ്ടായിരുന്നു….. ഇങ്ങനെ ആണെങ്കിൽ ഏതെങ്കിലും ഒരു വരവിൽ അവര് വീണ്ടും നമ്മുടെ തലയിൽ ആവും…..എന്തായാലും നിങ്ങളെ പെറ്റ സ്ത്രീയൊന്നുമല്ലല്ലോ…’അച്ഛന്റെ ഭാര്യ’യല്ലേ……” വണ്ടിക്കുള്ളിൽ നിന്നും പെണ്ണൊരുത്തിയുടെ ശബ്ദം ഉയർന്നു അത് ശരി വയ്ക്കുമ്പോലെ ഉള്ളിലിരുന്ന ഓരോരുത്തരുടെയും തല അനങ്ങി….

അപ്പോഴും പ്രതീക്ഷ മങ്ങാതെ ആ വൃദ്ധ അകലങ്ങളിലേക്ക് മറയുന്ന കാറിനേയും നോക്കി കൈവീശി കാണിക്കുന്നുണ്ടായിരുന്നു…..കരഞ്ഞുകൊണ്ട് ചിരിക്കുന്നുണ്ടായിരുന്നു…….

അവസാനിച്ചു…