ഇനിയുംഈവഴിയേ ~ രചന: ഉണ്ണി കെ പാർത്ഥൻ
“സാറിന് എന്നേ ഒന്ന് പ്രേമിക്കാമോ..” ചോദ്യം കേട്ട് മനു തിരിഞ്ഞു നോക്കി..
ഇരുപത് ഇരുപത്തിരണ്ട് വയസ് പ്രായം തോന്നുന്ന സുന്ദരിയായ ഒരു പെൺകുട്ടിയേ കണ്ടു മനു ചുറ്റിനും നോക്കി…
“സാറിനോട് തന്നാ സാറേ..ചുറ്റും നോക്കി വിഷമിക്കേണ്ട..” ആ പെൺകുട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു…
“എന്റെ കല്യാണം കഴിഞ്ഞതാ ലോ…കുട്ടി വേറെ ആരേലും നോക്കൂ ട്ടോ.. എനിക്ക് ഇച്ചിരി തിരക്കുണ്ട്..” മനു വേഗം കാറിന്റെ ഡോർ തുറന്നു അകത്തേക്ക് കയറി..
“ന്താ…മനുവേട്ടാ..ആരാ ആ കുട്ടി…” കാറിനുള്ളിൽ ഇരുന്നു സിതാര ചോദിച്ചതും മനു വെട്ടിവിയർക്കാൻ തുടങ്ങി..
“ന്റെ കൃഷ്ണാ..ഓരോന്ന് കേറി വരികയാണല്ലോ രാവിലെ തന്നേ…അല്ലേ തന്നേ ഇവൾക്ക് മുടിഞ്ഞ സംശയമാണ്..ഇനി ഇത് കൂടെ കേട്ടാൽ..” സ്വയം പറഞ്ഞു സിതാരയേ നോക്കി വിളറിയ ചിരി ചിരിച്ചു മനു..
“ആരാ..മനുവേട്ടാ ആ കുട്ടി..”
“അറിയില്ല മോളേ..ആള് മാറിന്നാ തോന്നുന്നേ ആ കുട്ടിക്ക്..”
“ങ്ങേ..അങ്ങനെ ആണോ…ആരെയാവോ..ആ കുട്ടി അന്വേഷിച്ചത്..” ഡോർ തുറന്നു സിതാര പുറത്തേക്ക് ഇറങ്ങി..
“ന്താ..ന്താ മോളേ കാര്യം..” സിതാരയുടെ ചോദ്യം കേട്ട് ആ പെൺകുട്ടി തിരിഞ്ഞു നോക്കി..
“ഒന്നുല്ല ചേച്ചി..ആ സാറിനോട് എന്നേ ഒന്ന് പ്രേമിക്കാൻ പറ്റോന്ന് ചോദിച്ചതാ..”
വാ പിളർന്നു നിന്നു പോയി സിതാര..
“അതേ..ഇന്ന് ഒരു ദിവസത്തേക്ക് മതിയോ…” സിതാരയുടെ ചോദ്യം കേട്ട് ആ പെൺകുട്ടി ഒന്ന് ഞെട്ടി…
“അത് പിന്നെ..” ആ പെൺകുട്ടി നിന്നു പരുങ്ങി..
“ഏട്ടാ…ഒന്നിറങ്ങി വന്നേ…” ഡോറിന്റെ ഇടയിലൂടെ തലയിട്ട് സിതാര മനുവിനെ വിളിച്ചു..
“ന്റെ കൃഷ്ണാ…” മനു ഉള്ളിൽ വിളിച്ചു ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി..
“ദാ…മോളേ…മോള് പ്രേമിച്ചോ ട്ടോ..എന്നിട്ട് എപ്ലാ ന്ന് വച്ചാൽ തിരിച്ചു വിട്ടാൽ മതി..”
“ചേച്ചി…അത് പിന്നേ..ഞാൻ വെറുതേ…” ആ പെൺകുട്ടി നിന്നു പരുങ്ങി..
“ന്താ മോൾടെ പേര്…” സിതാര പതിയെ ചോദിച്ചു…
“ജിനി..”
“ന്റെ മോളേ..ഇങ്ങനെ കുടുംബം കലക്കാൻ ആരാ മോളേ പറഞ്ഞയച്ചേ…ശരിയാണ്..എനിക്ക് ഇച്ചിരി സംശയം കൂടുതൽ ആണ് എന്റെ ഭർത്താവിനെ….അത് മനസിലാക്കി കുടുംബം കലക്കാൻ വന്നാലുണ്ടല്ലോ…നീയല്ലേ ഡീ..കഴിഞ്ഞ ദിവസം വീട്ടിൽ വന്ന് ഏട്ടനെ അന്വേഷിച്ചത്..” സിതാരയുടെ ചോദ്യം കേട്ട് മനു ഞെട്ടി ജിനിയേ നോക്കി…
“സിതാരേ..എനിക്ക് അറിയില്ല ട്ടോ..ഈ കുട്ടിയേ…” മനു വിളറി വെളുത്തു കൊണ്ട് പറഞ്ഞു..
“എനിക്കറിയാം മനുഷ്യാ നിങ്ങളേ..പക്ഷേ…നിങ്ങളെ ഇവൾക്ക് അറിയില്ല ലോ..മോളേ..നോക്കിയാൽ ഗർഭം ഉണ്ടാവുന്ന സൈസാണ് ഈ മനുഷ്യൻ…ഇങ്ങേരെ തന്നേ പ്രേമിക്കണോ മോളേ..പ്രേമിക്കാണേൽ പ്രേമിച്ചോ..പിന്നെ പത്തു മാസം കഴിഞ്ഞു ന്റെ വീട്ടിലേക്ക് കേറി വന്നാൽ..ചട്ടകം ചൂടാക്കി ച ന്തിക്കു വെക്കും ഞാൻ…അവളുടെ ഒരു പ്രേമം..വീട്ടി പോടീ..നിങ്ങള് കേറ് മനുഷ്യാ..” അതും പറഞ്ഞു സിതാര ഡോർ തുറന്നു അകത്തേക്ക് കയറി…
“ന്റെ സിതാരേ സത്യമായിട്ടും എനിക്ക് അറിയില്ല ട്ടോ ആ കൊച്ചിനേ..” കാറിൽ കയറി സിതാരയേ നോക്കി മനു പറഞ്ഞു..
“ആ എനിക്കറിയാം ന്നേ എല്ലാം..അവൾക്കും എല്ലാം മനസിലായി കാണും..ഏട്ടൻ വണ്ടി എടുത്തേ നേരം ഒരുപാട് വൈകി..”
“ന്റെ കൃഷ്ണാ..ഇനിയും പരീക്ഷണമോ…ഇനി ഇതിന്റെ പൊട്ടിത്തെറി എന്നാണോ ന്തോ..” സ്വയം പറഞ്ഞു മനു കാർ മുന്നോട്ടെടുത്തു..നഖം കടിച്ചു സിതാര നോട്ടം മുന്നോട്ടു പായിച്ചു..
ശുഭം..