അപ്പുറത്ത് നിന്നും ശ്രീയേട്ടാ എന്ന അവളുടെ വിളി കേട്ടപ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു ആശ്വാസം തോന്നി അവന്…

രചന: മഹാ ദേവൻ

അവനിലക്ക് ചേർന്നുകിടന്നു രോമാവൃതമായ നെഞ്ചിലൂടെ വിരലോടിക്കുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു…

” അമ്മയും അച്ഛനും ഈ വീടും വിട്ട് എങ്ങോട്ടും വരില്ലെന്ന് വെച്ച് നമ്മളും ഈ നരകത്തിൽ തന്നെ കിടക്കണോ ഏട്ടാ…എനിക്ക് വയ്യ ഇവിടെ ഇങ്ങനെ ശ്വാസം മുട്ടി ജീവിക്കാൻ.എന്റെ വീട്ടിൽ വിശാലമായ മുറിയിൽ കിടന്ന് ശീലിച്ച എനിക്ക് ഇവിടുത്തെ കുടുസുമുറി ഒരു ജെയിൽ പോലെ ആണ്. അച്ഛനേം അമ്മേം നോക്കണ്ട എന്നൊന്നും അല്ലല്ലോ ഞാൻ പറയുന്നത്. നമ്മൾ ഒരു വീട് വെക്കുമ്പോൾ അവർക്ക് താല്പര്യം ഉണ്ടെങ്കിൽ അവിടെ താമസിക്കാലോ. അതല്ല, ഇവിടെ തന്നെ കിടന്ന് മരിക്കണമെന്ന വാശിയും പിടിച്ചിരിക്കുവാണേൽ അവർ ഇവിടെ നിൽക്കട്ടെ.അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്താൽ പോരെ. നോക്കാൻ ഒരാളെയും നിർത്താം. അല്ലാതെ ഇനിയും കുറച്ചു കഴിയട്ടെ എന്നും പറഞ്ഞ് എന്നെ സമാധാനിപ്പിക്കാൻ ആണ് ഏട്ടന്റെ പുറപ്പാടെങ്കിൽ ഞാൻ എന്റെ വീട്ടിൽ പോയി നിന്നോളാ. അല്ലതെ ഇവിടെ കിടന്ന് കുപ്പിയിൽ കൂറ പെട്ടപോലെ കിടന്ന് തിരിയാൻ എനിക്ക് പറ്റില്ല ഇനി ” എന്ന്.

എന്നും കിടക്കുമ്പോൾ അവൾക്ക് പറയാൻ ഇത് മാത്രേ ഉളളൂ എന്നത് കൊണ്ട് മറുത്തൊന്നും പറയാതെ അവൾ പറഞ്ഞതും കേട്ട് കിടക്കുമ്പോൾ ശ്രീയുടെ മനസ്സിൽ ഒരു ബാല്യം ഓടിനടന്ന ആ വീടിനെ കുറിച്ചുള്ള ചിന്തയായിരുന്നു. ഒരുപാട് ഓർമ്മകൾ കൊണ്ട് മനോഹരമായ അവിടം വിട്ടൊരു പോക്ക് അവന് ആലോചിക്കാൻ പോലും കഴിയുന്നിലായിരുന്നു. അതുപോലെ ഒരിക്കൽ എല്ലാം ഇട്ടെറിഞ്ഞു കൂടെ വന്നവളെ വിഷമിക്കാനും വയ്യ.

ഒരു മകനെന്ന നിലയിലും ഭർത്താവെന്ന നിലയിലും ആരെയും തള്ളാൻ കഴിയില്ലല്ലോ എന്നോർത്തുള്ള ധർമ്മസങ്കടത്തിൽ ആയിരുന്നു അപ്പോഴെല്ലാം അവന്റെ മനസ്സ്.

” ശ്രീയേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ… എന്റെ ഇഷ്ട്ടങ്ങൾക്ക് ഒരു വിലയുമില്ലാതായല്ലേ ഇപ്പോൾ. അല്ലേലും അതങ്ങനെ ആണല്ലോ. പ്രേമിക്കുമ്പോൾ പറയുന്ന വാക്കുകളുടെ ആയുസ്സ് കഴുത്തിൽ ഒരു താലി വീഴുന്നത് വരെ മാത്രം ആണല്ലോ. അല്ലെ. സാരല്യ..

ജീവിതത്തിൽ പലതും അനുഭവം കൊണ്ട് പഠിക്കേണ്ടതുണ്ട്. അതിൽ ഒന്നായി ഇതിനെയും ഞാൻ കണ്ടോളാം. ചിരിച്ചുകൊണ്ടുള്ള വാക്കുകൾ കേൾക്കുമ്പോൾ ചിന്തിച്ചുവേണം ചേർന്ന് ചിരിക്കാൻ എന്ന്. “

അതും പറഞ്ഞവൾ അവനിൽ നിന്നും അടർന്നുമാറി പുറം തിരിഞ്ഞു കിടക്കുമ്പോൾ അവനറിയില്ലായിരുന്നു ഇതിനിടയിൽ എങ്ങിനെ ഒരു തീരുമാനത്തിൽ എത്തുമെന്നുള്ളത്.

രാവിലെ പിണക്കം മാറാതെ വീർത്തുകെട്ടിയ അവളുടെ മുഖം കണ്ട് ജോലിക്കായി ഇറങ്ങുമ്പോൾ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു….

“അവൾ പറഞ്ഞപോലെ മറ്റൊരു വീട്ടിലേക്ക് താമസം മാറിയാൽ തന്നെ അച്ഛനും അമ്മയും ഇവിടെ ഒറ്റക്ക് ആക്കി സമാധാനത്തോടെ പുതിയ വീട്ടിൽ കിടന്ന് ഉറങ്ങാൻ കഴിയുമോ “

അവൻ ഓഫീസിലെത്തുമ്പോഴും ജോലിയിൽ മുഴുകുമ്പോഴും മനസ്സിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ ഉണ്ടായിരുന്നു.

ഉച്ചക്ക് കാന്റീനിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങുമ്പോൾ ആയിരുന്നു പതിവില്ലാതെ ഹിമയുടെ കാൾ. രാവിലെ മുഖം വീർപ്പിച്ചിരുന്നവളാണ് വിളിക്കുന്നത് എന്ന് മനസ്സിലായപ്പോൾ പിണക്കം മാറിയിട്ടുള്ള വിളിയാകുമെന്നുള്ള സന്തോഷത്തിൽ കാൾ അറ്റന്റ് ചെയ്തു ശ്രീ.

അപ്പുറത്ത് നിന്നും ശ്രീയേട്ടാ എന്ന അവളുടെ വിളി കേട്ടപ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു ആശ്വാസം തോന്നി അവന്.

അവൻ സന്തോഷത്തോടെ അവളുടെ വിളി മൂളിക്കേൽക്കുമ്പോൾ അവൾക്ക് പറയാനുണ്ടായിരുന്നത് മറ്റൊന്നായിരുന്നു.

” ശ്രീയേട്ടാ… നമുക്ക് വൈകീട്ട് ഒന്ന് വീട്ടിൽ പോയാലോ? അച്ഛനും അമ്മേം അവിടെ ഒറ്റക്കാ.. ഏട്ടനും ഏട്ടത്തിയമ്മയും നാളെ ഡൽഹിക്ക് പോവാനത്രേ എന്തോ ഓഫീസ് ടൂറുമായി. ഒരാഴ്ച കഴിഞ്ഞേ അവർ വരൂ.. അതുവരെ അവിടെ അമ്മയും അച്ഛനും ഒറ്റക്കല്ലേ.. ഒന്ന് വിളിച്ചാൽ ഓടിയെത്താൻ പോലും അടുത്ത് ആരും ഇല്ലല്ലോ.” എന്ന്.

അത്‌ കേട്ടപ്പോൾ അവന്റെ മുഖത്തൊരു നിസ്സംഗത തെളിഞ്ഞുനിന്നു. മനസ്സിൽ ചിന്തകൾ പലതും ഓടിമറിഞ്ഞെങ്കിലും അതോടൊപ്പം അവളുടെ വാക്കുകളോട് തോന്നിയ അനിഷ്ടം പുറത്തുകാണിക്കാതെ ” ശരി ” എന്ന് പറയുമ്പോൾ അവൻ മനസ്സിൽ ഒന്ന് ഉറപ്പിച്ചിരുന്നു. !

ജോലി കഴിഞ്ഞ് വൈകീട്ട് വീട്ടിലെത്തുമ്പോൾ സ്വന്തം വീട്ടിലേക്ക് പോകാനുള്ള എല്ലാ തെയ്യാറെടുപ്പോടെയും ശ്രീയെ കാത്തു നിൽക്കുകയായിരുന്നു ഹിമ. ഓട്ടോയിൽ വന്നിറങ്ങിയ അവനെ കണ്ടപ്പോൾ തന്നെ അവൾ സന്തോഷത്തോടെ അവന്റെ അരികിലേക്ക് വന്നു.

” വേം റെഡി ആകൂ ശ്രീയേട്ടാ.. നമ്മൾ വരുമെന്ന് പറഞ്ഞത് കൊണ്ട് എല്ലാവരും കാത്തിരിക്കുകയാവും ” എന്ന് പറയുന്ന അവളെ ആകെ മൊത്തം ഒന്ന് ഉഴിഞ്ഞുകൊണ്ട് അവൻ അകത്തേക്ക് നടന്നു.

പെട്ടന്ന് തന്നെ കുളിച്ചു ഫ്രഷ് ആയി ഒരുങ്ങി അവൻ പുറത്തേക്കിറങ്ങുമ്പോൾ ഉമ്മറത്തു തന്നെ അവരെ യാത്രയാക്കാൻ നിൽക്കുന്ന അച്ഛനും അമ്മയും ” സൂക്ഷിച്ച് പോണേ മക്കളെ ” എന്നു പറയുമ്പോൾ അവൻ അവരെ നോക്കി പുഞ്ചിരിച്ചു.

പിന്നെ ” വേം വരാം അമ്മേ ” എന്നും പറഞ്ഞ് പടിയിറങ്ങുമ്പോൾ അവൾ ആദ്യം ഓടി ഓട്ടോയിൽ കയറിയിരുന്നു. യാത്രയാക്കാൻ നിന്ന അച്ഛനോടും അമ്മയോടും അവൾ ഒരു യാത്ര പോലും പറഞ്ഞില്ലല്ലോ എന്നോർത്തപ്പോൾ അവന് സങ്കടത്തോടൊപ്പം വല്ലത്ത ഒരു ദേഷ്യവും തോന്നി.

ഏറെ നേരത്തെ ഓട്ടത്തിന് ശേഷം ഓട്ടോ അവളുടെ വീട്ടുമുറ്റത്തു നിർത്തുമ്പോൾ അവൾ ആവേശത്തോടെ ഓടിയിറങ്ങി. അവരെ പ്രതീക്ഷിച്ചിരിക്കുന്ന എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൻ അവളുടെ ബാഗെടുത്തു പുറത്തേക്ക് വെക്കുമ്പോൾ ” കേറി വാ മോനെ ” എന്നും പറഞ്ഞ് അവനെ ഉള്ളിലേക്ക് ക്ഷണിച്ച ഹിമയുടെ അച്ഛനോട് അവൻ പറയുന്നുണ്ടായിരുന്നു

“ഞാൻ കേറുന്നില്ല അച്ഛാ.. ഈ വണ്ടിയിൽ തന്നെ തിരികെ പോയാൽ അതികം ഇരുട്ടാതെ വീട്ടിൽ എത്താലോ ” എന്ന്.

അത്‌ കേട്ട് ഹിമ അവനെ വല്ലാത്തൊരു ഭാവത്തോടെ നോക്കികൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു…

” അതെന്താ ശ്രീയേട്ടാ അങ്ങനെ പോകുന്നെ.. നമ്മൾ വന്നതല്ലേ ഉളളൂ… അല്ലേലും ശ്രീയേട്ടന് എന്റെ വീട്ടിൽ ഒരു ദിവസം താമസിക്കുക എന്ന് പറഞ്ഞാൽ അലർജി ആണല്ലോ അല്ലെ… ഇവിടെ ഉള്ളോരും മനുഷ്യരാണ് ശ്രീയേട്ടാ.. അച്ഛനും അമ്മയും എത്ര പ്രതീക്ഷയോടെ ആണ് നമ്മളെ കാത്തുനിന്നത്… എന്നിട്ട്….. “

അവൾ പറഞ്ഞ് മുഴുവനാക്കും മുന്നേ അവൻ അവളെ തടഞ്ഞുകൊണ്ട് പുഞ്ചിരിയോടെ പറയുന്നുണ്ടായിരുന്നു

” അതേ ഹിമേ.. എല്ലാവരും മനുഷ്യർ ആണ്. അത്‌ നീയും മനസ്സിലാക്കണം. ഇപ്പോൾ നിന്റെ വീട്ടിൽ വന്നിട്ട് ഞാൻ ഇവിടെ നിന്ന് പോകുമ്പോൾ നിന്റെ വീട്ടുകാർക്ക് ഇത്രക്ക് വേദനിക്കുമെന്ന് നീ പറയുമ്പോൾ നീ ഒന്ന് ഓർത്തോ ? ഇന്ന് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ സ്നേഹത്തോടെ ശ്രദ്ധിച്ചു പോണേ മക്കളേ എന്നും പറഞ്ഞ എന്റെ അമ്മയോടും അച്ഛനോടും ” പോയിവരാം അമ്മേ, അച്ഛ എന്നൊരു യാത്ര പറയാൻ നിനക്ക് തോന്നിയോ? അപ്പൊ നിനക്ക് വേഗം ഇവിടെ എത്താൻ ആയിരുന്നു ദൃതി. നിന്റെ അച്ഛനും അമ്മയും ഒറ്റക്കാകാതിരിക്കാൻ നീ ഇങ്ങോട്ട് പോരുമ്പോൾ അതുപോലെ രണ്ട് മനുഷ്യർ അവിടെയും ഉണ്ടെന്ന് നീ ഓർത്തോ?അവരെ ഒറ്റക്കാക്കി വേറെ താമസിക്കാൻ വാശി പിടിക്കുന്ന നീ സ്വന്തം അച്ഛന്റെയും അമ്മയുടെയും അടുത്ത് രാത്രി ആരും ഇല്ലെന്ന് അറിഞ്ഞപ്പോൾ കാട്ടിയ അതേ സ്നേഹം തന്നെ ആണ് എനിക്ക് എന്റെ അച്ഛനൊടും അമ്മയോടും.എല്ലാവർക്കും സ്വന്തം കാര്യം മാത്രമാണല്ലോ വലുത്. നീ രാവിലെ പറഞ്ഞപോലെ രാത്രി ഒന്ന് വയ്യാതായാൽ ഒന്ന് വിളിച്ചാൽ ഓടിയെത്താൻ ആരുമില്ലാത്ത രണ്ട് മനുഷ്യർ ആ വീട്ടിലും ഉണ്ട്. ഒരാഴ്ച നിന്റെ വീട്ടുകാരെ ഒറ്റക് ആക്കാൻ മനസ്സ് വരാത്ത നീ ആണ് ഇനിയുള്ള ജീവിതം മുഴുവൻ എന്റെ വീട്ടുകാരെ ഒറ്റക്കാക്കാൻ വാശിപിടിക്കുന്നത്. എന്തൊരു വിരോധാഭാസം…

കെട്ടികൊണ്ടുവന്ന വീട്ടിലുള്ളത് അമ്മായമ്മയും അമ്മയച്ചനും ആണെന്ന വേർതിരിവ് ഒഴിവാക്കി നിന്റെ അമ്മയും അച്ഛനും ആണെന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ നിനക്ക് ഇപ്പോൾ നിന്റെ അമ്മയെയും അച്ഛനെയും ചേർത്തുപിടിക്കുംപോലെ അവരെയും മനസ്സ് കൊണ്ട് ചേർത്തുപിടിക്കാൻ കഴിയും.

അച്ഛനും അമ്മയും മകളെ ഇതുംകൂടി ഒന്ന് പറഞ്ഞ് മനസ്സിലാക്കൂ. മനസ്സറിഞ്ഞു സ്നേഹിക്കാൻ കഴിഞ്ഞാലേ ഏത് ബന്ധങ്ങളും ദൃഢമാകൂ..അപ്പോൾ ഞാൻ ഇറങ്ങുവാ. ഇനിയും വൈകിയാൽ എന്റെ അച്ഛനും അമ്മയും അവിടെ ഒറ്റക്കാ..അവർക്ക് ഞാൻ മാത്രേ ഉളളൂ..

വേണ്ടാതാകുമ്പോൾ വലിച്ചെറിയാൻ കഴിയുന്നതല്ല ഇതൊന്നും. “

അതും പറഞ്ഞവൻ ഓട്ടോയിൽ കയറുമ്പോൾ അവളെ നോക്കികൊണ്ട് ഒന്നുകൂടി പറഞ്ഞു,

” കാക്കക്ക് തൻ കുഞ്ഞ് പൊന്കുഞ്ഞാ എന്നും. നമ്മുടെ മാതാപിതാക്കൾ കാണിക്കുന്ന ആ സ്നേഹം അതേ പോലെ തിരികെ കൊടുക്കുമ്പോഴേ മക്കളെന്ന വാക്കിന് നമുക്കും അർഹത ഉളളൂ… അതിൽ നൂറ് ശതമാനം നീ ശരിയാണ്. പക്ഷേ ആളെ നോക്കി അളന്നുനല്കുന്ന സ്നേഹമെന്ന വാക്കിന്റെ ആത്മാർത്ഥതയിൽ നീ വട്ടപ്പൂജ്യം ആണ്. ” എന്ന്.

അതും പറഞ്ഞുവന്നത് ഓട്ടോകാരനോട് വണ്ടി എടുക്കാൻ ആവശ്യപ്പെടുമ്പോൾ അവന്റെ വാക്കിനോട് യോജിക്കുംപോലൊരു പുഞ്ചിരി ഉണ്ടായിരുന്നു ഹിമയുടെ അച്ഛന്റെ മുഖത്ത്‌.

അവളുടെ മുഖതാണേൽ വടി കൊടുത്ത് അടി വാങ്ങിയ ഒരു വല്ലാത്ത മ്ലാനതയും..