താലികെട്ടിയവന്റെ വാക്ക്
രചന: ഷിജു കല്ലുങ്കൻ
“ദേ… ബെന്നിച്ചനാ വന്നേന്നു തോന്നുന്നു…”
പുറത്തു കാറു വന്നു നിൽക്കുന്ന ശബ്ദം കേട്ടതേ ലീലാമ്മ ചാടി എഴുന്നേറ്റു.
“ഒന്നു ചെന്നു വാതിലു തുറന്നേ…” അവർ തങ്കച്ചനെ തോണ്ടി.
“ഓ നീ ചെന്നു തുറന്നാ മതി. എനിക്ക് അവനെ ഫേസ് ചെയ്യാൻ വയ്യ!”
“ആഹാ… അപ്പോ അതിനുതക്ക പണീം ഒപ്പിച്ചോണ്ടാ മോളു വന്നേക്കുന്നതെന്ന് അപ്പനും മനസ്സിലായി അല്ലെ?”
ലീലാമ്മ പിറുപിറുത്തുകൊണ്ട് വാതിലിനരുകിലേക്കു നീങ്ങുന്നതിനു മുൻപേ സ്റ്റെയർകേസ് ഇറങ്ങി വന്ന ജാസ്മിൻ പോയി വാതിൽ തുറന്നു.
കാർ തുറന്നു വെളിയിലേക്കിറങ്ങി വന്നത് ബെന്നിച്ചന്റെ അപ്പൻ ജോയിക്കുട്ടിയും അമ്മ മേരിയമ്മയും ആയിരുന്നു.
“വാ… അപ്പച്ചാ കേറി വാ….” പുറത്തേക്കിറങ്ങിച്ചെന്ന് മേരിയമ്മയുടെ കൈപിടിച്ചു കൊണ്ട് ജാസ്മിൻ ചിരിച്ചു.
കുനിഞ്ഞ ശിരസ്സുമായി ജോയിക്കുട്ടിയും മേരിയമ്മയും അകത്തേക്കു കയറി വന്നപ്പോൾ അവരെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട് കാരണം തല താഴ്ത്തിത്തന്നെ നിൽക്കുകയായിരുന്നു ലീലാമ്മയും തങ്കച്ചനും.
ഏറ്റവും അടുത്ത ബന്ധുക്കൾക്കിടയിലുണ്ടാകുന്ന നിശബ്ദതയ്ക്ക് ഈയത്തെക്കാൾ ഭാരമുണ്ട് എന്ന് തങ്കച്ചനു തോന്നി.
“ബെന്നിച്ചൻ…? ” ലീലാമ്മ ചോദ്യത്തോടൊപ്പം വെളിയിലേക്കു നോക്കി.
“അവൻ വന്നില്ല ലീലാമ്മേ…” മേരിയമ്മയായിരുന്നു മറുപടി പറഞ്ഞത്.
“ക്ഷമിക്കണം ജോയ്ക്കൂട്ടി, ഞങ്ങടെ മകളു കാണിച്ചത് അവിവേകം ആണെന്ന് ഞങ്ങൾക്കറിയാം, അങ്ങോട്ട് വന്ന് സംസാരിക്കണം എന്നുണ്ടായിരുന്നു… പക്ഷേ…” തങ്കച്ചൻ പകുതിയിൽ നിർത്തി.
“അതെന്നാ തങ്കച്ചായാ അങ്ങനെ പറയുന്നത്? … ഇതിലിപ്പോ ക്ഷമ ചോദിക്കാൻ എന്തിരിക്കുന്നു. തെറ്റ് ആരുടെ ഭാഗത്താണെന്ന് കണ്ടു നിന്ന ഞങ്ങൾക്കു പോലും അറിയില്ല……” ജോയ്‌ക്കുട്ടി തങ്കച്ചന്റെ അരുകിലേക്ക് നീങ്ങിയിരുന്നു.
“സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്കും അറിയില്ല…. ജാസ്മിൻ ആണെങ്കിൽ ഒന്നും വിട്ടു പറയുന്നില്ല. എനിക്കിനി ബെന്നിച്ചനെ വേണ്ട ഞാൻ അങ്ങോട്ടു പോകില്ല എന്നു മാത്രം പറയുന്നു അവൾ….” ലീലാമ്മയുടെ കണ്ണിൽ കണ്ണീർ പൊടിഞ്ഞു.
ജാസ്മിൻ അടുക്കളയിലേക്കു പോയിരുന്നു.
മേരിയമ്മ തനിക്കറിയാവുന്ന കാര്യങ്ങൾ ഓർത്തെടുത്തു.
നാലു ദിവസം മുൻപ് ശനിയാഴ്ച വൈകുന്നേരം. ഏഴു ഏഴര മണിയായിക്കാണും. മേരിയമ്മയും ജാസ്മിനും ഹാളിൽ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോളാണ് ബെന്നിച്ചൻ വന്നു കയറിയത്.
ബെന്നിച്ചന്റെ പിന്നാലെ മുറിയിലേക്ക് നടക്കുന്നതിനിടക്ക് ജാസ്മിൻ ചോദിച്ചു.
“ബെന്നിച്ചാ, ബെന്നിച്ചൻ കുടിച്ചിട്ടുണ്ടോ?”
“എന്താ ജാസ്മീ ഇത്…. ഞാൻ കുടിക്കുമോ?”
“നിങ്ങൾ കുടിച്ചിട്ടുണ്ടോ? സത്യം പറ”
” ഇല്ലെന്നു പറഞ്ഞില്ലേ…. നിനക്കെന്താ പറഞ്ഞാൽ മനസ്സിലാവില്ലേ?”
“മാസം ആറു കഴിഞ്ഞില്ലേ ബെന്നിച്ചാ കാണാൻ തുടങ്ങീട്ട് പറയാതെ തന്നെ കുറച്ചു കാര്യങ്ങൾ മനസ്സിലാവില്ലേ?”
“എന്നാപ്പിന്നെ നീ അങ്ങു മനസ്സിലാക്ക്..”
“സത്യം പറയ് ബെന്നിച്ചാ, ഇന്ന് നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ?”
“അങ്ങനെ ചോദിച്ചാൽ….”
“ചോദിച്ചാൽ?”
“ഒരല്പം…. ദേ ഇത്രേം മാത്രം “
കൈവിരലുകൾക്കൊണ്ട് കഴിച്ച മദ്യത്തിന്റെ അളവു കാണിച്ചുകൊണ്ട് ബെന്നിച്ചൻ പതിയെ ജാസ്മിന്റെ അടുത്തേക്ക് ചെന്നു.
“നിക്ക്…. എന്റെ അടുത്തേക്ക് വരല്ലേ….. നിങ്ങളെന്നെ പെണ്ണുകാണാൻ വന്നപ്പോ ഞാൻ ഒരൊറ്റ കാര്യമേ ചോദിച്ചുള്ളൂ …. ഓർമ്മയുണ്ടോ?”
“പിന്നെയ് ….. ഒണ്ടോന്ന് …? ഇച്ചായന്റെ താടി സൂപ്പറാ.. ഇത് വടിക്കാതിരിക്കാൻ പറ്റുമോ എന്നല്ലേ….? അതങ്ങനെ മറക്കാൻ പറ്റുവോ…. ദേ നല്ല വെടിപ്പായിട്ട് സൂക്ഷിക്കുന്നുണ്ടേ. ഇതു വടിക്കത്തില്ല… പോരേ..?”
“ഛെ….! മദ്യപിക്കുമോ എന്നു ചോദിച്ചപ്പോൾ, ഹേയ് ഞാനോ…? അങ്ങനെയൊരു ശീലമേ ഇല്ല എന്നല്ലേ അന്ന് പറഞ്ഞത്?”
“അതന്ന്, ഇപ്പോ ആറുമാസം കഴിഞ്ഞില്ലേ….. എന്നും കുന്നും അങ്ങനെയുണ്ടോ ഒരൊറപ്പ്..?”
“ഓഹോ….. ഈ ആറു മാസത്തിനിടയ്ക്ക് ബെന്നിച്ചൻ കുടിച്ചിട്ടേയില്ല?”
“ജാസ്മീ ഞാനതിനു പുറത്തെങ്ങും പോയി കുടിച്ചില്ലല്ലോ….. ദേ നമ്മുടെ ഏലത്തോട്ടത്തിൽ നിൽക്കുന്ന നെല്ലിയേലേ നെല്ലിക്ക ഇട്ട് പിള്ളേരു വാ റ്റിയെടുത്ത സാധനം…. ഒരിത്തിരി.. ദേ ഇത്രേം.. പണിക്കാരുടെ കൂടെ ഒരു കമ്പനിക്ക്…”
“അളവ് ഞാൻ ചോദിച്ചില്ല…. ആരുടെ കൂടെ എന്നും ചോദിച്ചില്ല… കുടിച്ചോ ഇല്ലയോ?”
“ആഹ്…. കുടിച്ചു… എന്നും പറഞ്ഞ് ഞാൻ ഉടുമുണ്ടുരിഞ്ഞു ഡാൻസ് കളിക്കുവൊന്നും ഇല്ല…”
“വേണ്ട…. ഡാൻസ് കളിക്കണ്ട… പക്ഷേ ചെയ്യുന്ന കാര്യം തുറന്നു പറയാനുള്ള ആണത്തം കൂടി കാണിക്കണം ബെന്നിച്ചാ..”
“ഓഹോ….ആറുമാസം കൂടെ താമസിച്ചിട്ടു നിനക്കിപ്പഴും എന്റെ ആണത്തത്തേക്കുറിച്ച് സംശയം ആണല്ലേ?”
“ദേ ബെന്നിച്ചാ… എഴുതാപ്പുറം വായിക്കല്ലേ…. ആണുങ്ങൾ ആകുമ്പോൾ തന്റേടം വേണമെന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ..”
“അതേടീ…. പെണ്ണു കെട്ടുന്ന വരെ ബെന്നി തന്റേടം ഉള്ളവൻ ആയിരുന്നു… ഇഷ്ടം പോലെ കൂട്ടുകാരും ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ തുടങ്ങീതാ ടീച്ചറമ്മേടെ ഭരണം…. മടുത്തു ഞാൻ…നേരം വെളുക്കുമ്പോ മൊതൽ ഇരുട്ടുമ്പോ വരെ ഏലത്തോട്ടത്തിൽ പണിക്കാർക്കൊപ്പം നെരങ്ങുവാ… എനിക്കും വേണ്ടേ എന്തെങ്കിലുമൊക്കെ ഒരു നേരമ്പോക്ക്….”
“അപ്പോ എന്നെ നിങ്ങൾക്കു മടുത്തു അല്ലേ… ഞാൻ കാരണം നിങ്ങൾക്ക് കൂട്ടുകാർ ഇല്ലാതായി… ഞാൻ പോയാൽ നിങ്ങൾക്ക് സന്തോഷം ആകുമല്ലോ അല്ലേ…. പോയേക്കാം, ആരുടേയും ഭാരമാകാതെ സ്വന്തം കാലിൽ നിൽക്കാൻ കഷ്ടപ്പെട്ടു സാമ്പാതിച്ച ഒരു ജോലിയുണ്ടെനിക്ക്…”
ജാസ്മിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൾ ബെഡ്‌റൂമിൽ കയറി വാതിൽ വലിച്ചടച്ചു.
ബെന്നിച്ചന് മുഖത്തിനിട്ട് അടി കിട്ടിയ പോലെ ആയി. അവൻ തിരിഞ്ഞു നോക്കുമ്പോൾ സങ്കടം തുളുമ്പുന്ന കണ്ണുകളുമായി അമ്മയും അപ്പനും നോക്കി നിൽക്കുന്നു.
എന്തു ചെയ്യണമെന്നറിയാതെ അവൻ രണ്ടു നിമിഷം നിന്നു.
വാതിലിൽ മുട്ടി നോക്കണോ…. വേണ്ട എന്നു മനസ്സു പറഞ്ഞു. പതിയെ മുൻവാതിലിലൂടെ ഇറങ്ങി വെളിയിലേക്കു നടന്നു.
നേരം വെളുത്തിട്ടും ബെന്നിച്ചൻ തിരിച്ചെത്താത്തപ്പോൾ മേരിയമ്മ വേവലാതി പൂണ്ട് പണിക്കാരോട് അന്വേഷിക്കുന്നതു കേട്ടു. ഫോൺ സ്വിച്ചോഫ്. ജാസ്മിൻ മുഖം കനപ്പിച്ചു തന്നെ നടന്നു.
അപ്പൻ വേദപുസ്തകം തുറന്നു വച്ചു വായിച്ചു കൊണ്ടിരുന്നു. ജോയിക്കുട്ടിക്ക് ഇതു മാത്രമാണ് പണി. രാവിലെ മുതൽ രാത്രി വരെ വേദപുസ്തകം വായന.
ബിരുദാനന്തരബിരുദം വരെ പഠിച്ചിട്ട് കൃഷിയിലേക്കു തിരിഞ്ഞ ആളാണ് ബെന്നിച്ചൻ. ഉള്ള രണ്ടേക്കർ ഭൂമിയിൽ ഏലം നട്ടു പിടിപ്പിച്ചതും എല്ലുമുറിയെ പണിയെടുത്ത് കൃഷി നോക്കി നടത്തുന്നതും അവൻ ഒറ്റക്കാണ്.
ആറു മാസം മുൻപാണ് ബെന്നിച്ചൻ ജാസ്മിനെ കല്യാണം കഴിക്കുന്നത്. അടുത്തുള്ള മാനേജ്മെന്റ് യു പി സ്കൂളിൽ ടീച്ചർ ആണ് ജാസ്മിൻ.
ഉച്ചക്ക് ചോറുണ്ണുന്ന സമയമായിട്ടും ബെന്നിച്ചൻ വന്നില്ല. വൈകുന്നേരം സ്കൂൾ വിട്ടു വരുമ്പോഴും അവൻ തിരിച്ചു വന്നിട്ടില്ല എന്നറിഞ്ഞപ്പോൾ ജാസ്മിന്റെ മുഖം മാറി. അവൾ കരച്ചിലിന്റെ വക്കലെത്തി.
മേരിയമ്മച്ചി തൊട്ടയൽവക്കത്തെ ചെക്കനെ വിട്ട് അവന്റെ കൂട്ടുകാരുടെ വീടുകളിൽ എല്ലാം അന്വേഷിപ്പിച്ചു. പക്ഷേ കല്യാണം കഴിഞ്ഞപ്പോൾ മുതൽ ജാസ്മിൻ വച്ച നിയന്ത്രണങ്ങളിൽ പെട്ട് കൂട്ടുകാർക്കിടയിൽ തികച്ചും ഒറ്റപ്പെട്ടു പോയിരുന്നു ബെന്നിച്ചൻ. ആർക്കും അവനെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല.
മേരിയമ്മയും ജാസ്മിനും കരയാൻ തുടങ്ങി. ജോയിക്കുട്ടി മാത്രം വേദപുസ്തകത്തിൽ കണ്ണുകൾ പൂഴ്ത്തി ഇരുന്നു.
പിറ്റേന്ന് വെളുപ്പിനെ ബെന്നിച്ചന്റെ പഴയ കൂട്ടുകാർ അവനെ താങ്ങിപ്പിടിച്ചു വീട്ടിൽ എത്തിച്ചു.
“രാത്രി ഒരു സംശയം വച്ച് ഒന്നു തപ്പീതാ മേരിയമ്മച്ചീ…. നമ്മുടെ വാറ്റുകാരൻ വാസുവിന്റെ കൂടെ പൊളവനള്ളിൽ ഉണ്ടായിരുന്നു. നല്ല പൂസാ…. രണ്ടു ദിവസമായിട്ടു കുടി തന്നെയായിരുന്നു എന്ന് വാസു പറഞ്ഞു.” ചാരായം വാറ്റുകാരൻ വാസുവിന്റെ സങ്കേതം ആണ് പൊളവൻ അള്ള് എന്ന മലമടക്ക്.
ഒരു പകലും രാത്രിയും ബെന്നിച്ചൻ സുഖമായി ഉറങ്ങി. മൂന്നാം നാൾ രാവിലെ കണ്ണു തുറന്നു നോക്കുമ്പോഴും തന്റെ സാധന സാമഗ്രികൾ എല്ലാം പാക്ക് ചെയ്ത് ജാസ്മിൻ അവളുടെ വീട്ടിലേക്കു പോയിക്കഴിഞ്ഞിരുന്നു.
“അപ്പച്ചാ… കാപ്പി കുടിക്ക്….” ജാസ്മിൻ കാപ്പിയുമായി വന്നപ്പോൾ മേരിയമ്മ പറയുന്നതു നിർത്തി.
“മോളിവിടെ വന്നിരിക്ക്…” അവർ അവളെപ്പിടിച്ച് അടുത്തിരുത്തി.
“കണ്ടോ ജോയിക്കുട്ടി… ഞാൻ ക്ഷമ ചോദിച്ചത് അർത്ഥമില്ലാതെയല്ല. ഇത്രയും ചെറിയൊരു കാര്യത്തിനു കെട്ടിച്ചുവിട്ട പെങ്കൊച്ചു പിണങ്ങി സ്വന്തം വീട്ടിൽ വന്നിട്ടുണ്ടെങ്കിൽ അതിൽ മാതാപിതാക്കളുടെ തെറ്റു കൂടി ഉണ്ട്.”
“ചെറിയ കാര്യമാണെന്ന് പപ്പയോട് ആരു പറഞ്ഞു?” ജാസ്മിൻ സൗമ്യമായ ശബ്ദത്തിൽ ചോദിച്ചു.
“മോളെ തെറ്റ് ഞങ്ങളുടെ ഭാഗത്തും ഉണ്ട്….” ജോയിക്കുട്ടി ഇടയ്ക്കു കയറി. “… എന്നുമൊന്നും ഇല്ലാന്നേ… വല്ലപ്പോഴും കൂട്ടുകാരു കൂടി അൽപ്പം മദ്യപിക്കുന്ന ശീലം ബെന്നിച്ചന് ഉണ്ട്… ഞങ്ങൾ അതു മോളോട് പറയേണ്ടതായിരുന്നു. പക്ഷേ പരിധി വിട്ട് കഴിക്കുന്നത് മോളുമായി വഴക്കുണ്ടാക്കി പോയ അന്നു മാത്രമാ….”
അയാളെ തുടരാൻ തങ്കച്ചൻ സമ്മതിച്ചില്ല.
“…. അയ്യോ അതിപ്പോ നല്ല കാര്യമായി…., ജാസ്മിനേ… നിന്റെ പപ്പാ കുടിക്കത്തില്ലേ? നിന്റെ രണ്ട് ആങ്ങളമാർ കുടിക്കത്തില്ലേ…? പിന്നെ നീ എന്റെ ചെറുക്കനെ മാത്രമായിട്ടു മര്യാദ പഠിപ്പിക്കാൻ നടക്കുവാണോ?”
“സാരമില്ല മോളെ… നീ ഇപ്രാവശ്യത്തേക്ക് വിട്ടുകള.” മേരിയമ്മ അവളുടെ തലയിൽ തലോടി.
“അയ്യോടീ….. ഇതിനാരുന്നോ പെട്ടീം പ്രമാണോം ഒക്കെയായിട്ട് ഇങ്ങോട്ടു പോന്നത്… ആണുങ്ങളാകുമ്പോ ചിലപ്പോ ഇത്തിരി കുടിച്ചെന്നൊക്കെ ഇരിക്കും….വല്ലാതങ്ങു സഹിക്കാൻ പറ്റുകേലങ്കി അങ്ങു തിരിഞ്ഞു കിടന്ന് ഒറങ്ങിക്കോണം എന്റെ മോള്……” ലീലാമ്മക്ക് ദേഷ്യം ഇരച്ചു കേറി വന്നു.
“കഴിഞ്ഞോ എല്ലാരുടെയും വീതം..?”
ജാസ്മിൻ ഒരു കുലുക്കവുമില്ലാതെ ചോദിച്ചു.
“…എന്നാ ഒരു മിനിറ്റ് ക്ഷമിക്ക്… ഇപ്പൊ വരാം. ” അവൾ എഴുന്നേറ്റു പുറത്തേക്കു പോയി.
ഒരു മിനിറ്റിനുള്ളിൽ തിരിച്ചെത്തിയത് ബെന്നിച്ചനെയും ബലമായി പിടിച്ചു വലിച്ചു കൊണ്ടായിരുന്നു.
“ആഹാ… മോനെ നീയുമുണ്ടായിരുന്നോ?” ലീലാമ്മയും തങ്കച്ചനും ചാടി എഴുന്നേറ്റു.
“പിന്നെ… അപ്പച്ചൻ ഡ്രൈവ് ചെയ്യില്ലെന്ന് മമ്മിക്കറിയിയില്ലേ…?” ജാസ്മിൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
“എന്റെ കെട്ട്യോൻ ഇവിടെ ഒന്ന് ഇരുന്നേ…. ” ബെന്നിച്ചനെ സോഫയിൽ പിടിച്ചിരുത്തി അയാൾക്കരുകിൽ ഇരുന്നു അവൾ.
“മദ്യപിച്ചതിനാണ് ഞാൻ ബെന്നിച്ചനോട് വഴക്കുണ്ടാക്കിയത്എന്ന് തോന്നിയോ?” ശാന്തമായ ചോദ്യം.
അവൻ മറുപടി ഒന്നും പറഞ്ഞില്ല.
“അതിരിക്കട്ടെ, ബെന്നിച്ചൻ മദ്യപിക്കാൻ പാടില്ല എന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?”
തെല്ലൊരു ആലോചനഭാവത്തോടെ അവൻ അവളുടെ കണ്ണിലേക്കു നോക്കി.
“ഭർത്താവ് അൽപ്പം മദ്യപിക്കുന്നതും കൂട്ടുകാരുമായി കൂട്ടുകൂടുന്നതും സഹിക്കാൻ പറ്റാത്തത്ര അരസികയായ ഒരു ഭാര്യയൊന്നുമല്ല ഞാൻ. അങ്ങനെയൊരു കുടുംബാന്തരീക്ഷത്തിൽ അല്ല ഞാൻ വളർന്നതും.”
അവൾ പറഞ്ഞു വരുന്നത് എന്താണെന്ന് ആർക്കും മനസ്സിലായില്ല.
“…..പക്ഷേ വെറുമൊരു താലിച്ചരടിന്റെ ബലത്തിൽ ഒരു കുടുംബത്തിലേക്ക് കാലെടുത്തു കുത്തുമ്പോൾ ഒരു പെണ്ണ് എല്ലാത്തിലും അധികം വിശ്വസിക്കുന്നത് എന്തിലായിരിക്കും എന്നറിയാമോ? ആ താലി കെട്ടിയവന്റെ വാക്കുകളിൽ…. അതായിരിക്കും അവൾക്ക് വേദവാക്യം. അയാൾ ഒരിക്കലും തന്നോടു കള്ളം പറയില്ല, ചതിക്കില്ല എന്ന ഉറപ്പിലായിരിക്കും അവളുടെ ജീവിതത്തിന്റെ നിലനിൽപ്പു തന്നെ..”
സ്വന്തം മകളെ ആദ്യമായി കാണുന്ന പോലെ ലീലാമ്മക്കും തങ്കച്ചനും തോന്നി.
“….പിന്നെ… ഞാൻ വന്ന് നിങ്ങളുടെ ജീവിതം മാറ്റി മറിച്ചു എന്നു പറഞ്ഞല്ലോ ബെന്നിച്ചാ….”
അവൾ അവന്റെ കണ്ണിലേക്കു നോക്കി.
“…..കല്യാണത്തിനു മുൻപും പിൻപുമായി നിങ്ങളിൽ എന്തുമാറ്റമാണ് ഉണ്ടാവുന്നത്?…അതേ വീട്… അതേ മാതാപിതാക്കൾ… അതേ കട്ടിലും കിടക്കയും ഉപയോഗിക്കുന്ന സാധനങ്ങളും… ചുറ്റുമുള്ള ശീലങ്ങളും….. എന്താണ് മാറുന്നത് ബെന്നിച്ചാ…?”
“…..പക്ഷേ വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിലേക്കു വരുന്ന പെൺകുട്ടിയെപ്പറ്റി ആലോചിച്ചിട്ടുണ്ടോ….. അവൾ മാറണം, അടിമുടി മാറിയേ പറ്റൂ….. ജനിച്ചപ്പോൾ മുതലുള്ള ശീലങ്ങൾ പോലും മാറ്റിയേ പറ്റൂ…..”
അവൾ പറയുന്ന കാര്യങ്ങൾ നൂറു ശതമാനം ശരിയാണെന്നു മനസ്സിലായതുകൊണ്ട് ആരും ഒന്നും മിണ്ടിയില്ല.
“….കള്ളത്തരങ്ങളും മുഖംമൂടിയുമില്ലാതെ സ്വന്തം ഭർത്താവിനെ മനസ്സിലാക്കി എടുക്കാനാണ് ഏതൊരു ഭാര്യയും ആദ്യം മുതലേ പ്രയത്നിക്കുക. ഒരു വട്ടം നിങ്ങളെ മനസ്സിലാക്കിക്കഴിഞ്ഞാൽ നിങ്ങളുടെ മനസ്സിണങ്ങുന്ന, ശീലങ്ങൾ അംഗീകരിക്കുന്ന ഒരു നല്ല ഭാര്യയായി ഒരു പരിവർത്തനം….. അതിനുശേഷമാണ് ഒരുമിച്ചുള്ള ജീവിതം ആരംഭിക്കുന്നത്….”
“….ഇനി ബെന്നിച്ചൻ പറ…. ദിവസവും നിങ്ങൾ പറയുന്ന കള്ളത്തരങ്ങൾക്കനുസരിച്ചു മാറാനാവാതെ ചിരിക്കുന്ന മുഖമുള്ള ഒരു മുഖംമൂടിയും വച്ച് ഒരുമിച്ചു പൊറുക്കുന്നതിനേക്കാൾ സ്വന്തം വ്യക്തിത്വങ്ങൾ ഉള്ള രണ്ടുപേരായി പിരിഞ്ഞു പോകുന്നതല്ലേ നല്ലത്…?”
അതുവരെ മിണ്ടാതിരുന്ന ബെന്നിയുടെ മുഖത്തേക്ക് എല്ലാവരും നോക്കി. ഒരു നിമിഷത്തെ ആ മൗനം പോലും വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു.
“ജാസ്മീ…. ” പതിഞ്ഞ സ്വരത്തിൽ ബെന്നിച്ചൻ വിളിച്ചു.
“….ഒരു പെണ്ണ് ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ പുരുഷനിലുണ്ടാകുന്ന മാറ്റം എത്രത്തോളമുണ്ടെന്ന് നിന്നോട് പറഞ്ഞറിയിക്കാൻ എനിക്കാവില്ല……അതുവരെ ഇല്ലാത്ത ഒരു കരുതൽ, ഓരോ പ്രവർത്തിയിലും വാക്കിലും നോക്കിലും പൂർണ്ണത വരുത്താനുള്ള വ്യഗ്രത…. സർവ്വോപരി ഈ മാറ്റങ്ങൾ ആരുമറിയാതെ മനസ്സിലേക്ക് പൂഴ്ത്തി വച്ച് ഒന്നുമറിയാത്തവനെപ്പോലെ നടക്കാനുള്ള താത്രപ്പാട്..”
മനസ്സിനൊപ്പം കണ്ണുകളും ചോർന്നു പോയേക്കുമോ എന്ന് അവൻ ഭയപ്പെട്ടു.
“….ആരും എന്തും പറഞ്ഞോട്ടെ…. ലോകം മുഴുവൻ എതിർത്തോട്ടെ ഒരു പക്ഷേ ഞാൻ സഹിക്കും…. പക്ഷേ സ്വന്തം ഭാര്യയുടെ നാവിൽ നിന്നു വീഴുന്ന കുറ്റപ്പെടുത്തിയുള്ള ഒരു വാക്ക്…. ആ തളർച്ചയിൽ നിന്ന് കര കയറാൻ ആയെന്നു വരില്ലെന്നു തോന്നിയതു കൊണ്ടാണ് നിർദോഷമായ കൊച്ചു കള്ളങ്ങൾ പറഞ്ഞിട്ടാണെങ്കിലും നിന്റെ സന്തോഷം കാണാൻ കൊതിച്ചത്….”
ഇനിയും ബെന്നിയെ സംസാരിക്കാൻ വിട്ടാൽ അവൻ വിതുമ്പിപ്പോയെക്കുമെന്നു ഭയന്ന് ജാസ്മിൻ അച്ഛനമ്മമാരുടെ സാമീപ്യം പോലും മറന്ന് അവനെ വട്ടം പുണർന്നു.
എന്നിട്ട് തുളുമ്പിനിന്ന കണ്ണീരിനിടയിലൂടെ ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
“അപ്പച്ചനും മേരിയമ്മയും എന്നോടു ക്ഷമിക്കണം, നിങ്ങളെ ഇവിടെവരെ വരുത്തിച്ചതിന്…..”
“അതിൽ തെറ്റൊന്നുമില്ല മോളേ…” മേരിയമ്മ തുടർന്നു “…. ഒരു പെണ്ണിന് സ്വന്തം വീട്ടിൽ വരുമ്പോൾ മാത്രമേ ഇത്രയൊക്കെ പറയാൻ പറ്റൂ…. അതാണ് ജനിച്ചുവളർന്ന വീടു തരുന്ന സ്വാതന്ത്ര്യം.”
“കാര്യങ്ങൾ ഇത്രയൊക്കെ ആയ സ്ഥിതിക്ക്…… ” പതിയെ കസേരയുടെ കയ്യിൽ ബലം കൊടുത്തുകൊണ്ട് ജോയ്ക്കൂട്ടി എഴുന്നേറ്റു.
“അല്ല… അങ്ങനങ്ങു പോയാലോ….?” തങ്കച്ചൻ ചാടി എഴുന്നേറ്റു.
“ആരു പോകുന്നു…? മോളേ ജാസ്മിനേ… നീ ഒരു കൈലി ഇങ്ങേടുത്തെ, ഇന്നിവിടെ തങ്ങി ആഘോഷിച്ചിട്ടേ പോകുന്നുള്ളൂ…”
“എന്നാപ്പിന്നെ നീ ഫോൺ ചെയ്തു ചെറുക്കനോട് നേരത്തേ വരാൻ പറയടീ… ” തങ്കച്ചൻ ഉത്സാഹത്തോടെ ചാടി എഴുന്നേറ്റു കൊണ്ട് ഭാര്യയോടു പറഞ്ഞു.
“ജോണിക്കുട്ടി വരുമ്പോ ബിവറേജസിൽ നിന്ന് ഒരു കുപ്പി കൂടി എടുത്തോണ്ടു പോരാൻ പറഞ്ഞേക്കണേ.. ” ജോയിക്കുട്ടി ഉറക്കെ ചിരിച്ചു.
“അതുപിന്നെ പറയാനുണ്ടോ..?” തങ്കച്ചനും ചിരിയിൽ പങ്കുചേർന്നു.
“അയ്യോ അപ്പച്ചൻ കുടിക്കാൻ പോകുവാണോ..?” ജാസ്മിന് അതിശയമായി.
“അപ്പച്ചൻ മാത്രമല്ല ഞാനും….” ബെന്നിച്ചൻ ഉറക്കെ വിളിച്ചു പറഞ്ഞു.
“ഒന്നു നിന്നേ….. ദേ ഇത്തിരി സ്വാതന്ത്ര്യം തന്നു എന്നുവെച്ചു കുടിച്ചേച്ച് എന്റെ മുറീലേക്കെങ്ങാനും കേറി വന്നാലുണ്ടല്ലോ…..” ജാസ്മിന്റെ ശബ്ദം ഉയർന്നു.
അതുവരെ ചിരിച്ചു കൊണ്ടിരുന്ന എല്ലാവരും ഒരു നിമിഷം കൊണ്ട് സ്തബ്തരായിപ്പോയി. ബെന്നിച്ചന്റെ മുഖത്തെ ചിരി മാഞ്ഞു.
“വന്നാല്…..? ” അവന്റെ ശബ്ദവും പൂർവ്വാധികം ഉയർന്നിരുന്നു.
“വന്നാല്…….വല്ലാതങ്ങു സഹിക്കാൻ പറ്റുകേലങ്കി തിരിഞ്ഞു കിടന്നങ്ങു ഒറങ്ങിയേക്കും…” ജാസ്മിൻ അതേ ശബ്ദത്തിൽ മറുപടി കൊടുത്തു.
ഒരുനിമിഷത്തെ കനത്ത നിശബ്ദ കൂട്ടച്ചിരിയിലേക്ക് വഴിമാറുമ്പോൾ നെഞ്ചോടു ചേർത്തു നിർത്തുകയായിരുന്നു ബെന്നിച്ചൻ ജാസ്മിനെ…