അവൾ അഴിഞ്ഞുലഞ്ഞ മുടിയൊന്ന് വാരിചുറ്റികൊണ്ട് അയാളെ നോക്കിയൊന്ന് പുഞ്ചിരിച്ചു. പിന്നെ കണ്ണാടിയിലേക്ക് നോക്കി സാരി ഒന്നുകൂടി…

രചന: മഹാ ദേവൻ

” ഹിമാ ! നീ പ്രണയിച്ചിട്ടുണ്ടോ? അത്രമേൽ ആഗ്രഹത്തോടെ ആരെയെങ്കിലും ചുംബിച്ചിട്ടുണ്ടോ? പ്രണയത്തിന്റെ ഇടനെഞ്ചിൽ മിടിപ്പിന്റെ അറ്റം ചേർന്ന് മയങ്ങിയിട്ടുണ്ടോ? എന്നെങ്കിലും ആ പ്രണയത്തിന്റെ വിരൽകോർത്തു നീ ഈ ലോകത്തെ നോക്കിയിട്ടുണ്ടോ? “

നെഞ്ചിൽ മുഖം ചേർത്തുകിടക്കുന്ന അവളുടെ മുടിയിലൂടെ തലോടിക്കൊണ്ടുള്ള അയാളുടെ ചോദ്യം കേട്ട് അവൾ ചെറുതായൊന്നു പുഞ്ചിരിച്ചു.അയാളുടെ ഓരോ ചോദ്യങ്ങളിലും ആകാംഷ ജനിക്കുമ്പോൾ ആ ചോദ്യങ്ങൾക്ക് അവൾക്ക് മറുപടി ചുണ്ടുകളിൽ വിരിഞ്ഞ പുച്ഛം മാത്രമായിരുന്നു.

” സർ… താങ്കൾ പ്രണയിച്ചിട്ടുണ്ടോ? പ്രണയത്താൽ വഞ്ചിക്കപ്പെട്ടിട്ടുണ്ടോ?

എന്നാൽ ഞാൻ പ്രണയിച്ചിട്ടുണ്ട്.. ആത്മാർത്ഥതക്ക് വിലയില്ലാത്ത ഈ ലോകത്ത് ഞാൻ സുന്ദരമായി വഞ്ചിക്കപ്പെട്ടിട്ടുണ്ട്. പ്രണയത്തിന്റെ തുടിപ്പ് ഉദരത്തിൽ പേറി ഒരു പരിഹാസമായി ഈ ലോകത്തിന് മുന്നിൽ നിറകണ്ണുകളുമായി നിന്നിട്ടുണ്ട്.. മുന്നിൽ ഇരുട്ട് മാത്രം നിറഞ്ഞ വഴിയിലൂടെ നടന്നിട്ടുണ്ട്. ഒറ്റയാക്കപ്പെട്ടവൾക്ക് ചേക്കാറാൻ ഒരു ചില്ല കാട്ടിത്തന്ന കണ്ണുകളെല്ലാം എന്റെ മടികുത്തളക്കുമ്പോൾ ഒരു പെണ്ണായി പോയതിൽ സ്വയം ശപിച്ചിട്ടുണ്ട്. അവസാനം ഈ ചെളികുണ്ടിലെ വിയർപ്പ് മാത്രം മണക്കുന്ന ഈ മുറിയിലേക്ക് ജീവിതത്തെ പറിച്ചുനടുമ്പോൾ ആരുടെയോ പരാക്രമത്തിൽ നിലച്ചുപോയ ഉദരത്തിലെ തുടിപ്പോർത്തു കണ്ണുകൾ നിറയാതെ കരഞ്ഞിട്ടുണ്ട് പല രാത്രികൾ.എത്രയോ ശരീരങ്ങൾ വിയർത്തു ചിന്തിയ ഈ തലയിണകൾ മാത്രമായിരിക്കാം എന്റെ കഥകൾക്കും കണ്ണുനീരിനും കൂട്ടിരുന്നത്. സർ ചോദിച്ചല്ലോ.. ഞാൻ ചുംബിച്ചിട്ടുണ്ടോ എന്ന്..ഉണ്ട് സർ… ഒരുപാട്.. പ്രണയിച്ചവനാൽ ആദ്യം ചുംബിക്കപ്പെടുമ്പോൾ അതൊരു രാശിയാകുമെന്ന് കരുതിയില്ല.പിന്നെ നിലക്കാത്ത ചുംബനങ്ങൾക്കൊപ്പം ഒഴുക്കുവറ്റിയ ദിനങ്ങൾ. മുറുക്കിചുവപ്പിച്ച പാൻ മണക്കുന്ന ചുംബനങ്ങൾ.മദ്യത്തിന്റ ചവർപ്പ് തുപ്പുന്ന ചുംബനങ്ങൾ..കറവീണ പല്ലുകൾ കാട്ടി ചിരിക്കുന്നവനെ വെറുപ്പ് തീണ്ടാതെ ചിരിച്ചുകാട്ടി ചുംബിക്കണം.മടികുത്തിലോ മാറിലെ വിടവുകൾക്കിടയിലോ തുടയിടുക്കിലോ തിരുകിവെക്കുന്ന മുഷിഞ്ഞ ഗാന്ധിയുടെ മൂല്യം കൂടാൻ !ജീവിതമാണ് സർ… വെറുപ്പോടെ കണ്ടതിനെ വിയർപ്പിനൊപ്പം പുണരാൻ വിധിക്കപ്പെട്ട ഒരു സീറോ ലൈഫ് “

അവളുടെ വാക്കുകളിൽ ആരുടെയൊക്കെയോ നിന്ദയും പരിഹാസവും ഏറ്റുവാങ്ങേണ്ടി വന്ന ഒരു പെണ്ണിന്റ വിഷമവും ഈ ലോകത്തോടുള്ള പുച്ഛവും നിറഞ്ഞ് നിൽക്കുന്നത് അയാൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.

” ഹിമാ… നിന്റെ വാക്കുകൾക്ക് ഒരു മറുപടി… എനിക്ക് സാധിക്കില്ല. ഞാൻ വന്നതും ഒരു മണിക്കൂറിൽ നീ എനിക്ക് നൽകാൻ പോകുന്ന അനുഭൂതിയിലേക്കലിയാൻ ആണ്.

നിന്റെ വിയർപ്പ് മണക്കുന്ന ശരീരത്തിലെ ഉണർവ്വുകൾക്കൊപ്പം സഞ്ചരിക്കാനാണ്. അവിടെ മറ്റു വാക്കുകൾക്ക് പ്രസക്തി ഇല്ലെന്ന് അറിയാം.. എങ്കിലും ഒന്ന് ചോദിച്ചോട്ടെ…ഈ ജീവിതം കൊണ്ട് നീ അനുഭവിക്കുന്ന ദുഃങ്ങളിൽ നിന്നും ഒരു മോചനം വേണ്ടേ?

വിയർപ്പിന്റെയും ആണിന്റെ അവസാനകിതപ്പിന്റെയും ചൂര് മണക്കുന്ന ഈ ഇരുണ്ട മുറിയിൽ നിന്നും നിന്റെ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കാൻ ആഗ്രഹമില്ലേ നിനക്ക്?

നിന്നിലെ ശരീരത്തെക്കാൾ ഞാൻ ഇന്ന് അറിയുന്നത് നിന്റെ മനസ്സിനെ ആണ്. ന ഗ്നതകൾക്കൊപ്പം രമിക്കുന്ന വികാരങ്ങളുടെ കെട്ടുപാടുകൾ ഒന്നും ഇല്ലാത്ത ഒരാളായിട്ടാണ് ഞാൻ ചോദിക്കുന്നത്.. പോരുന്നോ എന്റെ കൂടെ..എന്ത് നൽകാമെന്ന് പറയുന്നില്ല… പക്ഷേ, നിന്റെ ന ഗ്നതയിൽ മറ്റൊരുത്തന്റെ തിരുകിവെക്കുന്ന മുഷിഞ്ഞ നോട്ടിന്റ ബലമില്ലാതെ ജീവിക്കാം ഇനിയുള്ള കാലം. ഞാൻ കൊതിച്ച ജീവിതത്തിലേ വിരസമായ നിമിഷങ്ങളാണ് ശരിക്കും എന്നെ ഇവിടെ എത്തിച്ചത്. കൂടെ ജീവിക്കുന്നവൾക്കൊപ്പമുള്ള മടുപ്പ്… മൗനം കൊണ്ട് സൃഷ്ടിച്ചൊരു വേലിയുണ്ട് ഞങ്ങള്ക്ക് മുന്നിൽ. അതിനിടയിൽ പരിതപിക്കാൻ കഴിയാത്ത ഒരു ഭർത്താവിന്റെ വികാരങ്ങളാണ് ഇവിടെ ഒഴുക്കിക്കളയുന്നത്. പറയാൻ ഒരു മകൾ ഉള്ളത്തിനപ്പുറം ഞാൻ കൊതിച്ചത്തൊന്നും നൽകാൻ കഴിയാത്ത എന്റെ ഭാര്യയെക്കാൾ എന്തുകൊണ്ടും യോഗ്യത നിനക്കാണ്… “

അവസാനതുളളി വിയർപ്പും അവളിലേക്കിറ്റിച്ചുകൊണ്ട് അയാൾ എഴുന്നേൽക്കുമ്പോൾ അവളുടെ മനസ്സിൽ അയാൾ പറഞ്ഞ വാക്കുകൾ ആയിരുന്നു. ഉടഞ്ഞ ശരീരത്തിലേക്ക് ചിതറിയ വസ്ത്രം വാരിചുറ്റുമ്പോൾ അവളുടെ മറുപടിക്ക് വേണ്ടി കാത്തുനില്ക്കുകയായിരുന്നു അയാൾ.

” ഹിമാ… നീ ഒന്നും പറഞ്ഞില്ല…. “

അയാൾ അവളെ പിന്നെയും പ്രതീക്ഷയോടെ നോക്കുംമ്പോൾ അവൾ അഴിഞ്ഞുലഞ്ഞ മുടിയൊന്ന് വാരിചുറ്റികൊണ്ട് അയാളെ നോക്കിയൊന്ന് പുഞ്ചിരിച്ചു. പിന്നെ കണ്ണാടിയിലേക്ക് നോക്കി സാരി ഒന്നുകൂടി നേരെ ഇട്ടുകൊണ്ട് പറയുന്നുണ്ടായിരുന്നു,

” സർ.. ഒരു മണിക്കൂർ ആയി.. സമയം തീർന്നു. അടുത്ത ആൾ വെയിറ്റ് ചെയ്യുന്നുണ്ടാകും ” എന്ന്.

അവളുടെ പുഞ്ചിരിയോടെ ഉള്ള മറുപടി അയാളെ വല്ലാതെ ആശ്ചര്യപ്പെടുത്തി. ഇതുപോലൊരു ഇടത്തു നിന്ന് എല്ലാവരും രക്ഷപ്പെടാൻ ആഗ്രഹിക്കുമ്പോൾ ഇവൾ…… “

” ഹിമാ… ഇവിടെ നിന്നൊരു രക്ഷപ്പെടൽ ആഗ്രഹിക്കുന്നില്ലേ നീ? നാളെ എന്നൊരു സ്വപ്നം നിനക്ക് മുന്നിൽ അവശേഷിപ്പുണ്ട് എന്ന് ഓർക്കൂ…. ഇനിയും ഈ വിഴുപ്പ് ചുമക്കാതെ… “

അയാൾ വാക്കുകൾ പൂർണ്ണമാക്കുംമുന്നേ അവൾ ചുണ്ടിൽ വിടർന്നുനിൽക്കുന്ന പുഞ്ചിരിയോടെ തന്നെ പറയുന്നുണ്ടായിരുന്നു

” സർ… ശരിയാണ്… ഇവിടെ നിന്നൊരു രക്ഷപ്പെടൽ.. അതാരും ആഗ്രഹിച്ചുപോകും. പക്ഷേ, എന്നെ ജീവിതത്തിലേക്ക് ക്ഷമിക്കുമ്പോൾ സർ ഒന്നോർത്തോ.. നാളെ ഈ സ്ഥാനത്തു വേറെ ഒരു പെണ്ണ് വരും.. അത്‌ ചിലപ്പോൾ സാറിന്റെ ഭാര്യ ആകാം.. മകൾ ആവാം…വിശപ്പിന് ഒറ്റ വികാരമേ ഉളളൂ സർ. വീട്ടിലെ മടുപ്പ് നിറഞ്ഞ നിമിഷങ്ങളിൽ നിന്നും ഒരു ആശ്വാസം ആണ് ഇവിടം എന്ന് സർ പറയുമ്പോൾ അതേ വിരസത അനുഭവിക്കുന്ന ഒരു പെണ്ണ് ആ സാറിന്റെ വീട്ടിലും ഉണ്ടെന്ന്.അവർക്കെല്ലാം നൽകുമ്പോഴും അവർക്കായി കരുതിവെക്കാതെ എന്നെ പോലുള്ളവർക്ക് മാത്രം നൽകുന്ന ഒന്നുണ്ട്..സ്നേഹം.. അർഹതയില്ലാത്ത ഞങ്ങളെ പോലെ ഉള്ളവർക്ക് വേണ്ടി മാറ്റിവെക്കുന്ന സ്നേഹം വീട്ടിൽ നിങ്ങൾക്ക് വേണ്ടി ജീവിക്കുന്നവൾക്ക് നൽകാൻ കഴിഞ്ഞാൽ തീരാവുന്നതെ ഉളളൂ സാറിന്റെ പ്രശ്നം. അവിടേക്ക് എന്നെ കൂടി ക്ഷണിക്കുമ്പോൾ നഷ്ടപ്പെടുന്നത് നിങ്ങളുടെ ചോരക്കും ആ ചോരയെ ഉദരത്തിൽ പേറിയവൾക്കും ആണ്. നാളെ എന്നെയും മടുക്കുമ്പോൾ ഇതുപോലെ ഒരിടം.. വേറൊരു പെണ്ണ്..എന്നിട്ട് എന്ത് നേടും സർ.. സ്വന്തം കുഞ്ഞിന് പറയാൻ വേശ്യയെ കെട്ടിയ ഒരു അച്ഛന്റെ കഥയോ.. അതോ ജീവന്റെ പാതിയായവളുടെ സ്ഥാനം വേശ്യയായ എനിക്ക് നൽകി നാളെ നിങ്ങൾ കാരണം എന്റെ സ്ഥാനം ഭാര്യക്ക് വേണ്ടി മാറ്റിവെക്കുന്ന നാലാംകിട കൂട്ടികൊടുപ്പുകാരനിലേക്കുള്ള ചുവടുവെപ്പോ?

വേണ്ട സർ…. ഈ സ്നേഹം അർഹിക്കുന്നവർ വീട്ടിലുണ്ട്.. അവർക്ക് വേണ്ടി ചിലവഴിക്കാൻ കണ്ടെത്തുന്ന സമയത്തോളം വരില്ല ഒന്നും. സ്വന്തം മകളെ പ്രാ പിക്കുന്ന അച്ചന്മാരുള്ള ഈ ലോകത്തു നാളെ ഇതുപോലെ സുഖം തേടി വരുന്നത് സ്വന്തം മകളുടെ മുറിതേടിയാവാതിരിക്കാൻ എന്നെ ക്ഷണിക്കുന്ന ജീവിതം അർഹതപ്പെട്ട അവർക്ക് വേണ്ടി തന്നെ ആവട്ടെ…അതിനോളം വലിയ ഒരു ലോകം ഇല്ല സർ.. അതിനേക്കാൾ വലിയൊരു ജീവിതവും !

അവിടെ പരാജയപ്പെടാതിരിക്കട്ടെ.. !”

അവളുടെ ശാന്തമായ വാക്കുകള്ക്ക് മുന്നിൽ ഒന്നും പറയാൻ കഴിയാതെ അയാൾ നിൽക്കുമ്പോൾ അവൾ ഒന്നുകൂടി ഓർമ്മിപ്പിക്കുണ്ടായിരുന്നു ” സർ സമയം കഴിഞ്ഞു ” എന്ന്.

അത്‌ കേട്ട് ഒരിക്കൽ കൂടി അവളെ നോക്കികൊണ്ട് അയാൾ പതിയെ പിൻതിരിഞ്ഞു നടക്കുമ്പോൾ അവൾ പിന്നിൽ നിന്നും വിളിച്ച് കൊണ്ട് പറയുന്നുണ്ടായിരുന്നു

” സർ…. എന്റെ ടിപ്പ് തന്നില്ല… വിയർപ്പിന്റെ വില. അതെത്ര ആയാലും ഞങ്ങളുടെ നാളേക്കുള്ള നീക്കിയിരിപ്പ് അത്‌ മാത്രമല്ലേ സർ ” എന്ന്.