മത്സ്യകന്യക ~ രചന: Josepheena Thomas
അന്നും അവൾ കടലിന്റെ ആഴങ്ങളിൽ ഊളിയിട്ട് രസിക്കുകയായിരുന്നു.
എല്ലാവരും അവളുടെ സൗന്ദര്യത്തെ വാഴ്ത്തുന്നതു കേൾക്കുമ്പോൾ അവൾക്കു തന്നോടു തന്നെ അസൂയ തോന്നിയിരുന്നു. വളരെ കുഞ്ഞിലെ തന്നെ അവൾ ഇതു കേട്ടു തുടങ്ങിയതാണ്. കടലിനടിയിൽ വെച്ചു നടക്കുന്ന പല സൗന്ദര്യ മത്സരങ്ങളിലും എപ്പോഴും ഒന്നാം സ്ഥാനത്തെത്തുന്നത് താൻ തന്നെയാണ് എന്നുള്ള തോന്നൽ അവളെ തെല്ലൊരു അഹങ്കാരിയാക്കിയോ എന്ന് ഒരു സംശയമുണ്ട്……
വർഷങ്ങൾ കടന്നുപോയി. ഇന്നവൾ പ്രായപൂർത്തിയായ ഒരു യുവതിയായിക്കഴിഞ്ഞിരിക്കുന്നു. അവളുടെ ഉടലിനാകെ മാറ്റം! വാലുകൾക്ക് അസാധാരണ ഭംഗി! കണ്ണുകൾക്ക് മുമ്പെങ്ങുമില്ലാത്ത തിളക്കം…… മറ്റു മത്സ്യകന്യകമാർക്കെല്ലാം അവളോട് തെല്ല് അസൂയ തോന്നിത്തുടങ്ങി. അവളങ്ങിനെ കടൽത്തട്ടിലാകെ നീന്തിത്തുടിക്കുമ്പോൾ മറ്റുള്ള കന്യകമാർ അവളെ സാകൂതം നോക്കുമ്പോൾ പുറമെ ഒന്നും സംഭവിക്കാത്ത പോലെ ഭാവിച്ചെങ്കിലും അവൾ മനസ്സിൽ വല്ലാതെ അഹങ്കരിച്ചു. ഈ കടൽത്തട്ടിൽ
തന്നെ വെല്ലാൻ മറ്റാരുണ്ട്…..? എല്ലാ വർഷവും സൗന്ദര്യ മത്സരങ്ങളിൽ അവൾ ഒന്നാം സ്ഥാനം മറ്റാർക്കും വിട്ടു കൊടുത്തില്ല.
അവൾ അങ്ങിനെ നീന്തിത്തുടിച്ചു രസിക്കുമ്പോൾ പല മത്സ്യകന്യകമാരും ഓടിയൊളിക്കാൻ തുടങ്ങി….. അവർക്കെല്ലാം തങ്ങൾക്കെന്തോ കുറവുള്ളതു പോലെ തോന്നിത്തുങ്ങിയിരുന്നു. നമ്മുടെ കഥാനായികയ്ക്കും തോന്നി തന്റെ മുന്നിൽ അവരൊക്കെയാര്?മിനുമിനെയിരിക്കുന്ന തന്റെ മേനി ഓരോ ദിവസം ചെല്ലുന്തോറും അഴകിന്റെ അടയാളമായി മാറിക്കൊണ്ടിരുന്നു. പക്ഷേ അവൾക്കു ചെറിയൊരു വിഷമം തോന്നി. എല്ലാവരും പറയുന്നുണ്ട് താൻ സുന്ദരിയാണെന്ന് . പക്ഷേ മറ്റുള്ളവർക്കല്ലേ താനെത്രമാത്രം സുന്ദരിയാണെന്ന് കാണാൻ കഴിയുന്നുള്ളു. താനെങ്ങിനെയാണ് തന്റെ സൗന്ദര്യമൊന്നു കാണുക..? അതിനിപ്പോ എന്താ ഒരു വഴി?
അങ്ങനെ നീന്തിത്തുടിച്ചു നടക്കുമ്പോൾ അവൾ വെള്ളത്തിൽ തന്റെ നിഴൽ കണ്ടു….
പക്ഷേ വ്യക്തമല്ലല്ലോ.. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നതു കൊണ്ടായിരിക്കാം ഓളങ്ങൾ ജലത്തിൽ ചലനങ്ങൾ സൃഷ്ടിക്കുന്നതു കൊണ്ട് തന്നെ ശരിക്കൊന്നു കാണാൻ പറ്റുന്നില്ല. അവൾക്കു നിരാശയായി. തന്റെ സൗന്ദര്യത്തെപ്പറ്റി മത്സരങ്ങളിൽ ജഡ്ജസ്സ് വാഴ്ത്തിപ്പാടാറുണ്ട്. പക്ഷേ തനിക്കും കൂടി അതു ബോധ്യപ്പെടേണ്ടെ?
പെട്ടെന്ന് അവൾക്കൊരു ബുദ്ധി തോന്നി. അവൾ നീന്തി മെല്ലെ ആരും കടന്നു ചെല്ലാത്ത ഒരു സ്ഥലത്തേക്കു പോയി.
ഹാവൂ! രക്ഷപ്പെട്ടു. ഇവിടെയെങ്ങും ആരുമില്ല ഓളങ്ങൾ സൃഷ്ടിക്കാൻ , അവൾക്കു സമാധാനമായി. അവൾ നിശ്ചലയായി നിന്നു. വെള്ളത്തിലേക്കുനോക്കി. വെള്ളത്തിൽ തന്റെ പ്രതിബിംബം കണ്ട് അവൾ
ഞെട്ടിപ്പോയി. കണ്ടാലും കണ്ടാലും മതിവരാത്ത തന്റെ ഉടൽ…. വെറുതെയല്ല
എല്ലാ വർഷവും സൗന്ദര്യ മത്സരങ്ങളിൽ താനൊന്നാം സ്ഥാനത്തെത്തുന്നത്?
അഴകളവുകളിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന് അവൾക്കു ബോദ്ധ്യമായി.
അവൾക്ക് തന്നോടു തന്നെ മതിപ്പു തോന്നി. സ്വർണ്ണ വർണ്ണമാർന്ന മേനിയിലാകെ മനോഹരമായി അടുക്കി വച്ചിരിക്കുന്ന ചെതുമ്പലുകൾ എന്തു ചാരുതയാണ്തനിക്കു പകരുന്നത്. വശ്യമനോഹരമായ കണ്ണുകളിൽ തന്റെ കൂട്ടുകാരികൾ അസൂയ പൂണ്ടതിൽ തെല്ലും അതിശയമില്ല.താരുണ്യം കരവിരുതുകാട്ടിയ തന്റെ മേനിയിലാകെ അവൾ കണ്ണോടിച്ചു. മെല്ലെ കയ്യുയർത്തി സുന്ദരമായ അവളുടെ മുഖത്തു തലോടി. കണ്ണുകളിൽ ഉറ്റുനോക്കി..ശരീരമാകെ വിരലോടിച്ചു….ഒരു തരം ആത്മനിർവൃതിയിൽ ലയിച്ചങ്ങിനെ നിന്നു പോയി അവൾ….
സ്ഥലകാല ബോധം വീണ്ടെടുക്കാൻ കുറെ സമയം വേണ്ടി വന്നു അവൾക്ക്.
പെട്ടെന്നവൾക്ക് ഒരു വല്ലാത്ത ചിന്ത വന്നു.തന്റെ സൗന്ദര്യം മറ്റു മത്സ്യകന്യകമാർക്ക് അസൂയ ഉണ്ടാക്കാനല്ലാതെ മറ്റെന്തിനു കൊള്ളാം.? ഓരോ വർഷവും കിട്ടുന്ന കപ്പുകളും മറ്റു സമ്മാനങ്ങളും കൊണ്ട് തന്റെ കൊട്ടാരത്തിലെ ഷെൽഫുകൾ നിറഞ്ഞു – എന്താണ് തങ്ങളെ സ്നേഹിക്കാനും സൗന്ദര്യത്തെ വാഴ്ത്തിപ്പാടാനുമായി ഒരു മത്സ്യകന്യകൻ ജനിക്കാത്തത്? അല്ലെങ്കിൽപ്പിന്നെ ഈ സൗന്ദര്യം വാരിക്കോരി കിട്ടിയിട്ടെന്താണു പ്രയോജനം? താൻ സ്വയം തന്റെ സൗന്ദര്യം ആസ്വദിച്ചാലെന്താ ഗുണം? അവൾക്കു നിരാശ തോന്നി. അല്പം മുമ്പു തോന്നിയിരുന്ന സന്തോഷം അവളിൽ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. ഒരു
മത്സ്യകന്യകൻ ഉണ്ടാകാത്തതിൽ അവൾക്ക് സൃഷ്ടാവിനോടു തന്നെ ദേഷ്യം തോന്നി….തങ്ങളെ മാത്രം എന്താ ഒരു എതിർ ലിംഗക്കാരില്ലാതെ സൃഷ്ടിച്ചത്?അവളുടെ ഹൃദയം വല്ലാതെ നൊന്തു. തന്നെ ഇഷ്ടപ്പെടാൻ ഒരു മത്സ്യകന്യകൻ
ഉണ്ടായിരുന്നെങ്കിൽ എന്നവളാശിച്ചു. നീ എത്ര സുന്ദരിയാണ് എന്നു തന്റെ മുഖത്തു നോക്കി ഒരു മത്സ്യകന്യകൻ പറയുന്നതു കേൾക്കാൻ അവളുടെ ഹൃദയം തുടിച്ചു .
പെട്ടെന്നാണത് സംഭവിച്ചത്. ആരുമില്ലാത്ത ഇവിടെ വന്നിട്ട് ഇവിടെ ആരാണിപ്പോൾ ? ആരോ വരുന്നുണ്ടെന്നു തോന്നുന്നു. വെള്ളത്തിൽ ഓളങ്ങൾ …… ആരോ നീന്തിന്തുടിച്ച് അടിത്തട്ടിലേക്കു വരുകയാണല്ലോ. അവൾക്കു വല്ലാതെ ഭയം തോന്നി. എങ്കിലും പുറമെ കാണിക്കാതെ സൂക്ഷിച്ചു. ങേ! അവൾ ഞെട്ടിപ്പോയി. താൻ മനസ്സിൽ സങ്കടപ്പെട്ടതെന്താണോ അതിനു പ്രതിവിധി എന്നോണം ഒരു സുന്ദര രൂപം! അവളുടെ മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരി കത്തി. ഹാവൂ! തന്റെ പ്രാർത്ഥന കേട്ട് മനസ്സലിഞ്ഞ് ദൈവം തന്റെയടുത്തേയ്ക്കയച്ച മത്സ്യകന്യകനോ? അവൾ ഒന്നല്ല ഒരായിരം വട്ടം നോക്കി. അയാൾ തന്നെ കണ്ടില്ല. എന്നിട്ട് ഇത്രയും നാൾ ഇയാൾ എവിടെയായിരുന്നു ? ഇതു ശരിക്കും മത്സ്യകന്യകൻ തന്നെ. തനിക്കു മാത്രമായി സൃഷ്ടിക്കപ്പെട്ട തന്റെ സ്വന്തം . തന്നെപ്പോലെ തന്നെ നീണ്ട ഭംഗിയുള്ള വാൽ! പക്ഷേ വാലിന്റെ സ്ഥാനത്ത് രണ്ടു വാലുകളോ? വാലുകളുടെ അറ്റത്ത് ചിറകുകൾ ! അവൾക്ക് അതിശയമായി.
പെട്ടെന്നാണ് ആ മൽസ്യകന്യകൻ അവളുടെ നേരെയടുത്തത്. അവളുടെ ചുണ്ടുകൾ വിടർന്നു. അയാൾ ചിരിക്കുന്നുണ്ടോ എന്നറിയില്ല .Nഅവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് സാധാരണയിലും വലുപ്പം വച്ചു. അയാൾ
തന്നെത്തന്നെ നോക്കുന്നതറിഞ്ഞ് അവളുടെ കണ്ണുകൾ നാണത്താൽ കൂമ്പി. ചുണ്ടുകൾ വിതുമ്പി . പക്ഷേ അയാൾക്കു ചില പ്രത്യേകതകൾ ഉള്ളതായി അവൾക്കു തോന്നി. തന്റെ പോലെയല്ല അയാളടെ മുഖം.മുഖത്ത് എന്തൊക്കെയോ പ്രത്യേകതകൾ . കുഴലു പോലെ എന്തൊക്കെയാ മൂക്കിന്റെ സ്ഥാനത്ത്. ആ കുഴൽ അയാളുടെ മുതുകത്തുള്ള ഒരു സിലിണ്ടറിലേക്ക് ബന്ധിച്ചിരിക്കുന്നു.കണ്ണുകളുടെയും അവസ്ഥ തന്റെ പോലെയല്ല. തന്നെയല്ല. തന്റെ പോലെ ന ഗ്നമായ ഉടലല്ല. ചെതുമ്പലുകളും കാണാനില്ല. പകരം ഉടലിനു മീതെ എന്തോ ധരിച്ചിരിക്കുന്നു.ആകപ്പാടെ വിചിത്രം. അല്ല …ഒരു പക്ഷേ മത്സ്യകന്യകൻ ഇങ്ങനെയായിരിക്കാം….താനാദ്യമായി കാണുകയല്ലേ? അപ്പോ തനിക്കെങ്ങിനെയതറിയാൻ കഴിയും?
മത്സ്യകന്യകൻ അവളുടെ സുന്ദരവും നഗ്നവുമായ മേനിയിൽ തലോടി. അവൾ ഇന്നു വരെ അനുഭവിക്കാത്ത എന്തോ ഒരനുഭൂതി…ഏതോ മായാലോകത്തു നിൽക്കുന്ന പോലെ അവൾക്കു തോന്നി. അയാൾ അവളുടെ പാതി കൂമ്പിയ കണ്ണുകളിൽ തലോടി.അവൾ നാണത്താൽ കണ്ണുകൾ ഇറുക്കെയടച്ചു. അയാളുടെ നെറ്റിയിലും എന്തോ ഘടിപ്പിച്ചിട്ടുണ്ട്. അതൊരു തരം ക്യാമറയാണെന്നും അതിലൂടെ ഈ കടലിന്റെ അടിത്തട്ടിലെ എല്ലാ കാഴ്ചകളും കാണാമെന്നും ആ മത്സ്യ കന്യകൻ പറഞ്ഞു.മത്സ്യകന്യകകളായ തങ്ങൾക്കു മാത്രമെന്താ അതില്ലാത്തത്? അവൾക്കു തെല്ലു വിഷമം തോന്നി.
അയാൾ തന്നെയും കൊണ്ട് കടലിന്റെ അടിത്തട്ടിലൂടെ നീന്തിത്തുടിച്ചു.
മറ്റുള്ളവർ തന്നെ പതിവു പോലെ അസൂയയോടെ നോക്കുന്നതവൾ അറിഞ്ഞു. അയാൾ കടലിന്റെ അടിത്തട്ടിൽ നിന്നും എന്തൊക്കെയോ ശേഖരിക്കുന്നുണ്ടായിരുന്നു.അയാളുടെ കഴിവുകൾ കണ്ട് അവൾക്കയാളോട് ആദരവും അഭിമാനവും തോന്നി. അയാൾ അവളോട് എന്തൊക്കെയോ ചോദിച്ചു അവൾ എന്തൊക്കെയോ പറഞ്ഞു.
മത്സ്യകന്യകൻ യാത്ര പറഞ്ഞു പോയപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത വിഷമം തോന്നി. താൻ സുന്ദരിയാണെന്നും ഇതുപോലൊരു മത്സ്യകന്യകയെ കണ്ടിട്ടില്ലെന്നു പറഞ്ഞതോർത്ത് അവൾ പുളകിതഗാത്രയായി. തന്നെ അയാൾക്കൊത്തിരി ഇഷ്ടമായി ഇനിയും വരുമെന്നയാൾ ഉറപ്പു തന്നു.
അവളുടെ സന്തോഷങ്ങൾ പെട്ടെന്ന് ഇല്ലാതായതു പോലെ അവൾക്കു തോന്നി. അയാൾ അവളെ മാത്രം
സ്നേഹിക്കുന്നുവെന്ന് അവൾ വിശ്വസിച്ചു ….തന്നെ കാണാൻ ഇനിയും വരുമെന്നു പറഞ്ഞതും അവളോർത്തു.
ദിവസങ്ങൾ അവൾ എണ്ണിയെണ്ണി തള്ളിനീക്കി. അയാൾ വരാമെന്നു പറഞ്ഞ ദിവസമായി. അവൾ ഓളങ്ങൾ ശല്യപ്പെടുത്താത്ത ഭാഗത്തേക്കു പോയി.വെള്ളത്തിൽ തന്റെ പ്രതിബിംബം കണ്ട് തൃപ്തി വരുത്തി. ഇപ്പോഴും താൻ അതീവ സുന്ദരിതന്നെ. ആ മത്സ്യകന്യകൻ തന്നെ ഇഷ്ടപ്പെട്ടതിൽ തെല്ലും അതിശയമില്ല. തന്റെ സൗന്ദര്യം ആരെയും മത്തുപിടിപ്പിക്കും. അയാൾ വരുന്നതും നോക്കി അവൾ കാത്തിരുന്നു.
അധികസമയമാകുന്നതിനു മുമ്പു തന്നെ അയാൾ വന്നെത്തി. അയാൾ തന്റെ അടുത്തേക്കു വരുമ്പോൾ അവളുടെ ഹൃദയമിടിപ്പ് കൂടി. അയാളെ മാത്രം കാത്തിരുന്ന അവളെ ആ കാഴ്ച നിരാശപ്പെടുത്തി. അയാളുടെ പുറകെ
വേറൊരു രൂപം! ഒരു മത്സ്യകന്യകയാണെന്ന് രൂപം കണ്ടപ്പോൾ അവൾക്കു മനസ്സിലായി. വേഷവിധാനമെല്ലാം മത്സ്യകന്യകന്റേതു പോലെ തന്നെ. അവൾക്കു നിരാശ തോന്നി. തന്റെ സ്ഥാനത്തു മറ്റൊരുവളോ? അവൾക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച .
അവൾ മനസ്സിലെ സങ്കടം പുറമെ കാണിച്ചില്ല. അവൾ അയാളോടു ചേർന്നു നിന്നു. പക്ഷേ അയാൾ അവളെ തൊട്ടില്ല. ഇത്തവണ അയാളുടെ കൂടെ വന്ന മത്സ്യകന്യകയാണ് തന്നെ ചേർത്തു പിടിച്ചത്. അവളും തന്റെ മേലാസകലം തലോടി. എന്തോ തനിക്കതു വളരെ അരോചകമായിത്തോന്നി. കുതറിമാറാൻ
ശ്രമിച്ച തന്നെ അവൾ ചേർത്തുപിടിച്ചു ,താൻ ജീവനു തുല്യം സ്നേഹിച്ച തന്റെ മത്സ്യകന്യകൻ തന്നെ കാണാത്ത ഭാവത്തിൽ നിൽക്കുന്നതു കണ്ടപ്പോൾ അവൾക്കു സഹിക്കാനായില്ല. അയാളതാ തന്നെ കൂട്ടാതെ കടലിന്റെ അടിത്തട്ടിലേക്കു പോയിരിക്കുന്നു. പുറകെ അയാളുടെ കൂടെ വന്ന അവളും.
നമ്മുടെ കഥാനായിക അതീവ ദുഃഖത്താടെ ആ കാഴ്ച നോക്കി നിന്നു .
അവൾക്കറിയില്ലല്ലോ അത് കരയിൽ നിന്നു വന്ന സ്കൂബാ ഡൈവേഴ്സ് ആണെന്ന്. 🐬