രചന: ബദറുൽ മുനീർ
” എന്താ അമ്മേ വിളിച്ചത് ഞാൻ ഓഫിസിൽ അൽപം തിരക്കിലായി പോയി അതാ അപ്പോൾ ഫോൺ എടുക്കാത്തത്.”
“മോനെ… അത്… നീ ഫ്രീ ആണേൽ സിറ്റി ഹോസ്പിറ്റൽ വരെ ഒന്നു വാ മീര മോൾക്ക് …ഒരു ചെറിയ ആക്സിഡന്റ് പേടിക്കാനൊന്നുമില്ല.”
പ്രവീൺ ഒന്നു ഞെട്ടി “അമ്മേ അവൾ ….” അവന്റെ തൊണ്ടയിടറി.
” ഒന്നുമില്ലടാ.. ചെറിയൊരു പരിക്ക് അത്രേ ഉള്ളൂ നീ ഇങ്ങു വന്നേ.. ” നിസാരമായി ലക്ഷ്മി പറഞ്ഞു.
“ഞാൻ വരാം അമ്മാഇപ്പൊ തന്നെ വരാം”
ഫോൺ കട്ടാകുമ്പോൾ സർവ്വ നിയന്ത്രണവും വിട്ട പൊട്ടി കരഞ്ഞു പോയി ലക്ഷ്മി….റോഡിലെ തിരക്കുകളെ കീറിമുറിച്ച് പായുകയായിരുന്നു പ്രവീണിന്റെ കാർ…
സ്കൂൾ അദ്ധ്യാപികയായ ലക്ഷ്മിയുടെ ഏക മകനാണ് പ്രവീൺ ഭർത്താവ് മരിച്ചിട്ടും ഒരു ബുദ്ധിമുട്ടും അറിയാണ്ട തന്നെയാണ് പ്രവീൺ വളർന്നത്.ഇന്നിപ്പൊ കാർഷിക വകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ് പ്രവീൺ. വിവാഹ പ്രായമായപ്പോൾ ഒരു പാവപ്പെട്ട കുടുംബത്തിന്നു ഒരു പാവം കുട്ടി മതിന്നു തീരുമാനിച്ചതും അമ്മയും മകനും ഒന്നിച്ചാണ്.അങ്ങിനെ ഒരു പാട് തിരഞ്ഞ് ഒടുവിൽ കണ്ടെത്തിയതാണ് മീരയെ,
മണ്ണിനെ സ്നേഹിച്ച് ഒടുവിൽ കടക്കെണിയിലേക്ക് തള്ളപ്പെട്ട കർഷകനായ അച്യുതന്റെയും മാധവിയുടെയും രണ്ടു പെൺമക്കളിൽ മൂത്തവൾ. ഇളയവൾ മീനു സ്കൂൾ വിദ്യാർത്ഥിയാണ്..മീര പഠിക്കാൻ മിടുക്കി ആയതു കൊണ്ട് കടം വാങ്ങിയും പഠിപ്പിച്ചു അച്യുതൻ. എങ്ങനെയും ഒരു ജോലി നേടണം അച്ഛന്റെ കടങ്ങൾ ഒക്കെ തീർക്കണം നന്നായിട്ട് അവരെ നോക്കണം:.. മീരയുടെ ഏക ലക്ഷ്യം അതാണ്.പെണ്ണുകാണലിന്റെ ദിവസം പ്രവീണിനോട് തുറന്നു സംസാരിച്ചതാണ് അവൾ. അന്ന് അവൻ മനസിൽ ഉറപ്പിച്ചു. തന്റെ പെണ്ണ് ഇവൾ തന്നെയാ….. ഒരു വർഷം കഴിഞ്ഞു മതി വിവാഹം എന്ന് തീരുമാനിച്ചത് പ്രവീൺ ആണ്. മീരക്ക് തന്റെ ലക്ഷ്യത്തിലേക്ക് അടുക്കാനുള്ള സമയമായിരുന്നു ആ ഒരു വർഷം അതിനിടയിൽ അവൾ പരസ്പരം അറിഞ്ഞു അടുത്തു .അവൾടെ കുഞ്ഞുകുഞ്ഞു കഷ്ടപ്പാടുകൾക്കെല്ലാം താങ്ങായി തണലായി കൂടെ നിന്നു അവൻ ലക്ഷ്മിക്കും അവൾ സ്വന്തം മകളെ പോലെ ആയിരുന്നു. ഇനി ഒരു മാസം കൂടിയേ കാത്തിരിപ്പുള്ളൂ മീരയുടെ കഴുത്തിൽ അവന്നു താലിചാർത്താൻ………
പ്രവീൺ ഹോസ്പിറ്റലിൽ എത്തുമ്പോൾ അവിടെ എല്ലാരും ഉണ്ടായിരുന്നു. ഐ. സി .യു വിനു മുന്നിൽ വിറങ്ങലിച്ച മനസുമായി എല്ലാർക്കുമൊപ്പം അവനും നിന്നു.
മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പിനൊടുവിൽ ഡോക്ടർ പുറത്തേക്കു വന്നു.
“പേടിക്കാനൊന്നുമില്ല കുട്ടി അപകടനില തരണം ചെയ്തു… പക്ഷെ……” ഒരു നിമിഷത്തേക്ക് എല്ലാരുടെയും മുഖത്തേക്ക് ഇരച്ചു കയറിയ സന്തോഷത്തെ തല്ലി കെടുത്തി കൊണ്ട് ഡോക്ടർ തുടർന്നു.,
” തുറന്നു പറയുന്നതു കൊണ്ട് വിഷമം തോന്നരുത്. ഇടിയുടെ ആഘാതത്തിൽ…..അരയ്ക്ക് താഴേക്ക്……… ഇനി ഒരിക്കലും എഴുന്നേറ്റു നടക്കില്ല എന്നല്ല പക്ഷെ.. സമയമെടുക്കും…..”
കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നി പ്രവീണിന് ഡോക്ടറുടെ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങികേട്ടുകൊണ്ടിരുന്നു. ചുറ്റുമൊന്ന് കണ്ണോടിക്കുമ്പോൾ എന്തൊക്കെയോ കണ്ടു അവൻ. തളർന്നുവീഴുന്ന മാധവിയെ കരഞ്ഞുകൊണ്ട് താങ്ങി പിടിക്കുന്നു ലക്ഷ്മി നിശ്ചലനായി അച്യുതൻ… എല്ലാരിൽ നിന്നും മാറി ഒറ്റ ക്കനിന്നു പൊട്ടി ‘കരയുന്ന മീനു…. മറ്റു ബന്ധുക്കൾ…. അങ്ങനെ കണ്ണിനു മുന്നിൽ കുറേ ദൃശ്യങ്ങൾ. അവൻ പതുക്കെ തിരിഞ്ഞു നടന്നു.. മനസു നിറയെ മീരയായിരുന്നു.. അവളുടെ സ്വപ്നങ്ങളായിരുന്നു.
“പ്രവീണേട്ടാ വിവാഹം കഴിഞ്ഞ് ഒഴിവു ദിവസങ്ങളിലെല്ലാം വൈകുന്നേരം നമുക്ക് ബീച്ചിൽ പോണം എന്നിട്ട് ഏട്ടന്റെ കയ്യും പിടിച്ച് അവിടൊക്കെ ചുറ്റി നടക്കണം, പിന്നെ ആ മൊട്ട മലയില്ലെ അതിനു മുകളിൽ കേറണം പണ്ടു തൊട്ടേ എന്റെ ആഗ്രഹാ.. അന്നൊന്നും ആരും ഇല്ലാരുന്നു ഒന്ന് കൊണ്ടുവരാൻ അതിനു മുകളിൽ കേറ്യാൽ ഈ സിറ്റി മൊത്തം കാണാംന്നാ പറയുന്നെ നമുക്ക് ഓടി കയറണം ആരാ ആദ്യം എത്താന് അറ്യാല്ലോ…..” അവളുടെ കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങൾ….. ഇനി എങ്ങനെ അതൊക്കെ സാധിക്കും… പ്രവീണിന്റെ കണ്ണുകൾ നിറഞ്ഞു…….
ഒരാഴചയെടുത്തു മീരയെ വാർഡിലേക്ക് മാറ്റാൻ .ഇതിനിടയിൽ പ്രവീണിന്റെ വീട്ടിൽ നിരന്തരം ചർച്ചകൾ നടന്നു കുടുംബത്തിലെ മുതിർന്നവർ പല പല അഭിപ്രായങ്ങൾ മുന്നോട്ടുവച്ചു.ലക്ഷ്മിയും പ്രവീണും മൗനം പാലിച്ചു. ഒടുവിൽ തീരുമാനമായി’ ഇനി ഈ വിവാഹം വേണ്ട സഹതാപം അല്ല ജീവിതം ജീവിച്ച് തുടങ്ങുമ്പോൾ അതു മനസിലാകും…
” ഞാൻ തന്നെ അച്യുതനെ കാര്യങ്ങൾ അറിയിക്കാം” മുതിർന്ന അമ്മാവൻ ആ ദൗത്യം ഏറ്റെടുത്തു.നെഞ്ചു പൊട്ടുന്ന വേദനയോടെ ലക്ഷ്മി പ്രവീണിനെ നോക്കി. ഒരു ഭാവമാറ്റം പോലും ആ മുഖത്ത് അവർ കണ്ടില്ല…. മറന്നുവോ ഇത്ര പെട്ടെന്ന് മീരയെ അവൻ….
ഹോസ്പിറ്റൽ കിടക്കയിൽ മരവിച്ച അവസ്ഥയിൽ ആയിരുന്നു മീര. ചലനമറ്റ തന്റെ കാലുകളിൽ ഇമവെട്ടാതെ നോക്കിയിരുന്നു അവൾ ‘ തന്റെ സ്വപ്നങ്ങൾ എല്ലാം അവസാനിച്ചിരിക്കുന്നു ഇനി എല്ലാർക്കും ഭാരമായി… അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി അതിലേറെ അവളെ വിഷമിപ്പിച്ചത് മറ്റൊന്നായിരുന്നു വാർഡിലേക്ക എത്തിയപ്പോൾ മുതൽ ഏറെ കാണാൻ ആഗ്രഹിച്ച ഒരു മുഖം….പ്രവീൺ,
” അച്ഛാ പ്രവീണേട്ടനും അമ്മയും വന്നില്ലെ എന്നെ കാണാൻ ഒന്നു വിളിച്ചു കൂടി ഇല്ലല്ലോ” മകളുടെ ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാണ്ട് പതറി അച്യുതൻ..മറച്ചുവച്ചിട്ട് കാര്യമില്ല എന്നായാലും അവൾ അറിയണം ഇപ്പോഴാകുമ്പോൾ ഈ വേദനക്കൊപ്പം അതുകൂടി അലിഞ്ഞു ചേർന്ന് ഒന്നായിക്കോളും..
” അച്ഛൻ എന്താ ഈ ആലോചിക്കുന്നെ ഞാൻ ചോദിച്ചത് കേട്ടില്ലേ….”
“അത് മോളെ…” അയാളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
“എന്റെ കുട്ടിക്ക് വിധി ഇല്ല എന്ന് കരുതുക…. ആ ആഗ്രഹം മനസിൽ തന്നെ കുഴിച്ചുമൂടണം എന്റെ മോള്…”
മീരയുടെ മനസ്സൊന്നു പിടഞ്ഞു പൂർണ്ണമായും താൻ തകർന്നിരിക്കുന്നു… ഒന്നു മരിച്ചു കിട്ടിയെങ്കിൽ എന്നവൾ ആശിച്ചു. പിടിച്ചു നിൽക്കാനായില്ല അവൾക്ക് കൈകൾ കൊണ്ട് മുഖം പൊത്തി പൊട്ടി കരഞ്ഞു അവൾ… ഒപ്പം നിസഹായരായ ആ അച്ഛനും അമ്മയും അനുജത്തിയും… പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നോണം മീര തല ഉയർത്തി. കണ്ണുകൾ തുടച്ചു.
” അല്ലേലും പ്രവീണേട്ടനെ ഞാൻ കുറ്റം പറയില്ല അച്ഛാ ഈ ഭാരം ജീവിതകാലം ചുമക്കാൻ ആരാ തയ്യാറാവുക… എന്റെ ജീവിതം ഇനി വീൽചെയറിൽ ആണ്. ഒരു തുണ ഞാൻ ആഗ്രഹിച്ചപ്പോൾ ദൈവം അറിഞ്ഞു തന്നതാ ഈ വീൽ ചെയർ… എന്റെ വിധി എന്റേതു മാത്രം ഇനി ഞാൻ കരയില്ലച്ഛാ… ഈ അവസ്ഥയിൽ ഞാൻ പൊരുതും എന്റെ ജീവിതത്തോട്.. വളരെ ഉറച്ചതായിരുന്നു ആ സ്വരം തലയിൽ ആരോ തലോടുന്നതറിഞ്ഞാണ് മീര ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്. കൺമുന്നിൽ ലക്ഷ്മിയെ കണ്ട് ഒരു നിമഷം അവളൊന്നു പതറി.ലക്ഷ്മി മാത്രമല്ല പിന്നിൽ താൻ ഏറെ കാണാൻ ആഗ്രഹിച്ച ആ മുഖം…പ്രവീൺ കൂടെ ഒരു പെൺകുട്ടി കൂടി ഉണ്ടായിരുന്നു. മീരയുടെ നെഞ്ചൊന്ന് പിടഞ്ഞു.മനസിലെ വേദന മുഖത്ത് കാട്ടാണ്ട് അവൾ പുഞ്ചിരിച്ചു.
“അല്ല ഇതാരൊക്കെയാ എവിടാരുന്നു…. “
“ഞങ്ങൾ ആലപ്പുഴ വരെ ഒന്നു പോയിരുന്നു മോളെ.ദേ ഇവളെ ഒന്ന് കൂട്ടിക്കൊണ്ട് വരാൻ ” കൂടെയുള്ള പെൺകുട്ടിയെ നോക്കി ലക്ഷ്മി പറഞ്ഞു.
” ഇത് ആരാ അമ്മെ? “
” ഇത് മായ.. ഇവന്റെ അമ്മാവന്റെ മകളാ ഡോക്ടറാണ് “ലക്ഷ്മി പരിചയപ്പെടുത്തി. മായ മീരയെ നോക്കി പുഞ്ചിരിച്ചു.തിരിച്ചും…
” പ്രവീണേട്ടാ എന്താ ഒന്നും മിണ്ടാത്തെ.. ഇതെന്താ ഷേ വൊന്നും ചെയ്യാത്തെ” മീര പ്രവീണിന്റെ മുഖത്തു നോക്കി. ആ മുഖം കാണുമ്പോൾ നെഞ്ചുപിടയുന്നത് അവൾ അറിഞ്ഞു.
“യാത്രയിലായിരുന്നെടോ ആലപ്പുഴയിൽ ന്ന് ഇന്ന് എത്യേ ഉള്ളു നിനക്ക് സുഖാണോ “
” പിന്നേ ..പരമ സുഖമല്ലെ ദേ കണ്ടില്ലേ.. ” ആ മറുപടി പ്രവീണിന്റെ മനസ്സിൽ നോവു പടർത്തി.അച്യുതനും മാധവിയും മുഖത്ത് പുഞ്ചിരി വരുത്താൻ നന്നേ പാടുപെട്ടു.
” അവിടെ അമ്മാമൻ മാർക്ക് നിശ്ചയിച്ച അതേ മുഹൂർത്തത്തിൽ തന്നെ ഇവന്റെ വിവാഹം നടത്തണമെന്ന് വാശി അങ്ങിനെ അവർ തന്നെ കണ്ടെത്തിയതാ മായയെ “ലക്ഷ്മി പറഞ്ഞു നിർത്തുമ്പോൾ കണ്ണുകളിലേക്ക് ഇരച്ചു കയറിയ കണ്ണുനീർ പുറത്ത് കാട്ടാണ്ടിരിക്കാൻ നന്നേ പാടുപെട്ടു മീര.
“നന്നായി അത് നല്ല മുഹൂർത്തമാ എന്നാ ജ്യോൽസ്യനും പറഞ്ഞത്. എന്റെ കുട്ടി ഇങ്ങനായി മോനേലും സന്തോഷായിട്ടിരിക്ക ” കണ്ണുകൾ തുടച്ച് മീരയുടെ മുടിയിൽ തലോടി മാധവി….
” നന്നായി പ്രവീണേട്ടാ എനിക്ക് സന്തോഷമേ ഉള്ളൂ രണ്ടാളും ഇടയ്ക്കൊക്കെ വരണം കേട്ടോ എന്നെ കാണാനായി ” നിറകണ്ണുകളോടെ മീര പുഞ്ചിരിച്ചു……
ഇന്നാണ് ആ ദിവസം മീര ഏറെ ആഗ്രഹിച്ച ആ ദിവസം പ്രവീൺ തന്റെ കഴുത്തിൽ താലിചാർത്തുന്നത് സ്വപ്നം കണ്ട ദിവസം….
“ഇപ്പൊ അവരൊക്കെ എത്തിക്കാണും അല്ലേ അമ്മാ മുഹൂർത്തം 10 ന് അല്ലേ….” മാധവിയുടെ ചുമരിൽ ചാരിയിരുന്ന് മീര’…
“നീ അതൊന്നും ഓർത്ത് വിഷമിക്കാതെ മോളെ “
“ഏയ് ഇല്ല അമ്മാ ഞാൻ ചുമ്മാ ഓർത്തതാ.. ആ കുട്ടിയാ എന്നേ കാൾ പ്രവീണേട്ടനു ചേരുന്നത്. “
“ഹലോ മീര “പരിചയമില്ലാത്ത ശബ്ദം കേട്ട് മീര തിരിഞ്ഞു…
“മായ “അവൾ അറിയാണ്ട് പറഞ്ഞു.
“ഇതെന്തേ വിവാഹം….” മീര പെട്ടെന്ന് സമയം നോക്കി. “ഇനി മണിക്കൂർ അല്ലേ ഉള്ളൂ മുഹൂർത്തത്തിന് ഇതെന്താ ഇവിടെ “മീര അമ്പരപോടെ ചോദിച്ചു.
“ഓ അതു നടക്കില്ലെടോ…. ” നിസാരമായി മായ പറയുമ്പോൾ ഒന്നും മനസിലാകാണ്ട് മുഖത്തോടു മുഖം നോക്കി മാധവിയും മീരയും
” പ്രവീണേട്ടൻ….” സംശയം മാറാണ്ട് മീര മായയുടെ മുഖത്ത് നോക്കി
“അവന് ഒന്നാം ഭാര്യ ജീവിച്ചിരിക്കെ രണ്ടാം വിവാഹത്തിനു താത്പര്യം ഇല്ല എന്ന് “
“ഒന്നാം ഭാര്യയോ ? ” മീരയ്ക്ക് ഒന്നും മനസിലായില്ല.
“അതെ “മറുപടി പറഞ്ഞു കൊണ്ട് പ്രവീൺ അവിടേക്കു വന്നു ഒപ്പം ലക്ഷ്മിയും അച്യുതനും ഒന്നും മനസിലാകാണ്ട് പ്രവീണിന്റെ മുഖത്ത് നോക്കിയിരുന്നു മീര
പ്രവീൺ പതുക്കെ അവൾക്കരികിലായി ഇരുന്നു
” നമ്മൾ പരസ്പരം മോതിരം കൈമാറിയ അന്നു മുതൽ താൻ അല്ലേടോ എന്റെ ഭാര്യ ആ താൻ ഉള്ളപ്പൊ പിന്നെ എനിക്കെന്തിനാ വേറെ പെണ്ണ് “. പ്രവീൺ അവളുടെ കവിളിൽ തലോടി
“പ്രവീണേട്ടാ…… ” മീരയുടെ മിഴികൾ നിറഞ്ഞു തുളുമ്പി അവൾക്ക് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല.
” അപ്പോ മായ…” മീരയുടെ സംശയങ്ങൾ അവസാനിച്ചില്ല.
പ്രവീൺ ഒന്നു പുഞ്ചിരിച്ചു. “അമ്മാവൻമാർ എനിക്ക് കണ്ടെത്തിയ വധുവാണ്..പക്ഷെ ഇവിടിപ്പോ ഇന്നു മുതൽ ഇവൾ തന്റെ ഡോക്ടർ ആണ് ഫിസിയോ തെറാപ്പിസ്റ്റ് ആണെടോ മായ വിശ്വനാഥ്, തനിക്കു വേണ്ടി തന്നെ നടത്തിക്കാൻ ഞങ്ങൾ തൂക്കിയെടുത്ത് കൊണ്ടു വന്നതാ ആലപ്പുഴ പോയി… ഫിസിയോ തെറാപ്പിയും ആയുർവേദവും ചേർത്തൊരു അവിയൽ ചികിത്സ ഉണ്ട് ഇവൾടെ കയ്യിൽ ആലപ്പുഴ കായലോട് ചേർന്ന് ഒരു ഹോസ്പിറ്റലും….അവിടെക്കാ അന്ന് ഞാനും അമ്മയും പോയത് തന്റെ റിപ്പോർട്ടൊക്കെ ഇവൾടെ സീനിയർ കണ്ടു…. ഒരു വർഷം …. ഒരു വർഷത്തിനുള്ളിൽ തന്നെ നടത്തുവല്ല ഓടിക്കാമെന്ന് വാക്കു തന്നിട്ടുണ്ട് ഇവൾ
മീരക്ക് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. മീരക്ക് മാത്രമല്ല അച്യുതനും മാധവിക്കും…
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നഷ്ടപ്പെട്ടു എന്ന് കരുതിയ തന്റെ ജീവിതം സ്വപ്നങ്ങൾ എല്ലാം വീണ്ടും തന്നെ തേടി എത്തിയിരിക്കുന്നു. മനസു സന്തോഷം കൊണ്ടു നിറഞ്ഞു ഒപ്പം പൊട്ടി കരഞ്ഞു അവൾ…ലക്ഷ്മി പതുക്കെ അച്യുതനു മുന്നിൽ ചെന്നു
” ഞാൻ പോലും സംശയിച്ചു ഇവനെ മീര മോളെ ഒഴിവാക്കുവാണോ എന്നോർത്ത്.. പക്ഷെ എന്നെ പോലും ഞെട്ടിച്ചു ഇവൻ ഇനീപ്പൊ വാദ്യമേളങ്ങളോ കതിർ മണ്ഡപമോ ഒന്നും വേണ്ട ഇവിടെ ഈ നിമിഷം ഇവർക്കായുള്ള ശുഭമുഹൂർത്തം ആണ്.താലികെട്ടിക്കോട്ടെ ഇവൻ മീരയുടെ കഴുത്തിൽ “സന്തോഷം കൊണ്ട് ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു.പൊട്ടി കരഞ്ഞുകൊണ്ട് പ്രവീണിന്റെ മാറിലേക്ക് മർന്നു മീര… അവളെ ചേർത്തു പിടിച്ച് നെറുകയിൽ തലോടി പ്രവീൺ…..
“തനിക്കു ഞാൻ വാക്കു തന്നതല്ലേ ടോ മൊട്ടമലയുടെ മുകളിൽ കൊണ്ടുപോകാമെന്ന ആ വാക്ക് പാലിക്കണ്ടേ എനിക്ക് “…… പ്രവീണിന്റെ കണ്ണുകളിലും നനവു പടർന്നു. മായ മാത്രമല്ല കണ്ടു നിന്ന എല്ലാരും നിറകണ്ണുകളോടെ പുഞ്ചിരിച്ചു.
ഇന്നിപ്പോ വർഷങ്ങൾ ഒന്നല്ല മൂന്നു കഴിഞ്ഞു.മായ വാക്കുപാലിച്ചു മീര നടക്കുവല്ല ഓടുവാണ് കുഞ്ഞു പ്രവീണിന്റെ വികൃതികൾക്ക് പിന്നാലെ……