വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവ് എന്ന വാക്ക് അവൾക്ക് ക്രൂരതയുടെ അടയാളമായിരുന്നു. എന്നും…

രചന: മഹാ ദേവൻ

” ഞാൻ ആത്മഹത്യ ചെയ്യുകയാണ്. ജീവിതത്തിൽ എവിടെയും എത്താൻ കഴിയാത്ത ഞാൻ ഈ ഭൂമിക്ക് ഭാരമാണെന്ന് ഇപ്പോൾ തോനുന്നു.മറ്റുള്ളവരുടെ കണ്ണിൽ ഇന്നും വെറുക്കപ്പെട്ട ഒരാളായി ജീവിക്കുന്നതിലും നല്ലത് മരണമാണ്…എന്റെ മരണത്തിന് വേറെ ആരും ഉത്തരവാദികളല്ല. ഞാൻ എന്റെ സ്വന്തം ഇഷ്ട്ടപ്രകാരം എന്റെ ജീവിതം അവസാനിപ്പിക്കുന്നു…… “

പിന്നെയും എന്തൊക്കെയോ കുത്തികുറിച്ചുകൊണ്ട് അവൾ ആ കുറിപ്പ് അവസാനിപ്പിക്കുമ്പോൾ ഒന്ന് നെടുവീർപ്പിട്ടു.പിന്നെ കയ്യിലെ പേപ്പറിലേക്ക് ഒന്നുകൂടി നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നും രണ്ട് തുളളി പൊടിഞ്ഞുവീണു.

അത്രയേറെ വേദനിച്ചുജീവിച്ച ഒരു പെണ്ണിന്റ മാനസികാവസ്ഥ അവളുടെ മുഖത്തു കാണാമായിരുന്നു.കണ്ണുകളിൽ ഇന്നലകളുടെ തീരാത്ത നോവുകൾ പിടക്കുന്നുണ്ടായിരുന്നു.

” വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവ് എന്ന വാക്ക് അവൾക്ക് ക്രൂരതയുടെ അടയാളമായിരുന്നു. എന്നും കുടിച്ചുവന്ന് തലങ്ങും വിലങ്ങും തല്ലുന്ന ഭർത്താവ്. രാത്രി കാട്ടികൂട്ടുന്ന വികൃതമായ പേക്കൂത്തിൽ മനസ്സറിയാത്ത പിറന്ന ഒരു മോള്. ഇപ്പോൾ അവൾ മാത്രമാണ് ഒരു ആശ്വാസം.പക്ഷേ…..

” എടി മൂദേവി, ആര് പിഴപ്പിച്ചുണ്ടാക്കിയ വിത്താടി ഇത്. ഞാൻ കേറി വരുന്നത് ഈ കോലത്തിൽ ആയത് കൊണ്ട് ആർക്ക് വേണേൽ കിടക്ക വിരിക്കാലോ നിനക്ക്. എന്നിട്ട് കണ്ടവന്റെ കൂടെ കിടന്ന് പള്ളേല് വാങ്ങിയ കുഞ്ഞിനിപ്പോ തന്ത ഞാൻ. കൊള്ളാം നിന്റെ ബുദ്ധി. എടി പുന്നാരമോളെ… ഞാൻ ഇല്ലാതെ നേരം നോക്കി ഇതും തുറന്നിരിക്കാനും കണ്ടവന് കേറി നിറങ്ങാനും ഇത് സത്രമൊന്നും അല്ലേടി . എന്റെ വീടാ.. എന്റെ വീട്. അത്‌ ഞാൻ ഇല്ലാത്ത നേരം നോക്കി വ്യപിചരിക്കാനുള്ള മറയാക്കി എന്നെ പൊട്ടനാക്കുകയാണ് അല്ലേടി പൊ *&@* മോളെ “

എന്നും പറഞ്ഞ് അവളെ ഭിത്തിയിൽ ചാർത്തി നിർത്തി അടിനാഭി നോക്കി ഇടിക്കുമ്പോൾ വേദനയാൽ പിടഞ്ഞവൾ നിലത്തേക്കിരുന്ന് അടിവയർ പൊത്തിപിടിച്ചു പറയുന്നുണ്ടായിരുന്നു ” ഞാൻ ഒന്നും അറിഞ്ഞില്ലേ… ന്റെ മോളാണേ സത്യം, ഞാൻ പിഴച്ചിട്ടില്ല.. ഇത് നിങ്ങടെ കൊച്ചാണ് മനുഷ്യ….അതിനെ കൂടി സംശയിക്കല്ലേ ” എന്ന്.

പക്ഷേ, അവളുടെ അലറിക്കരച്ചിലോ, വാക്കുകളോ അവൻ കേൾക്കുന്നില്ലായിരുന്നു. മനസ്സും ശരീരവും കവർന്ന മദ്യത്തിന്റ ലഹരിയിൽ അവൻ വീണുകിടന്ന അവളെ വീണ്ടും അവിടെ ഇട്ട് ചവിട്ടുമ്പോൾ എല്ലാം കണ്ടുകൊണ്ട് രണ്ട് കുഞ്ഞിക്കണ്ണുകൾ വാതിലിനപ്പുറത്തു വിറച്ചു നിൽപ്പുണ്ടായിരുന്നു.

” സത്യം പറയെടി, ഇത് ആരുടെ കൊച്ചാ? ഞാൻ ഇല്ലാത്ത നേരത്ത് ഈ ഉമ്മറം നിരങ്ങുന്നവൻ ആരാടി മൂധേവി.

നിന്റെ അമ്മ പണ്ട് വേലിചാടി ഉണ്ടായതാണ് നീ എന്ന് ഞാൻ കൊറേ കേട്ടിട്ടുണ്ട്. അപ്പൊ പിന്നെ നീ മതില് ചാടുമല്ലോ. “

അവൻ പുച്ഛത്തോടെ അവളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പികൊണ്ട് മുടിക്ക് കുത്തിപ്പിടിക്കുമ്പോൾ അടിനാഭിയിലെ പിടയുന്ന വേദനയിലും അല്പം ധൈര്യം സംഭരിച്ചുകൊണ്ട് മുടിയിൽ കുത്തിപിടിച്ച അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചികൊണ്ട് അവൾ പറയുന്നുണ്ടായിരുന്നു ” ദേ മനുഷ്യ..നിങ്ങൾ എന്നെ എന്ത് വേണേൽ പറഞ്ഞോ. പക്ഷേ, എന്റെ അമ്മയെ പറഞ്ഞാൽ ഉണ്ടല്ലോ. ” എന്ന്.

പക്ഷേ, അവൾ ആ വാക്കുകൾ മുഴുവനാക്കും മുന്നേ അവൻ മുടിയിൽ ഒന്നുകൂടി മുറുക്കെ പിടിച്ചവളെ ഒന്ന് വട്ടം കറക്കി ഭിത്തിയിലേക്ക് തല ഇടിച്ചു. ” നിന്റെ തള്ളയെ പറഞ്ഞാൽ നീ എന്നെ അങ്ങ് മൂക്കിൽ കേറ്റുമോടി മറ്റവളെ. പിഴച്ചവളെ പിന്നെ പുണ്യാളത്തി എന്ന് വിളിക്കണോ. വന്നിരിക്കുന്നു ഒരു തള്ളയും മോളും. അമ്മയെ പോലെ മോളും കണ്ടവനെ മുറിയിൽ കേറ്റി ഒന്നിനെ ഉണ്ടാക്കി എന്റെ തലയിൽ കെട്ടിവെച്ചതും പോരാ പിന്നേം നല്ല പിള്ള ചമയുന്നോ? “

ആ പിഴച്ചുപെറ്റ സന്തതിയെ ആദ്യം എടുത്തിട്ട് കിണറ്റിൽ ഇടണം. കണ്ടവന് ഉണ്ടായത് അച്ഛാ എന്ന് വിളിക്കുന്നത് കേൾക്കുമ്പോഴേ… ഇവിടെ ആ കുട്ടിപിശാശ് ” എന്നും ചോദിച്ചുകൊണ്ട് അവളിൽ നിന്നും പിടിവിട്ട് വാതിൽക്കലേക്ക് അവന്റെ കണ്ണുകൾ എത്തുമ്പോൾ പേടിയോടെ നിൽക്കുന്ന ആ കുഞ്ഞുശരീരം ആലില പോലെ വിറയ്ക്കുന്നുണ്ടായിരുന്നു. അവന്റെ കണ്ണുകൾ ക്രൗര്യതയോടെ ആ കുഞ്ഞിനടുത്തേക്ക് നടക്കുമ്പോൾ താഴെ വീണ് കിടന്നവൾ ചാടി എഴുനേറ്റ് അയാളെ തള്ളിമാറ്റി കുഞ്ഞിനടുത്തേക്ക് ഓടി.

ഓർക്കാപുറത്തുള്ള അവളുടെ തള്ളലിൽ അവന്റെ ബാലൻസ് തെറ്റിയ ആ സമയം മതിയായിരുന്നു അവൾക്ക് കുഞ്ഞിനേയും എടുത്ത് മുറിയിൽ കേറി വാതിലടക്കാൻ. “

അങ്ങനെ പേടിയോടെ ജീവിക്കുന്ന ഓരോ രാത്രിയും അവൾക്ക് മരണത്തേക്കാൾ ഭയാനകമായിരുന്നു. പേടിയോടെ മാറിലേക്ക് പറ്റിച്ചേരുന്ന കുഞ്ഞുശരീരം ഇടക്കിടെ ഞെട്ടി എഴുനേറ്റ് പൊട്ടിക്കരയുമ്പോൾ അവൾക്കും ആ കുഞ്ഞിനൊപ്പം കരയാനെ കഴിയുമായിരുന്നുള്ളൂ.

ഇവിടെ നിന്നും ഇറങ്ങിയാൽ പോകാൻ ഒരു ഇടമില്ലാത്തവൾ പിന്നയെങ്ങോട്ട് പോകാൻ.

ഉണ്ടായിരുന്ന അമ്മ കൂടി പോയതോടെ ശരിക്കും ഒറ്റപ്പെട്ടപോലെ ആയിരുന്നു.
ഉള്ളിലെ വേദന ആരോടും പറയാൻ കഴിയാതെ…..

വേദന മാത്രം തിന്ന് ഇനി എത്രനാൾ…

പക്ഷേ, ആ കുഞ്ഞുമുഖം ഓർക്കുമ്പോൾ എല്ലാം മറക്കാൻ ശ്രമിക്കും അവൾ. അവൾക്ക് വേണ്ടി മാത്രം പുഞ്ചിരിക്കും. കുറച്ചു നേരമെങ്കിലും ആ കുഞ്ഞ്മുഖത്ത്‌ കാണുന്ന സന്തോഷം മാത്രമായിരുന്നു അവൾക്കൊരു ആശ്വാസം. !

പക്ഷേ, ഇപ്പോൾ…. മടുപ്പ് വല്ലതെ മനസ്സിനെ കൊത്തിവലിക്കുന്നു.

ഒരു പെണ്ണ് അനുഭവിക്കാൻ ഉള്ളതിനേക്കാൾ കൂടുതൽ അനുഭവിച്ചു. ഇനി വയ്യാ….

അവസാനതീരുമാനം ആയിരുന്നു മരണം. തനിക്ക് ഒരിക്കലെങ്കിലും ജയിക്കണം. അത്‌ ഒരു മരണം കൊണ്ട് ആണെങ്കിൽ പോലും…അവൾ ഓർമ്മകലെ രണ്ട് തുളളി കണ്ണുനീരിൽ അലിയിച്ചുകൊണ്ട് കയ്യിലെ പേപ്പറിലേക്ക് പിന്നെയും നോക്കികൊണ്ട് ഒന്ന് നെടുവീർപ്പിട്ടു. പിന്നെ ആ പേപ്പർ മടക്കി കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് അകത്തേക്ക് നടന്നു ഈ ഒരു രാത്രി പെട്ടന്ന് ഇരുട്ടിത്തുടങ്ങിയിരുന്നെങ്കിൽ എന്ന് ആദ്യമായി ആഗ്രഹിച്ചുകൊണ്ട് !

രാത്രി അയാൾ വരുന്നതിനു മുന്നേ മകളെ ചോറ് കൊടുത്തുറക്കി അവൾ കിടക്കുന്ന റൂമിന്റെ വാതിൽ പുറത്തുനിന്നു പൂട്ടി താക്കോൽ അരയിൽ തിരുകി.

അല്ലെങ്കിൽ കേറി വരുമ്പോൾ തന്നോട് കാണിക്കുന്ന വെറുപ്പിന്റെ ബാക്കിയായി ആ കുഞ്ഞിനെ കൊല്ലാൻ പോലും അയാൾ മടിക്കില്ലെന്ന് അവൾക്ക് അറിയാം.

അന്നും നാലുകാലിൽ കേറി വന്ന അയാൾ പതിവ് പോലെ അവളുടെ മുടികുത്തിനു പിടിക്കുമ്പോൾ അവൾ കരഞ്ഞില്ല. പിഴച്ചവളെന്ന വിളി കേട്ട് അവൾ തെല്ലിട പതറിയില്ല.

അടിനാഭിയിലേക്ക് കാലുയർത്തുമ്പോൾ ആദ്യമായി വേദന കടിച്ചമർത്തി അവളൊന്നു ചിരിച്ചു. ഇനി ഇതൊന്നും അനുഭവിക്കേണ്ടല്ലോ എന്നൊരു ചിന്ത മാത്രമായിരുന്നു അപ്പൊൾ അവളെ നിയന്ത്രിച്ചത്. അയാൾ ചവിട്ടട്ടെ, അടിക്കട്ടെ, അവസാനായി അയാൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യട്ടെ.

അയാളുടെ പരാക്രമം തീരുമ്പോൾ അവൾ അവശയായിരുന്നു. ഒരു മൂലയിലേക്ക് അടിനാഭിയിൽ കൈ ചേർത്തിരിക്കുമ്പോൾ ഒരു മരണം അവളുടെ കണ്മുന്നിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിരുന്നു.

അയാൾ മദ്യത്തിന്റ ആസക്തിയിൽ കിടന്നെന്ന് മനസ്സിലായപ്പോൾ അവൾ പതിയെ മകളുറങ്ങുന്ന മുറി മെല്ലെ തുറന്നു. പിന്നെ ഒന്നും അറിയാതെ മയങ്ങുന്ന അവളെ വാത്സല്യത്തോടെ ഒന്ന് നോക്കി.

പിന്നെ വാതിൽ മെല്ലെ ചാരികൊണ്ട് ബ്ലൗസിനിടയിൽ തിരുകിവെച്ച മരണക്കുറിപ്പ് അവിടെ ഉണ്ടെന്ന് ഉറപ്പുവരുത്തി.

അതിന് ശേഷം എന്നും അവളുടെ ശരീരത്തിൽ നടത്തുന്ന പരാക്രമങ്ങൾക്കൊടുവിൽ ബോധമില്ലാത്ത കിടക്കുന്ന അയാൾയ്ക്ക് രാത്രി കുടിക്കാൻ വെക്കാറുള്ള വെള്ളം അന്നും അയാളുടെ മുറിയിൽ വെച്ചുകൊണ്ട് കയ്യിൽ ചുരുട്ടിപിടിച്ച പേപ്പറിൽ ഒന്നുകൂടി മുറുക്കെ പിടിച്ച് അയാളെ നോക്കി ഒന്ന് നെടുവീർപ്പിട്ടു അവൾ.

അപ്പോഴും അവൾ അറിയുന്നുണ്ടായിരുന്നു കൊതിച്ച മരണം പിന്നിൽ വന്നു നിൽക്കുന്നത്. !

രാവിലെ നിലവിളികൊണ്ട് ആ പുലരി കൺതുറക്കുമ്പോൾ നാട്ടുകാർ ആ വീട്ടിലേക്ക് ഓടിവരുന്നുണ്ടായിരുന്നു. കാര്യമെന്തെന്ന് അറിയാൻ ഓടികൂടിയവർ മുന്നിൽ കണ്ട കാഴ്ച്ച കണ്ട് ഞെട്ടി നിൽക്കുമ്പോൾ താഴെ ഒന്ന് കരയാൻ പോലും കഴിയാതെ വിറങ്ങലിച്ചിരിക്കുന്ന ആ മുഖത്തായിരുന്നു എല്ലാവരുടെയും കണ്ണുകൾ.

ഒന്ന് സമാധാനിപ്പിക്കാനെന്നോണം അടുത്തിരുന്നവരോട് ഒരു വിതുമ്പലോടെ അവൾ പറയുന്നുണ്ടായിരുന്നു ” തല്ലാൻ ആണേലും ജീവനോടെ ഉണ്ടായിരുന്നാൽ മതിയായിരുന്നു. ഇതിപ്പോ പോയില്ലേ ചേച്ച്യേ ” എന്ന്.

പിന്നെ അടുത്തിരിക്കുന്ന കുഞ്ഞിനെ ചേർത്തുപിടിക്കുമ്പോൾ കട്ടിലിൽ കമിഴ്ന്നുകിടക്കുകയായിരുന്നു അവളുടെ ഭർത്താവ്! തണുത്തു മരവിച്ചുകൊണ്ട് !

” ആ പെണ്ണ് രക്ഷപ്പെട്ടെന്ന് കരുതിയാൽ മതി. എന്നും എടുത്തിട്ട് അടിക്കാൻ മാത്രമല്ലേ അവനെ കൊണ്ട് പറ്റൂ.. ചത്തത് നന്നായി…..”

” എത്രയൊക്കെ കൊള്ളരുതാത്തവൻ ആയാലും അവൻ പോയപ്പോൾ പിന്നേം തനിച്ചായില്ലേ ആ പെണ്ണും കുട്ടീം. അതിന്റ ഒരു യോഗം “

ആളുകൾ നാലുപാടും നിന്ന് പലതും പിറുപിറുക്കുമ്പോൾ പോലീസ് ബോഡി പരിശോധിക്കുകയായിരുന്നു. അരയിൽ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പ് കൂടി അടയാളപ്പെടുത്തുമ്പോൾ ആരോ പറയുന്നുണ്ടായിരുന്നു ” വിഷം കഴിച്ചത്രേ ആത്മഹത്യ ചെയ്തത് ” എന്ന്.

അത്‌ കേട്ട് അവളൊന്നു പതിയെ തലപൊക്കി. പിന്നെ കണ്ണുകൾ തുടച്ചുകൊണ്ട് നിലത്തേക്ക് മിഴികളൂന്നുമ്പോൾ കണ്മുന്നിൽ തലേ ദിവസത്തെ ദൃശ്യങ്ങൾ ഓടിമറയുന്നുണ്ടായിരുന്നു.

മോള് കിടക്കുന്ന മുറിയുടെ വാതിൽ തുറന്ന് അവളെ ഒന്ന് നോക്കി പുഞ്ചിരിയോടെ ആ വാതിൽ ചാരി അവൾ അടുക്കളയിലേക്ക് നടന്നു. പിന്നെ ഭർത്താവിന്റെ മിറിയിൽ എന്നും വെക്കാറുള്ള വെള്ളത്തിലേക്ക് കയ്യിലെ കുപ്പിയിൽ നിന്നും വിഷമിറ്റിക്കുമ്പോൾ കൈപട അതിൽ പടരാതിരിക്കാൻ ആ കുപ്പി തുണികൊണ്ട് പൊതിഞ്ഞിരുന്നു. പിന്നെ വെള്ളവുമായി അയാളുടെ മുറിയിലെത്തി അയാൾക്കരികിലേക്ക് പാത്രം വെച്ച് കയ്യിലെ വിഷക്കുപ്പി ബെഡിനടിലേക്ക് തിരുകിയശേഷം കൂടെ കരുതിയ ആത്മഹത്യാക്കുറിപ്പ് ഒന്നുകൂടി നിവർത്തിനോക്കി. കൈപ്പട പോലും സംശയം വരാത്ത രീതിയിൽ ആണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ബോധമറ്റു കിടക്കുന്ന അയാളുടെ അരയിലേക്ക് തിരുകിവെച്ചുകൊണ്ട് അവൾ പുറത്തേക്ക് നടന്നു.

അപ്പോഴും മനസ്സിൽ ഒരു ഭയമുണ്ടായിരുന്നു. ഇനി അധവാ അയാൾ വെള്ളം കുടിച്ചില്ലെങ്കിൽ….ബോധം വരുമ്പോൾ അരയിലെ കുറിപ്പ് കാണാൻ ഇടയായാൽ……എങ്കിൽ നാളെ അയാൾക്ക് പകരം ഇവിടെ താൻ ആയിരിക്കും മരിക്കുന്നത്.പക്ഷേ, എല്ലാം ശുഭം.. ക്രൂരമായ ജീവിതത്തിൽ നിന്നും ഒരു മോചനം. നാളെ ഇയാളുടെ കൈ കൊണ്ട് തന്റെ മകളുടെ ജീവിതം കൂടി ചിലപ്പോൾ…അതിനേക്കാൾ നല്ലത് ഇയാള് മരിക്കുന്നതാണ്. തെറ്റോ ശരിയോ എന്നല്ല, എന്റെ മകൾ, അവൾ മാത്രമാണിപ്പോൾ എനിക്ക് വലുത്.

ആരുടെയോ വിളി കേട്ട് അവൾ ചിന്തയിൽ നിന്നും എഴുന്നേൽക്കുമ്പോൾ മുന്നിൽ പോലീസുകാർ ഉണ്ടായിരുന്നു.അവളെ കൊണ്ട് ഒരു ഒപ്പിടിച്ച ശേഷം മരണം ആത്മഹത്യയായി സ്ഥിരീകരിക്കുമ്പോൾ തെളിവായി ബെഡിനടിയിൽ നിന്നും വിഷക്കുപ്പിയും എല്ലാം ശുഭമാക്കിയ ആത്മഹത്യാകുറിപ്പും ഉണ്ടായിരുന്നു.

” ” ഞാൻ ആത്മഹത്യ ചെയ്യുകയാണ്.ജീവിതത്തിൽ എവിടെയും എത്താൻ കഴിയാത്ത ഞാൻ ഈ ഭൂമിക്ക് ഭാരമാണെന്ന് ഇപ്പോൾ തോനുന്നു.മറ്റുള്ളവരുടെ കണ്ണിൽ ഇന്നും വെറുക്കപ്പെട്ട ഒരാളായി ജീവിക്കുന്നതിലും നല്ലത് മരണമാണ്…എന്റെ മരണത്തിന് വേറെ ആരും ഉത്തരവാദികളല്ല. ഞാൻ എന്റെ സ്വന്തം ഇഷ്ട്ടപ്രകാരം എന്റെ ജീവിതം അവസാനിപ്പിക്കുന്നു…… “

അതിലെഴുതിയ അക്ഷരങ്ങളിലൂടെ എസ് ഐ ഒരിക്കൽ കൂടി കണ്ണോടിച്ചുകൊണ്ട് ആ പേപ്പർ മടക്കുമ്പോൾ അവൾ കരയുകയായിരുന്നു.

ഇത്ര നാൾ കരഞ്ഞതിൽ നിന്നും വ്യത്യസ്തമായി. ആദ്യമായി ആശ്വാസത്തോടെ ഒരു കരച്ചിൽ. മരണംകൊണ്ട് നേടിയ സ്വാതന്ത്ര്യത്തിൽ മകളെയും ചേർത്തുപിടിച്ചുകൊണ്ട് !

അപ്പോഴും അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു,

” തെറ്റോ ശരിയോ… അറിയില്ല.പക്ഷേ, എന്റെ മകൾക്ക് നാളെയും ജീവിക്കണം. പിഴച്ചവളെന്ന് സ്വന്തം അച്ഛന്റെ നാവിൽ നിന്നും കേട്ട് ജീവിക്കുന്നതിനേക്കൾ നല്ലത് മരിച്ച അച്ഛന്റെ മകളായി ജീവിക്കുന്നതാണ്. ” എന്ന് !!!!