മരവിച്ചുപോയ മനസുമായി ആ ദേഹത്തിൽ അമർന്നുകിടന്ന എന്നെ വലിച്ചിഴക്കാൻ നോക്കിയ ഇച്ചായന്റെ കൈകളെ…

പ്രണയത്തിലെ ചോരചുവപ്പുകൾ

രചന: സുമയ്യ ബീഗം TA

ഹായ്

റോസിന്റെ ഫോണിൽ അറിയാത്ത ഒരാളുടെ ആദ്യ മെസ്സേജ്.

നിങ്ങൾ ആരാണ് ?

സ്ഥിരം റിപ്ലൈ യാതൊരു ഇന്റെരെസ്റ്റും ഇല്ലാതെ റോസ് സെൻഡ് ചെയ്തു.

എന്നെ തനിക്കു അറിയില്ല എനിക്കു തന്നെയും പക്ഷേ അക്ഷരമഴ എന്ന ഗ്രൂപ്പിൽ താൻ എഴുതിയിടുന്ന ഓരോ വരികളും ഒന്നിനൊന്നു മനോഹരം.

ഓ !താങ്ക്സ്.

പരിചയമില്ലാത്തവരുമായി ഞാൻ ചാറ്റ് ചെയ്യാറില്ല. ഗ്രൂപ്പിൽ കാണാം ബൈ.

ഹഹഹ കൊള്ളാം. നൈർമല്യം, അലിവ്, പ്രണയം ഇതൊക്കെ തന്റെ അക്ഷരങ്ങളിലെ ഉള്ളു അല്ലേ ശരിക്കും ഒരു മുരടത്തി ആണെന്ന് തോന്നുന്നു.

ആണെങ്കിൽ തനിക്കെന്താടോ കോപ്പേ ?എന്ന് ചോദിക്കാൻ നാവു പൊന്തിയെങ്കിലും ഇയാൾ തന്റെ ആരാധകൻ ആണെന്ന സത്യം ആ ചോദ്യം ഡിലീറ്റ് ചെയ്യിച്ചു. മാത്രല്ല ഇവനൊക്കെ സ്ക്രീൻ ഷോട്ട് വെച്ചു വേണേൽ ഇതൊരു കഥയാക്കി ഇപ്പോൾ തന്നെ പോസ്റ്റാനും ചാൻസ് ഇല്ലാതില്ല അതോണ്ട് പുന്നാരമോനെ എന്ന് മനസ്സിൽ വിളിച്ചു സഹോ എന്നാക്കി റിപ്ലൈ കൊടുത്തു.

സോറി ഉപദ്രവിക്കരുത് ബൈ.

അതിനു ബൈ എന്നൊരു റിപ്ലൈ വന്നു.

ഇത്രയും ആയപ്പോൾ ഇത്രയും നേരം മെസ്സേജ് ചെയ്ത ആളെ അറിയണം എന്നൊരു തോന്നൽ. വ്യൂ പ്രൊഫൈൽ എടുത്തു ഒന്ന് സേർച്ചി.

ഒരു ആലപ്പുഴക്കാരൻ. പി. ജി സ്റ്റുഡന്റ്. കോളേജിന്റെ പേരൊക്കെ ഉണ്ട്. ഫേക്ക് അല്ല. ആർക്കറിയാം. പേര് സാം. സാം സണ്ണി.

(അലയാൻ ഏറെയുണ്ട് ഇനിയും അറിയാത്തൊരു ജീവിതവഴിയിൽ അലകടൽ പോൽ അലതല്ലുന്ന മനസുമായി, ഞാൻ ഒരു ഏകാകി. )

കൊള്ളാം സാമിന്റെ പ്രൊഫൈലിലെ സ്റ്റാറ്റസ്.

റോസ് മനസ്സിലോർത്തു.

പിന്നെ ആ ഐഡി യിൽ നിന്നും മെസ്സേജ് ഒന്നും വന്നില്ല.

രണ്ടു നാൾ കഴിഞ്ഞു വിരഹത്തെകുറിച്ചു ഞാൻ ഇട്ട കവിതയുടെ കമെന്റ് ആയി അതിമനോഹരമായ ചില വരികൾ കണ്ടു. നോക്കിയപ്പോൾ സാം ആണ്. താങ്ക്സ് സൂചിപ്പിക്കുന്ന ഒരു സ്റ്റിക്കർ റിപ്ലൈ കൊടുത്തു.

പിന്നീട് പലപ്പോഴും എന്റെ പോസ്റ്റുകളുടെ നല്ലൊരു വായനക്കാരനും നിരൂപകനും ആയി സാം.

ഒരിക്കലും ഇൻബോക്സിൽ പിന്നെ വരാതിരുന്നത് കൊണ്ടു സാം പതിയെ എനിക്കും പ്രിയപ്പെട്ട ആരോ ആയി.

ഇതിനിടയിൽ ഗ്രൂപ്പിലെ ഇഷ്ടമുള്ള കഥകൾ ഒക്കെ സാം എഴുതിയതാണെന്ന് ഞാൻ മനസിലാക്കിയിരുന്നു. അസാധ്യമായി സാം എഴുതിയിരുന്നു. ആ കഥകൾ ഒക്കെ സാമിന്‌ ഒത്തിരി ആരാധികമാരെ നേടിക്കൊടുത്തു. സാമിന്റെ കഥകൾക്ക് താഴെ കമെന്റ് ഇടാൻ എഴുത്തുകാരികൾ മത്സരിക്കുമ്പോൾ എനിക്കു പുച്ഛം തോന്നി ആ കഥകളെ ഒക്കെ ഞാൻ വിമർശിക്കാനും കുറ്റം കണ്ടുപിടിക്കാനും തുടങ്ങി.

അങ്ങനെ ചെയ്തത് തന്നെ സാം തന്റെ ആരാധികമാരുടെ കൂട്ടത്തിൽ നിന്നും ഇവളെ തിരിച്ചറിയണം എന്ന അത്യാഗ്രഹം ആരുന്നോ എന്ന് ചോദിച്ചാൽ ഉത്തരമില്ല.

എന്റെ വിമർശനങ്ങളെ പൂച്ചെണ്ടുകളായി സ്വീകരിച്ചു സാം ഒന്നൂടെ എഴുത്ത് മെച്ചമാക്കി. ആയിരത്തിലധികം പേർ വായിക്കാത്ത ഒരു കഥ പോലും ഇല്ലായിരുന്നു.

എന്റെ ആരാധകനായ സാമിന്റെ ആരാധികയായി ഞാനും മാറി. അത്രക്കും നല്ലൊരു മനസായിരുന്നു ഓരോ അക്ഷരങ്ങളിലും തെളിയുന്നത്.

ഫ്. ബി യിൽ സാമിന്റെ ഫ്രണ്ട് ആയി. സാമിനെകുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹം തോന്നി ഇൻബോക്സിൽ ചെന്നു ഹായ് പറഞ്ഞു.

റിപ്ലൈ കിട്ടിയില്ല. സാം അവഗണിക്കുന്നതുപോലെ ശെരിക്കും സങ്കടവും നാണക്കേടും. പിന്നെ കുറേനാൾ സാമിന്റെ കഥകൾ കണ്ടില്ലെന്നു നടിച്ചു. ഞാനും ഒന്നും എഴുതിയില്ല. മനസ്സ് ശൂന്യമാരുന്നു മൊത്തത്തിൽ ഒരു നിരാശ.

അങ്ങനിരിക്കെ സാമിന്റെ മെസ്സേജ്.

വിടരാമൊട്ട് എഴുത്ത് നിർത്തിയോ ?

ആ മെസ്സേജ് കണ്ടപ്പോൾ തുള്ളിച്ചാടാൻ തോന്നിയെങ്കിലും ആവേശം അടക്കി ഇത്തിരി ജാടയിട്ടു.

നിങ്ങളെ പോലെ മാത്രികത തീർക്കുന്ന ഇന്ദ്രജാലക്കാർക്കിടയിൽ ഒരു വിടരാമൊട്ട് എന്തു കുറിക്കാൻ ?

അയ്യോ അങ്ങനെ പറയരുത് ഞാൻ വായിക്കാറുണ്ടല്ലോ ?കുട്ടി നന്നായി എഴുതുന്നുണ്ട്.

സാം എനിക്കു തന്റെ സൗഹൃദം വേണം. കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്. മടിച്ചു മടിച്ചു ആണെങ്കിലും ഇത്രയും ടൈപ്പ് ചെയ്തപ്പോൾ ഒരു മഴ പെയ്തൊഴിഞ്ഞപോലെ…

ഞാൻ സാം.ഇംഗ്ലീഷ് സാഹിത്യത്തിൽ പി. ജി ചെയ്യുന്നു. രണ്ടാം വർഷം. ക്ലാസ്സ്‌ കഴിയാറായി.

വീട്ടിൽ ആരൊക്കെ ഉണ്ട് ?എന്റെ അടുത്ത ചോദ്യം.

വീട്ടിൽ അച്ഛൻ പിന്നെ ഞാനും.

അമ്മ ?

തരികിട ആരുന്നു എന്നാണ് കേട്ടിരിക്കുന്നത്. അച്ഛൻ നന്നായി മദ്യപിക്കുമാരുന്നു. അതോണ്ട് ആണോ എന്നറിയില്ല അവർ എനിക്കു അഞ്ചു വയസുള്ളപ്പോൾ ആരുടെയോ കൂടെ ഒളിച്ചോടി പോയി. അയാൾ അവരെ പലർക്കും വിറ്റു അവസാനം ഉപേക്ഷിച്ചു ഇപ്പോൾ ഇത്തിരി ക ഞ്ചാവ് വില്പന ഒക്കെയായി ടൗണിൽ ഉണ്ട്. ഞാൻ തിരക്കാറില്ല. എനിക്കു അങ്ങനൊരു അമ്മ ആവശ്യമില്ല.

കേട്ടപ്പോൾ ഞെട്ടി പോയി ഏങ്കിലും അൽപ്പം ബിസി എന്ന് പറഞ്ഞു ഞാൻ നെറ്റ് ഓഫ്‌ ചെയ്തു.

കർത്താവെ പണി കിട്ടുമോ ഇനി സാമും വല്ല ഡ്ര ഗ് ഏജന്റും ആണോ ?അതിനുള്ള മറ ആണോ ഈ ഓൺലൈൻ എഴുത്തും അക്കൗണ്ടും ഒക്കെ. സാഹിത്യകാരന്മാരും ലഹരിയും ഇണപിരിയാത്ത കൂട്ട് എന്നാണ് കേൾവി. വേണ്ട ഒരു സൗഹൃദവും വേണ്ട , എല്ലാം ഇവിടം കൊണ്ടു നിർത്താം.

ക്ലാസ്സിലെ ലക്ഷ്മി ആലപ്പുഴക്കാരിയാണ്. ചുമ്മാ ഒന്ന് സാമിനെ പറ്റി തിരക്കി. നാളെ തിരക്കിയിട്ടു പറയാം എന്ന് പറഞ്ഞു അവൾ പോകുമ്പോൾ ചോദ്യങ്ങൾ ഒത്തിരി എന്നോട് ഞാൻ ചോദിച്ചു. എന്തിനു വേണ്ടി ?എന്താണ് ഉദ്ദേശം ?അയാൾ നിനക്കാരാണ് ?

പിറ്റേന്ന് ലക്ഷ്മി വരാൻ നോക്കിയിരുന്നു.

വന്നപാടെ ലക്ഷ്മി പറഞ്ഞു, റോസ് അത് എന്റെ കസിന്റെ ഫ്രണ്ട് ആണ്. 100% നല്ലൊരു പേഴ്സണാലിറ്റി. എന്തോ ഫാമിലി ബാക്ക് ഗ്രൗണ്ട് മോശം ആണെന്ന് പറഞ്ഞു എന്താണെന്നു ഞാൻ ചോദിച്ചില്ല.

അല്ല എന്തിനാടാ നീ ഇതൊക്കെ തിരക്കുന്നതു . ഞങ്ങൾ എഞ്ചിനീയറിംഗ് ലാസ്റ്റ് ഇയർ സ്റ്റുഡന്റസ് ആണ്.

ഞാൻ പറയാറില്ലേ ഡി സാം നന്നായി എഴുതും ഇന്നലെ സംസാരിച്ചപ്പോൾ കുറച്ചു കാര്യങ്ങൾ പറഞ്ഞു അതുകൊണ്ട് അന്വേഷിച്ചത നീ അത് വിട്ടേക്ക് നമുക്ക് പ്രോജക്ടിന്റെ ബാക്കി വർക്ക്‌ ചെയ്യാം.

റോസ്, മോളെ നിന്റെ ഇച്ചായനും പപ്പയുമൊക്കെ എന്തിനും പോന്ന ആൾക്കാരാണ് ചുമ്മാ വയ്യാവേലി ഉണ്ടാക്കി വെക്കരുത് കേട്ടോ ?

ഇല്ലടി ഉണ്ടക്കണ്ണി. ചിരിച്ചോണ്ട് അത്രയും പറയുമ്പോളും ഞാൻ സാമിനെ പ്രണയിച്ചു തുടങ്ങി അതി തീവ്രമായി.

പിന്നെയും മെസ്സേജുകൾ കൈമാറി സാമിന്റെ പ്രിയപ്പെട്ടൊരാൾ ആയി ഞാൻ മാറി.

വിടാരമൊട്ട് എന്ന ഫേക്ക് ഐഡി ഞാൻ റോസ് എലിസബത്ത് ചാണ്ടി ആണെന്നതുൾപ്പടെ എല്ലാം.. ഇഷ്ടങ്ങൾ, സ്വപ്നങ്ങൾ, ലക്ഷ്യങ്ങൾ, സങ്കൽപ്പങ്ങൾ എല്ലാം പങ്കുവെച്ചു.

പക്ഷേ ഒരിക്കലും ഞാൻ ആഗ്രഹിച്ചൊരു പ്രണയം അത് സാമിന്റെ വാക്കുകളിൽ നിന്നും വന്നില്ല.

പ്രണയിക്കുന്ന പെൺകുട്ടിയെപ്പറ്റി ചോദിച്ചപ്പോൾ അതൊരിക്കലും തന്നെ പോലൊരു പണച്ചാക്ക് ആവില്ല എന്നെ പോലൊരു സാദാ പെൺകുട്ടി. ഇരുനിറമുള്ള നുണകുഴിയുള്ള നിറം മങ്ങിയ ജീവിതത്തോട് പൊരുതുന്നവൾ. എങ്കിൽ മാത്രമേ എന്റെ ചെറിയ സന്തോഷങ്ങളിലും, കൊച്ചു ജീവിതത്തിലും പൂർണ തൃപ്തിയോടെ ആരാധനയോടെ അവളെന്നെ സ്നേഹിക്കു. മരിക്കും വരെ നെഞ്ചോട്‌ ചേർക്കാൻ എന്റേതെന്നു പറയാൻ എനിക്കു അങ്ങനൊരു പെണ്ണ് മതി.

സാം പാവമായിരുന്നു അധികമാരും സ്വന്തമായില്ലാത്ത സ്നേഹം എന്തെന്നറിയാതെ വളർന്ന സാമിന്റെ ഹൃദയത്തെ ഞാൻ തട്ടിപ്പറിച്ചു എന്റെ അന്ധമായ സ്നേഹത്തിനുമുന്നിൽ സാം തോറ്റു തന്നു. ഞാൻ തോൽപിച്ചു വെറും വാശി ആരുന്നില്ല അത്രയ്ക്ക് ഞാൻ ഇഷ്ടപ്പെട്ടിരുന്നു സാമിന്റെ അക്ഷരങ്ങളെ സാം എന്ന മനുഷ്യനെ.

പിന്നെ പ്രണയത്തിന്റെ രണ്ടു വർഷങ്ങൾ. സാം ഒരു പ്രൈവറ്റ് കോളേജിൽ ജോലിനേടി ഞാൻ ബി ടെക് കഴിഞ്ഞു എം. ടെക് പൂർത്തിയാക്കി. ഒരിക്കലും വീട്ടുകാർ സമ്മതിക്കില്ല എന്ന് നന്നായി അറിയാമാരുന്നതുകൊണ്ടാണ്‌ ആരും അറിയാതെ രജിസ്റ്റർ മാര്യേജ് ചെയ്തത് അതും എന്റെ നിര്ബന്ധമരുന്നു സാമിനെ ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ.

എത്ര രഹസ്യമായി വെച്ചിട്ടും ഇച്ചായൻ എന്തൊക്കെയോ മണത്തറിഞ്ഞു കല്യാണാലോചന തുടങ്ങി. അതുകൊണ്ടാണ് അത്ര പെട്ടന്ന് സാമിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ നാട് വിട്ടത്.

വയനാട്ടിലെ ഉൾഗ്രാമത്തിൽ മഞ്ഞു പെയ്യുന്ന രാവിൽ സാമിനെ പുണർന്നു കിടന്നു. ഞാൻ കൊതിച്ചതൊക്കെ എന്റെ കൈകുമ്പിളിൽ കിട്ടിയ രാത്രി. സാം എന്നിലേക്ക്‌ പൂർണമായും ആഴ്ന്നിറങ്ങിയ രാത്രി.

പിറ്റേന്ന് കുറച്ചു സാധങ്ങൾ വാങ്ങാൻ കൂട്ടുകാരനൊപ്പം പുറത്തുപോയ സാമിനെ പിന്നീട് കാണുന്നത് പോസ്റ്റുമോർട്ടത്തിനായി ആശുപത്രി വരാന്തയിൽ കിടക്കുന്ന തണുത്തുറഞ്ഞ അനേകം വെട്ടുകൾ നിറഞ്ഞ ശരീരമായാണ്. മരവിച്ചുപോയ മനസുമായി ആ ദേഹത്തിൽ അമർന്നുകിടന്ന എന്നെ വലിച്ചിഴക്കാൻ നോക്കിയ ഇച്ചായന്റെ കൈകളെ, പണത്തെ ഒറ്റ കെട്ടായി നിന്ന് സാമിന്റെ കൂട്ടുകാർ എതിർത്തു അവരിൽ അധ്യാപകർ, പത്ര പ്രവർത്തകർ, വക്കീലന്മാർ ഒക്കെ ഉണ്ടായിരുന്നു.

പിന്നെ എന്റെ ജീവിതത്തെ കരയ്ക്കടുപ്പിച്ചത് സാം എന്ന ആ വല്യ മനസ്സ് എനിക്കായി കരുതിവെച്ച ഈ സൗഹൃദ വലയങ്ങൾ ആണ്. എം. ടെക് നേടിയ എനിക്കു ഒരു ജോലി അസാധ്യം ആയിരുന്നില്ല. ഈ നാടും ഓർമകളും വിട്ടു ഞാൻ മാറിനിന്നു. ബാംഗ്ലൂരിൽ അമ്മമാരുടെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ആ ആശുപത്രിയിൽ വെച്ചു തന്നെ ഞാൻ എന്റെയും സാമിന്റെയും മകനെ പ്രസവിച്ചു.

സാമിന്റെ മരണത്തിൽ സ്വയം അവസാനിപ്പിക്കാൻ തുനിഞ്ഞു അവസരം നോക്കിയിരുന്ന എന്നെ ഞെട്ടിപ്പിച്ചുകൊണ്ടായിരുന്നു ഒരു മാസം കഴിഞ്ഞപ്പോൾ പ്രെഗ്നന്റ് ആണെന്ന തിരിച്ചറിവ്. അന്ന് തൊട്ടു ഇന്നോളം എന്റെ ജീവനെ പിടിച്ചുനിർത്തിയത് ഈ മകൻ ആണ്. ഞങ്ങടെ നിവിൻ സാം.

മോൻ വളർന്നപ്പോൾ രാജ്യത്തിനുപുറത്തു നല്ലൊരു ജോബ് ഓഫർ വരികയും കെവിനെ അമ്മമാരേ ഏല്പിച്ചു ഞാൻ ജോലിക്കായി പറന്നു.

മോനെ പഠിപ്പിച്ചു, അവനിന്നൊരു ഡോക്ടർ ആണ്.

വിദേശ വാസം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തി. ഞങ്ങൾ നാട്ടിൽ ആരുമില്ലാത്തവർക്കും മാറാരോഗികൾക്കുമായി ഒരു അനാഥാലയം ആശുപത്രി ഇവയൊക്കെ ചേർന്നൊരു സ്ഥാപനം തുടങ്ങി. അതിന്റെ കാര്യങ്ങളുമായി എപ്പോഴും തിരക്കിൽ ഓടുമ്പോഴും കരുത്തു സാം മാത്രമാണ് മരണമില്ലാത്ത ആ ഓർമ്മകൾ ഇന്നും നീറിപുകയ്ക്കുന്നു.

സാമിനെ കൊന്നത് ഞാനാണ് എന്റെ പ്രണയമാണ് അതുകൊണ്ടുതന്നെ ആരോടും പകയില്ല ഏങ്കിലും ഒന്ന് ചോദിച്ചോട്ടെ ഒരാളെ പ്രണയിക്കുന്നത് അയാളോടൊപ്പം ജീവിക്കാൻ കൊതിച്ചതു അത്ര വലിയ തെറ്റായിരുന്നോ. മാതാപിതാക്കളോടും കുടുംബത്തോടും ഞാൻ ചെയ്ത തെറ്റിന് എന്റെ സാമിന്റെ ജീവൻ എടുത്തപ്പോൾ അവരെന്തു നേടി. നഷ്ടപ്പെട്ടുപോയ അഭിമാനമോ, ഈ മകളെയോ തിരിച്ചു കിട്ടിയോ. ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ആൾകാരായി സ്വന്തം മകൾക്കു മുമ്പിൽ മാറിയ അവർ എന്താണ് നേടിയത്. സ്നേഹിക്കുന്നവരെ തമ്മിൽ പിരിക്കാൻ വാളെടുക്കുമ്പോൾ ഇനിയൊരു പിതാവ് ഏങ്കിലും മാറിചിന്തിച്ചിരുന്നെങ്കിൽ…