രചന: മഹാ ദേവൻ
” അമ്മ വീട്ടിലേക്ക് വരണം. അതോ ഞങ്ങളോട് ഇപ്പോഴും വാശിയാണോ?ചെയ്തത് വലിയ തെറ്റാണെന്ന് അറിയാം. പക്ഷേ, അമ്മയെ ഇവിടെ ആക്കി പോകുമ്പോൾ ഇടനെഞ്ചിൽ ഒരു ഭാരം കെട്ടിവെച്ചാ ഞങ്ങൾ ഈ പടി കടന്നത്.
അമ്മക്കറിയോ.. ഒരു ദിവസം പോലും സമാധാനത്തോടെ ഉറങ്ങിയിട്ടില്ല. “
കയ്യിൽ പിടിച്ചുകൊണ്ട് ചെയ്ത തെറ്റുകൾ ഏറ്റുപറയുന്ന മകനെ ആശ്ചര്യത്തോടെ നോക്കുകയായിരുന്നു ശാരദ. അവൻ അത്രയൊക്ക പറയുമ്പോഴും ആ വാക്കുകളിൽ അല്ലായിരുന്നു അവരുടെ ശ്രദ്ധ. മകനിൽ വന്ന മാറ്റങ്ങൾ കണ്ട് ആസ്വദിക്കുമ്പോൾ ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
കണ്ടിട്ട് കാലം കുറെ ആയത് കൊണ്ടാവാം മുഖത്തെ തടിപ്പും പണ്ടത്തേക്കാൾ കൂടുതൽ വെളുപ്പും ഒക്കെ മകനെ കൂടുതൽ സുന്ദരനാക്കിയെന്ന് ഓർത്തുകൊണ്ട് അമ്മ ആ ചുളിവീണ കൈകൾ കൊണ്ട് അവന്റെ മുഖത്തൊന്ന് തൊട്ടു.
” അമ്മക്ക് സന്തോഷമായി മോനെ.. അമ്മയെ ഇവിടെ ആക്കി നീ പോകുമ്പോൾ ഒന്നേ പ്രാർത്ഥന ഉണ്ടായിരുന്നുള്ളൂ ! എന്റെ മോന് എന്നും നല്ലത് മാത്രം വരുത്തണെ എന്ന്. ഇപ്പോൾ എന്റെ മുന്നിൽ നിൽക്കുന്ന നിന്നേ കാണുമ്പോൾ അമ്മക്ക് സമാധാനമായി. മോന് വളർന്നു വലിയ ആളായല്ലോ. “
അത് പറയുമ്പോൾ ആ കണ്ണുകൾ അറിയാതെ ഒന്ന് വിതുമ്പി. അത് കണ്ടാവണം ശരത് അമ്മയുടെ കൈകളിൽ ചേർത്തുപിടിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു
” ജീവിതത്തിൽ കൂടെ ഉള്ള ദൈവത്തെ കളഞ്ഞ് ലോകം കീഴടക്കാൻ പോയ മകനെ അമ്മ ശപിച്ചില്ലല്ലോ. മനസ്സ് കൊണ്ട് പോലും വെറുത്തില്ലെന്ന് എനിക്കറിയാം അമ്മേ. പക്ഷേ, ഇപ്പോൾ ഈ കാണുന്ന പുറംമോടിക്കപ്പുറം ഞാൻ ഒന്നുമില്ലാത്തവൻ ആണമ്മേ. അമ്മ ശപിച്ചില്ലേലും എല്ലാം കാണുന്ന ദൈവം എന്നൊരാൾ ഉണ്ടല്ലോ. അതുപോലും ഓർക്കാത്ത മക്കൾക്കുള്ള മറുപടിയാണിപ്പോൾ ഞാൻ. “
വാക്കുകൾക്കൊപ്പം തികട്ടിവന്ന ഗദ്ഗദം അടക്കാൻ പാടുപെട്ടുകൊണ്ട് അവൻ പറഞ്ഞുനിർത്തുമ്പോൾ കാര്യമെന്തെന്ന് അറിയാതെ ഉള്ള് പൊള്ളുന്നുണ്ടായിരുന്നു ശാരദയുടെ. മകന്റ കണ്ണുകളിലെ നനവും വാക്കുകളിലെ വിറയലും എന്തോ സംഭവിച്ചിട്ടുണ്ടെന്ന് വെക്തമാക്കുമ്പോഴും എന്താണെന്ന് മനസ്സിലാകാതെ മകന്റെ മുഖം പിടിച്ചുകൊണ്ട് ” എന്ത് പറ്റി ന്റെ കുട്ടിക്ക് ” എന്ന് ചോദിക്കുമ്പോൾ അവൻ പൊട്ടിക്കരഞ്ഞുകൊണ്ട് ആ തോളിലേക്ക് വീണു.
” എല്ലാം പോയമ്മേ… അമ്മയെ ഈ വൃദ്ധസദനത്തിൽ തള്ളി പറക്കുമ്പോൾ മുന്നിൽ പണമെന്ന സ്വപ്നവും അതിനോടുള്ള ആർത്തിയും ആയിരുന്നു.
അവിടെ നഷ്ട്ടപെടുന്നത് അമ്മയെന്ന ലോകവും ജീവിതത്തിന്റെ കെട്ടുപാടുകളും ആണെന്ന് മനസ്സിലാക്കാൻ നഷ്ടക്കണക്കുകളിൽ എന്റെ മോന്റെ പേര് കൂടി ചേരേണ്ടി വന്നു അമ്മേ. “
ഒരു ഞെട്ടലോടെ ആ വൃദ്ധ അവന്റെ മുഖം പിടിച്ചുയർത്തുകൊണ്ട് അവൻ വന്ന വാഹനത്തിലേക്ക് പ്രതീക്ഷയോടെ നോക്കുമ്പോൾ കരച്ചിലടക്കാൻ പാട് പെട്ടുകൊണ്ട് ശരത് പറയുന്നുണ്ടായിരുന്നു.
” ന്റെ മോൻ പോയമ്മേ… ആർക്ക് വേണ്ടിയാണോ അമ്മയെ ഇവിടെ ഉപേക്ഷിച്ചു ഞാൻ പോയത് അവൻ ഞങ്ങളെ വിട്ട് പോയമ്മേ…പണത്തിനു വേണ്ടിയുള്ള ഓട്ടത്തിൽ അവന് വേണ്ടി മാറ്റിവെക്കാൻ പോലും സമയം കണ്ടെത്താൻ കഴിഞ്ഞില്ല.എന്നും വിഷാദത്തോടെ മാത്രം ഇരിക്കുന്ന അവൻ നഷ്ട്ടപ്പെടുന്ന അവനുമാത്രമായുള്ള നിമിഷങ്ങളെ ചോദ്യം ചെയ്യുമ്പോൾ പറയാൻ ” ഇതെല്ലാം നിനക്ക് വേണ്ടിയാണ് സമ്പാദിക്കുന്നത്, നാളെ നീ നന്നായി ഇരിക്കാൻ ആണ് ഇങ്ങനെ ഓടുന്നത് എന്നൊക്കെ ആയിരുന്നു.പക്ഷേ, പണത്തേക്കാൾ ഏറെ അവൻ കൊതിക്കുന്ന ഞങ്ങളുടെ സാമിപ്യമായിരുന്നു. കെയറിങ് ആയിരുന്നു. സ്നേഹത്തോടെ ഉള്ള തലോടലായിരുന്നു.പക്ഷേ, അതെല്ലാം അവന് നിഷേധിച്ച ഞങ്ങളുടെ ഓട്ടപാച്ചിൽ ഇല്ലാതാക്കിയത് അവന്റെ ജീവനായിരുന്നു.ഈ ചെറിയ പ്രായത്തിൽ ന്റെ മോൻ ഒരു മുഴം കയറിൽ…..
ഈ പ്രായത്തിൽ അവൻ ആത്മഹത്യയെ കുറിച്ച് ചിന്തിക്കണമെങ്കിൽ ഞങ്ങൾ അവനിൽ നിന്നും എത്രത്തോളം അകലങ്ങളിലായിരിക്കുമെന്ന് ചിന്തിക്കുമ്പോൾ… വൈകിപ്പോയി അമ്മേ..നേടാൻ ഓടിയതായിരുന്നു. പക്ഷേ, നേടിയതെല്ലാം നഷ്ട്ടങ്ങളായിരുന്നു.ഒരു മകനെ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന മനസ്സിലായപ്പോഴാണ് ഞാൻ ചെയ്ത തെറ്റിന്റെ ആഴം എനിക്ക് മനസ്സിലായത്.എനിക്കെന്റെ മോനെ നഷ്ടപ്പെടുമ്പോൾ ഞാൻ എത്ര വേദനിക്കുന്നുവോ അത്രത്തോളം ന്റെ അമ്മയും വേദനിച്ചില്ലേ ഞാൻ അമ്മയെ ഇവിടെ ഇട്ടെറിഞ്ഞു പോയപ്പോൾ.. “
അവൻ പിന്നെയും പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മക്ക് നേരെ കൈ കൂപ്പുമ്പോൾ പേരമകന്റെ വിയോഗം ആ അമ്മയെ വല്ലതെ പിടിച്ചുകുലുക്കുന്നുണ്ടായിരുന്നു.
മുന്നിൽ കൈകൂപ്പി നിൽക്കുന്ന മകന്റെ കയ്യിൽ ചേർത്തുപിടിക്കുമ്പോൾ എന്ത് പറഞ്ഞാണ് അവനെ ആശ്വസിപ്പിക്കേണ്ടത് എന്നറിയാതെ ശാരദ അവനേ പതിയെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.
” എല്ലാം വിധിയാണ് മോനെ. ന്റെ കുട്ടിക്ക് ദൈവം അത്രേ ആയുസ്സ് കൊടുത്തുള്ളൂ എന്ന് കരുതാം.. പക്ഷേ, ഇനിയെങ്കിലും ന്റെ മോൻ ഒന്ന് മനസ്സിലാക്കണം.. പണം മാത്രമല്ല ജീവിതത്തിൽ വലുത്. അതിനേക്കാൾ വലുതായി നമുക്ക് നൽകാൻ കഴിയുന്ന ഒന്നാണ് സ്നേഹം. ചേർത്തുപിടിക്കേണ്ടവരെ ചേർത്തുപിടിച്ചും നമ്മുക്ക് കഴിയുന്ന പോലെ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമിച്ചും നമ്മൾ നമ്മളായി ജീവിക്കാൻ കഴിയുന്നിടത്തോളം വലുതല്ല ഒരു പണവും.
പണത്തിനു പണം തന്നെ വേണം. ശരിയാണ്.
പക്ഷേ, പണത്തിനേക്കാൾ മൂല്യമുള്ള പലതും ജീവിതത്തിൽ ഉണ്ടെന്ന് മറക്കുന്നിടത്താണ് പലപ്പോഴും നമ്മൾ തോറ്റുപോകുന്നത്.അമ്മയെ ഇവിടെ ആക്കിയതിൽ അമ്മക്ക് സങ്കടം ഒന്നുമില്ലാട്ടോ. മോന്റെ നല്ല ഭാവിക്ക് വേണ്ടി എന്തും ത്യജിക്കാൻ തയ്യാറാണ് ഈ അമ്മ.എന്റെ മോന് വളരുന്നത് കണ്ട് അഭിമാനിക്കുമ്പോൾ ഇവിടം എനിക്ക് സ്വർഗം തന്നെ ആണ്. “
അമ്മയുടെ വാക്കുകൾ അവന്റെ കാതുകളിൽ തുളച്ചുകയറുമ്പോൾ മനസ്സ് കൊണ്ട് ആയിരം വട്ടം മാപ്പിരന്നിരുന്നു അവൻ.
” അമ്മ, എന്നോട് ക്ഷമിച്ചെന്ന് പറയണം. ന്റെ കൂടെ വരണം.”
അവൻ അമ്മയുടെ കാൽക്കലേക്ക് ഇരുന്നുകൊണ്ട് ആ കാലിൽ പിടിച്ച് അപേക്ഷിക്കുമ്പോൾ അമ്മ അവനെ മെല്ലെ പിടിച്ചുയർത്തി.
” ന്റെ കുട്ടിയോട് അമ്മക്ക് ഒരു ദേഷ്യവും ഇല്ലാട്ടോ.. മക്കൾ എന്തൊക്കെ ചെയ്താലും മറക്കാനും പൊറുക്കാനും മാതാപിതാക്കൾക്കെ കഴിയൂ.. മോന് വാ “
അതും പറഞ്ഞവന്റെ കൈ പിടിച്ചുകൊണ്ട് അകത്തേക്ക് നടക്കുമ്പോൾ തന്റെ കയ്യിൽ പിടിച്ച അമ്മയുടെ കൈകളിൽ വല്ലാത്തൊരു സുരക്ഷിതത്വം അനുഭവിക്കുന്നുണ്ടായിരുന്നു അവൻ.
അവിടെ ഉള്ള അന്തേവാസികളോടൊക്കെ ” ന്റെ മോനാ.. ന്നേ കൊണ്ടോവാൻ വന്നതാ ” എന്ന് അതിയായ സന്തോഷത്തോടെ പറയുന്ന അമ്മയെ ആശ്ചര്യത്തോടെ നോക്കുമ്പോൾ ശരത് അറിയുകയായിരുന്നു
പുറമെ തന്നെ സമാധാനിപ്പിക്കുമ്പോഴും മകനാൽ നിഷേധിക്കപ്പെട്ട സ്നേഹം കൊതിച്ചമ്മ ഇവിടെ ഓരോ രാത്രിയും വെളുപ്പിച്ചത് എങ്ങനെ ആയിരിക്കുമെന്ന്.
പിന്നെ വസ്ത്രങ്ങളും മറ്റും ബാഗിലാക്കി എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങുമ്പോൾ അവരെ യാത്രയ്ക്കായി എല്ലാവരും ഉണ്ടായിരുന്നു മുന്നിൽ തന്നെ. ഇടക്കൊന്ന് തിരിഞ്ഞുനോക്കുമ്പോൾ എല്ലാവരുടെയും മുഖത്തു നിറഞ്ഞ് നിൽക്കുന്ന വിഷാദം ശാരദയെ അത്രത്തോളം പിടിച്ചുകുലുക്കി.
ഒരു കുടുംബം പോലെ കഴിഞ്ഞ ആളുകള്ക്കിടയിൽ ഒരു ഇതൾ അടർത്തിമാറ്റുമ്പോൾ ഉള്ള വേദന അവിടം മൂകമാക്കിയപ്പോൾ അവസാനമായി എല്ലാവരോടും കൈ കാണിച്ചുകൊണ്ട് കാറിലേക്ക് കേറാൻ തുടങ്ങുന്ന ശാരദ മകനെ ഓർമ്മിപ്പിക്കാൻ എന്നോണം ഒന്നുകൂടി പറഞ്ഞു
” മോനെ, ഇനി നീ തിരികെ പോകുമ്പോൾ എന്നെ ഇവിടെ തന്നെ ആക്കിയേക്കണേ. സ്നേഹേത്തിന്റ ആഴം ശരിക്ക് അറിയണമെങ്കിൽ ഇതുപോലെ ഉള്ള സ്ഥലത്തു വരണം. ഇവിടെ ആണ് മോനെ സ്വർഗ്ഗം. എവിടെക്കൊയോ നമുക്ക് നഷ്ടപ്പെട്ടുപോയ എന്തോ ഇവിടെ ഞങ്ങളെ പോലെ ഉള്ളവരെ കാത്തിരിപ്പുണ്ട്. അതുകൊണ്ട് മോൻ ഇനി പോകുമ്പോൾ എനിക്കുള്ള മുറി ഇവിടെ മതി. ചിലപ്പോഴെ തോന്നാറുള്ളത് പോലെ ” ഞങ്ങളെ പോലെ ഉള്ളവർക്ക് ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇവിടെ ആണ് “
അതും പറഞ്ഞമ്മ കണ്ണുകൾ തുടയ്ക്കുമ്പോൾ അമ്മയുടെ വാക്കുകളിൽ നിറഞ്ഞ് നിൽക്കുന്ന സങ്കടം മനസ്സിലാക്കിയപോലെ അവൻ അമ്മേ ഇറുക്കെ ചേർത്തുപിടിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു,
” ഇല്ലമ്മേ.. ഇനി ഈ പടിവാതിൽക്കൽ അമ്മ വരുന്നത് ഇവിടെ ഉള്ള അമ്മമാർക്ക് ഒരു കൈതാങ് ആയിട്ടാകും.ഇവിടം സ്വർഗ്ഗമായി തന്നെ ഇരിക്കാൻ അമ്മയോടൊപ്പം എന്നും ഈ മോനും ഉണ്ടാകും.പക്ഷേ, ഇപ്പോൾ ഒന്നുമാത്രമാണ് പ്രാർത്ഥന. മക്കളാൽ ഉപേക്ഷിച്ച ആരും ഇനി ഇവിടെ എത്താതിരിക്കട്ടെ. ഇവിടെ ഉള്ളവരുടെ പരസ്പ്പരസ്നേഹം കൊണ്ട് എല്ലാവരും ധനികരാണെങ്കിൽ മക്കളുടെ സ്നേഹം കൊണ്ട് ഇവിടെ എല്ലാവരും ദരിദ്രരാണ്. ന്റെ അമ്മ പോലും… “
അതും പറഞ്ഞവൻ അമ്മേ ഒന്നുകൂടി ഞെഞ്ചിലേക്ക് ചേർത്തുപിടിക്കുമ്പോൾ ആ ചുളിവീണ മുഖത്തുകൂടി കണ്ണുനീർ അവന്റ ഞെഞ്ചിനെ ചുംബിച്ചുകൊണ്ട് അവനിലേക്ക് അലിഞ്ഞുചേരുന്നുണ്ടായിരുന്നു.
അമ്മയുടെ കളങ്കമില്ലാത്ത സ്നേഹംപോലെ !!