അമ്മയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ആയിരിക്കാം അച്ഛനെ കൊലപ്പെടുത്താൻ അർപ്പിത നിർബന്ധിത ആയത്…

എഴുത്ത്: ഐറിൻ

അന്നത്തെ എല്ലാ ചാനലിലേയും exclusive  വാർത്ത അതായിരുന്നു..

” അച്ഛനെയും അമ്മയെയും വെട്ടി കൊലപ്പെടുത്തിയ 13വയസുകാരി അറസ്റ്റിൽ”

ഒരു കൊച്ചുപെൺകുട്ടിക്ക്  ഇങ്ങനെ ചെയ്യാൻ കഴിയുമോ??   ആർക്കും ഈ വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ല…

“മറ്റാരോ കൊലപ്പെടുത്തിയിട്ട് ഈ കുട്ടിയെ ഇതിൽ പെടുത്തിയതാണെങ്കിലോ?? ” ക്രൈം ബ്രാഞ്ച് എസ് പി  കിരൺഹരി അത് തന്റെ ഉയർന്ന ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോൾ അവർ അതിനോട് യോജിച്ചു.. 

” ഒരു പക്ഷെ ആ കുട്ടിക്ക് മെന്റൽ പ്രോബ്ലം എന്തെങ്കിലും ഉണ്ടെങ്കിലോ.. അങ്ങനെ ഒരു സാധ്യത തള്ളിക്കളയാൻ കഴിയുമോ സർ, ” കിരൺഹരിയുടെ അസിസ്റ്റന്റ് മല്ലികയാണ് അങ്ങനെ ഒരഭിപ്രായം പറഞ്ഞത്..

” എന്തായാലും മുൻപോട്ടുള്ള അന്വേഷണത്തിൽ എല്ലാം വ്യക്തമായി മനസിലാക്കാൻ കഴിയും. ” കൈയിൽ ഇരുന്ന പോലീസ് തൊപ്പി തലയിൽ വെച്ച് നീണ്ടു നിവർന്നു നിന്ന് മേലധികാരിയെ സല്യൂട്ട് ചെയ്തു കിരൺഹരി അവിടെ നിന്നും ഇറങ്ങി..  കൂടെ മല്ലികയും… 

പോലീസ് സ്റ്റേഷനിൽ സെല്ലിനകത്തു അർദ്ധ പദ്മാസനത്തിൽ  ഇരിക്കുന്ന ആ 13 വയസുകാരിയെ കണ്ടു അയാൾക് ആശ്ചര്യം തോന്നി.. 

അവളുടെ മുഖത്തു ചന്ദ്രനെ പോലെ തിളക്കം ഉണ്ടായിരുന്നു,  2 പേരെ കൊന്ന ഒരാൾക്കു ഇങ്ങനെ ഇരിക്കാൻ കഴിയുമോ?  ഒരുപക്ഷെ മല്ലിക പറഞ്ഞത് പോലെ എന്തെങ്കിലും പ്രശ്നം ഉണ്ടാകും..

ഇപ്പോൾ സ്കൂളിൽ യോഗ പഠിപ്പിക്കുന്നത് കൊണ്ട്,  അവൾ ഇങ്ങനെ ധ്യാന രൂപത്തിൽ ഇരിക്കുന്നതിൽ അത്ഭുതം ഇല്ല..  പക്ഷെ സ്വന്തം അച്ഛനമ്മമാർ മരിച്ച ദിവസം തന്നെ..  അല്ല, കൊലപ്പെടുത്തിയ ദിവസം..

മല്ലിക ആ കുട്ടിയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും,  അവൾ അതിനു തയ്യാറായിരുന്നില്ല…

ഇതിനിടയിൽ മാധ്യമ പ്രവർത്തകർ അവരുടെ അനുമാനങ്ങൾ കണ്ടുപിടിച്ചിരുന്നു..

നിരപരാധിയായ ഒരു കുട്ടിയുടെ മുകളിൽ കുറ്റം ആരോപിക്കപ്പെടുകയാണെന്ന് ഒരു വിഭാഗം പേർ പറഞ്ഞു..

കുട്ടിയെ മാനസീകമായി പീഡിപ്പിച്ച മാതാപിക്കളെ കൊലപ്പെടുത്തിയതിൽ എന്താണ് തെറ്റെന്നു ഒരു പക്ഷം വിശ്വസിച്ചു..

എന്തൊക്കെ തന്നെ ആയാലും,  മുഖ്യമന്ത്രി രാജി വെക്കണം എന്ന് പ്രതിപക്ഷം സമരം തുടങ്ങി..

പക്ഷെ പ്രശ്നത്തിൽ ആയത് കിരൺഹരി ആയിരുന്നു..  48 മണിക്കൂറിനുള്ളിൽ കേസ് കംപ്ലീറ്റ് ചെയ്യാൻ ആണ് മുഖ്യമന്ത്രി ഡെഡ് ലയൻ കൊടുത്തത്.

കിരൺ കേസ് ആദ്യം മുതൽ ഒന്നും കൂടി റീവൈൻഡ് ചെയ്തു ആലോചിച്ചു തുടങ്ങി..

കൊല്ലം പട്ടണത്തിനടുത്തുള്ള ഗ്രീൻ സിറ്റി ലൈനിലെ  പതിനൊന്നാം നമ്പർ വീട്ടിലാണ് കൃത്യം നടന്നത്..  രാവിലെ വീട്ടു ജോലിക്ക് വന്ന പ്രായമായ സ്ത്രീ ആണ് ഈ വിവരം പോലീസ് നെ അറിയിച്ചത്.

കൈയിൽ വെട്ടുകത്തിയും പിടിച്ചു അമ്മയുടെ ചോര വാർന്ന ശരീരത്തിനടുത് ഇരിക്കുന്ന നിലയിലായിരുന്നു  പ്രതി. വീറും വാശിയും നിറഞ്ഞ മുഖത്തോടെയാണ് അവൾ പുറത്തേക്ക് വന്നത്..

മരണപ്പെട്ട 2 പേരിൽ ഒരാൾ ജോൺ കുര്യൻ..  പല തരത്തിലുള്ള ബിസ്സിനെസ്സ് ആണ് കക്ഷിക്ക്..  കൂടുതലും മുംബൈ ബാംഗ്ലൂർ തുടങ്ങിയ സ്ഥലത്താണ്,  അതിനെ പറ്റി കൂടുതൽ അന്വേഷിക്കാൻ ആളെ ആക്കിയിട്ടുണ്ട്.  അത്യാവശ്യം നല്ല പിടിപാടുകൾ ഉള്ള ഒരാൾ..

രണ്ടാമത്തെ ആൾ അയാളുടെ ഭാര്യ,  ഭവാനി കുര്യൻ,  അവരുടെ ഒരു മിശ്ര വിവാഹം ആയിരുന്നു.  ഭവാനി ഒരു നോർത്ത് ഇന്ത്യൻ വനിതയാണ്..  പക്ഷെ നന്നായി മലയാളം പറയും..  ജോലിക്ക് നിൽക്കുന്ന സ്ത്രീക്ക് ഇത്ര മാത്രമേ അവരെ പറ്റി അറിയൂ. 

ഒരൊറ്റ മക്കൾ..  അർപ്പിത കുര്യൻ…  13വയസ്സ്.. കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ്സുകാരി..  പഠിത്തത്തിൽ മിടുക്കി…

എങ്ങനെ ഈ കുട്ടിക്ക് അവരെ കൊല്ലാൻ കഴിഞ്ഞു…  എന്തായിരിക്കും മോട്ടീവ്…

ആലോചനയിൽ മുഴുകി ഇരുന്നപ്പോൾ ആണ്,  മല്ലിക ഒരു കൂട്ടം ഫയലുമായി വന്നത്.

“സർ,  പോസ്റ്റുമാർട്ടം റിപ്പോർട്ട്‌ വന്നിട്ടുണ്ട്.”

അവരുടെ കൈയിൽ നിന്നും ഫയൽ വാങ്ങി കിരൺഹരി വായിച്ചു തുടങ്ങി…

” മല്ലിക,  താൻ ആ കുട്ടിയോട് ഒന്ന് കൂടി സംസാരിക്ക്..  കുട്ടി മൈനർ ആയതു കൊണ്ട് എന്തായാലും വലിയ ശിക്ഷ ഒന്നും അവൾക് ഉണ്ടാകില്ല..  പക്ഷെ ഇതിനു പുറകിൽ വേറെ ആരെങ്കിലും ഉണ്ടെങ്കിൽ അത് പുറത്ത് കൊണ്ട് വരാൻ അവൾ ശ്രമിച്ചാലേ കഴിയു..  “

“സർ,  ഞാൻ ചോദിച്ചു തളർന്നു,  അത് വാ തുറക്കണ്ടേ..  13 വയസ്സ് അതിന്റെ ശരീരത്തിന് ആണ്..  മനസ് കൊണ്ട് അതിനൊരു 30വയസ്സ് വരും..  “

അവരുടെ മറുപടി കെട്ട് അയാൾക് അതിശയം തോന്നി.. 

“ഇത് കുറച്ചു കോംപ്ലിക്കേറ്റഡ് ആണല്ലോ.. മരണപ്പെട്ട ജോണിന്റെ ശരീരത്തിൽ തലങ്ങും വിലങ്ങും വികൃതമായി മുറിവുകൾ,  ഭവാനിക്കാണെങ്കിൽ ഒരൊറ്റ മുറിവ് കഴുത്തിൽ..  പക്ഷെ ആയുധങ്ങൾ ഒന്ന് തന്നെ,  ആ വെട്ടുകത്തിയിൽ ആരുടെയൊക്കെ കൈയടയാളങ്ങൾ ഉണ്ട്?  “

“2 പേരുടെ കൈയടയാളങ്ങൾ ഉണ്ട്.  ജോണിന്റെയും പിന്നെ അർപ്പിതയുടെയും.. “

“ആ വീട്ടിൽ അന്ന് വേറെ ആരും വന്നിട്ടില്ല,  അത് cc tv ഫോട്ടേജ് പ്രൂവ് ചെയ്യുന്നുണ്ട്,  പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ജോൺ നന്നായി മദ്യപിച്ചിരുന്നു എന്ന് പറയുന്നുണ്ട്…  എന്റെ ഒരു അനുമാനത്തിൽ,  അന്ന് കുടിച്ചു ലക്ക് കെട്ട ജോൺ ഭാര്യയെ ഉപദ്രവിച്ചു കാണും..  വീട്ടിൽ കണ്ട ആക്രമണത്തിന്റെ ലക്ഷണം അങ്ങനെ ഉണ്ടായതായിരിക്കും,  അതിനിടയിൽ ഒരു പക്ഷെ അമ്മയെ അയാൾ വെട്ടി മുറിവേൽപ്പിച്ചു കാണും..  അമ്മയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ആയിരിക്കാം അച്ഛനെ കൊലപ്പെടുത്താൻ അർപ്പിത നിർബന്ധിത ആയത്.. “

” സർ,  താങ്കൾ കേസ് തെളിയിച്ചു കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്.. ” സ്റ്റേഷൻ ൽ ഉണ്ടായിരുന്ന എല്ലാവർക്കും വല്ലാത്ത സന്തോഷം തോന്നി..

കുറ്റ സമ്മതം നടത്താൻ പോലും ആ 13വയസുകാരി ഒരക്ഷരം മിണ്ടിയില്ല..  കോടതിമുറിയിലും മൗനമായി അവൾ തലകുനിച്ചു നിന്നു.. 

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ അവളെ ജുവനൈൽ ഹോമിൽ പാർപ്പിക്കുവാൻ കോടതി വിധിച്ചു..

കിരൺഹരിയുടെ മനസ് അപ്പോഴും ശാന്തമായിരുന്നില്ല,  ഇത്രയും ക്രൂരമായി അയാളെ കൊല്ലുവാൻ അവൾക് മറ്റെന്തോ കാരണം കൂടിയുണ്ട് എന്ന് അയാൾ വിശ്വസിച്ചു..  പക്ഷെ അവർക്കിടയിൽ മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നതായി കണ്ടെത്തുവാൻ അയാൾക് കഴിഞ്ഞില്ല.. 

വർഷങ്ങൾ വളരെ വേഗം കടന്നു പോയി..  ജുവനൈൽ ഹോമിൽ നിന്നും ഇറങ്ങിയ അർപ്പിതയെ അന്വേഷിച്ചിട്ടും അവളെ കണ്ടെത്തുവാൻ കിരണിനു കഴിഞ്ഞില്ല.. 

അങ്ങനെ ഇരിക്കുമ്പോഴാണ് കൊൽക്കത്ത പോലീസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം കിരണിനെ കാണാൻ എത്തിയത്.. 

അവർക്കറിയേണ്ടത്, കൊൽക്കത്ത പോലീസിന്റെ വാണ്ടഡ് ക്രിമിനൽ ലിസ്റ്റിൽ ഉള്ള പെൺകുട്ടിയെകുറിച്ചായിരുന്നു…അത് അർപ്പിത ആയിരിക്കരുതേ എന്ന് ആഗ്രഹിച്ചുകൊണ്ടായിരുന്നു അവർ തന്ന ആ ഫോട്ടോയിലേക്ക് അയാൾ നോക്കിയത്.. 

ആ തിളക്കമാർന്ന മുഖം അയാളെ നിരാശനാക്കി..  ഇപ്പോഴും ആ വീറും വാശിയും അവളുടെ മുഖത്തു കാണാൻ ഉണ്ട്.

“അവൾ കൊലപ്പെടുത്തിയത് സമൂഹത്തിലെ പല ഉന്നതന്മാരെയും ആണ്..  അത് കൊണ്ട് ഞങ്ങൾക് നല്ല പ്രഷർ ഉണ്ട്,  സർ ഞങ്ങളെ സഹായിക്കണം. “

“ഞാൻ എങ്ങനെ സഹായിക്കാനാണ്?  എന്റെ ഓഫീസിൽ നിന്നും പഴയ കേസിന്റെ ഫയലുകൾ എടുത്തു തരാം..  ആ കേസിനു ശേഷം ഞാൻ അവളെ കണ്ടിട്ടില്ല.. ഞാൻ എന്തായാലും അന്വേഷിക്കാം,  എന്തെങ്കിലും വിവരം കിട്ടിയാൽ നിങ്ങളെ അറിയിക്കാം”

അർപ്പിതാ..  നീ എന്തൊക്കെയാണ് ഈ ചെയ്തു കൂട്ടുന്നത്..  കുട്ടി,  നിന്നെ ഞാൻ എവിടെ പോയി അന്വേഷിക്കും?

മനസ്സിൽ ഓരോന്ന് പിറുപിറുത്തുകൊണ്ട്  അവളെ പറ്റിയുള്ള അന്വേഷണം അയാൾ ആരംഭിച്ചു..

ആയിടക്കാണ് അയാളുടെ ഫോണിൽ ഒരു മെയിൽ വന്നത്,  അതിൽ പൂർത്തിയാകാത്ത ഒരു വാചകം.. ” സെർച്ച്‌ for ഭവാനി “

ഭവാനി മരിച്ചില്ലേ.. അവൾക്കു വേണ്ടി അന്വേഷിക്കാനോ?  ചിലപ്പോൾ ഭവാനിയുടെ പേരിൽ എന്തെങ്കിലും ട്രസ്റ്റ്‌ ഉണ്ടെങ്കിലോ..

അയാൾ തന്റെ ലാപ്ടോപ് ഓൺ ചെയ്തു അതിൽ ഓരോന്നായി അന്വേഷിക്കാൻ തുടങ്ങി.ഒടുവിൽ “Bhavani School of Yoga and Martial Arts,  Goa” എന്നൊരു സ്ഥാപനം കണ്ടെത്തി..

താൻ അന്വേഷിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം അവിടെ ലഭിക്കും എന്ന് അയാൾക് ഉറപ്പായിരുന്നു. 

തൊട്ടടുത്ത ദിവസം തന്നെ ഫ്ലൈറ്റ് പിടിച്ചു കിരൺ ഹരി ഗോവയിൽ  എത്തി..

പ്രൗഡ ഗംഭീരമായ കെട്ടിടം.. മുൻപിൽ പല തരത്തിലുള്ള ക്ലാസുകൾ നടക്കുന്നു..  പെൺകുട്ടികൾ മാത്രം..  മാനസികമായും ശാരീരികമായും  വൈകല്യം സംഭവിച്ച കുറച്ചു സ്ത്രീകളെ തൊട്ടടുത്ത കെട്ടിടത്തിൽ താമസിപ്പിച്ചിട്ടുണ്..  വളരെ മനോഹരമായ ഒരു സ്ഥലം…

നേരെ ഓഫീസിൽ പോയി,  അവിടെ പ്രായമായ ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു.. 

‘ I’m Kiranhari,  from kerala. ‘

അത് കേട്ടതും അവർ ചാടി എഴുന്നേറ്റു,  വളരെ സ്നേഹത്തോടെ ആ കെട്ടിടത്തിനുള്ളിലേക്ക് അയാളെ  സ്വീകരിച്ചുകൊണ്ടു പോയി.

ആ സ്ത്രീ അയാൾക്കൊരു ലെറ്റർ കൊണ്ട് വന്നു കൊടുത്തു..

വലിയ ആകാംഷയോടെ അയാൾ അത് പൊട്ടിച്ചു,

“എന്നെ അന്യേഷിച്ചു തളർന്നോ സർ?  ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ വന്നു കാണണം എന്ന് ആഗ്രഹിച്ചതാണ്..  പിന്നെ എന്തോ വേണ്ടെന്ന് തോന്നി.. 

ഞാൻ ഇപ്പോൾ ചെയ്യുന്നതൊക്കെ തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല..

സർ അന്ന് കണ്ടുപിടിച്ചത് പോലെ അന്ന് ഞാൻ ഒരാളെ മാത്രമേ കൊന്നുള്ളു,  എന്റെ ദേഷ്യം തീരുന്നത് വരെ വെട്ടി മുറിപ്പെടുത്തി,  പക്ഷെ അത് വെറുതെ അയാൾ അമ്മയെ ഉപദ്രവിച്ചിട്ടല്ല. അയാൾ എന്റെ അച്ഛൻ അല്ല, നമ്മുടെ നാട്ടിൽ അയാൾക് ഒരു നല്ല ഒളിമറ വേണമായിരുന്നു. അതിന് വേണ്ടിയാണ് ഞങ്ങളെ കൂടെ കൊണ്ട് വന്നത്..  റെക്കോർഡിക്കൽ ആയി എല്ലാം അയാൾക് അനുകൂലമായി അയാൾ ചെയ്തിരുന്നു..  നിങ്ങളുടെ ഡിപ്പാർട്മെന്റലും മറ്റു പലയിടത്തും അയാളുടെ ആളുകൾ ഉണ്ട്.  അത് പേടിച്ചാണ് ഞാൻ ഒന്നും അന്ന് മിണ്ടാതെ ഇരുന്നത്.. 

എന്തെങ്കിലും പുറത്തു പറഞ്ഞാൽ അവർക്കു പിന്നിലെ മറ്റു രാക്ഷസന്മാർ എന്നെ അന്നുതന്നെ വകവരുത്തിയേനെ.. പക്ഷെ ഞാൻ അന്ന് മിണ്ടാതെ ഇരുന്നത് പിന്നീട് അവരുടെ ജീവൻ എടുക്കാൻ ആണെന്ന് അവർ അറിഞ്ഞില്ല..

എന്റെ അമ്മയും ഒരു നല്ല കുടുംബത്തിൽ തന്നെയാണ് ജനിച്ചത്,  പക്ഷെ വിധി അമ്മയെ ഒരു പിഴച്ചവൾ ആക്കി മാറ്റി.  സ്നേഹിച്ചയാൾ ചതിച്ചതായിരുന്നു..അയാളുടെ സമ്മാനമായിരുന്നു ഞാൻ.   എന്നെ വളർത്താൻ അമ്മക് അതൊരു ജോലി ആക്കേണ്ടി വന്നു.  കൊൽക്കത്തയിലെ അത്തരമൊരു ഗാങിലാണ് അമ്മ ചെന്നു പെട്ടത്..  വളരെ കഷ്ടപ്പെട്ടു അവിടെ.  ഒടുവിൽ ജോൺ കുര്യന്റെ ഭാര്യയുടെ വേഷം കെട്ടി ഇവിടേക്ക്.. ഇവിടെയുള്ള പെൺകുട്ടികളെ ജോലി വാഗ്ദാനം നൽകി ഇവിടെ നിന്ന് അവരുടെ കൈയിൽ എത്തിക്കുകയായിരുന്നു അവരുടെ ജോലി.  വളരെ നല്ല പിടിപാട് ഉള്ളത് കൊണ്ടാണ് അവർക് എതിരെ ഒരു തെളിവ് പോലും കിട്ടാതിരുന്നത് .

പക്ഷെ കുഞ്ഞിലേ മുതൽ അമ്മയുടെ കണ്ണീരു  കണ്ടാണ് ഞാൻ വളർന്നത്, അത് കൊണ്ട് തന്നെ കുഞ്ഞിലേ മുതൽ അത്യാവശ്യം നല്ല വീറും വാശിയും എന്റെ ഉള്ളിൽ ജനിച്ചു. 

എന്റെ ശരീരത്തിന് വില പറഞ്ഞ ദിവസമാണ് അതൊക്കെ നടന്നു പോയത്..

ജയിലിൽ നിന്നും തിരിച്ചു വന്നതിന് ശേഷം ആ ഗ്യാങിലെ ഓരോരുത്തരെയും ഞാൻ വക വരുത്തി,  എന്നെ കൊണ്ട് കഴിയുന്ന അത്രയും പെൺകുട്ടികളെ രക്ഷിച്ചു.  മരണം വരെ ഞാൻ അത് ചെയ്യും.. 

ഇപ്പോഴും ഞാൻ ചെയ്യുന്നത് തെറ്റാണെന്ന് തോന്നുന്നുണ്ടോ?  ചിലപ്പോൾ ഇതൊക്കെ തെറ്റായിരിക്കാം..  പക്ഷെ തിരിച്ചു ചോദിക്കാൻ ആരെങ്കിലും വേണ്ടേ.. “

വായിച്ചു കഴിഞ്ഞപ്പോൾ കിരണിനു എന്ത്‌ ചെയ്യണം എന്ന് ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല.. അവളെ എങ്ങനെയും അഴിക്കുള്ളിൽ ആക്കണം എന്ന ആഗ്രഹം അയാൾക്കിപ്പോൾ ഉണ്ടായിരുന്നില്ല..

പെൺകുട്ടികൾ ഒരു വില്പന വസ്തുവായി മാറുമ്പോൾ ഇത് പോലെ ഓരോ അർപ്പിതമാർ ഉണ്ടാകുന്നതിൽ അത്ഭുതം ഒന്നും തന്നെയില്ല. 

‘അവൾ ഒരിക്കൽ പോലീസ് പിടിയിൽ ആകും എന്നത് ഉറപ്പാണ്..  പക്ഷെ അത് എന്റെ കൈകൾ കൊണ്ട് ആകരുത്..  “

അർപ്പിതയെ പറ്റിയുള്ള അന്വേഷണം അവസാനിപ്പിച്ചു അയാൾ തിരികെ നാട്ടിലേക്ക് മടങ്ങി…