മകളുടെ അത്തരം വെളിപ്പെടുത്തലുകൾ അവരെ തളർത്തി. മാഷിൽ നിന്നും ഒരിക്കലും ഇതാരും പ്രതീക്ഷിച്ചില്ല…പ്രിയ തന്റെ മൊഴിയിൽ ഒറച്ചു നിന്നു…

രചന: നയന സുരേഷ് (വൈദേഹി)

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകൻ പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ .മരിക്കും മുൻപ് ‘ഞാനാരെയും ഒന്നും ചെയ്തട്ടില്ല .. അവളെന്റെ മകളായിരുന്നു ‘ എന്ന് ചുവരിൽ ‘കല്ല് കൊണ്ട് എഴുതിയിരുന്നു ..

അന്നത്തെ പത്രവാർത്തകളിൽ അദ്ദേഹത്തിന്റെ മരണം ആഘോഷമായി മാറി …

പെൺകുഞ്ഞിനെ പീഡിപ്പിക്കുന്നവൻ അങ്ങനെത്തന്നെയാവണമെന്ന് അമ്മമാരും , ഇവനൊന്നും ഭൂമിയിൽ ഉണ്ടാവരുതെന്ന് അച്ഛൻമാരും , കുട്ടികളെ മക്കളെ പോലെ കാണാത്ത ഒരധ്യാപകനും ക്ലാസ്സ് മുറിയിലുണ്ടാവരുതെന്ന് ടീച്ചർമാരും പറഞ്ഞു …

അതൊരു തിങ്കളാഴ്ചയായിരുന്നു …. രണ്ട് ദിവസത്തെ അവധിക്കു ശേഷം മഴയോടു കൂടിയ ഒരു രാവിലെ , പ്രതീഷ് സാറ് പഠിപ്പിക്കുന്ന സ്കുളിലാണ് പ്രിയയെയും ചേർത്തത് .. ജനിക്കുമ്പോഴെ ബുദ്ധിക്ക് ചെറിയ പ്രശ്നമുണ്ടവൾക്ക് .. എങ്കിലും ചുറ്റുപാടുള്ളതൊക്കെ മനസ്സിലാക്കാനും അത് മറ്റുള്ളവരിലേക്ക് എത്തിക്കാനും അവൾക്ക് കഴിഞ്ഞു … അതു കൊണ്ടു ത്തന്നെ സാധാരണ സ്ക്കൂളിൽ അവളെ ചേർത്തി ..പ്രതീഷ് സാറിന്റെയും പ്രിയയുടെയും വീട് അടുത്താണ് .. ശനിയാഴ്ച പ്രിയയുടെ അമ്മയും അച്ഛനും ജോലിക്ക് പോകുബോൾ അവളെ മാഷിന്റെ വീട്ടിലാക്കും … കുഞ്ഞുനാൾ തൊട്ട് അങ്ങനെയാണ് … സാറിന്റെ ഭാര്യയും അവളെ നന്നായി ശ്രദ്ധിച്ചു. രാവിലെ തൊട്ട് പ്രിയ സിനിമ കാണാൻ തുടങ്ങും … സിനിമയിലെ പാട്ടും ഡാൻസുമെല്ലാം അവളെ അത്ര മാത്രം സ്വാധീനിക്കുകയും പലതും അതുപോലെ കാണിക്കുവാനും തുടങ്ങിയപ്പോൾ അതവളിൽ നല്ല മാറ്റങ്ങൾ വരുത്തി … പതിയെ അവൾ ഓരോന്നും പഠിച്ചെടുത്തു … സിനിമയിലെ പല രംഗങ്ങളിലും അവൾ കരയാനും ചിരിക്കാനും പ്രതികരിക്കാനും, ചിലതൊക്കെ അഭിനയിക്കാനും തുടങ്ങിയപ്പോൾ പ്രതീഷ് സാറ് അവളിലെ മാറ്റങ്ങളെ ആഴത്തിൽ നിരിക്ഷിക്കാൻ വീട്ടുകാരോടും പറഞ്ഞു …

പ്രതീഷ് സാറിന്റെ പ്രിയപ്പെട്ട പ്രിയകുട്ടിയായിരുന്നു അവൾ …

പറഞ്ഞ പോലെ അന്ന് തിങ്കളാഴ്ചയായിരുന്നു ..

ശാരീരകമായും , മാനസികമായും ,ലൈം ഗീകമായും പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ക്ലാസ്സെടുക്കാൻ വന്നതാണ് രണ്ട് സാറുമാർ … അവർ നിരന്തരം അന്യർ കുട്ടികളെ തൊടാൻ പാടുന്നതും പാടാത്തതും ആയ സ്ഥലങ്ങൾ ചൂണ്ടി കാണിച്ചു … ചിത്രങ്ങൾ കാണിച്ചു .. നിർദ്ദേശങ്ങൾ നൽകി …

പെട്ടെന്നാണ് പ്രിയ എഴുന്നേറ്റു നിന്നത് ….

എന്താ മോളെ

എനിക്ക് ഒരു കാര്യം പറയണം

എന്താ ഇങ്ങ് അടുത്ത് വന്ന് പറയു

അവൾ പതിയെ ആ സാറുന്മാരെ ലക്ഷ്യമാക്കി നടന്നു ..

എന്താ മോൾക്ക് പറയാനുള്ളത്

എന്നെ ദേ ഇവിടീം ,, ഇവിടീം , അവിടീം ഒക്കെ പിടിച്ചിട്ടുണ്ട്

ആര്

അത് സാറ്

ചുറ്റുമുള്ളവർ ആകെ ഞെട്ടി … ബാക്കി കുട്ടികളെ തിരിച്ച് ക്ലാസ്സി ലയച്ചു …സാറുമാരും ടീച്ചറും കൂടി അവളെ ഒരു മുറിയിൽ കൊണ്ടുപോയി..

പറ മോളെ ,, മോളെ ആരാ അങ്ങനെ ചെയ്തെ ..

ഏറെ നേരം അവൾ ഒന്നും മിണ്ടിയില്ല .. പതിയെ പറഞ്ഞു

പ്രതീഷ് സർ ,,,

ടീച്ചറൊന്നു പകച്ചു … സാറിനെ കുറിച്ച് ഇങ്ങനെ ഒന്നും കേട്ടിട്ടില്ല … നല്ല അധ്യാപകൻ … പക്ഷേ ഇന്നത്തെ കാലമല്ലെ ,,,

സാറിന്റെ ആന്റിയില്ലെ വീട്ടിൽ?

ആന്റി സാറ്റർഡേ റ്റാറ്റ പോയിരിക്കുന്നു .. അപ്പളാ ..

ടീച്ഛർക്ക് മറുപടിയൊന്നും ഇല്ലാതായി

ഇതൊന്നുമറിയാതെ പ്രതിഷ് സാറ് ക്ലാസ്സെടുക്കുകയാണ് .. ഫോൺ ചെയ്ത് പ്രിയയുടെ മാതാപിതാക്കളെ വരുത്തി ..

മകളുടെ അത്തരം വെളിപ്പെടുത്തലുകൾ അവരെ തളർത്തി .. മാഷിൽ നിന്നും ഒരിക്കലും ഇതാരും പ്രതീക്ഷിച്ചില്ല .. പ്രിയ തന്റെ മൊഴിയിൽ ഒറച്ചു നിന്നു ..

സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച പ്രതിഷ് സാറിനെ എല്ലാവരും കടിച്ച് കീറാൻ നിന്നു ..കാര്യം മുഴുവനായി മനസ്സിലാകും മുൻപ് സാറിനെ കൊണ്ടുവാൻ പോലീസ് ജീപ്പ് എത്തി ,കരഞ്ഞ കണ്ണുകളോടെ സാറ് ജിപ്പിൽ കയറി യാത്രയായി … സാറിന്റെ ഭാര്യ ആ വീട് വിട്ട് സ്വന്തം വീട്ടിൽ പോയി ..

പത്രങ്ങളിലും റ്റിവി യിലും വാർത്ത നിറഞ്ഞു നിന്നു ..

അവളങ്ങനെ പറഞ്ഞോ എന്നെക്കുറിച്ച് ,,, പ്രിയക്കുട്ടി അങ്ങനെ പറഞ്ഞോ ? മാഷ് എല്ലാ പോലീസുകാരോടും ചോദിച്ചു … ആ നിഷ്കളങ്കനായ മനുഷ്യനെ ആരും കണ്ടില്ല .. കേട്ടില്ല …

എല്ലാം നഷ്ടപ്പെട്ടെന്ന് ഉറപ്പായ അന്ന് അയാൾ ഉടുമുണ്ടിൽ തൂങ്ങി …. ഇനിയൊരു അറിവും അയാൾക്ക് ആർക്കും പകർന്ന് കൊടുക്കാനില്ല …

അയാളുടെ മരണത്തിൽ എല്ലാവരും ആശ്വസിക്കുബോൾ

പ്രിയ പതുക്കെ അമ്മയുടെ അടുത്തേക്ക് നടന്നു ..

പ്രതീഷ് സാറ് എന്നാ വരാ

എന്തിനാ ഇനി അയാള് … അയാള് മോളെ എന്തൊക്കെ ചെയ്തു … അയാള് ഇനി വരില്ല .. മോള് പേടിക്കണ്ട

എനിക്ക് മാഷിനെ കാണണം .. അത് ഞാൻ പറ്റിക്കാൻ പറഞ്ഞതാ .. അമ്മേ ….

പറ്റിക്കാനോ

ഉം … സിനിമേല് പാട്ട് പാടുന്ന പോലെ ഞാൻ പാടാറില്ലെ , ഡാൻസ് കളിക്കാറില്ലെ,,, അതുപോലെ കണ്ടതാ ഞാൻ ഈ സിനിമയും … അങ്ങനെ ഞാൻ അഭിനയിച്ചതാ…

ഒരു നിമിഷം അമ്മയുടെ നെഞ്ച് ആളി …. ശരിയായിരിക്കാം .. പക്ഷേ .. ഒക്കെ തീർന്നില്ലെ ….

അത്ര മാത്രം അവളെ നോക്കിയ , ശ്രദ്ധിച്ച അയാൾ അനാഥനായി അഗ്നികൾ ഏറ്റുവാങ്ങാൻ ഏതോ ഒരു ശവപ്പറമ്പിൽ ….

പതിയെ പ്രിയ റ്റി വി വെച്ചു .. ഏതോ സിനിമയിലെ ഏതോ പാട്ടിന് ഒത്ത് അവൾ അതുപോലെ ചുവട് വെച്ചു

( പണ്ട് ജേർണലിസം പഠിക്കുബോൾ അറിഞ്ഞ വാർത്ത എന്റെ ഭാവന ചേർത്ത് എഴുതിയതാണ് )