ഈയാത്രയിൽ.. ~ ഉണ്ണി കെ പാർത്ഥൻ
തുടയിൽ ന്തോ അമരുന്നത് പോലെ തോന്നി…മുകളിലെ കമ്പിയിൽ ഒന്നുടെ പിടി മുറുക്കി നയന തിരിഞ്ഞു നോക്കി..നയനയുടെ നോട്ടം കണ്ടതും പിറകിൽ നിന്നിരുന്ന ചെറുപ്പക്കാരൻ ഒന്നും സംഭവിക്കാത്ത പോലെ നോട്ടം പുറത്തേക്ക് പായിച്ചു..
“വണ്ടി കേടാവാൻ കണ്ട നേരം…” നയന ഉള്ളിൽ പറഞ്ഞു..പിന്നെ കമ്പിയിലെ പിടുത്തം ഒന്നുടെ മുറുക്കി..
കുറച്ചു സമയത്തിന് ശേഷം വീണ്ടും അയ്യാളുടെ മുൻ ഭാഗം നയനയുടെ പിറകിൽ ഉരസാൻ തുടങ്ങി…
നയന പെട്ടന്ന് തിരിഞ്ഞു രൂക്ഷമായി അയ്യാളെ നോക്കി..വീണ്ടും അയ്യാൾ മുന്നത്തെ പോലെ ഒന്നും സംഭവിക്കാത്തത് പോലെ പുറം കാഴ്ചകൾ നോക്കി നിന്നു..
നയന അല്പം മുന്നോട്ട് കേറി നിന്നു..
“ന്റെ പൊന്ന് കൊച്ചേ ഇതെങ്ങോട്ടാ..ന്റെ നെഞ്ചോത്തോട്ടു കേറി വരുന്നേ…” തൊട്ടു മുന്നിൽ നിന്ന ഒരു ചേച്ചി തിരിഞ്ഞു നയനയേ നോക്കി ദേഷ്യത്തോടെ ചോദിച്ചു…
“ചേച്ചി..അത് പിന്നെ…പിറകിൽ നിന്നും വല്യ ശല്യം ചേച്ചി..” നയന പതിയെ ആ സ്ത്രീയുടെ ചെവിയിൽ പറഞ്ഞു..
“ന്റെ പൊന്ന് മോളേ..ബസിൽ പോകുമ്പോ..ഇങ്ങനെ തോണ്ടലും തലോടലും ഉണ്ടാവും അതൊക്കെ ഒന്ന് കണ്ണടച്ചു നിന്നേക്കണം..ഇല്ലേ..നമ്മള് നാറും…” ആ സ്ത്രീയുടെ വാക്കുകൾ കേട്ട് നയന ചൂളി..ഒന്നുടെ പിറകിലേക്ക് നോക്കി…വഷളൻ ചിരി ചിരിച്ചു കൊണ്ട് അയ്യാൾ നയനയെ നോക്കി ചുണ്ട് നനച്ചു…
“ശ്ശേ..” നയന വേഗം മുഖം തിരിച്ചു..
“വണ്ടിക്ക് പഞ്ചറാവാൻ കണ്ടൊരു നേരം..” പല്ല് കൂട്ടി കടിച്ചു ഞെരിച്ചു നയന സ്വയം പറഞ്ഞു..
“ഇവനെയൊക്കെ പോലുള്ള ഞെരമ്പുകളുടെ ശല്യം സഹിക്കാൻ കഴിയാതെയാണ് വണ്ടി വാങ്ങിയത്..ഇവന്റെയൊക്കെ ശല്യം ഒരുകാലത്തും മാറില്ല ല്ലേ..” നയന സ്വയം പറഞ്ഞു അല്പം ചെരിഞ്ഞു നിന്നു…
“ചേച്ചി…ഇവിടെ ഇരുന്നോ…” ബസിന്റെ വിന്റോ സീറ്റിൽ ഇരുന്ന ഒരു ചെറുപ്പക്കാരൻ എഴുന്നേറ്റു മാറി..
“ചേച്ചി..അവിടെക്കിരുന്നോ..” സീറ്റിലേക്ക് ചൂണ്ടി പ്രവീൺ നയനയെ നോക്കി പറഞ്ഞു…
“ഒരുപാട് നന്ദി.ട്ടോ..” നയന പ്രവീണിനേ നോക്കി പറഞ്ഞു…പിന്നെ സീറ്റിൽ ഇരുന്നു..
“ചേട്ടാ…ഇതെന്റെ അമ്മയാണ്..എഴുപത്തഞ്ചു വയസ് പ്രായമുണ്ട്..” നയനയുടെ തൊട്ടടുത്തിരുന്ന പ്രായമായ ഒരു സ്ത്രീയുടെ തോളിൽ കൈ വെച്ച് കൊണ്ട് പ്രവീൺ പിറകിൽ നിന്ന ആളിനെ നോക്കി പറഞ്ഞു..
“ഇപ്പുറത്തു ഇരുത്തിയാൽ പിന്നെ ആ ചേച്ചിക്ക് ഒട്ടും സ്വസ്ഥത താൻ കൊടുക്കില്ല എന്നറിഞ്ഞു കൊണ്ട് തന്നെയാ..അങ്ങോട്ട് നീക്കിയിരുത്തിയത്..പ്രായമൊന്നും നിനക്കൊക്കെ പ്രശ്നമല്ല ന്ന് അറിയാം..”
“മൂത്തു നിക്കുവാണേൽ പോയി വല്ല മുള്ള് മുരിക്കിലും കേറിക്കൂടെ ഡാ ***മോനേ…” വേറെ ആരും കേൾക്കാതെ അയ്യാളുടെ ചെവിയിൽ പറയുമ്പോളും..ഒന്നും സംഭവിക്കാത്തത് പോലെ അയ്യാൾ നോട്ടം നയനയുടെ ദേഹത്തേക്ക് മാറ്റി…
“ശവം..” പ്രവീൺ സ്വയം പറഞ്ഞു..
പാറി വന്ന മുടിയിഴ ഒന്ന് ഒതുക്കി നയന പ്രവീണിനേ നോക്കി ചിരിച്ചു…ആ ചിരിയിൽ ആശ്വാസത്തിന്റെ നിഴലുണ്ടായിരുന്നു….
ശുഭം