രചന: ജിഷ്ണു രമേശൻ
ബസിൽ പുറത്തെ കാഴ്ചകൾ കണ്ടിരിക്കുമ്പോഴാണ് മെലിഞ്ഞൊരു സ്ത്രീ ഒരു പെൺകുട്ടിയുമായി അടുത്ത സ്റ്റോപ്പിൽ നിന്നും കയറിയത്…
ഒഴിഞ്ഞു കിടക്കുന്ന മുന്നിലെ സീറ്റിലേക്ക് ആ കുട്ടിയെ ഇരുത്തിയ ശേഷം അവര് ചുറ്റുമൊന്ന് കണ്ണോടിച്ചു…
തനിച്ചൊരു സീറ്റിൽ ഇരിക്കുന്ന അവൻ ആ സ്ത്രീയെ നോക്കി ഇവിടെ ഇരിക്കാം എന്ന് ആംഗ്യം കാണിച്ചു… ഒന്ന് ചിരിച്ചു കൊണ്ട് അവര് അവനടുത്തിരുന്നു…
അവൻ ഇടയ്ക്കിടെ ആ പെണ്ണിനെ ഇടം കണ്ണിട്ടു നോക്കി കൊണ്ടിരുന്നു…
ഇത് ശ്രദ്ധിച്ച അവര് അവനോടായി ചോദിച്ചു,
” എന്താ ഇങ്ങനെ നോക്കുന്നത്…! എന്നെ വല്ല പരിചയവും ഉണ്ടോ…?”
ഒന്ന് പുറത്തേക്ക് നോക്കിയിട്ട് അവൻ പറഞ്ഞു,
‘ ഉണ്ട്, നിങ്ങളെ കണ്ടിട്ടുണ്ട്… മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിൻ്റെ പേരിൽ നിങ്ങളെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്…’
” തൻ്റെ പേരെന്താ..?”
‘ അനൂപ്..’
“അന്ന് എനിക്കെതിരെ എൻ്റെ പേരിനോട് ഫെ മിനിച്ചി എന്ന് സംബോധന ചെയ്ത് ഒരുപാട് മോശം കമൻ്റുകൾ വന്നിരുന്നു…”
‘ ഞാൻ എല്ലാം വായിച്ചിരുന്നു..’
” എന്നിട്ട് അനൂപ് കമൻ്റ് വല്ലതും ചെയ്തിരുന്നോ..?”
‘ ഇല്ല..’
“അതെന്താ..! അന്ന് എനിക്കെതിരെ അനുകൂലമായും പ്രതികൂലമായും വന്ന അഭിപ്രായങ്ങൾക്കിടയിൽ ഒരാളായികൂടായിരുന്നോ…!”
അത് കേട്ട് അവനൊന്നു ചിരിച്ചിട്ട് വെറുതെ പുറത്തേക്ക് നോക്കിയിരുന്നു…
‘ ഒന്ന് ചോദിച്ചോട്ടെ, ഈ പെൺകുട്ടി ഏതാണ്…?’
“മൂന്ന് മാസം മുൻപ് ഇവിടെ അടുത്ത് ഒരു കുടുംബത്തിലെ നാല് പേര് ആത്മഹത്യ ചെയ്തത് അനൂപ് അറിഞ്ഞില്ലേ..!”
‘ അറിഞ്ഞിരുന്നു…പക്ഷേ മൂന്നു പേരല്ലെ മരിച്ചത്… ഒരു കുട്ടി രക്ഷപ്പെട്ടു എന്നാണ് വാർത്തയിൽ കണ്ടത്..അച്ഛനും അമ്മയും മൂത്ത മകളും മരിച്ചു എന്നാണ് അറിവ്..; ‘
” അതെ, ഇളയ പെൺകുട്ടി രക്ഷപ്പെട്ടു… ആ കുട്ടിയാണ് ഇത്… ബാധ്യതകൾ താങ്ങാനാവാതെയായപ്പോ രണ്ടു തുള്ളി വിഷത്തിൽ ആ കുടുംബം ഇല്ലാതാവാൻ തുനിഞ്ഞപ്പോ രക്ഷപ്പെട്ടത് ഈ കുരുന്ന് മാത്രം…
പിന്നീട് ആരും തിരിഞ്ഞു നോക്കാനില്ലാത്ത ഈ പെൺകുട്ടി അവരുടെ വാടക വീടിന് അടുത്തുള്ള ഒരു വീട്ടിലാണ് താമസിച്ചിരുന്നത്…ഒരിക്കൽ ഞാനവിടെ പോയിരുന്നു… അന്നെനിക്ക് തോന്നി അവർക്ക് പിന്നീട് ഇവളൊരു ബാധ്യതയാവുമെന്ന്…
പിന്നീട് കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും നിയമ സഹായത്തോടെ എൻ്റെ കൂടെ കൊണ്ടുവരുന്ന വഴിയാണ് ഈ കുട്ടിയെ…എനിക്കൊരു മോള് മാത്രമേ ഉള്ളൂ..ഇനി അവിടെ എൻ്റെ വീട്ടിൽ എൻ്റെ കുഞ്ഞിനൊരു ചേച്ചിക്കുട്ടിയായി ഇവളും ഉണ്ടാകും…എൻ്റെ മൂത്ത മകളായി…”
അത്രയും കേട്ട് കഴിഞ്ഞ് ആ സ്ത്രീയുടെ മുഖത്ത് നിന്നും കണ്ണെടുത്ത് അവൻ പുറത്തേക്കൊന്ന് നോക്കി…എന്നിട്ട് ചിരിച്ചു.. മനസ്സ് നിറഞ്ഞ്, കണ്ണുകൾ നിറഞ്ഞ് ഒരു നെടുവീർപ്പോടെ അവൻ പുഞ്ചിരിച്ചു…
‘ നിങ്ങളുടെ പ്രൊഫൈലിൽ ഒരു യു പി സ്കൂൾ ടീച്ചറാണെന്ന് കണ്ടു… ടീച്ചർ എന്ന് തന്നെ വിളിക്കാലോ..!!’
” അതിനെന്താ അനൂപ്, തീർച്ചയായും അങ്ങനെ തന്നെ വിളിക്കാം..”
‘ ടീച്ചറുടെ അന്നത്തെ പോസ്റ്റിൽ ഒരുപാട് പേര് ആൺ/പെൺ ഭേദമില്ലാതെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻ്റ് ചെയ്തത് ഓർക്കുന്നു…പക്ഷേ എനിക്കൊന്നും എഴുതാൻ തോന്നിയില്ല…ഫെമിനിസം എന്ന വാക്കിൻ്റെ അർത്ഥം അറിയില്ല എന്ന് വേണമെങ്കിൽ പറയാം…
പക്ഷേ ഇന്ന് ടീച്ചർ ചെയ്ത ഈ മനുഷ്യത്വം നിറഞ്ഞ പ്രവർത്തിയെ ഫെമിനിസം എന്നാണ് നിങ്ങൾ വിളിക്കുന്നതെങ്കിൽ ഞാൻ പറയും ” ടീച്ചറോരു ഫെ മിനിസ്റ്റാണ്” എന്ന്…
ഇത് പോലെ ആരും സഹായത്തിനില്ലാതെ, ദയ അർഹിക്കുന്ന ആൺ/പെൺ ഭേദമില്ലാതെ ആർക്കും ടീച്ചറിന് ഒരു കൈത്താങ്ങാകുവാൻ കഴിയുമെങ്കിൽ തുടരുക…
മനുഷ്യത്വം നിറഞ്ഞ ഈ പ്രവർത്തികൾക്ക് ഫെ മിനിസ്റ്റ് എന്നുള്ള വിളി കേൾക്കുന്നെങ്കിൽ ടീച്ചർക്ക് ചിരിക്കാം…മനസ്സ് നിറഞ്ഞ് പുഞ്ചിരിക്കാം…’
അതിനു മറുപടിയായി ആ ടീച്ചർ മധുരമായി പുഞ്ചിരിച്ചു… മുന്നിലെ സീറ്റിൽ തന്നെ നോക്കി ചിരിക്കുന്ന ആ പെൺകുട്ടിയെ ഒന്നെത്തി നോക്കി…
അവൻ ബസിന് പുറത്തേക്ക് എത്തി നോക്കിയതിനു ശേഷം സീറ്റിൽ നിന്ന് എഴുന്നേറ്റു…
‘ എനിക്ക് ഇറങ്ങാനുള്ള സ്ഥലമായി ടീച്ചർ..’
“എങ്കിൽ ശരി അനൂപ്… ഈ അടുത്ത് ഇത്രയും ഹൃദ്യമായി ഞാൻ ആരോടും സംസാരിച്ചിട്ടില്ല… അനൂപ് എന്ത് ചെയ്യുന്നു..? വീട്ടിൽ ആരൊക്കെ..!!”
‘ വീട്…!!! അറിയില്ല അച്ഛനും അമ്മയും ആരാണെന്ന്..ഇവിടെ ഈ മഠത്തിലെ അച്ചന്മാരും അമ്മമാരും ആണ് എന്നെ വളർത്തി വലുതാക്കിയത്… ഇപ്പൊ നല്ലൊരു ജോലിയുണ്ട്..അവിടെ ഉള്ള കുറച്ച് കുഞ്ഞുങ്ങൾക്കും എന്നെ ഇവിടെ വരെയെത്തിച്ചവർക്കും വേണ്ടി ജീവിക്കുന്നു ഇപ്പൊ…; ‘
അത് കേട്ടതും ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു…മുഖം തിരിച്ചു കൊണ്ട് അവര് പറഞ്ഞു, ” അനൂപ് മഠത്തിൽ ചെന്ന് മേഴ്സി സിസ്റ്ററോട് ജാനകിയെ അറിയുമോ എന്ന് ചോദിച്ചു നോക്കൂ… ആറു വയസുവരെ അതായിരുന്നു എൻ്റെ വീട്, എൻ്റെ ലോകം…”
അവൻ അത്ഭുതത്തോടെ ടീച്ചറെ ഒന്ന് നോക്കി..എന്നിട്ട് മറുപടിയൊന്നും പറയാതെ തലയാട്ടികൊണ്ട് ബസില് നിന്നിറങ്ങി നടന്നു…
ബസ് നീങ്ങി മഠത്തിന് മുന്നിലെത്തിയപ്പോ അവര് മഠത്തിലേക്കൊന്ന് നോക്കി…വർഷങ്ങൾക്ക് മുൻപ് ഒരു ആറ് വയസ്സുകാരി പെൺകുട്ടിയുടെ കയ്യും പിടിച്ച് അവിടുന്ന് ഇറങ്ങി വരുന്ന ഒരച്ഛൻ്റെയും അമ്മയുടെയും മുഖം അവരുടെ മനസ്സിൽ നിഴലിച്ചു…
മുൻസീറ്റിൽ ഇരുന്നിരുന്ന ആ പെൺകുട്ടിയെ തൻ്റെ അടുത്തേക്ക് ചേർത്തിരുത്തി അവളെ പുണർന്നിരുന്നു…
അച്ഛനും അമ്മയും നഷ്ടപ്പെട്ട ഒരു കുട്ടിയുടെ ഭീതിയും പുതിയൊരു സംരക്ഷണത്തിൻ്റെ പുഞ്ചിരിയും അവളുടെ മുഖത്തുണ്ടായിരുന്നു…
(പെട്ടന്നൊരു തട്ടിക്കൂട്ടലാണ്…പോരായ്മകൾ ക്ഷമിക്കുക…തെറ്റുകൾ തിരുത്തുക..)