രചന: മഹാ ദേവൻ
” തന്തേം തള്ളേം ചത്തതിൽ പിന്നെ ഇപ്പോൾ കൂട്ട് കിടക്കുന്നത് അടുത്ത വീട്ടിലെ ആ ചെക്കനാ.ഇനിപ്പോ ആര് ചോദിക്കാൻ. ഉള്ളത് രണ്ടെണ്ണവും ഒരുമിച്ചങ്ങു കെട്ടിയെടുത്തത് കൊണ്ട് ഇപ്പോൾ അവന്റെം അവളുടെയും കൂത്താട്ടമല്ലേ അവിടെ. രാത്രി കാവല് കിടക്കുന്നവൻ കിടക്കുന്നത് കൂടെ അല്ലെന്ന് ആര് കണ്ടു “
നാട്ടുകാരിൽ ചിലർ പൊടിപ്പും തൊങ്ങലും ചേർത്ത ഇങ്ങനെ ഒരു വാർത്ത പരന്നുതുടങ്ങിയിട്ട് ദിവസം കുറച്ചായി.
ഓർക്കാതെ ഒരുനാൾഅച്ഛനും അമ്മയും ഒരു ആക്സിഡന്റിൽ ഈ ലോകത്തോട് വിടപറയുമ്പോൾ ബാക്കിയായത് അവൾ മാത്രമായിരുന്നു.
അവരുടെ പെട്ടന്നുള്ള വിയോഗം തളർത്തിക്കളഞ്ഞ ശാലിനിയെ ഒന്ന് ആശ്വസിപ്പിക്കണോ കൂടെ ഇരിക്കാനോ അടുത്ത ബന്ധുക്കൾ എന്ന് പറയാൻ ആരുമില്ലന്നത് അറിയിക്കാതെ ആ അവസ്ഥയിൽ നിന്നും അവൾ തരണം ചെയ്യുംവരെ കൂട്ടായി ഉണ്ടായിരുന്നത് അടുത്ത വീട്ടിലെ രാധേച്ചി ആയിരുന്നു.
ഒറ്റപ്പെട്ടുപോയ അവളെ ആ വേദന അറിയിക്കാതെ എന്നും കൂടെ തന്നെ നിൽക്കുമ്പോൾ എല്ലാ സഹായങ്ങൾക്കും അവർക്കൊപ്പം രാധയുടെ മകനും ഉണ്ടായിരുന്നു.
” മോനെ രാജേഷേ.. നീ ഇവളെ ഒന്ന് ഡോക്ടറെ കാണിക്ക്. കണ്ടില്ലേ ഈ ഇരിപ്പ്.. ഇങ്ങനെ ഇരുന്നാൽ ഇനി വിഷാദരോഗം പിടിപെടും ഈ കൊച്ചിന്. ഭക്ഷണവും ഇല്ല വെള്ളവും ഇല്ല.. aake. കോലം കെട്ടു പോയി പെണ്ണ് ” എന്നും പറഞ്ഞ് ശാലിനിയുടെ മുടിയിലൂടെ തലോടുന്ന അമ്മയോട് ” ശരി അമ്മേ ” എന്ന് പറയുമ്പോൾ അവന്റെ കണ്ണുകൾ മുഴുവൻ ശാലിനിയുടെ മുഖത്തായിരുന്നു.
എങ്ങനെ നടന്നിരുന്ന കുട്ടിയാ… ഒറ്റ മകളായത് കൊണ്ട് തന്നെ അച്ഛനും അമ്മയും മത്സരിച്ചായിരുന്നു അവളെ സ്നേഹിച്ചതും ഊട്ടിയതും ഉറക്കിയതുമെല്ലാം. അതെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാകുമ്പോൾ അതെല്ലാം സഹിക്കാവുന്നതിലും അപ്പുറമാണെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു ഇപ്പോഴത്തെ അവളുടെ മാറ്റം.
ഒരു പൂമ്പാറ്റയെ പോലെ പാറിനടന്നവൾ ഇപ്പോൾ ചിറകറ്റു വീണപോലെ…കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ലായിരുന്നു രാജേഷിനും.
” കണ്ണേട്ടാ എന്നും വിളിച്ച് ചാടിത്തുള്ളി വരുമ്പോൾ അമ്മ എപ്പോഴും പറയുമായിരുന്നു പെണ്ണിന് വയസ്സ് പതിനേഴ് ആയി. എന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ല ” എന്ന്. അങ്ങനെ ആയിരുന്നു അവൾ തന്നോട് എന്നും എന്ന് ഓർക്കുമ്പോൾ തന്നെ കണ്ണുകളിൽ ഒരു നനവ് ഉരുണ്ടുകൂടുന്നുണ്ടായിരുന്നു.
അന്ന് അവളെ കാറിലെ മുൻസീറ്റിലേക്ക് ഇരുത്തി ഹോസ്പിറ്റലിൽ പോകുമ്പോൾ ഒരു വാക്ക് പോലും പറയാതെ എങ്ങോട്ടോ നോക്കികൊണ്ട് എന്തോ ആലോചനയിലെന്നോണം ഇരിക്കുന്ന ശാലിനിയെ ഇടക്കിടെ ഒന്ന് ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു അവൻ.
” ശാലിനി “
ഇടക്കൊന്ന് അവൻ നീട്ടിവിളിച്ചപ്പോൾ ഒന്ന് തല തിരിച്ചു നോക്കിയതല്ലാതെ ആ മുഖത്ത് വലിയ ഭാവമാറ്റം ഒന്നും കാണാത്തത് അവനെ വല്ലാതെ സങ്കടപ്പെടുത്തി.
തിരികെ വീട്ടിലെത്തുമ്പോഴും അവൾക്ക് വലിയ മാറ്റമൊന്നും ഇല്ലായിരുന്നു. പക്ഷേ, അവളെ അങ്ങനെ ഒറ്റപ്പെട്ട ഒരു അവസ്ഥയിൽ തള്ളിവിടാൻ കഴിയില്ലെന്ന് മനസ്സാൽ ഉറപ്പിച്ച് അവൾക്ക് പിന്നിൽ തന്നെ എല്ലാം ചോദിച്ചറിഞ്ഞു ചെയ്യാൻ കൂടെ അവൻ എന്നുമുണ്ടായിരുന്നു.
പതിയെ പതിയെ അവൾ പഴയ അവസ്ഥയിലേക്ക് തിരികെ വരുമ്പോൾ ഇടക്കെപ്പോഴോ അവളും ചോദിച്ചിരുന്നു ” ആരുമില്ലാത്ത എന്നെ ന്തിനാ കണ്ണേട്ടാ എങ്ങനെ സ്നേഹിക്കുന്നെ ” എന്ന്.
അവളുടെ ചോദ്യം കേട്ട് അവൻ വെറുതെ ഒന്ന് ചിരിക്കുമ്പോൾ അവളെ നോക്കികൊണ്ട് പറയുന്നുണ്ടായിരുന്നു ” അങ്ങനെ ആരുമില്ലെന്ന് കരുതി വഴിയിൽ ഉപേക്ഷിച്ചുപോകാൻ പറ്റില്ലല്ലോ മോളെ നിന്നെ. ഞാൻ നിന്റെ കണ്ണേട്ടനല്ലേ ” എന്ന്.
അവന്റെ മറുപടിയിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും ഇടക്കൊക്കെ അവൾ ആലോചിക്കാറുണ്ട്
” കണ്ണേട്ടന് ന്നോട് പ്രേമമാണോ ഈശ്വരാ… ആ മനസ്സിൽ ന്റെ സ്ഥാനം ന്താണെന്ന് അറിയുന്നില്ലല്ലോ ” എന്ന്.
അച്ഛന്റെയും അമ്മയുടെയും വേർപ്പാട് മനസ്സിനെ തളർത്തിക്കളഞ്ഞപ്പോൾ അമ്മയെ പോലെ പരിചരിക്കൻ എന്നും രാധ ഉണ്ടായിരുന്നെങ്കിലും തൊഴിലുറപ്പ് പണിക്ക് പോകുന്ന രാധ ഇല്ലാത്ത സമയം തളർന്നിരിക്കുന്നു അവളെ വാശിപിടിക്കുമ്പോൾ വാരി ഊട്ടിയതും അവളിട്ട തുണികൾ ഒരു മടിയും കൂടാതെ അലക്കിയിട്ടതുമെല്ലാം രാജേഷ് ആയിരുന്നു.
അവളോടുള്ള ഇഷ്ട്ടം അവന്റെ ഓരോ പ്രവർത്തിയിലും തെളിഞ്ഞുകാണുമ്പോൾ അതിലെല്ലാം അസൂയ പൂണ്ടത് നാട്ടുകാരിൽ ചിലർ ആയിരുന്നു.
” കണ്ടില്ലേടി, രാധേടെ ചെക്കന്റെ ഓരോ പണികളെ. ആ പെണ്ണിട്ട അ ടിവസ്ത്രം വരെ അലക്കികൊണ്ടുന്നത് അവനാ.. ഒന്നും കാണാതെ അവൻ അവിടെ ഇങ്ങനെ ചുറ്റിപറ്റി നിൽക്കില്ല. മധുരമുകൾ സാധനം കണ്ടാൽ ഏത് ഉറുമ്പും ഒന്ന് നുണഞ്ഞുനോക്കും. മുന്നിൽ മധുരപ്പതിനേഴ് അല്ലെ ഇരിക്കുന്നത്.ചോദിക്കാനേൽ ആരും ഇല്ലതാനും.. തൊട്ടുനക്കിലിന്റ ആ രുചി പെണ്ണ് കൂടി അറിഞ്ഞാൽ പിന്നെ…….. “
അതും പറഞ്ഞ് ഊറിച്ചിരിക്കുന്ന അയൽപക്കകാരുടെ നോട്ടവും സംസാരവും അവളുടെ ചെവിയിലൊരുനാൾ എത്തിയപ്പോൾ അവൾക്കതൊരു ഷോക്ക് ആയിരുന്നു.ഇല്ലാത്ത കാര്യങ്ങൾ കെട്ടിച്ചമക്കുമ്പോൾ അങ്ങനെ ഇന്ന് ഇല്ലെന്ന് തെളിയിക്കാൻ പോലും കഴിയാത്ത അവസ്ഥ അവളെ വല്ലതെ കുത്തിനോവിക്കുന്നുണ്ടായിരുന്നു.
ഇതിലും ഭേദം അന്ന് അച്ഛന്റെയും അമ്മയുടെയും കൂടെ തന്നെയും കൂടി അങ്ങ് എടുക്കാമായിരുന്നില്ലേ ദൈവമേ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുമ്പോൾ ഇനിയെങ്കിലും ആർക്കും ബുദ്ധിമുട്ടും മറ്റുള്ളവർക്ക് ചിരിക്കാൻ ഒരു പരിഹാസകഥാപാത്രവും ആവാതെ അങ്ങ് മരിച്ചാലോ എന്ന് പോലും തോന്നി അവൾക്ക്.
” പാറുട്ടി.. ദേ, ഇത് നിനക്കുള്ളതാ… കാലിലെ പാദസരം പൊട്ടിയിട്ടു കുറെ ആയില്ലേ. ഇനി ആ കാലിങ്ങനെ നഗ്നമായി കിടക്കണ്ട ” എന്നും പറഞ്ഞ് അവൾക്ക് മുന്നിലേക്ക് നീട്ടിയ വെള്ളികൊലുസിലേക്കൊന്ന് നോക്കി ശാലിനി.
പിന്നെ അതിൽ നിന്നും കണ്ണെടുത്തുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി ചോദിക്കുന്നുണ്ടായിരുന്നു
” സത്യത്തിൽ കണ്ണേട്ടന് എന്നോടുള്ള ഇഷ്ട്ടം എന്താ? ഏട്ടൻ എന്റെ കാര്യത്തിൽ കാണിക്കുന്ന ഈ കെയറിങ് ഇപ്പോൾ മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാൻ ഉള്ള അവിഹിതം ആയി മാറിയിട്ടുണ്ട്.പക്ഷേ, നമ്മൾ തമ്മിൽ എങ്ങനെ ആണെന്ന് ആരേം ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ലാത്തതു കൊണ്ട് ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല.പക്ഷേ, കണ്ണേട്ടൻ എന്നെ ഇത്രയേറെ സ്‌നേഹിക്കുമ്പോൾ, അതിന്റ അർത്ഥം മാത്രം എനിക്ക് മനസ്സിലാകുന്നില്ല ഏട്ടാ… ” എന്ന്.
അതും പറഞ്ഞുകൊണ്ട് ഒരു ഉത്തരത്തിനെന്നോണം അവൾ അവന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കുമ്പോൾ മതിലിനപ്പുറത്തു പൊങ്ങിയ തലകൾ അടുത്ത പരദൂഷണത്തിനുള്ള വക കിട്ടുമോ എന്ന് എത്തി നോക്കുന്നത് രാജേഷ് കണ്ടിരുന്നു. അത് കണ്ട് കൊണ്ട് തന്നെ ആണ് അവൻ ചിരിയോടെ അവളെ ചേർത്തുപിടിച്ചതും മതിനപ്പുറത്തു നിൽക്കുന്നവർക്ക് മുന്നിലേക്ക് തിരിഞ്ഞതും.
പെട്ടന്നുള്ള അവന്റെ ചേർത്തുനിർത്തത്തിൽ ഞെട്ടിക്കൊണ്ട് ശാലിനി അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ രാജേഷ് അവളെ മതിലിനടുത്തേക്ക് നോക്കി പറയുന്നുണ്ടായിരുന്നു.
” എന്താ രമണിച്ചേച്ചി നിങ്ങൾക്ക് അറിയേണ്ടത്. ഞങ്ങൾ തമ്മിലുള്ള ബന്ധം എന്താണെന്നോ.? അതോ നിങ്ങൾ കണ്ടെത്തിയ ബന്ധം ഉണ്ടെന്ന് വരുത്തിതീർക്കാനോ? എന്നിട്ട് ഇപ്പോൾ എന്ത് തോന്നുന്നു നിങ്ങൾക്ക് ഇവളെ എങ്ങനെ ചേർത്തുപിടിക്കുമ്പോൾ ഞങ്ങൾ തമ്മിലുള്ള ബന്ധത്തെ പറ്റി? “
അവന്റെ ചോദ്യം കേട്ട് മതിലിനപ്പുറത്തുള്ള ചേച്ചിമാർ പരസ്പരം ഒന്ന് നോക്കികൊണ്ട് ചിരിക്കാൻ ശ്രമിക്കുമ്പോൾ അത് കണ്ട് പുച്ഛത്തോടെ രാജേഷ് പറയുന്നുണ്ടായിരുന്നു
” ദേ, എങ്ങനെ ഒന്ന് ചേർത്തുപിടിച്ചാൽ പ്രണയമായും കൂടെ നിന്നാൽ അവിഹിതമായും കാണാൻ മാത്രം കഴിയുന്നത് ഇതൊക്കെ ചെയ്ത് ശീലമായവർക്ക് ആണ്. ഒരു പെണ്ണ് ഒറ്റപ്പെട്ടാൽ ഒന്ന് സഹായിക്കാം എന്ന് ചിന്തിക്കാതെ ആരേലും സഹായിക്കാൻ വന്നാൽ അവിടെ അവിഹിതം തിരയുന്ന നിങ്ങളെ പോലെ ഉള്ളവർ ആദ്യം സ്വന്തം വീട്ടിലെ അവിഹത്തിന്റ അറ്റം കണ്ടുപിടിക്കാൻ നോക്ക്.
എങ്ങനെ ഒരു പെണ്ണിനെ ചേർത്തുപിടിക്കുമ്പോൾ അതിനർത്ഥം അവൾ എനിക്ക് എല്ലാം ആണെന്ന് തന്നെയാ.. പക്ഷേ, അതിന് നിങ്ങൾ കാണുന്ന മറ്റേ അർത്ഥം മാത്രമല്ല ഉളളൂ…സഹോദരൻ എന്നൊരു വാക്ക് കൂടി ഈ ലോകത്തുണ്ട്. അതിന് ഒരു അമ്മയുടെ വയറ്റിൽ പിറക്കണമെന്നൊന്നും ഇല്ല. മനസ്സ് കൊണ്ട് ദേ, ഇതുപോലെ പെണ്ണിനെ പെങ്ങളായി അംഗീകരിക്കാനും ആ ചിന്തയോടെ മാത്രം അവളെ നോക്കാനും കാണാനും ഉള്ള മനസ്സ് ഉണ്ടായാൽ മതി. പിന്നെ ഒരു പെണ്ണിന്റ അടിവസ്ത്രം അലക്കുന്നതോ അവളെ വാരി ഊട്ടുന്നതോ അവൾക്ക് വേണ്ടി ഓരോ നിമിഷവും ചെലവഴിക്കുന്നതോ ഒരു അവസരം കിട്ടിയാൽ മുതലാക്കാം എന്ന ചിന്തയോടെ അല്ല, എനിക്കെ അമ്മയുണ്ട്. അവരും ഒരു പെണ്ണാ.. എന്റെ അമ്മക്ക് വയ്യാതാകുമ്പോൾ എന്തൊക്കെ ചെയ്ത് കൊടുക്കാറുണ്ടോ അതൊക്കെ തന്നെ ആണ് ഞാൻ ഇവിടേം ചെയ്യുന്നത്. അതിനു കുറച്ചില് തോന്നാത്തത് ഇവൾ ന്റെ പെങ്ങളായത്കൊണ്ടാണ്. ഒരു പെണ്ണ് ഒറ്റപ്പെടൽ അവളെ എങ്ങനെ കാമിക്കാം എന്ന് ചിന്തിക്കുന്ന നിങ്ങളുടെ മക്കളുടെ സ്വഭാവം വെച്ച് നാട്ടിലെ എല്ലാ ആണുങ്ങളേം അളക്കാൻ നിന്നാൽ ഇനി ഒന്നോർത്തോ നിങ്ങളുടെ പുഴുത്ത ആ നാക്കും വെച്ച് ഇനി വല്ലതും പറഞ്ഞ് ഈ പാവത്തിന്റെ കണ്ണ് നിറഞ്ഞാൽ ഒരു ആങ്ങളയുടെ ഉത്തരവാദിത്തം എന്താണെന്ന് അന്ന് നിങ്ങൾ കാണും. പറഞ്ഞില്ലെന്ന് വേണ്ട. കേട്ടല്ലോ “
അതും പറഞ്ഞവൻ ശാലിനിയെ ഒന്നുകൂടി ചേർത്തുപിടിച്ചുകൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ മതിനപ്പുറത്തുള്ള തലകൾ ജാള്യതയോടെ അകത്തേക്ക് വലിഞ്ഞിരുന്നു.
അതേ സമയം അവളുടെ നോട്ടം മുഴുവൻ രാജേഷിന്റെ മുഖത്തായിരുന്നു. അവളുടെ ആശ്ചര്യവും സന്തോഷവും നിറഞ്ഞ നോട്ടം കണ്ടവൻ അവളെ നോക്കി കണ്ണിറുക്കി കാണിക്കുമ്പോൾ പോക്കറ്റിൽ നിന്നും അവൾക്കായി വാങ്ങിയ പാദസരം എടുത്ത് അവൾക്ക് നേരെ നീട്ടികൊണ്ട് പറയുന്നുണ്ടായിരുന്നു ” ഇപ്പോൾ മോൾടെ സംശയം ഒക്കെ തീർന്നില്ലേ. അപ്പൊ ഏട്ടന്റെ അനിയത്തികുട്ടി ഇതൊന്നു കെട്ടിക്കേ ” എന്ന്.
അതും പറഞ്ഞ് പുഞ്ചിരിയോടെ നിൽക്കുന്ന അവനേ അവൾ ഇമചിമ്മാതെ നോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ഒരിക്കലെങ്കിലും ആ മനസ്സിനെ താനും തെറ്റിദ്ധരിച്ചല്ലോ എന്നോർക്കുമ്പോൾ അവളുടെ മനസ്സ് നീറുന്നുണ്ടായിരുന്നു. ആ നിറകണ്ണുകളോടെ തന്നെ അവൾ അവൾ മുന്നിലെ തിട്ടിലേക്ക് ഇരുന്ന് ഇട്ടിരുന്ന പാവാട മെല്ലെ മുകളിലേക്ക് ഉയർത്തികൊണ്ട് പറയുന്നുണ്ടായിരുന്നു ” ആ പാദസരം ന്റെ ഏട്ടൻ തന്നെ കെട്ടിതാ… “
അതും പറഞ്ഞവൾ കാലുകൾ അവനു മുന്നിലേക്ക് നീട്ടവേ അതിയായ സന്തോഷത്തോടെ അവൾക്ക് മുന്നിൽ മുട്ടുകുത്തിയിരുന്ന് പാദസരത്തിന്റെ കൊളുത്തഴിച്ചവൻ ആ കാലിൽ അണിയിക്കുമ്പോൾ അവൾ ചോദിക്കുന്നുണ്ടായിരുന്നു
” പെങ്ങളാവാൻ കൂടെ പിറക്കൊന്നും വേണ്ടാലേ ഏട്ടാ.. ഇതുപോലെ പെങ്ങളായി സ്നേഹിക്കാൻ അറിയാവുന്ന ഒരു മനസ്സുള്ള മനുഷ്യനെ കിട്ടിയാൽ മതില്ലേ ” എന്ന്… !