ഞാൻ വരാം, പെണ്ണ് ചോദിക്കാം….അച്ഛൻ സമ്മതിച്ചില്ലങ്കിൽ നീ എന്റെ കൂടെ വരോ…കിരൺ പ്രതീക്ഷയോടെ അവളുടെ കണ്ണിൽ നോക്കിക്കൊണ്ട് ചോദിച്ചു

തിരിച്ചറിവ് ~ അബ്ദുൾ റഹീം പുത്തൻചിറ

“ടാ.. ഞാൻ വന്നു വിളിച്ചാൽ നീ വരോ… അതിനുള്ള ധൈര്യമുണ്ടോ”?

കിരൺ മായയോട് അങ്ങനെ ചോദിക്കുമ്പോൾ അവൾ അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുകയായിരുന്നു..

“എനിക്കറിയില്ല.. പക്ഷെ നീ ഇല്ലാതെ എനിക്ക് പറ്റില്ല…എനിക്ക് നീ വേണം…അച്ഛനോട് നീ വന്നു സംസാരിച്ചു നോക്ക്…അച്ഛൻ പാവമാ.. എന്റെ ഒരിഷ്ട്ടത്തിനും അച്ഛൻ എതിരു നിൽക്കില്ല.”..മായ പറഞ്ഞു..

“നിന്റെ അച്ഛൻ അത്ര പാവമാണെന്നു എനിക്ക് തോന്നിയിട്ടില്ല…നാട്ടുകാർ പലതും പറയുന്നതാ..ശേഖരൻ മുതലാളിയുടെ മകളെ കെട്ടാനുള്ള യോഗ്യതയൊന്നും എനിക്കില്ല… എന്നിരുന്നാലും നീ ഇല്ലാതെ എനിക്ക് ആലോചിക്കാനേ വയ്യ”…

“ഇല്ലടാ അച്ഛൻ സമ്മതിക്കും… ഒളിച്ചു കളിക്കുന്നതാ അച്ഛന് ഇഷ്ട്ടമല്ലാത്തത്.. നീ വന്നു അച്ഛന്റെ മുൻപിൽ ആണുങ്ങളെ പോലെ വന്നു എന്നെ പെണ്ണ് ചോദിക്ക്…”

“ഞാൻ വരാം… പെണ്ണ് ചോദിക്കാം.. അച്ഛൻ സമ്മതിച്ചില്ലങ്കിൽ നീ എന്റെ കൂടെ വരോ…” കിരൺ പ്രതീക്ഷയോടെ അവളുടെ കണ്ണിൽ നോക്കിക്കൊണ്ട് ചോദിച്ചു..

“വരാം… പക്ഷെ അച്ഛൻ സമ്മതിക്കുമെന്നാണ് എന്റെ മനസ്സ് പറയുന്നത്..”

“ഉം.. നിനക്കറിയാലോ എന്റെ ചുറ്റുപാട്… അച്ഛൻ കുടിയനായത്കൊണ്ട് ഞാനും അങ്ങനെ ആകണമെന്ന് ആഗ്രഹിക്കുന്ന ചിലരെങ്കിലും ഈ നാട്ടിലുണ്ട്…അല്ലങ്കിലും നാട്ടു നടപ്പ് അങ്ങനെയാണല്ലോ.. തെങ്ങു കയറ്റക്കാരന്റെ മകൻ തെങ്ങു തന്നെ കയറണം… കള്ള് ചെത്തുകാരന്റെ മകൻ കള്ള് ചെത്തലും… ഈ ചിന്താഗതി മാറിയാലേ ഈ നാട് നന്നാകു”..കിരൺ ദേഷ്യത്തോടെ പറഞ്ഞു…

“പക്ഷെ നിന്റെ കാര്യത്തിൽ വിത്യാസമില്ലേ… നീ അച്ഛനെപോലെ ആയില്ലല്ലോ… അതു മാത്രമല്ല നീ റാങ്ക് ലിസ്റ്റലിമുണ്ട്… പെട്ടന്ന് നിനക്കൊരു ജോലി കിട്ടില്ലേ ..അതുകൊണ്ട് അച്ഛൻ തടസ്സം പറയില്ല” …

“നീ പറയുന്നതുപോലെ ഞാൻ ചെയ്യാം….നിന്നെ ഞാൻ അത്രയേറെ സ്നേഹിക്കുന്നു…നാളെ ഞാൻ നിന്റെ അച്ഛനെ വന്നു കാണാം”..അതും പറഞ്ഞു അവൻ അവളെ ചേർത്തു പിടിച്ചു.

***************

“തുഫ്‌….കള്ളു കുടിയന്റെ മകൻ ശേഖരന്റെ മകളെ പെണ്ണ് ചോദിക്കുന്നോ… അതിനുള്ള ധൈര്യമൊ… ഈ പടി കടന്നു വരാൻ ധൈര്യമില്ലാത്ത നീയൊക്കെ എന്റെ മകളെ പെണ്ണ് ചോദിക്കാൻ മാത്രം വളർന്നു .”.ശേഖരൻ മുതലാളിയുടെ കോപം കണ്ടു കിരൺ പേടിയോടെ നിന്നു…

അച്ഛന്റെ ശബ്ദം കേട്ടുകൊണ്ടാണ് മായ ഉമ്മറത്തേക്കു വന്നത്…അവൾ വാതിൽക്കൽ നിന്നുകൊണ്ട് അച്ചനെ നോക്കി…ആദ്യമായാണ് അച്ഛനെ ഇങ്ങനെ ദേഷ്യത്തോടെ കാണുന്നത്…അമ്മയോട് പോലും അച്ഛൻ ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല…എന്തിന് പണിക്കാരോട് പോലും…ആ അച്ഛൻ കോപം കൊണ്ടു നിന്നു വിറക്കുകയാണ്…അവൾ അച്ഛന്റെ മുഖം കണ്ടു ശരിക്കും ഭയന്നിരുന്നു…

“നീ വെറുതെ വന്നതാണെന്ന് ഞാൻ കരുതുന്നില്ല…എന്റെ മകൾ അതിനൊരു കാരണമായെങ്കിൽ …അവൾക്ക് നിന്നോട് സ്നേഹമുണ്ടങ്കിൽ ..നീ വിളിച്ചാൽ അവൾ വരുമെങ്കിൽ നിനക്കു അവളെ കൊണ്ടുപോകാം…അതിനു ഞാൻ തടസ്സമാകില്ല…അതല്ല മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ..പിന്നെ നിന്നെ എന്റെ മുൻപിൽ കണ്ടുപോകരുത് “…ശേഖരൻ മുതലാളിയുടെ ആ വാക്കുകൾ കിരണിനു പ്രതീക്ഷ നൽകി…അവൻ ഉള്ളിലോട്ടു നോക്കി മായയെ വിളിച്ചു…വിളി കേട്ടെങ്കിലും അവളുടെ കാലുകൾ അനങ്ങിയില്ല…ഒരു കൂട്ടം ചങ്ങലകൾ കൊണ്ടു കാലുകൾ ബന്ധിച്ച പോലെയാണ് അവൾക്ക് തോന്നിയത്…

“മായെ.”.. ആ ശബ്ദം ശേഖരൻ മുതലാളിയിടേതായിരുന്നു…അതുകേട്ട് അവൾ അച്ഛന്റടുത്തേക്ക് പതുക്കെ നടന്നു…

“നീ ഇവനെ അറിയോ…”

അവൾ തലയാട്ടി…അവളുടെ കണ്ണുകൾ നിറഞ്ഞു.

“ഇവൻ നിന്നെ പെണ്ണ് ചോദിച്ചു വന്നതാണ്…നീ പറഞ്ഞിട്ടാണ് വന്നതെങ്കിൽ നിനക്കു അവന്റെ കൂടെ പോകാം…ഞാൻ നിന്നെ തടയില്ല”…

അച്ഛന്റെ വാക്കുകൾ അവൾക്കൊരു അത്ഭുതമായി തോന്നി ..ഇത്ര നേരം പറഞ്ഞത്പോലെയല്ല ആ വാക്കുകൾ… അതിനൊരു മയം വന്നിരിക്കുന്നു…

“പക്ഷെ…പോകുന്നതിനു മുൻപ് ഒരു കാര്യം ഓർമ്മയിൽ വെക്കണം….നീ ഇറങ്ങിയ ആ നിമിഷം നിന്റെ അമ്മയുടെ തല വെട്ടി ആ പടിക്കൽ ഞാൻ പൊതു ദർശനത്തിനു വെയ്ക്കും..എന്തിനാണെന്നറിയോ …സ്വന്തം മകൾ എന്തു ചെയ്യുന്നു..ആരോയൊക്കെ കാണുന്നു…ആരുടെ കൂടെയൊക്കെ പോകുന്നു എന്ന് നോക്കാൻ അവൾക്ക് പറ്റിയില്ല …അതിനുള്ള ശിക്ഷ ഞാൻ നിന്റെ അമ്മക്ക് നൽകും..”.

അച്ഛന്റെ വാക്കുകൾ കേട്ടു അവൾ ഞെട്ടിത്തരിച്ചു നിന്നു….ആ വാക്കുകൾക്ക് നല്ല മൂർച്ചയും, ശക്തിയുമുണ്ടായിരുന്നു….ഇതെന്റെ അച്ഛനല്ല. അവൾകരഞ്ഞുകൊണ്ട് അകത്തേക്കു പോയി…അതുകണ്ട കിരൺ ഒന്നൂടെ മായയെ വിളിച്ചു ചവിട്ടുപടിയിലേക്കു കയറി…

“അകത്തോട്ടു കേറുന്നോടാ നായിന്റെ മോനെ ” അതും പറഞ്ഞു ശേഖരൻ മുതലാളിയുടെ കാലുകൾ കിരണിന്റെ നെഞ്ചിലേക്കു ആഞ്ഞു പതിച്ചു…. അപ്രതീക്ഷമായ ആ ചവിട്ടിൽ അവൻ ദൂരേക്ക്‌തെറിച്ചു വീണു…അപ്പോഴേക്കും മഴ തിമിർത്തു പെയ്തു തുടങ്ങി….പുറമെ നിന്ന പണിക്കാർ ഇതെല്ലാം കണ്ടു നിൽക്കുന്നുണ്ടായിരുന്നു…അവൻ വീണിടത്തു നിന്നും പതുക്കെ എഴുന്നേറ്റു വീടിന്റെ ഉള്ളിലോട്ടു നോക്കി.. ഇല്ല അവളെ കാണുന്നില്ല….. അവൾ വരുന്നില്ല…ആ ചിന്ത അവന്റെ നെഞ്ചിൽ തൊട്ടു……ഇത്രയും കാലം സ്നേഹം തന്നു കൊതിപ്പിച്ചവൾ…. എന്റകൂടെയല്ലാതെ ജീവിതമില്ലന്നു പറഞ്ഞവൾ.. …അവൾ ഇനിയില്ല ..അവൻ പതുക്കെ പുറത്തേക്ക് നടന്നു…..അവൻ കരഞ്ഞു…..ഉറക്കെ…..ആ കരച്ചിൽ മഴയിൽ അലിഞ്ഞു ചേർന്നു …

***********

“നീ അച്ഛന്റെ മകൻ തന്നെ” …ഷാപ്പിലെ ബെഞ്ചിലിരുന്നു ഒറ്റയടിക്കു ഒരു കുപ്പി കള്ള് കാലിയാക്കിയ കിരണിനെ നോക്കി ലക്ഷ്മിയമ്മ പറഞ്ഞു…മായയുടെ വീട്ടിൽ നിന്നും വന്ന കിരൺ നേരെ ലക്ഷിമിയമ്മയുടെ ഷാപ്പിലേക്കാണ് വന്നത്….ആ നാട്ടിൽ ആകെ ഒരു ഷാപ്പുള്ളൂ.. അതു നടത്തുന്നത് ലക്ഷ്മിയമ്മയാണ് …അവരുടെ മകൾ ശാലിനി ടൗണിലാണ് പഠിക്കുന്നത്..

“ഒരു പെണ്ണ് പോയാൽ മാത്രം തകരുന്നതാണോ നിന്റെയൊക്കെ ജീവിതം…നീയൊക്കെ ഒരു ആണാണോ” …ലക്ഷിമിയമ്മ പുച്ഛത്തോടെ ചോദിച്ചു..

“എല്ലാ കാമുകന്മാരെ പോലെയും നീയും ജീവിതം അവസാനിച്ചു എന്നു കരുതരുത്…സ്നേഹിച്ച പെണ്ണ് കാലു മാറി… അതുകൊണ്ട് ജീവിതം തീർന്നു എന്നു ചിന്തിക്കുന്ന നിന്നെ പോലെയുള്ളവർ മണ്ടന്മാരാണ് … അവൾ നിന്റെ കൂടെ ജീവിക്കണമെന്നു ആഗ്രഹിച്ചിരുന്നു…വരാൻ അവൾ തയ്യാറുമായിരുന്നു… അല്ലേ..”.. അവർ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു….

അവൻ യാത്രികമായി തലയാട്ടി…

“പക്ഷെ എന്തുകൊണ്ട്‌വന്നില്ല…അതു മാത്രം നീ ചിന്തിക്കുന്നില്ല…അവളുടെ അവസ്ഥ നീ ആലോചിച്ചു നോക്കിയോ…സ്വന്തം അമ്മയുടെ മരണത്തിന് വിട്ടുകൊടുത്തു അവൾ നിന്റെ കൂടെ വരണമെന്നാണോ നീ ആഗ്രഹിക്കുന്നത്….അങ്ങനെ അവൾ വന്നാൽ ജീവിത കാലം മുഴുവനും അവൾക്ക് സമാധാനം കിട്ടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…നിനക്കും സമാധാനത്തോടെ ജീവിക്കാൻ പറ്റുമോ” …

അവരുടെ വാക്കുകൾക്ക് മറുപടി പറയാതെ അവൻ മുഖം കുനിച്ചിരുന്നു….

“ശേഖരൻ മുതലാളി ചെയ്യുമെന്ന് പറഞ്ഞാൽ അതു ചെയ്തിരിക്കും…കാരണം അയാളെ എനിക്കറിയുന്ന പോലെ വേറെ ആർക്കുമറിയില്ല”…ലക്ഷ്മിയമ്മ പുറത്തേക്കു നോക്കിക്കൊണ്ടു പറഞ്ഞു…

“അതല്ല കുടിച്ചു ജീവിതം നശിപ്പിക്കാൻ ആണെങ്കിൽ നിനക്കു കുടിക്കാം…അല്ലങ്കിൽ വേറൊരു പെണ്ണിനെയും കെട്ടി…കിട്ടാൻ പോകുന്ന ജോലിയും ചെയ്തു പാവം നിന്റെ അമ്മയെയും നോക്കി ജീവിതം തുടരാം… എല്ലാം നിന്റെ ഇഷ്ട്ടം.”..അവർ അതും പറഞ്ഞു എഴുന്നേറ്റു…

നാളുകൾക്കു ശേഷം ലക്ഷ്മിയമ്മയുടെ മകൾ ശാലിനിയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ കിരൺ സന്തോഷവാനായിരുന്നു ….സ്നേഹിച്ച പെണ്ണ് ചതിച്ചിട്ടില്ലന്നു അവനു പൂർണ്ണ ബോധ്യണ്ടായിരുന്നു …അല്ലെങ്കിലും ജീവിതം അങ്ങനെയാണല്ലോ ….ആഗ്രഹിക്കുന്നത് ഒരിക്കലും കിട്ടില്ലല്ലോ…

പാടത്തിന്റെ നടുവിലൂടെയുള്ള ചെമ്മൺ പാതയിലൂടെ ശാലിനിയുടെ കയ്യും പിടിച്ചു കിരൺ കല്യാണ ചെക്കനായി നടക്കുമ്പോൾ അവരുടെ ഇടയിലൂടെ ഒരു കാർ കടന്നു പോയിരുന്നു…അതിൽ മായ അവളുടെ ഭർത്താവിന്റെ കൂടെ വിദേശത്തേക്ക് പോവുകയായിരുന്നു ….കാറിലിരുന്ന് അവൾ കണ്ടു കിരണിനെ….അവന്റെ ചുണ്ടിലെ പുഞ്ചിരിയെ …അതുമതിയായിരുന്നു അവളുടെ പുതിയ ജീവിതത്തിന്….അവനും കണ്ടിരുന്നു ചുണ്ടിൽ പുഞ്ചിരിയും കണ്ണിൽ നനവുമായി മായയെ..രണ്ടു കണ്ണുകളും ഒരു നിമിഷം ഉടക്കി…എല്ലാ പരിഭവങ്ങളും അതിൽ അലിഞ്ഞു ചേർന്നു…

രണ്ടാളും ഒരു തിരിച്ചറിവിന്റെ പാതയിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകട്ടെ…