പാർവ്വതീ പരിണയം ~ രചന: Fathima Ali
“വിഷ്ണുവേട്ടാ..ഞാൻ…”
“നിർത്തു പാറൂ….തന്നോട് എത്ര തവണ ഞാൻ പറഞ്ഞതാ എന്നെ അങ്ങനെ വിളിക്കരുതെന്ന്…”
വിഷ്ണുവിന്റെ മുഖത്ത് പാർവ്വതിയെ ചുട്ടെരിക്കാൻ മാത്രം ദേഷ്യമുണ്ടായിരുന്നു…
“ഒരിക്കലെങ്കിലും എന്റെ ഇഷ്ടം ഒന്ന് മനസ്സിലാക്കാൻ ശ്രമിച്ചൂടേ…”
കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ ഉള്ള പാറുവിന്റെ ചോദ്യത്തെ അവൻ കണ്ടില്ലെന്ന് നടിച്ച് പോവാനൊരുങ്ങി…
“ഒരു നിമിഷം…ഒരൊറ്റ കാര്യം മാത്രം അറിഞ്ഞാൽ മതി എനിക്ക്…”
വഴിയിലൂടെ നടന്ന് പോവാനൊരുങ്ങിയ വിഷ്ണുവിന്റെ മുന്നിൽ തടസ്സമായി പാറു നിന്നു…
“മ്മ്…എന്താ ചോദിക്കാനുള്ളത് എന്ന് വെച്ചാൽ ചോദിക്ക്…?”
അവന്റെ മുഖത്തെ അസ്വസ്ഥത പാറുവിനെ കുത്തി നോവിച്ചു…
“എന്നെ…എന്നെ ഇഷ്ടല്ല എന്ന് പറഞ്ഞതിനുള്ള കാരണം…എന്താണെന്ന് ഒന്ന് പറയുമോ..?”
വിതുമ്പുന്ന ചുണ്ടുകളോടെ അവൾ ചോദിച്ചതും വിഷ്ണു പുച്ഛത്താൽ ചിരിച്ചു…
“നിന്നെ ഇഷ്ടപ്പെടാൻ മാത്രം എന്താ നിനക്ക് ഉള്ളത് എന്നൊന്ന് പറ…”
മാറിൽ കൈ പിണച്ച് പരിഹിസത്തോടെ തന്നെ നോക്കുന്ന വിഷ്ണുവിന് മുന്നിൽ അവൾ തല കുനിച്ച് നിന്നു…
“നോക്ക് പാറൂ…എന്റെ സങ്കൽപ്പത്തിലുള്ള ഒരു പെണ്ണേ അല്ല നീ…ഈ നാട്ടിൻ പുറത്ത് ജീവിച്ച നിനക്ക് എന്റെ കൾച്ചറുമായി ഒരിക്കലും ഒത്തു പോവാൻ പറ്റില്ല…പിന്നെ ഈ നിന്റെ വേഷവും യക്ഷിയുടെ പോലുള്ള മുടിയും ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് മോങ്ങുന്ന നിന്റെ സ്വഭാവവും…ഒന്നും ഒന്നും എനിക്ക് ഇഷ്ടമല്ല…എന്റെ ഭാര്യക്ക് വേണ്ടുന്ന ഒരു ഗുണവും നിനക്ക് ഉള്ളതായിട്ട് ഞാൻ കാണുന്നില്ല…അതുമല്ല നിന്നെ പോലുള്ള ഒട്ടും കൾച്ചറില്ലാത്ത പെൺകുട്ടികളെ ഒക്കെ എന്നെപ്പോലെ ജോലിയും സൗന്ദര്യവുമുള്ള ആണുങ്ങൾ നോക്കുമോ…?അത് കൊണ്ട് നീ ഈ ഗ്രാമത്തിലുള്ള വല്ല കൂലിപ്പണിക്കാരനെയോ മറ്റോ സ്വപ്നം കാണ്…”
പാറുവിന്റെ മുഖത്ത് നോക്കി കൂസലില്ലാതെ പറഞ്ഞ് പോവുന്ന വിഷ്ണുവിനെ കാണെ പാറു വാ പൊത്തിക്കൊണ്ട് കരഞ്ഞ് വീട്ടിലേക്ക് ഓടി…വീടിന് മുന്നിൽ ആധിയോടെ നിൽക്കുന്ന ശേഖരനെയും അംബികയെയും കണ്ട് പാറു കണ്ണ് തുടച്ചു..മുഖം കുനിച്ച് കൊണ്ട് വീട്ടിലേക്ക് വരുന്ന മകളെ കണ്ട് അവർ വേദനയോടെ പരസ്പരം നോക്കി…
“പാറൂട്ടീ….”
ആരെയും നോക്കാതെ അകത്തേക്ക് പോവാൻ തുടങ്ങിയ പാറു ശേഖരന്റെ വിളിയിൽ അവിടെ നിന്ന് പോയി…
“മോളേ…”
പിന്നെ അവൾക്ക് പിടിച്ച് നിൽക്കാൻ പറ്റിയില്ല…പൊട്ടിക്കരച്ചിലോടെ അവൾ ശേഖരന്റെ നെഞ്ചിലേക്ക് വീണു..
“അച്ഛന്റെ കുട്ടി കരയല്ലേ…”
പാറുവിന്റെ ഏങ്ങിയുള്ള കരച്ചിൽ ശേഖരന്റെ കണ്ണിനെയും നനയിച്ചു…കുറേ സമയം അയാളുടെ നെഞ്ചിൽ അങ്ങനെ കിടന്ന് അവളുടെ ഭാരം ഇറക്കി വെച്ചു…പിന്നെ കണ്ണുകൾ തുടച്ച് അമ്മയെയും അച്ഛനെയും നോക്കി ചിരിക്കാൻ ശ്രമിച്ചു…
“പാറൂ…”
“ഇല്ല അച്ഛാ…ഇനി അച്ഛന്റെ പാറൂ ഈ ഒരു കാര്യത്തിന് കണ്ണുനീർ ഒഴുക്കില്ല…”
അവളുടെ മുഖത്തെ ഉറപ്പ് മതിയായിരുന്നു ശേഖരന്…
“വാ മോളേ…വന്ന് എന്തെങ്കിലും കഴിക്ക്…”
“നിക്ക് വിശപ്പില്ല അമ്മേ…ഞാൻ കുറച്ച് നേരം ഒന്ന് കിടക്കട്ടേ..”
അവരുടെ മറുപടി കേൾക്കാൻ നിൽക്കാതെ പാറു വേഗം മുറിയിലേക്ക് പോയി…
വാതിലടച്ച് നേരെ ബെഡിലേക്ക് കമഴ്ന്ന് വീണു…
———————–
പാർവതി മേലേടത്ത് ശേഖരന്റയും ഭാര്യ അംബികയുടെയും ഏക മകൾ…കിലുങ്ങുന്ന പാദസാരം പോലെ പൂവിനോടും പുൽച്ചാടിയോടും വരെ കിന്നാരം പറയുന്ന ഒരു കൊച്ച് കുറുമ്പി…ഡിഗ്രിക്ക് പഠിക്കുവാണെങ്കിലും കുസൃതിക്കൊന്നും ഒരു കുറവും ഇല്ല…കുഞ്ഞ് കുട്ടികളോട് കൂട്ട് കൂടി പാടത്തും പറമ്പിലും കുറുമ്പ് കാണിച്ച് നടക്കലാണ് പ്രധാന പരിപാടി…
ഒരിക്കൽ ക്ലാസ് കഴിഞ്ഞ് കുട്ടികളോടൊപ്പം കളിക്കാൻ പോയി തിരിച്ചെത്താൽ അൽപം വൈകി…അച്ഛൻ വഴക്ക് പറഞ്ഞാലോ എന്ന് കരുതി മതില് ചാടി പിന്നാമ്പുറത്ത് കൂടെ ആണ് വീട്ടിലേക്ക് കയറിയത്…അടുക്കളയിലൊന്നും ആരെയും കാണാഞ്ഞത് കൊണ്ട് ഓടി റൂമിലേക്ക് കയറാൻ നോക്കുമ്പോഴാണ് ആരെയോ ശക്തിയിൽ ഇടച്ചത്…ബാലൻസ് കിട്ടാതെ അവളും അയാളും നിലത്തേക്ക് വീണു..
മുറുക്കെ അടച്ച കണ്ണുകൾ തുറന്ന് നോക്കിയപ്പോൾ കണ്ടത് തിളങ്ങുന്ന കറുപ്പ് നിറമുള്ള കൃഷ്ണമണികളാണ്…കുറച്ച് സമയം അങ്ങനെ കിടന്നെങ്കിലും പെട്ടന്ന് ഒരു അലർച്ച കേട്ട് ഞെട്ടി പിടഞ്ഞ് എഴുന്നേറ്റു…ശബ്ദം കേട്ട് ഉമ്മറത്ത് നിന്നും അച്ഛനും അമ്മയോടുമൊപ്പം ഒരു സ്ത്രീയും പുരുഷനും അങ്ങോട്ട് വന്നു…
ആരുടെ മുഖത്തും നോക്കാതെ ചമ്മി മുഖം കുനിച്ച് നിന്ന പാറുവിനെ വിളിച്ച് അവർക്കായി പരിചയപ്പെടുത്തി കൊടുത്തു…അവരെ നോക്കി ചിരിച്ചെങ്കിലും കണ്ണുകൾ പാഞ്ഞ് ചെല്ലുന്നത് ആ കണ്ണുകളിലേക്കാണ്…അയാളാണെങ്കിൽ മുഖത്ത് ഗൗരവവും അണിഞ്ഞ് എങ്ങോട്ടോ നോക്കി ഇരിക്കുന്നു…അവരൊക്കെ യാത്ര പറഞ്ഞ് പോയതും അച്ഛനോട് അവർ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിൽ വിവരങ്ങൾ ചോദിച്ചു…
അച്ഛന്റെ ഒരു പഴയ സുഹൃത്ത് ആണ്..രാമഭദ്രൻ..അവർ കുടുംബത്തോടെ ബാംഗ്ലൂർ ആയിരുന്നു താമസിച്ചിരുന്നത്…അവിടുന്ന് നാട്ടിൽ വന്ന് ടൗണിൽ ഒരു വീട് ഉണ്ടാക്കുന്നുണ്ട്…അത് വരെ തിരമസിക്കാൻ ഒരു വീടും അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് അച്ഛനെ കണ്ടത്…അടുത്തുള്ള വാടകക്ക് വെച്ച വീട് കാണിച്ച് കൊടുക്കാൻ വേണ്ടി കൊണ്ട് വന്നതാണ് അവരെ…ഭാര്യയും മകനും ആണ് കൂടെ…മകന്റെ പേര് വിഷ്ണു ഏതോ വലിയ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനാണ്..
വിവരങ്ങളൊക്കെ അറിഞ്ഞ് സ്വന്തം റൂമിലേക്ക് ചെന്ന പാറുവിനാകെ വീർപ്പ്മുട്ടലുണ്ടായി…ആ കുറഞ്ഞ സമയം കൊണ്ട് തന്നെ വിഷ്ണുവിന്റെ മഖം അവളുടെ മനസ്സിൽ അത്രയേറെ ആഴത്തിൽ സ്പർശിച്ചിരുന്നു…
രാമനും കുടുംബവും രണ്ട് ദിവസത്തിനുള്ളിൽ വാടക വീട്ടിലേക്ക് താമസം മാറി…അത് അറിഞ്ഞതും പാറു ദിവസവും ആ വീട്ടിലെ സന്ദർശകയായി മാറി….അതിന് പ്രധാന കാരണം വിഷ്ണു ആയിരുന്നു…പക്ഷേ അന്ന് കണ്ടതിന് ശേഷം പിന്നെ അവൾക്ക് അവനെ കാണാൻ സാധിച്ചിരുന്നില്ല…
ജോലി ചെയ്യുന്ന ഇടത്ത് തന്നെ ഒരു വില്ലയിൽ അവനും ഫ്രണ്ട്സും താമസിക്കുകയാണെന്ന് വിഷ്ണുവിന്റെ അമ്മ വഴി അവൾ അറിഞ്ഞു…ഒഴിവ് ദിവസങ്ങളിൽ മാത്രം ഇടക്ക് വീട്ടിലേക്ക് വരുമെന്നാണ് അവൻ പോവുമ്പോൾ അവരോട് പറഞ്ഞത്…അങ്ങനെ വല്ലപ്പോഴുമുള്ള കൂടിക്കാഴ്ചകൾ മാത്രമായിരുന്നു അവർ തമ്മിലുണ്ടായാരുന്നത്….
ഒരിക്കൽ യാദൃശ്ശികമായി ശേഖരനും അംബികയും തമ്മിൽ സംസാരിക്കുന്നത് പാർവതി കേൾക്കാനിടയായി…
“അംബി…പാറൂനെ വിഷ്ണൂ ന് കൊടുക്കാൻ പറ്റുമോ എന്ന് രാമൻ ഇന്ന് എന്നോട് ചോദിച്ചു…?”
“എന്നിട്ട് ഏട്ടൻ എന്താ പറഞ്ഞത്..?”
“ഞാൻ ഒന്നും പറഞ്ഞിട്ടില്ല…മോളോട് ചോദിക്കണ്ടേ…അവളുടെ ഇഷ്ടവും നോക്കാതെ എങ്ങനെയാ.”
“അത് ശരിയാ ഏട്ടാ…”
“ആ..സമയം ഉണ്ടല്ലോ…നമുക്ക് നോക്കാം…”
അവരുടെ സംസാരം കേട്ടത് മുതൽ പാറു നിലത്തൊന്നുമല്ലായിരുന്നു…എന്നാൽ വിഷ്ണുവിന്റെ ഭാഗത്ത് നിന്നും ഇതുവരെ അവൾക്ക് നേരെ ഒരു നോട്ടം പോലും വരാത്തതിൽ പാറുവിന് അതിയായ വിഷമം ഉണ്ടായി…അവസാനം അവൾ വിഷ്ണുവിനോട് തന്റെ ഇഷ്ടം പറയാൻ തീരുമാനിച്ചു…എന്നാൽ അനുകൂലമായിട്ടുള്ള മറുപടി അവനിൽ നിന്നും ലഭിച്ചില്ല…എങ്കിലും അവൾ പ്രതീക്ഷ കൈവെടിയാതെ അവനെ സ്നേഹിച്ചു…
പാറുവിന്റെ പ്രതീക്ഷകളെ തകർത്ത് കൊണ്ടാണ് വിഷ്ണുവിന്റെ നിശ്ചയം അറിയിക്കാൻ രാമനും ഭാര്യയും വന്നത്…കൂടാതെ അവർ പുതിയ വീട്ടിലേക്ക് മാറുന്ന കാര്യവും പറഞ്ഞു…അവർ പോയതും നിയന്ത്രണം വിട്ട് കരഞ്ഞ പാറുവിന് അച്ഛനോടും അമ്മയോടും അവളുടെ മനസ്സിലുള്ള ഇഷ്ടത്തെ കുറിച്ച് പറയേണ്ടതായി വന്നു…ശേഖരൻ രാമനോട്സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും വിഷ്ണവിന്റെ തീരുമാനം അറിഞ്ഞിട്ട് മതി എന്ന് പറഞ്ഞ് വിഷ്ണുവിനെ കാത്ത് നിന്നതായിരുന്ന അവൾ…
——————
“പാറൂട്ടീ…വാ മോളേ.വന്ന് എന്തെങ്കിലുമൊന്ന് കഴിക്ക് എന്റെ കുട്ടി…”
ഇനിയും കരഞ്ഞാൽ അച്ഛനും അമ്മക്കും സഹിക്കാൻ പറ്റില്ലെന്ന് അറിയാവുന്ന അവൾ കണ്ണ് തുടച്ച് ടേബിളിനടുത്തേക്ക് ചെന്നു..സാധാരണ ബഹളം നിറഞ്ഞ് നിന്നിരുന്ന അവിടം മൂകമായത് ശേഖരനെയും അംബികയെയും തളർത്തി…
പിറ്റേന്ന് തന്നെ രാമനും ഭാര്യയും പോവുന്നത് പറയാൻ വന്നെരുന്നു…കൂടെ നിശ്ചയത്തിന് ക്ഷണിച്ചു…വിഷ്ണു പോവുന്നതും നോക്കി നിന്ന പാറുവിന് ഒരിക്കലെങ്കിലും അവൻ തന്നെ ഒന്ന് നോക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു…പക്ഷേ അവന്റെ ഒരു നോട്ടം പോലും അവളിലേക്ക് വീണിരുന്നില്ല…
ഒരാഴ്ച കഴിഞ്ഞ് ടൗണിലെ ആഢംബരപൂർണ്ണമായ ഓഡിറ്റോറിയത്തിലേക്ക് വിഷ്ണുവിന്റെ നിശ്ചയത്തിന് പാറുവും പോയി…..വിഷ്ണുവിന്റെ സങ്കൽപ്പത്തിലെ പോലെ ഒരു പെൺകുട്ടിയെ അവൻ മോതിരമണിയിക്കുന്നത് നിറഞ്ഞ കണ്ണുകളോടെ അവൾ നോക്കി കണ്ടു….
————————
ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു…അന്ന് കണ്ടതിൽ പിന്നെ വിഷ്ണുവിനെയോ രാമനെയോ അവർ ആരും കണ്ടില്ല…
ഒരു വർഷത്തിന് ശേഷം…
കുളി കഴിഞ്ഞ് മുടി തുവർത്തിക്കൊണ്ടിരിക്കേ ആണ് പാറുവിനെ അംബിക വന്ന് വിളിച്ചത്…അവൾ എന്താ കാര്യമെന്ന് ചോദിച്ചെങ്കിലും അത് പറയാതെ അവളുടെ കൈയും പിടിച്ച് ഹാളിലേക്ക് നടന്നു…ഹാളിലെത്തിയതും അവിടെ സോഫയിൽ ഇരിക്കുന്ന ആളുകളെ കണ്ട് പാറു ഒരു നിമിഷം ഞെട്ടി….
എന്തോ സംസാരിച്ച് മുഖം ഉയർത്തിയ വിഷ്ണു ഞെട്ടി നിൽക്കുന്ന പാർവതിയെ കണ്ടു..അന്ന് ആദ്യമായി അവളെ ഇമവെട്ടാതെ നോക്കന്ന വിഷ്ണുവിന്റെ കണ്ണുകളിൽ മുൻപ് ഉണ്ടായിരുന്നതിന് പകരം തിളക്കം കാണാൻ കഴിഞ്ഞു…അവൻ പതിയെ എഴുന്നേറ്റ് പാറുവിനടുത്തേക്ക് ചെന്നു…
“പാറൂ…നിന്നെ എത്രത്തോളം വേദനിപ്പാക്കാൻ പറ്റുമോ അത്രയും ഞാൻ വേദനിപ്പിച്ചിട്ടുണ്ട്…അന്നൊന്നും നിന്റെ സ്നേഹം ഞാൻ മനസ്സിലാക്കിയില്ല…ശിൽപ…അവൾ എന്റെ സങ്കൽപ്പത്തിലുള്ള പെൺകുട്ടിയായിരുന്നു…പക്ഷേ അവൾക്കൊരിക്കലും എന്നെ ആയിരുന്നില്ല എന്റെ പണത്തിനെ ആയിരുന്നു ആവശ്യം..അത് ഞാൻ മനസ്സിലാക്കാൻ വൈകി….”
പാറു തന്റെ ചുറ്റും നടക്കുന്നത് എന്താണെന്ന് മനസ്സിലാവാതെ തരിച്ച് നിൽപ്പാണ്…അംബിക അവളുടെ അടുത്ത് ചെന്ന് ഒരു വർഷത്തിന് ശേഷം നടത്താനിരുന്ന വിഷ്ണുവിന്റെ വിവാഹം ആ കുട്ടിക്ക് മറ്റൊരുത്തനുമായി ബന്ധം ഉണ്ടെന്ന് അറിഞ്ഞതിനാൽ മുടങ്ങി എന്നും ഇപ്പോൾ അവർ പാറുവിനെ വിവാഹം ആലോചിച്ച് വന്നതാണെന്നും പറഞ്ഞു…അതുവരെ അമ്പരപ്പായിരന്ന പാറുവിന്റെ മുഖം വിഷ്ണുവിന് നേരെ തിരിഞ്ഞു…
“ഞാൻ നാട്ടിൻപുറത്ത് ജീവിച്ചവളാണ്..എന്റെ കൾച്ചർ നിങ്ങളുടെതുമായി ഒത്തുപോയെന്ന് വരില്ല…”
പാറുവിന്റെ വാക്കുകൾ കേട്ട് വിഷ്ണു ഞെട്ടലോടെ അവളെ നോക്കി…
“പാറൂ…പ്ലീസ്…ഞാൻ പറഞ്ഞതൊക്കെ ഇപ്പോഴും നോവായി നിന്റെ ഉള്ളിൽ ഉണ്ടാവുമെന്ന് കരുതിയില്ല…ക്ഷമിച്ചൂടെ എന്നോട്….വന്നൂടെ എന്റെ കൂടെ…എന്റെ ഭാര്യ ആയി…പ്ലീസ്…”
“മറുപടി ഞാൻ പറഞ്ഞാൽ മതിയോ…?”
പരിചയമില്ലാത്ത ഒരു സ്വരം പിന്നിൽ നിന്നും ഉയർന്നത് കേട്ട വിഷ്ണു തല ചെരിച്ച് നോക്കി…പാറുവിന്റെ റൂമിന് മുന്നിൽ വാതിൽ പടിയിൽ ചാരി നിൽക്കന്ന സുമുഖനായ ചെറപ്പക്കാരനെ കണ്ട് വിഷ്ണുവും കുടുംബവും സംശയത്തോടെ നോക്കി…ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയോടെ ആ ചെറുപ്പക്കാരൻ പാറുവിന്റെ അടുത്തെത്തി അവളുടെ ഇടുപ്പിലൂടെ കൈയിട്ട് തന്റെ ദേഹത്തേക്ക് അമർത്തി…
“എന്റെ ഭാര്യയെ വിവാഹം കഴിക്കാൻ എന്റെ സമ്മതം കൂടെ വേണ്ടേ വിഷ്ണൂ….”
പാറുവിന്റെ സാരിക്കുള്ളിൽ ഒളിഞ്ഞ് കിടക്കുന്ന ആലിലത്താലി ചൂണ്ടുവിരലാൽ പുറത്തേക്കെടുത്ത് അവൻ പറഞ്ഞത് കേട്ട് വിഷ്ണു മുഖത്ത് അടി കിട്ടിയത് പോലെ നിന്നു…
“പാറു…മോൾ…കല്യാണം കഴിഞ്ഞത് ഞങ്ങൾ അറിഞ്ഞില്ല…”
രാമൻ ശേഖരനോട് പറഞ്ഞതും അയാൾ ചിരിച്ചു…
“എന്റെ ഒരു ബന്ധു മരണപ്പെട്ടത് കൊണ്ട് ചടങ്ങുകളൊക്കെ ലളിതമായിരുന്നു….
അതാ പിന്നെ ആരെയും കാര്യമായി ക്ഷണിക്കാഞ്ഞത്…നാല് മാസം ആയി കഴിഞ്ഞിട്ട്…പിന്നെ നിങ്ങൾ വന്നത് ഈ ഒരു കാര്യത്തിനാണെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ….”
വിഷ്ണു പതർച്ചയോടെ അവരെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു…
“എ..എന്താ പേര്…?”
“മഹാദേവൻ…”
ദേവൻ പുഞ്ചിരിയോടെ അവന് മറുപടി കൊടുത്തു…
“എന്താ വർക്ക് ചെയ്യുന്നത്…?”
രാമന്റെതായിരുന്നു ചോദ്യം….
“മഹി കാർഡിയോളജിസ്റ്റ് ആണ്…”
“ഓഹ്…”
“എന്നാ പിന്നെ നമുക്ക് അങ്ങ് ഇറങ്ങിയാലോ…?”
“അയ്യോ രാമാ ഒന്നും കഴിക്കാതെ…”
രാമൻ സെറ്റിയിൽ നിന്ന് എഴുന്നേറ്റത് കണ്ട് ശേഖരന് വിഷമം ആയി…
“സാരമില്ലെടാ..പിന്നെ ഒരിക്കൽ ആവാം…പോട്ടേ മോളേ…”
രാമൻ നിറഞ്ഞ മനസ്സോടെ പാറുവിനെയും ദേവനെയും അനുഗ്രഹിച്ച് ഇറങ്ങി…
“പാറൂ….ഈ ജന്മം നിന്നെ സ്വന്തമാക്കാൻ കഴിഞ്ഞില്ല…പക്ഷേ…”
വിഷ്ണുവിനെ മുഴുവനാക്കാൻ സമ്മതിക്കാതെ പാറു വിലക്കി…
“ഈ ജന്മം എന്നല്ല ഇനി വരാനുള്ള ജന്മമങ്ങളിലും പാർവതി മാഹാദേവന്റെത് മാത്രം ആയിരിക്കും…”
രാമനോട് സംസാരിച്ച് നിൽക്കുന്ന ദേവന് നേരെ കണ്ണുകളയച്ച് അവൾ മൊഴിഞ്ഞു…വെറുതെ അവൾക്ക് നേരെ ഒരു ചിരി സമ്മാനിച്ച് വിഷ്ണു കാറിലേക്ക് കയറി…പോവുന്നതിനിടക്ക് സൈഡ് മിററിലൂടെ നോക്കിയ വിഷ്ണു പാറുവിന്റെ കവിളിൽ അമർത്തി ചുംബിക്കുന്ന ദേവനെ കണ്ടതും അവന്റെ കണ്ണുകളിൽ നീർകണങ്ങൾ അണപൊട്ടി…
അവന്റെ ആ കണ്ണുനീർ തിരിച്ചറിവിന്റെതായിരുന്നു…ചിലത് നഷ്ടപ്പെടുത്തി കളഞ്ഞാൽ പിന്നീടൊരിക്കലും തിരികെ കിട്ടില്ലെന്നതിനെ കുറച്ചുള്ള തിരിച്ചറിവ്…
അവസാനിച്ചു