രചന: അശ്വതി ശേഖർ
പൊത്തിപ്പിടിച്ച വയറുമായി കരഞ്ഞുകൊണ്ട് ഓടിവരുന്ന മാളുവിനെ കണ്ടപ്പോൾ നീതുവിന്റെ മനസ്സിൽ ഒരേസമയം ഒരമ്മയുടെ സന്തോഷവും അതേ സമയം ഇനിയങ്ങോട്ട് വര്ഷങ്ങളോളം മാസം തോറും അവളാനുഭവിക്കേണ്ട വേദനയും ചുറ്റുമുണ്ടാകുന്ന കഴുകൻകണ്ണുകളിൽ നിന്നും അവളെ സംരക്ഷിക്കണ മെന്നുള്ളതും നീതുവിനെ ഭയപ്പെടുത്തി.
മകളെ നെഞ്ചോടുചേർത്ത് നെറ്റിയിൽ ചുംബിക്കുമ്പോൾ ഓർമകൾ വർഷങ്ങൾ പിറകിലോട്ട് പോയി.
ചെറുപ്പത്തിലേ അച്ഛനുപേക്ഷിച്ചു പോയ അവളെ അവളുടെ അമ്മ നിധികാക്കുന്ന ഭൂതാതെപ്പോലെയാണ് സംരക്ഷിച്ചത്. തയ്ച്ചും കോഴിവളർത്തിയും ആടുവളർത്തിയുമൊക്കെയാണ് അവർ ജീവിച്ചിരുന്നത്. വയസറിയിച്ചതുമുതൽ പുറത്തു കളിക്കാനോ ഒറ്റക്കോരിടത്തും പോകാനോ അമ്മ സമ്മതിച്ചില്ല.
ഒരുദിവസം നോട്ടെഴുതി തീർന്നപ്പോൾ വരാൻ വൈകിയതിനു അമ്മ എന്നെ കൊന്നില്ലന്നേയുള്ളൂ. എനിക്ക് പതിനെട്ടു വയസായപ്പോളാണ് അമ്മയെ കാൻസർ കാർന്നുതിന്നാൻ തുടങ്ങിയത്. അപ്പോഴും അമ്മയുടെ ആധി എന്നെക്കുറിച്ചായിരുന്നു. അങ്ങനെയാണ് അപ്പച്ചിയുടെ മകനായ ഹരിയേട്ടനെക്കൊണ്ട് എന്നെ വിവാഹം കഴിപ്പിച്ചത്.
മദ്യപിക്കുമെങ്കിലും സ്നേഹമുള്ളവനായിരുന്നു ഹരിയേട്ടൻ. അപ്പച്ചിയും മാമനും അവരുടെ സ്വന്തം മോളായിത്തന്നെ എന്നെ കണ്ടു. മാളുവിനെ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ കാൻസറിന്റ വേദനയിലും അമ്മയുടെ മുഖത്തുണ്ടായ സന്തോഷം കാണണമായിരുന്നു.
രോഗംമൂർച്ഛിച്ചു അമ്മ മരിക്കുമ്പോൾ എനിക്ക് മാസം നാലായിരുന്നു. ആ വിഷമത്തിൽ തളരാതെ ഞാൻ പിടിച്ചുനിന്നത് അവരുടെ സ്നേഹം കൊണ്ടാണ്. ഒരു ഗർഭിണിക്കുവേണ്ട എല്ലാ പരിചരണവും അമ്മയുടെ സ്ഥാനത്തുനിന്ന് അപ്പച്ചി നോക്കി. അതുകൊണ്ട് തന്നെ അമ്മയില്ലാത്ത ദുഃഖം ഒരുപരിധി വരെ ഞാൻ അറിഞ്ഞില്ല.
മോള് ജനിച്ചതോടെ അവളുടെ കളിചിരികൾ ഹരിയേട്ടന്റെ മദ്യപാനത്തേയും ഇല്ലാതാക്കി. ഇന്നവൾ ഒരു മുതിർന്ന പെണ്ണായിരിക്കുന്നു. അവളുടെ കലപിലശബ്ദവും കൊഞ്ചലും ഇന്നും മാറീട്ടില്ല.
“എന്താ മോളെ എന്തുപറ്റി”അപ്പച്ചിയുടെ വാക്കുകളാണ് എന്നെ സ്വായബോധത്തിലേക്കു കൊണ്ടുവന്നത്.
” അത് അപ്പച്ചി”എന്റെ പമ്മലും വെപ്രാളവും കണ്ടിട്ടാകണം കാര്യം മനസിലായ അപ്പച്ചി മോളെ നോക്കി ചിരിച്ചിട്ട് “മോളു വാ അച്ഛമ്മ പറയുന്നത് മോള് ശ്രദ്ധിച്ചു കേൾക്കണം, മോള് വല്യകുട്ടിയായി ഇനി മറ്റുകുട്ടികളോടൊപ്പം കളിക്കാൻ പോകരുത്, പ്രതേകിച്ചു ആൺകുട്ടികളോടൊപ്പം ശരീരംകാണിക്കുന്ന ഡ്രസ്സിടരുത്. ദേഹത്തു ആരെയും തൊടാൻ സമ്മതിക്കരുത്.,”എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.
എന്റെ അമ്മ എന്നെ കാത്തതുപോലെ ഞാനും എന്റെ മകളെ നിധിയായി സൂക്ഷിക്കണമെന്ന് മന്ത്രം പോലെ ഉരുവിട്ടുകൊണ്ടിരുന്നു