“ഏകാന്ത പഥികൻ “
രചന ~ Aneesh Divakaran
രാമൻ അതായിരുന്നു അയാളുടെ പേര്… മൂന്നു സഹോദരൻമാരിൽ രണ്ടാമൻ..മൂത്ത ആൾ രാജനും.. അവസാനത്തെ ആൾ വേലനും കല്യാണം ഒക്കെ കഴിഞ്ഞു രാജനും വേലനും അവരവരുടെ ഭാര്യമാരും, കുട്ടികളും ഒക്കെ ആയി സുഖ ജീവിതം.
രാമൻ നമ്മുടെ കഥാനായകൻ കല്യാണം കഴിച്ചില്ല… നല്ല വണ്ണം വരക്കാൻ തനിക്കു കഴിയും എന്ന് രാമൻ സ്വയം മനസ്സിലാക്കിയത് പണക്കാരി ആയ അയാളുടെ കാമുകിയെ ചിത്രത്തിലേക്കു പകർത്തിയപ്പോൾ മാത്രം…ജീവനുണ്ട് എന്ന് തോന്നിപ്പിക്കും വിധം ഉള്ള തന്റെ പ്രിയപ്പെട്ടവളുടെ ചിത്രം കണ്ട്, ആ ചിത്രം തന്റെ നെഞ്ചിൽ അമർത്തി അയാൾ അമ്പലത്തിന്റെ ആൽത്തറയിൽ നിന്ന് പൊട്ടിച്ചിരിച്ചു…ഇത് തന്റെ പ്രിയപ്പെട്ടവളെ കാണിക്കുമ്പോൾ അവൾ ഓടിവന്നു തന്നെ കെട്ടിപിടിക്കാതിരിക്കില്ല… സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ അയാൾ ആ കണ്ണിലൂടെ കണ്ടു.. വരനോടൊപ്പം ചുറ്റമ്പലം പ്രദിക്ഷണം വയ്ക്കുന്ന അയാളുടെ കാമുകിയെ….അന്ന് അയാൾ കരഞ്ഞില്ല… മനസ്സ് മരവിച്ചു പോയ ആൾക്ക് എന്ത് കരച്ചിൽ…
താമസിയാതെ ആൽത്തറയിൽ ആയി രാമന്റെ സ്ഥിരവാസം…പിന്നീട് കാലം മുന്നോട്ടു പോയ്കൊണ്ടിരിക്കെ എപ്പോഴോക്കെയോ മുഷിഞ്ഞു നാറിയ കാവി ഷർട്ടും മുണ്ടും ഉടുത്തു…താടിയും മുടിയും നീട്ടി വളർത്തിയ അയാൾ ഇടയ്ക്ക് സഹോദരൻമാരുടെ വീട്ടിൽ ഭക്ഷണം തേടി എത്തുമായിരുന്നു..സഹോദരൻമാരുടെ ഭാര്യമാർ മനഃപൂർവം ഭക്ഷണം കൊടുക്കാറില്ല…എന്തൊക്കെയോ ആലോചനയിൽ മുഴുകി മുറി ബീഡിയും നീട്ടി വലിച്ചു ഭക്ഷണം ലഭിച്ചിട്ടില്ല എന്നറിയാതെ അയാൾ മുന്നിലെ ചാരു കസേരയിൽ സന്ധ്യ ആവോളം ഉണ്ടാകും… പിന്നെ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടക്കും..അതായിരുന്നു രാമൻ .ഒരിക്കലും രാമന്റെ മനസ്സിലെ കടലിരുമ്പൽ ആരും അറിഞ്ഞില്ല.. അന്നൊരിക്കൽ പതിവ് പോലെ ഭക്ഷണം ലഭിക്കാതെ പുറത്തേക്കു നടന്നു പോയ രാമൻ ഇരുന്നിരുന്ന ചാരു കസേരയിൽ കിടന്നു ഒരു എഴുത്ത് സഹോദരന്റെ ഭാര്യക്കു അടുത്ത ദിവസം കിട്ടി…. എന്റെ ഏതെങ്കിലും ഒരു സഹോദരന്റെ കൂടെ ഒരു നേരത്തെ ഭക്ഷണം അതിനായിരുന്നു ഞാൻ ഇത്രയും നാൾ കൊതിച്ചിരുന്നത്… ഭക്ഷണം കൊടുക്കരുത് ഇവിടെ സ്ഥിരതാമസം ആക്കി കളയും എന്ന് എന്റെ സഹോദരൻ മാരുടെ ഭാര്യമാർ അകത്തു നിന്ന് പറയുന്നത് തകർന്ന ഹൃദയത്തോടെ ഞാൻ കേൾക്കുന്നുണ്ടായിരുന്നു. എന്നാലും നിരാശ പെടാതെ ആ ഒരു നേരത്തെ ഭക്ഷണത്തിനായി… ഞാൻ നിങ്ങളുടെ രണ്ടു വീടിലും മാറി മാറി കയറി ഇറങ്ങി…എന്നിട്ട് സന്തോഷത്തോടെ ഈ ജീവിതത്തിൽ നിന്ന് വിട പറയാം എന്ന് ഞാൻ കരുതി….. ഇഷ്ടപെട്ടവരുടെ കൂടെ ഒരു നേരത്തെ ഭക്ഷണം പോലും നിഷേധിക്കപ്പെട്ട ഞാൻ.. ഇറങ്ങുകയാണ് ഇന്ന് ഇവിടെ നിന്നും..ഇനി ആർക്കും വേണ്ടാത്ത ഈ ഗതി കെട്ടവന്റെ ഒരു തിരിച്ചു വരവില്ല .. അവസാനം ആയി… എന്റെ സഹോദരന്റെ …. രാമ ഊണു കഴിച്ചിട്ടു പോടാ എന്ന പിൻവിളി പ്രതീക്ഷിച്ചു കൊണ്ട്…ഞാൻ ഇറങ്ങട്ടെ… എനിക്കറിയാം…ഉണ്ടാവില്ലത്… ഉണ്ടാവില്ല…കാരണം ഞാൻ അത്രയും നശിച്ച ജന്മം ആയി പോയില്ലേ.. എനിക്ക് വേണ്ടി ഒരു തുള്ളി കണ്ണ് നീർ പൊഴിക്കാൻ ആരുമില്ല ഈ ലോകത്തു.. എനിക്ക് വേഗം എത്തണം എന്റെ അമ്മയുടെ മടിയിലേയ്ക്ക്. എന്നിട്ട് അമ്മയെ കെട്ടിപിടിച്ചു പൊട്ടികരയണം എനിക്ക്.. ഇത്രയും നാൾ കരയാതെ വെച്ചതൊക്കെ കരഞ്ഞു തീർക്കണം .വരട്ടെ എന്റെ പ്രിയപ്പെട്ടവരെ.
അന്ന് ആദ്യമായി സഹോദരന്റെ ഭാര്യയുടെ കണ്ണുകളിൽ രാമനെ കുറിച്ച് ആലോചിച്ചു കണ്ണ് നീർ നിറഞ്ഞു..അയാൾ അവിടെ ഉപേക്ഷിച്ചു പോയ ഭാണ്ഡകെട്ടിനുള്ളിൽ രാമന് ചിത്രം വരച്ചു കിട്ടിയ പണം എണ്ണി തീർക്കാൻ ആകാതെ സഹോദരന്റെ ഭാര്യ വിഷമിക്കുമ്പോൾ ആ ഏകാന്ത പഥികന്റെ മൃതശരീരം അൽചുവട്ടിൽ ഉറുമ്പരിച്ചു തുടങ്ങിയിരുന്നു.