അമ്മയോളം വരില്ല വേറെ ഒരു പെണ്ണും. പക്ഷേ, ഒരു പുരുഷന്റെ ജീവിതത്തിൽ ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് അമ്മയും ഭാര്യയും…

രചന: മഹാ ദേവൻ

പാവപ്പെട്ട പെണ്ണാണെന്നും പറഞ്ഞ് കേറ്റിതാമസിപ്പിക്കാൻ ഇത് സത്രമൊന്നും അല്ല.. എന്റെ വീടാ.. തന്തേ ചത്തിട്ടുള്ളൂ, തള്ളയായ ഞാൻ ഇപ്പോഴും ജീവനോടെ ഉണ്ട്. അത്‌ മറക്കണ്ട നീ. തോന്നിവാസം കാണിക്കാൻ ആണ് ഉദ്ദേശമെങ്കിൽ അതൊക്കെ പടിക്ക് പുറത്ത്. അവന്റെ ഒരു പ്രേമം. നിന്നേ പഠിപ്പിച്ചു നല്ലൊരു ജോലി വരെ എത്തിച്ചത് ഇതുപോലെ ചെറ്റകൂരയിൽ നിന്നും കെട്ടിക്കാൻ അല്ല. എന്റെ അന്തസ്സിനു ചേർന്ന ഒന്നേ ഈ വീടിന്റ പടി ചവിട്ടൂ.. അതല്ല, അമ്മയെ ധിക്കരിക്കാൻ ആണ് മോന്റെ പുറപ്പാടെങ്കിൽ….. “

ശിഖയുടെ കയ്യും പിടിച്ച് മുന്നിൽ നിൽക്കുന്ന മകന്റ മുഖത്തു നോക്കി കലിതുള്ളുന്ന തിലോത്തമയുടെ വാക്കുകൾ അവിടമാകെ വിറപ്പിക്കുമ്പോൾ അതേ അവസ്ഥയിൽ ആയിരുന്നു ശിഖയും അനന്തനും.

അമ്മയിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചതല്ല അവൻ.
സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി, അതിന് ശേഷം അമ്മയോട് അവതരിപ്പിക്കാമെന്ന് കരുതി ആരുമറിയാതെ കൊണ്ടുനടന്നതായിരുന്നു ശിഖയോടുള്ള ഇഷ്ട്ടം. ജോലി ആയിക്കഴിഞ്ഞപ്പോൾ പലപ്പോഴും എല്ലാം തുറന്നു പറയാൻ തുനിഞ്ഞതാണ്. പക്ഷേ, അപ്പോഴെല്ലാം പല കാരണങ്ങൾ കൊണ്ട് ആ ഉദ്യമം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നപ്പോൾ ഒരിക്കലും ചിന്തിച്ചതല്ല അവസാനം ഇതുപോലെ അമ്മക്ക് മുന്നിൽ ശിഖയുടെ കയ്യും പിടിച്ച് നിൽക്കേണ്ടി വരുമെന്ന്.

അച്ഛനും അമ്മയും പണ്ടേ മരിച്ച അവളെ വളർത്തിയ മുത്തശ്ശികൂടി പോയതോടെ വീട്ടിൽ തനിച്ചായിപ്പോയ പെണ്ണിനെ അങ്ങനെ ഒറ്റക്കാക്കാൻ തോന്നിയില്ല. ഒറ്റയ്ക്ക് ഒരു പെണ്ണ് താമസിക്കുമ്പോൾ ഇന്നത്തെ സമൂഹത്തിൽ അവൾ എത്രത്തോളം പേടിയോടെ വേണം എന്ന ചിന്ത മറ്റൊന്നും ആലോചിക്കാതെ അവളെ ജീവിതത്തിലേക്ക് കൈ പിടിക്കാൻ പ്രേരിപ്പിക്കുമ്പോൾ അമ്മയുടെ സമ്മതം ഒരു പ്രതീക്ഷയായിരുന്നു.

പക്ഷേ, ഇപ്പോൾ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. നിലവിൽക്കുമായി അവളെ ചേർത്തുപിടിക്കുമെന്ന പ്രതീക്ഷയുടെ ഉച്ചിയിൽ തന്നെ ആയിരുന്നു കലിതുള്ളികൊണ്ട് അമ്മ പ്രഹരമേൽപ്പിച്ചത്.

അവൻ അടുത്തു നിൽക്കുന്ന ശിഖയുടെ മുഖത്തേക്ക് നോക്കുമ്പോൾ അമ്മയുടെ ക്രൂരമായ.വാക്കുകൾ ഏല്പിച്ച അപമാനഭാരത്തിൽ ആ തല താഴ്ന്നിരുന്നു.

കണ്ണുകൾ പെയ്യുന്നത് കാൽച്ചുവട്ടിലെ നനവ് പറയുന്നുണ്ടായിരുന്നു. സ്വന്തം വീട്ടിലെ ഒറ്റമുറിയിലാണെങ്കിൽ പോലും അവൾക്കിത്ര അപമാനം സഹിക്കേണ്ടി വരില്ലായിരുന്നു എന്ന് അവനും തോന്നി.

” അമ്മേ, ആരെയും ധിക്കരിക്കാൻ വേണ്ടി ചെയ്തതല്ല ഞാൻ. ഞാനും ഇവളും പഠിക്കുന്ന കാലം മുതൽ ഇഷ്ട്ടപ്പെട്ടതാണ്. എന്റെ ജീവിതത്തിലേക്ക് ഒരാള് വരുന്നുണ്ടെങ്കിൽ അത്‌ ഇവളായിരിക്കുമെന്ന് വാക്ക് കൊടുത്തതാണ്. ഇന്നവൾ ഒറ്റപ്പെട്ട ഈ അവസ്ഥയിൽ ഒന്നുമിലാത്തവൾ എന്നതിന്റെ പേരിൽ ഒരു നിമിഷം കൊണ്ട് കൊടുത്ത വാക്കും പകുത്ത സ്നേഹവും വേണ്ടെന്ന് വെക്കാൻ കഴിയില്ല. ഇന്നലെ വരെ ഇവൾക്ക് പറയാൻ ഒരു മുത്തശ്ശി എങ്കിലും ഉണ്ടായിരുന്നു. ഇപ്പോൾ അവരെ കൂടി നഷ്ട്ടപെട്ട ഇവളെ ഒറ്റമുറിവീടിന്റെ ഇടുങ്ങിട്ട ചുവരുകൾക്കുള്ളിൽ പേടിപ്പെടുത്തുന്ന രാത്രികൾക്കൊപ്പം വിടാൻ മനസ്സ് അനുവദിച്ചില്ല. നേടിയ ജോലിയുടെ വലുപ്പം കാണിച്ച് കൊടുത്ത വാക്ക് കാറ്റിൽ പറത്തി ഒരു പെണ്ണിന്റ കണ്ണീരിൽ ചവിട്ടികൊണ്ട് പണംകൊണ്ടും പ്രതാപം കൊണ്ടും എത്രയൊക്കെ ഉയരം കീഴടക്കിയാലും മനസ്സാക്ഷിയുടെ പുസ്തകത്തിൽ ഞാൻ വെറും വട്ടപൂജ്യമാകും. അതുകൊണ്ട് എന്റെ ഉയർച്ചയിലും താഴ്ചയിലും ഇനി ഇവൾ കൂടെ ഉണ്ടാകും. ഇതൊരു വാശിയൊന്നും അല്ല. ഒരു പെണ്ണിനെ വാക്ക് കൊണ്ട് മോഹിപ്പിച്ചു വഞ്ചിക്കാൻ മാത്രം കരളുറപ്പുള്ള ഒരു മനസ്സ് എനിക്കില്ല അമ്മേ.. ക്ഷമിക്കണം.അമ്മക്ക് ഞങ്ങളെ അനുഗ്രഹിക്കാൻ കഴിഞ്ഞില്ലെങ്കിലും മനസ്സ് കൊണ്ട് ശപിക്കരുത്. പെറ്റ വയറിന്റെ ശാപം മരണം വരെ കൂടെ ഉണ്ടാകും. “

അതും പറഞ്ഞവൻ ശിഖയുടെ കയ്യും പിടിച്ച് തിരിഞ്ഞു പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നും അമ്മയുടെ കടുത്ത വാക്കുകൾ അവരെ പിൻതുടരുന്നുണ്ടായിരുന്നു,

” പൊക്കോ. പക്ഷേ, ഒന്നോർത്തോ ഇന്നലെ കണ്ട ഒരുവൾക്ക് വേണ്ടിയാണു നീ അമ്മയെ തള്ളി പറഞ്ഞ് ഈ പടിയിറങ്ങിപോകുന്നത്. നാളെ ഇങ്ങോട്ട് തന്നെ കേറിവരേണ്ടിവരും എന്റെ പോന്നുമോന്. അമ്മയോളം വരില്ല ഒരു പെണ്ണും. അത്‌ മറക്കണ്ട ന്റെ മോൻ “

പുച്ഛം കലർന്ന വാക്കുകൾ പിന്നെയും ഉതിർന്നു വീഴുമ്പോൾ അനന്തൻ പുഞ്ചിരിയോടെ അമ്മക്ക് നേരെ തിരിഞ്ഞു.

” ശരിയാ….. അമ്മയോളം വരില്ല വേറെ ഒരു പെണ്ണും. പക്ഷേ, ഒരു പുരുഷന്റെ ജീവിതത്തിൽ ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് അമ്മയും ഭാര്യയും. രണ്ട് കാലഘട്ടങ്ങളിലായി നമ്മുടെ ജീവിതത്തിൽ താങ്ങും തണലും ആകുന്നവർ. പണ്ട് അച്ഛൻ എപ്പോഴും പറയാറില്ലേ, അമ്മ വന്നു കയറിയതിൽ പിന്നെയാ എന്റെ ജീവിതത്തിൽ ഒരു അർത്ഥം ഉണ്ടായതെന്ന്. അത്‌ അച്ഛൻ അച്ഛന്റെ അമ്മയെ തള്ളിപറഞ്ഞതാണോ. അല്ല. അമ്മ അച്ഛന്റെ ജീവിതത്തിലേക്ക് വരുമ്പോൾ അവിടെ ഭാര്യ എന്ന പദവിക്ക് അച്ഛന്റെ ജീവിതത്തിൽ ഒരുപാട് മൂല്യമുണ്ടായിരുന്നു. അല്ലെങ്കിൽ അച്ഛന്റെ ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും വന്നത് അമ്മ വന്നതിനു ശേഷം ആണെന്ന് അച്ഛൻ പറഞ്ഞിട്ടില്ലേ? അത്‌ അച്ഛമ്മ അച്ഛനെ ശ്രദ്ധിക്കാത്തത് കൊണ്ടന്നോ..? അല്ലമ്മേ.. പക്ഷേ, ഭാര്യയായി കേറി വരുന്ന ഓരോ പെണ്ണിനും പുരുഷന്റെ തുടർന്നുള്ള ജീവിതമാറ്റത്തിൽ ഒരുപാട് പങ്കുണ്ട്. അതാണ്‌ ഞാൻ പറഞ്ഞത് അമ്മയും ഭാര്യയും രണ്ട് കാലഘട്ടങ്ങളിൽ പുരുഷന്റെ ജീവിതത്തിൽ പ്രധാനപ്പെട്ടവർ ആണ്. നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെ…. “

പിന്നെ കൂടുതലൊന്നും പറയാതെ അമ്മയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ശിഖയുടെ കയ്യും പിടിച്ച് പുറത്തേക്ക് നടന്നു അവൻ.

” ഞാൻ വന്നു കേറിയത് തന്നെ ഒരു കുടുംബത്തിന്റ സമാധാനം കളഞ്ഞുകൊണ്ട് ആണല്ലോ ഏട്ടാ.. വേണ്ടായിരുന്നു.. ആ അമ്മയുടെ മനസ്സ് വിഷമിപ്പിച്ചുകൊണ്ട് ഒരു ജീവിതം… എന്നെ എന്റെ വീട്ടിൽ കൊണ്ടാക്കികൂടെ ഏട്ടന്. ഇതിപ്പോൾ മറ്റാരും അറിഞ്ഞിട്ടില്ല. ഇങ്ങനെ ഒരു കല്യാണം നടന്നിട്ടില്ലെന്ന് കരുതാം നമ്മുക്ക്.
ഞാൻ കാലെടുത്തു വെക്കുന്നിടം ഇങ്ങനെ ആണ്. ഒരു നശിച്ച ജന്മമാ എന്റെ. ഇപ്പോൾ ഏട്ടന്റെ ജീവിതം കൂടി. അമ്മ, അനിയൻ, അനിയത്തി… അവരുടെ പ്രിയപ്പെട്ട ഏട്ടനെ ഒറ്റ ദിവസം കൊണ്ട് സ്വന്തമാക്കിയ ഒരുമ്പട്ടവൾ ആയി ട്ടാവും എന്നെ അവരിപ്പോ കാണുന്നത്. അനന്തേട്ടാ….. ഞാൻ ഇവിടെ നിന്നും ഒരു ഓട്ടോ വിളിച്ചു പോക്കൊളാം. ഏട്ടൻ വീട്ടിലേക്ക് ചെല്ല്. ഇത്രയൊക്കെ പറഞ്ഞാലും ആ അമ്മ പ്രതീക്ഷിക്കുന്നുണ്ടാകും ഏട്ടന്റെ വരവ് “

അതും പറഞ്ഞവൾ മനസ്സ് വിങ്ങുന്നുണ്ടെങ്കിലും പ്രതീക്ഷയോടെ അവന്റ മുഖത്തേക്ക് നോക്കി. അപ്പോഴെല്ലാം അവൻ എന്തോ ചിന്തയിലെന്നോണം ഇരിക്കുകയായിരുന്നു. അവനിൽ നിന്നും ഒരു പ്രതികരണവും ഇല്ലെന്ന് കണ്ടപ്പോൾ അവൾ ഒന്നുകൂടി അവനെ തട്ടി വിളിച്ചുകൊണ്ടു പറഞ്ഞു “അനന്ദേട്ടാ.. ഞാൻ പറഞ്ഞതിന് മറുപടി ഒന്നും പറഞ്ഞില്ലല്ലോ ” എന്ന്.

അവളുടെ ആ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രം നൽകികൊണ്ട് ആ വഴി വന്ന ഓട്ടോക്ക് കൈ കാണിച്ചുനിർത്തി കേറാൻ ആവശ്യപ്പെടുമ്പോൾ അവൻ ഓട്ടോക്കാരനോട് പറഞ്ഞ സ്ഥലം കേട്ട് അവൾ അമ്പരപ്പോടെയും ആശ്ചര്യത്തോടെയും അവനെ നോക്കി.

തന്റെ വീട് നിൽക്കുന്ന സ്ഥലമാണ് അനന്തു പറഞ്ഞതെന്ന് ഓർക്കുമ്പോൾ അമ്പരപ്പോടൊപ്പം മനസ്സ് വല്ലാതെ പിടച്ചുതുടങ്ങിട്ടിരുന്നു.

” ഇനി കുറച്ചു നിമിഷങ്ങൾ മാത്രമേ ഇങ്ങനെ അടുത്തിരിക്കാൻ കഴിയൂ.. രാവിലെ വിവാഹം കഴിഞ്ഞു രണ്ട് മണിക്കൂറിനുള്ളിൽ വേർപിരിയുന്ന പ്രണയം ചിലപ്പോൾ ഇത് ആദ്യം ആയിരിക്കും. എന്നാലും സാരമില്ല. ആരെയും വിഷമിപ്പിച്ചൊരു ജീവിതം വേണ്ട. ഞാൻ പറഞ്ഞിട്ടാണെങ്കിൽ പോലും അനന്തു ഇങ്ങനെ ഒരു തീരുമാനം എടുത്തത് ഉചിതമായി.. ജീവിതം ഇങ്ങനെ ഒക്കെ ആണ്..”

അവളുടെ മനസ്സിലൂടെ ഓടിമറിഞ്ഞ ചിന്തകളിൽ നിന്നും ഉണർന്നത് ” വീടെത്തി ” എന്ന അവന്റ വാക്ക് കേട്ടായിരുന്നു. വണ്ടി നിർത്തിയെങ്കിലും അതിൽ നിന്നും ഇറങ്ങാൻ എന്തോ മനസ്സ് അനുവദിക്കുന്നില്ലായിരുന്നു. ഞാൻ ഇറങ്ങിയാൽ അനന്തേട്ടൻ പോകുമെന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു മരവിപ്പ്. പക്ഷേ, ഇറങ്ങിയല്ലേ പറ്റൂ.

അവൾ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ യാന്ത്രികമായി പുറത്തേക്ക് ഇറങ്ങി. പിന്നെ അവനോട് യാത്ര പോലും പറയാതെ അവളുടെ വീട് ലക്ഷ്യമാക്കി നടന്നു.

വാതിൽക്കൽ എത്തുമ്പോൾ പിറകിലെ ഓട്ടോ അകലുന്ന ശബ്ദം അവളുടെ കാതുകളിൽ ഇരമ്പിക്കയറി. ആ നിന്ന നിൽപ്പിൽ കണ്ണുകൾ പൊത്തി പൊട്ടിക്കരയുമ്പൊൾ തോളിൽ പതിഞ്ഞ കൈ അവളുടെ മുഖത്തെ പിടിച്ചുയർത്തി.

മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന അനന്തുവിനെ ഇമചിമ്മാതെ നോക്കി നിൽക്കുമ്പോൾ അവൾ വിതുമ്പലോടെ ചോദിക്കുന്നുണ്ടായിരുന്നു ” ഏട്ടൻ പോയില്ലേ ” എന്ന്.

അത്‌ കേട്ടുകൊണ്ട് അവളുടെ കയ്യിൽ നിന്നും താക്കോൽ വാങ്ങി വീടിന്റെ വാതിൽ തുറക്കുമ്പോൾ അവൻ പറയുന്നുണ്ടായിരുന്നു ” അങ്ങനെ ഇട്ടെറിഞ്ഞുപോകാൻ ആയിരുന്നെങ്കിൽ ഈ താലി കെട്ടേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ ” എന്ന്.

അത്‌ കേട്ട് അവൾ അവന് മുന്നിൽ പൊട്ടിക്കരയുമ്പോൾ അവളെ ചേർത്തുപിടിച്ചുകൊണ്ട് വീട്ടിലേക്ക് കയറി അവൻ.

” ഇനി ഇതാണ് നമ്മുടെ സ്വർഗ്ഗം. കുറവുകളറിഞ്ഞു ജീവിച്ച നിന്നോടൊപ്പം ആ കുറവുകളെ കൂടി പ്രണയിച്ചു ജീവിക്കാം ഇനി നമുക്ക്. പ്രണയിച്ചുതുടങ്ങുമ്പോൾ ഞാൻ തന്ന വാക്ക് ഞാൻ പാലിച്ചു. പക്ഷേ, പ്രണയനിമിഷങ്ങളിൽ നീ തന്ന വാക്ക് മാത്രം ഇതുവരെ പാലിച്ചില്ല.. അത്‌ കെട്ടിക്കഴിഞ്ഞിട്ടാവാം എന്നല്ലേ പറഞ്ഞത്.. എന്നാ പിന്നെ ഇനി അതുകൂടി പാലിക്കേന്റ പൊന്ന്മോളെ ” അതും പറഞ്ഞവൻ അവളെ നെഞ്ചിലേക്ക് ചേർക്കുമ്പോൾ അല്പം നാണത്തോടെ അവന്റെ ചുണ്ടുകളിൽ തന്റെ ചുണ്ടുകൾ ചേർത്ത് അമർത്തി ചുംബിച്ചു അവൾ..ചുണ്ടുകൾ വേർപെടുത്താതെ നിമിഷദൈർഘ്യങ്ങൾ….

ഒരു പ്രണയം നൽക്കാൻ ബാക്കി വെച്ച ചുടുചുംബനം !!!