സിനിമയിൽ കാണുന്ന ഭർത്താക്കന്മാരെ പോലെ ഞാനും അങ്ങോട്ടും ഇങ്ങോട്ടും ടെൻഷൻ അടിച്ചു തേരാ പാരാ നടക്കുക ആണ്…

ഒരു ചോര കഥ ~ രചന: ഹരി കിഷോർ

അപ്പോൾ കഥയിലേക്ക് വരാം.. ഈ കഥയിലെ നായകൻ നല്ലവനായ ഉണ്ണി ആണ്..അതായത് വേണേൽ ഞാൻ ആകാം..ഞാൻ എട്ടിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി ആ ചോരയുടെ മണമുള്ള ദിവസം എന്റെ ജീവിതത്തിൽ ആരംഭിക്കുന്നത്.. ഏകദേശം വൈകിട്ടു ഒരു 5.30 ആയി കാണും..കോരി ചൊരിയുന്ന മഴ.. അപ്പോളാണ് അച്ഛൻ വേവലാതി പെട്ടു വീട്ടിലേക്ക് കയറി വരുന്നത്..വീട് പണിക്ക് വേണ്ടി ഇറക്കി ഇട്ടിരിക്കുന്ന മണൽ മഴയത്തു ഒലിച്ചു പൊയ്കൊണ്ട് ഇരിക്കുക ആണ് എന്ത് ചെയ്യണം എന്ന് അറിയാതെ അച്ഛന് ആകെ വെപ്രാളം..കുറച്ചു കഴിഞ്ഞു മഴ ഒരുവിധം തോർന്നു..അമ്മയും ഞാനും അച്ഛനും കൂടി ഒഴുകി പോയ മണൽ കുറെ ഒക്കെ കോരി അടുപ്പിച്ചു..ശേഷം ഇഷ്ടിക ചുറ്റും അടുക്കാൻ ആയിരുന്നു ഉദ്ദേശം.. അങ്ങനെ ഇഷ്ടിക എടുക്കുമ്പോൾ ആണ് എന്റെ കാലിലേക്ക് അതിൽ ഒരെണ്ണം വീണത് “അമ്മേ ” എന്നൊരു വിളിയോടെ താഴേക്ക് ഇരുന്നു പോയി ഞാൻ..നോക്കുമ്പോൾ ചുവപ്പ് നിറത്തിൽ എന്തോ ഒന്ന് ഒഴുകി വരുന്നു..കൈ കൊണ്ട് ഒന്ന് തുടച്ചു മൂക്കിലേക്ക് വച്ചു “അയ്യോ അമ്മേ ചോര പുഴ”എന്ന് പറഞ്ഞത് മാത്രം ഓർമ ഉണ്ട് ബോധം വരുമ്പോൾ മുറ്റത്തു കിടന്ന ഞാൻ കട്ടിലിൽ കിടക്കുന്നു…”ഇതെന്താ ഞാൻ നേരത്തെ ഉറങ്ങാൻ കിടന്നോ 🙄 അങ്ങനെ വരാൻ വഴി ഇല്ലല്ലോ ” എന്ന് ആലോചിച്ചപ്പോൾ ആണ് മുന്നെ നടന്ന ചോര പുഴയെ പറ്റി ഓർത്തത് വേഗം ചാടി എണീറ്റ് കാലിൽ നോക്കി.. ഭാഗ്യം ഒന്നുടെ ബോധം പോകേണ്ടി വന്നില്ല 😌 അമ്മ ആകും എന്റെ കാലിൽ അച്ഛന്റെ വെള്ളമുണ്ട് മൊത്തത്തിൽ ചുറ്റി കെട്ടി വച്ചിട്ടുണ്ട് ഇനി അതിന്റെ ബാക്കി ഭാഗം വല്ലോം ഉണ്ടോ ആവോ???ഇതിപ്പോൾ എന്റെ കാലാണോ അതോ എന്റെ തലയണ ആണോ.. അമ്മേടെ ഓരോ പേഷനെ..അങ്ങനെ എന്റെ ചോര കഥയുടെ ആദ്യ അധ്യായം ഒരാഴ്ചത്ത പേടി പനിയോട് കൂടി ഇവിടെ സമാപിക്കുന്നു.. !!!

ഇനി അടുത്ത അധ്യായത്തിലേക്ക് പോകാം.. അന്ന് ഞാൻ ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുന്ന സമയം.. അമ്മയ്ക്ക് യൂട്രസ് ഓപ്പറേഷന് വേണ്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി.. ഞാൻ ആണ് ഒപ്പം നില്കുന്നത് അതും ക്ലാസ്സ്‌ പോലും കളഞ്ഞു 😒.നേഴ്സ് വന്നിട്ട് എന്നോടും അച്ഛനോടും ആയി അമ്മയുടെ ബ്ലഡ്‌ ആയി മാച്ച് ആകുന്ന O+ve ബ്ലഡ്‌ ഉള്ള ഒരാളെ സങ്കടിപ്പിക്കണം 4 ദിവസത്തിനകം മതി എന്ന് പറഞ്ഞു..ഇത് പറയുമ്പോൾ എന്റെ കുഞ്ഞമ്മയുടെ മോനും ഒപ്പം ഉണ്ട്.. അവന് ഉടനെ ചാടി കേറി

“എന്റെ ഒരു ഫ്രണ്ട്‌ ഉണ്ട് വല്യച്ഛ ഞാൻ അവനെ കൊണ്ട് വരാം അവന്റെ ബ്ലഡ്‌ o+ve ആണ്.. അവൻ ഇങ്ങനെ ഇടയ്ക് ഇടയ്ക്ക് ബ്ലഡ്‌ ഡോണെറ്റ് ചെയ്യാൻ പോകാറുണ്ട്” എന്ന് പറഞ്ഞു..

പിറ്റേന്ന് അവൻ വന്നപ്പോൾ അവന്റെ ഒപ്പം ഞാഞ്ഞൂല് പോലെ ഒരുത്തൻ!!!ഞാൻ മാത്രം അല്ല അച്ഛനും അമ്മയും ഞെട്ടി അവനെ കണ്ടു..

“ഇവനാണോ ഈശ്വരാ ബ്ലഡ്‌ കൊടുക്കാൻ പോണേ 🙄ഇതിപ്പോൾ അസ്ഥികൂടത്തിനു പകരം വയ്ക്കാൻ കൊണ്ട് വന്നത് ആണോ ഇവനെ..അല്ല പറയാൻ പറ്റില്ല എനിക്ക് ആണെ ഇതൊന്നും ശീലമില്ല..ചിലപ്പോൾ ഇവന്റെ എല്ലിന്റെ അകത്തു മൊത്തം ബ്ലഡ്‌ ആകും ഇല്ലേൽ ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ ബ്ലഡ്‌ കൊടുക്കാൻ പോകില്ലല്ലോ.. 🙄എന്നാലും എന്തോ വശപ്പിശക്.. എന്റെ കുഞ്ഞമ്മേടെ മോനായത് കൊണ്ട് പറയുവല്ല ലോക ഉടായിപ്പ് ആണ് അവൻ” എന്റെ മനസിലെ ചിന്തകൾ കണ്ടിട്ട് ആകും അനിയൻ എന്നെ നോക്കി ഇളിച്ചു കാണിച്ചു…

അന്ന് മുതൽ അവനും ഇവനും കൂടി രാവിലെ വരും റൂമിൽ കോളേജിൽ കയറാതെ അമ്മയ്ക്ക് വാങ്ങി കൊണ്ട് വച്ചേക്കുന്ന സകലമാന ഫ്രൂട്ട്സ് നട്ട്സ് ഒക്കെ യാതൊരു ഉളുപ്പും കൂടാതെ വെട്ടി വിഴുങ്ങും പിന്നെ ഉച്ചക്ക് അച്ഛന്റെ പറ്റിൽ മീൻകറി കൂട്ടി ഊണ് വൈകിട്ടു ചായയും കടിയും പിന്നെ വണ്ടിക്കൂലിയും കൂടി മേടിച്ചു ആണ് രണ്ടും കൂടി പോകുക… ക്ലാസ്സിന് പോലും പോകാതെ അമ്മയ്ക്ക് കൂട്ടിരിക്കാൻ എന്ന പേരിൽ ഇതൊക്കെ വെറുതെ തട്ടാൻ വരുന്ന എനിക്ക് ഇട്ട് തന്നെ വച്ചിട്ട് പോയ അവന്മാർ ഇറങ്ങി പോയപ്പോൾ ഞാൻ കിടന്നു കുറെ ദേഷിച്ചു വേറെ പണി ഒന്നും ഇല്ലേ അവന് ലോക ഉടായിപ്പ് ആണ് എന്ന് കണ്ടാൽ അറിഞ്ഞു കൂടെ എന്ന്..അപ്പോൾ അമ്മ പറഞ്ഞു

“ഒരു നല്ല കാര്യം അല്ലെ അവർ ചെയ്യാൻ പോകുന്നത്.. അതിനു നീ ഇങ്ങനെ ദേഷിക്കേണ്ട കാര്യം എന്താ..കൊച്ചു പിള്ളേർ അല്ലെ ഇതൊക്കെ കഴിച്ചു ആരോഗ്യം വയ്ക്കട്ടെ.. അതും ആ മോൻ ഇടയ്ക്ക് ഇടയ്ക്ക് ബ്ലഡ്‌ കൊടുക്കുന്നത് അല്ലെ.. ” അച്ഛനും അമ്മയുടെ അഭിപ്രായത്തെ ശരി വച്ചപ്പോൾ ഞാൻ പിന്നെ കൂടുതൽ ബഹളത്തിന് നില്കാതെ ബാക്കി ഇരുന്ന ഓറഞ്ചും രണ്ടു ഏത്തപ്പഴവും അഞ്ചാറു നട്സും ഒരു വിശപ്പും ഇല്ലാഞ്ഞിട്ടും അവന്മാരോട് തോന്നിയ ദേഷ്യത്തിന്റെ പേരിൽ മാത്രം എടുത്തു വച്ചു തട്ടാൻ തുടങ്ങി…അതെന്താ ഞാൻ കഴിച്ചാൽ ഇതൊന്നും ഇറങ്ങില്ലേ അല്ലെ 😏😏

അവന്മാർ പിറ്റേന്ന് രാവിലെ 9 മണി ആയപ്പോൾ തന്നെ “വല്യമ്മേ… ” എന്ന് നീട്ടി വിളിച്ചു റൂമിലേക്ക് തള്ളിക്കേറി വന്നു സ്ഥിരം പരിപാടി തന്നെ നടത്തി വൈകിട്ടു തിരികെ പോയി.. പിറ്റേന്നും ഇതന്നെ അവസ്ഥ പക്ഷേ അന്ന് വൈകിട്ടു പോകാൻ നേരം അച്ഛൻ അവരോട് പറഞ്ഞു “നാളെയാണ് മക്കളെ വല്യമ്മയുടെ ഓപ്പറേഷൻ 7 മണിക്ക് രണ്ടാളും ഇങ്ങു എത്തില്ലേ?? ബ്ലഡ്‌ നാളെ ആണ് കൊടുക്കേണ്ടത് “

“അയ്യോ വല്യച്ഛ ഞങ്ങൾ അത് മറക്കോ ” എന്ന് വിനയ കുനയനായി എന്റെ അനിയൻ പറയുന്നത് കേട്ടപ്പോൾ അച്ഛൻ പോക്കെറ്റിൽ നിന്ന് ഒരു 100 രൂപ കൂടി കൊടുത്തു പോകുന്ന വഴിക്കു പൊറോട്ടയും ബീഫും തട്ടാൻ ആയിട്ട്… അങ്ങനെ അതും വാങ്ങി പോയ അവന്മാർ പിറ്റേന്ന് രാവിലെ 7 ആയി 8 ആയി 9 ആയി എന്നിട്ടും കണ്ടില്ല..ഇടയ്ക്ക് ഇടയ്ക്ക് നേഴ്സ് വന്നു അവന്മാർ വന്നോ എന്ന് തിരക്കി അച്ഛന്റെ മുഖത്തു ആകെ വിഷമം..വീട്ടിൽ വിളിച്ചു നോക്കിയപ്പോൾ അവന്മാർ ഏതോ സിനിമ ഇന്ന് റിലീസ് ആണെന്ന് പറഞ്ഞു രാവിലെ അവിടുന്ന് ഇറങ്ങി എന്ന് മനസിലായി.. ചുരുക്കി പറഞ്ഞാൽ എനിക്ക് മാത്രം അറിയാവുന്ന തോട്ടിൽ മുങ്ങിയ കടലിൽ പൊങ്ങുന്ന അനിയന്റെ സ്വഭാവം വീട്ടുകാർക്ക് കൂടി മനസിലായി..അവസാനം അച്ഛന്റെ വിഷമം ഞാൻ ശിരസ്സാൽ വഹിക്കാൻ തീരുമാനിച്ചു..ഞാൻ അങ്ങനെ എന്റെ തീരുമാനം ഉറക്കെ പ്രഖ്യാപിച്ചു

“അച്ഛൻ വിഷമിക്കേണ്ട അമ്മയ്ക്കുള്ള ബ്ലഡ്‌ ഈ ഞാൻ കൊടുക്കും.. എന്റെ അമ്മയ്ക്ക് വേണ്ടി മോൻ ആയ ഞാൻ കൊടുത്തില്ലേ വേറെ ആര് കൊടുക്കാൻ ” അത് ഞാൻ പറഞ്ഞിട്ട് അച്ഛന്റെ മുഖത്തു നോക്കിയപ്പോൾ വല്ലാത്ത ആശ്വാസം ആണ് കണ്ടത് പക്ഷെ അമ്മയുടെ മുഖത്തു “അത് വേണോ എന്ന ഭാവവും ” അതെന്താ അമ്മ അങ്ങനെ ഒരു എക്സ്പ്രെഷൻ ഇട്ടത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലായില്ല..അച്ഛൻ പെട്ടെന്ന് ക്യാന്റീനിൽ പോയി ഒരു ബൂസ്റ്റ്‌ കലക്കിയത് (ഹോർലിക്സ് കിട്ടാഞ്ഞിട്ട ) വാങ്ങി കൊണ്ട് വന്നു.. എന്നിട്ട് എന്നെ കൊണ്ട് കുടിപ്പിച്ചു..

“ഒരു ഗ്ലാസ്‌ കൂടി വേണോ മോനെ?? ” അച്ഛൻ എന്നോട് ചോദിച്ചു..

“ഇപ്പോൾ വേണ്ട അച്ഛാ.. ബ്ലഡ്‌ കൊടുത്തിട്ടു വന്നിട്ട് മതി.. ” അപ്പോളേക്കും നഴ്സിംഗ് സ്റ്റേഷനിലേക്ക് ഞാനും അച്ഛനും കൂടി പോയി.. ചെക്ക് ചെയ്യാൻ ആയിട്ട് കുറച്ചു ആദ്യമേ കുത്തി എടുക്കുന്ന ഏർപ്പാട് ഉണ്ടത്രേ..അത് വരെ ഞാൻ ഉണ്ടാക്കിയെടുത്ത ധൈര്യം നേഴ്സ് എന്റെ നേരെ നീട്ടി പിടിച്ച സൂചി കണ്ടപ്പോൾ ചോർന്നു താഴോട്ട് പോകുമോ എന്ന് എനിക്ക് ഒരു പേടി.. ഞാൻ എന്റെ കണ്ണുകൾ ഇറുക്കി അടച്ചു..എന്റെ പേടി കണ്ടിട്ട് ആകണം നേഴ്സ് ചോദിച്ചു

“ആദ്യമായിട്ട് ആണല്ലേ..?? ” അപ്പോൾ തന്നെ ഞാൻ മനസിൽ തീരുമാനിച്ചു

“ആദ്യമായിട്ടും അവസാനമായിട്ടും..ഇനി എന്റെ ജീവിതത്തിൽ ഒരു ബ്ലഡ്‌ കൊടുപ്പ് ഉണ്ടാവില്ല നേഴ്സെ.. “..ആ ചോദിച്ച സമയം കൊണ്ട് അവർ കുത്തി എടുത്തു എന്ന് തോന്നുന്നു.

“കഴിഞ്ഞു കേട്ടോ ഇനി കണ്ണു തുറന്നോ ” എന്നും പറഞ്ഞു ഒരു പഞ്ഞി എടുത്തു കുത്തിയ ഭാഗത്തു വച്ചിട്ട് മടക്കി പിടിച്ചോളാൻ പറഞ്ഞു..അപ്പോൾ ഇത്രയും ഉള്ളോ സംഭവം അയ്യേ അതിന് ആണോ ഞാൻ വെറുതെ ടെൻഷൻ അടിച്ചത്..ഞാൻ കൈ കൊണ്ട് വെറുതെ പാന്റിൽ ഒന്ന് തപ്പി നോക്കി അറിയാതെ വല്ലതും ചോർന്നോ എന്ന് അറിയാൻ ഭാഗ്യം..ഒന്നും പുറത്തോട്ട് വന്നില്ല തണുത്തു അകത്തു തന്നെ ഇരിപ്പുണ്ട്.. വേഗം ഞാൻ റൂമിലേക്കു നടന്നു അമ്മയെ അപ്പോളേക്കും സ്ട്രക്ചറിൽ ഓപ്പറേഷൻ തിയേറ്ററിലേക്ക് കിടത്തി കൊണ്ട് വരുന്നുണ്ട്.. അച്ഛനും ഒപ്പം ഉണ്ട്.. ഞാനും അവരുടെ ഒപ്പം നടക്കാൻ തുടങ്ങി.. ഇടയ്ക്ക് വച്ചു ആണ് കയ്യിൽ പഞ്ഞി ഇരിക്കുന്ന കാര്യം ഓർത്തത് ഞാൻ അത് കളയാൻ ആയി നോക്കിയതും ദേ കയ്യിൽ നിന്ന് ചോര ഒഴുകി ഇറങ്ങിയേക്കുന്നു..ഒന്നേ നോക്കിയുള്ളൂ.. തലയിൽ കൂടി ആരാണ്ടോ ഒന്ന് ഓടി പോയത് പോലെ…

“അയ്യോ എന്റെ മോനെ ” എന്നുള്ള അമ്മയുടെ വിളി ഞാൻ കേട്ട്..!!!!

ശേഷം……….

ഞാൻ കണ്ണുകൾ മെല്ലെ തുറന്നു.. ഒരു വൃത്തികെട്ട ഫാൻ.. തലയ്ക്കു മോളിൽ കിടന്നു കറങ്ങുന്നു..ഇതേതു ഫാൻ?? എന്റെ ഉഷയുടെ അത്ര സ്പീഡ് ഇല്ലല്ലോ?? അല്ല ഞാൻ ഇത് എവിടെ ആണ്?? ഞാൻ സൈഡിലേക്ക് നോക്കിയപ്പോൾ അമ്മ ഒരു ന്യൂസ്‌ പേപ്പർ വച്ചു എന്റെ മുഖത്തു വീശി കൊണ്ട് ഇരിക്കുന്നു.. അച്ഛൻ ആണേൽ അപ്പുറത്തെ കട്ടിലിൽ ഇരുന്നു പത്രത്തിലെ ഏതോ അന്താരാഷ്ട്ര കാര്യം വായിക്കുന്നു.. അല്ല ഞാൻ എന്താ ഈ കിടക്കയിൽ?? എനിക്ക് വല്ല അസുഖവും ഉണ്ടോ ഇനി??ചിന്തകൾ കാട് കയറിയപ്പോൾ എന്റെ VCR റീവൈൻഡ് ചെയ്തു പോസ് അടിച്ചു നിർത്തി.. സബാഷ് !!!!എല്ലാം ഓർമ കിട്ടിയപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു

“അല്ല അമ്മ എന്താ ഇവിടെ?? അമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞോ?? ” മറുപടി പറഞ്ഞത് അച്ഛൻ ആയിരുന്നു

“വല്ല വാഴയും വച്ചാൽ മതിയാരുന്നു.. വെട്ടി കൊല എങ്കിലും കൊടുക്കാം ആയിരുന്നു..ഇത്രയും കാലത്തിനു ഇടയിൽ എന്തോരം ബൂസ്റ്റു ആണ് ഈശ്വരാ വെറുതെ പോയത്..അത് കുടിച്ചിട്ട് അവന്റെ ഒരു ഡയലോഗ് ഉണ്ട് ബൂസ്റ്റ്‌ ഈസ്‌ ദി സീക്രെട് ഓഫ് മൈ എനർജി എന്ന് മാങ്ങാത്തൊലി എണീച്ചു പോടാ ” എന്നു എന്നോട് പറഞ്ഞിട്ട് അച്ഛൻ തന്നെ ഇറങ്ങി പുറത്തേക്ക് പോയി.. എല്ലാം കേട്ട് കിളി പോയ എന്നോട് അമ്മ പറഞ്ഞു

“എന്റെ ബോധം പോകുന്ന കണ്ടു അമ്മേടെ ബിപി കൂടി.. അത് കൊണ്ട് ഓപ്പറേഷൻ നടന്നില്ല മാറ്റി വച്ചു ഇനി അടുത്ത വ്യാഴാഴ്ച എന്ന് “ഞാൻ കാരണം ഒരാഴ്ചത്തെ റൂം വാടകയും ചിലവും എല്ലാം കൂടി ഓർത്തപ്പോൾ അച്ഛൻ പറഞ്ഞതാ ശരി വല്ല വാഴയും വച്ചാൽ മതിയാരുന്നു എന്ന് എനിക്ക് തന്നെ തോന്നി ..അച്ഛന്റെ ബാക്കിയുള്ള തെറി കൂടി കേട്ട് ഈ അധ്യായവും പൂർവാധികം ഭംഗിയോടെ അവസാനിച്ചു..

അടുത്ത അധ്യായം ആരംഭിക്കുന്നത് രണ്ടു വർഷം കഴിഞ്ഞു ആണ്.. പോലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ 25 ആം റാങ്ക്.. ആദ്യം എഴുതിയ ടെസ്റ്റിൽ തന്ന അങ്ങനെ ഒരു നേട്ടം വന്നപ്പോൾ സന്തോഷിക്കേണ്ടതിനു പകരം ഉറക്കം നഷ്ടപെട്ട ദിനങ്ങൾ.എങ്ങനെ എന്ന് അല്ലെ?? .. പോലീസ് ആകുന്നതും ലാത്തി ചാർജ് ഉണ്ടാകുന്നതും അതിന്റെ ഇടയിൽ വല്ലവനും എന്റെ തല തല്ലി പൊളിക്കുന്നതും ചോര പുഴ ഒഴുകുന്നതും എന്റെ ബോധം ഇടയ്ക്ക് ഇടയ്ക്ക് പോകുന്നതും ഒക്കെ ഞാൻ തന്നെ പല തവണ സ്വപ്നം കണ്ടു.. സ്വപ്നത്തിൽ എല്ലാം എന്റെ ഒപ്പം ഉള്ള പോലീസുകാർ എന്നെ നോക്കി തല തല്ലി ചിരിക്കുന്നതും കൂടി ആയപ്പോൾ അഡ്വൈസ് വന്നപ്പോൾ ഈ ജോലിക്കു ഞാൻ പോകുന്നില്ല എന്ന് വീട്ടിൽ തീർത്തു പറഞ്ഞു..പക്ഷേ അമ്മയുടെ പട്ടിണി സമരത്തിൽ ഞാൻ തോറ്റു പോയി മനസില്ല മനസോടെ ക്യാമ്പിലേക്ക്.. പക്ഷേ ഭാഗ്യം ഉണ്ട് പാസിംഗ് ഔട്ട്‌ കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ അടുത്ത അഡ്വൈസ് വന്നു അസിസ്റ്റന്റ് ആയിട്ട് അതോടെ ‘ലാത്തിയടി ബോധം കെടൽ” എന്ന പേടി സ്വപ്നത്തിനു തിരശീല വീണു..പക്ഷേ ഈ പോലീസ് ട്രെയിനിങ് കൊണ്ട് എന്റെ ജീവിതത്തിൽ ഞാൻ കൂടുതൽ കരുത്തു ആർജ്ജിച്ചു എന്നാണ് ഞാൻ കരുതിയത് പക്ഷേ അത് വെറുതെ ആയിരുന്നു എന്ന് രണ്ടു വർഷം കഴിഞ്ഞുള്ള അടുത്ത അധ്യായം വായിച്ചാൽ നിങ്ങൾക്ക് മനസിലാകും..

ജനുവരി 12 ഒരു ലേബർ റൂം കാഴ്ച.. എന്റെ ഭാര്യയെ ഇവിടെ പ്രസവ വേദന ആയിട്ട് അഡ്മിറ്റ്‌ ആകിയിരിക്കുക ആണ്.. സിനിമയിൽ കാണുന്ന ഭർത്താക്കന്മാരെ പോലെ ഞാനും അങ്ങോട്ടും ഇങ്ങോട്ടും ടെൻഷൻ അടിച്ചു തേരാ പാരാ നടക്കുക ആണ്.. ഇതൊക്കെ കണ്ടു എന്റെ അച്ഛൻ ഇവൻ എന്ത് തേങ്ങാക്കൊല ആണ് കാണിക്കുന്നേ എന്ന രീതിയിൽ താടിയിൽ കൈ വച്ചു എന്നെ നോക്കുന്നുണ്ട്.. കുറച്ചു കഴിഞ്ഞു അകത്തു നിന്ന് നേഴ്സ് വന്നു

“മീരയുടെ ഹസ്ബൻഡ് ആരാ? “എന്ന് ചോദിച്ചു..

“ഞാൻ ആണ്..എന്താ ഡോക്ടർ അവൾ പ്രസവിച്ചോ?? കുഞ്ഞു എന്താ?? മോളാണോ?? ‘” എന്റെ ആവേശം ഇച്ചിരി കൂടി പോയെന്ന് അവരുടെ കൂർപ്പിച്ചുള്ള നോട്ടം കണ്ടപ്പോൾ മനസിലായി..

“ഉം വേഗം അകത്തേക്ക് വാ.. ആ കുട്ടിക്ക് ഒരു ധൈര്യത്തിന് ഹസ്ബൻഡ് കൂടി വേണം എന്ന്.. “

“അടിപൊളി..ഇവിടെ അകത്തു തന്നെ സ്ട്രാക്ചർ ഉണ്ടല്ലോ !!” ഞാൻ അല്ല അച്ഛനാണ് പറഞ്ഞത്.. അമ്മയെ നോക്കിയപ്പോൾ നമ്മുടെ ആക്ഷൻ ഹീറോ ബിജുവിലെ ചേച്ചിമാരുടെ ലതേ എക്സ്പ്രെഷൻ ഇട്ട് ഇരിക്കുന്നു..ഞാൻ ആകെ പെട്ടു..

“ഡോ ഒന്ന് വേഗം വാ ആ കൊച്ചിന് നല്ല പെയിന് ഉണ്ട് ” ഞാൻ അച്ഛനെ ഒന്നുടെ നോക്കി.. അച്ഛൻ അടുത്തേക്ക് വന്നു എന്റെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു

“മാനം കളയല്ലേ അവളുടെ വീട്ടുകാരുടെ മുന്നിൽ .. “

“ഉറപ്പില്ല അച്ഛാ ” എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞു നോക്കാതെ അകത്തേക്ക് കേറി..അങ്ങോട്ട് കേറിയപ്പോ തന്നെ മനസിലായി നേഴ്സ് വന്നു ചോദിച്ചപ്പോൾ ഭർത്താവ് വല്ല വിദേശത്തു ആണെന്ന് പറഞ്ഞ മതിയാരുന്നു എന്ന്..ഇതിപ്പോൾ ഇറങ്ങി ഓടാനും പറ്റില്ലല്ലോ ഭഗവാനെ .. ആരൊക്കെയോ നിലവിളിക്കുന്നു വാള് വയ്ക്കുന്നു കേട്ടിട്ടും കണ്ടിട്ടും വല്ലാത്തൊരു പേടി..അകത്തു കേറി അവർ തന്ന ഡ്രസ്സ്‌ ഇട്ട് അവളുടെ അടുത്തേക്ക് നടന്നു ചെന്ന് നിന്ന് അവളുടെ കൈകളിൽ പിടിച്ചു..അവൾ വേദന കൊണ്ട് നിലവിളിക്കുക ആണ്..

“വായും പൊളിച്ചു നിൽക്കതെ ആ കൊച്ചിന് സപ്പോർട്ട് കൊടുത്തു എന്തേലും പറ ഉണ്ണി.. “

“അത് പിന്നെ.. പേടിക്കേണ്ട മീര.. നീ എന്റെ കൂടെ ഇല്ലേ.. പിന്നെ ഞാൻ എന്തിനാ പേടിക്കുന്നെ.. ഒന്നും പറ്റില്ല എനിക്ക്.. dont വറി ” എന്റെ ഡയലോഗ് കേട്ടപ്പോൾ ഒരു നിമിഷത്തേക്ക് ലേബർ റൂം പോലും നിശ്ശബ്ദമായ പോലെ…അവൾ ആണേൽ നിലവിളി നിർത്തി എന്നെ വായും പൊളിച്ചു നോക്കി..അത് കഴിഞ്ഞു ആണ് പറഞ്ഞതിനെ പറ്റി എനിക്ക് ബോധം വന്നത് അപ്പോളേക്കും അടുത്ത വേദനയിൽ ഞാൻ നോക്കുമ്പോൾ എന്റെ കുഞ്ഞിന്റെ നിലവിളിയും ഒപ്പം കുറെ ബ്ലഡ്‌ ഒക്കെ ആയി പുറത്തേക്ക് വന്നു…..!!!!!

ശേഷം പുറത്തു…..

“മീരയുടെ ബന്ധുക്കൾ ആരാണ്..മീര പ്രസവിച്ചു.. ആണ് കുഞ്ഞു ആണ്..അമ്മയും കുഞ്ഞും സുഖം ആയി ഇരിക്കുന്നു “എന്ന് പറഞ്ഞു നേഴ്സ് തിരിഞ്ഞപ്പോൾ എന്റെ അച്ഛൻ ചോദിച്ചു

“അല്ല ഡോക്ടർ എന്റെ മോൻ??? അവൻ എന്തെ?? “

“എന്റെ പൊന്നു അച്ഛാ ആ ചെക്കൻ ബോധം കെട്ടു ലേബർ റൂമിൽ കിടപ്പുണ്ട്..ആ പെൺകൊച്ചിനു ഉള്ള ധൈര്യം പോലും അവനില്ലലോ..കൊച്ചിന്റെ നിലവിളി കേട്ടതും വെട്ടി ഇട്ട വാഴ പോലെ ഒരു കിടപ്പ് ആയിരുന്നു.. 411 അല്ലെ റൂം നമ്പർ നിങ്ങളുടെ ഇപ്പോൾ അങ്ങ് കൊണ്ട് വരും സ്ട്രക്ചറിൽ മോനെ.. “

ശേഷം റൂം നമ്പർ 411

മെല്ലെ കണ്ണു തുറക്കുന്ന ഞാൻ..ഇത്തവണ ഇച്ചിരി വൃത്തി ഉള്ള ഫാൻ ആണ് തലയ്ക്കു മുകളിൽ പക്ഷേ ഇതെന്താ കറങ്ങാത്തെ..പക്ഷെ നല്ല തണുപ്പ് ഉണ്ടല്ലോ..ഓ ഇത്തവണ പ്രസവത്തിനു വന്നത് കൊണ്ട് AC റൂം ആണ് എടുത്തത്..
കണ്ണു തുറക്കുന്നത് ആദ്യം കണ്ടത് എന്റെ അളിയൻ തെണ്ടി ആണ് ഉടനെ അവൻ അലറി വിളിച്ചു..

“ദേ അളിയന് ബോധം വന്നു.. ” എന്ന്. പിന്നെ ചക്കരയിൽ ഈച്ച പൊതിയും പോലെ ആരാണ്ടൊക്കെ എന്റെ ചുറ്റിനും കൂടി.. ചിലരുടെ ഒക്കെ ചിരി കണ്ടാൽ തോന്നും ഇതു ആദ്യത്തെ സംഭവം ആണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു മനസ്സിലാക്കു ഇത് എനിക്ക് പുത്തരി അല്ല എന്ന്..എവിടെ എന്റെ കൊച്ചു എവിടെ എന്റെ പെണ്ണുംപിള്ള..എല്ലാരേം തള്ളി മാറ്റി അവളെ നോക്കാൻ പോയപ്പോൾ ഒന്ന് പെറ്റ യാതൊരു ക്ഷീണവും ഇല്ലാതെ അവൾ അവിടെ ഇരുന്നു ലേബർ റൂമിൽ വച്ചു എന്റെ ബോധം പോയ കഥ ഇരുന്നു തള്ളുന്നു..സബാഷ് !!

“എടി മോളെ ഇങ്ങനെ എന്റെ കഥ പറഞ്ഞു ചിരിക്കല്ലേ. ഇങ്ങനെ ചിരിച്ചാൽ ആ സ്റ്റിച്ച് ഒക്കെ ഇപ്പോൾ പൊട്ടി പോകില്ലേ.. ” ഞാൻ മനസിൽ ആണ് പറഞ്ഞത്..അവളുടെ അടുത്ത് ചെന്ന് കുഞ്ഞിനെ നോക്കിയപ്പോൾ അവനും എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെയുള്ള എക്സ്പ്രെഷൻ ഇട്ടോ എന്ന് എനിക്ക് ഇപ്പോളും സംശയം ഉണ്ട്..പക്ഷെ പതിവ് പോലെ അച്ഛൻ അവിടെ ഇരുന്നു പത്രം നോക്കി വായിക്കുന്നത് കേട്ട്..

“കുല വില കുത്തനെ താഴേക്ക്… അപ്പോൾ ഇനി വാഴ കൃഷിയും നഷ്ടം “..!!!

Nb :-ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം വായിച്ചു കഴിഞ്ഞിട്ട് ഇതു ചേട്ടന് അല്ലെ ചേട്ടന്റെ കെട്യോൾ അല്ലെ അമ്മ അല്ലെ അച്ഛൻ അല്ലെ തുടങ്ങിയ ചോദ്യങ്ങൾ ഒഴിവാക്കുക.. കാരണം ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്ന ഞാനും ആയി യാതൊരു ബന്ധവും ഇല്ല… അഥവാ അങ്ങനെ തോന്നിയാലും അത് തികച്ചും സത്യം മാത്രം ആയിരിക്കും…