💜കൂടെ 💜
രചന: ദേവ സൂര്യ
അന്തിമോന്തണ നേരവും അയാളുടെ ആലയിലെ ഉലയില് തിളച്ചു മറിയുന്ന തീകനലുണ്ടായിരുന്നു…നേരം പുലരുന്ന മുമ്പേ… കിഴക്ക് നിന്ന് സൂര്യൻ കണ്ണ് ചിമ്മി തുറക്കുന്ന മുൻപേ…ആ ആലയിലെ റാന്തൽ വിളക്ക് തെളിയാറുണ്ടായിരുന്നു…
പേര് കേട്ട കൊല്ലനാണ്…””കൊല്ലൻ അയ്യപ്പൻ “””..തട്ടിയാൽ മുറിയണ മൂർച്ചയുള്ള പിച്ചാത്തി മുതൽ പറമ്പ് കിളക്കണ തൂമ്പ തുമ്പ് വരെ ഉരുക്കുപോലുള്ള കൈയ്യാൽ അടിച്ചമർത്തുന്ന കൊല്ലൻ…
പണിയുന്ന കോടാലി മുനയെക്കാൾ മൂർച്ചയാണ് അയാളുടെ കണ്മുനതുമ്പിന്…പണിതീർത്ത വാക്കത്തിയുടെ നിറമായിരുന്നു അയാൾക്ക്… “”ചാരം തേച്ച് മിനുക്കിയ കറുപ്പ് നിറം “”….
സാധനങ്ങൾ പണിയാനല്ലാതെ തെക്കേ കോളനി കൊല്ലനെ തിരക്കാറില്ലായിരുന്നു..ഒരു നോട്ടം കൊണ്ട് പോലും മുറുക്കി ചുവപ്പിച്ച ആ ചുണ്ടിൽ ചിരി ആരും വിടർത്താറില്ലായിരുന്നു…
ചുവന്ന് കലങ്ങിയ കണ്ണിലൂടെ എന്നും അയാൾ ചന്തയിലെത്തുമ്പോൾ വെറുതെ നാല് പാടും പരതുമായിരുന്നു…കാലങ്ങൾക്ക് മുൻപേ നഷ്ട്ടപെട്ട ഒരിളം പുഞ്ചിരി ആ മുറുക്കി ചുവപ്പിച്ച ചുണ്ടിന് നൽകാനായി…
അന്നും അയാളുടെ കണ്ണിനുള്ളിലെ കറുത്ത വട്ടപ്പൊട്ടുകൾ നാല് പാടും പരതി നടന്നിരുന്നു…മൂക്കിലേക്ക് ഇരിച്ചെത്തിയ മീൻ നാറ്റത്തിനിടയിലെവിടെയോ ആ കണ്ണുകൾ നാളുകൾക്ക് ശേഷം വിടർന്നു…””ആ ചുവന്ന് കലങ്ങിയ കണ്ണുകൾ കാലങ്ങൾക്കിപ്പുറം മുറുക്കി ചുവപ്പിച്ച ചുണ്ടുകൾക്ക് നൽകി ഒരു പുഞ്ചിരി…””ഒരിളം പുഞ്ചിരി””…കറുത്ത ചായംപൂശിയ ആ കവിളിണകൾ വർഷങ്ങൾക്ക് ശേഷം കണ്ടു…””പാതി വിരിഞ്ഞ നുണകുഴികളെ””…
അതവളായിരുന്നു…”മീൻകാരി ജാനകി”…താമരമൊട്ടുപോലെ കൂമ്പിവിടർന്ന കരിനീലമിഴികളും…ഉണങ്ങിയ ഞാവൽപഴത്തിന്റേത് പോലെ നിറം മങ്ങിയ ചുണ്ടുകളും….എണ്ണമയമില്ലാതെ വാരികെട്ടിയ മുടിയുള്ളവൾ….ഒരു കറുത്ത ചരട് കഴുത്തിലലങ്കാരമാക്കിയവൾ…കുഞ്ഞു കറുത്ത കടുക്കൻ..കല്ലുമ്മക്കായയുടെ പൊത്ത് പോലുള്ള ഒന്ന്..കാതിലണിഞ്ഞവൾ….കൈ നിറയെ കുപ്പിവളകൾ അണിഞ്ഞവൾ…..
ആ നീലമയമുള്ള…ഉണങ്ങിയ ഞാവൽപഴത്തിന്റെ ചേലുള്ള ചുണ്ടുകളിൽ അപ്പോഴും ചിരി മറഞ്ഞിരിക്കുന്നുണ്ടായിരുന്നു…പൊട്ടിചിരിക്കുമ്പോൾ താളമേകാനായി കുസൃതിയോടെ ഇളകിയാടുന്ന കരിവളകളും….
ആദ്യമായി എന്നപോലെ ആ ചുവന്ന കണ്ണുകൾ അവളെ നോക്കി നിന്നു. കാലങ്ങൾക്കിപ്പുറം മുറുക്കി ചുവപ്പിച്ച തന്റെ ചുണ്ടുകൾക്ക് പുഞ്ചിരി നൽകിയവളോട് കൊല്ലന്റെ കണ്ണിൽ സ്നേഹം വിരിഞ്ഞു…””വെറും സ്നേഹം””…..
“”500 ചാളക്ക് എത്രയാ””….ആദ്യമായ് പുരികം ചുളിക്കാതെ ഒരാളോട് കൊല്ലൻ സംസാരിച്ചു.
“”50 ഉർപ്യ””…പുഞ്ചിരിയോടെ പറഞ്ഞ ആ മുഖത്തേക്ക് കൊല്ലന് ഒന്നൂടെ നോക്കാൻ തോന്നി…””കാരിരുമ്പിന്റെ കട്ടിയുള്ള കൊല്ലന്റെ മനസ്സിലും പ്രേമം വന്നത്രേ””….
ആദ്യം വെറും സ്നേഹം തോന്നിയവളോട് വെറും രണ്ട് വാക്ക് കൊണ്ട് പ്രേമം തോന്നിയെന്നോ?… അവനും അത്ഭുതമായിരുന്നു..അല്ല വെറും രണ്ട് വാക്ക് കൊണ്ട് തോന്നിയതല്ല…
അവൾക്ക് കൊല്ലന്റെ തള്ളയുടെ ഛായ ആയിരുന്നത്രേ..ഇത്തിരി നേരം കൊണ്ട് ചന്തയിലെ മീൻകാരി പെണ്ണിനെ കൊല്ലൻ അറിഞ്ഞിരുന്നു…മെഴുക് പോലുള്ള അവളുടെ ശരീരത്തിലേക്ക് ചൂഴ്ന്ന് നോക്കുന്ന കണ്ണുകളെ മറക്കാൻ നേർത്ത തോർത്ത് മുണ്ടിനാൽ മറച്ചിരുന്നു മാറും…ഉടുത്ത കൈലി മുണ്ടിനാൽ കൂട്ടികുത്തി വച്ച ബ്ലൗസും…പുഞ്ചിരിക്കുമെങ്കിലും ചില കഴുകൻ കണ്ണുകളെ കാണുമ്പോൾ പെണ്ണിന്റെ കരിനീല മിഴികളിലെ പേടിയും കൊല്ലനെ കണ്ടിരുന്നുള്ളൂ….ആ പെണ്ണിന്റെ മനസ്സ് കൊല്ലനേ അറിഞ്ഞിരുന്നുള്ളു….
മീൻ വാങ്ങി…പിന്തിരിഞ്ഞു നടക്കുമ്പോൾ…അന്നാദ്യമായി ആ ചുവന്ന ഞരമ്പുകൾ തെളിഞ്ഞ കണ്ണിൽ പ്രണയം വിരിഞ്ഞു… “”കൊല്ലന് മീൻകാരിപെണ്ണിനോട് പ്രേമം വന്നത്രേ “”…..
ദിവസങ്ങൾ കൊഴിഞ്ഞു വീണു… കൊല്ലന്റെ ആലയിൽ വാക്കത്തികളും തൂമ്പ തൂമ്പുകളും കോടാലികളും കുമിഞ്ഞുകൂടി…ചെന്നിയിലൂടെയും കറുത്ത മെഴുക് പോലുള്ള കൈകളിലും രോമക്കാടുള്ള ആ നെഞ്ചിലും വിയർപ്പ് പൊടിയാത്ത നേരമില്ലാതായി…രാത്രിയിലെ നേർത്ത വെളിച്ചത്തിൽ അവ വെട്ടിത്തിളങ്ങിയിരുന്നു..എന്നിട്ടും ഇരുമ്പിൽ അമരുന്ന ചുറ്റികക്ക് വിശ്രമമില്ലാതായി…വിശന്നു തളരുന്ന നേരം അവന്റെ കണ്ണിലേക്ക് അവനായി സമ്മാനം തന്ന ആ പുഞ്ചിരി തെളിഞ്ഞു വരും…””ചെറുപുഞ്ചിരിയോടെ തളർച്ച മറന്ന് വീണ്ടും ഇരുമ്പിലേക്ക് ചുറ്റികയമരും…കാരണം കൊല്ലന് മീൻകാരി പെണ്ണിനോട് പ്രേമമായിരുന്നത്രെ “”….
അന്നൊരു മഴക്കോളുള്ള ദിവസമായിരുന്നു…പതിവ് പോലെ വടക്കൂന്നേ കേൾക്കാം കൊല്ലന്റെ ആലയിൽ നിന്നുള്ള ഇരുമ്പിലമരുന്ന ശബ്ദത്തെ….
“”എനിക്കൊരു വാക്കത്തി വേണായിരുന്നു””… ആലയുടെ വാതിൽപടിക്കൽ നിന്ന് കേട്ട കിളിനാദത്തിനെ ഒഴുകിയിറങ്ങിയ ചൂണ്ട് വിരലിനാൽ തുടച്ചുകൊണ്ടവൻ നോക്കി….
“”ഒന്ന് ഓങ്ങിയാൽ തന്നെ മുറിയണം… ഇരുത്തലക്കലും മൂർച്ച വേണം””….
ആ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി…അന്നത്തെ പുഞ്ചിരി ആ മുഖത്തില്ല…തിളക്കമില്ലാത്ത കണ്ണിൽ മറ്റെന്തോ ഭാവം..ഇന്നും ആ മാറ് മറച്ചു വച്ചിരിക്കുന്നു…പക്ഷെ നേർത്ത തോർത്തിനാൽ അല്ല…കട്ടിയുള്ള കോട്ടൺ സാരിയാൽ…
“”കാശിത്തിരി ജാസ്തിയാവും പെണ്ണേ… മീൻവിറ്റാൽ കിട്ടണതിലും കൂടുതൽ “”…
ചവച്ചു കൊണ്ടിരുന്ന മുറുക്കാൻ നീട്ടിതുപ്പി ഗൗരവത്തോടെയുള്ള കൊല്ലന്റെ പറച്ചിൽ കേൾക്കെ അവളൊന്നു പുഞ്ചിരിച്ചു….
“”എന്നേക്ക് തരും?… കാശ് പറഞ്ഞാൽ മതി തന്നേക്കാം…മറക്കണ്ട മൂർച്ച കുറയണ്ട… തൊട്ടാൽ പൊടിയണം ചോര… ഒരാളെ കൊല്ലാനാ “”….
മീൻവാങ്ങാൻ ചെന്നപ്പോൾ കണ്ട കണ്ണിലെ പേടി ഇന്ന് ആ കണ്ണിൽ ഇല്ല…പകരം ആ പെണ്ണൊരുത്തിയുടെ കണ്ണിൽ പകയും കൊല്ലൻ കണ്ടു….
“”കുടീല് ഒറ്റക്കാണല്ലേ പെണ്ണേ… നീയ്യ്??””…. ആദ്യമായി കൊല്ലൻ ഓര്ത്തിയോട് ചെയ്ത് തീർത്ത വാക്കത്തി കൊടുക്കുമ്പോൾ കുശലം ചോദിക്കുന്നു….
“”മ്മ്ഹ്…നേർത്ത മൂളലോടെ ഇടുപ്പിൽ ഭദ്രമാക്കി വച്ചിരുന്ന ഒരുകൂട്ടം നോട്ടുകെട്ടുകൾ അയാൾക്കായി നീട്ടി…ആ കണ്ണിലെ കനലിനു തന്റെ ഉലയിൽ തിളച്ചു മറിയുന്ന കനലിനേക്കാൾ ചൂടുണ്ടെന്ന് കൊല്ലന് തോന്നി….
“”ഒറ്റക്കല്ലായിരുന്നു… അപ്പനുണ്ടായിരുന്നു.. ദീനമാണേലും കൂട്ടിന് ഉണ്ടായിരുന്നത് ഒരാശ്വാസമായിരുന്നു…കഴിഞ്ഞ ആഴ്ച പോയി…നെഞ്ച് വേദനയായിരുന്നു…ഇനിയിപ്പോ കുടീല് നിക്കണതിനും നല്ലത് ജയിലിൽ പോയ് കിടക്കണതാ””…. “”എവിടെയായാലും ഒറ്റക്കല്ലേ “”…
അവസാനവാക്കുകളിലെ ഇടർച്ചയവൻ വ്യക്തമായി കേട്ടിരുന്നു…
“”കാത്തിരിക്കാൻ ആളില്ലേൽ ജയിലിൽ പോണതിന് ഒരു രസമില്ല പെണ്ണെ “”….
കൊടുത്ത കാശ് എണ്ണിത്തിട്ടപെടുത്തി പോക്കറ്റിൽ തിരുകുന്നതിനിടെയിൽ ആദ്യമായി കൊല്ലന്റെ കണ്ണിൽ കുസൃതി വിരിഞ്ഞു….
“”ഈ വാക്കത്തിയേക്കാൾ ഉറപ്പും മൂർച്ചയുമുള്ള ഒരു കൈ തന്നാൽ കൂടെ പോന്നേക്കാവോ??…. കൊല്ലന്റെ പെണ്ണിനെ തൊടാൻ ആരും ഈ ആലക്ക് അകത്തോട്ട് വരത്തില്ല “”….
എന്നും ഗൗരവത്തോടെ പുരികം ചുളിച്ചവന്റെ ചോന്നകണ്ണിൽ ആ മീൻകാരി പൊട്ടിപെണ്ണ് ആദ്യമായി പ്രണയം കണ്ടു…കറുത്തിരുണ്ട കവിളിണയിൽ പാതിവിടർന്ന നുണക്കുഴികൾ തെളിഞ്ഞത് കണ്ടു…മുറുക്കി ചുവപ്പിച്ച ചുണ്ടുകളിൽ കുസൃതിചിരിയും കണ്ടു….
മറുപടിയെന്നോണം ആ കരിനീലമിഴികൾ നിറഞ്ഞു കവിഞ്ഞു….ഉണങ്ങിയ ഞാവൽപഴത്തിന്റെ ചേലുള്ള ചുണ്ടുകളിൽ അവനായി മാത്രമുള്ള പുഞ്ചിരി വിരിഞ്ഞു…ആ നീലമയമുള്ള ചുണ്ടിൽ അവനത് കണ്ടു.. “””പ്രണയചുവയുള്ള പുഞ്ചിരി “””…..
“”ജാനകീന്ന് തികച്ചു വിളിക്കത്തില്ല…””ജാനു””അതെ ഞാൻ വിളിക്കൂ “” അമ്പലനടയിൽ നിന്ന് താലിച്ചരട് കഴുത്തിൽ മുറുകിയപ്പോൾ കാതോരമായി മുറുക്കിച്ചുവപ്പിച്ച ആ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു…മറുപടിയെന്ന പോലെ… സീമന്തരേഖയിലെ ചുവപ്പ് നിറം ആ മീൻകാരി പെണ്ണിന്റെ കവിളിലും പടർന്നിരുന്നു…
ആ രാത്രി…പതിവില്ലാതെ ചോറിനൊപ്പം കൊല്ലൻ വെള്ളമൂറുന്ന സാമ്പാറ് കൂട്ടി ചോറുണ്ടിരുന്നു…ആ രാത്രി… കൊല്ലന്റെ ആലയിലെ റാന്തൽ വിളക്ക് നേരത്തെ അണഞ്ഞിരുന്നു…പതിവില്ലാതെ ആ രാത്രി കൊല്ലന്റെ നെഞ്ചിൽ തലവച്ച് കിടക്കാനും… വയറിന് മീതെ കൈകൾ കൊണ്ട് വലിഞ്ഞു മുറുകാനും….””കൊല്ലന്റെ പെണ്ണ് “”എന്ന് അഭിമാനത്തോടെ പറയാനായി കൊല്ലന്റെ ആലയിൽ പെണ്ണൊരുത്തി കൂടിയുണ്ടായിരുന്നു….
“”നിന്നെ കണ്ടാൽ എന്റെ അമ്മയെ പോലെയാ ജാനുവേ…അമ്മ പോയേ പിന്നേ ഇങ്ങനെ സ്വസ്ഥമായി ഒന്ന് കിടന്നിട്ടില്ല പെണ്ണെ ഞാൻ “”….കണ്ണിൽ നീർത്തിളക്കത്തോടെ പറയുന്നവനെ കൗതുകത്തോടെ നോക്കി കിടന്നു….
അന്നാദ്യമായി ഒരുവനോട് മീൻകാരി പെണ്ണിന് പ്രേമം തോന്നിയത്രേ…..ആ കരിനീല മിഴികൾ പിടച്ചിരുന്നത്രെ….
“”മീൻകൊട്ട ചുമന്ന് നടന്ന നിനക്കെങ്ങനെയാ ജാനുവേ…ചെമ്പകത്തിന്റെ മണം വന്നേ “”… ആ ചുവന്ന കണ്ണിലും പ്രണയം നിറയുന്നത് ആ കരിനീല മിഴികളിൽ തെളിഞ്ഞു കണ്ടു…
“”ഉലയിലെ പുകയുടെ മണമുള്ള ഈ ഇടനെഞ്ചനെ പ്രണയിക്കാൻ തുടങ്ങിയപ്പോളാണെന്റെ കെട്ടിയോനെ “”… നാണത്തോടെ കണ്ണുകൾ താഴ്ത്തി ആ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു….
അന്നാദ്യമായി…ഉണങ്ങിയ ഞാവൽപഴത്തിന്റേത് പോലെ നിറം മങ്ങിയ അവളുടെ ചുണ്ടുകൾ ചുവന്നിരുന്നു… മുറുക്കി ചുവപ്പിച്ച കൊല്ലന്റെ ചുണ്ടുകൾ ആ നീലമയമുള്ള ചുണ്ടുകളെ ചുവപ്പിച്ചിരുന്നു…
അന്നാദ്യമായി… പെണ്ണൊരുത്തി കൊല്ലൻ അയ്യപ്പന്റെ മനസ്സ് കണ്ടു. കാരിരുമ്പിന്റെ കരുത്തുള്ള കൊല്ലന്റെ മഞ്ഞ് പോലുള്ള മനസ് കണ്ടു. അന്നാദ്യമായി ആ ചോന്ന ഞരമ്പുള്ള കണ്ണുകളിൽ മീൻകാരി പെണ്ണ് പ്രണയം കണ്ടിരുന്നു…””അവളോട് മാത്രമായുള്ള പ്രണയം””…..
അപ്പോഴും കൊല്ലന്റെ ആലയിലെ ഉലയിൽ കനൽവെട്ടം അണഞ്ഞിരുന്നില്ല. ഇരുമ്പിനെ ചുവപ്പിക്കാനായി പൊരിപാറുന്ന കനൽകട്ടകൾ കാത്തിരിക്കുന്നുണ്ടായിരുന്നു. “””കൊല്ലന്റെ പെണ്ണിന് വേണ്ടി കൊല്ലൻ കാത്തിരുന്നപോലെ”””……
ഇഷ്ടമായാൽ എനിക്കായ് ഒരുവരി കുറിക്കണേ 😊….