നിന്നേയറിയുംനേരം
രചന: ഉണ്ണി കെ പാർത്ഥൻ
“ഇപ്പൊ പ്രണയിക്കാൻ എനിക്ക് വട്ടുണ്ടോ..അതും നിന്നേ..” പഞ്ചമിയുടെ വാക്കുകൾ കേട്ട് കാശ്യപ് ഒന്ന് ചിരിച്ചു…
“അതെന്താ ഡീ..ഞാൻ അത്രേം മോശമാണോ…” കാശ്യപ് ചോദിച്ചു..
“മോശമായത് കൊണ്ടല്ല ഡാ…മ്മടെ പ്രായം..അതാണ് ന്നേ ഏറ്റവും കുഴപ്പം..”
“പ്രായത്തിനു ന്താ കുഴപ്പം..” കാശ്യപ് വീണ്ടും ചിരിച്ചു..
“കുഴപ്പമില്ലേ..” പഞ്ചമി മുടിയിഴ പതിയെ മാടിയൊതുക്കി കൊണ്ട് ചോദിച്ചു…
“ന്താ കുഴപ്പം…”
“നമ്മുടെ വയസ് തന്നേ ആണ് കുഴപ്പം..”
“വയസിനു ന്താ കുഴപ്പം..”
“കാശി…നിനക്ക് മുപ്പത്തി മൂന്ന്…എനിക്കു നൽപ്പത്..അത് തന്നെ കുഴപ്പം..”
“എന്നിട്ട് ഞാൻ നിന്നെ ന്താ ചേച്ചീന്ന് വിളിക്കാത്തത്..” എടുത്തടിച്ചുള്ള കാശ്യപിന്റെ ചോദ്യം കേട്ട് പഞ്ചമി ഒന്ന് വിളറി..
“അത് പിന്നേ..”അവൾ വാക്കുകൾ കിട്ടാതെ ഒരു നിമിഷം വിക്കി..
“ആ എനിക്ക് എങ്ങനെ അറിയാം..വിളിക്കേണ്ടത് നീയല്ലേ..ഞാനല്ല ലോ…” പഞ്ചമി പതിയെ പറഞ്ഞു..
“ന്തായാലും ഞാൻ വിവാഹം കഴിക്കണം ന്ന് കരുതി നടന്ന ഒരാളല്ല…വിവാഹമേ വേണ്ടാ ന്ന് കരുതി നടന്ന ഒരാളാണ് ഞാൻ..പക്ഷേ..എന്നോ കണ്ടു മുട്ടിയ ഒരു സൗഹൃദം..ചേച്ചി… എന്നുള്ള ഒരു വിളിയിൽ തുടങ്ങിയ ആ സൗഹൃദം വളർന്നത് നമ്മൾ പോലും അറിയാതെയായിരുന്നു…പിന്നീടെപ്പോളോ ചേച്ചി എന്നുള്ള വിളി..നീയെന്നും..ഡീയെന്നും മാറിയപ്പോൾ എതിർപ്പ് പറഞ്ഞിരുന്നില്ല നീ..ശരിയല്ലേ…” കാശ്യപിന്റെ ചോദ്യത്തിനു മുന്നിൽ പതറി പതിയെ തലയാട്ടി നിന്നു പഞ്ചമി…
“ആ ഇഷ്ടത്തിന് ഒടുവിൽ..ഒരുനാൾ..എനിക്ക് ഒരാലോചന വന്നപ്പോൾ…നിന്റെ നെഞ്ച് പൊള്ളുന്നത് ഞാനറിഞ്ഞു…ആ വിങ്ങൽ കാണാതിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല..കാരണം…നിന്നേ എനിക്ക് അത്രേം ഇഷ്ടമായിരുന്നു..കുടുംബത്തിന്റെ ബാധ്യതകൾ തലയിൽ കയറിയപ്പോൾ സ്വന്തം ജീവിതം അനിയത്തിമാർക്ക് വേണ്ടി ഉഴിഞ്ഞു വെച്ച നിന്നോട് എനിക്ക് സഹതാപം തോന്നി ചോദിക്കുന്നതല്ല….ഇഷ്ടങ്ങൾക്ക്…കൂടെ കൂടുന്ന പാതിയുടെ ബലം തരുന്ന കരുതൽ..ആത്മവിശ്വാസം..അതൊക്കെ എത്ര വലുതാണ് ന്ന് അറിയോ..” കാശ്യപിന്റെ ശബ്ദം നേർത്തിരുന്നു..
“ഡാ…നമ്മളെ ഈ സമൂഹം പുച്ഛിച്ചു തള്ളും…നമ്മൾ ഒറ്റപ്പെടും..അതൊക്കെ നീ ഒന്ന് ഓർത്ത് നോക്കിയേ..” പഞ്ചമിയുടെ ശബ്ദം ഇടറിയിരുന്നു..
“സമൂഹം…മണ്ണാങ്കട്ട..അവരുടെ ചിലവിലാണോ മ്മള് ജീവിക്കുന്നത്..നമ്മൾ നമ്മുടെ ഇഷ്ടത്തിന് ജീവിക്കുന്നു..ഞാൻ ആരെ വിവാഹം കഴിക്കുന്നോ…ആ പെണ്ണിനെ ന്റെ അമ്മ ഇരു കയ്യും നീട്ടി സ്വീകരിക്കും…എനിക്ക് എന്റെ അമ്മയുടെ മാത്രം സമ്മതം മതി…അമ്മയുടെ അനുഗ്രഹം മതി….” ഉറച്ചതായിരുന്നു കാശ്യപിന്റെ ശബ്ദം..
“ഡാ…ഒരിക്കൽ…ഇഷ്ടങ്ങളേ മടുത്തു പോകുന്ന ചില നിമിഷങ്ങളുണ്ടാവും ജീവിതത്തിൽ..നേരറിഞ്ഞ കാഴ്ചകൾക്ക് പകരം വെക്കാൻ കഴിയാതെ നിന്നു പോകുന്ന നിമിഷങ്ങൾ..അന്ന്…ചിലപ്പോൾ നമ്മൾ പകച്ചു പോകും..തിരിഞ്ഞു നോക്കുമ്പോൾ..തിരിച്ചറിയാൻ വൈകി പോകുന്ന ചില തിരിച്ചറിവുകൾ ഉണ്ടാവും ജീവിതത്തിൽ…ഇത് വേണ്ടായിരുന്നു ന്ന് തോന്നി പോകുന്ന നിമിഷങ്ങൾ..ചിന്തകൾ…ആ ചിന്തകൾക്കൊടുവിൽ..സ്വയമേ നീറി നെഞ്ചുരുകി മിഴികളിൽ പൊടിയുന്ന നനവിന്..ചിലപ്പോൾ പിടിച്ചു നിർത്താൻ കഴിയില്ല…അറിയാതെ പൊട്ടി കരഞ്ഞു പോകും…ഞാൻ..ഞാൻ കാരണമല്ലേ ഇതെല്ലാം എന്ന് ചോദിച്ചു പോകുമ്പോഴേക്കും..കാലം ഒരുപാട് മുന്നോട്ട് പോയി കാണും…ജീവിതം വളരേ മാറിക്കാണും..” പഞ്ചമി ഒന്ന് തേങ്ങി..കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് കാശ്യപിനെ ഒന്ന് നോക്കി..
“കഴിഞ്ഞോ…അതോ ഇനിയുമുണ്ടോ…’
“കഴിഞ്ഞു…” പഞ്ചമി പതിയെ പറഞ്ഞു..
“നീ ചാകുന്നത് വരേ എന്നെ പൊന്ന് പോലെ നോക്കാമോ..” കാശ്യപ് ചോദിച്ചു..
“മ്മ്…”
“ങ്കിൽ ഞാൻ ചാകും വരേ നിന്നേ ദേ ഇങ്ങനെ ചേർത്ത് പിടിക്കും..” വയറിൽ തന്റെ കൈ ചേർത്ത് പിടിച്ചു പഞ്ചമിയേ നെഞ്ചോട് ചേർത്ത് പിടിച്ചു കാശ്യപ്..
“താലി വേണോ കഴുത്തിൽ..” ചെവിയിൽ പതിയെ ചുണ്ടമർത്തി കാശ്യപ്..
“പിന്നേ…വേണ്ടേ..നാളെ..ന്റെ പിള്ളേരുടെ അച്ഛനാകുമ്പോൾ..എനിക്കും അതൊരു ബലമല്ലേ…” പഞ്ചമി ഒന്ന് കുറുകി പിന്നെ കാശ്യപിന്റെ നെഞ്ചിലേക്ക് ചാഞ്ഞു…
“അപ്പൊ പ്രായം…” കാശ്യപ് പതിയെ ചോദിച്ചു..
“പോവാൻ പറ പുല്ല്…”പഞ്ചമി ഒന്നുടെ ചേർന്നു കാശ്യപിനോട്..
“നാട്ടുകാർ…”
“പിന്നേ അവരല്ലേ നമുക്ക് ചിലവിനു തരുന്നത്…മ്മക്ക് അടിപൊളി ആയി ജീവിച്ചു കാണിച്ചു കൊടുക്കണം ന്നേ…അവര് കണ്ടു അസൂയപെടട്ടെ..പ്രായം ഒന്നിനും ഒരു തടസമല്ലന്ന് അവരും അറിയട്ടെ ന്നേ…”
വയറിൽ ചേർത്ത് പിടിച്ച കാശ്യപിന്റെ വലതു കൈയിൽ ചേർത്ത് പിടിച്ചു പഞ്ചമി ചിരിച്ചു കൊണ്ട് പറഞ്ഞു….അങ്ങ് അകലേ…അസ്തമയ സൂര്യനേ സാക്ഷിയാക്കി കാശ്യപ് പഞ്ചമിയേ നെഞ്ചിലേക്ക് ഒന്നുടെ ചേർത്ത് പിടിച്ചു…
ശുഭം…