വേർപാട് ~ രചന: അബ്ദുൾ റഹീം പുത്തൻചിറ
അമ്പലപ്പറമ്പിലെ ആലിൻചുവട്ടിൽ അവർ രണ്ടു പേരും ഒന്നും മിണ്ടാതെ കുറച്ചു നേരം നിന്നു …രണ്ടുപേരുടെയും കണ്ണുകൾ നിറയുന്നുണ്ടായി …ഒരിടവേളയ്ക്ക് ശേഷം അവൾ പറഞ്ഞു തുടങ്ങി ..
“ടാ ഞാൻ പൊയ്ക്കോട്ടെ” …
ഉം..
“നീ കരയല്ലേ…നീ ഇങ്ങനെ കരഞ്ഞാൽ ഞാൻ പോകില്ല..”
ഒരു പൊട്ടിക്കരച്ചിൽ അവന്റെ നിയന്ത്രണങ്ങളെ വിട്ടിരുന്നു …കരയില്ലന്ന് ഇന്നലെ കൂട്ടുകാരോട് പറഞ്ഞിട്ടു വന്നതാണ് ..പക്ഷെ പറ്റണില്ല…ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല… അഞ്ചു വർഷം.. ജീവനെ പോലെ കണ്ടവൾ …ഒരു സുപ്രഭാദത്തിൽ യാത്ര പറഞ്ഞു പോകുന്നു …കാരണം മാത്രം പറയാതെ …..പ്രണയമായിരുന്നില്ല….ജീവനായിരുന്നു….അല്ല… ജീവൻ തന്നെയായിരുന്നു…ഒരു നിമിഷം നിലച്ചാൽ മരിച്ചു പോകുന്ന ശ്വാസത്തേക്കാൾ കൂടുതൽ ….ഇണക്കങ്ങൾ മാത്രമായിരുന്നു….പിണങ്ങിയിട്ടില്ല …എല്ലാ കുറുമ്പുകളിലും കൂടെ നിന്നിട്ടുള്ളൂ….അവൾ ഇന്നു ഒരു വാക്കിൽ യാത്ര പറഞ്ഞു പോവുകയാ ….
“എന്താടാ ഇങ്ങനെ….എനിക്ക് വിഷമം ഇല്ലാന്നാണോ നിനക്ക് തോന്നുന്നത്…പക്ഷെ ….ഈ യാത്ര പറച്ചിൽ ജീവിതത്തിൽ ഉണ്ടാകുമെന്ന് കരുതിയതല്ല…എനിക്ക് ഇതല്ലാതെ വേറെ വഴിയില്ല….നീ എന്നെ ശപിച്ചോ…അല്ലങ്കിൽ എന്നെ ചീത്ത പറഞ്ഞോ…അങ്ങനെയെങ്കിലും നിനക്ക് ഒരു ആശ്വാസം കിട്ടട്ടെ..”…ദേവിക സങ്കടത്തോടെ പറഞ്ഞു..
“ഇല്ലടാ…നീ പൊയ്ക്കോ …തിരിഞ്ഞു നോക്കാതെ പോകണം….ഞാൻ കരയും..കാരണം ഇതല്ലാതെ എനിക്ക് ഒന്നും ചെയ്യാനില്ല..”.അതും പറഞ്ഞു വരുൺ ആലിൻ ചുവട്ടിലിരുന്ന് പൊട്ടിക്കരഞ്ഞു…. ഒരു നിമിഷം അവനെ നോക്കിയ ശേഷം അവൾ മിണ്ടാതെ തിരിഞ്ഞു നടന്നു…
കാറിലിരുന്ന് പൊട്ടിക്കരഞ്ഞ ദേവികയെഎന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ മിത്ര വിഷമിച്ചു
“പറ്റണില്ല… അവനില്ലാത്ത ഒരു നിമിഷം എനിക്ക് പറ്റില്ല….അവൻ എന്നെ പ്രണയിച്ചതല്ല….എന്നെ ജീവനാണ്…എനിക്കും.”…അതും പറഞ്ഞു കൈരണ്ടും മുഖത്തോട് ചേർത്തു ദേവിക കരഞ്ഞു…”പക്ഷെ ..ഇപ്പോൾ അവനെ ഞാൻ ഒഴിവാക്കിയില്ലങ്കിൽ അവനും എന്റെ കൂടെ പോരും….പാവം അമ്മക്കും അനിയത്തിക്കും അവൻ മാത്രമേയുള്ളൂ …അവരുടെ സന്തോഷം ഞാൻ ആയിട്ട് എങ്ങനെയാ കളയാ “…
“നിനക്കറിയോ ആരുമില്ലാത്ത എനിക്ക്.. ഞാനുണ്ട് കൂടെ എന്നും പറഞ്ഞു.. അവന്റെ കൂട്ടുകാരെയും, കുടുംബക്കാരെയും എന്റേതുകൂടിയാണെന്നും പറഞ്ഞു കൂടെ ചേർത്തതാ …ഞാനാണ് അവനോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞത്….പക്ഷെ അവൻ സമ്മതിച്ചില്ല…ഞാൻ അവനെകൊണ്ടു സമ്മതിപ്പിച്ചതാ “..ഏങ്ങലടിച്ചു കൊണ്ടാണ് ദേവിക ഓരോന്നും ഓർത്തുകൊണ്ട് പറഞ്ഞുകൊണ്ടിരുന്നത്….അവളുടെ കരച്ചിൽ കണ്ടു മിത്രക്കും സങ്കടം വന്നിരുന്നു…അവൾക്കറിയാമായിരുന്നു അവരുടെ സ്നേഹം എത്രത്തോളം വലുതാണെന്ന്” …
“ടീ നീ ഒരു കാര്യം ചെയ്യോ”…കണ്ണുകൾ തുടച്ചുകൊണ്ടു ദേവിക മിത്രയുടെ മുഖത്തേക്ക് നോക്കിക്കൊണ്ടു ചോദിച്ചു…
“ഞാൻ ഇല്ലാതായാൽ …അവനെ ഒറ്റക്കാക്കരുത്… ഇടക്ക് നീ പോയി അവന്റെ കാര്യങ്ങൾ അന്വേഷിക്കണം …അവൻ പാവമാ…ചിലപ്പോൾ കുറച്ചുനാളെടുക്കും അവൻ ഈ ഷോക്കിൽ നിന്നും പുറത്തുവരാൻ…ചിലപ്പോൾ വർഷങ്ങൾ.” കരച്ചിൽ അവളുടെ വാക്കുകളെ വിഴുങ്ങി…
“എന്നെങ്കിലും അവന്റെ അമ്മയോട് നീ സത്യം പറയണം…പക്ഷെ ഒരിക്കലും അവനോട് പറയരുത്…അവനത് സഹിക്കില്ല…കരച്ചിലിൽ അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.” …
നീ കരയല്ലേ….എല്ലാം ശരിയാകും…
“ഇല്ലടാ …ഇനി ഒന്നും ശരിയാകാൻ പോകുന്നില്ല….കൂടിവന്നാൽ കുറച്ചു നാൾ മാത്രം അതിൽ കൂടുതൽ ഇനിയില്ല….
“ജീവിതത്തിൽ ഞാൻ അനാഥയായിരുന്നു….ഒറ്റക്കിരിക്കുന്ന എന്നോട് കൂട്ടുകൂടാൻ വന്നതാണ് അവൻ….അവസാനം ജീവനും ജീവിതവും അവൻ മാത്രമായി…അറിയാതെ പോലും എന്റ വിരലിൽ അവൻ ഇതുവരെ തൊട്ടിട്ടില്ല …ഒരുപാട് സ്വപ്നങ്ങൾ കണ്ടു….ദൈവം ഒന്നും നടത്തി തന്നില്ല…ദൈവത്തെ കണ്ടാൽ ഞാൻ ചോദിക്കും…എന്നോട് എന്തിനാ ഇങ്ങനെ ചെയ്തതെന്ന്.”…പുറത്തേക്കു നോക്കിയിരുന്നുകൊണ്ട് ദേവിക വിതുമ്പി…
“നീ ഇങ്ങനെ വിഷമിക്കല്ലേ ..”.മിത്ര അവളുടെ തല തോളിൽ ചാരി വെച്ചുകൊണ്ട് പറഞ്ഞു…”നമ്മൾ ഇതുപോലെ തന്നെ തിരിച്ചു വരും..എനിക്കുറപ്പുണ്ട്”…
അപ്പോഴേക്കും ആ വാഹനം റീജിണൽ ക്യാൻസർ സെന്ററിൽ എത്തിയിരുന്നു. ആ കുഞ്ഞു മുറിയുടെ കട്ടിലിൽ ഇരുന്നുകൊണ്ട് അവൾ കയ്യിലുണ്ടായിരുന്ന അവന്റെ ഫോട്ടോ നോക്കികൊണ്ടിരുന്നു….”വേർപാട് അത് മരണത്തിനു തുല്യമാണ് .”.അവൾ മനസ്സിൽ പറഞ്ഞു…