ഇതിനിടെ ആ പെണ്ണ് വന്ന് അവനെ തടയാൻ ശ്രമിച്ചെങ്കിലും, അനിയന്റെ കൈക്കരുത്തിൽ അവൾ തെറിച്ചുവീണു…

ഒരു മാസ്കിന്റെ അപാരത

രചന: നന്ദു അച്ചു കൃഷ്ണ

“രാവിലെ എങ്ങോട്ടാണ് ചേട്ടനും അനിയനും കൂടി….. “

“എന്തേ…. “

“അല്ല… രാവിലെ ആരുടെ മെക്കിട്ട് കയറാനാണ് പോകുന്നതന്ന് ചോദിച്ചതാണെ … “

“ഇതുവരെ നിശ്ചയിച്ചിട്ടില്ല… തീരുമാനം ആകുമ്പോൾ കുറിമാനം എഴുതി അയക്കാം… എന്തെ .. “

“എഴുതി അയച്ചിട്ട് കാര്യമില്ല.. വാട്ട്സപ്പിൽ ലൊക്കേഷൻ അയച്ചു തന്നാൽ മതി… അങ്ങനെയാകുമ്പോൾ നാട്ടുകാരോട് ചോദിക്കാതെ തന്നെ  നിങ്ങളെ വന്നു കോരിയെടുത്തു കൊണ്ട് വീട്ടിലേക്ക് വരാമല്ലോ… “

“ഓ രാവിലേ തന്നെ വാക്കുകളിൽ പുച്ഛം.. മക്കളെ 50 പൈസക്ക് പോലും വിലകല്പ്പിക്കാത്ത നിങ്ങളെ ഒക്കെ ഉണ്ടെല്ലോ…  അമ്മ എന്ന് വിളിക്കേണ്ടി വരുന്നതിൽ ഞാൻ ഖേദിക്കുന്നു….ലജ്ജിക്കുന്നു.. ഹും  “

“ഓ…  എനിക്കിപ്പോൾ അങ്ങനത്തെ ഖേദം ഒന്നുമില്ല… ജനിപ്പിച്ചു പോയില്ലേ…”അമ്മ ആത്മഗതം പോലെ പറഞ്ഞു  മുഖം തിരിച്ചു….

“ദേ അമ്മയാണെന്നും ഞാൻ നോക്കില്ല…. വെറുതെ എന്നെ കൊണ്ട് ഇംഗ്ലീഷ് അക്ഷരമാല മുഴുവനും പറയിപ്പിക്കരുത്… “

“വേണ്ട അനിയാ വേണ്ട… ജരാനരകൾ ബാധിച്ചു നിൽക്കുന്ന ആ സ്ത്രീയോട് നീയിനി  ഒന്നും പറയേണ്ട… വരൂ നമുക്ക് പോകാം…. “

അമ്മയെ ഒന്ന് ദഹിപ്പിച്ചു നോക്കി ജേഷ്ഠനും അനിയനും പുറത്തേക്കിറങ്ങി….

“ജ്യേഷ്ഠാ… ഞാൻ വീണ്ടും ചോദിക്കുകയാണ്… അവളെ വിളിച്ചിറക്കി കൊണ്ടു വരാൻ ഏട്ടൻ തീരുമാനിച്ചോ … “

“അതല്ലാതെ മറ്റൊരു മാർഗവും ഞാൻ കാണുന്നില്ല അനിയാ “

“എന്താ ജേഷ്ഠാ, ജേഷ്ഠൻ ഇപ്പോൾ പറഞ്ഞത്…. ശരിക്കും അങ്ങോട്ട് തിരിഞ്ഞില്ല… “

“അത്  ഈ മാസ്കും വെച്ച് സംസാരിക്കുന്നതു കൊണ്ടാണ്.. പുല്ല്… ഇനി എത്രകാലം ഇത് വെച്ചുകൊണ്ട് നടക്കേണ്ടി വരുമോ,  ആവോ … “

“ശരിക്കും ഞാനൊരു കഷ്ടകാലം പിടിച്ചവനാണടാ …. അവളോട് എന്റെ ഇഷ്ടം തുറന്നു പറയണംന്ന് കരുതിയതിന്റെ പിറ്റേന്നല്ലേ ഈ കോലാഹലമൊക്കെ.. അല്ലെങ്കിലും കഷ്ടകാലം പിടിച്ചവൻ തല മൊട്ട അടിക്കുമ്പോൾ കൊറോണ വന്നു
വീഴും…  “

“ഏട്ടൻ ഒന്നുകൊണ്ടും വിഷമിക്കേണ്ട…. ഐറിൻ,  ജ്യേഷ്ഠനുള്ളതാണ്…. ഇത് സത്യം..സത്യം… സത്യം . “

“നിന്റെ വാക്കുകൾ  കേൾക്കുമ്പോൾ ഒരു സന്തോഷം ഒക്കെ തോന്നുന്നുണ്ട്…പക്ഷേ ഇനി അവൾക്ക് വേറെ ആരോടെങ്കിലും..” അവൻ പകുതിയിൽ നിർത്തി….. 

“ജേഷ്ഠന് അങ്ങനെ ഒരു പേടിയെ വേണ്ട..പള്ളിയിൽ വെച്ച് അവൾ ഒളിഞ്ഞും പാത്തുമൊക്കെ  ജേഷ്ഠനെ തന്നെ നോക്കി ഇരിക്കുന്നത് ഞാൻ എത്ര തവണ കണ്ടതാണ്… അതുകൊണ്ട് നോ  ഡൗട്ട് ..ഓക്കേ  “അവന്റെ മുഖത്തു ആശ്വാസം അലതല്ലി….

“ആണല്ലേ.. “

“ആന്നെ….. “

അങ്ങനെ അവർ ഓരോന്നും പറഞ്ഞു കുരിശടിയുടെ വളവ് തിരിഞ്ഞതും അല്ല… കുറച്ച് മുന്നിൽ പരസ്പരം കെട്ടിപ്പിടിച്ച് നിൽക്കുന്ന രണ്ടു പേരെ കണ്ടു അവർ ഞെട്ടി..

ചേട്ടന്റെ കണ്ണിൽനിന്നും അടർന്നു വീഴുന്ന കണ്ണുനീർ കണ്ട് അനിയൻ പേടിച്ചു….  കാര്യം തിരക്കി..

“എന്തുപറ്റി ജേഷ്ഠ.. “

“ന്റെ കർത്താവേ… ഇതൊക്കെ കാനിക്കുന്നതിനു മുൻപ് നിനക്ക് എന്നെ അങ്ങ് കൊന്നൂടാരുന്നോ  ..” മുന്നിൽ നിൽക്കുന്നവരെ നോക്കി അവൻ പറഞ്ഞു….

“നടുറോഡിൽ രണ്ടുപേർ ആലിംഗനബദ്ധരായി നിൽക്കുന്നത് കണ്ടതിന്റെ  ആണോ ഈ റിയാക്ഷൻ … മോശം… മോശം…. വി ആർ ന്യൂ ജെൻ…. ഇതൊക്കെ ഇപ്പോൾ സാധാരണമല്ലേ ജേഷ്ഠാ …. ആദ്യം കണ്ടപ്പോൾ ഞാനും ഒന്ന് ഞെട്ടിന്നുള്ളത് സത്യമാണ്…. പക്ഷേ  ചുംബന സമരം നടന്ന നാടന്ന നിലയ്ക്ക് ഇതൊക്കെ കാണാൻ നാം ബാധ്യസ്ഥരാണ്..സോ ഡോണ്ട് വറി “

“ആ നിൽക്കുന്ന രണ്ടു പേർ ആരാണെന്ന്  നിനക്ക് അറിയുമോ അനിയാ ….

“ആവോ…. മാസ്ക് ഇട്ടിരിക്കുന്ന കാരണം കൃത്യമായിട്ടങ്ങോട്ട്  അറിയാൻ പറ്റുന്നില്ല…എന്തെ “

“അത് വേറെ ആരും ഇല്ലെടാ.. എന്റെ ഐറിൻ  ആണ്.. കഴിഞ്ഞ തവണ പള്ളിപ്പെരുന്നാളിന് അവൾക്കായി  അനിയത്തിയുടെ കയ്യിൽ ഞാൻ  വാങ്ങിക്കൊടുത്ത ഗൗൺ ആണത്…ഞാനിതെങ്ങനെ സഹിക്കും “

“സത്യമായിട്ടും….”

“സത്യം അനിയാ സത്യം…” ജേഷ്ഠൻ കണ്ണു പൊട്ടി കരയാൻ തുടങ്ങി….

“അപ്പോൾ കൂടെയുള്ളവനൊ…. “

“അത് ആ പ്ലാങ്കാകാട്ടിൽ ജേക്കബ് ആയിരിക്കും… കുറെ നാളായി അവളെ മണപ്പിച്ച് നടക്കാൻ തുടങ്ങിയിട്ട്…. മുടിഞ്ഞ കാശുകാരൻ അല്ലേ… അതാകാം അവളെന്നെ തേച്ചത്…അയ്യോ… കർത്താവേ “

ജേഷ്ഠന്റെ  കണ്ണിൽ നിന്നും ഉൽഭവിക്കുന്ന നദി കണ്ടു, അനിയന്റെ രക്തം തിളക്കാൻ തുടങ്ങി… തന്റെ ജേഷ്ഠനെ തേച്ചൊട്ടിച്ചവൾ മറ്റാരുടെയും കൂടെ സന്തോഷത്തോടെ വാഴണ്ട എന്ന് മനസ്സിൽ ഉറപ്പിച്ച അവൻ അവർക്ക് നേരെ  ഹൃതിക് റോഷൻ  ( വാർ ഫിലിം ) മോഡലിൽ നടന്നു ചെന്നു…..

“എടാ…”. അവളിൽ നിന്നും അവനെ ഒറ്റ  തള്ളിന്  നിലത്തേക്കിട്ടുകൊണ്ട്  അനിയൻ ജേക്കബിന്റെ  നെഞ്ചിൽ കാലും വെച്ച് നിന്നു….

“അയ്യോ തല്ലല്ലേ…”

“തല്ലുകയല്ലെടാ  നിന്നെ കൊല്ലുകയാണ് വേണ്ടത്….അലഞ്ഞവലാതി മോനെന്നും   പറഞ്ഞ് അവൻ വീണ്ടും വീണ്ടും ജേക്കബിനെ പൊതിരെ തല്ലി.. ഇതിനിടെ ആ പെണ്ണ് വന്ന് അവനെ തടയാൻ ശ്രമിച്ചെങ്കിലും, അനിയന്റെ കൈക്കരുത്തിൽ അവൾ തെറിച്ചുവീണു…

അവിടെ നിന്നും ചാടി എഴുന്നേൽക്കാൻ പോയ അവളെ അനിയൻ കഴുത്തിൽ കുത്തിപ്പിടിച്ച് മരത്തിലേക്ക് ചേർത്തുനിർത്തി…..

ടി… നിന്നെ എന്റെ ജേഷ്ഠൻ പുള്ളിയുടെ മനസ്സിലെ കൊട്ടാരത്തിൽ ദേവസേനയെ പോലല്ലെടി  വാഴിച്ചത്…. പക്ഷേ നീ വെറും മാടമ്പള്ളിയിലെ ചിത്തരോഗി ആയിപ്പോയല്ലോ.. നിന്റെയീ ശങ്കരൻ തമ്പിയെ ഞാനിന്നു കൊല്ലും” അത്രയും പറഞ്ഞു അനിയൻ അവളെ ആഞ്ഞു തല്ലി….

അതിന്റെ  ഊക്കിൽ അവളുടെ മുഖത്തു നിന്നും  മാസ്ക് താഴേക്കു വീണു…

വീണ്ടും അനിയന്റെ കൈ അവൾക്ക് നേരെ ഉയർന്നതും  ചേട്ടൻ ആ കയ്യിൽ കേറി പിടിച്ചു..

“എന്തേ…. അവളെ തല്ലിയപ്പോൾ നൊന്തോ …നിങ്ങൾക്ക് ഇപ്പോഴും മതിയായില്ലേ… ശ്ശേ…. നിങ്ങളെ ജേഷ്ഠൻ എന്ന് വിളിക്കാൻ  തന്നെ എനിക്ക് അപമാനം തോന്നുന്നു…”

“അനിയാ അതല്ല കാര്യം….” ജേഷ്ഠൻ അവനെ വലിച്ചു മാറ്റി നിർത്തി….

“പിന്നെന്താ….”

“ഇത് ഐറിൻ അല്ല അവളുടെ അനുജത്തി ഷെറിൻ ആണ്…. മാസ്ക് വെച്ചിരുന്നത് കൊണ്ട് ചെറുതായൊന്ന് ആളുമാറി….” ജ്യേഷ്ഠൻ തലയും ചൊറിഞ്ഞു കൊണ്ട്  പറഞ്ഞു…

അനിയനു  ജേഷ്ഠനെ തല്ലിക്കൊല്ലാൻ തോന്നിയെങ്കിലും, ഒരു മാസ്കിനാൽ ഉണ്ടായ  അബദ്ധം അല്ലേന്ന് കരുതി അവനേ  ഒന്നു ദഹിപ്പിച്ചു നോക്കുക മാത്രം ചെയ്തു….

“ഇനി ഇപ്പോൾ എന്ത് ചെയ്യും,” ജ്യേഷ്ഠൻ അനിയനോട് ചോദിച്ചു….

“പ്രത്യേകിച്ച് ഇനി ഇപ്പൊ ചെയ്യാൻ ഒന്നുമില്ല… ഒരു മാപ്പ് പറഞ്ഞ കാര്യമങ്ങു   അവസാനിപ്പിചേക്കാം.. ബാ …”

അനിയൻ തിരിഞ്ഞുനിന്ന് അവരോടായി പറഞ്ഞു…” സോറി ആളു മാറിപ്പോയി….”

അത്രയും പറഞ്ഞ് അവർ രണ്ടുപേരും അവിടെ നിന്ന് പോയി…

ഊര് തെണ്ടൽ എല്ലാം കഴിഞ്ഞ് വൈകുന്നേരം വീട്ടിലേക്ക് നടന്നു വരവേ, മൂന്ന് നാല് പേർ അവരുടെ വഴി തടഞ്ഞു…

അവരെ രണ്ടുപേരെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി… “ഞങ്ങളുടെ മുതലാളിയെ  തല്ലാൻ മാത്രമായോ നീയൊക്കെ” പിന്നെയങ്ങോട്ട് തല്ലിന്റെ  പൊടിപൂരം ആയിരുന്നു, പക്ഷേ അതിനിടയിൽ ആരോ വിളിച്ചു പറയുന്ന കേട്ടു..  “ഇവരുടെ രണ്ടിന്റെയും  കൂട്ടത്തിൽ വണ്ണം ഉള്ള ആളെ അടിക്കരുതന്ന് മുതലാളി  പ്രേത്യേകം പറഞ്ഞിരുന്നു, കാരണം അയാൾ അല്ല ജേക്കബ് മോനെ തല്ലിയത്, കൂടെയുള്ളവൻ ആണ്, അതുകൊണ്ട് അവന്റെ കയ്യും കാലും വേണം തല്ലിയൊടിക്കാൻ എന്നാണ് കൊട്ടേഷൻ…”

അംഗനേ എല്ലാം വെടിപ്പിനു ചെയ്തു  ഗുണ്ടകൾ പണിതീർത്തു പോയി….

അടി കൊണ്ടവശനായ ജ്യേഷ്ഠനെ അനിയൻ താങ്ങിപ്പിടിച്ച് എഴുന്നേല്പിച്ചു….

“നീയല്ലേടാ ആ ജേക്കബിനെ  തല്ലിയത്…. പിന്നന്തിനാടാ അവര് നിന്നെ വിട്ടിട്ട് എന്നെ മാത്രം ഇങ്ങനെ അറഞ്ചം പുറഞ്ചം തല്ലി അത്..”

“ഓ അതോ… നമ്മൾ മാസ്ക് ഇട്ടേക്കുക അല്ലായിരുന്നോ… അതുകൊണ്ട് ഒരുപക്ഷേ അവർക്ക്  ആളുമാറിയതായിരിക്കും “…..

“കോ പ്പിലെ ഒരു മാസ്ക്… “ജേഷ്ഠൻ അതു മുഖത്തുനിന്നും എടുക്കാൻ തുടങ്ങിയതും … അനിയൻ ഉറക്കെ വിളിച്ചു പറഞ്ഞു…. “ചേട്ടാ കൊറോണ….”

പതഞ്ഞു പൊങ്ങിയ ദേഷ്യം, അടക്കി നിർത്തി അവർ വീട്ടിലേക്ക് നടന്നു….

ഒരുമാതിരി പഴങ്കഞ്ഞി പരുവമായി വീട്ടിലേക്ക് എത്തിയ മക്കളെ അമ്മ മൊത്തത്തിൽ ഒന്നു നോക്കി….

“അയ്യോ നിങ്ങൾക്ക് എന്താ പറ്റിയത്..”

“ഒന്നും പറ്റിയില്ല….”

“രണ്ടിനെയും കണ്ടിട്ട് ആരോ കേറി മേഞ്ഞ മട്ടുണ്ടല്ലോ…. എന്നതാണ് കാര്യം…”

“ഓ…. അതോന്നും പറയാതിരിക്കുന്നതാ നല്ലത്.. ഒരു  മാസ്ക് പറ്റിച്ച പണിയാണെ … അമ്മയെന്തായാലും  ഇച്ചിരി ചൂടുവെള്ളം അനത്തു …. കുഴമ്പും വേണ്ടിവരും….”അതും പറഞ്ഞ് അകത്തേക്ക് കയറാൻ പോയപ്പോൾ അച്ഛൻ വന്നു…

“എടീ ഇവർക്ക് ഇതെന്തുപറ്റി….”

“നിങ്ങൾ തന്നെ ചോദിച്ചുനോക്ക് നിങ്ങളുടെ നല്ല മക്കളോട്… ഇവന്മാരുടെ നടത്തവും പെരുമാറ്റവും ഒക്കെ കണ്ടാൽ തോന്നും മനുഷ്യന്മാർ ആണെന്ന്… നാട്ടിൽ തെണ്ടി തിരിഞ്ഞ് കൊറേ സിനിമാകൊട്ടകയും കണ്ടു അതിലെ നായകന്മാരെ പോലെ അഹങ്കാരം കാണിച്ചുകൊണ്ട് നടന്നാൽ ഒന്നും  മനുഷ്യനാകില്ലന്നു ഇവന്മാരോട് എത്ര വേദമോതിയാലും ഒരു കാര്യവുമില്ല…. അങ്ങനെയൊക്കെ കാണിച്ചാൽ  മറ്റുള്ളവർ ഇവരെ മനുഷ്യരായി കരുതും എന്നാണ് ഇവന്റെയൊക്കെ ഭാവം…പക്ഷേ  മുയൽ കുഞ്ഞ് എന്നും മുയൽ കുഞ്ഞു തന്നെയാണ്…. അതുകൊണ്ടു  ഇതുങ്ങളൊക്കെ  ഇനി എന്തൊക്കെ കാണിച്ചു കൂട്ടിയാലും ഇവരീ ജന്മം  മനുഷ്യ കുഞ്ഞ് ആവുകയില്ല….”

“ആ പിന്നെ ചൂടുവെള്ളം … മക്കളെ അമ്മയുടെ കയ്യിൽ ജരാനരകൾ ബാധിച്ചിരിക്കുകയാണ്… അതുകൊണ്ട് വേണമെങ്കിൽ ചൂടുവെള്ളം അനിത്തി കുഴമ്പ് തേച്ചു കുളിച്ചോ …ഹും… “

ഏതോ വലിയ ലോകതത്വം പറയുന്നപോലെ അമ്മമുയൽ അച്ഛൻമുയൽ നിൽക്കെ, മക്കൾ കേൾക്കാനായി ഉറക്കെ പറഞ്ഞു ….

🥀🥀🥀🥀

ആദ്യം തന്നെ മുയൽകുഞ്ഞുങ്ങൾക്ക് പള്ളിയും പട്ടക്കാരും ഉണ്ടോന്നു ചോദിക്കരുത്.. എനിക്കറിയില്ല… പക്ഷേ എന്റെ മുയൽകുഞ്ഞുങ്ങൾ നല്ല ഒന്നാന്തരം കാഞ്ഞിരപ്പള്ളി നസ്രാണി ആണ്..

അപ്പോ എല്ലാരോടും നിറെ നിറെ നിറെ ഇഷ്ടം മാത്രം 😘😘😘😘