വേദനയോടെ കുഞ്ഞുണ്ണിയുടെ ഇരു കവിളിലും അമർത്തി ചുംബിച്ച് അപ്പൂസിന്റെ കൈയ്യിൽ ഏൽപ്പിച്ച് അകത്തേക്ക് നടന്നു…

ജനനി ~ രചന: Meera Saraswathi

“ചേച്ചി.. ഇങ്ങു വന്നേ.. ഒരാളെ കാണിച്ചു തരാം..”

അപ്പു മുറ്റത്ത് നിന്നും വിളിച്ചു കൂവുന്നുണ്ട്. തിളച്ച മുളക് ചാറിലേക്ക് മുട്ട ഉടച്ചൊഴിച്ച് ഒന്നിളക്കി അടുപ്പിലെ വിറകു കൊള്ളി പിറകോട്ട് നീക്കി വെച്ച് മുറ്റത്തേക്ക് നടന്നു.

അപ്പുവിന്റെ കൈയ്യിലൊരു തക്കുടു വാവയെ കണ്ടതും കണ്ണൊന്ന് വിടർന്നു. കൈവിരൽ വായിലിട്ട് ചാറൊലിപ്പിച്ച്‌ ചിരിക്കുന്ന കുറുമ്പന് നേരെ ഓടിച്ചെന്ന് കൈ നീട്ടി. ആദ്യമായി കാണുന്നതിന്റെ പരിചയക്കുറവൊന്നും ഇല്ലാതെ എന്റെ കൈകളിലേക്ക് ചാടിവീണൂ ആ പൈതൽ.

തക്കുടൂസിന്റെ വീർത്ത കവിളുകളിൽ മാറിമാറി ചുംബിച്ചതും കണ്ണനെ ഓർമ്മ വന്നു. മാ റിടം വിങ്ങിത്തുടങ്ങി. മു ലപ്പാൽ കവിഞ്ഞ്‌ ഇട്ടിരുന്ന ചുരിദാറിനെ നനച്ചു. നെഞ്ചകം നീറിപ്പുകഞ്ഞു..കണ്ണ് നീർ തുള്ളികൾ കാഴ്‌ചയെ മറച്ചതും മോനെ അപ്പുവിനെ ഏല്പിച്ച് ഏങ്ങിക്കൊണ്ട്‌ അകത്തേക്കോടി…

******************

വീടിന്റെ അകത്തളങ്ങളിലാകെ അവളുടെ ഏങ്ങലടികൾ ഉയർന്നു കേട്ടതും അപ്പു വിഷമത്തോടെ മോനെയും എടുത്ത് തൊട്ടടുത്ത വീട്ടിലേക്ക് നടന്നു.. അവരുടെ മതില്കെട്ടിനകത്തു തന്നെ അതിരുകൾ വെച്ച് തിരിക്കാത്ത ഒരു കുഞ്ഞു വീടുണ്ട്. പണ്ട് ജോലിക്കാർക്കായി താമസത്തിനു പണികഴിപ്പിച്ചതാണ്. അതിപ്പോൾ വാടക വീടാക്കി മാറ്റി. അതിലാണ് ഗിരിയുടെയും മോന്റെയും താമസം. അപ്പു ഉമ്മറത്തെ തിണ്ണയിലിരിക്കുന്ന ഗിരിയുടെ മടിയിൽ മോനെ വെച്ച് കൊടുത്തു.

ഒരു നിമിഷം ഗിരിയെ നോക്കി നിന്നു.ചേച്ചിയുടെ ചെയ്തികൾ ആൾ കണ്ടിട്ടുണ്ടെന്ന് ആ വാടിയ മുഖം കണ്ടാലേ അറിയാം..പാവം..വിഷമമായിട്ടുണ്ടാകും.

“സോറി ചേട്ടാ.. ചേച്ചിക്ക് കണ്ണനെ ഓർമ വന്നു കാണും അതാകും.. പോട്ടെടാ കുഞ്ഞുണ്ണി..”

കുഞ്ഞുണ്ണിക്ക് നേരെ കൈ വീശിക്കൊണ്ട് റ്റാറ്റാ കാണിച്ച് അവൻ തിരികെ നടന്നു.

*********************

തുളസിത്തറയിൽ വിളക്ക് വെച്ച് തിരികെ വീടിനകത്തേക്ക് നടക്കുമ്പോൾ അറിയാതെ അപ്പുറത്തെ വീട്ടിലേക്ക് ശ്രദ്ധ തിരിഞ്ഞു. കുറുമ്പന്റെ തല കൈ തണ്ടയിൽ ഉയർത്തി വെച്ച് മോനെ മടിയിലായി കിടത്തി കുപ്പിപ്പാൽ കൊടുക്കുന്ന ആളെ ഒരു നിമിഷം നോക്കിപ്പോയി. സ്വന്തം കുഞ്ഞിനെ താലോലിക്കാനും സംരക്ഷിക്കാനും കഴിയുക. അതിനോളം ഭാഗ്യമെന്തുണ്ട്.

തലയ്ക്കകത്ത് ചിന്തകൾ പെരുത്ത് കയറാൻ തുടങ്ങി. കണ്ണന്റെ കുഞ്ഞു മുഖം തെളിഞ്ഞു വന്നു. എന്റെ മോൻ.. ഞാൻ പ്രസവിച്ച എന്റെ മോൻ.. അല്ലെങ്കിലും എന്തവകാശത്തിലാ കണ്ണനെ എന്റെ മോനെന്ന് വിശേഷിപ്പിക്കാൻ കഴിയുക. അവനെ പ്രസവിച്ചു എന്നൊരു ബന്ധം മാത്രം. പണത്തിനു ആവശ്യം വന്നപ്പോൾ ആടേണ്ടി വന്നൊരു വേഷം.. അത്രമാത്രം..

അല്ലാ അത് മാത്രമാണോ പത്തു മാസം അവന്റെ എല്ലാ നീക്കങ്ങളും അറിഞ്ഞ് ഈ ഉദരത്തിൽ ചുമന്നു നടന്ന വകയിലെങ്കിലും അമ്മയെന്ന ബന്ധം ഇല്ലാതാകുമോ… ഒരു മാസം ഈ മാറിലെ പാല് കുടിച്ചതല്ലേ .. ആ വകയിലെങ്കിലും ഞാൻ കണ്ണന്റെ അമ്മയല്ലേ.. ഏതിലും ഉറച്ച് നിൽക്കാതെ മനസ്സ് ചാഞ്ചാടി കൊണ്ടിരുന്നു.

സറോഗേറ്റ് മദർ ആകാൻ തയ്യാറെടുക്കുമ്പോഴേ ഇതൊരിക്കലും വൈകാരികമായി കാണരുത് തരുന്ന ശമ്പളത്തിന് ചെയ്യുന്ന ഒരു ജോലി ആയി മാത്രമേ കാണാവൂ എന്ന് ഡോക്ടർ ശാരദ പറഞ്ഞിരുന്നതാ…. പക്ഷെ ആ പതിനൊന്നു മാസവും എന്റെ സന്തോഷവും സങ്കടവും ആവലാതിയും വേവലാതിയും ഒക്കെ എന്റെ കുഞ്ഞിനെ ചുറ്റിപറ്റി മാത്രമായിരുന്നു. ഓർക്കും തോറും മാറിടം വിങ്ങുന്നു.

തെല്ലു വേദനയോടെ അപ്പുറത്തെ വീട്ടിലോട്ട് ഒരിക്കൽ കൂടി നോട്ടം പായിച്ചു. അവിടെ അങ്ങനെ ഒരേ നിൽപ് നിൽക്കുന്നത് കണ്ടാകണം ആളുടെ ശ്രദ്ധയും ഇങ്ങോട്ടാണ്. ചെറുപുഞ്ചിരി ആ മുഖത്തു വിരിഞ്ഞതും ഒരു വിളറിയ ചിരി തിരികെ നൽകി വേവലാതിയോടെ മുന്നോട്ട് നടന്നു. കിടക്കാൻ നേരത്ത് പാല് പിഴിഞ്ഞ് കളയുമ്പോൾ മാറിനോടൊപ്പോം മനസ്സും നൊന്തു നീറി…

********************

കുറച്ച് സാധനങ്ങൾ വാങ്ങിക്കുവാൻ ടൗണിലേക്ക് ഇറങ്ങിയതായിരുന്നു. ബസ്സ്റ്റാന്റിൽ നിന്നും കുറച്ച് മാറി കമ്മൽ മാല എന്നിവയുമായി വഴിയോരക്കച്ചവടം ചെയ്യുന്ന ആളെ കണ്ടതും ഒരു പരിചയം തോന്നി. ഒന്നൂടെ ആ മുഖത്തു നോക്കിയതും ആളെ തിരിച്ചറിഞ്ഞു. തക്കുടൂസിന്റെ അച്ഛൻ… എന്നെ കണ്ടതും പരിചയ ഭാവത്തിൽ ഒന്ന് ചിരിച്ചു. പണിപ്പെട്ട് ഒരു ചിരി വരുത്തി തീർത്ത് മുന്നോട്ട് നടന്നു തുടങ്ങിയപ്പോളാണ് ആ കാഴ്ച കണ്ടത്.

ആള് ഇരുന്നിരുന്ന കസേരയ്ക്ക് അരികിലായി കൈകാൽ ഇട്ടടിക്കുമ്പോൾ അനങ്ങുന്ന തരത്തിലുള്ള ഒരു ബൗൺസറിൽ കിടപ്പുണ്ട്‌ നമ്മുടെ കുട്ടിക്കുറുമ്പൻ..അവനെ നോക്കി സംസാരിച്ചു കൊണ്ട് കളിപ്പിക്കുന്ന കോളേജ് പിള്ളേരോട് കൊഞ്ചുന്ന തിരക്കിലാണ് കള്ളക്കണ്ണൻ.

എന്തോ ആ കാഴ്ച മനം നിറയ്ക്കുന്നത് പോലെ. അവനെ വാരിയെടുത്ത് വീട്ടിലേക്ക് നടന്നാലോ എന്നുപോലും തോന്നിപോയി. കുഞ്ഞിനെ നോക്കി നിൽക്കുന്നത് കണ്ടാവും കച്ചവടത്തിനിടയിലും ആളെന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ട്. ജാള്യതയോടെ വേഗത്തിൽ മുന്നോട്ട് നടന്നു. കുറുമ്പന്റെ അമ്മയെ കണ്ടിട്ടില്ലല്ലോ എന്ന് അപ്പോഴാ ഓർത്തത് തന്നെ.

വൈകിട്ട് ക്ലാസ് കഴിഞ്ഞു വന്നതും അപ്പുവിനോട് കുഞ്ഞിനെ പറ്റി ചോദിച്ചറിഞ്ഞു.

“കുഞ്ഞുണ്ണിയെന്നാ ഞങ്ങളവനെ വിളിക്കുന്നത്.. ഗിരിയേട്ടനും ശ്യാമിലി ചേച്ചിയും സ്നേഹിച്ചു കല്യാണം കഴിച്ചതാ. ചേച്ചിയുടെ വീട്ടുകാർ വല്യ കുടുംബക്കാരായിരുന്നു. ഭീഷണി മൂലം ഇവിടേക്ക് മാറിയതാ. ചേച്ചി ഗർഭിണി ആയിരുന്നു അപ്പോൾ.. ഇവിടെ എത്തി മൂന്നാലു മാസം കഴിഞ്ഞതും പ്രസവത്തിൽ ചേച്ചി മരിച്ചുപോയി. കുഞ്ഞിന് വേണ്ടി ശ്യാമിലി ചേച്ചിയുടെ വീട്ടുകാർ വന്ന് ബഹളം വെച്ചെങ്കിലും ഗിരിയേട്ടൻ വിട്ടു കൊടുത്തില്ല. ജോലിക്ക് പോകുമ്പോൾ കൂടെ കൊണ്ടുപോകും. മഴയായാലും വെയിലായാലും എടുത്തിട്ടേ പോകാറുള്ളൂ. വേറെ എന്ത് ചെയ്യാൻ.. കുഞ്ഞുണ്ണിയെ വേറെ ആരാ നോക്കാനുള്ളത്. ഇടയ്ക്ക് അച്ഛൻ പറഞ്ഞു ഇവിടെ ഏല്പിച്ചോളാൻ.. അച്ഛനെ നോക്കാൻ തന്നെ ഇപ്പൊ ഒരാൾ വേണമെന്ന അവസ്ഥയല്ലേ..”

അവനത് പറഞ്ഞപ്പോൾ വല്ലാത്ത വിങ്ങൽ പോലെ.. അമ്മയില്ലാത്ത കുഞ്ഞുണ്ണി.. നൊന്ത് പ്രസവിച്ചിട്ടും കുഞ്ഞില്ലാത്ത ഈ ഞാനും.. വല്ലാത്തൊരു വിധി തന്നെ.. എന്തോ പാല് പിഴിഞ്ഞ് കളയുമ്പോൾ കണ്ണനോടൊപ്പം കുഞ്ഞുണ്ണിയെ ഓർത്തും വേദനിച്ചു.. ഒരിറ്റു മുലപ്പാൽ പോലും രുചിക്കാനുള്ള ഭാഗ്യമില്ലാതെ പോയല്ലോ ആ പാവം കുഞ്ഞിന്.

അപ്പുവിനോട് സംസാരിച്ചു കൊണ്ട് ഉമ്മറത്തിരിക്കുമ്പോൾ അച്ഛന്റെ കൂടെ ഗിരിയേട്ടനും നടന്നു വരുന്നത് കണ്ടു. കൂടെ കുഞ്ഞുണ്ണിയും ഉണ്ട്. എന്തോ അറിയാതെ തന്നെ കൈ അവന്റെ നേർക്ക് നീണ്ടു പോയി. ചുണ്ടിലൂടെ ചാറൊലിപ്പിച്ച് ചിരിച്ചു കൊണ്ട് കയ്യിലേക്ക് ചാടി വീണു കുറുമ്പൻ. ഞങ്ങളെ ചിരിയോടെ നോക്കി ഗിരിയേട്ടൻ വീട്ടിലേക്ക് നടന്നു.

“മോളെ.. അവൻ ജോലിക്ക് പോകുമ്പോൾ കുഞ്ഞുണ്ണിയെ നോക്കാവോന്ന് ചോദിച്ചു.. ഇപ്പോൾ പഴയത് പോലെ അടങ്ങിക്കിടക്കുന്നില്ലെന്ന്.”

“നിക്ക് വയ്യ അച്ഛ.. പേടിയാ.. ഞാൻ കൂടുതൽ അടുത്തുപോയി ഒടുവിൽ എന്റെ കണ്ണനെ പോലെ അകന്നാലോ.. നിക്ക് ഇനിയും സഹിക്കാൻ പറ്റിയെന്ന് വരില്ല..”

വേദനയോടെ കുഞ്ഞുണ്ണിയുടെ ഇരു കവിളിലും അമർത്തി ചുംബിച്ച് അപ്പൂസിന്റെ കൈയ്യിൽ ഏൽപ്പിച്ച് അകത്തേക്ക് നടന്നു.

*******************

ഇപ്പോൾ ക്ഷയിച്ചെങ്കിലും കുടുംബ പരമായി പേരുകേട്ട തറവാടായിരുന്നു ഞങ്ങളുടേത്. അച്ഛനുമമ്മയ്ക്കും ഭാഗമായി കിട്ടിയതായിരുന്നു തറവാടും അതിനോട് ബന്ധപ്പെട്ട കുറച്ച് സ്ഥലവും. അല്ലലും അലട്ടലുമില്ലാതെ നല്ല രീതിയിൽ പോകുന്നതിനിടയിലാണ് അമ്മയ്ക്ക് ബ്രെയിൻ ട്യൂമർ പിടിപെട്ടത്. എത്രയും പെട്ടെന്ന് സർജറി വേണമെന്ന് പറഞ്ഞപ്പോൾ എന്ത് ചെയ്യുമെന്നറിയാതെ ഉഴറി. ലക്ഷങ്ങളൊന്നും അച്ഛനെത്ര കൂട്ടിയാലും കൂടില്ലായിരുന്നു. രാഘവേട്ടനായിരുന്നു ഒരു ഡോക്ടർ കുടുംബം വാടക ഗർഭത്തിനു ആളെ നോക്കുന്നുണ്ടെന്ന് പറഞ്ഞത്.

ആദ്യമൊന്നും അച്ഛൻ സമ്മതിച്ചില്ല. അമ്മയുടെ അവസ്ഥ ഓർത്തപ്പോൾ നിവൃത്തിയില്ലാതെ സമ്മതിച്ചു. അച്ഛനും അപ്പുവിനും മാത്രമേ കാര്യമറിയാവുള്ളൂ. അമ്മയോട് പോലും പുതിയ ജോലി കിട്ടിയെന്നാണ് പറഞ്ഞിരുന്നത്. ബാംഗ്ലുർക്ക് തിരിക്കുമ്പോഴും എങ്ങനെയെങ്കിലും അമ്മയുടെ ചികിത്സ നടക്കണം എന്ന് മാത്രമായിരുന്നു ചിന്തിച്ചത്.

ഡോക്ടർ ജയന്തി.. എന്റെ കുഞ്ഞിന്റെ അമ്മ ആ ഗർഭ കാലം മുഴുവൻ എന്റെ കൂടെ തന്നെ നിന്നു. ആൾക്കവിടെത്തന്നെ ഒരു ഹോസ്പിറ്റലിൽ ജോലി ലഭിച്ചിരുന്നു. എന്നെ സന്തോഷത്തോടെയിരുത്താൻ ആളെപ്പോഴും ശ്രമിച്ചിരുന്നു. എന്നെ നോക്കാൻ ചിത്രാമ്മയെന്ന സ്ത്രീയെ ഏൽപ്പിച്ചിരുന്നു. എന്റെ അമ്മ എങ്ങനെ നോക്കുമോ അതുപോലെത്തന്നെ അവരെന്നെ നോക്കിയിരുന്നു. ഇടക്കൊക്കെ ഡോക്ടർ സർ വന്നു പോകും. വരുമ്പോഴൊക്കെയും എനിക്ക് ‌ ഇഷ്ടമുള്ളത് ജയന്തി ഡോക്ടറോട് ചോദിച്ച്‌ വാങ്ങിക്കൊണ്ടു വരാനും മടിക്കാറില്ല.

ആദ്യമാദ്യം പ്രതേകിച്ചൊരു വികാരവും തോന്നിയിരുന്നില്ലേലും തുടിപ്പ് അറിഞ്ഞപ്പോൾ തൊട്ട് കുഞ്ഞിനെ ആഗ്രഹിച്ചു തുടങ്ങിയിരുന്നു. പിന്നീടെപ്പോഴോ വിട്ടകലാൻ പറ്റാത്ത വിധം ആത്മ ബന്ധം ആ ഗർഭസ്ഥ ശിശുവിനോട് തോന്നിത്തുടങ്ങി. എന്റേതല്ലാത്ത കാലം വരുമെന്നറിഞ്ഞിട്ടും ഒത്തിരി ആഗ്രഹിച്ചു പോയിരുന്നു.

അമ്മയുടെ സർജറി വിജയകരമായിരുന്നു. പക്ഷെ ആ സന്തോഷത്തിനു കേവലം ആറു മാസം മാത്രമേ ആയുസുണ്ടായിരുന്നുള്ളു. അമ്മ പോയപ്പോൾ അവസാനമായൊന്ന് കാണാൻ പോലും കഴിഞ്ഞില്ല. മാസങ്ങൾ പെട്ടെന്ന് കടന്നു പോയി.

പ്രസവം കഴിഞ്ഞ് സിസ്റ്റർ മോനെ മുഖത്തോടു ചേർത്തപ്പോൾ കണ്ണീരോടെ ആത്മ നിർവൃതിയോടെ ആ കുഞ്ഞ് മുഖത്തായ് ഒരു മണിമുത്തം നൽകി. ശേഷം ലേബർ റൂമിനു പുറത്ത് നിൽക്കുന്ന ഡോക്ടർ സാറിനും ജയന്തി മാടത്തിനും മോനെ കൊണ്ട് കൊടുത്തപ്പോൾ കരളു പറിച്ചെടുക്കും പോലെ വേദന തോന്നിപോയി. ഒരു വട്ടമെങ്കിലും എന്റെ കുഞ്ഞിനെ പാലൂട്ടണമെന്ന് അതിയായി ആഗ്രഹിച്ചു. ഒരു ദിവസമെങ്കിലും മോനോടൊപ്പം ചിലവിടാൻ കഴിയണേയെന്ന് പ്രാർത്ഥിച്ചു.

റൂമിലേക്ക് മാറ്റിയപ്പോൾ അവിടെ മോനെയും കൊണ്ട് ഡോക്ടർ സാറും മേടവും ചിത്രാമ്മയും ഉണ്ട്. നിറ പുഞ്ചിരിയോടെ അതേ സ്നേഹത്തോടെ അവരെന്നെ വരവേറ്റു… മോനൂട്ടൻ ചിണുങ്ങിത്തുടങ്ങിയിരുന്നു. കുഞ്ഞിനെ കൈയ്യിലേക്ക് വെച്ച് തന്ന് മോന് പാല് കൊടുക്ക് എന്നും പറഞ്ഞ് സാർ പുറത്തേക്കിറങ്ങി.

കൈത്തണ്ടയിൽ കിടക്കുന്ന ചക്കര വാവയെ ഇമ വെട്ടാതെ നോക്കി. അമ്മയുടെ ചൂടറിഞ്ഞപോൽ കരച്ചിൽ തെല്ലടങ്ങിയിട്ടുണ്ട്.. എന്റെ മുത്ത്.. ആ ചുവന്നു തുടത്ത കുഞ്ഞു കവിളിലായി ചുണ്ടു ചേർത്തു. മെല്ലെ മുല ഞട്ട് ആ കുഞ്ഞ്‌‌ വായിൽ തിരുകി വെച്ചപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാത്തതിനാലാവണം വായും തുറന്ന് പിടിച്ച് അതുപോലെ നിൽപ്പുണ്ട് തക്കുടുസ്. അത് കണ്ടതും ഞങ്ങൾ മൂന്നു പേരിലും ചിരി പടർന്നിരുന്നു.

ചിത്രാമ്മ ആ കുഞ്ഞുകാലിൽ ഇക്കിളിയിട്ടപ്പോൾ വായടച്ച് പതിയെ കുടിക്കാനൊരു ശ്രമം നടത്തി. കൊച്ചു കുഞ്ഞുങ്ങളുടെ ആകാംക്ഷയോടെ കൗതുകത്തോടെ ഞാനും ജയന്തി മേടവും ആ കാഴ്ച നോക്കിയിരുന്നു. കുറച്ച് നേരത്തെ ശ്രമത്തിനിടയിൽ എപ്പോഴോ പാല് കിട്ടിത്തുടങ്ങിയിരിക്കണം.. കുഞ്ഞ് കൊതിയോടെ വലിച്ച് വലിച്ച് കുടിക്കുമ്പോൾ മാതൃത്തത്തിന്റെ ഏറ്റവും അങ്ങേ അറ്റത്തെ ആത്മ നിർവൃതിയിൽ ആണ്ടുപോകുന്നതറിഞ്ഞു..

“ജാനീ..പ്രസവ രക്ഷയൊക്കെ കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷം നാട്ടിലേക്ക് പോയാൽ പോരെ തനിക്ക്…?”

ജയന്തി മേടം മുടിയിഴകളിൽ തലോടിക്കൊണ്ട്‌ ചോദിച്ചു.. അത്രയും കാലമെങ്കിലും മോന് മുലപ്പാൽ ലഭിക്കുമല്ലോ.. അവർ ആഗ്രഹിച്ചത് അതാണ്.

എന്റെയും ആഗ്രഹം അതാണ്.. ഇനിയുള്ള ജീവിതകാലം മുഴുവനും എന്റെ മോനോടൊപ്പം കഴിയണം.. അങ്ങനെ പറയണമെന്ന് ആഗ്രഹമുണ്ടായെങ്കിലും ശബ്ദം തൊണ്ടക്കുഴിയിൽ വിങ്ങി നിൽക്കും പോലെ. വെറുതെ ഒന്ന് മൂളിയത് മാത്രമേയുള്ളൂ.

ഗർഭ കാലം പോലെ മനോഹരമായിരുന്നു പ്രസവാനന്തരവും.. ഒരു കുറവും വരുത്താതെ ചിത്രാമ്മയും മേടവും നോക്കി. എല്ലാത്തിനുമുപരിയായി സന്തോഷം ഇരട്ടിപ്പിച്ചു കൊണ്ട് എന്റെ കുട്ടിക്കുറുമ്പനും.

സാർ നാട്ടിലേക്ക് തിരികെ പോയിരുന്നു. മേടം ജോലിക്കും പോയി തുടങ്ങി. അവിടെയങ്ങോട്ട് എന്റെയും മോനെയും ലോകമായിരുന്നു. മൂന്ന് മാസം കഴിഞ്ഞാൽ മോനെ പിരിയേണ്ടത് ആലോചിക്കാൻ പോലും കഴിയില്ല. ആരുമറിയാതെ മോനെയും എടുത്ത് നാട്ടിലേക്ക് പോയാലോ എന്ന് പോലും ആലോചിച്ചിട്ടുണ്ട്.

മോന് ഏറ്റവും അടുപ്പം എന്നോടായിരുന്നു. കൈമാറിയാൽ അപ്പോൾ തന്നെ കരയും. അമ്മ ഇട്ടേച്ചു പോകുമെന്ന് അറിയും പോലെ ഒട്ടി നിൽക്കാൻ ശ്രമിച്ചൂ എന്റെ പൈതൽ. അത് ജയന്തി മേടത്തിൽ വിഷമമുണ്ടാക്കി. മോനെ ഫോർമുല മിൽക്ക് കൊടുത്ത് ഉറക്കാനൊക്കെ ഇടക്ക് ആൾ ശ്രമം നടത്തിയെങ്കിലും അമ്പേ പരാജയപ്പെട്ടു. കൈ തണ്ടയിൽ കിടത്തി ആട്ടി ഉറക്കാനൊക്കെ ഇടക്ക് ശ്രമിക്കുന്നത് കാണാം. വലിയ വായിൽ കരയുന്നതല്ലാതെ പ്രയോജനം ഒന്നും ഉണ്ടാകാറില്ല. ഞാനെടുത്താലുടൻ കരച്ചിൽ നിർത്തും. മുലപ്പാൽ കുടിക്കാതെ ഉറങ്ങില്ലെന്നായി.

ഇനിയും ഞാനവിടെ നിന്നാൽ മോനെ നഷ്ടമാകുമോ എന്ന് അവർക്കു തന്നെ ഭയം തോന്നിക്കാണണം. മേടം ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് പോകുവാണെന്ന് പറഞ്ഞു. അതിനു മുന്നേ സാർ വന്ന് എന്നെ വീട്ടിൽ കൊണ്ട് ചെന്നാക്കുമെന്ന് പറഞ്ഞു. തലയിൽ ഇടിത്തീ വീണതു പോലെ തോന്നിപോയി. നിന്നിടത്തു തന്നെ ഉരുകിയൊലിക്കും പോലെ..മൂന്ന് മാസമെങ്കിൽ മൂന്നു മാസം എന്റെ കണ്ണന്റെ കൂടെ നിൽക്കാമല്ലോ എന്ന് കരുതി ആശ്വസിച്ചതാ.. ഇതിപ്പോൾ ഒരു മാസം ആയതേ ഉള്ളൂ..

ആർത്താർത്തു കരയാൻ തോന്നി. ഞങ്ങളെ പിരിക്കല്ലേയെന്ന് കാലിൽ വീണു അപേക്ഷിക്കാൻ തോന്നി.. എന്റെ കണ്ണനെ.. എന്റെ മോനെ.. നെഞ്ചോടു ചേർത്ത് ആർക്കും വിട്ടു തരില്ലെന്ന് പറയാൻ തോന്നി. ശബ്ദം വരാതെ കണ്ണീർ ഒഴുകി വന്നു. തളർന്ന് ബെഡിൽ ഇരുന്നപ്പോഴേക്കും ഉറങ്ങിക്കിടക്കുന്ന മോനെയുമെടുത്ത് അവർ മുറിവിട്ടിറങ്ങി.

ഒക്കെ പ്രതീക്ഷിച്ച കാര്യമായിരുന്നെങ്കിലും സഹിക്കാൻ പറ്റിയില്ല. ബെഡിൽ കിടന്ന് തലയിണയെ അമർത്തിപ്പുണർന്ന് പൊട്ടിക്കരഞ്ഞു. എത്ര നേരം അതേ കിടപ്പ് കിടന്നെന്നറിയില്ല. ഇടക്ക് മോൻ കരയുന്നത് കേട്ടെങ്കിലും ചെന്ന് നോക്കാൻ തോന്നിയില്ല.. വയ്യ.. ഇനിയുമാ ഇളം മുഖം കണ്ടാൽ പോകാൻ തോന്നില്ല.

“മോളെ.. വന്ന് വല്ലതും കഴിക്ക്‌.. വയറു കായേണ്ട.. പെറ്റ വയറല്ലേ.. വയറു കാഞ്ഞു വല്ല സൂക്കേടും വരുത്തി വെക്കേണ്ടാ..”

“നിക്ക് വിശപ്പില്ല ചിത്രാമ്മെ..”

പിന്നെയൊന്നും പറയാതെ അവർ മുറിവിട്ടിറങ്ങി.കുറച്ചു കഴിഞ്ഞതും മുറിയിൽ ആരുടെയോ കാൽപ്പെരുമാറ്റം കേട്ടപ്പോഴാണ് പിന്നെ തല ഉയർത്തി നോക്കിയത്. ഡോക്ടർ സാറിനെ കണ്ടതും ചാടി എഴുന്നേറ്റിരുന്നു. ആളടുത്തായി ചെയർ വലിച്ചിരുന്നു..

” ജാനീ.. നിന്നെ വേദനിപ്പിക്കുകയാണെന്ന് അറിയാം. ഒരു കുഞ്ഞെന്ന് അത്രമേൽ ആഗ്രഹിച്ചത് കൊണ്ടാ ഞങ്ങൾ ഇങ്ങനെ ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചത്. ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നുടോ. ജയന്തിക്ക് ഒരിക്കലും ഒരു അമ്മയാകാൻ പറ്റില്ലായിരുന്നു. ജാനി ഇപ്പോൾ ചെയ്തത് എത്ര വലിയ പുണ്യപ്രവർത്തിയാണെന്ന് ഓർത്തു നോക്കൂ.. കുഞ്ഞിനെ സന്തോഷത്തോടെ ഞങ്ങളെ ഏൽപ്പിക്കണം ജാനീ.. അപേക്ഷയാണ്.. അച്ഛനുമമ്മയും ആകാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ്.. പ്ളീസ് ജാനി..”

തൊഴു കൈയ്യോടെ മുന്നിലിരുന്ന് പറയുന്നത് കേട്ടതും നെഞ്ചൊന്ന് ആളി. സ്വന്തം കുഞ്ഞിനായി അപേക്ഷിക്കേണ്ടി വരിക എത്ര ദൗർഭാഗ്യകരമാണ്. ഞാനെത്ര ദോഷിയാണ്. സ്വയം പുച്ഛം തോന്നിപോയി..

“ക്ഷമിക്കണം.. ഒരു നിമിഷത്തേക്ക് ഞാനും സ്വാർത്ഥയായി പോയി. ഒട്ടും വൈകാതെ എന്നെയൊന്ന് നാട്ടിൽ കൊണ്ട് വിടാമോ.. ഇനിയും നിന്നാൽ ചിലപ്പോ എനിക്ക് പോകാൻ പറ്റില്ലെന്നാവും..”

നേർത്ത പുഞ്ചിരി സമ്മാനിച്ച് കൊണ്ട് പറയുമ്പോൾ ഉള്ളം ആർത്തലച്ചു കരയുകയായിരുന്നു.

ജയന്തി മേടത്തിനോടും ചിത്രാമ്മയോടും എന്നെന്നേക്കുമായി യാത്ര പറഞ്ഞിറങ്ങുമ്പോൾ മനഃപൂർവ്വം കണ്ണനെ നോക്കിയില്ല. യാത്രയിലൂടെ നീളം എന്റെ കുഞ്ഞിന്റെ ഓർമ്മകളിൽ മാത്രമായിരുന്നു. അപ്പുവിനെയും അച്ഛനെയും കണ്ടതും ഒരു വിധം സമാധാനം തോന്നി.. കഴിഞ്ഞതൊക്കെയും ഒരു സ്വപ്നമായി കണ്ട് വിശ്വസിക്കാൻ ശ്രമിച്ചു. അതിനിടയിലാണ് കുഞ്ഞുണ്ണിയിലൂടെ കണ്ണന്റെ ഓർമ്മകൾ പിന്നെയും വേട്ടയാടിയത്.

*******************

ഇന്നിപ്പോൾ എന്റെ കണ്ണനെ കാണാതെ മൂന്നാമത്തെ ദിവസമാണ്. എന്റെ മോൻ ഞാനില്ലാതെ.. പാല് കുടിക്കാതെ ഉറങ്ങിക്കാണുമോ. എന്നെപോലെ എന്റെ കുഞ്ഞിനും നോവുന്നുണ്ടാകില്ലേ.. പറയാൻ കഴിയില്ലെന്നല്ലേ ഉള്ളൂ.. വേദനയോടെ പാല് പിഴിഞ്ഞ് കളയാൻ പോകുമ്പോഴാണ് അപ്പുറത്തു നിന്നും കുഞ്ഞുണ്ണിയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടത്. ഉള്ളിലൊരു ആന്തലോടെ പുറത്തേക്കോടി. പിന്നാലെ അപ്പു വരുന്നുണ്ടെന്നറിഞ്ഞു.

പടിവാതിൽ കയറുമ്പോഴേ കണ്ടു കുപ്പിപ്പാൽ കൊടുക്കാൻ ശ്രമിക്കുന്ന ഗിരിയേട്ടനെ. കുടിക്കില്ലെന്ന വാശിയോടെ കരയുന്നുണ്ട് കുഞ്ഞുണ്ണി. മോനെ കൈയ്യിൽ നിന്നും തട്ടിപ്പറിച്ച് നേരെ കാണുന്ന മുറിയിലേക്ക് ഓടിക്കയറി. വാതിൽ ചാരി ബെഡിലിരുന്ന് മുലഞ്ഞട്ട്‌ ആ കുഞ്ഞു വായിൽ വെച്ച് കൊടുത്തു. ചെറുതായൊന്ന് വലിച്ചു നോക്കി ചെറിയൊരു ശങ്കയോടെ കുഞ്ഞൊന്ന് എന്റെ മുഖത്തേക്ക് നോക്കി. പിന്നെ കൊതിയോടെ ആഞ്ഞാഞ്ഞ്‌ വലിച്ചു കുടിച്ചു. മാറിടം ഒരിക്കൽ കൂടി ചുരന്നപ്പോൾ വല്ലാത്തൊരു നിർവൃതി തോന്നിപ്പോയി. മോന്റെ കൈ മെല്ലെ ചുണ്ടിനടുത്തേക്ക് ചേർത്ത് പതിയെ ഉമ്മ വെച്ചു.

കുഞ്ഞു വയർ നിറഞ്ഞതും ആ കുഞ്ഞിക്കണ്ണ് മെല്ലെ അടഞ്ഞു തുടങ്ങിയിരുന്നു. തളർച്ചയുടെ ഉറങ്ങുന്ന കുഞ്ഞിനെ പതിയെ തൊട്ടിലിൽ കിടത്തിയൊന്ന് ആട്ടി ലൈറ്റ് ഓഫ് ചെയ്ത് ശബ്ദമുണ്ടാക്കാതെ മുറിവിട്ടിറങ്ങി.

ഉമ്മറത്തെത്തിയപ്പോൾ ഗിരിയേട്ടന്റെ നന്ദിയോടെയുള്ള നോട്ടം കണ്ടില്ലെന്ന് നടിച്ചു. ഒന്നും മിണ്ടാതെ അപ്പുവിന്റെ പിറകിലായി നടക്കാൻ തുടങ്ങിയതും ആളുടെ വിളി വന്നു.

“ജനനീ.. തന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെടോ.. ആദ്യമായിട്ടാ എന്റെ കുഞ്ഞ് മുലപ്പാലിന്റെ രുചിയറിഞ്ഞത്. ഒത്തിരി നന്ദിയുണ്ട്..”

“നാളെ പോകുമ്പോൾ മോനെ വീട്ടിൽ ആക്കിയേക്ക്.. ഞാൻ നോക്കിക്കോളാം..”

തിരിഞ്ഞു നോക്കാതെയാണ് പറഞ്ഞതെങ്കിലും ആ മുഖത്തു വിരിയുന്ന സന്തോഷം എനിക്കറിയാൻ പറ്റിയിരുന്നു.

********************

“കുഞ്ഞുണ്ണീ.. പാപ്പം കൈച്ചാം നമ്മൾക്ക്..”

പച്ചക്കായ ഉണക്കി പൊടിച്ച് കുറുക്കാക്കി കൊടുക്കാൻ കൊണ്ടുവന്നതാ. നിഷേധാർത്ഥത്തിൽ തലയാട്ടുന്നുണ്ട് ആള്.. കൂടെ ഇഞ്ഞി ഇഞ്ഞി എന്ന് കൊഞ്ചലോടെ പറയുന്നുണ്ട്.. ആൾക്ക് പാലു മതി. പാപ്പം വേണ്ടെന്ന്.. കുറുമ്പൻ. നിർബന്ധിച്ച് കുറച്ച് കഴിപ്പിച്ചു. പകുതിയും ആള് വണ്ടിയോടിച്ചു തുപ്പിക്കളഞ്ഞു. മുഖവും വായും കഴുകിച്ച് മോനെ എടുത്ത് മുറ്റത്തേക്ക് നടന്നു. മാവിൻ കൊമ്പിലെ ഊഞ്ഞാലിൽ അവനെയും കളിപ്പിച്ചിരുന്നു.

ഏഴുമാസമായി കുഞ്ഞുണ്ണിക്കിപ്പോൾ.. മുട്ടിലിഴഞ്ഞു തുടങ്ങി.. നാലു മസം കൊണ്ട് തന്നെ അവൻ അമ്മക്കുഞ്ഞായി മാറി..മ്മ.. മ്മ എന്ന് ആരും പറഞ്ഞ്‌ കൊടുക്കാതെ തന്നെ അവനെന്നെ വിളിച്ചപ്പോൾ എല്ലാർക്കും അത്ഭുതമായിരുന്നു.

ദൂരെ നിന്നും അച്ഛനും ഗിരിയേട്ടനും വരുന്നത് കണ്ടപ്പോഴേ തകുടുസ് തുള്ളിച്ചാടി തുടങ്ങി.. അച്ഛൻ അകത്തേക്ക് കേറിപ്പോയി. മോനെ ഗിരിയേട്ടനെ ഏൽപ്പിച്ച് മുന്നോട്ട് നടക്കാനാഞ്ഞതും കൈയ്യിൽ പിടുത്തം വീണിരുന്നു.

“ജാനീ.. ഞാൻ മോനെ നിന്നിൽ നിന്നും അകറ്റുമോന്ന് ഭയക്കുന്നുണ്ടെന്ന് രഘുവേട്ടൻ പറഞ്ഞു. എനിക്കും ഇനിയതിനു പറ്റില്ലെടി.. വന്നൂടെ ഞങ്ങളുടെ ജീവിതത്തിലേക്ക്. എന്റെ മോന്റെ അമ്മയായി.. എന്റെ പാതിയായി. തനിച്ചാ വീട്ടിൽ ഞങ്ങൾക്ക് രണ്ടാൾക്കും പറ്റുന്നില്ലെടി..”

സമ്മതം മൂളാൻ മറുത്തൊന്ന് ആലോചിക്കേണ്ടി വന്നില്ല.. എന്റെ കുഞ്ഞുണ്ണിയുടെ അമ്മയാവാൻ അത്രമേൽ കൊതിച്ചിരുന്നതാ..

*********************

അമ്പലത്തിൽ വെച്ച് ഗിരിയേട്ടൻ താലികെട്ടുമ്പോൾ എല്ലാവരെയും നോക്കി മയങ്ങി ചിരിച്ചു കൊണ്ട് കുഞ്ഞുണ്ണി അപ്പുവിന്റെ കൈയ്യിലുണ്ടായിരുന്നു.

“അവന്റെമ്മ അവനു സ്വന്തമായതിന്റെ സന്തോഷമാകണം..”

ഗിരിയേട്ടൻ എനിക്കായി കേൾക്കും വിധത്തിൽ പറഞ്ഞതും എന്നിലും ആ സന്തോഷം നിറഞ്ഞു തുളുമ്പി..

രാത്രി മോനെ ഉറക്കിക്കിടത്തി തിരിഞ്ഞു കിടക്കാൻ പോയതും ഗിരിയേട്ടൻ കെട്ടിപിടിച്ച് മുടിയിലേക്ക് മുഖം പൂഴ്ത്തി ചേർന്ന് കിടന്നു.. പുളഞ്ഞു പോയിരുന്നു.. ആദ്യമായിട്ടാണ് ഒരു പുരുഷന്റെ സ്പർശനമേൽക്കുന്നത്. അതും ഒരു കുഞ്ഞിനെ പ്രസവിച്ചതിനു ശേഷം. എന്തോ അറിയാതെ ചുണ്ടിലൊരു ചിരിയൂറി വന്നു.

“ഒരുപാട് സന്തോഷം തോന്നുന്നെടി. ആരുമില്ലാതിരുന്ന ഞങ്ങൾക്കിപ്പോ ആരൊക്കെയോ ഉള്ളത് പോലെ.. തന്നോടുള്ള കടപ്പാട് ഞാനെന്ത് ചെയ്തു തന്നാലാ തീരുന്നത്…?”

ഒന്നും മറുപടി പറയാതെ തിരിഞ്ഞു കിടന്ന് ആ നെഞ്ചിൽ മുഖം പൂഴ്ത്തി.

“ഗിരിയേട്ടാ..കുഞ്ഞുണ്ണിയുടെ ശെരിക്കുമുള്ള പേരെന്താ..??”

“അപ്പോഴെത്തെ ടെൻഷനിൽ പേരൊന്നും ഇട്ടില്ലാ ജാനി.. അപ്പുവാ കുഞ്ഞുണ്ണിയെന്ന് വിളിച്ചു തുടങ്ങിയത്.. പിന്നെയെല്ലാരും അങ്ങനെ വിളിച്ചു തുടങ്ങി..”

“ഞാൻ..ഞാൻ.. കൃഷ് ശിവ് എന്നിട്ടോട്ടെ..?? എന്റെ കണ്ണന്റെ പേര്..??”

“അതിനെന്താടി പെണ്ണെ.. അവൻ നമ്മുടെ കണ്ണനല്ലേ..”

എന്നെ ചേർത്തുപിടിച്ച് ഗിരിയേട്ടനത് പറഞ്ഞതും തിരിഞ്ഞ് കിടന്ന് മോന്റെ നെറുകെയിലായൊന്ന് പതിയെ മുത്തി. കണ്ണന് പകരം എനിക്കായി ദൈവം തന്ന എന്റെ നിധി. എന്റെ കൃഷ് ശിവ്.. എന്റെ കുഞ്ഞുണ്ണി.. നിറഞ്ഞു തുളുമ്പുന്ന ആത്മസംതൃപ്തിയോടെ ഗിരിയേട്ടന്റെ കവിളിലും ചുണ്ടു ചേർത്തു..

അവസാനിച്ചു.