എന്നിട്ടെന്താ ഈ പ്രണയം അങ്ങട് പൊട്ടുമ്പോൾ നമ്മുടെ പഞ്ചാബി ഹൌസിലെ രമണൻ പറഞ്ഞത് പോലെ ആവേശം ചോർന്നു പോകുമ്പോൾ തടയാൻ ഒന്നും ഇട്ടിട്ടില്ലാത്ത അവസ്ഥയിൽ ആകും…

ഋതു ~ രചന: ഹരി കിഷോർ

“” ഹരി ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?? “”

മെർലിൻ എന്നോട് പലപ്പോഴായി ചോദിക്കുന്ന ഒരു ചോദ്യമാണ്..മിക്കപ്പോഴും ഒഴിഞ്ഞു മാറാറാണ് പതിവ്.. ഇന്ന് പക്ഷേ അവൾ വിടുന്ന ലക്ഷണം ഒന്നുമില്ല..

എന്റെ കൊളീഗ് ആണ് മെർലിൻ..കഴിഞ്ഞ രണ്ടു വർഷത്തിലെറയായി എന്റെ സുഹൃത്തും..അവളുടെ പൊട്ടിയ പ്രണയ കഥകളെല്ലാം എന്നോട് അവൾ പങ്കുവെക്കാറുണ്ടായിരുന്നു..അവളെക്കാൾ എട്ടു നിലയിൽ പൊട്ടിയ പ്രണയ കഥകൾ ആയിരുന്നു എന്റേത്..പക്ഷേ എന്തോ അവളെ പോലെ രസകരമായി പറഞ്ഞു ഫലിപ്പിക്കാൻ എനിക്ക് കഴിവ് ഉണ്ടായില്ല.. അത് കൊണ്ട് തന്നെ എപ്പോളും ഞാൻ അവളുടെ കഥകളുടെ നല്ല കേൾവിക്കാരൻ മാത്രം ആയി..

“”” എന്ത് ചോദ്യമാണ് മെർലിൻ..ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവർ ഉണ്ടോ?? മനസ്സുകൊണ്ടെങ്കിലും ജീവിതത്തിൽ പ്രണയിക്കാത്തവർ വിരളമായിരിക്കും… “””

പുഞ്ചിരിച്ചു കൊണ്ട് ഞാൻ അവൾക്കു മറുപടി നൽകി..

“”” എങ്കിൽ കേൾകട്ടെ മാഷിന്റെ പ്രണയ കഥകൾ…””

അവൾ കഥ കേൾക്കാൻ ഉള്ള താല്പര്യത്തോടെ എന്റെ മുഖത്തേക്ക് നോക്കി..

“”” ഒരുപാട് പേരോട് പ്രണയം തോന്നിയിട്ടുണ്ട് മെർലിൻ എനിക്ക്..ആഗ്രഹങ്ങളാണ് സമസ്ത ദുഖങ്ങളുടെയും ഹേതു എന്ന് പണ്ട് ശ്രീ ബുദ്ധൻ പറഞ്ഞിട്ടില്ലേ?അത്‌ പോലെ അല്ലെ പ്രണയിക്കുമ്പോൾ നമുക്ക് തോന്നുക.. ഈ ലോകം തന്നെ നേടാനാകും എന്നൊക്കെ അപ്പോൾ തോന്നും..ആ സമയത്തു നമ്മുടെ വാക്കുകളിലും പ്രവർത്തിയിലും ഒക്കെ ആവേശവും ശക്തിയും നിറയും..എന്നിട്ടെന്താ ഈ പ്രണയം അങ്ങട് പൊട്ടുമ്പോൾ നമ്മുടെ പഞ്ചാബി ഹൌസിലെ രമണൻ പറഞ്ഞത് പോലെ ആവേശം ചോർന്നു പോകുമ്പോൾ തടയാൻ ഒന്നും ഇട്ടിട്ടില്ലാത്ത അവസ്ഥയിൽ ആകും കുറെ നാൾ.. എന്നിട്ടും തോൽക്കുമോ നമ്മൾ………. വീണ്ടും പ്രണയിക്കും.. അങ്ങനെ എട്ടു നിലയിൽ പൊട്ടിയ നിരവധി പ്രണയങ്ങൾക്ക് ഉടമ ആണ് ഞാനും…”””

“”” ആഹാ അപ്പോൾ നല്ല അസ്സൽ കോഴി ആയിരുന്നു അല്ലെ മാഷ് “””

അവൾ പറഞ്ഞത് കേട്ട് ഞാനും ചിരിച്ചു..

“”” പിന്നെ അല്ലാതെ.. പക്ഷേ ഒരാൾ.. ഒരാൾ എന്നെ വല്ലാതെ മാറ്റി കളഞ്ഞു.. എന്റെ പ്രണയ സങ്കല്പങ്ങളുടെ പൊളിച്ചെഴുത്തു തുടങ്ങിയത് അവളിലൂടെയാണ് …ഇപ്പോളും ഞാൻ അവളെ പ്രണയിച്ചു കൊണ്ടേ ഇരിക്കുന്നു.. “””

“” ആരാണത് ?? സസ്പെൻസ് ഇടാതെ പറ മാഷേ “”

മെർലിനും അതാരാണെന്ന് അറിയാനുള്ള ആകാംക്ഷയോടെ ചോദിച്ചു….. അത് കണ്ടപ്പോൾ എനിക്കും ചിരി വന്നു…. ഒരു കള്ളച്ചിരി…

“” സസ്പെൻസ് ഒന്നുല്ല.. എന്റെ അവസാന പ്രണയവും പൊട്ടി ഇനി ജീവിതത്തിൽ ഒരു പെണ്ണ് ഇല്ല എന്ന് പ്രതിജ്ഞ എടുത്തു ഇരിക്കുമ്പോൾ ആണ് ഞാൻ അവളെ കാണുന്നത്..കോളേജിൽ ഒപ്പം പഠിച്ചവൾ.. പക്ഷേ ഒരിക്കൽ പോലും അങ്ങനെ ഒരാൾ എന്റെ ക്ലാസ്സിൽ ഉണ്ടെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.. ഒരു രസത്തിനു വെറുതെ അവളെ ശ്രെധിച്ചു തുടങ്ങി..ഒരു പ്രത്യേക തരം സ്വഭാവം ആയിരുന്നു ആളിന്റെ.. ആരോടും അധികം സംസാരം ഇല്ല, നിലത്തു നോക്കിയുള്ള നടപ്പ്, മിക്കപ്പോഴും കോളേജിന്റെ ഇടനാഴിയിലൂടെ പുറത്തെ കാഴ്ചകൾ ഒറ്റയ്ക്ക് നിന്നു അവൾ ആസ്വദിക്കുന്നത് കാണാം…”””

“”” എന്നിട്ട്?? “”””

“”” എന്നിട്ടെന്താ ആളിന്റെ ഒപ്പം പലപ്പോഴും ഞാൻ കൂടി… സംസാരിക്കാൻ ശ്രെമിക്കുമ്പോൾ എല്ലാം ഒരു തരം ഉൾവലിയൽ ആയിരുന്നു അവൾക്ക്.. എന്നിട്ടും വിടാൻ ഞാൻ ഉദ്ദേശിച്ചു ഇല്ല..എന്റെ സാനിധ്യം കൊണ്ട് അവളെ ഡിസ്റ്റർബ് ചെയ്തു കൊണ്ടേ ഇരുന്നു എപ്പോളും..”””

“”” മാഷിന്റെ ഇഷ്ടം എപ്പോൾ തുറന്നു പറഞ്ഞു എന്നിട്ട് ?? “””

“”” ഒരു മൂന്നു നാല് മാസം കൊണ്ട് ആളിൽ ചെറുതായെങ്കിലും ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കി എടുക്കാൻ എനിക്ക് കഴിഞ്ഞു.. ആദ്യം ഉണ്ടായിരുന്ന അകൽച്ച പതിയെ കുറഞ്ഞു വന്നു…മൂകമായി കണ്ടിരുന്ന ആ മുഖത്തു പുഞ്ചിരി നിറയ്ക്കാൻ എന്റെ സൗഹൃദം കൊണ്ട് കഴിഞ്ഞു…പലപ്പോഴും ഒറ്റയ്ക്കു നടന്നവൾ എന്നെയും കാത്തു നിൽക്കുന്ന അവസ്ഥയിൽ എത്തിച്ചേർന്നു.. അങ്ങനെയുള്ള ഒരു ദിവസം.. ഞാൻ അവളോട്‌ ചോദിച്ചു..

“തനിക്കു എന്നെ പ്രണയിച്ചു കൂടെ” എന്ന്..

അതിനു ഒരു നനുത്ത പുഞ്ചിരി മറുപടി ആയി തന്നു അവൾ എന്റെ അടുത്ത് നിന്ന് എഴുന്നേറ്റ് പോയി…

“”പിന്നെ എന്ത് സംഭവിച്ചു?? “””

“”” എന്ത് സംഭവിക്കാൻ…….. അവൾ പൂർണമായും എന്നിൽ നിന്ന് അകലാൻ ശ്രെമിച്ചു കൊണ്ടേ ഇരുന്നു.. അത് എന്നിൽ വല്ലാത്ത വേദന നിറച്ചു..ഇഷ്ടപ്പെട്ടു എന്നൊരു കാരണത്താൽ സൗഹൃദം പോലും വേണ്ട എന്ന് വെച്ച് അവൾ പഴയ രീതിയിലേക്ക് മാറുന്നു.. എന്നെ കാണുമ്പോൾ എല്ലാം ഒരു തരം ഒളിച്ചോട്ടം ആയിരുന്നു അവൾക്ക്..ഒരു ദിവസം ഇടനാഴിയിൽ ഒറ്റയ്ക്കു നിന്ന അവളെയും പിടിച്ചു വലിച്ചു ഞാൻ നടന്നു… എന്റെ കൈ വിടുവിക്കാൻ അവൾ ഒരുപാട് ശ്രെമിച്ചു.. പക്ഷേ അതിനനുസരിച്ചു എന്റെ പിടി മുറുകി കൊണ്ടേ ഇരുന്നു.. പിടിച്ചു വലിച്ചു ആളൊഴിഞ്ഞ ക്ലാസ് മുറിയിൽ കയറി വാതിൽ അടച്ചു… “””

പൊതുവെ ശാന്തനായ ഞാൻ കോളേജ് ടൈമിൽ ഇങ്ങനെ ആയിരുന്നോ എന്നുള്ള രീതിയിൽ മെർലിൻ എന്നെ അടിമുടി കണ്ണും തള്ളി നോക്കി…….

“” ഈശ്വരാ നിങ്ങള് അപ്പോൾ കലിപ്പനും ആയിരുന്നോ?? “”

“” എയ് അല്ലല്ല.. അപ്പോൾ അല്പം കലിപ്പ് കാണിക്കാതെ നിവർത്തി ഇല്ലല്ലോ..?? “”

“”” ശോ അപ്പോൾ ആ കുട്ടിയുടെ അവസ്ഥ എന്തായിരുന്നു?? “””

“””ശരിക്കും അവൾ നന്നായി പേടിച്ചു എന്ന് വേണം പറയാൻ.. എന്നോട് കതക് തുറക്കാൻ ആവശ്യപ്പെട്ടു..പക്ഷേ ഞാൻ വാതിലിൽ ചാരി അവിടെ തന്നെ നിലയുറപ്പിച്ചു.. എന്നിട്ട് അവളോട് പറഞ്ഞു..

“””” നിനക്ക് എന്നെ ഇഷ്ടം ആണെന്ന് പറയാതെ ഞാൻ ഈ വാതിൽ തുറക്കില്ല എന്ന് “””

പക്ഷേ ഒട്ടും ആലോചിക്കാതെ തന്നെ ആയിരുന്നു അവളുടെ മറുപടി….. മനപ്പാഠം ആക്കിയത് പോലെ…..

“””എനിക്ക് ഹരിയെ പ്രണയിക്കാൻ പറ്റില്ല”””

അവൾ എന്റെ മുഖത്തു നോക്കി പറഞ്ഞു….. പ്രതീക്ഷിച്ച മറുപടി ആണെങ്കിലും അത് കേട്ടപ്പോൾ ചങ്കിൽ എന്തോ വിഷമം വന്നിരുന്നു….

“”” അതെന്താ പറ്റാത്തെ??ശരിയാ ഞാൻ നല്ല അസ്സൽ കോഴി ആയിരുന്നു..പക്ഷേ അതിനർത്ഥം ഞാൻ അത്രയും മോശം വ്യക്തി ആണെന്ന് അല്ല……””

ഞാൻ വാശിയോടെ അവളുടെ മുഖത്തു നോക്കി പറഞ്ഞു

“”” എന്ന് ഞാൻ പറഞ്ഞില്ല ഹരി.. ഹരി ഞാൻ കണ്ടതിൽ വച്ചു അറിഞ്ഞതിൽ വച്ചു തന്നെ നല്ല ഒരാൾ ആണ് “””

അവൾ സൗമ്യമായി പറഞ്ഞു

“””പിന്നെ എന്താണ് പ്രശ്നം..?? “””

“””പ്രശ്നം നിനക്ക് അല്ലല്ലോ ഹരി.. എനിക്ക് അല്ലെ?? “”

“””എന്ത് പ്രശ്നം?? “””

ഞാൻ നെറ്റി ചുളിച്ചു കൊണ്ട് അവളോട്‌ ചോദിച്ചു.

“”” എനിക്ക് ഹരിയെ പ്രണയിക്കാൻ യോഗ്യത ഇല്ല അത്ര തന്നെ.. “””

ധൃതിയിൽ അതു പറഞ്ഞു അവൾ വാതിലിന്റെ അടുക്കൽ വന്നു വീണ്ടും തുറക്കാൻ ഒരു ശ്രെമിച്ചു..

“”” എനിക്ക് കാരണം അറിയണം എന്താണ് എന്ന് അല്ലാതെ നീ ഇവിടുന്നു പുറത്തു പോകില്ല “””

ഞാൻ അവൾക്ക് തടസമായി നിന്ന് കൊണ്ട് പറഞ്ഞു….

“””പറഞ്ഞാൽ നീ എന്നെ വിടുമല്ലോ അല്ലെ?? “””

അവൾ ചോദിച്ചു

“””ഉം തീർച്ചയായും.. “””

ഞാൻ അവൾക്ക് വാക്ക് കൊടുത്തു….അവൾ പറയുന്ന കാരണം അത് എന്തായാലും അത് കേൾക്കേണ്ടത് എന്റെ ആവശ്യമല്ലേ…..

“”” എങ്കിൽ കേട്ടോ.. ഞാൻ സെക്ഷലീ അബ്യുസ് ചെയ്യപ്പെട്ടിട്ടുണ്ട് ഹരീ.. എനിക്ക് പത്തു വയസ്സ് ഉള്ളപ്പോൾ..വിദ്യ പകർന്നു തരേണ്ട അധ്യാപകൻ തന്നെ…

അതും ഒരു തവണ അല്ല….. നിരവധി തവണ..കരഞ്ഞു നിലവിളിച്ചിട്ടുണ്ട് വേദന കൊണ്ട്.. ഭയന്നു പോയിട്ടുണ്ട്..വർഷങ്ങൾ ആയി എല്ലാം ഉള്ളിലൊതുക്കി കഴിയുക ആണ് ഞാൻ…… ആരോടും പറഞ്ഞിട്ടില്ല ഇതു വരെ…..മറക്കാനും വയ്യ……ആരോടും തുറന്നു പറഞ്ഞു മനസിന്റെ ഭാരം കുറയ്ക്കാനും പറ്റിയില്ല….. അതിനു പറ്റുന്നുണ്ടായിരുന്നില്ല ഇതുവരെ ……

പക്ഷേ എന്തോ,, നിന്നോട് ഇപ്പോൾ പറഞ്ഞു പോയി….. എനിക്ക് നിന്നെ ഇഷ്ടം തന്നെയാണ് ഹരി…നിന്റെ സൗഹൃദം ഞാൻ പണ്ടേ ആഗ്രഹിച്ചതും ആണ്.. പക്ഷേ വേണ്ട.. നിനക്ക് ഞാൻ ചേരില്ല..നിന്റെ ജീവിതത്തിലേക്ക് വരാൻ എന്നേക്കാൾ യോഗ്യത ഉള്ള ആരോ എവിടെയോ ഉണ്ട് “””

അത്രയും പറഞ്ഞു അവൾ എല്ലാം കേട്ടു തരിച്ചു നിന്ന എന്റെ മുന്നിൽ കൂടി വാതിൽ തുറന്നു പുറത്തേക്ക് പോയി……ആ നേരത്ത് അവളുടെ മുഖഭാവം എന്തായിരുന്നെന്ന് കൂടി എനിക്ക് അജ്ഞാതമാണ്……

കേട്ട വാക്കുകൾ എന്റെ ഹൃദയത്തിൽ അലയടിച്ചു കൊണ്ടേ ഇരുന്നു…..അപ്പോൾ ഇത്രയും നാൾ മൂകയായി നടന്നവൾ ഉള്ളിലിങ്ങനെ ഒരു കനൽ കൊണ്ട് നടക്കുന്നുണ്ടായിരുന്നോ…… അതാകും അവളെ ഏകയാക്കിയത്……..

പിന്നെ ഉള്ള ദിവസങ്ങൾ ഞാൻ കോളേജിൽ പോയില്ല..അവളെ എങ്ങനെ ഫേസ് ചെയ്യും എന്നത് തന്നെ ആയിരുന്നു എന്റെ പ്രധാന പ്രശ്നം……

“””” പിന്നെ എപ്പോൾ കണ്ടു?? ആ പ്രണയം അവിടെ അവസാനിച്ചോ?? “””

“”””കണ്ടു.. പക്ഷേ അവൾ പഴയത് പോലെ അടുപ്പം ഒന്നും കാട്ടാതെ ആയി.. പ്രണയം എങ്ങനെ അവസാനിക്കും മെർലിൻ….. ചില പ്രണയം നമ്മുടെ നെഞ്ചോട് ചേർത്തു അങ്ങനെ കൊണ്ടു നടക്കും നമ്മൾ…. മരണം വരെ…… അങ്ങനെ ഒരു പ്രണയം ആയിരുന്നു അതും… അവസാനമില്ലാത്ത ഒന്ന്… “””””

ഓർമകളിൽ ചിരിച്ചുകൊണ്ട് രണ്ടു കൈകളും തലയ്ക്കു പുറകിൽ കോർത്തു കെട്ടി, ഞാനൊന്ന് മൂരി നിവർത്തി…..

“””മാഷിന്റെ വൈഫിനു അറിയോ ഇതൊക്കെ??””””

എന്റെ മുഖത്തേക്ക് ചാഞ്ഞു നോക്കിക്കൊണ്ട് മെർലിൻ ചോദിച്ചു പിന്നെയും….

“””ഉം അറിയാം “””

“””അല്ല…. അവർ ഇപ്പോൾ എവിടെ ഉണ്ട്??കാണാറുണ്ടോ?? അല്ല അവരുടെ പേര് എന്താണ്?? “”””

ഒന്ന് തലയാട്ടിയിരുന്നിട്ട് മെർലിൻ ആകാംഷയോടെ ചോദിച്ചു…

“”””മെർലിന്‌ കാണണോ അവളെ?? “”

മൊബൈൽ പോക്കറ്റിൽ നിന്ന് എടുത്തു കൊണ്ട് ഞാൻ ചോദിച്ചു..

“ആഗ്രഹമുണ്ട് “

എന്റെ ഫോണിലെ വോൾ പേപ്പർ അവളുടെ നേരെ നീട്ടി കൊണ്ട് ഞാൻ പറഞ്ഞു….

“” “ഇതാണ് അവൾ… മീര!!!……എന്റെ മക്കളുടെ അമ്മ..എന്നും ഹരിയുടെ മാത്രം മീര…..”””..

എന്റെ കയ്യിൽ നിന്ന് ഫോൺ അവൾ കയ്യിലേക്ക് വാങ്ങി, എന്നോട് ചേർന്നിരിക്കുന്ന മീരയുടെ ഫോട്ടോയിലേക്ക് അവൾ പുഞ്ചിരിയോടെ നോക്കിയിരുന്നു….. അവളുടെ നാവുകൾ പതിയെ പറഞ്ഞു….

“”” ഹരിയുടെ സ്വന്തം മീര…….. “””

“ചില പ്രണയങ്ങൾ ഋതുക്കൾ പോലെയാണ് മെർലിൻ…ചിലപ്പോള്‍ വിടരുന്ന വസന്തമാവാം…കണ്ണീരിന്‍റെ നനവുള്ള ശിശിരം ആവാം..വിരഹത്തിന്‍റെ ചൂടുള്ള ഗ്രീഷ്മവുമാവാം..ഋതു ഭേദങ്ങളുടെ മാറുന്ന മണവും നിറവും സ്വപ്നങ്ങളും നിറച്ചു അത് അങ്ങനെ ഒഴുകി കൊണ്ടേ ഇരിക്കും…”

💓———————💓

അവസാനിച്ചു