പ്രിയസഖി ~ രചന: Fathima Ali
“എന്റെ കണ്ണാ..ഞാനെന്താ പറയാൻ പോകുന്നതെന്ന് നല്ല കൃത്യായിട്ട് നിനക്കറിയാലോ..ഒരു വർഷാവാറായി നിന്നോട് ഈ കാര്യം തന്നെ പറഞ്ഞ് ഞാൻ ബുദ്ധിമുട്ടിക്കുന്നു..എന്നിട്ടും..എന്നിട്ടും ഒര് പുരോഗതിയും ഉണ്ടായിട്ടില്ലല്ലോ എന്റെ കണ്ണാ..കേട്ട് നിനക്ക് മടുക്കുന്നുണ്ടെങ്കിലും പറയാൻ എനിക്ക് ഒരു മടുപ്പും ഇല്ലാട്ടോ..അപ്പഴേ ന്റെ മാഷിനെ ഇങ്ങ് തന്നൂടെ എനിക്ക്..ആ മനസ്സിൽ ഈ അമ്മൂനോട് ഇത്തിരി സ്നേഹം കൊടുത്തൂടെ നിനക്ക്..ഏതോ ഒരു പെണ്ണ് തേച്ചിട്ട് പോയീന്ന് വെച്ച് നാട്ടിലുള്ള എല്ലാ പെണ്ണുങ്ങളേയും പെങ്ങളാക്കിയിരിക്കാ..ആയിക്കോട്ടേ എനിക്ക് അതിൽ സന്തോഷമേ ഉള്ളൂ..എന്നാ ഈ ഞാൻ..എന്നെ പിടിച്ച് പെങ്ങളാക്കിയതാ സഹിക്കാൻ പറ്റാത്തെ..എന്റെ കണ്ണാ..അങ്ങേരെ തേച്ചിട്ട് പോയ കുട്ടിയേക്കാൾ എന്താ എനിക്കൊരു കുറവ് ഒരു കുറവ്..ഞാൻ എന്നെ തന്നെ പൊക്കി പറയാന്ന് വിചാരിക്കരുതേ..ഈ നാട്ടിൽ എന്റെ അത്ര സൗന്ദര്യമുള്ള വേറെ ഏത് പെൺകുട്ടിയാ ഉള്ളത്..ഇത്രയും നിഷ്കളങ്കയും സൽസ്വഭാവിയുമായിട്ടുള്ള വേറെ ഏത് പെൺകുട്ടികളുണ്ട്..രണ്ട് വർഷം കൂടി കഴിഞ്ഞാ ഞാനൊരു ഡോക്ടറാ..ഇതൊന്നും പോരെ അങ്ങേര്ക്ക്..എന്നിട്ട് ഇഷ്ടം പറഞ്ഞ് ചെന്ന എന്നെ നിഷ്കരുണം തള്ളി പറഞ്ഞു..വിഷമണ്ട് കണ്ണാ..”
“മതി..മതി എന്റെ അമ്മൂട്ട്യേ..നീ ഭഗവാനിത്തിരി സ്വര്യം കൊടുക്ക്..”
അമ്പലത്തിലെ പൂജാരി പ്രസാധവുമായി വന്ന് അവളോടായി പറഞ്ഞു..അവളൊന്ന് ഇളിച്ച് കാണിച്ച് കൈനീട്ടി..
“എന്ത് ചെയ്യാനാ..പ്രാർത്ഥിക്കാനല്ലേ എനിക്ക് പറ്റൂ..”
“അമ്മൂട്ടി വിഷമിക്കണ്ടന്നേ..മോള്ക്ക് വിധിച്ചതാണെങ്കിൽ ഭഗവാൻ മോള്ക്ക് തന്നെ കൊണ്ട് തരും..”
“അല്ല നമ്പൂരിയച്ഛാ..വല്ല വശീകരണ മന്ത്രം വല്ലതും കൈയിലുണ്ടോ..ഒന്ന് പരീക്ഷിക്കാനായിരുന്നു..”
അമ്മു ചോദിച്ചത് കേട്ട് അയാളവളെ ഒന്ന് നോക്കി..അവൾ നല്ലോണം ഒന്ന് ചിരിച്ച് കാണിച്ച് ഒന്നൂടെ കണ്ണനെ തൊഴുത് പുറത്തേക്കിറങ്ങി..അമ്പലത്തിൽ നിന്നിറങ്ങി ഇടത് വശത്തൂടെ ഒരു ചെറിയ ഇടവഴിയുണ്ട്..അവിടെയുള്ള ഒരു മരത്തിൽ ചാരി അവളാർക്കോ വേണ്ടി കാത്തിരുന്നു..കുറച്ച് സമയം കഴിഞ്ഞതും അത് വഴി മുണ്ടും ഷർട്ടുമണിഞ്ഞ ഒരു സുമുഖനായ ചെറുപ്പക്കാരൻ നടന്നു വന്നു. ഇരുനിറമാണെങ്കിൽ പോലും ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു അവന്..അവനെ കാണെ അമ്മുവിന്റെ കണ്ണുകൾ വിടർന്നു..
“മാഷ്” അവൾ പതിയെ മൊഴിഞ്ഞു..അവളുടെ അടുത്തൂടെ പോയിട്ട് ഒരു നോട്ടം പോലും അവൾക്കായി അവൻ നൽകിയില്ല..അതിലവൾക്ക് പരിഭവം തോന്നിയെങ്കിലും അവൾ അവന്റെ പിന്നാലെയായി നടന്നു..
“മാഷേ..ഒന്ന് പയ്യെ പോവൂന്നേ..”
പിന്നിൽ നിന്ന് വിളിച്ച് പറഞ്ഞത് കേട്ട അവൻ നടത്തത്തിന്റെ സ്പീഡ് കൂട്ടി..
“ആഹാ..അങ്ങനെയാണോ..എന്നാ ഇപ്പോ കാണിച്ച് തരാ ട്ടോ..”
അമ്മു മനസ്സിൽ പറഞ്ഞ് അവനടുത്തേക്ക് ഓടി അവന്റെ മുന്നിൽ തടസ്സമായി ചെന്ന് നിന്നു..
“എന്റെ..മാഷേ..ഒന്ന്..പയ്യെ..പോയിക്കുടെ..”
ഓടി വന്നത് കാരണം അവൾ നന്നേ അണക്കുന്നുണ്ടായിരുന്നു..
“തന്നോട് ഞാൻപറഞ്ഞിട്ടുണ്ട് അമൃത എന്നെ മാഷ് എന്ന് വിളിക്കരുതെന്ന്..”
“മാഷിനെ പിന്നെ മാഷേന്ന് അല്ലാതെ വേറെ എന്ത് വിളിക്കാനാ..?”
“ഞാൻ തന്നെ പഠിപ്പിച്ചിട്ടൊന്നും ഇല്ലാലോ..”
“പഠിപ്പിച്ചാൽ മാത്രേ മാഷേ ന്ന് വിളിക്കാവൂ എന്നുണ്ടോ മാഷേ..എന്തായാലും നമ്മുടെ കല്യാണം കഴിയുന്നത് വരെ മാഷിനെ ഞാൻ മാഷെ ന്നെ വിളിക്കുള്ളൂ..അത് കഴിഞ്ഞിട്ട് ഹരിയേട്ടാ എന്ന് വിളിച്ചോളാം🙈..”
“തനിക്കെന്താ അമൃത പറഞ്ഞാൽ മനസ്സിലാവാത്തത്..എനിക്ക് തന്നെ ഇഷ്ടമല്ല..ഇനിയൊരിക്കലും ഇഷ്ടപ്പെടാനും പോവുന്നില്ല..”
ഹരി രൂക്ഷമായി പറഞ്ഞ് അമ്മുവിനെ കടന്ന് പോയി..ഇപ്പോഴും കേൾക്കുന്നതാണെങ്കിൽ കൂടി ഇത്തവണ ഹരി പറഞ്ഞത് അവളെ വേദനിപ്പിച്ചു..നിറഞ്ഞ് വന്ന കണ്ണുകളെ പിടിച്ച് നിർത്തി അമ്മു വീട്ടിലേക്ക് നടന്നു..
“എന്താ മുത്തശ്ശന്റെ കുട്ടീടെ മുഖത്തൊരു വാട്ടം..?”
അമ്മു അമ്പലത്തിൽ നിന്ന് വന്ന് കയറിയതും ഉമ്മറത്തെ ചാരു കസേരയിൽ ഇരുന്ന മുത്തശ്ശന്റെ മടിയിലേക്ക് തലവെച്ച് കിടന്നു..
“എന്ത് പറ്റി..?നിന്റെ മാഷിനെ ഇന്ന് കണ്ടില്ലേ..?”
അടുത്തിരുന്ന മുത്തശ്ശി അവളുടെ തലയിൽ തലോടി..
“കണ്ടു മുത്തശ്ശി..ദിവസവും കേൾക്കുന്നത് പോലെ ഇന്നും വയറ് നിറച്ച് കേട്ടു..”
“പിന്നെ എന്താ ഈ വാട്ടം.?”
“അറിയില്ല..എന്തോ ഒരു വല്ലായ്മ പോലെ..”
“മുത്തശ്ശൻ ഹരിയോട് സംസാരിക്കട്ടേ..?”
“വേണ്ട മുത്തശ്ശാ..അത് ചിലപ്പോ മാഷ്ക്ക് ഇഷ്ടപ്പെട്ടില്ലങ്കിലോ..?”
“മ്മ്..”
— — —- —- —–
“മാഷേ…മാഷേ..”
എന്നത്തെയും പോലെ ഇടവഴിയിൽ കാത്ത് നിന്ന അമ്മുവിനെ മറികടന്ന് പോയ ഹരിയുടെ അടുത്തേക്ക് അവൾ ഓടി ചെന്നു..
“അമൃത..വഴിയിൽ നിന്ന് മാറ്..”
“മാറാം..ഒരു കാര്യം പറഞ്ഞോട്ടേ..”
“മാറാനാ തന്നോട് പറഞ്ഞത്..”
“മാഷേ..പ്ലീസ് ഒരു കാര്യം..”
“എനിക്കൊന്നും കേൾക്കണ്ട എന്ന് പറഞ്ഞില്ലേ..”
“മാഷേ പ്ലീസ്..അമ്പലത്തിൽ നിന്ന് വരുമ്പോ ഇത് വഴി വരണം..ഒരത്യാവശ്യ കാര്യം പറയാനാ..ഞാൻ കാത്ത് നിൽക്കും.”
അമ്മുവിന് പറയാനുള്ളത് കേൾക്കാതെ മറികടന്ന് പോയ ഹരിക്ക് നേരെ അമ്മു ഉച്ചത്തിൽ വിളിച്ച് പറഞ്ഞു…അവൾ ഹരി വരുന്നതും കാത്ത് ഏറെ നേരം ഇടവഴിയിൽ കാത്ത് നിന്നു..എന്നാൽ ഹരി അവളെ കാണാതിരിക്കാനായി അമ്പലത്തിൽ നിന്ന് ഇറങ്ങി എതിർ ഭാഗത്തെ പാടവരമ്പിലൂടെയായിരുന്നു പോയത്..ഏറെ നേരം കഴിഞ്ഞിട്ടും ഹരിയെ കാണാഞ്ഞതിനാൽ അമ്മു അമ്പലത്തിൽ ചെന്ന് നോക്കി..അവിടെയൊന്നും ഹരിയെ കാണാത്തതിനാൽ അവൾക്കാകെ സങ്കടം വന്നു..
അന്ന് കണ്ടതിൽ പിന്നെ ഹരി അമ്മുവിനെ കണ്ടിരുന്നില്ല..എന്നത്തേയും പോലെ വല്ല കളിയും പറയാനാവും എന്ന് കരുതിയാണ് അമ്മു കാത്തിരിക്കുമെന്ന് അറിഞ്ഞിട്ടും പോവാതിരുന്നത്..എന്നാൽ മൂന്നാല് ദിവസമായി അവളുടെ വീട് പൂട്ടിയിട്ടിരിക്കുന്നു..അവന്റെ മനസ്സാകെ അസ്വസ്ഥമായി..രണ്ട് ദിവസത്തിന് ശേഷം ഇടവഴിയിൽ കാത്ത് നിൽക്കുന്ന അമ്മുവിനെ കണ്ടതും അവനാകെ സന്തോഷമായി…എങ്കിലുമത് പുറത്ത് കാണിക്കാതെ അവളെ ശ്രദ്ധിക്കാത്ത മട്ടിൽ കടന്ന് പോയി..
“മാഷേ ഒന്ന് നിൽക്കുമോ..?”
“തന്നോട് പറഞ്ഞാൽ മനസ്സിലാവില്ലെന്നുണ്ടോ അമൃത..”
“എന്റെ വിവാഹ നിശ്ചയം കഴിഞ്ഞു..രണ്ടാഴ്ചക്കുളിൽ കല്യാണമാണ്. കഴിഞ്ഞയാഴ്ച അച്ഛനും അമ്മയും മുംബൈ നിന്നും വന്നിരുന്നു..മാഷെ കണ്ട് ഒരു തീരുമാനം അറിയിച്ചില്ലെങ്കിൽ അച്ഛന്റെ ഫ്രണ്ടിന്റെ മകനുമായി വിവാഹമുറപ്പിക്കുമെന്നും പറഞ്ഞിരുന്നു..അത് പറയാനായിരുന്നു ഞാനന്ന് മാഷിനെ കാണണം എന്ന് പറഞ്ഞ് കാത്ത് നിന്നത്..പക്ഷേ..സാരല്ല..എനിക്ക് മാത്രായിരുന്നല്ലോ ഇഷ്ടം..മാഷ്ക്ക് അങ്ങനെ ഒന്നും ഇല്ല എന്ന് പറഞ്ഞിട്ടും ഞാൻ പിന്നാലെ നടന്ന് ബുദ്ധിമുട്ടിച്ചു..ഇനി പിറകെ നടന്ന് ശല്യം ചെയ്യാൻ ഞാൻ ഉണ്ടാവില്ല ട്ടോ..അച്ഛൻ ടൗണിൽ പുതിയ വീട് വാങ്ങിച്ചു…രണ്ട് ദിവസത്തിനുള്ളിൽ ഞാൻ അങ്ങോട്ട് പോവും..ഇപ്പോ തന്നെ അച്ഛന്റെം അമ്മേടേം കാല് പിടിച്ചാ ഇങ്ങോട്ട് വന്നത്..മറക്കാൻ ശ്രമിക്കാം..കഴിയില്ലെങ്കിൽ കൂടിയും..”
നിറഞ്ഞ കണ്ണുകൾ തുടച്ച് മാറ്റി അമ്മു പോവാൻ തിരിഞ്ഞു..എന്നാൽ പ്രതീക്ഷിക്കാതെ ഹരി അവളുടെ കൈയിൽ പിടിച്ച് വലിച്ച് ഇടവഴിക്കടുത്തുള്ള ചെറിയൊരു കുറ്റിക്കാടിനടുത്തേക്ക് കൊണ്ട് പോയി..
“അങ്ങനെ നിനക്കെന്നെ വിട്ട് പോവാൻ പറ്റുമോ..?പറ..”
അമ്മുവിനെ തന്നോട് ചേർത്ത് നിർത്തി ഹരി ചോദിച്ചു..
“വിട്..വിടാൻ..”
അവളവന്റെ കൈയിൽ കിടന്ന് കുതറാൻ ശ്രമിക്കുന്നുണ്ടായിരുന്നു..
അകന്ന് പോവാൻ ശ്രമിച്ച അമ്മുവിനെ നെഞ്ചിലേക്ക് വലിച്ചിട്ട് ഹരി അവളുടെ അധരങ്ങൾ കവർന്നു..അമ്മുവിന്റെ കണ്ണുകൾ മിഴിച്ച് വന്നു..കുതറാൻ ശ്രമിച്ച് അവളെ ഹരി തന്റെ ദേഹത്തിലേക്ക് ചേർത്ത് നിർത്തി..പതിയെ അമ്മുവും ആ ചുംബനത്തിൽ അലിഞ്ഞ് ചേർന്നു..അമ്മുവിന് ശ്വാസമെടുക്കാൻ കഴിയാതെ പിടിഞ്ഞപ്പോഴാണ് ഹരി അവളുടെ അധരങ്ങളെ സ്വതന്ത്രമാക്കിയത്. അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..
“എല്ലാം മറക്കാൻ ശ്രമിക്കല്ലേ ഞാൻ..വീണ്ടും എന്തിനാ..എന്തിനാ എന്നെ ഇനിയും നിങ്ങൾ മോഹിപ്പിക്കുന്നത്..? ഇനിയും ഇങ്ങനെ വേദനിക്കാൻ ഞാനെന്ത് ദ്രോഹാ നിങ്ങളോട് ചെയ്തേ..?”
ഹരിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ച് അമ്മു കരഞ്ഞു..ഹരി ഒന്നും പറയാതെ അമ്മുവിനെ തന്റെ നെഞ്ചിലേക്ക് പൊതിഞ്ഞ് പിടിച്ചു..അവളുടെ കരച്ചിൽ നേർത്ത് വന്നതും ഹരി അമ്മുവിന്റെ മുഖം കൈകുമ്പിളിലൊതക്കി അവളുടെ കണ്ണുകളിലേക്ക് നോട്ടമെറിഞ്ഞു…
“മൃതുല..ഒരുപാട് ഇഷ്ടായിരുന്നു അവളെ..പക്ഷേ അവളെന്നെ ചതിച്ചിട്ട് പോയപ്പോ പെണ്ണെന്ന വർഗത്തോടെ വെറുപ്പായി…നീ ഇഷ്ടാണെന്ന് പറഞ്ഞ അന്ന് തൊട്ട് നിന്നെ വെറുക്കാനുള്ള കാരണം ഉണ്ടാക്കാനായിരുന്നു ഞാൻ ശ്രമിച്ചത്..അതിൽ ഞാൻ വിജയിച്ചു എന്നും കരുതി..എന്നാൽ നിന്നെ കാണാതിരുന്ന ദിവസങ്ങളിൽ നിന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ അറിയുകയായിരുന്നു..ഇനി നിന്നിൽ നിന്നും ഒരു തിരിച്ച് പോക്ക് ഈ ഹരിക്ക് ഉണ്ടാവില്ല..അത്രമാത്രം ഞാനിപ്പോൾ നിന്നെ പ്രണയിക്കുന്നുണ്ട്..”
ഏറെ നാളുകളായി കേൾക്കാൻ കൊതിച്ചത് ഹരിയുടെ നാവിൽ നിന്ന് തന്നെ കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിലക്കാതെ പെയ്യുന്നുണ്ടായിരുന്നു..സന്തോഷം അതിന്റെ ഉച്ചസ്ഥായിയിൽ എത്തി നിൽക്കുന്ന അവസ്ഥയിൽ അമ്മുവിന് ഒരു നിമിഷം തന്റെ ഹൃദയം നിലച്ച് പോയി എന്ന് വരെ തോന്നി പോയി..
ഹരിയുടെ നോട്ടം അമ്മുവിന്റെ വലത് കൈയിലെ മോതിര വിരലിൽ കിടന്ന ‘അരുൺ’ എന്ന പേര് എഴുതിയ മോതിരം അവളുടെ കൈയിൽ നിന്നും ഊരി മാറ്റി…
“നിന്നിലെ ഓരോ അണുവിലും എനിക്ക് മാത്രമാണ് അവകാശം..”
അമ്മു ഒന്നും പറയാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..അവൾക്കിപ്പോഴും നടന്നതൊന്നും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല..
“എന്റെ അമ്മൂന് വിശ്വാസം വരുന്നില്ല അല്ലേ..?”
അവൻ ചോദിച്ചതിന് മറുപടിയായി അവൾ ഇല്ല എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു..ഹരി ഒരു ചിരിയോടെ അവളുടെ കവിളിൽ പല്ലുകളാഴ്ത്തി..
“ഇപ്പോ വിശ്വാസായോ..?”
“മ്മ്..”
“എന്റെ വായാടിക്ക് ഇതെന്ത് പറ്റി..?”
“അറിയില്ല മാഷേ..എന്തോ പേടി പോലെ..”
“എന്തിനാ പേടി..എന്റെ അമ്മൂട്ടിയുടെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് ഈ ഹരിയുടേത് മാത്രമാവും..”
അമ്മു നിറഞ്ഞ പുഞ്ചിരിയോടെ ഹരിയെ നോക്കി..കുറച്ച് സമയത്തിനകം അവർ യാത്ര പറഞ്ഞ് പിരിഞ്ഞു..
—- —- —- —– —–
സർവാഭരണ വിഭൂഷയായി ഓഡിറ്റോറിയത്തിലെ ഒരു റൂമിൽ ഇരിക്കുകയാണ് അമ്മു..അന്ന് ഹരിയോട് യാത്ര പറഞ്ഞ് പോന്നതിന് ശേഷം പിന്നെ അവന്റെ ഒരു വിവരവും ഉണ്ടായിരുന്നില്ല..
“അമ്മൂ..സമയായി..ചെറുക്കനും കൂട്ടരും എത്തിയിട്ടുണ്ട്..വന്നേ..”
ആരോ വന്ന് അവളെ കതിർ മണ്ഡപത്തിലേക്ക് കൊണ്ട് പോയി..അത്രയും നേരം ഹരി വരും എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന അമ്മു ആകെ തകർന്ന് പോയിരുന്നു..ആരേയും നോക്കാതെ നിറഞ്ഞ് തുളുമ്പുന്ന കണ്ണുകളോടെ തല കുമ്പിട്ട് മണ്ഡപത്തിലേക്ക് കയറി ഇരുന്ന അമ്മു തന്റെ നേർക്ക് ഉയരുന്ന പരിചിതമായ കൈകൾ കണ്ട് ഞെട്ടി തിരിഞ്ഞ് നോക്കി..ഒരു കള്ള ചിരിയോടെ തനിക്കരികിൽ ഇരിക്കുന്ന തന്റെ മാഷെ കണ്ട് അവൾ ഒരുവേള ശ്വാസമെടുക്കാൻ പോലും മറന്നു..
പൂജാരിയുടെ നിർദേശപ്രകാരം ഹരി അമ്മുവിന്റെ കഴുത്തിൽ താലി ചാർത്തി..ഒരു നുള്ള് സിന്ദൂരത്താൽ അവളുടെ നെറ്റിയെ ചുവപ്പിച്ചു..
അപ്പോഴും അമ്മു അവനിൽ നിന്നും നോട്ടം മാറ്റിയിരുന്നില്ല..അത് കണ്ട് ഹരി അവളുടെ കൈകളിൽ ചെറുതായി പിച്ചി..സ്ഥലകാല ബോധം വന്ന അമ്മു ചുറ്റിലും നോക്കിയപ്പോൾ തങ്ങളെ നോക്കി നിറ പുഞ്ചിരിയോടെ നിൽക്കുന്ന തന്റെയും ഹരിയുടെയും കുടുംബാംഗങ്ങളെ കണ്ടത്..
— — —- —- —- —–
അന്ന് അമ്മുവിനെ കണ്ട ശേഷം ഹരി നേരെ അവന്റെ വീട്ടിലേക്ക് ചെന്ന് വിവരങ്ങളൊക്കെ പറഞ്ഞു..എല്ലാം കേട്ട് ഹരിയുടെ അച്ഛനും അമ്മക്കും നൂറ് വട്ടം സമ്മതം ആയിരുന്നു..ഹരി തന്നെ അമ്മുവിന്റെ അച്ഛനെ വിളിച്ച് അവർ തമ്മിൽ കണ്ട് സംസാരിച്ച് കല്യാണം ഉറപ്പിച്ച് ചെറുക്കന്റെ വീട്ടിൽ ചെന്ന് അവരെ ഒരുവിധം പറഞ്ഞ് വിവാഹത്തിൽ നിന്നും പിൻമാറ്റി..
ഇതൊന്നും ആരും അമ്മുവിനോട് പറയേണ്ടെന്ന് ഹരി പ്രത്യേകം പറഞ്ഞ് ഏൽപ്പിച്ചിരുന്നു..അത് കൊണ്ട് ആ സമയം വരെ തന്റെ മാഷ് തന്നെയാണ് തന്നെ വിവാഹം ചെയ്യുന്നെന്ന കാര്യം അവൾ അറിഞ്ഞിരുന്നില്ല…
ഹരിയുടെ മടിയിൽ തലവെച്ച് കിടന്ന് ഹരി പറയുന്ന കഥകൾ കേൾക്കുകയായിരുന്നു അമ്മു…
“എന്റെ കണ്ണാ…ഒടുവിൽ നീ എന്റെ മാഷെ എനിക്ക് തന്നെ തന്നല്ലോ..”
ഹരി അമ്മുവിന്റെ ചെവിയിൽ പിടിച്ച് വലിച്ചു..
“മാഷ് അല്ല മര്യാദക്ക് ഹരിയേട്ടാ എന്ന് വിളിക്ക് പെണ്ണേ..”
“ഹരിയേട്ടാ…”
അമ്മു ചിരിയോടെ വിളിച്ചതും ആ ചിരി അവനിലേക്കും പടർന്നു..അതേ ചിരിയോടെ അവളുടെ കവിളിലെ കുഞ്ഞു മറുകിൽ അവൻ ചുണ്ടുകൾ ചേർത്തു..
ശുഭം