കരിവള ~ രചന: ദേവ സൂര്യ
“”എന്നെ…. എന്നെയൊന്ന് കൊന്ന് തരാൻ പറയുവോ കിച്ചേട്ടാ…. അവരോട് “”…..ആ വാക്കുകളിലെ ഇടർച്ചയും വേദനയും മുഖം ചുളിയുമ്പോൾ തന്നിൽ അമരുന്ന കൈത്തണ്ടയിൽ നിന്നും….വീഴുന്ന നഖപ്പാടിൽ നിന്നും വ്യക്തമായിരുന്നു…..
ആശുപത്രി വരാന്തയിൽ ജീവനറ്റ പോലെ ഇരിക്കുമ്പോളും അപ്പുറത്തെ മുറിക്കുള്ളിൽ നിന്ന് അവളുടെ കരച്ചിൽ ഉയർന്ന് കേൾക്കുന്നുണ്ട്…. അപ്പോഴും ആ ചുണ്ടുകൾ ഒരു പേരെ ഉയർത്തി വിളിക്കുന്നുള്ളു….
“”കിച്ചേട്ടാാ ന്ന് “”…. ഇല്ല കാണാൻ വയ്യ… പാതി വെന്ത ആ മുഖം കണ്ടാൽ ചിലപ്പോൾ നിയന്ത്രണം വിട്ട് പൊട്ടികരഞ്ഞു പോവും….അടച്ചിരുന്ന കൺപോളകൾ ചാലിട്ട് ഒഴുകി കൊണ്ടിരുന്നു… ഓർമ്മകൾ മുൻപെങ്ങോ ബാക്കി വച്ച ഇത്തിരി തോപ്പിലേക്ക് ചേക്കേറി….
“ദേ.. കിച്ചേട്ടാ… എനിക്ക് ശെരിക്കും നോവുന്നുണ്ട് ട്ടോ… “പിടിച്ചു വച്ച കൈ വിടുവിക്കാൻ നോക്കുന്നതിനിടെ നിറകണ്ണുകളോടെ നോക്കുന്നത് കാൺകെ ദേഷ്യത്തോടെ കൈകൾ തട്ടി മാറ്റി കുളപടവിൽ പോയിരുന്നു….
“കണ്ടോ…അല്ലികാവിലെ പൂരത്തിന് കിച്ചേട്ടൻ തന്നെ വാങ്ങി തന്നതാ ഇത്…മുഴുവനും പൊട്ടിച്ചു കളഞ്ഞില്ലേ “…. ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ച് ആരോടെന്നില്ലാതെ നിലത്തേക്ക് മിഴിവുറ്റി പരിഭവം പറയുന്നവളെ കണ്ടപ്പോൾ ചങ്കൊന്ന് പിടന്നു…
“അമ്മൂന് സങ്കടോന്നും ഇല്ല്യാ ട്ടോ കിച്ചേട്ടാ…. കൂടെ പഠിക്കണ അഞ്ജു പറഞ്ഞത് കേട്ടിട്ടാ കിചേട്ടനോട് കരിവള വാങ്ങി തരാൻ പറഞ്ഞത്”…. അറിയുവോ കിച്ചേട്ടന്.. “”പത്തെണ്ണം പൊട്ടിക്കാതെ പത്തീസം ഇട്ടാൽ മനസ്സിൽ കൊണ്ട് നടക്കണ ആളെ തന്നെ കിട്ടും ത്രെ… ആ പൊട്ടത്തീടെ ഓരോ മണ്ടത്തരങ്ങള് ലേ””…..
“അമ്മു ഞാൻ ചോദിച്ചതിന് നീ മറുപടി പറഞ്ഞില്ല ട്ടോ”…മുന്നിലെ ഓളപ്പരപ്പിലേക്ക് നോക്കുമ്പോളും അവന്റെ ശബ്‌ദം ഉയർന്ന് കേട്ടിരുന്നു….
“മനസ്സിൽ കൊണ്ട് നടന്ന ആൾക്ക് ഇപ്പൊ നിഴല് മാത്രേ ഉള്ളൂ കിച്ചേട്ടാ…എന്തോ ഇപ്പൊ ആ രൂപത്തിന് മുഖം കൊടുക്കാൻ പറ്റണില്ല നിക്ക്”…. അതോണ്ട് തന്നെയാ ഇപ്പൊ പൊട്ടി പോയ കുപ്പിവളകൾ കണ്ടപ്പോ സങ്കടം ഒന്നും വരാഞ്ഞേ…”” നിഴലിനെ ആരേലും പ്രണയിക്കുവോ കിച്ചേട്ടാ? “”….
ദേഷ്യത്തോടെ നോക്കുമ്പോൾ തന്നെ നോക്കി കുസൃതിയോടെ കണ്ണിറുക്കി ചിന്നിചിതറി വീണ കുപ്പിവളതുട്ടുകൾ പെറുക്കിയെടുക്കുവാണ്….
“”ആ നിഴലിന് ഒരിക്കൽ പോലും ഈ കിച്ചേട്ടന്റെ മുഖം പോലെ തോന്നീട്ടില്ലേ അമ്മു നിനക്ക്?? “”ഇടറാതെ നോക്കിയെങ്കിലും അവസാനവാക്കുകൾ തൊണ്ടയിൽ കുരുങ്ങിയ പോലെ…കണ്ണുകൾ നിറയുന്ന പോലെ….
“ഹൈസ്സ്.. നല്ല കഥ…നാട്ടില് വേറെ ആമ്പിള്ളേർ ഇല്ലാഞ്ഞിട്ടാണോ എന്റെ കിച്ചേട്ടാ ഞാൻ നിങ്ങളെ പ്രേമിക്കാൻ നടക്കുന്നെ… ഏഹ്ഹ്??”…
മതി…. നിർത്തിക്കോ നിന്റെ അഭിനയം… എനിക്കറിയാം അച്ചുമാമക്ക് ഇഷ്ടല്ലാത്തോണ്ട് ആണ് മാമേടെ പൊന്ന് മോൾക്ക് എന്നെ വേണ്ടാത്തത് ന്ന്….ജോലി ഇല്ലാത്തോന് പെണ്ണ് കൊടുക്കൂല ത്രെ…നിന്റെ ഒരൊറ്റ വാക്ക് മതി നിക്ക്….പറയ്യ്…പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് ഈ കണ്ണുകൾ എനിക്ക് വേണ്ടി തിളങ്ങുന്നത്….ഈ മുഖം എന്നെ കാണുമ്പോൾ ചുവക്കുന്നത്…സത്യം പറ അമ്മു മനസ്സിലെ ആ നിഴലിന് എന്റെ രൂപമല്ലേ??… എനിക്ക് വേണ്ടിയല്ലേ 10 ദിവസം കഴിഞ്ഞിട്ടും നീയീ കുപ്പിവളകൾ പൊട്ടിക്കാതെ ഇട്ടോണ്ട് നടക്കുന്നെ…ഏഹ്ഹ്??….
നുള്ളിപ്പെറുക്കിയ വളപ്പൊട്ടുകൾ ഇറുക്കെ പിടിച്ചു തന്നെ…നിറകണ്ണോടെ നോക്കുന്നവളെ അന്നാദ്യമായി കൗതുകത്തോടെ നോക്കി…ആ നിറഞ്ഞൊഴുകുന്ന കണ്ണുകൾ പറയാതെ പറഞ്ഞിരുന്നു…””മനസ്സിലെ ആ നിഴലിന് അവളുടെ കിച്ചേട്ടന്റെ മുഖം മാത്രേ വരച്ചു വച്ചിട്ടുള്ളു ന്ന്””…..
അച്ഛ പാവാണ് കിച്ചേട്ടാ.. ന്നെ അത്ര ജീവനാണ്…അമ്മ പോയിട്ടും എനിക്ക് വേണ്ടി ജീവിതം കളഞ്ഞതാ ആ പാവം…ആ അച്ഛയെ വേദനപ്പിച്ചിട്ട് എനിക്കൊന്നും വേണ്ട…കിച്ചേട്ടന് ഒരു ജോലി അതാണ് അച്ഛന്റെ ആവശ്യം. അത് വാങ്ങി വരും ന്ന് എനിക്ക് ഉറപ്പ് തരുവാണേൽ എത്ര വൈകുവാണേലും ഞാൻ കാത്തിരുന്നോളാം…തന്നെ നോക്കി പറയുന്നവളോടെ ഒരു നിമിഷം ബഹുമാനമാണ് തോന്നിയത്…ചേർത്ത് പിടിച്ച് നെറ്റിയിൽ അധരങ്ങൾ പതിപ്പിക്കുമ്പോളും….എന്ത് ചെയ്തിട്ടായാലും ഒരു ജോലി വാങ്ങണം എന്ന് തന്നെയായിരുന്നു മനസ്സിൽ….
പിന്നീട് കടല് കടന്ന് പൊരി വെയിലത്ത് പണിയെടുക്കുമ്പോളും മനസ്സിൽ അവളുടെ മുഖം മാത്രേ ഉണ്ടായിരുന്നുള്ളൂ…”എന്റെ അമ്മൂന്റെ “….ഉരുകിയൊലിക്കും വിയർപ്പും ഒരു ലഹരിയായി മാറുന്നതും അവളെ പറ്റി ചിന്തിക്കുമ്പോൾ മാത്രമാണ്….ആഞ്ഞു ശ്വസിക്കുമ്പോൾ ആ വിയർപ്പിന് ഒരുതരം സുഗന്ധം വിടരുന്നതും താനറിഞ്ഞിരുന്നു….
കാത്തിരിപ്പ്…. അതൊരു സുഖമുള്ള നോവാണെന്ന് അറിയുകയായിരുന്നു….
“”തേടി കണ്ടുപിടിക്കാൻ തിടുക്കപ്പെടുന്ന മനസ്സെന്ന വികൃതി ചെക്കനെ ചൂരൽ കാട്ടി പേടിപ്പിച്ചു നിർത്തുന്ന പോലെ “”….കാത്തിരുന്നു നീണ്ട 5 വർഷം!!….
ഇടക്ക് മാത്രം വിളിക്കുന്ന ഒരു ഫോൺ കോൾ…നിശ്വാസങ്ങൾ പോലും വാചാലമാവുന്ന ഇത്തിരി നിമിഷം….ഏറെ നേരത്തെ മൗനങ്ങൾ ഒരായിരം കഥ പറയുന്ന സുന്ദരനിമിഷം…. അതായിരുന്നു തന്നെ 5 വർഷം സ്വപ്നം കാണാൻ പഠിപ്പിച്ചത്…ഒരുനുള്ള് സിന്ദൂരം ആ സീമന്തരേഖയെ ചുവപ്പിക്കുന്നത്…വെറുതെ സ്വപ്നം കണ്ടു കിടക്കുമായിരുന്നു….
“കിച്ചേട്ടൻ വഴക്ക് പറയില്ലേൽ ഒന്ന് പറഞ്ഞോട്ടെ ഞാൻ”…ലീവ് കിട്ടിയ വിവരം പറയാൻ വിളിച്ചപ്പോളാണ് ചെറിയ പേടിയോടെ മറുതലക്കൽ അത് കേട്ടത്….
“കൊറേ ആയി കിച്ചേട്ടാ… ന്നെ ശല്യം ചെയ്യാൻ തുടങ്ങീട്ട്…കല്യാണം ഇഷ്ട്ടല്ലേൽ ഒരു ദിവസത്തേക്ക് വന്നാൽ മതി ന്ന് പറഞ്ഞപ്പോ..കലി കയറി ഒരെണ്ണം പൊട്ടിച്ചു ഞാൻ…അതും കരണം നോക്കി”…..
തന്റെ അടക്കിപിടിച്ച ചിരി കേൾക്കെ…ആ ചുണ്ടുകൾ കൂർത്തത് താനറിഞ്ഞിരുന്നു….കൂർത്ത ചുണ്ടിൽ പുഞ്ചിരി വിരിയാൻ തന്റെ “”പെണ്ണേ “”എന്നുള്ള വിളി മാത്രം മതിയായിരുന്നു…..
നാട്ടിലെത്തി ആദ്യം പോയതും അച്ചുമാമേടെ അടുത്തേക്ക് തന്നെയായിരുന്നു…മുറുക്കാൻ നീട്ടി തുപ്പി ചാരുകസേരയിലിരുന്ന് തന്നെ നോക്കുമ്പോൾ പണ്ടത്തെ തെണ്ടിചെക്കനെ പോലെ തല താഴ്ത്തിയില്ല…
“തന്നേക്കാവോ മാമേ അമ്മൂനെ എനിക്ക് ” തലയുയർത്തി തുറന്ന ശബ്ദത്തോടെ ചോദിക്കുമ്പോൾ എന്നും ഗൗരവം ആവരണം ചെയ്ത മുഖത്ത് പുഞ്ചിരി വിരിയുന്നത് കൗതുകത്തോടെ നോക്കി നിന്നു….
“അമ്മു നിന്റെയല്ലേ എന്റെ കിച്ചുട്ടാ”….തോളിൽ തട്ടി പറയുന്ന ആ ചുളിവ് വീണ കൈകളെ മുറുക്കി പിടിച്ചു… സന്തോഷത്തോടെ തുന്നൽ ക്ലാസിന് പോയവളുടെ അടുത്തേക്കായി ഓടിയണക്കുമ്പോൾ അറിഞ്ഞിരുന്നില്ല ഞാൻ…. ഒരുവന്റെ പകയുടെ ബാക്കി പത്രമായി വെന്തുനീറുന്ന മുഖവുമായി പിടയുകയായിരുന്നു ന്റെ അമ്മു ന്ന്….
“”ആസിഡ് അറ്റാക്ക് വിക്‌ടിം “”…..താടിക്ക് കൈകൊടുത്ത് പറയുന്നവർക്കറിയുമോ….തന്റെ ഉള്ളിൽ എരിയുന്ന കനലിനെ….
“ആരാ അമേയയുടെ കൂടെയുള്ളത്?? “…നഴ്സിന്റെ ശബ്‌ദമാണ് ഒരു യുഗത്തിലെ എന്നപോലെ നടന്ന ചിന്തകളിൽ നിന്നും വിടുവിച്ചത്….
വേവലാതി പെട്ട് ഉള്ളിലേക്ക് ഓടുമ്പോളും…ആ മുഖം കാണാനുള്ള ശക്തിയില്ലായിരുന്നു.. “”ന്നെ കൊല്ലാൻ പറ കിച്ചേട്ടാ ഇവരോട്…വയ്യ നിക്ക് ഇങ്ങനെ വേദന തിന്നാൻ””…. പാതി വെന്ത മുഖത്തോടെ പറയുന്നവളെ ചേർത്ത് പിടിക്കുമ്പോളും കുതറിക്കൊണ്ട് വീണ്ടും വീണ്ടും പുലമ്പുന്നു….”ന്നെ കൊല്ലാൻ പറ കിച്ചേട്ടാ….ന്നെ കൊല്ലാൻ പറ”….
ദിവസങ്ങൾ പോകെ….പതം പറഞ്ഞു കരയുന്നവളെ കാണാതെയായി….തന്നെ കാണുമ്പോൾ ചുവപ്പ് രാശി പടർത്തിയിരുന്നവൾ….നിർജീവമായി വെറുതെ ചോദിക്കുന്നു…””ന്താ ന്നെ അമ്മ കൊണ്ടോവാത്തെ… ഒന്ന് പറ കിച്ചേട്ടാ അമ്മേനോട് അമ്മൂന് ഇവിടെ ഇഷ്ട്ടല്ല ന്ന് “”….ചേർത്ത് പിടിക്കാൻ ശ്രമിക്കുമ്പോൾ കുട്ടികളെ പോലെ കുതറി മാറുന്നു….വെന്ത് കരിഞ്ഞ ആ കരിനീല മിഴികൾ എന്തിനോ വേണ്ടി മത്സരിച്ചൊഴുകുന്നു….
“”നിക്ക് ഇഷ്ട്ടല്ല കിച്ചേട്ടാ നിങ്ങളെ… പൊക്കോ എങ്ങോട്ടേലും പൊക്കോ… കാണണ്ട നിങ്ങളെ എനിക്ക് “”….വീട്ടിലെത്തി മുറിക്കുള്ളിലെ ജനലഴികളെ എണ്ണിത്തിട്ടപെടുത്തുന്നവളുടെ അടുത്തേക്ക് കുസൃതിയോടെ ചെന്നപ്പോൾ അലറി ഭ്രാന്തിയെ പോലെ അലറുന്നവളെ കണ്ടു നിൽക്കാൻ കഴിയാതെ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി പോയി….
അന്നൊരു രാത്രിമഴ തോരാതെ വീണ രാത്രിയായിരുന്നു.. “”അമ്മൂ….ഒന്ന് തുറക്കടി ഈ വാതില്….നിന്റെ കിച്ചേട്ടനാടി…””കോരി ചൊരിയുന്ന പെരുമഴയത്ത് തന്റെ ശബ്‌ദം കേൾക്കവേ പ്രതീക്ഷയില്ലാതെ നിന്ന തന്റെ മുൻപിലേക്ക് ആ വാതിൽ മെല്ലെ തുറന്നു….
“”കൊല്ലാൻ പോയതാ പെണ്ണേ… പക്ഷെ ചത്തില്ല..ന്നാലും ഇനി അവൻ എണീക്കില്ലാ… നാളെ ഞാൻ പോവും ട്ടോ…ഗൾഫിലോട്ടല്ല….അതോണ്ട് തന്നെ എന്നാ വരുവാ എന്നൊന്നും അറിഞ്ഞൂടാ….തിരിച്ചു വരുമ്പോളും പറഞ്ഞേക്കല്ലേ… കിച്ചേട്ടനെ വേണ്ടാ ന്ന് “”…..
നനഞ്ഞു കുതിർന്ന തന്നെ ആകെ പരതി നോക്കുന്നുണ്ട്…ചോരയിൽ കുതിർന്ന തന്റെ ഷർട്ട് പിച്ചിയെടുക്കുന്നുണ്ട്….മുഖമാകെ കൈകളാൽ പരതുന്നുണ്ട്….എന്തിനോ നെഞ്ചത്ത് വേദനിപ്പിക്കാതെ എന്നപോലെ രണ്ട് കൈകൊണ്ടും കുത്തി പതം പറഞ്ഞു കരയുന്നുണ്ട്…..”നിക്കിഷ്ട്ടല്ല ന്ന് പറഞ്ഞാൽ അപ്പൊ പൊക്കൊളുവോ നിങ്ങള് ഏഹ്ഹ്?? എന്തിനാ…എന്തിനാ പോയേ…. നിക്ക് ഇനി ആരാ പറയ്യ് “….
“ഞാൻ വരൂല്ലേ പെണ്ണേ….പറഞ്ഞില്ലേ ചത്തില്ല…അതോണ്ട് വേഗം വരും”….. വാരിപുണർന്ന് കാതോരമായി പറയുമ്പോളും പാതിവെന്ത മുഖം എന്തിനോ വേണ്ടി ചുക്കി ചുളിഞ്ഞു… നിർജീവമായ ആ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞൊഴുകി……
“”ഞാൻ വരണവരെ ദേ ഈ വളകള് പൊട്ടിക്കാതെ ഇട്ടേക്കണേ “”….കയ്യിൽ വച്ചു കൊടുത്ത് കുസൃതിയോടെ നോക്കുമ്പോൾ…ആ കണ്ണുകൾ പെയ്തിറങ്ങുന്നതിനിടയിലും തിളങ്ങുന്നത് കണ്ടു….എന്തോ സ്വകാര്യമായി തന്നോട് പറയ്യുന്ന പോലെ…..
“നിക്ക് കിച്ചേട്ടൻ മേടിച്ച് തന്നതാ…കിച്ചേട്ടൻ വരൂല്ലോ…കടും ചോപ്പ് നിറം ദാ നിക്ക് ഇവിടെ തേച്ച് തരൂല്ലോ “….കൊച്ചു കുട്ടികളെ പോലെ നെറ്റിയിൽ തൊട്ട് കാണിച്ചുകൊണ്ട് പറയുന്നവളെ കാൺകെ നീണ്ട 6 വർഷത്തെ കാത്തിരിപ്പിന് അർത്ഥമില്ലാത്ത പോലെ…
“അമ്മുവേ നിന്റെ കിച്ചേട്ടൻ അല്ലേടി ഞാൻ”.. എല്ലാം നഷ്ട്ടപെട്ടവനെ പോലെ ചേർത്ത് പിടിച്ചു പുലമ്പുമ്പോളും ആ ചുണ്ടുകൾ വീണ്ടും വീണ്ടും വിതുമ്പുന്നു….””ന്നെ വിട്…കരിവള പൊട്ടും….കിച്ചേട്ടൻ ന്നോട് പറഞ്ഞിട്ടുണ്ടല്ലോ കരിവള പൊട്ടിക്കല്ലേ അമ്മുട്ടിയേ.. ന്ന് “”……
ചേർത്ത് പിടിച്ചു നെറ്റിയിൽ അധരങ്ങൾ പതിപ്പിക്കുമ്പോളും എന്തിനോ വേണ്ടി കയ്യിലെ കരിവള ചിരിതൂകിയിരുന്നു….കാലിലെ ചങ്ങലകണികകൾക്കൊപ്പം അവ പൊട്ടിചിരിച്ചിരുന്നു….
“നൗ ഷീ ഈസ് പെർഫെക്ടലി ഓൾറൈറ്റ് “..ഡോക്ടറുടെ വാക്കുകൾ കേൾക്കാൻ വീണ്ടും കാത്തിരുന്നു വർഷങ്ങൾ… മരുന്നും മന്ത്രവുമായി കൂടെ തന്നെ നിഴൽപോലെ ഉണ്ടായിരുന്നുവെങ്കിലും തന്നോടായി എന്നും
വിടർന്ന കണ്ണുകളോടെ പറയുവാനുണ്ടായിരുന്നത് ഞാൻ എന്ന കിച്ചേട്ടനെ കുറിച്ച് മാത്രമായിരുന്നു….
തിരിച്ചു വീട്ടിലേക്ക് വരുമ്പോളും… എങ്ങോട്ടോ നോക്കി നിർജീവമായി ഇരിക്കുന്നവളെ ഒരുനോക്ക് നോക്കിയെങ്കിലും…എന്തോ ആ മനസ്സിൽ താൻ പാടെ മാഞ്ഞു പോയ പോലെ….
വീട്ടുകാരുടെ നിർബന്ധപ്രകാരം കൊട്ടും കുരവയുമൊന്നുമില്ലാതെ ആ കഴുത്തിൽ താലി ചാർത്തുമ്പോളെങ്കിലും തന്നെ ഒരു നോക്ക് നോക്കുവാൻ ഒരുവേള മനസ്സ് കൊതിച്ചപോലെ….
“ഞാൻ ആരാ ന്ന് അറിയുവോ അമ്മു നിനക്ക്??”…സദ്യവട്ടത്തിന് മുൻപന്തിയിൽ ഇരിക്കുമ്പോളും കൗതുകത്തോടെ ആഗ്രഹത്തോടെ… സ്വകാര്യമായി ചോദിച്ചു. ഒരു നോട്ടം കൊണ്ട് പോലും കനിയാത്തവളെ നിർവികാരനായി നോക്കിയിരുന്നു…..
“എന്താ കിച്ചേട്ടാ…നിങ്ങക്കും എന്നെപോലെ ഭ്രാന്ത് പിടിച്ചോ..ഏഹ്ഹ്??… ഇല്ലാത്ത ശീലങ്ങളൊക്കെ തുടങ്ങിക്കോ….എന്നിട്ട് ആ ചങ്ക് അങ്ങ് പുകച്ചു കള”…പാൽഗ്ലാസ്സുമായി വരുമ്പോൾ മുറിക്കകത്ത് പതഞ്ഞു പൊന്തിയ പുക കണ്ടപ്പോളാണ് എന്ന് തോന്നുന്നു….തന്റെ കയ്യിൽ എരിഞ്ഞമർന്ന സിഗരറ്റ് പിടിച്ചു വാങ്ങി ദൂരേക്ക് എറിഞ്ഞു…എന്തൊക്കെയോ ദേഷ്യത്തോടെ പിറുപിറുക്കുന്നുണ്ട്….
“നിനക്ക് എന്നെ വേണ്ടാല്ലോ…പിന്നെന്തിനാ എനികീ ചങ്ക്”…ഇടംകണ്ണിട്ട് കുസൃതിയോടെ നോക്കുമ്പോൾ ആ പാതി വിരിഞ്ഞ ചുണ്ടുകൾ കൂർത്തു…..ആദ്യമായി എന്നപോലെ ആ പാതി വെന്ത മുഖത്തേക്ക്
കൗതുകത്തോടെ നോക്കിനിന്നു….
“ഞാൻ വേണ്ടാ ന്ന് പറഞ്ഞാൽ പൊക്കൊളുവോ നിങ്ങള്…പറയ്യ്.. പറയാൻ”..വേദനയില്ലാതെ എന്നപോലെ നെഞ്ചിന് കുറുകെ രണ്ട് കൈകൾ കൊണ്ടും കുത്തി പതം പറയുന്നവളെ വിശ്വാസം വരാതെ വിടർന്ന കണ്ണുകളോടെ നോക്കി….
ശ്വാസമെടുക്കാൻ പോലും ആവാത്ത വിധം ആഞ്ഞുപുൽകുമ്പോൾ കണ്ണുകളും കൂട്ടിന് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
“ഞാൻ ഒരുത്തനെ കൊല്ലാൻ നോക്കിയോനാ അമ്മുവേ നിനക്ക് ഞാൻ ചേരുവോ??”…തന്റെ നെഞ്ചിലായി തലചായ്ച്ചു കിടക്കുന്നവളുടെ മുടിയിഴകളിൽ പതിയെ വിരലോടിച്ച് കുസൃതിയോടെ ചോദിച്ചു…
“”ജയിലിൽ പോയോന് ഭ്രാന്തിപെണ്ണാണ് ചേരുവാ എന്ന് അറിഞ്ഞൂടെ
എന്റെ കിച്ചേട്ടന് “”….ഒന്നുയർന്ന് തന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ച് പറയുമ്പോൾ…കൂട്ടിനായി കിടക്കവിരിയിൽ ചിന്നിചിതറി കിടന്നിരുന്ന കരിവളകളും നെറ്റിയിലെ പാതി മാഞ്ഞ സിന്ദൂരവും നാണത്തോടെ പരസ്പരം നോക്കിയിരുന്നു…അവ പതിയെ കണ്ണ് ചിമ്മിയിരുന്നു…..
പെട്ടെന്ന് തോന്നിയ ഒരാശയമാണ്….തെറ്റുകൾ ക്ഷമിക്കണം…ഇഷ്ട്ടമായാലും ഇല്ലെങ്കിലും എനിക്കായ് ഒരു വാക്ക് കുറിക്കണേ….