അവൾക്ക് പരാതി പറയാൻ സമയമില്ലാതിരുന്നതു കൊണ്ടാവാം കൂടുതൽ പറയാതെ അവൾ മറ്റുള്ളവരുടെ ഇടയിലേക്ക്…

ഭിന്നശേഷിക്കാരൻ്റെ അമ്മ

രചന: Shahida Ummerkoya

തയ്യൽക്ലാസിൽ എന്നും നേരം വൈകി വന്നാലും ഏറ്റവും ആദ്യം എല്ലാം ഭംഗിയായി തയ്ക്കാൻ പഠിച്ചിരുന്ന ആ സുന്ദരിയെ അസൂയയോടെയാണ് ഞങ്ങളെല്ലാം നോക്കിയിരുന്നത്.

അവസാനം ഒപ്പം പഠിച്ച അവൾ സ്വന്തമായി ഒരു തയ്യൽ കട തുടങ്ങി തന്നെ ക്ഷണിച്ചപ്പോൾ

” കണ്ടു പഠിക്ക് മമ്മ” എന്ന മക്കളുടെ കളിയാക്കൽ കേട്ട് ഒരു സിമ്മി പോലും വളവില്ലാതെ വെട്ടാനറിയാത്ത ഞാൻ, “ഒരു പണ്ഡിത ” എന്ന് അവളേ മനസ്സിൽ പിറുപിറുത്ത് കൊണ്ട്, ഉൽഘാടനത്തിന് പോയത്.

നാട മുറിച്ച ഉൽഘാടനം ചെയ്യുന്ന അവളുടെ ഒക്കത്തെ കുട്ടിയെ ആശ്ചര്യത്തോടെ ഞാൻ അന്ന് നോക്കി നിന്നത്.

പത്തു വയസ്സിൻ്റെ വളർച്ചയും രണ്ടു വയസ്സിൻ്റെ ബുദ്ധിയും തോന്നിപ്പിക്കുന്ന ആ കുഞ്ഞിനെ ഒരാണിൻ്റെ ബലത്തോടെയാണ് തൻ്റെ ഒക്കത്ത് വെച്ചിരുന്നത് ,

നിലത്ത് വെച്ചാൽ കുഴഞ്ഞു പോകുന്ന അര ഭാഗം തളർന്ന അവനേയും കൊണ്ട് അവൾ എൻ്റെ അരികിൽ വന്നു .

” എൻ്റെ മോന ഷാഹി, എന്നെ ഞാനാക്കിയ എൻ്റെ മോൻ,

ഒരു മോളും ഉണ്ട് .അവളിലൂടെ ഭാഗ്യത്തിന് എന്നെ ദൈവം ശിക്ഷിച്ചില്ല “

അൽപം സമയം മുമ്പ് അവളോടുണ്ടായിരുന്ന അസൂയ എന്ന വികാരം നെഞ്ചിലെ വേദനകളാൽ തുളളികളായി എൻ്റെ കണ്ണിൽ ഉരുണ്ടു കൂടി. എന്തെങ്കിലും ചോദിക്കാൻ വേണ്ടി മാത്രമായി ഞാൻ ചോദിച്ചു ?

“നിൻ്റെ ഭർത്താവ് നിഹ ” ഷാഹി …അദ്ദേഹത്തെ വിശ്വസിച്ച് വീട് വിട്ടിറങ്ങി , അദ്ദേഹം എന്നിൽ നിന്നും അരോഗ്യമുള്ള കുഞ്ഞുങ്ങളെയും പ്രതീക്ഷിച്ചു കാണും.

പരാതികളുമായി കോടതി കയറി ഇറങ്ങുന്നതിനേക്കാൾ ,എൻ്റെ വിധിക്കെതിരെ പൊരുതാന ഷാഹി എനിക്ക് തോന്നിയത് …

നിങ്ങൾ എല്ലാം ധാരാളം ചുരിദാർ വാങ്ങുന്നവരല്ലെ നിങ്ങളുടെയെല്ലാം കച്ചവടം എനിക് തരണേ …..

അവൾക്ക് പരാതി പറയാൻ സമയമില്ലാതിരുന്നതു കൊണ്ടാവാം കൂടുതൽ പറയാതെ അവൾ മറ്റുള്ളവരുടെ ഇടയിലേക്ക് കച്ചവട തന്ത്രങ്ങളുമായി നടന്നു നീങ്ങി …

പീന്നിട് ഞങ്ങൾ സ്ഥലം മാറി പോയി വർഷങ്ങൾക്ക് ശേഷം അവളെ കണ്ടുമുട്ടിയപ്പോൾ, അവളുടെ ചുണ്ടിൽ ആ പഴയ ചിരിയില്ലായിരുന്നു . കണ്ണിലെ തിളക്കം നഷ്ടപ്പെട്ടിരുന്നു അവളുടെ കൂടെ പത്തിൽ പഠിക്കുന്ന അവളുടെ സുന്ദരിയും ദൈവത്തിൻ്റെ എല്ലാം അനുഗ്രഹങ്ങളും ലഭിച്ച മോളും ഭർത്താവും ഉണ്ടായിരുന്നു.

കാറും വലിയ വീടും വലിയ തയ്യൽ ഷോപ്പും എല്ലാം ഉണ്ടായിട്ടും അവൾ ചിരിച്ചില്ല . തോളിൽ കൈവെച്ചു ഞാൻ നിഹാ എന്നു വിളിച്ചപ്പോൾ അവൾ പറഞ്ഞു .

“ഷാഹി അവൻ പോയി , അവനു വേണ്ടി ആയിരുന്നു ഞാൻ അന്ന് ഓടി നടന്നത് . അവൻ പോയപ്പോൾ പഴയ ഭർത്താവും പ്രതാപവും തിരികെ കിട്ടി പക്ഷെ എൻ്റെ സന്തോഷം അതവൻ കൊണ്ടു പോവുകയായിരുന്നു ഷാഹി .

തിരിച്ചു മടങ്ങുമ്പോൾ എനിക്ക് കിട്ടിയ തിരിച്ചറിവ് ഒന്നു മാത്രമായിരുന്നു രക്ഷിതാക്കൾക്ക് മാത്രമെ മക്കളുടെ കുറവുകളെ ഇത്രയധികം സ്നേഹിക്കാൻ കഴിയു,കാഴ്ചകാർക്ക് അവർ വെറും സഹതാപ കഥാപാത്രങ്ങൾ മാത്രം ….!