പെട്ടെന്നുണ്ടായ യാത്ര ആയതുകൊണ്ട് തന്നെ നാട്ടിലെ എല്ലാ ഉദ്യോഗസ്ഥരെയും തങ്ങളുടെ വരവറിയിക്കാൻ കുരങ്ങച്ചനു കഴിഞ്ഞില്ല….

മൃഗരാജന്റെ നാടുകാണൽ

രചന: നന്ദു അച്ചു കൃഷ്ണ

പണ്ട് പണ്ട് ഒരിടത്തു ഒരു രാജാവുണ്ടായിരുന്നു….

ശ്ശോ…. അങ്ങനല്ലല്ലോ അതിന്റെ ഒരിത്  …..

ഒരിടത്തു ഒരിടത്തു ഒരു രാജാവുണ്ടായിരുന്നു….. ധര്മിഷ്ഠൻ… പരോപകാരി… മൃഗ സമൂഹത്തിൽ സർവ്വ സമ്മതൻ…. അതുകൊണ്ട് തന്നെ എല്ലാരുടെയും പ്രിയങ്കരൻ….

ആയിടക്കാണ് പട്ടണത്തിലുള്ള കുറച്ചു മൃഗങ്ങൾ തങ്ങളുടെ സുഹൃത്തുക്കളെ കാണാനും ബന്ധം പുതുക്കാനായി  കാട്ടിലെത്തി…. അല്ലേലും അങ്ങനെ വേണമെല്ലോ… ഇടക്കിക്കെ മിണ്ടിയും പറഞ്ഞുമൊക്കെ ഇരിക്കുമ്പോളാണെല്ലോ ഈ ബന്ധങ്ങൾ ദൃഢമാകുന്നത്….. അല്ലേ…..

അങ്ങനെ കാട്ടിലെത്തിയ മോഡേൺ ആയ നായയും പൂച്ചയും തത്തയുമൊക്കെ തങ്ങളുടെ പൊങ്ങച്ചം ആവോളം പ്രകടിപ്പിക്കുന്നതിനൊപ്പം നാടിന്റെ പരിഷ്‌കാരം വിളിച്ചോതും സമ്മാനങ്ങൾ , കാടിന്റെ നന്മ മനസ്സിൽ കൈവിടാതെ സൂക്ഷിക്കുന്ന സുഹൃത്തുക്കൾക്കായി വിതരണം ചെയ്യുകയും  ചെയ്തു …

ഇതിനിടയിൽ നാടിന്റെ മേന്മ പറച്ചിൽ ആരും ഒട്ടും കുറച്ചില്ല കേട്ടോ…

“ഹോ…. ജീവിക്കുന്നെങ്കിൽ പട്ടണത്തിൽ ജീവിക്കണം…. അല്ലാതെ കാട്ടിൽ അൺ എഡ്യൂക്കേറ്റഡ് ആയ ആൾക്കാരോടൊപ്പം ജീവിക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്ന് നായ പറഞ്ഞു…. “

“സത്യം മൃഗരാജൻ…. ഇവിടെയുള്ള ദിവസങ്ങളിൽ എന്റെ മെനു ഫുൾ പ്രശ്നം ആണ്  ….. അവിടെയാകുമ്പോൾ രാവിലെ മുട്ടയും പാലും… ഉച്ചക്ക് പെഡിഗ്രി…. വൈകിട്ട് ലൈറ്റ് ഫുഡ് എന്തേലും… “

“യൂ കനൗ ,   ഇവിടെ വരുമ്പോൾ ഞാൻ എറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്നത് എന്റെ ജിം ആണ്… ശ്ശോ.. എന്റെ ട്വൽവ് പാക് ഉടഞ്ഞു… ഇനി ഒക്കേ ഞാൻ ഒന്നെന്നു ഉണ്ടാക്കണമെല്ലോ…. “നായ സ്വന്തം ശരീരത്തിൽ നോക്കി പറഞ്ഞു…

“സത്യം mr. നായ…. എനിക്കും ഇവിടെ നിന്നും പോയാൽ മതിയെന്നേയുള്ളൂ.. വരണ്ടാന്നു വെച്ചാലും വന്നല്ലേ പറ്റൂ… എത്ര പറഞ്ഞാലും ഇവരൊന്നും ഫോൺ അപ്ഗ്രേഡ് ചെയ്യില്ലന്നെ… നാട്ടിലുള്ളവർ 4G യിൽ എത്തിയിട്ടും ഇവർക്ക് ഇപ്പോഴും 2G തന്നെ ശരണം… അതുകൊണ്ടെന്താ ഓൺലൈൻ ക്യാഷ് ട്രാൻസാക്ഷൻ നടക്കില്ല… അതുകൊണ്ട് പോയി വന്നേ പറ്റൂ…. നമ്മുടെ കഷ്ടപ്പാട് പറഞ്ഞാൽ ഇവർക്ക് മനസ്സിലാകത്തുമില്ല…. “

“എത്ര കാലം കൊണ്ട് പറയുന്നെന്നോ മമ്മിയോടും ഡാഡിയോടും എന്റെ കൂടെ വരാൻ…. പക്ഷെ അവർ ഇപ്പോഴും കാട് , വീട് എന്നൊക്കരയുള്ള ചീപ് സെന്റിമെന്റ്സ് പറഞ്ഞു ഇവിടെ കടിച്ചുതൂങ്ങുവാ… ” പരിഷ്കാരി പൂച്ച കണ്ണാടി നോക്കി മീശ ഒതുക്കിക്കൊണ്ട് പറഞ്ഞു …

“സത്യം ആണ് ഡിയർ…. ഇവിടുത്തെ ഈ തൂങ്ങിക്കിടക്കുന്ന പഴങ്ങൾ ഒക്കേ കഴിച്ചു എന്റെ  സ്റ്റൊമക്ക് അപ്സെറ്റ് ആയിന്ന തോന്നുന്നേ … ഹോ… ഹൊറിബിൾ….. “

“ഞാൻ ഇന്ന് തന്നെ എന്റെ ഹോമിലേക്ക് മടങ്ങി  പോകും… നിങ്ങളോ…. “തത്ത ബാക്കി രണ്ടുപേരോടുമായി ചോദിച്ചു…

“യാ… യാ… ഞങ്ങളും…. ” അവർ പെട്ടെന്ന് എഴുന്നേറ്റു…

“സോറി ഫ്രണ്ട്സ്… ഞങ്ങൾക്ക്‌  ഇന്ന് തന്നെ തിരിച്ചുപോകണം…. നിൽക്കാൻ ആഗ്രഹമുണ്ട്… പക്ഷെ ജോലി.. അതുകൊണ്ടാ.. “അവർ ചുറ്റും കൂടി നിന്ന മൃഗസുഹൃത്തക്കളോട് പറഞ്ഞു ….

“എടാ ഇവരൊക്കെ ഇവിടുന്നു തന്നല്ലേ പട്ടണത്തിൽ പോയത്… അല്ലാതെ പട്ടണത്തിലെ ആകാശത്തു നിന്നും പൊട്ടിവീണതൊന്നുമല്ലലോ…ഹും ..” മനുഷ്യന്റെ പൂർവികനോട് ഒരു മുയല്കുഞ്ഞു ചോദിച്ചു….

“നല്ല മലയാളത്തിൽ പറയണോ… അതോ ഒരല്പം സാഹിത്യത്തിൽ പറയണോ സുഹൃത്തേ…. “

“ആദ്യം സാഹിത്യം…. അത് കിട്ടിയില്ലെങ്കിൽ മാതൃഭാഷ…” മുയല്കുഞ്ഞു ചിരിച്ചു….

“സാഹിതീകരിച്ചാൽ…  പ്രകടങ്ങൾകൊണ്ട് സമ്പുഷ്ടമാക്കിയ മിഥ്യാ ചേഷ്ഠയുടെ ഭാവ സമ്പൂർണ്ണമായ നേർക്കാഴ്ച…. “

“എന്തോന്നാ”….. മുയൽകുഞ്ഞിന്റെ കണ്ണ്  കുരങ്കന്റെ  മൂക്കിൽ വന്നു തട്ടി….

“നിന്റെ കണ്ണുതള്ളിയതെന്താ …  മനസ്സിലായില്ലേ…. “

“മ്ച്ചും…. “

“പച്ചമലയാളത്തിൽ പൊങ്ങച്ചം…. “

കുരങ്ങനതു പറഞ്ഞതും മുയല്കുഞ്ഞു ഉറക്കെ ചിരിച്ചു…

പക്ഷെ ഇതിനിടയിൽ പാവം മൃഗരാജന്റെ മനസ്സിൽ പട്ടണം കുടിയേറി താമസിക്കാൻ തുടങ്ങി…. അവിടെ എങ്ങനാരിക്കും എന്ന് ചിന്തിച്ചു അദ്ദേഹതിന്റെ ഉറക്കം നഷ്ടപ്പെടാൻ തുടങ്ങി…..

ഒരിക്കലെങ്കിലും അവടൊന്നു പോയി കാണാൻ അദ്ദേഹത്തിന്റെ മനസ്സു തുടിച്ചു…

രണ്ടു ദിവസങ്ങൾക്കു ശേഷം…

“എന്തുപറ്റി… മൃഗരാജന്റെ മുഖം മ്ലാനമാണെല്ലോ…..”

“അത് സുഹൃത്തേ…. എനിക്ക് പട്ടണം കാണാൻ പോകാൻ അതിയായ ആഗ്രഹം…അതാ .. “

“പട്ടണം കാണാനോ… പെട്ടെന്നെന്തു പറ്റി… ” മന്ത്രിയും സുഹൃത്തും ഉപദേശകനുമായ കുരങ്ങൻ ചോദിച്ചു….

“അത് പിന്നേ അന്ന് വന്ന നമ്മുടെ മിത്രങ്ങൾ പറയുന്ന കേട്ടിട്ട്…. ” മൃഗരാജൻ പൂർത്തിയാക്കാതെ നിർത്തി…..

കുരങ്ങൻ ഒന്ന് ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അടുത്തുവന്നിരുന്നു….”കാഴ്ചകാണാൻ ആണ് അങ്ങ് പോകുന്നതെങ്കിൽ കുഴപ്പമില്ല… പക്ഷെ മിത്രങ്ങൾ വാക്കുകളിലൂടെ കാണിച്ചു തന്ന നിറമുള്ള കാഴ്ചകളുടെ പുറകെയുള്ള ഓട്ടമാണെങ്കിൽ, ഒരുപക്ഷെ അങ്ങേക്ക് നിരാശപ്പെടേണ്ടി വരും…. “

എന്തോ…. കുരങ്ങന്റെ വാക്കുകളെ ഉൾക്കൊള്ളാൻ ആ സമയം മൃഗരാജന് കഴിയുന്നുണ്ടായിരുന്നില്ല…. അത് മനസ്സിലാക്കിയെന്നോണം  പിറ്റേന്നു തന്നെ പോകാനായുള്ള എല്ലാ ഒരുക്കങ്ങളും കുരങ്ങച്ചൻ ചെയ്തു….

പുലർച്ചെ തന്നെ അവർ പുറപ്പെട്ടു…. പെട്ടെന്നുണ്ടായ യാത്ര ആയതുകൊണ്ട് തന്നെ നാട്ടിലെ എല്ലാ ഉദ്യോഗസ്ഥരെയും തങ്ങളുടെ  വരവറിയിക്കാൻ കുരങ്ങച്ചനു കഴിഞ്ഞില്ല….

നാട്ടിലേക്ക് കയറിയതും അവർ അത്ഭുതപ്പെട്ടു…. ചുറ്റും നോക്കുമ്പോൾ ആളും ആരവവും ഒന്നുമില്ല…. ഒഴിഞ്ഞ കടകൾ… തിരക്കൊഴിഞ്ഞ വീഥികൾ… ഒരിക്കൽ പട്ടണത്തിനു അഭിമാനം എന്നും പറഞ്ഞിരുന്ന ക്ഷേത്ര സന്നിധികൾ നിർജീവം… അങ്ങനെ മൊത്തത്തിൽ പട്ടണത്തിന്റെ ലോകം കാണാൻ വന്ന അവർ അമ്പരപ്പിന്റെ ലോകത്തെത്തി….

“എന്താ സുഹൃത്തേ ഇതൊക്കെ …. ഇവിടുത്തെ പ്രജകൾ ഓക്കേ എവിടെ… എന്താ ഇങ്ങനെ…. ” മൃഗരാജൻ ചോദിച്ചു…

“ഞാനും അതാ ആലോചിക്കുന്നേ.. എന്തായാലും ഞാൻ തിരക്കാം… “

അല്പനേരത്തിനു ശേഷം കുരങ്ങച്ചൻ  തിരിച്ചെത്തി….

“മൃഗരാജൻ… നമുക്ക് പെട്ടെന്ന് തിരിച്ചു പോകാം….”

“എന്തുപറ്റി…. “

“ഇവിടെ മുഴുവനും ഏതോ ഒരു വലിയ  പുഴു കടന്നുകൂടിയിരിക്കുന്നു…ഒരു നിമിഷം കൊണ്ട് ഒന്നിൽ നിന്നു ആയിരമാകാൻ കഴിവുള്ള  ഒരു ഭീകരജീവി…. അതെല്ലാജീവികളിലും പുഴുക്കുത്തുണ്ടാക്കുന്നു… അതിന്റെ പിടിയിൽ അകപ്പെട്ടാൽ ഏറെ കുറെ  മരണം ഉറപ്പ്…. “

“അയ്യോ… “

“പേടിക്കണ്ട രാജൻ…. ഇവിടുത്തെ ജനങ്ങൾ അതിനുള്ള മുൻകരുതൽ എടുത്തു കഴിഞ്ഞു…..അവർ അതിൽ തീർച്ചയായും വിജയിക്കുകയും ചെയ്യും അല്പസമയമെടുത്താലും…  പക്ഷെ നമ്മൾ ഇതൊന്നുമറിയാതെ അല്ലേ വന്നേ…. അതുകൊണ്ട് നമുക്ക് പെട്ടെന്ന്  മടങ്ങാം… “

“ശരി… ശരി…. നമുക്ക് മടങ്ങാം….”

എങ്ങനെയൊക്കെയോ അവർ  കാടിനടുത്തെത്തി…. ഒരു റോഡ് മുറിച്ചു കടന്നാൽ കാടായി…..

“ഹോ എത്തി…. “കാട് കണ്ട സന്തോഷത്തിൽ കുരങ്ങച്ചൻ പറഞ്ഞു….

റോഡ് മുറിച്ചു കടക്കാൻ തുടങ്ങിയതും ഒരു പോലീസ് ജീപ്പ് അവർക്ക് മുന്നിൽ വന്നു നിന്നു… അതിൽ നിന്നും രണ്ട് പോലീസുകാർ അവർക്ക് മുന്നിൽ ചാടിയിറങ്ങി….

“നിങ്ങളുടെ മാസ്ക് എവിടെ…..”

“മാസ്‌കോ… “രണ്ടുപേരും പരസ്പരം നോക്കി …..

“നിയമമറിയാതെ ആണോ ഊരുചുറ്റൽ… പേരും വിവരവും ഒക്കെ വേഗം പറഞ്ഞോ…..” ഒരു പോലീസുകാരൻ ഒക്കെ നോട്ട് ചെയ്യാൻ ഒരു പേനയുമായി എത്തി…..

“സർ ആ കാണുന്നതാണ് എന്റെ രാജ്യം..” മൃഗരാജൻ കാടിനെ ചൂണ്ടിക്കാട്ടി പറഞ്ഞു…..

“ആയിരിക്കാം സുഹൃത്തേ… പക്ഷെ നിങ്ങളിപ്പോൾ നിൽക്കുന്നത് എവിടെയാണെന്ന് നോക്കിയെ… “

നോക്കിയപ്പോൾ റോഡിലാണ്… പട്ടണത്തിന്റെ അധികാര പരിധിയിൽ….

മൃഗരാജൻ കാടിന്റെ നായകൻ ആണെന്നും നാട്ടിലെ നിയമമറിയാതെയാണ് വന്നതെന്നൊക്കെ പറഞ്ഞെങ്കിലും കർമ്മമാണ്‌ ധർമം എന്ന് വിശ്വസിക്കുന്ന പോലീസ് സുഹൃത്തുക്കൾ ഒരയവും കൊടുത്തില്ല…..

“അതേ സമ്മൻസ് ഈ അഡ്രസ്സിൽ എത്തിക്കോളും കേട്ടോ … പൊക്കൊളു…”

കയ്യിൽ കിട്ടിയ പേപ്പറുമായി അവർ കാട്ടിലേക്ക് നടന്നു…..

“നാട്ടിൽ എന്തുണ്ട് വിശേഷം…” അവരെ കണ്ട സന്തോഷതിൽ മുയല്കുഞ്ഞു ഓടി വന്നു  ചോദിച്ചു….

“പ്രത്യേകിച്ചൊന്നുമില്ല…. എത്ര നല്ല സുഹൃത്തുക്കളായാലും മാറിനിന്നെ സംസാരിക്കാവൂ… സന്തോഷം തരുന്ന ചടങ്ങുകളിൽ നീയും ഞാനും മാത്രമേ ഉണ്ടാകാവു…. ഇന്നകന്നിരുന്നാൽ നാളെ അടുത്തിരിക്കാം എന്ന അവസ്ഥയാണ് അവിടിപ്പോൾ … “പാവം മൃഗരാജൻ  അത്രയും പറഞ്ഞുകൊണ്ട് നടന്നു…

“ആ പിന്നേ ഒന്നൂടെ… വീട് ഒരു റോഡിനു അപ്പുറമാണെങ്കിലും,  റോഡിലാണോ നിക്കുന്നത്  മാസ്ക് വെച്ചിരിക്കണം…… ഓര്മയിലിരിക്കട്ടെ…. “

എല്ലാരോടും നിറെ നിറെ നിറെ ഇഷ്ടത്തോടെ… 🥀🥀🥀…..