വൈശാഖേട്ടന്റെ ചോദ്യം കേട്ടതും ആ മാറിൽ വീണു പൊട്ടിക്കരഞ്ഞു. ഒരു പിടച്ചിലോടെ ഏട്ടനെന്നെ മാറ്റി നിർത്തി.

പ്രണയ മഴ ~ രചന: Meera Saraswathi

“ഇന്ന് നല്ല തിരക്കാണല്ലോ മഹി ടീച്ചറെ.. കേറാൻ പറ്റിയാ ഭാഗ്യം..”

ടിക്കെറ്റുമെടുത്ത് രണ്ടാമത്തെ പ്ലാറ്റഫോമിലേക്ക് നടക്കുമ്പോ സുനിത ടീച്ചർ പറഞ്ഞു. ഞാനൊന്ന് ചിരിച്ചു കൊടുത്തു. അല്ലെങ്കിലും എന്നാണിവിടെ ഇന്നേരത്ത് തിരക്ക് കുറഞ്ഞിട്ടുള്ളത്.

ട്രെയിൻ വന്നതും ഉന്തി തള്ളി എങ്ങനെയൊക്കെയോ അകത്ത് കയറി. കൂടെ കുറച്ച് സഹപ്രവർത്തകരുമുണ്ട്. ജോലി കഴിഞ്ഞ് വീട്ടിലെത്താനുള്ള പെടാപാടിലാണ് ഈ കാണുന്ന മനുഷ്യരൊക്കെയും. അതുവരെയുള്ള അലച്ചിലുകളെല്ലാം മാറ്റി വെച്ച് കൂടണയാനുള്ള തന്ത്രപ്പാടിലാണെല്ലാരും. ആദ്യമേ ട്രൈനിൽ ഉണ്ടായിരുന്നവരും കൂടെ ഇപ്പോൾ ഞങ്ങളുമായപ്പോൾ ബെർത്തിൽ കാൽ കുത്താൻ ഇടമില്ലാതായി.. വിയർപ്പിന്റെ സമ്മിശ്ര ഗന്ധങ്ങൾ അവിടെയാകെ തങ്ങിയിരുന്നു.

പലതരം മനുഷ്യർ. പലതരം മുഖഭാവങ്ങൾ. പതിവ് പോലെ മുന്നിലുള്ള ഓരോ മനുഷ്യരുടെയും മുഖഭാവങ്ങൾ ഒപ്പിയെടുക്കുന്നതിനിടയിലാണ് ജനാലകൾക്കരികിലായുള്ള സീറ്റിൽ എന്നെ തന്നെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു പരിചിത മുഖം കണ്ടത്.

ദേവേട്ടൻ… നെഞ്ചിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി. എനിക്കായി നല്ലൊരു പുഞ്ചിരിയാ മുഖത്ത് വിരിഞ്ഞതും വിളറിയ ഒരു ചിരി തിരികെ നൽകി. അടുത്തിരുന്നയാൾ എഴുന്നേറ്റതും പ്രതീക്ഷയോടെ നോക്കുന്നത് കണ്ടു. എന്തോ ഇരിക്കാൻ തോന്നിയില്ല. സുനിത ടീച്ചർ അവിടെ കയറിയിരുന്നു.

മുന്നിലേക്ക് പായുന്ന ട്രെയിനിനൊപ്പം എന്റെ ഓർമ്മകൾ പിറകിലേക്ക് സഞ്ചരിച്ചു.

🌹🌹🌹🌹🌹🌹🌹🌹🌹

“ഡി മഹീ.. നിന്റെ ദേവേട്ടന് നിന്നോടെന്തോ ഇണ്ട്..”

“എന്തിണ്ടെന്ന്??”

“ഞാൻ കുറച്ച് ദിവസായി ശ്രദ്ധിക്കുന്നു ആൾക്ക് നിന്നെ കാണുമ്പോ ഒരിളക്കം. ആകെയൊരു വെപ്രാളവും പരവേശവും..”

“ഒന്ന് പോ മാളു.. അങ്ങനെയൊന്നുമില്ല.. എനിക്ക് വൈശാഖെട്ടനും ദേവേട്ടനും ഒരുപോലാ..”

“നിനക്കായിരിക്കും.. പക്ഷെ ദേവേട്ടന് അങ്ങനെയല്ല..വേണേൽ ശ്രദ്ധിച്ചോ..”

മാളു അങ്ങനെ പറഞ്ഞപ്പോൾ തൊട്ട് ഞാനും ഓരോന്ന് ഓർത്തെടുത്തു.. എന്തോ അവള് പറഞ്ഞത് ശെരിയാണെന്ന നിഗമനത്തിലെത്താനായില്ല.

“ഡി പെണ്ണേ.. നിന്റെ ഫുൾ നെയിം മഹേശ്വരി എന്നല്ലേ.. നിന്നെയാപ്പേരു ദേവേട്ടനല്ലാതെ വേറാരേലും വിളിക്കാറുണ്ടോ..”

അത് ശെരിയാണ്..അച്ഛമ്മ മരിച്ച് കുറച്ച് കഴിഞ്ഞാണ് ഞാൻ ജനിച്ചത്. അച്ഛമ്മയോടുള്ള സ്നേഹം കാരണം അച്ഛനെനിക്ക് അച്ഛമ്മയുടെ പേരിട്ടു. വീട്ടിലായാലും സ്കൂളിൽ ഫ്രണ്ട്സായാലും ടീച്ചേഴ്‌സായാലും മഹി എന്ന് മാത്രമേ വിളിക്കാറുള്ളു. എന്റെ പേര് മഹേശ്വരിയെന്നാണെന്ന് ദേവേട്ടൻ വിളിക്കുമ്പോഴാ ഓർക്കുന്നത് തന്നെ.. എനിക്കാണേൽ അങ്ങനെ വിളിക്കുന്നതെ കലിപ്പാ. ഒരു ദിവസം അതിന്റെ പേരിൽ ദേവേട്ടനോട് വഴക്കിട്ടു.

“കുടുംബത്തിൽ ഒരു മഹി ഉള്ളപ്പോൾ വേറൊരു മഹിയുടെ ആവിശ്യമില്ല.”

ആളുടെ പേര് മഹാദേവ് എന്നാണ്.. ദേവേട്ടന്റെ മുത്തച്ഛന്റെ പേരാണ്.വീട്ടിലും നാട്ടിലുമൊക്കെ മഹി. അതുകൊണ്ട് ആൾക്ക് എന്നെ മഹിയെന്ന് വിളിക്കുന്നത് ഇഷ്ടപ്പെടുന്നില്ല..

“അങ്ങനെയാണോ എങ്കിൽ കുടുംബത്തിൽ ഒറ്റ മഹി മതി .. അതീ ഞാൻ മതി.. “

ഞാനും വിട്ടു കൊടുത്തില്ല. പിന്നെ നമ്മള് തമ്മിൽ വഴക്കായി. അങ്ങനെ അന്നുമുതൽ മഹിയെട്ടൻ എനിക്ക് ദേവേട്ടനായി. പക്ഷെ എന്നിട്ടും നാട്ടിലും വീട്ടിലും ഞങ്ങൾ രണ്ടും മഹിയെന്ന് തന്നെ അറിയപ്പെട്ടു.

“എടി പൊട്ടിക്കാളി.. നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ വേറാരും വിളിക്കാത്ത പേര് വിളിക്കുന്നെ..”

“ഏഹ് അങ്ങനെയാണോ.. ?!!”

“അല്ലാതെ പിന്നെ.. നമ്മളെവിടെ പോയാലും ആള് വായിൽ നോക്കി നില്പുണ്ടാകും.. പോരാത്തതിന് നീ മുറപ്പെണ്ണല്ലേ.”

അന്നുതൊട്ട് ഞാനും ദേവേട്ടനെ ശ്രദ്ധിച്ചു തുടങ്ങി.. മാളു പറഞ്ഞതൊക്കെ ശെരിയാണെന്ന് തോന്നിത്തുടങ്ങി. പലപ്പോഴും എന്നെ ശ്രദ്ധിക്കുന്നതായി തോന്നി. വീട്ടിൽ വന്നാലും എന്നോട് വല്യ കൂട്ടൊന്നും കാണിക്കാറില്ല. വൈശാഖേട്ടന്റെ കൂടെയാണ് നടത്തം. കൂട്ടുകൂടാത്തത് പോലും ചിലപ്പോൾ എന്നോട് ഇഷ്ടം കൊണ്ടുള്ള ചമ്മലാണെന്ന് വിശ്വസിച്ചു.

പിന്നീടെപ്പോഴോ ആളെന്റെ മനസ്സിൽ ആഴ്ന്നിറങ്ങി. മഹേശ്വരിയെന്ന വിളി ഇഷ്ടപ്പെട്ടു തുടങ്ങി. വളരും തോറും ആ ഇഷ്ടവും കൂടികൂടി വന്നു. ദേവേട്ടൻ എംബിബിഎസ്‌ നു ചേർന്നപ്പോൾ ഓരോ ലീവിനായുള്ള കാത്തിരിപ്പായിരുന്നു. കാണാതിരിക്കുമ്പോഴാണ് പ്രണയത്തിന്റെ തീവ്രത കൂടുന്നതെന്ന് മനസ്സിലാക്കുകയായിരുന്നു. ദേവേട്ടൻ വരുന്നതിന്റെ തലേന്ന് സന്തോഷം കൊണ്ട് മതി മറക്കുമ്പോൾ മാളു കളിയാക്കും.

“നിങ്ങളിങ്ങനെ പരസ്പരം പറയാതെ പ്രണയിച്ചു നടന്നിട്ടെന്ത് കാര്യം.. നീ ഞങ്ങളെ നോക്ക്.. ഞങ്ങളിങ്ങനെ പ്രണയിച്ചു പറന്നു നടക്കുന്നത് കാണുന്നില്ലേ..”

“അതെ.. അത് നിന്റെ അച്ഛൻ രണ്ടിന്റേം ചിറകരിഞ്ഞിടും വരെയല്ലേ കാണത്തുള്ളു.. ഞങ്ങളതേ ദിവ്യ പ്രേമമാ.. ദിവ്യ പ്രേമം..”

ഞാനവളെ പുച്ഛിച്ചു ചിരികോട്ടി.. അവൾടേം സാം സാറിന്റെയും പ്രണയം തുടങ്ങിയിട്ട് കുറച്ച് കാലമായി. സാം സാർ നമ്മുടെ കെമിസ്ട്രി സാറാണ്.‌ അവള് കൊച്ചു സുന്ദരി ആയത് കൊണ്ട് തന്നെ കോളേജിൽ അവളുടെ പിന്നാലെ ഒത്തിരി പേരുണ്ടായിരു. പക്ഷെ അവൾക്കിഷ്ടം സാം സാറിനോടായിരുന്നു. അവളൊത്തിരി പുറകെ നടന്നാണ് ആളെ വീഴ്ത്തിയത്.

🌹🌹🌹🌹🌹🌹🌹🌹🌹🌹

എക്സാമെല്ലാം കഴിഞ്ഞ ക്ഷീണത്തിൽ റൂമിൽ കിടന്നുറങ്ങിയതാണ്.. താഴെ ബഹളം കേട്ടപ്പോൾ താഴേക്കിറങ്ങി. അപ്പച്ചിയും ദേവേട്ടനും വന്നിട്ടുണ്ട്. ദേവേട്ടനെ കണ്ടതും എന്റെ മുഖമൊന്ന് തിളങ്ങി.

“മഹി മോളെ.. നിന്റെ കൂട്ടുകാരിയില്ലേ മാളു അവളെ പറ്റി എന്താ നിന്റെ അഭിപ്രായം..?”

“അതെന്ത് ചോദ്യവാ ചെറിയമ്മേ അവള് നല്ലതായത് കൊണ്ടല്ലേ ഞാൻ കൂട്ടുകാരിയാക്കിയേ..”

ചെറിയമ്മ ചോദിച്ചപ്പോൾ വൈശാഖേട്ടന് വേണ്ടിയാണെന്നാ കരുതിയെ.. ഏട്ടനെ പതുക്കെ പറഞ്ഞു മനസ്സിലാക്കിയാൽ മതിയല്ലോ. അല്ലാതെ അവൾക്ക് അന്യമതത്തിൽ പെട്ട ആളോട് പ്രേമമാണെന്ന് പറഞ്ഞാൽ തീർന്നു.

“കേട്ടോ മധൂ. അവനു മംഗലാപുരത്ത് ഒരു ഹോസ്പിറ്റലിൽ ജോലിയായിട്ടുണ്ട്. ജോലിക്ക് കേറുന്നതിനു മുന്നേ വിവാഹം നടത്തണമെന്നാ.. ആ കുട്ടിക്കാണേൽ നാളെ തൊട്ട് വാക്കേഷനും ആയി. അതാ പിന്നെ പെട്ടെന്ന് തന്നെ നിശ്ചയം വെച്ചേ.. കുറെ കാലമായുള്ള അവന്റെ ഇഷ്ടമാ. എന്നാൽ പിന്നെ അത് തന്നെ നടക്കട്ടേന്ന് ഞങ്ങളും കരുതി..”

ആദ്യമൊന്നും മനസ്സിലായില്ലെങ്കിലും ദേവേട്ടന്റെ മുഖത്തെ നാണം കലർന്നുള്ള പുഞ്ചിരിയിൽ ഏകദേശം കാര്യം പിടികിട്ടി. വൈശാഖേട്ടനെ നോക്കിയപ്പോൾ ഒരു നിസ്സഹായത മാത്രമായിരുന്നു മുഖത്ത്.

ഒരുവേള ഭൂമിപിളർന്നു താഴേക്ക് പോയെങ്കിലെന്ന് ആഗ്രഹിച്ചു..പിന്നെയവിടെയുള്ള സംസാരങ്ങളൊന്നും തന്നെ കേൾക്കാൻ കഴിയാത്ത വിധത്തിൽ ചെവി കൊട്ടിയടച്ചിരുന്നു.. ഉരുണ്ടുകൂടിയ നീര്തുള്ളികളെ ഒഴുകാതെ പിടിച്ച് നിർത്താൻ കഷ്ടപ്പെട്ടു. കരച്ചിൽ ചീളുകൾ പുറത്തു വരുമെന്നായപ്പോൾ മുകളിലേക്ക് ഓടിക്കയറി.. റൂമിലെത്തിയതും ബെഡിൽ കമിഴ്ന്നടിച്ചു വീണു.. പൊട്ടിക്കരഞ്ഞു.. കരച്ചിലിന്റെ ആക്കമേറിയപ്പോൾ ശബ്ദം പുറത്ത് വരാതിരിക്കാൻ തലയിണയിൽ അമർത്തി കടിച്ചു.

എപ്പോഴോ ഉറങ്ങിപോയിരുന്നു. മുടിയിഴകളിൽ ആരോ തലോടുന്നത് തോന്നിയതും പതിയെ എഴുന്നേറ്റു.

“അത്രയ്ക്കിഷ്ടാണോ മഹീ നിനക്കവനെ..??”

വൈശാഖേട്ടന്റെ ചോദ്യം കേട്ടതും ആ മാറിൽ വീണു പൊട്ടിക്കരഞ്ഞു.. ഒരു പിടച്ചിലോടെ ഏട്ടനെന്നെ മാറ്റി നിർത്തി.. ഓടിപ്പോയി കതകടച്ചു.

“എന്തിനാ ഇങ്ങനെ സഹിക്കണേ മഹി.. പറയാർന്നില്ലേ അവനോട്.. നീ വാ ഞാൻ പറഞ്ഞോളാം എല്ലാരോടും..”

എന്റെ കൈപിടിച്ച് നടക്കാനാഞ്ഞതും ഏട്ടനെ ഞാൻ തടഞ്ഞു.

“വേണ്ട ഏട്ടാ.. ഞാൻ തെറ്റിദ്ധരിച്ചതാ.. ദേവേട്ടൻ ഇഷ്ടത്തോടെ നോക്കിയ ഓരോ നോട്ടവും മാളുവിനുള്ളതായിരുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല. അല്ലെങ്കിലും അവരാ മാച്ച്.. ഈ കറുമ്പിയായ എന്നെക്കാൾ അവള് തന്നെയാ ചേരുന്നത്. വൈശാഖേട്ടനല്ലാതെ ഇനി വേറാരും ഇതറിയരുത്.”

അവരുടെ കൂടെ ചായ കുടിക്കാൻ പോകാൻ വൈശാഖേട്ടൻ നിർബന്ധിച്ചെങ്കിലും പോയില്ല.

🌹🌹🌹🌹🌹🌹🌹🌹🌹🌹

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. അവരുടെ കല്യാണത്തിനു പോയതല്ലാതെ പിന്നെ അപ്പച്ചിയുടെ വീട്ടിലേക്ക് പോയതേയില്ല. ഒരാഴ്ച കഴിഞ്ഞതും ദേവേട്ടൻ മംഗലാപുരത്തേക്ക് പോയി.

തറവാട്ടിലേക്ക് സൽക്കരണത്തിനു ക്ഷണിച്ചപ്പോൾ പോകുന്ന തിരക്കായതിനാൽ അടുത്ത തവണ വന്നിട്ടാകാമെന്ന് അപ്പച്ചി പറഞ്ഞു. അതൊരു കണക്കിന് എനിക്ക് ആശ്വാസമായിരുന്നു. രണ്ടുപേരെയും ഒരുമിച്ച് കാണാനുള്ള മനക്കരുത്തില്ലായിരുന്നു.

ദേവേട്ടൻ പോയതിന്റെ തൊട്ടടുത്ത ദിവസം തന്നെ മാളു സാം സാറിന്റെ കൂടെ പോയി. പിന്നെ പഴി മൊത്തം എനിക്കായി. ആത്മാർത്ഥ സുഹൃത്തിന്റെ പ്രണയം മറച്ചു വെച്ച് തറവാട്ടിനു ചീത്തപ്പേരുണ്ടാക്കിയവളായി.

“ദേവനോട് സാം സാറിന്റെ കാര്യങ്ങൾ വിവാഹം കഴിഞ്ഞ അന്ന് തന്നെ മാളു പറഞ്ഞിരുന്നു. കല്ല്യാണത്തിന് മുന്നേ അവൾക്ക് പറയാൻ വീട്ടുകാർ ഒരവസരം കൊടുത്തിരുന്നില്ല. അവര് തമ്മിൽ ഭാര്യ ഭർതൃ ബന്ധമൊന്നും ഉണ്ടായിരുന്നില്ല മഹീ. അവൻ തന്നെയാ അവളെ ഓടിപ്പോകാൻ സഹായിച്ചതും. ഞാൻ നിന്റെ കാര്യം അവനോട് പറയട്ടെ മഹിക്കുട്ടാ..”

” വേണ്ട വൈശാഖേട്ടാ.. ദേവേട്ടൻ എന്നെയൊരിക്കലും അങ്ങനെ കണ്ടു കാണില്ല. ഇനിയിതും കൂടി അറിഞ്ഞാൽ ആ പാവത്തിന് താങ്ങാൻ പറ്റിയെന്ന് വരില്ല..

🌹🌹🌹🌹🌹🌹🌹🌹🌹

“ഇറങ്ങുന്നില്ലേ.. എത്തി..”

ദേവേട്ടൻ തട്ടിവിളിച്ചപ്പോഴാണ് ചിന്തകളിൽ നിന്നും ഉണർന്നത്. സുനിത ടീച്ചറോട് യാത്ര പറഞ്ഞ് ഇറങ്ങി. ദേവേട്ടൻ കൂടെ തന്നെ നടന്നുവെങ്കിലും ഒരു നിശബ്ദത ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്നു.

അപ്പച്ചിയുടെ വീടടുത്തതും കേറീട്ട് പോകാമെന്ന് പറഞ്ഞു. എന്തോ നിരസിക്കാൻ തോന്നിയില്ല.

“മാഹിമോളോ.. കുറേയായല്ലോ ഇങ്ങോട്ടിറങ്ങിയിട്ട്..”

“സ്കൂളിൽ പോകുന്നൊണ്ട് തിരക്കയില്ലേ അപ്പച്ചി..”

“മോളിരിക്ക്.. ഞാൻ ചായയിടാം.”

“വേണ്ടപ്പച്ചി.. മേത്തൊട്ടാകെ അഴുക്കാ. കുളിക്കാതെ പറ്റില്ല.. ഞാൻ ഇറങ്ങാ..”

ഗ്രിൽസും ചാരി നിൽക്കുന്ന ദേവേട്ടനെ നോക്കാൻ നിന്നില്ല..

“നാളെ ഒരു കൂട്ടര് വരുന്നുണ്ടെന്ന് രാധ പറഞ്ഞു. ഇതെങ്കിലും ശെരിയാകാനേ ദേവ്യെ..”

“അതൊന്നും ശെരിയാകില്ല അപ്പച്ചീ.. ഈ കറുമ്പിയെ ആർക്കു പിടിക്കാനാ..”

മറുപടിക്ക് കാത്ത് നിൽക്കാതെ ഇറങ്ങി നടന്നു. ഗേറ്റിനടുത്തെത്തിയതും ദേവേട്ടൻ ഓടിവന്ന് പിറകിലൂടെ വാരിപ്പുണർന്നു. എന്നിലൂടെ ഒരു വിറയൽ കടന്നു പോയി. ഒരുവേള ഹൃദയം നിലച്ചു പോകുമെന്ന് തോന്നിപോയി. ആ കണ്ണുനീർ എന്റെ പിൻകഴുത്തിനെ പൊള്ളിച്ചു കൊണ്ടിരുന്നു. പതിയെ കൈ വിടുവിച്ച് ദേവേട്ടന് അഭിമുഖമായി നിന്നതും വാരിപ്പുണർന്നു. എന്റെ മുഖമാ കൈകുമ്പിളിൽ കോരിയെടുത്ത് തുരുതുരെ ചുംബിച്ചു. പിന്നെയും ചേർത്തണച്ചു.

“ആരും വരേണ്ട.. ആരും.. എന്റെയാ.. മഹേശ്വരി ഈ മഹാദേവിനുള്ളതാ. ആർക്കും വിട്ടുകൊടുക്കില്ല ഞാൻ..”

ശ്വാസം നിലച്ചുപോകും പോലെ തോന്നി.. ഒരുപാട് കേൾക്കാനാഗ്രഹിച്ച കാര്യം. കണ്ണ് നിറഞ്ഞൊഴുകി.. പതിയെ ആളുടെ പുറത്ത് തട്ടിക്കൊടുത്തു.

“മാളു പോയപ്പോഴാ വൈശാഖ് എല്ലാമെന്നോട് പറഞ്ഞത്.. ഒരു രണ്ടാം കെട്ടുകാരൻ നിനക്ക് ചേരില്ലെന്ന ചിന്തയിലായിരുന്നു അപ്പോഴൊക്കെ.. പിന്നെ എപ്പോഴോ നിന്നോടുള്ള ഇഷ്ടം കൂടി വന്നു. എന്നെ സ്നേഹിക്കുന്ന എന്റെ മാത്രം പെണ്ണെന്ന് ചിന്തിച്ചു തുടങ്ങി. വീട്ടിൽ നിനക്ക് വിവാഹം ആലോചിക്കുന്നതറിഞ്ഞപ്പോ എല്ലാവരോടും പറയട്ടെയെന്ന് വൈശാഖ് ചോദിച്ചതാ.. പക്ഷെ പിന്നെയും അപകർഷതാ ബോധം വന്നു മൂടി. വേണ്ടെന്ന് വൈശാഖിനോട് പറഞ്ഞു. ഇത്ര നാളായിട്ടും നാട്ടിലോട്ട് വരാതിരുന്നത് പോലും നിന്നെ പിന്നെ പിരിയാതെ നിൽക്കാൻ കഴിയില്ലെന്ന് തോന്നിയിട്ടാ.. നീയില്ലാതെ പറ്റില്ലെടീ.. എന്റേതായിക്കൂടെ??”

സമ്മതമായി നെറ്റിയിൽ അമർത്തിചുംബിച്ചപ്പോൾ ഞങ്ങൾക്കായെന്നപോലെ ഒരു കുഞ്ഞു പ്രണയമഴ പെയ്തു തുടങ്ങിയിരുന്നു…

അവസാനിച്ചു