മുഖത്ത് വീണുകിടക്കുന്ന മുടിയിഴകളെ കോതിയൊതുക്കി നെറ്റിയിൽ കുഞ്ഞൊരുമ്മ കൊടുത്തു…

പാതിരാക്കള്ളൻ ~ രചന: Meera Saraswathi

“വൈദൂൂൂ …… “

നടുമുറ്റത്തു നിന്നും ഉയർന്നു വന്ന കണ്ണന്റെ ഘോര ശബ്ദം ഗൗരിയിൽ ഭയം സൃഷ്ടിച്ചുവെങ്കിലും വൈദേഹിയിൽ യാതൊരു ഭാവഭേദവും സൃഷ്ടിച്ചില്ല..

“ഇന്നെന്ത്‌ പുകിലാടി ഉണ്ടാക്കി വെച്ചേക്കണെ?”

“നിക്കറിയില്ല വല്യേച്ചി.. അല്ലേലും ഞാനെന്ത് കാട്ടിയാലും കണ്ണേട്ടനത് പുകിലായിരിക്കുമല്ലോ..”

“വൈദൂൂൂ….”

“ഐശ്.. കാറി തൊണ്ട പൊട്ടിക്കണിണ്ട്.. പോയി വാങ്ങീറ്റും വരാ..”

ഒരു കൂസലുമില്ലാതെ തുള്ളിച്ചാടി പോകുന്നയവളെ അത്ഭുതത്തോടെ നോക്കി നിന്നൂ ഗൗരി.. പിന്നെ മെല്ലെ അവളുടെ പിന്നാലെ പോയി.

നടുമുറ്റത്ത് നിന്ന് കൊണ്ട് വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞു തുള്ളുന്നുണ്ട് കണ്ണൻ.. കൈയ്യിലൊരു പേരയ്ക്കാ വടിയുമുണ്ട്.

” വൈന്നേരം നീ ആരെകൂടിയാടി കവലയിലൂടെ നടന്നത്.. നിന്നോട് എത്ര തവണ പറഞ്ഞതാ വഴീൽ കണ്ട ചെക്കന്മാരോടൊക്കെ സംസാരിച്ച് നിൽക്കരുതെന്ന്.. “

“അതെന്റെ ക്ലാസ്സിലെ കുട്ട്യാർന്നു അരുൺ..”

“സ്കൂളി വെച്ച് തന്നെ പറഞ്ഞു തീർത്തൂടായിരുന്നോ.. നാട്ടുകാരെ കൊണ്ട് പറയിക്കാൻ ഓരോന്ന് ചെയ്ത്‌ കൂട്ടിക്കോളും..”

മറുപടിയൊന്നും പറയാതെ തലകുനിച്ചു നിന്നു.

“റേഷൻ പീടിയേലേ ഗംഗേട്ടൻ പറഞ്ഞപ്പോ ന്റെ തൊലിയുരിഞ്ഞു പോയി..”

ആഹാ അപ്പോ അയാളുടെ പണിയാണല്ലേ.. പണി വരുന്നുണ്ട് മോനെ ഗംഗാധരാ.. ഈ വൈദു ആരാണെന്ന് കാണിച്ചു തരാ..

“എന്താടി പിറുപിറുക്കണേ.. അയാൾക്കിട്ട് എങ്ങനെ പണിയാമെന്നാകും.. ല്ലേ ??”

ചോദ്യത്തോടൊപ്പം കയ്യിലെ പേരയ്ക്കാ വടി ഉയർന്ന് താണിരുന്നു. അതോടൊപ്പം ഞാനും ചാടിയെങ്കിലും ചന്തിക്ക് കൊള്ളേണ്ട അടി ഞെരിയാണിയിൽ കൊണ്ടു. ജസ്റ്റ് മിസ്സ്സ്സ്‌..

ഹൌ…വേദന കൊണ്ട് പുളഞ്ഞു പോയി.. വേണ്ടേയിരുന്നു ന്റെ കൃഷ്ണാ.. ചന്തിയാരുന്നു ബെസ്റ്റ്‌.. ഇത്രേം വേദനയുണ്ടാവൂല..

അടി വീണത് കണ്ടതും അമ്മാവനും അമ്മായിയും ഓടിവന്നു. അമ്മാവൻ കണ്ണേട്ടന്റെ കയ്യിൽ നിന്നും വടി പിടിച്ചു വാങ്ങാൻ ഒരു ശ്രമം നടത്തുന്നുണ്ട്.

“‘അമ്മ വിട്ടെ.. അച്ഛനുമമ്മയും ഇല്ലെന്ന് വെച്ച് കൊഞ്ചിച്ചു വളർത്തിയിട്ടാ ഈ പരുവമായെ.. എത്ര വേണ്ടാ വേണ്ടാന്ന് വെച്ചാലും ഓരോന്ന് ഒപ്പിച്ചോളും..”

“വിടെന്റെ കണ്ണാ. ക്‌ളാസിൽ പഠിക്കണ കൊച്ചോടു സംസാരിക്കണതൊന്നും ഇക്കാലത്ത് ഒരു പ്രശ്നമാണോ. നീ സ്കൂളിൽ പഠിച്ച പോലൊന്നുമല്ല.. ഇതൊക്കെ ഇപ്പൊ സാധാരണമാ..”

“മതി അച്‌ഛാ.. നിങ്ങളിങ്ങനെ സപ്പോർട്ട് നിന്നിട്ടാ ഇവളിങ്ങനെയായേ.. ഗൗരിയും ഗായും ഒക്കെ സ്കൂളിൽ പോയിട്ടില്ലേ. ആരെങ്കിലും ഇതുവരെ നാട്ടുകാരെ കൊണ്ട് പറയിച്ചിട്ടുണ്ടോ.. അതെങ്ങനെയാ എല്ലാരും കൂടെ വളർത്തി വഷളാക്കി വെച്ചേക്കുവല്ലേ..”

കൈയ്യിലുള്ള വടി അവിടെ തന്നെ വലിച്ചെറിഞ്ഞും കൊണ്ട് ചവിട്ടിത്തുള്ളി അവൻ കയറിപ്പോയി.

“ഒന്നൂല്ലാ ന്റെ അമ്മായീ..”

അവളുടെ കാലു തടവുന്ന രാധയെ കണ്ണിറുക്കി കാണിച്ചും കൊണ്ട് ചിരിച്ചു കൊണ്ട് എഴുന്നേറ്റു നടന്നു. വേച്ചു വേച്ചുള്ള അവളുടെ നടത്തം കണ്ടതും അവർക്ക് സങ്കടം അണപൊട്ടി.

“നീ ചെയ്തതൊട്ടും ശെരിയായില്ല കണ്ണാ.. അവൾക്ക് നന്നായി വേദനിച്ചിട്ടുണ്ട്. എന്തിനാ നീ ഇങ്ങനെ എപ്പോഴും ആ പാവത്തിനോട് വഴക്കിടുന്നെ..”

കണ്ണിനു മുകളിലായി കൈ വെച്ച് കിടക്കുന്ന കണ്ണനോടായവർ പറഞ്ഞ്‌ മുറിവിട്ടിറങ്ങി. അവന്റെ കണ്ണിൽ നിന്നുമൊഴുകുന്ന കണ്ണീർചാലുകൾ അവർ കണ്ടില്ല.

അവളുടെ കുരുത്തക്കേടുകളൊക്കെ താനും ആസ്വദിക്കാറുണ്ട്.. അവളിങ്ങനെ അല്ലെങ്കിൽ വീടുറങ്ങിയത് പോലാകും. അവളെപ്പറ്റി ആരെങ്കിലും മോശം പറയുന്നത് കേട്ടാൽ പിന്നെ തന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാതാകും.. അല്ലാതെ വേണം എന്ന് വെച്ചിട്ടല്ല.

🌺🌺🌺🌺🌺🌺🌺🌺🌺

“ഏട്ടന്റെ സ്വഭാവം അറിയുന്നതല്ലേ വൈദൂ.. നിനക്ക് ശ്രദ്ധിച്ചൂടെ. എപ്പൊഴും എപ്പൊഴും ഇങ്ങനെ അടിവാങ്ങാൻ നിൽക്കണാ..”

“അയിനു ഞാൻ മനഃപൂർവ്വം ചെയ്തതല്ല ഗായേച്ചി. അരുണും ഞാനും കെമിസ്ട്രി ലാബിൽ ഒരുമിച്ചാ എക്സ്പെരിമെന്റസ്‌ ചെയ്യുന്നേ. സാൾട്ട് അനാലിസിസിന്റെത് എഴുതി വെക്കാൻ എന്റെ റെക്കോർഡ് അവൻ ചോദിച്ചിരുന്നു. സ്കൂളിൽ വെച്ച് കൊടുക്കാൻ ഞാൻ മറന്നതാ. വഴിയിൽ കണ്ടപ്പോൾ അവൻ റെക്കോർഡും ചോദിച്ചു വന്നതാ. അതിനിടയിൽ എന്തേലും സംസാരിച്ചും കാണും. അതിനാ ആ ഗംഗേട്ടൻ ഏഷണി കുത്തിക്കൊടുത്തെ..അയാളെ ന്റെ കൈയ്യിൽ കിട്ടും..”

“ന്നാൽ നിനക്കത് ഏട്ടനോട് പറയാർന്നില്ലേ വൈദൂ..”

“ഹാ പഷ്‌റ്റ്‌.. കാള പെറ്റെന്ന് കേൾക്കുമ്പോ കയറെടുക്കാൻ നിൽക്കുന്ന കണ്ണേട്ടനോടത് പറയാൻ നിൽക്കെ വേണ്ടൂ..”

തെല്ലൊന്ന് നെടുവീർപ്പിട്ടു.

“ന്നാലും നിക്കതല്ല വല്യേച്ചി.. ഇവ്‌ടെ ഗായേച്ചിയെക്കാളും അപ്പൂസിനെക്കാളുമൊക്കെ അടി വാങ്ങണത് ഞാനല്ലേ.. അങ്ങനെയുള്ള ന്നെയാ കൊഞ്ചിച്ചു വഷളാക്കിയതെന്ന് കണ്ണേട്ടൻ പറഞ്ഞെ.. അതങ്ങട് എത്ര ആലോചിച്ചിട്ടും ശെരിയാവാണില്ലാലോ..”

അതും പറഞ്ഞ്‌ മേശമേലെ പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി കിടന്ന അവളുടെ പുറത്ത് വാത്സല്യത്തോടെ ഗൗരി തടവിക്കൊടുത്തു.

“വാ മോളെ കിടക്കാം..”

“പൊക്കോ വല്യേച്ചി.. ഞാനിന്നിവിടാ..”

കണ്ണേട്ടന്റെ അടികിട്ടിയ ദിവസം തനിച്ചു കിടത്തം വൈദൂനു പതിവുള്ളതായതിനാൽ അവർ നിർബന്ധിക്കാൻ നിന്നില്ല..

🌺🌺🌺🌺🌺🌺🌺🌺

“സോറി വൈദുസെ.. വേണോന്ന് വെച്ചിട്ടല്ലാ.. നിന്നെ ആരേലും കുറ്റം പറയണതെനിക്ക് സഹിക്കാൻ വയ്യെടീ.. അത്രയ്ക്കിഷ്ടായിട്ടല്ലേ..”

അവനവളുടെ കണങ്കാലിൽ അടികൊണ്ട ഭാഗത്ത് പതിയെ ഊതി അവിടെ മൃദുവായി ചുംബിച്ചു.. മുഖത്ത് വീണുകിടക്കുന്ന മുടിയിഴകളെ കോതിയൊതുക്കി നെറ്റിയിൽ കുഞ്ഞൊരുമ്മ കൊടുത്തു.

“ന്നാലും ഞാൻ വഴക്കു പറയുമ്പോ കരഞ്ഞൂടെ പെണ്ണെ.. നീയിങ്ങനെ പ്രതികരണമില്ലാതെ നിൽക്കുമ്പോഴല്ലേ നിക്ക് ദേഷ്യം കൂടണെ. അതല്ലേ ഞാനടിച്ചു പോകുന്നെ.. ന്തിനാടി എന്നെയിങ്ങനെ ദേഷ്യം പിടിപ്പിക്കണേ??”

ഉറങ്ങിക്കിടക്കണ അവളുടെ മുഖത്തേക്ക് നോക്കി പതിഞ്ഞ ശബ്ദത്തിൽ അവൻ ചോദിച്ചു.

“ന്നാലല്ലെ ഈ പാതിരാക്കള്ളന്റെ സ്നേഹം ഇച്ചരെയെങ്കിലും അനുഭവിക്കാൻ പറ്റൂ..”

അവളുടെ ശബ്ദം കേട്ടതും ഞെട്ടിയെഴുന്നേറ്റ് ടേബിളിനോട് ചേർന്ന് നിന്നു. എന്ത് ചെയ്യണമെന്നറിയാതെ നിന്ന് വിയർത്തു. റൂമിൽ നിന്നും പിൻവലിയാൻ ശ്രമിച്ചതും അവളു മുന്നിൽ കയറി നിന്നു.

ഒന്നും മിണ്ടാതെ തലതാഴ്ത്തി നിൽക്കുന്ന അവന്റെ താടി മെല്ലെ ഉയർത്തി നേരെ പിടിച്ചു. കുറ്റം ചെയ്ത് പിടിക്കപ്പെട്ട കുട്ടിയെ പോലെ നിൽക്കുന്ന അവനെ കണ്ടതും ചിരിപൊട്ടി..

“ഇത്രേയുള്ളൂ ന്റെ വീരശൂര പരാക്രമിയായ കണ്ണേട്ടൻ..?? മ്മ്മ് ??”

“അ.. അ.. അല്ല.. അത്.. ഞാൻ മരുന്ന് വെക്കാൻ..”

“ഓഹോ അപ്പൊ ഇതാണല്ലേ നിങ്ങടെ മരുന്ന്.. അതെയ്യ് എനിക്ക് അവിടെല്ല ഇവിടെയാ വേണ്ടേ…”

ചുണ്ട് കൂർപ്പിച്ച് ചൂണ്ടു വിരൽ കൊണ്ട് ചൂണ്ടികാണിച്ചും കൊണ്ട് പറഞ്ഞു.

തെല്ലൊരാശ്ചര്യത്തോടെ അവനവളെ നോക്കി.

“നിക്കെയ്‌.. ഈ പാതിരക്കള്ളൻ ഇങ്ങനെ സ്നേഹിക്കണത് ഒത്തിരിയിഷ്ടവാ.. അതല്ലേ ദിവസവും ഓരോ കുരുത്തക്കേടും ഒപ്പിച്ചോണ്ട് വരണേ.”

അവളവനോട് ചേർന്ന് നിന്ന് പതിയെ കാലുകളുയർത്തി ചുണ്ടുകൾ തമ്മിൽ ചേർത്തു….

ശുഭം…