❤️ജോതി❤️
രചന: ആമ്പൽ ആമ്പൽ
Ksrtc ബസ് സ്റ്റാൻഡിന്റെ പുറകിൽ മാർക്കറ്റ് റോഡിലേക്ക് തിരിയുന്ന ഇടുങ്ങിയ വഴിയിലേക്ക് അവനെ ഒന്ന് തലയുയർത്തി പാളി നോക്കിയവൾ നടന്നു….
അറിയുന്ന ആരെങ്കിലും സമീപത്തെങ്ങാനും നിൽപ്പുണ്ടോ എന്ന് ചുറ്റിനും ഒന്ന് നോക്കി അവനും കുറച്ച് അകലം പാലിച്ച് അവളുടെ പിന്നാലെ നടന്നു….
ബസ്റ്റാന്റിന് പുറകിലെ നാടോടികൾ കുടില് കെട്ടി താമസിക്കുന്ന വിജനമായ പറമ്പിന് കുറച്ച് മാറിയുള്ള ഒരു മരത്തിന് ചുവട്ടിൽ അവൾ നിലയുറപ്പിച്ചു….ആരും ശ്രദ്ധിച്ച് നോക്കിയാൽ മാത്രമേ അവിടെ ആള് നിൽപ്പുണ്ടെന്ന് കാണൂ….നഗരത്തിലെ ഒട്ടുമിക്ക കടകളിയേലും മാലിന്യം കുതിച്ചൊഴുകുന്ന ഓട ചാടിക്കടന്ന് അവൻ മരത്തിനരികിലേക്ക് നടന്നടുത്തു….
എപ്പഴും കാണാറുള്ള ചുവപ്പും ക്രീം കളറും ചേർന്ന ചുരിദാറായിരുന്നു അന്നും അവൾ ഇട്ടിരുന്നത്….എണ്ണ മയം പുരണ്ട ചുരുണ്ടു തോളിന് താഴെവരെയുള്ള മുടി കുളിപ്പിന്നലിട്ടിരിക്കുന്നു….കയ്യിൽ പിടിച്ചിരിക്കുന്ന ഏതോ jwellariyude പേഴ്സ് അടച്ചും തുറന്നും ഉള്ളിലെ വേവലാതി പുറത്ത് കാണിക്കുന്നു….
അവന്റെ പരിചിതമായ പെഫ്യൂമിന്റെ ഗന്ധം അടുത്തറിഞ്ഞിട്ടും… ശിരസ്സ് ഉയർത്താതെ അവൾ നിന്നു….
ജോതീ…അവൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു…
മെല്ലെയവൾ മുഖമുയർത്തി അവനെ നോക്കി….
ഡീ…. ഇനി എനിക്കിത് കണ്ടോണ്ട് നിക്കാൻ പറ്റത്തില്ലെടി…. നിന്റെ സമ്മതം മാത്രം മതിയെനിക്ക്….അവൻ പല്ലുകൾ കടിച്ചുകൊണ്ട് ഉള്ളിൽ നുരഞ്ഞു വന്ന ദേഷ്യം അടക്കിപ്പിടിച്ചു….
അവളുടെ കരഞ്ഞു വീർത്ത കണ്ണുകളും കവിളിലെ കൈ പതിഞ്ഞ പാടും ഇടത് കണ്ണിന് മുകളിലെ ചുവന്നു പൊങ്ങിയ പോറലും കണ്ട് അവന്റെ ഉള്ളൊന്ന് പിടഞ്ഞു….
നിലത്തേക്ക് മിഴികളൂന്നി അവൾ വിതുമ്പി കരഞ്ഞു….
ജോ… കരയാതെ നീ…അവളുടെ വലതുകരം കൈപ്പിടിയിൽ ഒതുക്കി….
നീ വരുവോ എന്റെ കൂടെ….ഒത്തിരി നാളായില്ലേടീ ഇങ്ങനെ സഹിക്കാൻ തുടങ്ങിയിട്ട്…. നിന്റെ ഈ അവസ്ഥ കാണുമ്പോ ഏറ്റോം നീറുന്നെ ഞാനാ…ഞാനല്ലേ ഇതിനൊക്കെ കാരണക്കാരൻ….ഒന്നും വേണ്ടായിരുന്നുന്ന് ഇപ്പൊ തോന്നുവാ….
അവൻ പറഞ്ഞ് നിർത്തിയതും ഉള്ള് പിടഞ്ഞപോൽ അവൾ ഒന്നവനെ നോക്കി…
നിന്നേ വേണ്ടായിരുന്നെന്നല്ലടീ….നിന്നേ കണ്ടിട്ട് സഹിക്കണില്ല….അവന്റെ കണ്ണുകളും നിറഞ്ഞു….
അമ്മയെ ഓർത്തിട്ട് മാത്രാ…ഞാൻ കൂടെ പോരുന്നാ എന്റെ അമ്മയൊറ്റക്കാവും അവിടെ…. എനിക്ക് പിന്നെ അമ്മേ ഒരിക്കലും കാണാൻ പറ്റീന്ന് വരില്ല….അമ്മക്കൊന്ന് സങ്കടം പറഞ്ഞ് കരയാൻ പോലും ആരൂല്ല… അറിയാല്ലോ എന്റെ അമ്മയൊരു അനാഥ ആണെന്ന്….
അവൾക്ക് തിരികെ കൊടുക്കാൻ അവന് മറുപടികളൊന്നും ഇല്ലായിരുന്നു ….
അറിയാം അവളുടെ സാഹചര്യങ്ങളൊക്കെ….അനാഥയാണ് അമ്മ…. മകളെയും ഭാര്യയെയും അടിമകളെ പോലെ കാണുന്നൊരു അച്ഛൻ….അയാൾക്കെന്തോ മാനസിക രോഗം ഉണ്ടോന്ന് പോലും തോന്നിയിട്ടുണ്ട്….അല്ലെങ്കിൽ ഇങ്ങനെ സ്വന്തം ഭാര്യയെയും മകളെയും ഉപദ്രവിക്കുവോ….കൂടിയില്ല വലിയില്ല മറ്റ് ദുശ്ലീലങ്ങളൊന്നുമില്ല…വെളുത്ത് കുറുകിയ ഒരു മനുഷ്യൻ…തുണിക്കടയിൽ സെയിൽസ് മാനാണ് വര്ഷങ്ങളായി…. വെറും തുച്ഛമായ ശമ്പളത്തിന്…. രാവിലെ കൃത്യ സമയത്ത് പോകുക വൈകുന്നേരം കൃത്യസമയത്ത് തിരിച്ചെത്തുക… ഒരു പനി വന്നാലോ ആര് ചത്തെന്നു കേട്ടാലോ പോലും അവധിയെടുത്ത് കേട്ടിട്ടില്ല… ബസ് സമരമാണെങ്കിൽ നടന്ന് പോകുന്ന കാണാം…ഒരു വിചിത്ര ജീവി….അയൽക്കാരോട് പോലും ഒന്ന് മിണ്ടാറില്ല….പക്ഷെ വീടിനുള്ളിൽ അയാളൊരു സൈക്കോ ആണ്…
തന്തപ്പടി എന്തിയെ….? അവന്റെ ചോദ്യത്തിൽ അയാളോടുള്ള അമര്ഷമുണ്ടായിരുന്നു…
ജോലിക്ക് പോയി…പതിഞ്ഞ സ്വരത്തിലവൾ പറഞ്ഞു….
ഇന്നലെ എന്തിന്റെ പേരിലായിരുന്നു…..
അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു….
മ്മ്…അവൻ ചോദ്യ രൂപേണ ഒന്ന് മൂളി….
ഇപ്പൊ എന്നും ആകെയൊരു കാരണമേ ഉള്ളൂ…അത് വിജയ് ചേട്ടനാ….
എന്റെ പേര് പറഞ്ഞോ….
മ്മ്…
ന്നിട്ട് എന്ത് ചെയ്തു….
അതിനും അവൾ നിശബ്ദമായി തല താഴ്ത്തി….
ജോ….
അടിച്ചു….
എവിടെ….
അവൾ കവിളിൽ തൊട്ട് കാണിച്ചു….
നെറ്റിയിലെ പാടോ….
ഭിത്തിയിൽ ഇടിപ്പിച്ചു….കാറ്റ് മാത്രം പുറത്ത് വരുന്ന രീതിയിലാണ് അവൾ പറഞ്ഞത്….
അവന്റെ കൈകൾ ഒന്ന് കൂടി അവളുടെ കൈകളിൽ മുറുകി അവളെ വലിച്ച് നെഞ്ചോട് അടുപ്പിച്ചു……
അയാളെ കൊന്നിട്ട് ഞാൻ ജയിലിൽ പോട്ടെ…പിന്നെ നിനക്കും അമ്മക്കുമെങ്കിലും സമാധാനമായിട്ട് ജീവിക്കാലോ….
പറയുമ്പോൾ അവന്റെ സ്വരവും ഇടറിയിരുന്നു…
ചേട്ടാ… ആരെങ്കിലും….അവൾ ചുറ്റും ഒന്ന് പരതി നോക്കിയിട്ട് അവനെ ഒന്ന് ദയനീയമായി നോക്കി….
അവൻ പെട്ടന്ന് അവളുടെ മേലുള്ള പിടി അയച്ചു….
ചേട്ടൻ വിഷമിക്കണ്ട…. വിജയ് ചേട്ടനില്ലെങ്കിൽ മറ്റൊരു കാരണം ഉണ്ടാവും പപ്പക്ക് ഞങ്ങളെ ഉപദ്രവിക്കാൻ….ചെറുതിലെ മുതല് കിട്ടി ശീലം ആയത്കൊണ്ട് സാരില്ല….എനിക്കിപ്പോ വേദനയൊന്നുമില്ല…..
അവന്റെ മുന്നിലൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു….
ഉള്ളിലെ നോവ് മറച്ച് നീയിങ്ങനെ ചിരിക്കുന്ന കാണുമ്പഴാ എന്റെ ചങ്ക് പൊടിയുന്നെ…..അവന്റെ കണ്ണുകൾ കലങ്ങി….
അവളുടെ കണ്ണുകൾ മരത്തിൽ സാരികൊണ്ട് ഊഞ്ഞാൽ കെട്ടി അതിനുള്ളിൽ കുഞ്ഞിനെ കിടത്തി ആട്ടി ഉറക്കുന്ന ഒരു നാടോടി സ്ത്രീയിലായിരുന്നു….
ജോതീ….ഉടനെ പോണോ നിനക്ക്…..
മ്മ്… കറണ്ട് ബില്ല് അടക്കാനിറങ്ങിയതാ…
അത് ഞാൻ അടച്ചോളാം…നീയാ ബില്ലിങ് തന്നാൽ മതി…അങ്ങേര് വരുമ്പോ ആറുമണിയാകില്ലേ….കുറച്ച് നേരം എവിടെയെങ്കിലും സ്വസ്ഥമായി ഇരിക്കാം നമ്മുക്ക്….
ഞാൻ വണ്ടി എടുക്കട്ടെ നീ എന്റെ കൂടെ കേറുവോ….
ആരേലും കാണും….എനിക്ക് പേടിയാ….
ബൈക്ക് അല്ലടീ… കാറാ….
പാതി സമ്മതത്തോടെ അവൾ അവനൊപ്പം കാറിൽ കയറി….പേടിക്കാതെടി… എന്തായാലും വരുന്നിടത്ത് വെച്ച് കാണാം….
ഞാനൊരു കാര്യം പറഞ്ഞാൽ നീ വിഷമിക്കുവോ….ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൻ ചോദ്യമെറിഞ്ഞു….
എന്താ…ആ ചോദ്യം കേട്ടപ്പോൾ തന്നെ അവളുടെ കണ്ണ് നിറഞ്ഞു….
എനിക്ക് ഒരു ആലോചന വന്നു…
ന്നിട്ട്…നെഞ്ചിനൊന്ന് ആഞ്ഞു കുത്തിയ വേദന പുറത്ത് കാട്ടാതെ അവൾ ചോദിച്ചു……
എന്നിട്ട് എന്താ… പെണ്ണ് ടീച്ചറാ…
മ്മ്….എന്നിട്ട്….
എന്നിട്ടെന്താ… ഞ്യാറാഴ്ച പെണ്ണ് കാണാൻ പോണംന്ന് അമ്മ പറഞ്ഞു….
പേ… പേരെന്താ ചേച്ചീടെ….
ദിവ്യ….
മ്മ്…. നല്ലതാ….പുറത്തെ കാഴ്ചകളിലേക്ക് നോക്കി ഷാളിന്റെ തുമ്പ് കൊണ്ട് ഉതിർന്നു വീഴുന്ന കണ്ണീരൊപ്പി അവൾ പറഞ്ഞൊപ്പിച്ചു….
വണ്ടി ഒന്ന് നിർത്തുവോ വിജയ് ചേട്ടാ..
മ്മ് എന്താ…. അവൻ കുറച്ച് കൂടി മുന്നോട്ട് കേറ്റി ഒരു വിജനമായ റോഡരികിൽ നിർത്തി….
ഡോർ ഹാന്ഡിലിൽ പിടിച്ച് വലിച്ചിട്ടും അത് തുറക്കുന്നില്ല…..
അത് ലോക്കാ ജോ….
ചുണ്ടിലൊളിപ്പിച്ച ചിരിയോടെ ഇരു കൈ കെട്ടി ചുണ്ടൊന്ന് കടിച്ചുപിടിച്ചവൻ ഇരുന്നു….
തിരിഞ്ഞവൾ ഒന്ന് ദയനീയമായി നോക്കിയതും അവൻ അവളെ വലിച്ച് തോളോട് ചേർത്ത് പിടിച്ചു….
എന്റെ ജോതീ… ഇന്ന് ഞാൻ ചെന്ന് അമ്മയോട് പറയും എനിക്ക് ജോതിന്ന് പറയണ കൊച്ചിനെ ഇഷ്ടമാണെന്നും അവളെ മാത്രേ കല്യാണം കഴിക്കുവുള്ളന്നും…പോരെ….
വേണ്ട….ദിവ്യ… നല്ല ചേച്ചിയാകും… ടീച്ചറും കൂടിയല്ലേ…നല്ലൊരു ജോലീം ഉണ്ട് വിദ്യാഭ്യാസവും ഉണ്ട്….നിങ്ങടെ കുടുംബത്തിന് ചേരും….
എന്നാ… എനിക്കീ പ്ലസ്ടുക്കാരി ജ്യോതിയെ മതി…. വെല്യ പഠിപ്പും ജോലീം ഒന്നും വേണ്ട….
പറഞ്ഞു തീർന്നതും ആർത്തലച്ചവൾ അവന്റെ നെഞ്ചിലേക്ക് വീഴുകയായിരുന്നു…
അവളുടെ പുറത്ത് മെല്ലെ തലോടിക്കൊടുത്തു….
*************************
മെഴുകുതിരി തെളിയിച്ച് മാതാവിന്റെ രൂപത്തിന് മുൻപിൽ കണ്ണീരോടെ മുട്ടുകുത്തി പ്രാര്ഥിക്കുകയായിരുന്നു ആ അമ്മയും മകളും….
പുറത്ത് ബെൽ കേട്ടപ്പോൾ അമ്മ കുരിശ് വരച്ച് എഴുന്നേറ്റ് ചെന്നു….
പ്രാർത്ഥന മുടക്കാതെ മാതാവിന്റെ ജപമാല ചൊല്ലി ജോ നിന്നു…..
പപ്പയുമുണ്ട് സിറ്ഔട്ടിൽ….
ജ്യോതികയുടെ അച്ഛനും അമ്മയുമല്ലേ….
പുറത്തൊരു സ്ത്രീ ശബ്ദം കേട്ടപ്പോൾ….പ്രാർത്ഥനക്കിടയിലും അവൾ അങ്ങോട്ടൊന്ന് ശ്രദ്ധ തിരിച്ചു….
മക്കളെ വളർത്തുമ്പോൾ അടക്കത്തിലും ഒതുക്കത്തിലും വളർത്തണം…പ്രത്യേകിച്ച് പെൺകുട്ടികളെ….
അവരുടെ സംസാരം കേൾക്കെ ജോയുടെ ഉള്ളൊന്ന് കാളി….
എന്താ… എന്താ ഇപ്പൊ ഇങ്ങനൊക്കെ പറയുന്നേ….അമ്മയുടെ പരിഭ്രമത്തോടെയുള്ള സ്വരം കേൾക്കാം….
ചേച്ചി അകത്തേക്ക്ഇരിക്കൂ….ഭവ്യതയോടെ അമ്മ അവരോട് പറയുന്നുണ്ട്….പപ്പയുടെ ശബ്ദമൊന്നും കേൾക്കാനില്ല…അല്ലെങ്കിലും ആളുകൾക്ക് മുൻപിൽ സംസാരിക്കില്ലല്ലോ….
പുറത്തേക്കിറങ്ങി ചെല്ലാൻ അവളുടെ ഉള്ളൊന്ന് വെമ്പി….ഭയം കൊണ്ട് വിറക്കുമ്പോഴും കൊന്തയിൽ മുറുകെപ്പിടിച്ച് മാതാവിന്റെ ജപം ഉരുവിട്ടു….
ഞാൻ വിമല….ഇവിടെ അടുത്തുള്ളതാ….ജോണിക്ക് അറിയാരിക്കും… ഇല്ലേ ജോണി….
അപ്പുറത്ത് നിശബ്ദത മാത്രം….
ഭർത്താവ് മരിച്ചതിൽ പിന്നെ കഷ്ടപ്പെട്ടാ ഞാനെന്റെ മക്കളെ വളർത്തിയെ….നല്ലൊരു വീടും വെച്ച് മൂത്തവളെ അന്തസ്സായിട്ട് കെട്ടിച്ചും വിട്ടു….എന്റെ മോനേ അറിയാരിക്കും വിജയ്….ഇപ്പൊ ടെക്നോപാർക്കിൽ നല്ലൊരു ജോലിയുമുണ്ട്….അവന് നല്ലൊരു ആലോചന വന്നിട്ടുണ്ട്…പെണ്ണ് ടീച്ചറാ… നല്ല കുടുംബവും ആണ്….നല്ല സ്ത്രീധനവും തരാന്ന് പറഞ്ഞിട്ടുണ്ട്….പക്ഷെ എന്റെ മോൻ ഇന്നെന്നോട് പറയുവാ ഇവിടുത്തെ കൊച്ചുവായിട്ട് ഇഷ്ടത്തിലാ അവളെയേ കെട്ടതൊള്ളന്ന്….
അതെവുടുത്തെ ന്യായവാ ജോണി….കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ എന്നോടിത് പറയാൻ കൊള്ളാവോ….ഒരു കുറവും വരുത്താതെയല്ലെ ഞാൻ അവനെ വളർത്തിയെ….
പോട്ടെ ഇവിടുത്തെ കൊച്ചിനെ ഇഷ്ടപ്പെട്ടു പോയീ…. പക്ഷെ എങനെ ഞാൻ ഇതിന് സമ്മതിക്കും… മതം വേറെയല്ലേ…. പിന്നെ ജോണിക്ക് ഉടനെ ഒരു കല്യാണം നടത്തി തരാനുള്ള പാങ് ഉണ്ടോ….ഇപ്പഴും ഇവിടെ വാടകക്ക് അല്ലേ കിടക്കുന്നെ….പോരാത്തതിന് ഈ കൊച്ചിന് പറയത്തക്ക വിദ്യാഭ്യാസം ഒണ്ടോ….ഒരു ജോലിയുണ്ടോ….
മുൻപിൽ ഇരുന്ന് ജ്വലിക്കുന്ന മെഴുകുതിരിപോലെ നിന്നുരുകുവായിരുന്നു ജോ ആ നേരം…..
അപ്പൊ ജോണി മോളോട് ഒന്ന് പറഞ്ഞ് മനസ്സിലാക്കണം….ഒരിക്കലും യോജിക്കാത്തൊരു ബന്ധം ആണിതെന്ന്…..എന്റെ മോനേ ഇനി വിളിക്കാനോ കാണാനോ മുതിരരുതെന്നും പറഞ്ഞേക്കണം….
അപ്പൊ… ശെരി….ഞാൻ ഇറങ്ങുവാ…..
പറഞ്ഞവർ ഇറങ്ങിയതും വാതിൽ വലിച്ചടയുന്ന ശബ്ദവും ഒന്നിച്ചു കേട്ടു….
വേണ്ട… വേണ്ടച്ഛായാ എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ….അമ്മയുടെ നിലവിളി കേട്ടിട്ടും… പാഞ്ഞടുക്കുന്ന പപ്പയെ കണ്ടിട്ടും ഒന്ന് ചലിക്കാൻ പോലുമാകാതെ മാതാവിന്റെ രൂപത്തിൽ കണ്ണ് നട്ട് മുട്ടുകുത്തിയിരുന്നു…..
മുടിക്കുത്തിന് പിടിച്ച് മുഖമുയർത്തി മെഴുകുതിരിയുരുക്കി ഒഴിക്കുമ്പോൾ വേദന സഹിക്കാൻ വയ്യാതെ ഉറക്കെയലറി…..തല്ലി അവശയാക്കി ഒരു മൂലക്കിട്ടപ്പോഴും ശരീരത്തെക്കാൾ നോവ് മനസ്സിലായിരുന്നു….
**************************
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് വിജയ് ചേട്ടൻ ആദ്യമായി വന്ന് ഇഷ്ടമാണെന്ന് പറഞ്ഞത്…..കൂട്ടുകാരൊക്കെ കട്ടക്ക് സപ്പോർട്ട് നിന്നു…. തിരികെ ഇഷ്ടമാണെന്ന് പറയാൻ അവരൊക്കെ നിർബന്ധം പിടിച്ചെങ്കിലും പറഞ്ഞില്ല…..സ്കൂളിലേക്ക് പോകും വഴിയും തിരികെ വരും വഴിയും പിന്നാലെ ബൈക്കുമായി എന്നുമുണ്ടാകും…..തിരികെ ഇഷ്ടം പറഞ്ഞില്ലെങ്കിലും തനിക്കും ഉള്ളിലൊരിഷ്ടം ഉണ്ടായിരുന്നു…..വീട്ടിലെ വഴക്കും അടിയുമൊക്കെ കഴിഞ്ഞ് തളർന്ന് കിടക്കുമ്പോൾ ആശ്വാസത്തിനായി കണ്ടെത്തിയത് വിജയ് ചേട്ടന്റെ മുഖമാണ്…..
ഒരു വർഷം തന്റെ പിന്നാലെ നടന്നു….എട്ടാം ക്ലാസ്സ് ലാസ്റ്റ് പരീക്ഷ കഴിഞ്ഞ് തിരികെ വരും വഴി ബൈക്ക് തടസം വെച്ച് ഇപ്പോൾ yes or no പറയണം എന്ന് ചട്ടം കെട്ടി…..No ആണെങ്കിൽ ഇനിയൊരിക്കലും ശല്യപ്പെടുത്തില്ലെന്നും പറഞ്ഞു….എന്തോ അങ്ങനെ കേട്ടപ്പോൾ സങ്കടം തോന്നി…ഒറ്റശ്വാസത്തിൽ yes പറഞ്ഞിട്ട് ഓടിയകന്നു…
പിന്നീട് മിക്ക ദിവസവും ചോക്ലേറ്റോ മിട്ടായിയോ ഒക്കെ വാങ്ങി ആരും കാണാതെ തന്നെ ഏൽപ്പിച്ച് പോകുമായിരുന്നു…..അല്ലാതെ സംസാരമോ ഫോൺ വിളിയോ ഒന്നുമില്ല….
പത്തിൽ പഠിക്കുമ്പോൾ ഒരു ദിവസം തന്നെ പിടിച്ചു നിർത്തി സംസാരിച്ചു….കൃത്യമായത് മാത്‍സ് ടീച്ചർ കാണുകയും ചോദ്യം ചെയ്യുകയും തുടർന്ന് പപ്പയെ വിളിച്ചറിയിക്കുകയും ചെയ്തു….
കയ്യും കാലും കെട്ടിയിട്ട് വായിൽ തുണി തിരുകിവെച്ചായിരുന്നു ആ രാത്രിമുഴുവൻ പപ്പ ഞങ്ങളെ ഉപദ്രവിച്ചത്….ഇനിയും ഇങ്ങനെ ഉണ്ടായാൽ പഠിപ്പ് അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പും തന്നു….കൂട്ടുകാരി മുഖേന വിജയ് ചേട്ടനെ കാര്യമറിയിച്ചു….പിന്നീട് കത്തിലൂടെ മാത്രമായി പ്രണയം….എന്റെ സങ്കടങ്ങളൊക്കെ എഴുത്തുകളിലൂടെ കൈമാറി….ആശ്വാസ ചുംബനങ്ങൾ നിറച്ച് വിജയ് ചേട്ടനും മറുപടികൾ തന്നു….ധൂതായി കൂട്ടുകാരുണ്ടായിരുന്നു….സ്കൂളിന്റെ ഭാഗത്തേക്ക് വരവ് വിജയ് ചേട്ടൻ ഒഴിവാക്കി….വല്ലപ്പോഴും അപ്രതീക്ഷിതമായി മാത്രം കണ്ടു…വഴിയരികിലോ…കടയിലോ ഒക്കെ വെച്ച്….അതും ഒരു സുഖമുള്ള നിമിഷമായിരുന്നു….ഒരു നോക്കുകൊണ്ട് ഞങൾ പ്രണയിച്ച നിമിഷം…..രണ്ട് വർഷം അങ്ങനെ കടന്നു….പ്ലസ്ടു പഠിക്കുമ്പോൾ ഒരു ദിവസം രാവിലെ കൂട്ടുകാരി വന്ന് പറഞ്ഞു വിജയ് ചേട്ടൻ പുറത്തുണ്ട്….ഇന്ന് birthday ആണ്…. നിന്നെയൊന്നു കാണണം എന്ന് പറഞ്ഞു….
പേടിയോടെയാണ് ചെന്നത്…..
ബൈക്കിൽ താളം പിടിച്ചിരിക്കുന്ന വിജയ് ചേട്ടനരികിൽ ചെന്ന് നിന്നു….ഒന്ന് മുരടനക്കിയപ്പോൾ തലചരിച്ചു നോക്കി….
Happy birthday….പതുങ്ങനെ പറഞ്ഞു….
Thankyou….തല കുമ്പിട്ടു നിൽക്കുന്നവളുടെ കണ്ണിലേക്കു കുനിഞ്ഞു നോക്കിക്കൊണ്ട് അവൻ പറഞ്ഞു….
ബെല്ലടിക്കാൻ ഇനിയും അര മണിക്കൂറില്ലേ..എന്റെ കൂടെ ഒന്ന് കേറുവോ….നമ്മുക്കാ അമ്പലത്തിൽ ഒന്ന് പോവാം… പ്ലീസ്… കാല് പിടിക്കാം….അവൻ കെഞ്ചി ചോദിച്ചപ്പോൾ എതിർത്ത് പറയാനായില്ല….വളവ് വരെ നടന്നു…. അവിടുന്ന് വിജയ് ചേട്ടന്റെ ബൈകിനു പിന്നിൽ….ബൈക്കിൽ ഇരിക്കുമ്പോൾ വിരലുകൾ പിടിച്ചൊന്ന് മുത്തിയവൻ വയറിനോട് ചേർത്ത് വെച്ചു….
ഒരു വിറയലോടെ കൈ വലിച്ചു…..
അമ്പലത്തിന് മുന്നിൽ നിന്ന് പെട്ടന്ന് തൊഴുതിറങ്ങി….
ഇവിടെവെച്ചായിരിക്കും നിന്നേ ഞാൻ താലി കെട്ടുന്നേ….കാതോരം അവൻ മെല്ലെ പറഞ്ഞു….ജീവിതത്തിൽ ഇന്നുവരെ കിട്ടിയിട്ടില്ലാത്തത്ര സന്തോഷത്തിലായിരുന്നന്ന് അവൾ…..
വൈകുന്നേരം പപ്പ വന്നതോടെ എല്ലാം തകർന്നു…. വന്ന് കയറിയാതെ മുറിയിലേക്ക് വന്ന് ബാഗും യൂണിഫോമും തന്റെ ബുക്കുകളും അലമാരിയിലിരുന്ന സർവ്വ പുസ്തകങ്ങളും കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്തത്…..അതോടെ പഠിപ്പ് അവസാനിച്ചു….അല്ലാതെ പഠിക്കാൻ കഴിവില്ലാഞ്ഞിട്ട് അല്ലായിരുന്നു….
“പോരാത്തതിന് ഈ കൊച്ചിന് പറയത്തക്ക വിദ്യാഭ്യാസം ഉണ്ടോ?ജോലിയുണ്ടോ?? “
വിജയുടെ അമ്മയുടെ വാക്കുകളോർക്കേ അവളൊന്ന് വിതുമ്പി…..
********************
എന്താ ചേച്ചി…. സാരി… top കുർത്തി….
അല്ല… കിഡ്സ് സെക്ഷൻ….
ആഹ് വരൂ… ആൺകുട്ടിക്ക് ആണോ പെൺകുട്ടിക്കണോ… കുട്ടിക്ക് എത്ര വയസ്സുണ്ട്….
ഒരു വയസ്സ്… ആൺകുട്ടി….
ഒരുപാട് തിരഞ്ഞോടുവിൽ മനസ്സിന് ഇണങ്ങിയ ഒന്ന് കണ്ടെത്തി….
പാക്ക് ചെയ്യാൻ വരട്ടെ…. ഞാനെന്റെ ഹസ്ബൻഡിനെ കൂടെ ഒന്ന് വിളിക്കട്ടെ….വിജയ് ചേട്ടാ….അവൾ നീട്ടി വിളിച്ചതും….ഒരു കുഞ്ഞു പെൺകുട്ടിയെ കയ്യിലെടുത്തവൻ അവർക്കരികിലേക്ക് വന്നു….
ഇത്… ഇതെങ്ങനെ ഉണ്ട്… നല്ലതല്ലേ….
ദിവ്യ ചോദിക്കുന്നത് കേട്ടിട്ടും…. ഒന്നുംമിണ്ടാനാകാതെ ജ്യോതിക്ക് മുൻപിൽ തറഞ്ഞു നിൽക്കുകയായിരുന്നു വിജയ്….
സർ….മാഡം വിളിക്കുന്നു….
അവൾ തന്നെ നോക്കി അങ്ങനെ കൂടെ പറഞ്ഞപ്പോൾ ദയനീയമായി അവനൊന്നവളെ നോക്കി….
ജോ…അവനിൽ നിന്ന് ശ്വാസം മാത്രം പുറത്തേക്ക് വന്നു….
വിജയ് ചേട്ടാ ഇത് ബില്ല് ചെയ്യാൻ പറയട്ടെ….കയ്യിലൊന്ന് പിച്ചിക്കൊണ്ട് ദിവ്യ അവനോട് ചേർന്ന് നിന്ന് ചോദിച്ചു….
ആഹ്… ചെയ്യൂ….തപ്പി പിടിച്ചവൻ പറഞ്ഞ തക്കത്തിന് കയ്യിലിരുന്ന കുഞ്ഞ് ഊർന്നിറങ്ങി പിച്ചവെച്ച് ഓടി…..
ജോ…. മോളേ… നിക്ക്…..
വിജയ് ചേട്ടാ…. ഞാൻ കുഞ്ഞിനെ എടുത്തോണ്ട് വരാവേ…. നിങ്ങള് താഴേക്ക് പോയി ബില്ല് ചെയ്തോ…..
കുട്ടികൾക്ക് സെറ്റ് ചെയ്തിരിക്കുന്ന കളിപ്പാട്ടങ്ങൾക്കിടയിലേക്കോടിയ മകൾക്ക് പിന്നാലെ ദിവ്യയും ഓടി….
ജോ….ഇവിടെയാണോ ഇപ്പൊ….അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു….
മ്മ്….
അച്ഛനും അമ്മയുമൊക്കെ….
പപ്പ പോയീ…. കാൻസർ ആയിരുന്നു….അമ്മ വീട്ടിലുണ്ട്…..പറഞ്ഞപ്പോൾ അവളുടെ സ്വരവും ഇടറിയിരുന്നു….മോൾടെ പേര് ജോ എന്നാണോ….
മ്മ്…അവൻ നിർവികാരമായി തലയാട്ടി….
ദേ… ചേച്ചി വരുന്നുണ്ട്….സർ നടന്നോളൂ ഞാനിത് ബില്ലിങ്ങിൽ കൊടുത്തേക്കാം….താഴെ എത്തും….
പറഞ്ഞിട്ടവൾ പിന്തിരിഞ്ഞു നടന്നു….
കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ കണ്ടാൽ ഇപ്പഴും വായിൽ നോക്കി നിന്നോളും….കൂടെ ഭാര്യേം കൊച്ചും ഉണ്ടെന്ന ഓർമ്മ പോലുമില്ല…അടുത്തേക്ക് വന്ന് അടക്കം പറഞ്ഞുകൊണ്ട് ദിവ്യയൊന്ന് ചുണ്ട് മലർത്തി…..
നിർവികാരമായി അവൻ ദിവ്യയെ നോക്കി….
( അവസാനിച്ചു )
കുഞ്ഞിക്കഥയാണേ….ഇഷ്ടമായെങ്കിൽ സപ്പോർട്ട് ചെയ്യണം..