തന്റെ ഭർത്താവായും മകന്റെ പിതാവായും ചമയാൻ തയ്യാറായി ഒത്തിരി പേര് വാതിലിൽ മുട്ടിയങ്കിലും എന്നെങ്കിലും ഒരിക്കൽ അയാൾ വന്നാൽ…

കനകം ~ രചന: പൂർവിക പാർത്വി

പരുപരുത്ത ചെളി പുരണ്ട വിരലുകൾ കയ്യിലിരിക്കുന്ന പെൺശിൽപത്തിന്റെ മാറിൽ അമർന്നു മനോഹര രൂപം കൊടുക്കുമ്പോൾ അയാളുടെ മിഴികൾ ആ പെണ്ണിൽ തന്നെയായിരുന്നു… ഒരുവേള അയാളുടെതുമയി തന്റെ കണ്ണുകൾ കോർത്തപ്പോൾ ഒരു പിടച്ചിലോടെ പെണ്ണ് മുഖം താഴ്ത്തി കളഞ്ഞു….

തെല്ലു നേരം കഴിഞ്ഞിട്ടും അനക്കം ഒന്നും കേൾക്കാതിരുന്ന പെണ്ണ് മുഖം ഉയർത്തി നോക്കിയപ്പോഴേക്കും അയാളുടെ കട്ട പിടിച്ചിരുന്ന താടിയും കട്ടി മീശയും അവളുടെ കഴുത്തിൽ ഇക്കിളി പെടുത്തികഴിഞ്ഞിരുന്നു….. ദാവണി മാറ്റി നഗ്നമായ വയറിൽ ആ ചെളി കൈകൾ അമർന്നപ്പോൾ അറിയാതെ ഒരേങ്ങൽ അവളിൽ നിന്നും ഉയർന്നു വന്നു…..

“””നീ എന്ത് സുന്ദരിയാണ് എന്നറിയാമോ കനകം….ഇതുപോലെ ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടേയില്ല…..”””

കഴുത്തിൽ അവന്റെ ചുടുനിശ്വാസം തട്ടിയപ്പോൾ തന്റെ ശ്വാസം നിലച്ചു പോകുന്ന പോലെ തോന്നി പെണ്ണിന് …

“”” ഇത് തന്നെയാവും ഇയാള് കാണുന്ന എല്ലാവരോടും പറയുന്നത്…..””” അയാളെ തള്ളിമാറ്റി ഒന്ന് കെറുവിച്ച് കഴുത്തിലും വയറിലും പതിഞ്ഞിരുന്നു കളിമണ്ണ് ദാവണി തുമ്പ് കൊണ്ട് അമർത്തി തുടച്ചു…

“””എന്നാരു പറഞ്ഞു നിന്നോട്…””” ഒരു പൊട്ടിച്ചിരിയോട് കൂടെ ചോദിക്കുമ്പോൾ അയാളുടെ ചിരിയിലേക്ക്‌ തന്നെ നോക്കി നിന്നു പോയി പെണ്ണ്….ഈ കുഞ്ഞി കണ്ണുകളും ആരെയും മയക്കുന്ന ചിരിയുമാണ് പിന്നെയും പിന്നെയും തന്നെ ഇയാളിലേക്ക്‌ അടുപ്പിക്കുന്നത്…..

“””മുത്തിയമ്മ പറഞ്ഞല്ലോ….ഇയാളോട് അധികം കൂട്ടൊന്നും വേണ്ട….ഇങ്ങനെ കൊറെ സ്ഥലത്തിക്ക്‌ പോണോരു അവിടെ കാണുന്ന പെണ്ണുങ്ങളെ ആയിട്ടോക്കെ പരിചയം ഉണ്ടാവും…പ്രായം ആയോർ ആവുമ്പോ അതൊക്കെ അങ്ങനാ…കൂട്ടാവാൻ നിക്കണ്ടാന്ന്…..”””

നിഷ്കളങ്കതയോടെ ചുണ്ട് പിളർത്തി കൊണ്ട് പറയുന്ന പെണ്ണിനെ അയാൾ അടങ്ങാത്ത അഭിനിവേശത്തോടെ നോക്കി ഇരുന്നു…..

“”അപ്പോ നിക്ക്‌ നല്ല പ്രായം ആണോടി പെണ്ണേ…..”””

“”ആഹ്…. മ്മ്ച്ചും…”” ഒരു ചമ്മൽ ചിരിയോടെ തല ആണെന്നും പിന്നെ അല്ലെന്നും ഇരുവശത്തേക്കും ചലിപ്പിച്ച് കനകം പറഞ്ഞതും അവളെ വലിച്ച് തന്റെ മടിയിൽ ഇരുത്തി പവിഴച്ചുവപ്പുള്ള അധരങ്ങൾ കവർന്നെടുത്തു കഴിഞ്ഞിരുന്നു അയാൾ……മെല്ലെ കൈകൾ അവളിൽ തന്ത്രികൾ മീട്ടിയും താളമിട്ടും ചലിച്ച് കൊണ്ടിരുന്നു……വിരലുകൾ ദാവണിയെ മാറിൽ നിന്ന് മാറ്റി കഴിഞ്ഞപ്പോഴേക്കും ആ പെണ്ണ് അയാളോടു ഉള്ള അടങ്ങാത്ത പ്രണയത്താൽ വിധേയയായി കഴിഞ്ഞിരുന്നു…..

ഒടുവിൽ ഒരു കിതപ്പോടെ ചെളി പുരണ്ട ദേഹത്തോടെ അവളിൽ നിന്നും അടർന്നു മാറി മണ്ണിൽ ആകാശം നോക്കി കിടന്നു അയാൾ…..

“””കനകം…..””””

“” അഹ്…..”” തൊട്ടപ്പുറം ചിതറി കിടന്നിരുന്ന വസ്ത്രം കൊണ്ട് ദേഹം മറച്ചു പെണ്ണ്….

“”തെറ്റായോ പെണ്ണേ….നിന്റെ സമ്മതം ചോദിക്കാതെ….. “”” ഇല്ലെന്ന് ഇരുവശത്തേക്കും തലയാട്ടിയപ്പോൾ ഒന്ന് ഉയർന്നു വന്നു അവളുടെ നെറ്റിയിൽ ചുണ്ടുകൾ പതിപ്പിച്ചു അവൻ…..വീണ്ടും കണ്ണുകളിലേക്ക് നോക്കി തന്നിൽ ആഴ്ന്നിറങ്ങാൻ വരുന്നവനെ ഒരു ചിരിയോടെ തള്ളി മാറ്റി തന്റെ വസ്ത്രങ്ങൾ അലസമായി വാരിച്ചുറ്റി ഓടിയകന്നിരുന്നു പെണ്ണ്…..

“””എവിടെ പോയി കിടക്കായിരുന്നു കനകം….നിന്നോട് പറഞ്ഞിട്ടില്ലേ ഇരുട്ടി തുടങ്ങണ മുന്നേ കുടിലിൽ കേറാൻ…..”””” ഏതൊക്കെയോ പച്ചിലകൾ പൊട്ടിച്ച് പിഴിഞ്ഞ് മരുന്ന് ഉണ്ടാക്കി മുറ്റത്ത് തന്നെ കാലും നീട്ടി ഇരിപ്പുണ്ടായി മുത്തിയമ്മ….

“”” അത്..അത് പിന്നെ..ഞാൻ ആ അരുവീടെ അട്‌ത്ത് ഇരുന്നപ്പോ നേരം പോയത് അറഞ്ഞില്ല മുത്ത്യെ….”””

“””മ്മ്…. അല്ല ഇതെന്താ നിന്റെ മേലപ്പിടി ചെളി….നീ ആ ശിൽപ്പീടെ അവിടാർന്നാ….”””

പുരികം ചുളിപ്പിച്ച് ചോദിച്ചതിനു ഉള്ള ഉത്തരം ആണെന്ന് പറഞ്ഞാൽ കണ്ണ് പൊട്ടുന്ന ചീത്ത ഉറപ്പാണെന്ന് കനകത്തിന് അറിയാം….

“”ഏയ്..ഞാൻ വരണ വഴിക്ക് ഒന്ന് വീണു…അതാ….””””

മറുപടി ആയി മുത്തി ഒന്ന് ഇരുത്തി മൂളിയത് കേൾക്കാത്ത മട്ടിൽ വേഗം വേറൊരു ദാവണി എടുത്ത് കുളിക്കാൻ പോയി പെണ്ണ്….

മേൽ വെള്ളം വീഴുമ്പോൾ തോന്നുന്ന നീറ്റലിലും പെണ്ണിന്റെ മുഖത്ത് വിരിഞ്ഞത് നാണമായിരുന്നു….. ആ മുറിവുകളും അവൾക്ക് പ്രണയമായിരുന്നു……

കഴിഞ്ഞു പോയ നിമിഷങ്ങളിൽ ചുറ്റിപറ്റി കിടക്കുകയായിരുന്നു അയാളുടെ മനസ്സപ്പോഴും……ഇവിടുത്തെ മണ്ണാണ് രൂപങ്ങൾ പടുത്തുയർത്താൻ ഉചിതം എന്ന് കെട്ടറിഞ്ഞെത്തിയാതാണ് ഈ കാട്ടു പ്രദേശത്തേക്ക്…..പുറലോകം ആയി ഒരു ബന്ധവും ഇല്ലാതെ…. തന്റെ ലോകം മാത്രമായി ജീവിക്കുന്ന ഒരു പറ്റം കാട്ടുവാസികൾ….കാട്ടുവാസികൾ എന്ന് പറയാൻ സാധിക്കില്ല…..നഗരവൽകരണം വന്നപ്പോൾ പുറംതള്ളി ഇവിടെ എത്തപെട്ടവർ….മലയാളികൾ ആണെന്ന് അറിഞ്ഞപ്പോൾ പിന്നെ ഇവിടേക്ക് വരാനുള്ള തീരുമാനം ദൃഢമായി…..

ഒരിക്കേ തന്റെ പണിക്കിടെ ഏതോ ഒരു വിഷജന്തു കാലിൽ കടിച്ചപ്പോൾ മരുന്നുമായി എത്തിയതാണ് കനകം….കണ്ട മാത്രയിൽ എന്തോ ഒരു അടുപ്പം തോന്നി പെണ്ണിനോട്….വിശേഷിപ്പിക്കാൻ മാത്രം ഒരു ഭംഗിയും ഇല്ലായിരുന്നു….പക്ഷേ തനിക്കവൾ ഇന്നേവരെ കണ്ടതിൽ ഏറ്റവും സുന്ദരിയായി തോന്നി…..ഇരുണ്ട നിറവും ചുവന്ന കല്ലുള്ള മുക്കുത്തിയും നീണ്ട മുടിയിൽ ചൂടി വച്ചിരുന്ന കാട്ടു പൂവല്ലാം …എല്ലാം…. അവളിലേക്ക് അടുപ്പിക്കുന്ന പോലെ…. അവളുടെ മിഴികളും വിളിച്ചോതുന്നുണ്ടായി പെണ്ണിന് ഞാനും ആരൊക്കെയോ ആണെന്ന്….അവളെക്കാൾ പതിമൂന്ന് വയസ്സ് കൂടുതൽ ആയിരുന്നു….പക്ഷേ അതിനും മേലെ തന്റെ വികാരങ്ങൾ സ്ഥാനം പിടിച്ചു…. പിന്നെ പിന്നെ പെണ്ണിവിടെ നിത്യ സന്ദർശകയായി……ചെളി പുരണ്ട കയ്യാൽ ചേർത്തിരുത്തി അവളെയും ഈ കല പഠിപ്പിച്ചു…..

ദിവസങ്ങൾ കടന്നു പോയി….പല സന്ധ്യകളിലും പ്രണയം കയ്യിൽ ഒതുക്കി പിടിക്കാൻ കഴിയാതെ വരുമ്പോൾ ആ കളിമണ്ണിൽ പരസ്പരം നാഗങ്ങളെ പോലെ ചുറ്റി പിണഞ്ഞു കിടക്കും….അപ്പോഴും എനിക്ക് നിന്നെ എന്ത് ഇഷ്ടമാണ് കനകം എന്നൊന്ന് കേൾക്കാൻ ആ പെണ്ണ് ഏറെ കൊതിക്കും….ഓരോ വട്ടവും അയാൾ അങ്ങനൊന്ന് പറയാതിരിക്കുമ്പോൾ മുത്തിയമ്മ പറയുന്ന പോലെ ഇത് ഒരു നേരമ്പോക്ക് ആണോ എന്നാ ഹൃദയം ചോദിച്ചു തുടങ്ങും……

മാസം രണ്ട് കഴിഞ്ഞിട്ടും എന്നും വിരുന്നെത്തുന്ന ചുവപ്പ് ദിവസങ്ങൾ വന്നിലെന്ന് കണ്ടതും പെണ്ണിന്റെ ഉള്ളിൽ ആധി നിറഞ്ഞു തുടങ്ങി…..കുറച്ച് ദിവസമായി ആകെ ഒരു അസ്വസ്ഥത….ഭക്ഷണം നേരെ ചുവ്വെ കഴിക്കാൻ കഴിയുന്നില്ല….ഒരു തളർച്ച……കൈകൾ മെല്ലെ വയറിന് മീതെ അമർന്നു….ഒരിക്കെ പോലും ഇങ്ങനെ ഒന്ന് ചിന്തിച്ചിരുന്നില്ല….. മുത്തിയമ്മക്ക്‌ വേഗം ഇങ്ങനെയുള്ളവ മനസ്സിലാവും …അറിഞ്ഞാൽ തന്റെ അവസ്ഥ…അപ്പയുടെ അവസ്ഥ….ആലോചിക്കും തോറും പെണ്ണിന്റെ കണ്ണുകൾ നിറയാൻ തുടങ്ങി….എങ്കിലും എന്തുകൊണ്ടോ ഉള്ളിൽ ഒരു സന്തോഷം തോന്നുന്നു…..തന്റെ കുഞ്ഞ്….തന്റെ സ്നേഹത്തിന്റെ അടയാളം….പിന്നെയൊരു ഓട്ടമായിരുന്നു അയാളുടെ അടുത്തേക്ക്… ആ കൈകൾ വയറിന് മീതെ എടുത്ത് വച്ച് ഇയാളുടെ കുഞ്ഞെന്ന് പറയാന് കൊതി തോന്നി….. ആ കുഞ്ഞു കുടിലിനു മുന്നിൽ എത്തിയതും ഒരു നിമിഷം കനകം നിശ്ചലമായി നിന്നു പോയി….ഇല്ല…രണ്ട് ദിവസം മുൻപ് വരെയും പുറത്ത് ഉണ്ടായിരുന്ന അയാളുടെ ഒരു സാധനവും ഇപ്പൊൾ അവിടില്ല….വാതിൽ പൂട്ടി കിടക്കുന്നു…..

“”എന്താ കുഞ്ഞേ നോക്കി നിക്കുന്നെ… അയാൾ ഇന്ന് രാവിലെ പോയല്ലോ…നാട്ടിൽക്ക്‌ ആണെന്ന് തോന്നുന്നു…”””

തൊട്ടു പിന്നിൽ നിന്ന് അവളോടായുള്ള ശബ്ദം കേട്ടതും ഹൃദയം നിലച്ചു പോകുന്ന പോലെ തോന്നി പെണ്ണിന്….താൻ ഈ നിമിഷം മരിച്ചു പോയെങ്കിലെന്ന് ഉള്ളൂ കൊണ്ടാഗ്രഹിച്ചു…..തിരിച്ച് വീട്ടിലേക്കുള്ള വഴിയിൽ മൊത്തം ഇടറി പോയെങ്കിലും വീണാൽ തന്റെ കുഞ്ഞിന് എന്തെങ്കിലും പറ്റോ എന്നോർത്ത് എങ്ങനെയൊക്കെയോ വീട്ടിലെത്തി…..തന്നെ പറ്റിച്ച് കടന്നു പോയതെന്ന് ബുദ്ധി പലവട്ടം പറഞ്ഞു തന്നിട്ടും വിശ്വസിക്കാൻ മനസ്സ് കൂട്ടാക്കിയില്ല…..അധരങ്ങൾ അയാൾ വരും വരും എന്ന് തന്നെ ഉരുവിട്ട് കൊണ്ടിരുന്നു…..

അധിക കാലം ആ രഹസ്യം മറച്ചു പിടിക്കാൻ കനകത്തിന് ആയില്ല…..തന്തയില്ലാത്ത കുഞ്ഞിനെ വളർത്താതെ വയറ്റിൽ വച്ച് തന്നെ കൊല്ലാൻ നിർബന്ധിച്ചപ്പോൾ അയാൾ തിരിച്ച് വരുമ്പോൾ നമ്മുടെ കുഞ്ഞിനെ നീ കൊന്നില്ലെ എന്ന് ചോദിക്കില്ല ഭയന്ന് അതിന് മുതിർന്നില്ല ….പിഴച്ചു പെറ്റവൾ എന്ന് മുദ്രണം എല്ലാവരും കൂടെ ചാർത്തി കൊടുത്തത് കേട്ട് നെഞ്ച് പൊട്ടി അപ്പ മരിച്ചപ്പോഴും പെണ്ണിന്റെ കൈകൾ വീർത്തുന്തിയ വയറിൽ വിടാതെ മുറുക്കെ പിടിച്ചിരുന്നു……വൈകാതെ തന്നെ മുത്തിയും പോയപ്പോൾ പിന്നീടുള്ള കാലം തനിക്കും തന്റെ കുഞ്ഞിനും കൂട്ടായി അയാൾ വരുമെന്ന ഒറ്റ പ്രതീക്ഷയിലായിരുന്നു അവൾ കഴിഞ്ഞത്….. അയാളെ പോലെ ഒരു ആൺകുട്ടി പിറവിയെടുത്തപ്പൊഴും അവനെ വളർത്തിയപ്പൊഴും ഉള്ളിൽ നിറഞ്ഞു നിന്നത് ആ പ്രതീക്ഷ മാത്രമായിരുന്നു…..തന്റെ ഭർത്താവായും മകന്റെ പിതാവായും ചമയാൻ തയ്യാറായി ഒത്തിരി പേര് വാതിലിൽ മുട്ടിയങ്കിലും എന്നെങ്കിലും ഒരിക്കൽ അയാൾ വന്നാൽ തല കുനിക്കാതിരിക്കാൻ അതല്ലാം കണ്ടില്ലെന്ന് നടിച്ചു…….

“”””മ്മ….മ്മാ……”””” മുറ്റത്ത് നിന്ന് മോന്റെ നീട്ടിയുള്ള വിളി കേട്ടാണ് പിന്നാമ്പുറത്ത് നിന്ന് മുന്നിലേക്ക് കനകം വന്നത്…..തന്റെ കണ്ണിൽ തെളിഞ്ഞ രൂപത്തെ കണ്ട ഒരു മാത്ര അവൾ തറഞ്ഞു നിന്ന് പോയി….. ഒന്നും കൂടെ സൂക്ഷിച്ച് നോക്കി……

അതേ… അയാൾ… അയാൾ തന്നെ…..പ്രണയിച്ച്… അല്ല…പ്രണയം നടിച്ചു ഒരു ജീവിതം വച്ച് നീട്ടി കൊതിപ്പിച്ചവൻ… ന്നിട്ട്‌ ഒടുക്കം ആ പ്രണയത്തിന്റെ വിത്ത് പാകി തന്റെയും സ്വന്തകാരുടെയും ജീവിതം തട്ടി തെറിപ്പിച്ചവൻ…….എന്നെങ്കിലും ഒരിക്കൽ വന്നാൽ പറയാൻ….ചോദിക്കാൻ ഒത്തിരി കരുതി വച്ചിരുന്നു…..പക്ഷേ ഒന്നിനും കഴിയുന്നില്ല….തൊണ്ടകുഴിയിൽ നിന്ന് ശബ്ദം പുറത്തേക്ക് വരുന്നില്ല……ഒരു ശില കണക്കെ നിന്നു……മോൻ അപ്പോഴേക്കും മുറ്റത്ത് കളിമണ്ണ് കൊണ്ട് കളിക്കാൻ തുടങ്ങിയിരുന്നു…… അയാളുടെ നോട്ടം അവനിലേക്കായി…..

“”കനകം…ഇത്…ഇത് നിന്റെ മോനാണോ….കല്ല്യാണം കഴിഞ്ഞോ….””””

പാഞ്ഞു ചെന്ന് ആ കവിളിൽ ആഞ്ഞടിക്കാൻ തോന്നി…..പിന്നെയും പിന്നെയും താൻ തോറ്റു പോകുന്നു…..തന്റെ കുഞ്ഞിന്റെ പിതൃത്വം പിതാവിന് തന്നെ പറഞ്ഞു കൊടുക്കുക…..മെല്ലെ നിലത്തേക്ക് തളർന്നിരുന്നു പെണ്ണ്……

“”” കനകം…..””” മറുപടിയൊന്നും ഇല്ലെന്ന് കണ്ട് പിന്നെയും അവൻ വിളിച്ചു….

“”ന..മ്മുടെ…മോ..നാ…..”””” വിക്കി വിക്കി പറഞ്ഞൊപ്പിക്കുമ്പോഴേക്കും പെണ്ണ് പൊട്ടി കരഞ്ഞു പോയിരുന്നു…….അയാളിലും ഞെട്ടൽ പ്രകടമായിരുന്നു…..തന്റെ കുഞ്ഞ്…. അയാളൊന്ന് നോക്കി….അവനപ്പൊഴും ചുറ്റും ഉള്ളതൊന്നും അറിയാതെ മണ്ണിൽ കുഞ്ഞു രൂപങ്ങൾ നെയ്യാൻ ശ്രമത്തിലായിരുന്നു…ഓടിച്ചെന്ന് വാരിയെടുത്ത് നെഞ്ചോട് ചേർക്കാൻ തോന്നുന്നു…..മുത്തങ്ങൾ കൊണ്ട് മൂടാൻ തോന്നുന്നു…..അച്ഛനാണ് എന്നുറക്കെ പറയാൻ തോന്നുന്നു…..പക്ഷേ പറ്റുന്നില്ല…..അതിന് അർഹനല്ല….. സ്വന്തമായി ഒരു കുഞ്ഞു ഉണ്ടെന്ന് അറിയാതെ ഇതുവരെ ജീവിച്ച പാപി……

“””കനകം….എനിക്ക്…എനിക്കറിയില്ലായിരുന്നു….. “”” കുറ്റബോധത്താൽ വാക്കുകൾ ഇടറിയിരുന്നു……. അരികിൽ ചെന്നിരുന്നു പെണ്ണിന്റെ തോളിൽ കൈകൾ അമർത്തി അയാൾ…..

“”” സാരില്ല….ഇങ്ങട് വന്നില്ലേ….ന്നെ അന്വേഷിച്ച് വന്നില്ലെ….ഇനി പൊണ്ട… വിടില്ല ഞാൻ……ഇനി എല്ലാരോടും പറയാലോ ഞാൻ പിഴച്ചതല്ലെന്ന്…..ന്റെ മോൻ പിഴച്ചവൾക്ക്‌ ഉണ്ടായതല്ലെന്ന്…….””” അയാളുടെ നെഞ്ചില് തലയിട്ടുരുട്ടി പറയുന്ന പെണ്ണിനോട് അയാൾക്ക് സഹതാപം തോന്നി……

“””എനിക്ക് പോണം കനകം….””” ദൂരേക്ക് മിഴി നട്ട് ഇരിക്കുന്നവനെ കണ്ണുകൾ ഉയർത്തി സംശയത്തോടെ അവൾ നോക്കി….

“”” ന്നെ കാത്ത് ഭാര്യയും ഇതുപോലെ ഒരു മോനും ഉണ്ട്……”””””

നിസ്സംഗതയോടെ അയാളെ തന്നെ നോക്കി നിന്നു കനകം…..ഞാനോ…ന്റെ മോനോ….എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു….കഴിഞ്ഞില്ല….പോണം എന്ന് പറയുന്ന ആളോട് വേറെ എന്ത് ചോദിച്ചിട്ടും എന്ത് കാര്യം….വീണ്ടും ഈ പൊട്ടി പെണ്ണ് ഒറ്റക്ക്….അലിവോടെ തന്റെ മോനെ നോക്കി…..ഇനി ഒരിക്കലും നിനക്ക് അച്ഛൻ എന്ന് പറയുന്നവൻ ഇല്ലെന്ന് അവനോട് എങ്ങനെ പറയാ… പിന്നീടവൻ നേരിട്ടെക്കാവുന്ന ചോദ്യങ്ങളും അവസ്ഥകളും ഓർത്തപ്പോൾ ഉള്ളൂ നീറി…..അയാളോട് ഇവിടെന്ന് ഇറങ്ങി പോകാൻ പറയാൻ തോന്നി……

“”” നിന്നെ ചതിച്ച് കടന്നു പോയതല്ല കനകം…..നാട്ടിൽ അമ്മക്ക് അസുഖം കൂടി അതാണ് പോവുന്നത് അറിയിക്കാൻ കഴിയാത്തത്….വേഗം തിരിച്ചു വരാൻ കഴിയും എന്നാണ് കരുതിയത്…..പക്ഷേ അവിടെ ചെന്നപ്പോൾ അമ്മയുടെ വാശി ആയിരുന്നു കല്ല്യാണം…..ഒഴിയാൻ ശ്രമിച്ചു…കഴിഞ്ഞില്ല…..പിന്നെ നിനക്ക് ഇങ്ങനെ ഒന്ന്….അറിഞ്ഞെങ്കിൽ ഞാൻ ഒരിക്കലും…..”””

“” ഇപ്പൊ എന്തിനാ ഇങ്ങട് വന്നെ…..””” ന്യായീകരണം കേൾക്കാൻ താൽപര്യം ഇല്ലായിരുന്നു ആ പെണ്ണിന്….

“””ഈ വഴി വരണ്ട ആവിശ്യം ഉണ്ടായിരുന്നു….കൂടെ തന്നെ കാണാനും…..””””

ഒത്തിരി നേരം അമ്മയോട് ഒരാൾ സംസാരിച്ച് നിൽക്കുന്നത് കണ്ടതും തന്റെ കലാവിരുത് നിർത്തി ഓടി അമ്മയുടെ ഒക്കത്ത് കേറിയിരുന്ന് കഴിഞ്ഞിരുന്നു ചെക്കൻ….ചെളി പുരണ്ട കൈകൾ കൊണ്ട് കഴുത്തിൽ കൂടെ കെട്ടി പിടിച്ച് മുഖം പെണ്ണിന്റെ കവിളിൽ ഉരുട്ടി മുഖത്തെ ചെളി കൂടി അവളുടെ ദേഹത്ത് ആക്കിയിരുന്നു കുട്ടി കുറുമ്പൻ…..

“”” കണ്ടില്ലേ….ഇനി പോക്കൊളൂ….””” മുഖത്ത് നോക്കാതെ കുഞ്ഞിനെ ചേർത്ത് പിടിച്ചു അറുത്ത് മുറിച്ച് പറയുന്നവളെ ദുഃഖത്തോടെ നോക്കി അയാൾ….. പോവാതെ നോട്ടം ആ കുഞ്ഞി മുഖത്താണ് എന്ന് കണ്ടതും അതുവരെ സംഭരിച്ച് വച്ച ഇല്ലാത്ത ധൈര്യം ഒലിച്ച് പോകുന്ന പോലെ…..

“”” ഇതുവരെ ഇവൻ അമ്മ മാത്രം ഉണ്ടായിരുന്നുള്ളൂ….ഇനിയും അങ്ങനെ തന്നെ മതി….മോഹം കൊടുത്ത് വിഷമിപ്പിക്കാൻ നിക്ക്‌ കഴിയില്ല…..”””

ഒന്നും മിണ്ടാതെ മോന്റെ പുറത്തൊന്ന് തലോടി പിന്തിരിഞ്ഞ് അയാൾ നടന്നകന്നപോൾ തന്റെ കൈകൾ കൊണ്ട് അമ്മയെ ഇറുക്കി അമർത്തി മുത്തം കൊടുക്കുന്ന തിരക്കിലായിരുന്നു കുഞ്ഞ്…

അവസാനിച്ചു…