വീട്ടിലേക്ക് മടങ്ങുമ്പോൾ ചളി പുരണ്ട അയാളുടെ ബൈക്കിനു പിന്നിൽ ഇരുന്ന് അയാളെ ചേർത്ത് പിടിച്ചപ്പോൾ ആദ്യം അയാളൊന്ന്…

രചന: Shahina Shahi

“പണ്ട് അച്ഛൻ പറഞ്ഞുറപ്പിച്ച് വെച്ചതല്ലേ മോളെ…” അമ്മയത് മെല്ലെയാണ് പറഞ്ഞത്.

“അമ്മ എന്താ ഈ പറയുന്നത് അയാളെ പോലുള്ള ഒരു കൃഷികാരന്റെ കൂടെ തീർക്കാനാണോ ഞാൻ ഇത്രേം കാലം പഠിച്ചത്…”

“അച്ഛൻ രമേഷെട്ടന് വാക്കു കൊടുത്തതല്ലേ…മരിച്ചു പോയ അച്ഛന്റെ വാക്ക് തലക്ക് മേലെ ഇങ്ങനെ നീക്കുമ്പോൾ ഞാനെങ്ങനാ…… നീ വരണം മോളെ…”

ഫോണിന്റെ മറു തലക്കൽ നിന്ന് അമ്മയത് പറയുമ്പോൾ വാക്ക് ഇടറുന്നത് അവൾക്കും കേൾക്കാമായിരുന്നു…

അമ്മയുടെ കണ്ണ് നിറയുന്നത് അവൾക്ക് ഒരിക്കലും കാണാൻ കഴിയില്ലായിരുന്നു… അച്ഛൻ മരിച്ചതിൽ പിന്നെ എത്ര കാലമാണ് ആ കണ്ണങ്ങനെ…

ആ ഒറ്റ തേങ്ങലിൽ ഉള്ള് പിടഞ്ഞിട്ടായിരുന്നു അവളന്ന് ഇഷ്ടമില്ലേലും പെണ്ണ് കാണൽ ചടങ്ങിനായി നാട്ടിലേക്ക് വരാമെന്നർദ്ധ സമ്മതം മൂളിയത്..

അധികം നല്ലതല്ലാത്ത കറുപ്പ് ഷർട്ടും മുണ്ടും ധരിച്ചു വന്നയാളെ അടിമുടി നോക്കുമ്പോൾ അവളുടെ മുഖത്തിന് അത്ര കണ്ട് പ്രകാശം ഉണ്ടായിരുന്നില്ലെന്ന് അയാൾക്കും ബോധ്യമായിരുന്നു… എങ്കിലും മഞ്ഞ ചുരിദാറിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്നവളെ അയാൾക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു…

എനിക്കൊന്നു സംസാരിക്കണമെന്ന് കാരണവന്മാർക്കിടയിൽ നിന്നവൾ ഉറക്കെ പറഞ്ഞപ്പോൾ എന്തോ അയാളുടെ മുഖത്ത് ഒരു ഭയം നിഴലിച്ചിരുന്നു…

എനിക്ക് നിങ്ങളെ ഇഷ്ട്ടായില്ല, എന്റെ സങ്കൽപ്പത്തിലെ വരൻ ഇങ്ങനെയൊന്നുമല്ല…എന്നെ പോലെ വിദ്യാഭ്യാസ ഉള്ള ഒരു പെണ്ണിന് ഇങ്ങനെ ഒരാളെ ചേരില്ല…തുറന്നിട്ട ജനൽ കമ്പിയിൽ പിടിച്ച് പുറത്തെ പച്ചപ്പിലേക്ക് നോക്കി ലാഘവത്തോടെ നിന്നവൾ പറഞഞപ്പോൾ ഉള്ള് പിടയുമ്പോഴും അയാൾ ഒന്ന് പുഞ്ചിരിച്ചു.

അല്ലെങ്കിലും ഈ കൃഷി പണി കൊണ്ട് എന്നേം അമ്മയെയും നിങ്ങൾ എങ്ങനെ നോക്കാനാണ്…എന്റെ അമ്മയുടെ കണ്ണീർ എനിക്ക് കാണാൻ കഴിയില്ല… അത് കൊണ്ട് ഈ വിവാഹം ഒരു ഉടമ്പടിമാത്രമായിരിക്കും അതിലപ്പുറം ഒന്നും പ്രതീക്ഷിക്കരുത്… എനിക്ക് എന്റെ ജോലിയാണ് പ്രധാനം…ആ വാക്കുകൾ അയാളെ ഏറെ മുറിപ്പെടുത്തിയെങ്കിലും എനിക്ക് ഏറെ ഇഷ്ട്ടാണ് എന്ന് മാത്രം പറഞ്ഞ് നേർത്ത ഒരു പുഞ്ചിരിയോടെ അയാളാ പടിയിറങ്ങി…

ഏറെ വൈകാതെ ആഘോഷങ്ങൾ അതികമേതു മില്ലാതെ വിവാഹം നടന്നു….

തൊട്ടു പോകരുത്…

ആദിരാത്രി ചാരെ വന്ന് കിടന്നയാളെ നോക്കി ഒച്ചവെക്കുമ്പോൾ സ്നേഹത്തോടെ ദേവു എന്ന അയാളുടെ വിളി അവൾ മനപ്പൂർവ്വം അവഗണിക്കുകയായിരുന്നു.

ഒരു പുഞ്ചിരിയോടെ തറയിൽ പായ ഇട്ടയാൾ നിലത്തേക്ക് കിടത്തം മാറ്റുമ്പോഴും അവളുടെ മുഖത്ത് ഭാവ ബേദങ്ങൾ ഏതുമില്ലായിരുന്നു.

നിനക്ക് എന്നും ഇവിടെ തന്നെ നിന്നൂടെ,നമ്മുടെ വയലിൽ നമുക്ക് ഒന്നിച്ച് ജോലി ചെയ്തുടെ… സന്തോഷത്തോടെ ഇവിടെ തന്നെ നിൽക്കാലോ…വിവാഹം കഴിഞ്ഞ മൂന്നാം നാൾ അവൾ ജോലി സ്ഥലത്തേക്ക് മടങ്ങാൻ ഒരുങ്ങിയപ്പോൾ അയാൾ വേദനയോടെ അവളോട് ചോദിച്ചു.

എനിക്ക് ഈ ചളിയിൽ ഒന്നും ജോലിക്ക് കയ്യില്ലെന്നു പറഞ്ഞ് പരിഹസിച്ച് കൊണ്ട് പടിയിറങ്ങി പോകുമ്പോഴും എന്നെങ്കിലും അവൾ തന്റെ സ്നേഹം മനസ്സിലാക്കും എന്ന പ്രതീക്ഷയോടെ അയാളൊരു ഒരു പുഞ്ചിരി നൽകി.

നമ്മുടെ തോട്ടത്തിൽ നിന്ന് വെട്ടിയ നാടൻ പഴമാണ്,ട്രെയിനിൽ നിന്ന് കഴിക്കാം എന്ന് പറഞ്ഞ് ഒരു കവർനൽകി സൂക്ഷിച്ചു പോണേ എന്ന് കൂടെ അയാൾ ഏറെ സ്നേഹത്തോടെ കൂട്ടി ചേർത്തപ്പോൾ അവൾക്കത് വിസമ്മതിക്കാനായില്ല.

അവൾ കേറി പോയ വണ്ടി കണ്ണിൽ നിന്നും മായുന്നത് വരെ നിറഞ്ഞ കണ്ണോടെ അയാളത് നോക്കി നിന്നു….മനസ്സ് അസ്വസ്ഥപ്പെട്ടപ്പോൾ തന്റെ കൃഷി യിടത്തിലേക്കയാൾ ഇറങ്ങി നടന്നു…ഉള്ള് തണുക്കും വരെ ഏറെ നേരം അവയെ അങ്ങനെ നോക്കിയിരുന്നു…

ഏറെ വൈകാതെ അയാൾ അവൾക്ക് വിളിച്ചു… ഏറെ കരുതലോടെ വീണ്ടും അത് അവർത്തിച്ചപ്പോൾ അവൾ ദേഷ്യപ്പെട്ടു… പിന്നെയും പല ദിവസങ്ങളിൽ അയാൾ വിളിച്ചു,അവൾ എടുത്തില്ല…

കമ്പനി നഷ്ടത്തിലായപ്പോൾ നിറഞ്ഞ കണ്ണോടെ അവൾക്ക് തിരിക്കേണ്ടി വന്നു… ജോലി ഇല്ലാത്തവളായി അയാളുടെ വീട്ടിൽ ചെന്ന് കേറാനുള്ള നാണം കൊണ്ടായിരുന്നു ആരെയും അറിയിക്കാതെ അന്നവൾ കണ്ണ് നിറച്ച് സ്വന്തം വീട്ടിൽ കയറി ചെന്നത്.

രാത്രി ഏറെ വൈകിയിട്ടും അവളുടെ റൂമിലെ ലൈറ്റ് അണയാത്തത് കണ്ട് അമ്മ കയറി ചെന്നപ്പോൾ പൊട്ടിക്കരയുന്നവളോട് കാരണം തേടുമ്പോൾ ഞാൻ ഇനി എങ്ങനെ ഏട്ടന്റെ അടുത്തേക്ക് ചെല്ലുക എന്നായിരുന്നു അവളുടെ മറുപടി.

അവനോളം നിന്നെ സ്നേഹിക്കാൻ മാറ്റാർക്കാണ് കഴിയുക എന്നമ്മ പറഞ്ഞു തുടങ്ങിയപ്പോൾ അവൾ ആശ്ചര്യത്തോടെ ആ മുഖത്തേക്ക് തന്നെ നോക്കി.

അച്ചൻ മരിച്ചതിൽ പിന്നെ എല്ലാം അവനായിരുന്നു… നിന്റെ പഠനത്തിന്റെ ചിലവും എല്ലാം… അവന് വല്യ ഇഷ്ട്ടാണ് നിന്നെ..അവന് ഒറ്റ നിർബന്തമേ ഉണ്ടായിരുന്നുള്ളു നിന്നെ ഒരിക്കലും ഇതൊന്നും അറിയിക്കരുതെന്ന്…പക്ഷെ, ഇന്ന് ഇപ്പൊ ഞാനത് പറയേണ്ടി വന്നു…

അന്ന് നീ ജോലിക്കായി പോയപ്പോൾ അവൻ ഏറെ നേരം കരഞ്ഞിരുന്നു… എന്നാൽ ഒരിക്കൽ പോലും അവൻ നിന്നെക്കുറിച്ച് ഒരു വാക്ക് വെറുപ്പ് പറഞ്ഞില്ല…

അവൾ വല്യ പടിപ്പൊക്കെ ഉള്ളവല്ലേ ചളി നിറഞ്ഞ എന്റെ തോട്ടത്തിൽ പണി എടുക്കാൻ അല്ലേലും ഞാൻ പറയരുതായിരുന്നു ശേ,ഞാൻ എന്ത് മണ്ടനാണല്ലേ അമ്മേ എന്ന് സ്വയം കുറ്റപ്പെടുത്തി ഇറങ്ങി നടന്നവന് എങ്ങനാ നിന്നെ ഉപേക്ഷിക്കാനാവുക.

ആ രാത്രി അവൾ ഉറങ്ങിയില്ല, ജനൽ പാളികളിലൂടെ എത്തിനോക്കുന്ന നിലാവിനെ നോക്കി നിൽക്കുമ്പോൾ അവ എന്തോ അവളെ കളിയാക്കി ചിരിക്കും പോലെ…ആ കണ്ണുകൾ ഏറെ നേരം വെറുതെ നിറഞ്ഞൊഴുകി കൊണ്ടിരുന്നു…അടുത്ത ഒരു പകൽ പിറക്കാനായി അവൾ അക്ഷമയോടെ കാത്തിരുന്നു.

പുലരും മുന്നേ അയാളുടെ നമ്പർ തപ്പിയെടുത്തവൾ വിളിച്ചു… ഏറെ പെട്ടൊന്ന് അയാളത് എടുത്തപ്പോൾ എന്ത് പറയണം എന്നറിയാതെ അവൾ വിങ്ങി…

എന്റെ വീട് വരെ ഒന്ന് വരോ… എനിക്കങ്ങോട്ട് വരണം…ഒറ്റശ്വാസത്തിൽ പറഞ്ഞൊപ്പിച്ച് അവൾ ഫോണ് കട്ട് ചെയ്യുമ്പോൾ എന്ത് പറ്റി എന്നയാൾ അവർത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നു.

ചളി നിറഞ്ഞ ഡ്രെസ്സ് മാറാതെ ഭയന്ന മുഖത്തോടെ മുറ്റത്തു വന്നു വണ്ടി നിർത്തി അകത്തേക്ക് ഓടി കയറുന്നയാളെ ഏട്ടാ പൊറുക്കണം എന്നും പറഞ്ഞവളാ ചളി പുരണ്ട ഹൃദയത്തിലേക്ക് ചേർന്ന് നിന്നു.

എന്താടി മേൽ ഫുൾ ചളിയാണെന്നും പറഞ്ഞയാൾ പിന്നോട്ട് മാറിയപ്പോൾ അവൾ ഒരിക്കൽ കൂടി അയാളെ ചേർത്ത് പിടിച്ചു.നിറഞ്ഞു വരുന്ന അയാളുടെ കണ്ണുകളിൽ നോക്കി ആണുങ്ങൾ കരയെ എന്നും പറഞ്ഞവൾ കളിയാക്കുമ്പോൾ അയാളവളുടെ കവിൾ ഇരു കയ്യിലായി പിടിച്ച് അതിലേക്ക് തന്നെ നോക്കി നിന്നു.

വീട്ടിലേക്ക് മടങ്ങുമ്പോൾ ചളി പുരണ്ട അയാളുടെ ബൈക്കിനു പിന്നിൽ ഇരുന്ന് അയാളെ ചേർത്ത് പിടിച്ചപ്പോൾ ആദ്യം അയാളൊന്ന് ഞെട്ടി.ഗ്ലാസ്സിലൂടെ നോക്കുന്നത് കണ്ട് അവൾ ആ തോളിലേക്ക് തലവെച്ച് കിടന്നപ്പോൾ നിറ കണ്ണോടെ അയാള പ്പോഴും ചിരിച്ചു.

മൂന്നാം നാൾ ഉച്ച ഊണ് കഴിഞ്ഞയാൾ പാടത്തേക്ക് മടങ്ങുമ്പോൾ ഞാനും വരുന്നുണ്ടെന്നവൾ വാശി പിടിച്ചപ്പോൾ എന്റെ പെണ്ണിനെ പാടത്ത് പണി എടുപ്പിക്കാനാണോ ഞാൻ ഇത്രേം പടിപ്പിച്ചതെന്നും ചോദിച്ച് അയാളൊരു കത്ത് അവൾക്ക് നേരെ നീട്ടി. ഇവിടുത്തെ യു പി സ്കൂളിൽ ഒരു ജോലി ശരിയാക്കിയിട്ടുണ്ട് നാളെ തന്നെ പോയി ജോയിൻ ചെയ്തോളണമെന്നയാൾ ചിരിച്ചു കൊണ്ട് പറഞ്ഞ് നടന്നകലുമ്പോൾ പിന്നാലെ ഓടി ആ കവിളിൽ കണ്ട കട്ട ചളിയിൽ നോക്കിയവൾ ഉമ്മ വെക്കുമ്പോൾ അവളുടെ കണ്ണിൽ നിറഞ്ഞു വന്ന കണ്ണീർ തുള്ളികൾ അപ്പോഴും ഒരായിരം തവണ അയാളോട് മാപ്പ് പറയുന്നുണ്ടായിരുന്നു.

ശുഭം.

ഒരു ശ്രമം നാറ്റിക്കരുത്😊