അങ്ങനെയുള്ള അവളെയിപ്പോൾ ഒരു നിമിഷം പോലും കാണാതെ നിൽക്കാൻ പറ്റിയെന്ന സത്യമവൻ മനസ്സിലാക്കി…

മൃദുലം ~ രചന: MEERA SARASWATHI

“ന്തിനാ മൃദൂ ന്നെയിങ്ങനെ സ്നേഹിക്കണേ.. ഒത്തിരി ദ്രോഹിച്ചതല്ലേ ഞാൻ. ന്തിനിങ്ങനെ എനിക്കായി കഷ്ടപ്പെടണേ..”

മറുപടിയായി ഒന്ന് പുഞ്ചിരിച്ച് പതിയെ ടീഷർട് അണിയിച്ചു കൊടുത്ത് മുടിയും ചീകി കൊടുത്ത് നെറ്റിയിലൊരു ചുംബന മുദ്രണം പതിപ്പിച്ചു. വീൽചെയറിൽ നിന്നും പതിയെ എഴുന്നേൽപ്പിച്ച് നിർത്തി ബെഡിലേക്ക് തന്നെ കിടത്തി. മൊബൈലിൽ മ്യൂസിക് പ്ലയെർ ഓണാക്കി ബ്ലൂടൂത്ത് സ്പീക്കറിൽ അവനിഷ്ടമുള്ള പാട്ട് വെച്ച് കൊടുത്തു. പിന്നെ നേരെ അടുക്കളയിലേക്ക് വിട്ടു.

കയ്യിലെ നനഞ്ഞ തോർത്തുമുണ്ട് പുറത്തെ അഴയിൽ വിരിച്ചിട്ടു. അലക്കാനുള്ള ഡ്രെസ്സുകൾ തരം തിരിച്ചു മെഷീനിൽ കൊണ്ടോയി ഇട്ടു.
മുറ്റം അടിച്ച്‌ വാരിയ ശേഷം കൈയും കാലും അടുക്കള വശത്തെ പൈപ്പിൽ നിന്നും കഴുകി അകത്തേയ്ക്ക് കേറി.

ചട്ണി അരച്ച് താളിച്ച ശേഷം ദോശ ചുട്ടെടുക്കാൻ ആരംഭിച്ചു. മൂന്നു പേർക്കും കഴിക്കാനുള്ളത് ചുട്ടു കഴിഞ്ഞ ശേഷം മൂന്ന് ദോശയും ചട്ണിയും പാത്രത്തിലെടുത്ത് ശിവേട്ടന്റെ മുറിയിലേക്ക് നടന്നു.

മെല്ലെ കിടക്കയിൽ തലയിണ വെച്ച് ചാരി ഇരുത്തി. ദോശ പൊട്ടിച്ച് ചട്ണിയിൽ മുക്കി വായിൽ വെച്ചുകൊടുത്തു. രണ്ടെണ്ണം കഴിച്ചതും മതിയെന്ന് പറഞ്ഞു. നിർബന്ധിച്ച് ഒരെണ്ണം കൂടി കഴിപ്പിച്ചു. വാഷ്‌റൂമിൽ നിന്നും ഒരു കിണ്ണത്തിൽ വെള്ളവും റ്റവെലുമെടുത്ത് വന്ന് വാ കഴുകിച്ച് മുഖം തുടച്ചു കൊടുത്തു.

“മൃദൂ.. കുറച്ച് നേരം അടുത്തിരിക്കാമോ?”

മേശയുടെ അരികിലായി വെച്ചിരിക്കുന്ന കസേര വലിച്ച് കട്ടിലിനു അടുത്തായി വെച്ച് ഇരുന്നു.

“എന്തിനാ എന്നെയും നോക്കിയിങ്ങനെ ജീവിതം ഹോമിക്കണേ.. എത്രെയോ തവണ പറഞ്ഞതല്ലേ ചെറിയച്ഛനോടൊപ്പം പോയിക്കൊള്ളാൻ..”

“പോണെങ്കി പോകാം.. പക്ഷേങ്കി ശിവേട്ടൻ ഈ ഒരവസ്ഥയിൽ തനിയെ എന്ത് ചെയ്യും?”

“ഇവ്‌ടിപ്പൊ കൃഷ്ണമ്മാമയുണ്ടല്ലോ..”

അവൻ അലസമായി പറഞ്ഞതും അവനെയവൾ നേരെയിരുത്തി പതിയെ തലയിണ വലിച്ചെടുത്ത്‍ കിടക്കാൻ പാകത്തിൽ വെച്ച് അവനെ കിടത്തി.. പിന്നെ ഒന്നുമുരിയാടാതെ മെല്ലെയവൾ മുറിവിട്ടിറങ്ങി.

ഉച്ചവരെയും അവളെ അവൻ കണ്ടതേയില്ല. കഴിക്കാനുള്ള ഭക്ഷണവും കഷായവുമെല്ലാം കൃഷ്ണമ്മാമയുടെ കൈയ്യിൽ കൊടുത്തു വിട്ടു.. ഉഴിച്ചിലുകാർ വന്നിട്ടും അവള് മുന്നിലേക്ക് പോയതേയില്ല.

അതവനിൽ കലശലായ വിഷമം ഉണ്ടാക്കി. മറ്റാണെൽ നാഴികയ്ക്ക് നാല്പതു വട്ടം എന്ന പോൽ എത്തി നോക്കുമായിരുന്നു. യൂറിൻ ബാഗ് നിറഞ്ഞു വന്നതും കിടക്ക നനഞ്ഞു.അതവനിൽ അസ്വസ്ഥത സൃഷ്ടിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ കൃഷ്ണൻമാമയെ ഉറക്കെ വിളിച്ചു.

“ഞാൻ പോയി മൃദുല കുഞ്ഞിനെ വിളിച്ചോണ്ട് വരാം കുഞ്ഞേ..”

“വേണ്ട കൃഷ്ണമ്മമേ.. മാമ ചെയ്‌താൽ മതി.”

ആ വൃദ്ധനവനെ വീൽ ചെയറിൽ താങ്ങി ഇരുത്തിയപ്പോഴേക്കും അണച്ച് പോയിരുന്നു.

“മാമ ചെറിയച്ഛനെ വിളിച്ച് അവളെ കൊണ്ടുപോകാൻ പറയണം. നാളെ തന്നെ ഒരു ഹോം നേഴ്‌സിനെ കിട്ടൊന്ന് നോക്കണം. കൃഷ്ണന്മാമയ്ക്ക് തന്നെ പറ്റുമെന്ന് തോന്നണില്ല..”

ബെഡ്ഷീറ് മാറ്റിവിരിക്കണ അയാളോടായി പറഞ്ഞു.

“എന്താ കുഞ്ഞേ അവള് പോകണമെന്ന് പറഞ്ഞോ..??!!!”

വിശ്വസിക്കാൻ പറ്റാത്ത എന്തോ കാര്യം കേട്ടത് പോലെ അയാൾ കണ്ണുമിഴിച്ചു.

“ഇല്ല മാമ ഞാനാ പൊക്കോളാൻ പറഞ്ഞെ. അവള്ടെ മുടങ്ങിയ പഠനമൊക്കെ തുടരട്ടെ.. ത്രാന്ന് വെച്ചാ ഇവിടിങ്ങനെ..”

ആ വൃദ്ധനൊന്ന് മൂളിക്കൊണ്ട് അവനെ പതിയെ വളരെ കഷ്ടപ്പെട്ട് താങ്ങി ബെഡിൽ കിടത്തി .

രാത്രി ആയിട്ടും അവളെ ഒന്ന് കണ്ടത് പോലുമില്ല. അവനത് സഹിക്കാൻ പോലും പറ്റാതായി. ഒന്ന് വിളിച്ചാലോയെന്ന് പലതവണ ആലോചിച്ചെങ്കിലും അതെ നിമിഷം തന്നെ വേണ്ടെന്നും വെക്കും. പണ്ട് അവളെക്കാണുന്നതേ അവനു ചതുർത്ഥിയായിരുന്നു. അങ്ങനെയുള്ള അവളെയിപ്പോൾ ഒരു നിമിഷം പോലും കാണാതെ നിൽക്കാൻ പറ്റിയെന്ന സത്യമവൻ മനസ്സിലാക്കി.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അച്ഛനുമമ്മയും ഒരു കാർ ആക്സിഡന്റിൽ മരിച്ചപ്പോൾ അച്ഛന്റെ സഹോദരി മൃദുലയെ കൂടെ കൂട്ടി. അന്നവൾക്ക് മൂന്നു വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളു. അപ്പച്ചിയ്ക്ക് ഒറ്റമകനായിരുന്നു. ഏഴു വയസ്സുകാരൻ ശിവജിത്ത്. ഒറ്റമകനായതിനാൽ ഒത്തിരി ലാളനയിൽ വളർന്ന അവനു മൃദുലയുടെ വരവ് ഇഷ്ടമായില്ല.. തനിക്ക് കിട്ടേണ്ടുന്ന സ്നേഹം മുഴുവൻ അവൾക്ക് കിട്ടുന്നു എന്ന് തോന്നൽ പിന്നീട് ദേഷ്യമായി. വളരും തോറും വെറുപ്പായി മാറി. അതിനാൽ തന്നെയും ചാൻസ് കിട്ടുമ്പോഴൊക്കെയും വാക്കാൽ വേദനിപ്പിച്ചു കൊണ്ടേയിരുന്നു. അവളാണേൽ തിരിച്ചൊന്നും പ്രതികരിക്കാതെ കണ്ണ് നിറച്ചു നിന്നോളും. അതവനിൽ പിന്നെയൊരു ലഹരിയായി.

“നീ ഇങ്ങനിയവളോട് എപ്പോഴും വഴക്കിട്ടലെങ്ങനെയാ ശിവു. നാളെ നീ വിവാഹം കഴിക്കേണ്ട പെണ്ണാ അവള്..”

അമ്മയുടെ ആ വാക്കുകകൾ ആ കൗമാരക്കാരിയിൽ പ്രണയം നിറച്ചു. അവളുടെ ലജ്ജയോടെയുള്ള പിന്നീടുള്ള നോട്ടങ്ങൾ അവനിൽ കോപം വർധിപ്പിച്ചതേയുള്ളൂ.

ആ വാശിയിലാണ് സ്കൂളിലെ ഏറ്റവും സുന്ദരിയായ സിതാരയുടെ പിറകെ നടന്ന് പ്രണയത്തിലായതും.

അവരുടെ പ്രണയം അവളിൽ സൃഷ്ടിച്ച വിഷമം കാണുക.. അതുമാത്രമായിരുന്നു അവൻറെ ലക്ഷ്യമെന്നതിനാൽ സ്കൂൾ ജീവിതത്തിനപ്പുറത്തേക്ക് അത് വളർന്നതുമില്ല.

കലാലയ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോഴേക്കും രാഷ്ട്രീയം തലയ്ക്കു പിടിച്ചിരുന്നു. അതിനിടയിൽ വേറൊരു കാര്യത്തിലും ശ്രദ്ധ തിരിക്കാൻ പോയില്ല.
അവളോടുള്ള പെരുമാറ്റത്തിൽ മാത്രം ഒട്ടും മാറ്റമുണ്ടായിരുന്നില്ല. തരം കിട്ടുമ്പോഴൊക്കെ ദേഷ്യപ്പെട്ടു.

കോളേജിൽ നിന്നുമിറങ്ങിയിട്ടും ശിവ രാഷ്ട്രീയം വിട്ടില്ല. രണ്ടു പാർട്ടികൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് അവനു കുത്തേൽക്കുന്നത്. ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയത്‌. അന്ന് പക്ഷെ നട്ടെല്ലിനേറ്റ ക്ഷതം ആളെ കിടപ്പിലാക്കി.. പിന്നീടുള്ള ട്രീറ്റ്മെന്റിൽ ഇരിക്കാമെന്ന അവസ്ഥയിലായി. ട്രീറ്റ്‌മന്റ്‌ ഇപ്പോഴും തുടരുന്നുണ്ട്.

എത്രയെതിർത്തിട്ടും അപ്പോഴൊക്കെയും ഒരു കുഞ്ഞിനെപ്പോലെ അവനെ പരിചരിച്ചതെല്ലാം മൃദുലയായിരുന്നു. അവനെ കുളിപ്പിക്കുന്നതും ഭക്ഷണം കഴിപ്പിക്കിന്നതുമെല്ലാം.. മകന്റെ അവസ്ഥ കണ്ട നിത്യരോഗിയായ അപ്പച്ചിയെയും അവൾ തന്നെ ശുശ്രൂഷിച്ചു വന്നു. ഇന്നിപ്പോൾ അവർ മരിച്ചിട്ടും അവൾ ശിവയെ വിട്ടു പോകാൻ സമ്മതിച്ചിരുന്നില്ല.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

“നിനക്കെങ്ങനെയാ മൃദൂ എല്ലാവരെയും ഇങ്ങനെ സ്നേഹിക്കാൻ പറ്റണെ.”

അവൾ അവനൊരു അത്ഭുതമായി തോന്നി.

അമ്മയോടും കൃഷ്ണമ്മാമയോടും എപ്പോഴും കലപില സംസാരിച്ചു നടക്കുന്ന തന്നെ കാണുമ്പോൾ മാത്രം ഭയത്തോടെ മാറി നില്ക്കുന്ന ആ പെണ്ണിനോട് പിന്നീടെപ്പോഴോ ഇഷ്ടം തോന്നിതുടങ്ങിയിരുന്നു . അത് മറക്കാനെന്നോണം അവൻ ദേഷ്യത്തെ കൂട്ടുപിടിച്ചു. എന്നിട്ടും തന്നോടൊരു വെറുപ്പും കാണിക്കാത്ത അവളവനു അത്ഭുതമായി മാറി. ഒരു മുഷിപ്പും കൂടാതെ തന്റെ കാര്യങ്ങളൊക്കെയും ചെയ്യുന്ന പെണ്ണിനോടവന് കടുത്ത ആരാധനയായി..ഇഷ്ടമായി. പക്ഷെ തന്റെ ഭാഗ്യം കെട്ട ജീവിതം അവൾക്കൊരു കരടായി മാറരുത് എന്ന് കരുതിയാ അവളോട്‌ പോകുവാൻ പറഞ്ഞത്. പക്ഷെ ഇനി അവളെ കാണാതെ പറ്റില്ലെന്ന് അവൻ മനസ്സിലാക്കുകയായിരുന്നു.

ഇനിയൊരു നിമിഷം പോലും അവളെ കാണാതിരിക്കാൻ പറ്റില്ലെന്ന് തോന്നിയതും പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു. വളരെ ആയാസപ്പെട്ട് ഭിത്തിയിൽ പിടിച്ച് ഒരു സ്റ്റെപ് വെച്ചു നോക്കി. അവനു അത്ഭുതം തോന്നി. വളരെയേറെ ശ്രമപ്പെട്ടു ഒന്ന് രണ്ടു സ്റ്റെപ് വെച്ചതും റൂമിനു വെളിയേ എത്തിയിരുന്നു. കുറച്ചു സമയം ഭിത്തി ചാരി നിന്നു. പിന്നെയും ശ്രമിച്ചു. രണ്ടു മൂന്ന് സ്റ്റെപ് വെച്ചതും കാലു കുഴഞ്ഞു. കഠിനമായ വേദന കാരണം നിലത്തേക്ക് വീണിരുന്നു.

ഹാളിലെ സോഫയിൽ കിടന്നിരുന്ന മൃദുല ശബ്ദം കേട്ടതിനാലാകണം ലൈറ്റ് തെളിച്ച് ഓടിവന്നു. അവൾക്ക് അവളുടെ കണ്ണുകളാൽ വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു.

“കൃഷ്ണമ്മാമേ.. ശിവേട്ടൻ നടന്നു..”

അവളുടെ അട്ടഹാസം കേട്ട് കൃഷ്ണമ്മാമയും ഓടിവന്നു. ആ വൃദ്ധന്റെ കണ്ണുകളിൽ നീര്തുള്ളികൾ ഉരുണ്ടുകൂടി.

കുഞ്ഞു പിള്ളേരെ പോലെ തുള്ളിച്ചാടുന്ന അവളെ വാരിപ്പുണരാൻ അവനു വെമ്പൽ കൊണ്ടു. രണ്ടുപേരുമവനെ താങ്ങിപിടിച്ചു റൂമിൽ കൊണ്ട് കിടത്തി. കുറച്ച് നേരം അവിടെയിരുന്നു ശേഷം കൃഷ്ണമ്മാമ മുറിയിലേക്ക് തിരികെ പോയി.

“നിന്നെക്കാണാതെ പറ്റില്ലായിരുന്നു പെണ്ണെ.. എന്തിനാ എന്നെ അവോയ്ഡ് ചെയ്തേ..”

“അപ്പോ എന്നോട് പോകാൻ പറഞ്ഞതോ??!!”

അതിനവന് മറുപടിയുണ്ടായില്ല.

“നിനക്കെന്നോട് ഒരു വെറുപ്പും തോന്നണിലെ മൃദു.. എത്രയധികം ദേഷ്യപ്പെട്ടിട്ടുണ്ട് ഞാൻ..”

“ആ ദേഷ്യല്ലേ നിക്കിഷ്ടം..”

പതിയെ കുറുമ്പൊടെ പറഞ്ഞു.

“ഏഹ്ഹ്.. എന്ത്..??!!”

“മ്മ്ചും..” അവൾ ചുമലുകൂച്ചി..

“അല്ല.. ശിവേട്ടനെന്തിനാ ഇപ്പോ അങ്ങട് വന്നേ..??”

“അതോ., അതെനിക്കെന്റെ പെണ്ണെ കാണാൻ തോന്നിയത് കൊണ്ടാ.. രാവിലെ തൊട്ടേ അവളെന്നോട് പിണങ്ങി നിൽപ്പായിരുന്നെ.. “

തെല്ലൊരാശ്ചര്യത്തോടെ നോക്കി നിന്നയവളെ വലിച്ചവൻ നെഞ്ചിലേക്കിട്ടു..

അവസാനിച്ചു