രചന: സീതാ കൃഷ്ണ
ഒരുപാട് നാളത്തെ ആഗ്രഹ സഫലീകരണത്തിൻ്റെ ആദ്യപടിയാണ് ഈ പെണ്ണുകാണൽ… നിർമലിൻ്റെയും അവൻ്റെ വീട്ടുകാരുടേയും മുന്നിൽ ചായയുമായി ചെല്ലുമ്പോഴും എന്തൊക്കെയോ നേടിയെടുത്ത സന്തോഷമായിരുന്നു അമലയുടെ ഉള്ളിൽ….
പക്ഷെ അവൻ്റെ അച്ഛൻ്റെ നാവിൽ നിന്നും വന്ന വാക്കുകൾ അവളുടെ അഭിമാനത്തിന് മേൽ വാളോങ്ങി നിന്നു…..
സോഷ്യൽ മീഡിയയിൽ അത്യാവശ്യം ഫോളോവേഴ്സ് ഉള്ള ഒരു കലാകാരിയാണ് അമല…. അവളുടെ പാട്ടിനും അനുകരണ കലയ്ക്കും ഒരു പാട് ആരാധകരുണ്ടായിരുന്നു. കാണാനും നല്ല സുന്ദരിയായിരുന്നു…..ഒരു പാട് പ്രണയാഭ്യർത്ഥനകൾ വന്നെങ്കിലും അവയൊന്നും അവളെ ആകർഷിക്കാൻ പോന്നതായിരുന്നില്ല….
പക്ഷെ തനിക്കു വരുന്ന കമൻ്റുകളിൽ ഒന്ന് മാത്രം പലപ്പോഴും വേറിട്ട് നിന്നിരുന്നു…. എന്ത് കൊണ്ടോ അവളും അത് ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. പിന്നീട് അവൻ്റെ അഭിപ്രായങ്ങൾക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലായിരുന്നു അവൾ….പീന്നീട് രണ്ടു പേരും പരസ്പരം മെസ്സേജ് അയച്ചു തുടങ്ങി പിന്നെ അത് സംസാരത്തിലേക്കും പ്രണയത്തിലേക്കും വഴി മാറി …. ഒരു വർഷത്തെ പ്രണയത്തിന് രണ്ടു വീട്ടുകാരും പച്ചക്കൊടി കാണിച്ചപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു അവൾക്ക്….അതിനിടയിൽ അവനും കുഞ്ഞു കുഞ്ഞു വാശികൾ അല്ലെങ്കിൽ നിർബദ്ധങ്ങൾ അവൾക്ക് മേൽ അടിച്ചേൽപിക്കാൻ തുടങ്ങിയിരുന്നു. അവളിലേക്ക് അവനെ അടുപ്പിച്ചിരുന്ന പാട്ടും അഭിനയവും എല്ലാം തന്നെ നിർത്തണമെന്നും രാത്രി ഒൻപത് മണിക്ക് ശേഷം ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നും ഒക്കെയായി അവന്റെ അധികാരങ്ങൾ കാണിച്ചു തുടങ്ങി…. അങ്ങനെ പതിയെ അവളുടെ ഇഷ്ടങ്ങളെല്ലാം അവൻ്റെ അനിഷ്ടങ്ങളായി തീരുകയായിരുന്നു…അതെല്ലാം അവൻ്റെ പൊസ്സസീവ്നെസ്സ് ആണെന്ന് അവൾ മനസ്സിൽ കരുതി അല്ലെങ്കിൽ മനസ്സ് അങ്ങനെ ഒരാശ്വാസം കണ്ടെത്തികൊണ്ട് അവനോടൊത്തുള്ള നല്ലൊരു ജീവിതം സ്വപ്നം കാണാൻ തുടങ്ങിയിരുന്നു…. ആ സ്വപ്ന സാക്ഷാൽക്കാരത്തിലേക്കുള്ള ആദ്യ പടിയായിരുന്നു ഈ പെണ്ണ് കാണൽ…
പക്ഷെ ആ വാക്കുകൾ… പൊതു മദ്ധ്യത്തിൽ ഒരു പെണ്ണിനെ വിവസ്ത്രയാക്കാൻ പോന്നതായിരുന്നു …. വീണ്ടും വീണ്ടും ആ വാക്കുകൾ അവളുടെ കാതിൽ അലയടിച്ചു….
‘മോളെ ഞങ്ങൾ കല്യാണം ഉറപ്പിക്കാൻ പോവാട്ടോ… ഇനി ഇവനേക്കാളും നല്ലൊരുത്തനെ കാണുമ്പോൾ അവന്റെ കൂടെങ്ങും പോകാതില്ലല്ലോ … കല്യാണം ഉറപ്പിച്ച് കഴിഞ്ഞിട്ട് ഞങ്ങൾക്കൊരു നാണക്കേട് ഉണ്ടാക്കരുത് കേട്ടോ….
ആ വാക്കുകൾ ഓർക്കും തോറും കാലിൽ നിന്നൊരു പെരുപ്പ് അവളിലേക്കരിച്ചു കയറി….
മതി നിർത്തൂ……
അവളുടെ ശബ്ദത്തിൽ അറിയാതെ ഒരാജ്ഞാശക്തി ഉണ്ടായിരുന്നു….
അവൾ നിർമലിൻ്റെ മുന്നിൽ ചെന്ന് നിന്നു…..
നിർമൽ ഈ ചായ കുടിച്ച് നിങ്ങൾ ഇവിടുന്ന് ഇറങ്ങുന്നതോടൊപ്പം ഞാനും നീയും തമ്മിലുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു…
ഞെട്ടലോടെയാണ് എല്ലാവരും അവളെ കേട്ടത്…
എന്താടി നിനക്കെന്താ ഭ്രാന്തുണ്ടോ….
അവൻ അവൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചു….
ഭ്രാന്ത് എനിക്കല്ല നിങ്ങൾക്കാണ് സംശയമെന്ന ഭ്രാന്ത്…. പിന്നെ സംസ്ക്കാരമില്ലായ്മ ഒരു കുറ്റമല്ലല്ലോ… അത് രക്തത്തിൽ അലിഞ്ഞവരോട് മറുപടി പറഞ്ഞു ചെറുതാവാൻ എനിക്കു കഴിയില്ല…
അതിനിപ്പോൾ എന്തുണ്ടായെന്ന…..
ഒന്നുമുണ്ടായില്ലേ…. നിങ്ങളുടെ അച്ഛൻ്റെ നാവിൽ നിന്നും വന്ന വാക്കുകൾ അഭിമാനമുള്ള ഒരു പെണ്ണിനും കേട്ട് നിൽക്കാൻ കഴിയുന്നതല്ല …. ഇപ്പോൾ എനിക്ക് മനസിലായി നീ എന്നെ എല്ലാത്തിൽ നിന്നും വിലക്കിയത് എന്തുകൊണ്ടാണെന്നു…. നിനക്കും ഈ സംശയങ്ങളൊക്കെ മനസിൽ മുളപൊട്ടിയത് കൊണ്ടല്ലേ…. അങ്ങനെ ഒരു സംശയ രോഗിയുടെ കൂടെ ജീവിതകാലം മുഴുവൻ ജീവിക്കാൻ എനിക്ക് കഴിയില്ല…
നിങ്ങൾക്കൊക്കെ ഒരു വിചാരമുണ്ട് ഒരു പെണ്ണ് എപ്പോഴും ഓൺലൈനിൽ ഇരുന്നാൽ അവൾ ചീത്തയാണെന്ന്…. അല്ലെങ്കിൽ അവൾ കാമുകൻമാരുമായി ചാറ്റ് ചെയ്യുകയാണെന്ന്….നീ എന്നോട് എല്ലാം നിർത്തണമെന്ന് പറഞ്ഞതിലെ ചേതോവിഹാരം എന്താണെന്നെനിക്കറിയാം… നിനക്ക് മെസ്സേജ് അയച്ച പോലെ വേറെ ആർക്കെങ്കിലും ഒക്കെ ഞാൻ അയക്കുന്നുണ്ടോ… ഞാൻ നിന്നോട് അടുത്ത പോലെ വേറെ ആരോടെങ്കിലും അടുക്കുന്നുണ്ടോ… എന്നോടിങ്ങനെ പെരുമാറുന്നവൾ മറ്റുള്ളവരോട് ഇങ്ങനെ ആയിരിക്കില്ലേ…. ഇങ്ങനെ ഒരു പാട് ചോദ്യങ്ങൾ നിൻ്റെ മനസ്സിൽ തോന്നിയിട്ടുണ്ടാകും…. അവിടെ നീ സംശയിച്ചത് ഞാനെന്ന വ്യക്തിയെ ആണ്…. ഒരു ബന്ധത്തിൻ്റെ അടിത്തറ എന്ന് പറയുന്നത് വിശ്വാസം ആണ് അത് പരസ്പരം ഉള്ളിൽ ഉണ്ടാകേണ്ടതാണ്…നമുക്കിടയിൽ അതില്ല… അതുകൊണ്ടാണ് ഈ ബന്ധം അവസാനിപ്പിക്കാമെന്ന് ഞാൻ പറഞ്ഞത്….
എല്ലാം കേട്ട് അമർഷത്തോടെ പുറത്തേക്കിറങ്ങാൻ തുടങ്ങിയ നിർമലിനെ അവൾ ഒരിക്കൽ കൂടി…..
എൻ്റെ പാട്ടിനെ.. എൻ്റെ കഴിവിനെ … എല്ലാത്തിനേയും അംഗീകരിച്ച…അതിനെയെല്ലാം സപ്പോർട്ട് ചെയ്ത നിർമലിനെയാണ് ഞാൻ സ്നേഹിച്ചത്… ഒരു പെണ്ണ് ആഗ്രഹിക്കുന്നതും അതൊക്കെ തന്നെയാണ് തന്നോടൊപ്പം ചേർന്ന് നിന്ന് തന്റെ കഴിവുകളെ അംഗീകരിക്കാൻ കഴിയുന്നൊരാളെ…..ഞാനും അതാണ് ആഗ്രഹിച്ചതും… ഞാൻ എൻ്റെ എല്ലാ ആഗ്രഹങ്ങളും മാറ്റി വെച്ച് നിന്നെ സ്വീകരിച്ചേനെ പക്ഷെ എന്നെ വിശ്വാസം ഇല്ലാത്ത… സംശയ രോഗിയായ ഒരാളെ ഉൾക്കൊള്ളാൻ എനിക്ക് കഴിയില്ല….നിങ്ങളെ പോലുള്ള ആളുകളാണ് പെണ്ണിൻ്റെ കഴിവുകളെ അടിച്ചമർത്തി വീടിൻ്റെ ഉൾത്തളങ്ങളിൽ തളച്ചിടുന്നത്….അങ്ങനെയുള്ള എത്രയെത്ര സത്രീകൾ ഒളിച്ചും പാത്തും തങ്ങളുടെ കഴിവുകളെ പൊയ്മുഖങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് മറ്റുള്ളവർക്ക് മുന്നിലേക്കെത്തിക്കുന്നുണ്ട്… അതിലൂടെ അവൾക്ക് സന്തോഷം കിട്ടുമെങ്കിലും തൻ്റെ സത്വത്തെ മറ്റുള്ളവർക്ക് മുന്നിൽ ഒളിപ്പിക്കുന്ന അവളുടെ സങ്കടം വളരെ വലുതാണ്….പിന്നെ ഒന്നുകൂടി…. സമൂഹത്തിൽ ഒരു സ്ത്രീ ചെയ്യുന്ന തെറ്റിൻ്റെ പേരിൽ എല്ലാ സ്ത്രീകളേയും കാണരുത്… ഇതൊരു അപേക്ഷയാണ്….അഭിമാനം എന്നത് ആണിന് മാത്രം അല്ല പെണ്ണിനും ഉണ്ട്… ഗുഡ് ബൈ ഇനി ഒരിക്കലും കാണാതിരിക്കട്ടെ…..
അവൻ്റെ കണ്ണുകളിൽ നോക്കി പറയുമ്പോൾ അവളുടെ ശബ്ദം ഒരിക്കൽ പോലും ഇടറിയില്ല… കണ്ണുകൾ നിറഞ്ഞില്ല… അതൊരു പെണ്ണിൻ്റെ ആത്മവിശ്വാസം ആയിരുന്നു…. ആത്മാഭിമാനം ആയിരുന്നു… എന്നാൽ തലയുയർത്തി പിടിച്ച് തിരിഞ്ഞ് നടക്കുമ്പോൾ കണ്ണിൽ ഒരു നീർ തുള്ളി ഉരുണ്ടുകൂടി… അതവനോടുള്ള സ്നേഹത്തിൽ നിന്നും ഉരുകിയൊലിച്ചതായിരുന്നു… ആ സ്നേഹത്തിൻ്റെ ശവക്കല്ലറയിൻമേലുള്ള അവസാനത്തെ അശ്രുപൂജയായിരുന്നു…
🥀🥀🥀🥀🥀🥀