ഭാഗം 02 വായിക്കാൻ ക്ലിക്ക് ചെയ്യൂ….
ആ കണ്ണുകൾ കുടിലതയാൽ ചുവന്നിരുന്നു….പതിയെ ആ രൂപം അപ്രത്യക്ഷനായി…..അത് കാവിനടുത്തേക്ക് ചലിച്ചു…..കാവിനടുത്തുള്ള കാട്ടിലൂടെ സഞ്ചരിച്ച് ഒരു പഴകി ദ്രവിച്ച് വീഴാറായ കെട്ടിടത്തിനരികിലേക്കാണ് എത്തിപ്പെട്ടു…..കെട്ടിടത്തിന് മുൻവശത്തു നിന്നും അത് ഉള്ളിലേക്ക് കയറി…..മുറിക്കകത്തെ നിലത്ത് മുട്ടു കുത്തി ഇരുന്ന് മറ്റാരും അധികം ശ്രദ്ധിക്കാത്ത രീതിയിൽ നിർമ്മിച്ച വാതിന്റെ കൊളുത്ത് മാറ്റി അത് തള്ളി തുറന്നു….ആ രഹസ്യ അറയുടെ അകത്തു നിന്നും ഉയരുന്ന വെളിച്ചത്തിൽ ദൃശ്യമായ പടികൾ ഇറങ്ങി താഴേക്ക് ചെന്നു….രക്തത്തിന്റയും മനുഷ്യ ശരീരം കത്തിക്കരിഞ്ഞതിന്റയും ദുർഗന്ധം അവിടമാകം നിറഞ്ഞിരുന്നു അകത്തു നിന്നും ഉയർന്ന് വരുന്ന ദുർമന്ത്രവാദത്തിന്റെ ചീളുകൾ അന്തരീക്ഷത്തിൽ മുഴങ്ങി കേൾക്കുന്നു…..ആ ശബ്ദത്തിന്റെ ഉറവിടം ലക്ഷ്യമാക്കി നടന്ന അയാൾ ഒരു മന്ത്രവാദ കളത്തിനരികെയാണ് എത്തിപ്പെട്ടത്…..കളത്തിന് മുന്നിലായി ഒരാൾ ഇരിക്കുന്നുണ്ട്…..ചുവന്ന പട്ടായിരുന്നു അയാൾ ഉടുത്തിരുന്നത്….തലയോട്ടി കൊണ്ട് നിർമ്മിച്ച മാല കഴുത്തിൽ ഇട്ടിരുന്നു…നെറ്റിയിൽ ചുവന്ന കുങ്കുമം കൊണ്ട് നീളത്തിൽ കുറി വരച്ചിരുന്നു…..ദേഹത്താകമാനം ചാരം പൂശിയിട്ടുണ്ട്…..അയാൾക്ക് മുന്നിൽ രക്തവും ചാരവും തളികകളിലായി വെച്ചിട്ടുണ്ട്…..കണ്ണുമടച്ചിരുന്ന് എന്തോ മന്ത്രം ഉരുവിടുന്നുണ്ട്…..
“ശകുനീ….”
കണ്ണുകൾ തുറക്കാതെ തന്റെ മുന്നിൽ നിൽക്കുന്ന രൂപത്തെ വിളിച്ചു….
“പ്രഭോ…..”
“പറഞ്ഞ് തന്നത് പോലെ എല്ലാം ചെയ്ത് വെച്ചിട്ടുണ്ടല്ലോ അല്ലേ…?”
“ഉവ്വ് പ്രഭോ…..അങ്ങ് പറഞ്ഞതു പോലെ വീടിന് വലത് ഭാഗത്ത് മൂന്നടി മാറി ആ തകിട് കുഴിച്ചിട്ടിട്ടുണ്ട്…അത് താണ്ടി കടന്ന് കഴിഞ്ഞാൽ അവൾ നമ്മുടെ ചൊൽപ്പടിക്ക് നിൽക്കും….”
“അങ്ങനെ എന്റെ മൂർത്തികൾക്ക് ബലി കൊടുക്കാനായുള്ള നൂറാമത്തെ കന്യകയും ഒരുങ്ങി കഴിഞ്ഞിരിക്കുന്നു…..ഹ ഹ ഹ ഹാ……”
അയാൾ ആർത്ത് അട്ടഹസിച്ചു…..
“നിനക്ക് പോകാം..”
“പ്രഭോ…അടിയന് ഒരു കാര്യം ബോധിപ്പിക്കാനുണ്ടായിരുന്നു….”
ശകുനി താൻ കണ്ട കാഴ്ച ആ മന്ത്രവാദിക്ക് മുന്നിൽ വിവരിച്ചു…..എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അയാളുടെ മുഖത്തെ ക്രൗര്യം കണ്ണുകളിൽ പ്രതിഫലിച്ചു…
“നിനക്ക് മുന്നിൽ ഗന്ധർവ്വൻ ദൃഷ്യമായോ…?”
“ഇല്ല പ്രഭോ…പക്ഷേ ഇതുവരെ പൂക്കാത്ത പാല അപ്പോൾ പൂവിട്ടിരുന്നു…..അത് നമുക്ക് മുന്നിൽ ദൃഷ്യമായിരുന്നു…..”
ശകുനി പറഞ്ഞത് കേട്ട് അയാൾ ചിന്തയോടെ തന്റെ മുണ്ഡനം ചെയ്ത തലയിൽ തടവി…..
“ഗന്ധർവ്വൻ ഒരു പെൺകുട്ടിയിൽ ആകൃഷ്ടനായാൽ അവളുടെ കന്യകാത്വം നഷ്ടമാവില്ലേ….അതിനർത്ഥം അങ്ങയുടെ വർഷങ്ങളായുള്ള ആഭിചാര കർമത്തിന് ഫലമുണ്ടാവില്ല എന്നാണോ…??”
“ഗായത്രി….ദേവീ പാർവ്വതിയുടെ അംശമടങ്ങിയ രോഹിണി നക്ഷത്രത്തിൽ പിറന്ന ഉത്തമ കന്യക….എന്റെ നൂറ്റി ഒന്നാമത്തെ ബലിക്കായി ഞാൻ കാത്ത് വെച്ചവൾ….അവളിലൂടെ മാത്രമേ എന്റെ കർമ്മങ്ങൾക്ക് ഫലപ്രാപ്തി ഉണ്ടാവുകയുള്ളൂ……അവളുടെ രക്തവും ശരീരവും എന്റെ മൂർത്തികൾക്ക് കാണിക്ക വെച്ചാൽ പിന്നെ ഞാൻ അജയ്യനാണ്…..പിന്നെ ഒരിക്കലും ആർക്കുമെന്നെ ഒന്നും ചെയ്യാൻ കഴിയില്ല….
അവളുടെ കന്യകാത്വം നഷ്ടപ്പെടുകയാണെങ്കിൽ എന്റെ മൂർത്തികൾ ഉഗ്രകോപികളാകും….ഞാനിത്രയും നാൾ ചെയ്ത കർമ്മങ്ങൾക്ക് ഫലമില്ലാതാകും….ഇത് വരെ അതിനിട വന്നിട്ടില്ല….അതിനർത്ഥം……”
ഒന്നാലോചിച്ച് കൊണ്ട് അയാൾ തുടർന്നു…..
“അതിനർത്ഥം ഒന്നേ ഉള്ളൂ….അത്രമേൽ ആ ഗന്ധർവ്വൻ ഗായത്രിയിൻ മേൽ ബന്ധനസ്ഥനായി കാണും….ഒരു ഗന്ധർവ്വന് കന്യകയോടുള്ള ദിവ്യാനുരാഗം….അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം തോന്നുന്ന ഒന്ന്…..അങ്ങനെയെങ്കിൽ ഗായയത്രിയെ ആര് വേദനിപ്പിച്ചാലും അവരെ ഭസ്മമാക്കാതെ അടങ്ങില്ല അവൻ…..അവന്റെ ശക്തിന്മേൽ നമ്മൾ വെറും തൃണങ്ങൾ മാത്രമാണ്…”
“അങ്ങനെയെങ്കിൽ ഗായത്രിയെ വെച്ച് എങ്ങനെ കർമ്മങ്ങൾ ചെയ്യാനാകും..?”
ശകുനിയുടെ ചോദ്യത്തിന് മറുപടിയായി തന്റെ മുന്നിൽ വെച്ച രക്തം വെച്ച തളിക എടുത്ത് എന്തോ മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് അതിലേക്ക് ഊതി….അതിൽ തെളിയുന്ന വാക്കുകൾ കണ്ട് അയാളുടെ കണ്ണുകൾ വന്യമായി തിളങ്ങി…..
“വരുന്ന അമാവാസി നാൾ ഗായത്രിക്ക് ഇരുപത് വയസ്സ് പൂർത്തിയാകും….അന്ന് ഉഗ്ര മന്ത്രങ്ങളിലൂടെ ഗന്ധർവ്വന്റെ ശക്തി ചോർത്തി അവനെ ബന്ധനത്തിലാക്കാൻ സാധിക്കും….അന്ന് തന്നെ ഗായത്രിയുടെ ബലിയും നടക്കണം….”
………………
ഇന്നാണ് ഗായത്രിയുടെ ജന്മദിനം……സന്ധ്യയ്ക്ക് കാവിൽ പോവാനായുള്ള ഒരുക്കത്തിലാണ് ഗായത്രി…..പതിവിന് വിപരീതമായി അവളന്ന് ചുവന്ന പട്ടുചേല ചുറ്റി….കണ്ണുകൾ രണ്ടും വാലിട്ടെഴുതി…നെറ്റിയിൽ കുങ്കുമം കൊണ്ട് വലിയ പൊട്ട് തൊട്ടു….മൂക്കിലെ വെള്ളക്കൽ മൂക്കുത്തി മാറ്റി പകരം ചുവന്ന കല്ലിന്റെ മൂക്കുത്തിയിട്ടു…..കാതിൽ ജിമിക്കിയും കഴുത്തിൽ നാഗപടം മാലയും ഒരു കയ്യിൽ വളകളും… മറു കയ്യിലെ ഏലസ് ഒന്നുകൂടെ മുറുക്കി കെട്ടി…ഇടതൂർന്ന മുടി വിടർത്തിയിട്ട് കോർത്തു വച്ച മുല്ലപ്പൂവ് ചൂടി ഗായത്രി താഴേക്കിറങ്ങി….ഗായത്രി നേരെ മുത്തശ്ശിയുടെ അടുത്തേക്കായിരുന്നു പോയത്…..ഒരുങ്ങി വരുന്ന ഗായത്രിയെ കണ്ട് മുത്തശ്ശി കണ്ണിമ മാറ്റാതെ നോക്കി നിന്നു……അത്രക്ക് തേജസ് ഉണ്ടായിരുന്നു അവളുടെ മുഖത്ത്…..അവർ അറിയാതെ തന്നെ ഗായത്രിയുടെ നേരെ തന്റെ കൈകൾ കൂപ്പി നിന്നു…..
“എന്താ മുത്തശ്ശി ഇങ്ങനെ നോക്കുന്നത്…?കൊള്ളില്ലേ…?”
ഗായത്രി അവരുടെ കവിളിൽ പിടിച്ച് ചോദിച്ചു…..
“ന്റെ കുട്ട്യേ കാണാൻ ഒരു ദേവിയെ പോലെയുണ്ട്….അത്രക്ക് ചൈതന്യം ണ്ട് …..
ആരുടേം കണ്ണു പറ്റാതിരിക്കട്ടെ…”
ഗായത്രിയുടെ കണ്ണിൽ നിന്നും കൺമഷി എടുത്ത് അനഘയുടെ ചെവിക്ക് പിറകിൽ തൊട്ട് കൊടുത്ത് കൊണ്ട് പറഞ്ഞു…..
ദേവി എന്ന് കേട്ടതും ഗായത്രിയുടെ മനസ്സിൽ അവളുടെ ഉണ്ണ്യേട്ടനെ ഓർമ്മ വന്നു…നാണത്താൽ അവളുടെ കവിളുകളാകെ ചുവന്ന് തുടത്തു…..
“ഒന്ന് പോ മുത്തശ്ശീ..”
അവരുടെ കവിളിലൊന്ന് പിച്ചി ഗായത്രി ഓടി…
“എങ്ങട്ടാ കുട്ട്യേ പോകുന്നത്…?”
“ഞാനൊന്ന് കാവിൽ പോയി വിളക്ക് വെച്ച് വരാം..”
ഓട്ടത്തിനിടയിൽ തിരിഞ്ഞ് നോക്കി കൊണ്ട് ഗായത്രി പറഞ്ഞു….പെട്ടന്നവൾ ആരെയോ തട്ടി നിന്നു….
നേരെ നോക്കിയ ഗായത്രി മുന്നിൽ പുഞ്ചിരിച്ച് നിൽക്കുന്ന വീരഭദ്രനെ കണ്ടു….
“എങ്ങോട്ടാ വല്യച്ഛന്റെ കുട്ടി പോവുന്നത്..?”
“ഞാനൊന്ന് കാവിൽ വിളക്ക് വെച്ച് വരാം വല്ല്യച്ഛാ…”
ഗായത്രി വീരഭദ്രനെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു…..
“പോയി പെട്ടന്ന് വരാൻ നോക്കണം മോളേ….”
അയാൾ ഗായത്രിയെ വാത്സല്യത്തോടെ തലോടി പറഞ്ഞു….അവളൊന്ന് തലയാട്ടി വേഗത്തിൽ നടന്നു…
“അമ്മേ…ഗായു മോൾക്ക് ഇനി മുതൽ സമയം ശരിയല്ലെന്നാ പ്രശ്നം വെച്ചപ്പോ കാണാൻ കഴിഞ്ഞത്….വലിയൊരു ആപത്ത് കുട്ടിയെ കാത്തിരിപ്പുണ്ട്….നല്ലത് പോലെ പ്രാർത്ഥിച്ചോളൂ…..ഈശ്വരൻ നമ്മളെ കൈ വിടില്ലെന്ന് കരുതാം…”
“എന്റെ ഭഗവതീ…ന്റെ കുട്ടിക്ക് ഒരാപത്തും വരുത്തല്ലേ…”
വീരഭദ്രന്റെ വാക്കുകൾ കേട്ട് സരസ്വതി നെഞ്ചിൽ കൈവച്ച് പ്രാർത്ഥിച്ചു……
എന്നാൽ വലിയൊരു ആപത്തിന് മുന്നോടിയെന്ന പോലെ പെട്ടന്നൊരു കാറ്റു വീശി….ആ കാറ്റ് ഗായത്രിയുടെ കയ്യിൽ നിന്നും അവളറിയാതെ അഴിഞ്ഞു വീണ ഏലസിനെ തട്ടി തടഞ്ഞ് പോയി…….
കാവിനുള്ളിലേക്ക് കയറി വിളക്ക് വെച്ചൂ കൈകൂപ്പി നിന്നു…..അവൾക്ക് മനസ്സിന് എന്തോ അസ്വസ്ഥത തോന്നിയെങ്കിലും അത് കാര്യമാക്കാതെ കണ്ണുകളടച്ച് തൊഴുതു…..ഉണ്ണിയുമൊത്തുള്ള ജീവിതത്തിന് വേണ്ടി അവൾ കാവിലമ്മയ്ക്ക് മുന്നിൽ ആത്മാർത്ഥമായി പ്രാർത്ഥിച്ചു….പ്രാർത്ഥിച്ച് കഴിഞ്ഞ് തറയിലെ ഭസ്മമെടുത്ത് നെറ്റിയിൽ തൊട്ട് പാലയ്ക്കടുത്തേക്ക് ചെന്നു…..സാധാരണ അവൾ വരുന്നതും നോക്കി പുഞ്ചിരിയോടെ അവൻ കാത്തിരിക്കാറായിരുന്നു പതിവ്….ഇന്ന് ഗായത്രി എത്തി കുറേ സമയം കഴിഞ്ഞിട്ടും അവനെത്തിയില്ല…സമയം ഒരുപാടായി….ഇരുട്ട് പരന്നു…തിരിച്ച് പോവണമെന്ന് തോന്നിയെങ്കിലും തന്റെ ഗന്ധർവ്വൻ വരുമെന്ന് കരുതിഅവളവിടെ തന്നെ നിന്നു….
തന്റെ പിന്നിൽ കരിയിലകൾ ഇളകുന്ന ശബ്ദം കേട്ട് ഗായത്രി ഉണ്ണിയാണെന്ന് കരുതി ഒരു ചിരിയോടെ തിരിഞ്ഞു…..എന്നാൽ അപരിചിതനായ ഒരാൾ തനിക്ക് നേരെ വരുന്നത് കണ്ട് ഗായത്രിയുടെ നെഞ്ചിൽ വെള്ളിടി വെട്ടി….അവൻ നടന്നു വരുന്നതിനനുസരിച്ച് അവൾ പിന്നോട്ട് നീങ്ങി….അയാളുടെ കണ്ണിലെ കുടിലതയും ചുണ്ടിലെ ഇരയെ കിട്ടിയ വേട്ടക്കാരന്റെ ചിരിയും ഗായത്രിയിലെ പേടി വർദ്ധിപ്പിച്ചു…..തന്നെ പിടിക്കാനാഞ്ഞ അയാളെ തട്ടി മാറ്റി ഗായത്രി കാവിനുള്ളിലൂടെ ഓടി….ഓടി ഓടി അവൾ ആരുടേയോ നെഞ്ചിൽ ചെന്നിടിച്ചു….
“വല്ല്യച്ഛാ….”
അയാളെ നോക്കി വിളിച്ചു….
“എന്ത് പറ്റി മോളേ ??”
അയാൾ ആകുലതയോടെ ചോദിച്ചു…
“വല്ല്യച്ഛാ….ആരോ ഒരാള്…എന്നെ.”
ഗായത്രി പുറകെ ഓടി വരുന്ന ആളെ ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു….
“ആരാടാ നീ…”
വീരഭദ്രൻ ഗായത്രിയുടെ മുന്നിലേക്ക് തടസ്സമായി നിന്നു കൊണ്ട് ചോദിച്ചു….അയാൾ വീരഭദ്രനെ ദേഷ്യത്തോടെ നോക്കി….പതിയെ പതിയെ അവരുടെ രണ്ടുപേരുടെയും മുഖത്ത് ചിരിവന്നു…..പിന്നെയത് പൊട്ടി ചിരിയായി മാറി…..ഗായത്രിക്ക് തനിക്കു ചുറ്റും എന്താണ് നടക്കുന്നതെന്ന്മനസ്സിലായില്ല….അവരിരുവരേരും നോക്കി പകച്ചു നിന്നു….
“വല്ല്യച്ഛാ…..”
“വല്ല്യച്ഛനല്ല…വീരഭദ്രൻ…..ഇന്നീ രാവ് പുലർന്നാൽ ഈ ലോകത്തിന്റെ അധിപനാവേണ്ടവൻ…ഹ..ഹ…ഹഹഹാ”
വീരഭദ്രന്റെ അട്ടഹാസം ആ കാടാകെ മുഴങ്ങി…..തനിക്ക് ചുറ്റും നടന്ന് കൊണ്ടിരിക്കുന്നത് എന്താണെന്ന് ഗായത്രിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല….അവൾ പകപ്പോടെ അയാളെ നോക്കി നിന്നു…..
“ഒന്നും മനസ്സിലാവുന്നില്ല അല്ലേ….?പറഞ്ഞ് തരാം…വല്ല്യാശ്ശേരി മനയിലെ വിശ്വംബരൻ…മന്ത്രവാദങ്ങളിൽ അഗ്രഗണ്യൻ…..അച്ഛന്റെ അതേ വഴിയിലൂടെ സഞ്ചരിക്കുന്ന ഇളയ മകൻ രാമഭദ്രൻ…പക്ഷേ ഈ എനിക്ക് ദുർമന്ത്രവാദത്തിനോടായിരുന്നു പ്രിയം…ആരുമറിയാതെ ആഭിചാര കർമ്മങ്ങളും മന്ത്രവാദങ്ങളും ഞാൻ സ്വായത്തമാക്കി…..എന്റെ കർമ്മങ്ങൾക്ക് ഫലം ലഭിക്കാനെന്നവണ്ണമായിരുന്നു നിന്റെ ജനനം….രോഹിണി നക്ഷത്രത്തിൽ പിറന്നവൾ…പാർവ്വതി ദേവിയുടെ അംശം….നിന്നെ എന്റെ മൂർത്തികൾക്ക് ബലികൊടുത്ത് ഈ ലോകം കാൽ കീഴിലാക്കാനുള്ള എന്റെ ശ്രമങ്ങൾ എന്റെ അച്ഛനെന്ന് പറഞ്ഞ അയാൾ തടസ്സപെടുത്തി…എനിക്കെതിരെ നിൽക്കുന്ന ആരേയും അത് സ്വന്തം അച്ഛനായിരുന്നാൽ പോലും അരിഞ്ഞ് വീഴ്ത്തുമെന്നത് അയാൾക്ക് അറിയില്ലായിരുന്നു….എന്റെ ഈ കൈകൾ കൊണ്ട് തന്നെ അയാളെ അവസാനിപ്പിച്ചു…പക്ഷേ..എനിക്ക് പിഴച്ച് പോയി….ഉഗ്രമന്ത്രങ്ങൾ പ്രയോഗിച്ച് നിനക്ക് ചുറ്റും അയാൾ സുരക്ഷിത വലയം തീർത്തിരുന്നു….അത് അറിഞ്ഞപ്പോഴേക്കും നിന്റെ അച്ഛൻ നിന്നെയും കൂട്ടി എവിടേക്കോ പോയിരുന്നു…അത്രക്ക് ശക്തിയേറിയ മന്ത്രം അച്ഛൻ നിനക്ക് മേൽ പ്രയോഗിച്ചതിനാൽ നീ എവിടെയാണെന്ന് പോലും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല…കാത്തിരുന്നു ഞാൻ…വർഷങ്ങളോളം…കൊടിയ ആഭിചാരത്തിന്റെ ഫലമായി നിങ്ങൾ എവിടെയാണെന്ന് ഞാൻ കണ്ടെത്തി….ഒരു ആച്സിഡന്റിന്റെ രൂപത്തിൽ നിന്റെ അച്ഛനെയും അമ്മയേയും ഞാനില്ലാതാക്കി…”
വീരഭദ്രന്റെ വാക്കുകൾ കേട്ട് ഗായത്രിക്ക് ചെവി കൊടടിയടക്കപ്പെട്ടത് പോലെ തോന്നി….തന്റെ മുത്തശ്ശന്റെയും മാതാപിതാക്കളുടെയും മരണം സ്വാഭാവികമായിരുന്നില്ല എന്നത് അവളെയാകെ തളർത്തി കളഞ്ഞു……
വീരഭദ്രൻ തുടർന്നു
“അധികം വൈകാതെ തന്നെ നീ എന്റെ കൺമുന്നിലേക്ക് എത്തിപെട്ടു…..എങ്കിലും നിന്നെ എനിക്ക് തൊടണമെങ്കിൽ നൂറ് കന്യകമാരെ ബലികൊടുക്കേണ്ടതായി വന്നു…..ഒടുവിലെന്റെ ലക്ഷ്യസ്ഥാനത്ത് എത്തി നിന്നപ്പോഴാണ് അവന്റെ വരവ്..വരാഹി….അതി ശക്തനായ ഗന്ധർവ്വൻ….
നിനക്ക് മുന്നിൽ സംരക്ഷണമൊരുക്കി അവൻ….പക്ഷേ…അവന് പോലും എന്നെ തടുക്കാൻ കഴിഞ്ഞില്ല…..”
ഗായത്രിക്ക് ആകെ ഭയം തോന്നി….തന്റെ ഉണ്ണ്യേട്ടന് എന്തെങ്കിലും സംഭവിച്ചോ എന്നോർത്ത്…അവൾക്കാകെ ഭ്രാന്ത് പിടിച്ചു…..
“എന്റെ ഉണ്ണ്യേട്ടനെവിടെ…?ഉണ്ണ്യേട്ടനെ എന്താ ചെയതത് താൻ…പറ….പറയാൻ…”
അയാളുടെ നേരെ ഓടിചെന്ന് അയാൾ ഇട്ടിരിക്കുന്ന ഷർട്ട് കുത്തിപിടിച്ച് ഗായത്രി പുലമ്പികൊണ്ടിരുന്നു….
“കൊന്ന് കളഞ്ഞോ താൻ…?”
“ഹ..ഹ..ഹാ…കൊന്നിട്ടില്ല…പകരം അവനെ ബന്ധനത്തിലാക്കി അവന്റെ ശക്തികളെല്ലാം ചോർത്തി കളയുകയാണ്….എല്ലാ ശക്തിയും ചോർന്ന് അവസാനം മാത്രം മരണം….”
“എന്ത് തെറ്റാ ഞാൻ ചെയ്തത്…എന്റെ അമ്മയെ അച്ഛനെ എല്ലാം താൻ ഇല്ലാതാക്കിയില്ലേ…എന്റെ ഉണ്ണ്യേട്ടനെ കൂടെ എന്നിൽ നിന്ന് അകറ്റല്ലേ…”
“ഹാ….ആരാ പറഞ്ഞത് നിങ്ങളെ അകറ്റുകയാണെന്ന്….നിന്നെയും ഞാൻ അവന്റെ അടുത്തേക്ക് പറഞ്ഞയക്കില്ലേ…”
വീരഭദ്രൻ ക്രൂരമായ ചിരിയോടെ പറഞ്ഞ് ശകുനിയെ കണ്ണ് കാണിച്ച്….അവൻ അവളുടെ പിന്നിലൂടെ വന്ന് കൈകൾ കൂട്ടിപിടിച്ച് വലിച്ചിഴച്ചു….ഗായത്രി തന്റെ സർവ്വ ശക്തിയുമെടുത്ത് കുതറാൻ ശ്രമിച്ചെങ്കിലും ശകുനിയുടെ കൈകരുത്തിന് മുന്നിൽ അതെല്ലാം പാഴായി പോവുകതാണ് ചെയത്….ശകുനി തന്റെ വലത് കൈയിലുള്ള വസ്തു ഗായത്രിയുടെ നാസികയ്ക്ടുത്ത് വെച്ചതും അതിന്റെ ഗന്ധം ശ്വസിച്ച് പതിയെ അവളുടെ കണ്ണുകൾ അടഞ്ഞ് വന്നു…
“ഉണ്ണ്യേട്ടാ…”
മയക്കത്തിലേക്ക് വീഴുമ്പോൾ പോലും ഗായത്രി അവന്റെ പേരായിരുന്നു ഉച്ചരിച്ചത്…..
……………..
പാലമരത്തിന് മുകളിൽ ബന്ധനസ്ഥനാക്കപ്പെട്ട നിലയിലായിരുന്നു വരാഹി…..അവന്റെ ശരീരത്തിൽ നിന്നും ഓരോ ശക്തിയായി ചോർന്ന് പോവുമ്പോഴും ശരീരം ചുട്ട് പൊള്ളിയിരുന്നു…സഹിക്കാൻ കഴിയാത്ത വേദനയിലും അവന്റെ ഹൃദയം അവന്റെ ദേവിക്കായി തുടിക്കുന്നുണ്ടായിരുന്നു…..ഗായത്രി തനിക്ക് വേണ്ടി കാത്തിരുന്നതും അവളെ ശകുനി ഉപദ്രവിക്കാൻ ശ്രമിച്ചതും അവൻ കണ്ടിരുന്നു….അവളെ രക്ഷിക്കാനുള്ള എല്ലാ ശ്രമവും നടത്തി നോക്കിയെങ്കിലും ഒന്നും പ്രയോചനപെട്ടില്ല…..അവന്റെ നാവിനെ വീരഭദ്രന്റെ മന്ത്രങ്ങളാൽ സ്തംഭനത്തിലാക്കിയിരുന്നതിനാൽ അവന് ഒന്ന് നാവിനെ ചലിപ്പിക്കാൻ പോലും സാധിച്ചില്ല…..അവന്റെ കണ്ണിൽ നിന്നു ചുടു കണ്ണീർ ഒലിച്ചിറങ്ങി…
………………..
ഗായത്രി പതിയെ കണ്ണുകൾ തുറന്നു…..എന്താണ് നടക്കുന്നതെന്ന് അവൾക്ക് മനസ്സിലായില്ല…താനെവിടെയോ കിടക്കുകയാണെന്ന് മനസ്സിലാക്കിയ അവൾ മെല്ലെ തല ചെരിച്ചു…ഒരു ഉയർന്ന പ്രതലത്തിലായിരുന്നു അവളെ കിടത്തിയത്….അതിനടുത്തായി മന്ത്രവാദ കളവും അതിനടുത്തായി വീരഭദ്രനും കൂടെ ശകുനിയും ഇരിക്കുന്നുണ്ടായിരുന്നു……കണ്ണുകളടച്ച് മന്ത്രങ്ങൾ ഉച്ചരിക്കുന്നതിനാൽ അവൾ ഉണർന്നത് അവരറിഞ്ഞില്ല….ഗായത്രി പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അവളുടെ കാല് തട്ടി ആ ബലിക്കല്ലിന് മുകളിൽ വെച്ചിരുന്ന തളിക മറിഞ്ഞ് വീണു….ശബ്ദം കേട്ട് വീരഭദ്രൻ തന്റെ കണ്ണുകൾ തുറന്നു….ഗായത്രി ആകെ ഭയന്നിരുന്നു….വീരഭദ്രൻ കണ്ണ് കാണിച്ചപ്പോൾ ശകുനി എഴുന്നേറ്റ് അവൾക്ക് നേരെ വന്നു…..അവൾക്കാകെ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു…..അവൻ വരുന്നതിന് മുന്നേ നിലത്തിരുന്ന കരിങ്കല്ല് എടുത്ത് ശകുനിക്ക് നേരെ ആഞ്ഞ് വീശി….പെട്ടന്നുള്ള പ്രവർത്തിയായതിനാൽ അവന് ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല….തലപൊട്ടി ചോരയൊലിച്ച് അവൻ നിലത്ത് വീണു…..തളികകളിൽ വെച്ചിരുന്ന രക്തവും മറ്റും ഒരുക്കിയ കളത്തിലേക്കൊഴിച്ച് മായ്ച്ച് കളഞ്ഞു…..അവളുടെ പ്രവർത്തിയിൽ കോപാകുലനായി വീരഭദ്രൻ കളത്തിൽ നിന്നും എഴുന്നേറ്റ് ഗായത്രിക്കടത്തേക്ക് പാഞ്ഞ് ചെന്നു…..ഗായത്രി അടുത്തുള്ള ഭസ്മം കയ്യിലെടുത്ത് വീരഭദ്രന്റെ കണ്ണിലേക്കിട്ടു അവിടെ നിന്നും ഓടി….
കാടിനുള്ളിലെ ഏതോ ഭാഗത്തായായിരുന്നു അവരുണ്ടായിരുന്നത്….എങ്ങോട്ട് പോവണമെന്നറിയാതെ ഗായത്രി ഒരു നിമിഷം നിന്നു….തന്റെ പിന്നാലെ ആരൊ വരുന്നെന്ന് തോന്നിയ അവൾ സർവ്വ ശക്തിയുമെടുത്ത് കാടിനുള്ളിലേക്ക് ഓടി….ചുറ്റിലും ഇരുട്ടായിരുന്നതിനാൽ എങ്ങോട്ടാണ് പോവുന്നതെന്ന് ഗായത്രിക്ക് ഒരു ലക്ഷ്യവുമില്ലായിരുന്നു…..മരങ്ങളുടേയും മറ്റും ഇടയിലൂടെ അവ വകഞ്ഞ് മാറ്റി ഓടുമ്പോൾ ഗായത്രിയുടെ കൈകൾ കൊമ്പിലും മറ്റും ഉരഞ്ഞ് ചോര വരുന്നുണ്ടായിരുന്നു…..പെട്ടന്ന് അവൾ കുറുകെ കിടന്നിരുന്ന വള്ളിയിൽ ചവിട്ടി മുന്നിലേക്ക് വീണു…..നെറ്റി കല്ല് പോലെ എന്തിലോ ഇടിച്ച് ചോര വന്നു….അവൾ ആ വസതുവിനെ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു…..കല്ല് കൊണ്ട് നിർമിച്ച നല്ല വലിപ്പമുള്ള ഒരു വസ്തുവായിരുന്നു അത്…..അവളതിൽ പിടിച്ച് എഴുന്നേറ്റ് നിന്നു…..തനിക്കടുത്തേക്ക് ഒരു വെളിച്ചം വരുന്നത് കണ്ട് ഓടാൻ ശ്രമിച്ചെങ്കിലും അവൾ അശക്തയായിരുന്നു….വീരഭദ്രൻ ഊരിപിടിച്ച വാളുമായി മുന്നിൽ നടന്നു വരുന്നു…പിറകിൽ വെളിച്ചവുമായി ശകുനിയും…ഗായത്രി നിസഹായയായി നിന്നു…..
“ഇത്രയും വർഷത്തെ എന്റെ കർമ്മങ്ങൾക്ക് തടസം വരുത്തിയിട്ട് രക്ഷപ്പെടാമെന്ന് കരുതിയോ നീ…..ഈ ദേവിക്ക് പോലും നിന്നെ എന്റെ കയ്യിൽ നിന്നും രക്ഷപ്പെടുത്താൻ കഴിയില്ല….”
വീരഭദ്രൻ പറഞ്ഞപ്പോഴാണ് ഗായത്രി മുകളിലേക്ക് നോക്കിയത്…..ദേവീ ഭദ്രകാളിയുടെ ശിലയിലാണ് താൻ ആശ്രയത്തിനായി നിൽക്കുന്നതെന്ന് ഗായത്രി മനസ്സിലാക്കി…..അവൾ കൈകൂപ്പി ആ ശില തൊഴുതു…..
“നിന്റെ മരണം….അത് എന്റെ കൈകൊണ്ട് തന്നെയാണ്…”
വീരഭദ്രൻ അവൾക്ക് നേരെ വാൾ ആഞ്ഞു വീശി….ഗായത്രി കണ്ണുകളടച്ച് നിന്നു…..
“ഉണ്ണ്യേട്ടാ…”
കുറച്ച് സമയം കഴിഞ്ഞതും ഒന്നും സംഭവിക്കാഞ്ഞത് കണ്ട് കണ്ണു തുറന്ന ഗായത്രി വീരഭദ്രന്റെ വാളിൽ പിടിമുറുക്കിയ തന്റെ ഗന്ധർവ്വനെ കണ്ടു…..
ഗായത്രി വീരഭദ്രന്റെ കർമ്മങ്ങൾക്ക് ഭംഗം വരുത്തിയതിനാൽ അവന്ബന്ധനത്തിൽ നിന്നും മോചനം ലഭിച്ചു…..അപ്പോഴേക്കും അവനിലെ ശക്തികളൊക്കെ ചോർന്ന് പോയിരുന്നു….എങ്കിലും തന്റെ ദേവിയുടെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ അവൻ തന്നിൽ അടങ്ങിയ അവസാന ശക്തികളേയും ഉപയോഗിച്ച് അവർക്കടുത്തെത്തി വീരഭദ്രനെ നേരിട്ട് കൊണ്ടിരുന്നു…കൂടെ എതിരിടാൻ വന്ന ശകുനിയെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കിയെങ്കിലും മന്ത്ര തന്ത്രങ്ങളാൽ ശക്തനായ വീരഭദ്രനെ നേരിടാൻ അശക്തനായ ഗന്ധർവ്വന് കഴിഞ്ഞില്ല….. വീരഭദ്രനോട് ഏറ്റുമുട്ടുന്ന ഓരോ നിമിഷവും താൻ കൂടുതൽ തളർന്ന് കൊണ്ടിരിക്കുകയാണെന്ന് അവന് മനസ്സിലായി…..
വീരഭദ്രൻ ഒരു നിമിഷം നിന്ന് എന്തോ മന്ത്രം ജപിച്ച് വലത് കൈ വായുവിൽ ചുഴറ്റി ഗന്ധർവ്വന് നേരെ കാട്ടി…..ഇത് വരെ വീരഭദ്രന്റെ മന്ത്രങ്ങളൊന്നും ഏൽക്കാതിരുന്ന അവന് അവസാന ശക്തിയും ഇല്ലാതായിരിക്കുന്നു എന്ന് തന്റെ ശരീരമാകെ തളരുന്നത് മനസ്സിലാക്കി കൊടുത്തു….അവൻ മണ്ണിലേക്ക് മുട്ടുകുത്തി ഇരുന്ന ആ ഒരു നിമിഷം മതിയായിരുന്ന വീരഭദ്രൻ തന്റെ കൈയ്യിലെ വാൾ കാളീ ശിലയുടെ കീഴൃ തളർന്നിരുന്ന നെഞ്ചിലേക്ക് തുളച്ച് കയറ്റി…..
“ആ….”
ഗായത്രിയുടെ കരച്ചിൽ മുഴങ്ങി കേട്ടു…..വരാഹിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല….
“ദേവീ……”
അവൻ ഒരു അലർച്ചയോടെ തളർച്ച വകവെക്കാതെ ഗായത്രിക്കരികിലേക്ക് ഇഴഞ്ഞ് ചെന്നു…..അവൻ വരുന്നത് കണ്ട് വീരഭദ്രൻ ഒരു അട്ടഹാസത്തോടെ ആ വാൾ ശക്തിയിൽ ഉള്ളിലേക്ക് കയറ്റി….വാളിന്റെ മുന ഗായത്രിയുടെ ഹൃദയം തുളച്ച് പിറകിലൂടെ പുറത്തേക്ക് ചാടി….അവളുടെ ശരീരത്തിൽ നിന്നും രക്തം ഒഴുകി കൊണ്ടിരുന്നു…..അത് ആ കാളീ ശിലയേയും നനച്ചു….അവളുടെ ശരീരം ഒരു പിടച്ചിലോടെ നിശ്ചലമാവുന്നത് കണ്ട് വരാഹി ആർത്ത് കരഞ്ഞു…..അത് കണ്ട് വീരഭദ്രൻ അട്ടഹസിച്ചു……
പെട്ടന്ന് ശാന്തമായിരുന്ന പ്രകൃതിയുടെ ഭാവം മാറി….ഹുങ്കാര ശബ്ദത്തോട് കാറ്റ് ആഞ്ഞുവീശാൻ തുടങ്ങി…..വീരഭദ്രന് എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല….ഭദ്രകാളീ ശിലയിൽ നിന്നും ഒരു പ്രകാശം പുറത്തേക്ക് ഉത്ഭവിച്ചു….ആ പ്രകാശത്തിന്റെ വെളിച്ചത്തിൽ വീരഭദ്രൻ കണ്ണുകൾ ചിമ്മി….ആ പ്രകാശം പതിയെ ഭദ്രകാളിയായി രൂപം മാറി…..അത് വീരഭദ്രന് നേരെ പാഞ്ഞടുത്തു….ഒരു നിമിഷം വീരഭദ്രന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല എങ്കിലും അവൻ മനസാന്നിധ്യം വീണ്ടെടുത്ത് ഓടാൻ ശ്രമിച്ചു…..പക്ഷേ ഓടുന്നതിനിടയിൽ കല്ലിൽ തട്ടിയവൻ താഴെ വീണു….
“അമ്മേ…ദേവീ…അടിയനോട് പൊറുക്കണം….അറിയാതെ പറ്റിയ ഒരു തെറ്റാണ്..മാപ്പാക്കണം….”
“മാപ്പോ…നിനക്കോ…ജീവിതം മുഴുവൻ നീചകൃത്യങ്ങൾ മാത്രം നടത്തിയ നിനക്ക് മാപ്പല്ല….മരണം….മരണം മാത്രം….”
വീരഭദ്രന് ചുറ്റും ഉഗ്ര വിഷമുള്ള സർപ്പങ്ങൾ ഇഴഞ്ഞ് വന്ന് അവന്റെ ദേഹത്ത് കയറി….അവ അവന്റെ ദേഹത്തിലെ ഓരോ അണുവിലും ദൃംഷ്ടിച്ചു…വീരഭദ്രൻ വേദനകൊണ്ട് അലറി കരഞ്ഞു…..ദേവിയുടെ ശൂലം അന്തരീക്ഷത്തിലേക്കുയർത്തി വീരഭദ്രന്റെ നെഞ്ചിലേക്ക് ആഞ്ഞ് കുത്തി…..അവന്റെ അലർച്ച കാടാകെ മുഴങ്ങി കേട്ടു….അവന്റെ ശരീരത്തിൽ നിന്നും അവസാന ശ്വാസം പോയതിന് ശേഷം കോപം കെട്ടടങ്ങിയ ദേവി തന്റെ ശൂലം വലിച്ചൂരി…..
ചലനമറ്റ ഗായത്രിയുടെ ശരീരത്തിനടുത്ത് തളർന്ന് കിടക്കുന്ന വരാഹിക്കരികിലേക്ക് ദേവി പതിയെ ഒഴുകി ചെന്നു….
“ഈ ജന്മം ഇതായിരുന്നു നിങ്ങളുടെ വിധി…നിങ്ങളുടെ ആത്മാവിന് മോക്ഷം തരികയാണ്….വരാഹി….ഇനിയുള്ള ജന്മം നീയൊരു മനുഷ്യനായി ജനിക്കും…..നിനക്ക് തുണയായി ഇവളും….പൂർത്തിയാക്കാതെ പോയ പ്രണയത്തിനായി നിങ്ങൾ ഒരുമിക്കും…വരുന്ന ഏഴ് ജന്മത്തിലും നിനക്ക് ഇണ ഇവൾ മാത്രമായിരിക്കും….”
ദേവി തന്റെ വരം അവരിലേക്ക് നൽകി അപ്രത്യക്ഷയായി….ഭൂമിയെ തണുപ്പിക്കാനെന്നോണം ആകാശം മഴയെ വർഷിച്ചു…..ഇനിയുള്ള ജന്മങ്ങളിലെല്ലാം ഒന്നിക്കാനായ്……തങ്ങളുടെ പ്രണയം പങ്കുവെക്കാനായി….ആ മഴയിൽ ഗന്ധർവ്വനും അവന്റെ ഗായത്രിയും മണ്ണിലേക്കലിഞ്ഞ് ചേർന്നു….
അവസാനിച്ചു……
ഈ അവസാനം എത്രത്തോളം നന്നായിട്ടുണ്ട്…ഇങ്ങനെയൊക്കെയാണോ എഴുതേണ്ടത് എന്നൊന്നും എനിക്ക് അറിയില്ല….എന്ത് തന്നെയായാലും അഭിപ്രായങ്ങൾ പറയാൻ മടിക്കല്ലേ..